അർച്ചന രാമചന്ദ്രൻ, വിവേക് പി. ബി

KEAM:
വിദ്യാർത്ഥികളുമുണ്ട്,
ഈ പോരാട്ടത്തിൽ

KEAM വിഷയത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ നേരിടുന്ന അവകാശനിഷേധം പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ വിദ്യാർത്ഥികളുടെ പക്ഷത്തുനിന്ന് കാര്യമായി ഇടപെട്ടത് വിവേക് പി. ബി, അർച്ചന രാമചന്ദ്രൻ എന്നീ പ്ലസ് ടു വിദ്യാർത്ഥികളായിരുന്നു. ആ ഇടപെടലിനെക്കുറിച്ച് എഴുതുന്നു, മലയാള അധ്യാപക ഫെഡറേഷൻ സെക്രട്ടറി ഫിലിപ്പ് പി.കെ.

KEAM റിസൾട്ടിൽ ഇത്തവണ കേരള സിലബസ് വിദ്യാർത്ഥികൾ മുന്നിലെത്തിയതും അതുവഴി പൊതുവിദ്യാഭ്യാസത്തിന് ലഭിച്ച മേൽക്കൈയും ചർച്ചയാണല്ലോ. എന്നാൽ, പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന സയൻസ് അധ്യാപകർ, ഇക്കാലമത്രയും കേരള സിലബസ് വിദ്യാർത്ഥികൾ നേരിട്ട അവകാശനിഷേധത്തിന്റെ കാര്യത്തിൽ എന്തുകൊണ്ട് നിലപാട് എടുത്തില്ല എന്നത് വലിയൊരു ചർച്ച ആവശ്യമായ കാര്യമാണ്. ഈ സമയങ്ങളിൽ, കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ നിലവാരത്തിൽ കാര്യമായ ഇടിവുണ്ടായത് സംബന്ധിച്ച സർവ്വേ റിപ്പോർട്ടുകൾ വന്നിരുന്നു.

പൊതു വിദ്യാലയങ്ങളുടെ നിലവാരം കൂട്ടുന്നതിന് കഴിഞ്ഞ സർക്കാരിൻ്റെ കാലത്തുണ്ടായ പ്രവർത്തനങ്ങൾ വഴി, 2025- ലെ പൊതു പരീക്ഷകളിൽ എ പ്ലസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. ഇതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആഗോള മാതൃകയിലെത്തി എന്നും വിചാരിക്കേണ്ടതില്ല.

KEAM വിഷയത്തിൽ സയൻസ് അധ്യാപകർക്കുണ്ടായിരുന്ന മരവിച്ച പൊതു സമീപനത്തിൻ്റെ അടിസ്ഥാനം ഈ നിലവാരം കുറഞ്ഞ നമ്മുടെ വിദ്യാഭ്യാസ രീതികളായിരുന്നു എന്ന് പറയാനാകും.

പി. പ്രേമചന്ദ്രന്‍
പി. പ്രേമചന്ദ്രന്‍

കഴിഞ്ഞ സർക്കാരിൻ്റെ KEAM ഫലപ്രഖ്യാപനം വലിയ വിവാദമായതാണല്ലോ. ഫലം വരുന്നതിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്ടസ് തിരുത്തിയത് അന്നത്തെ സർക്കാരിൻ്റെ വലിയ പാകപ്പിഴയായിരുന്നു. പ്രോസ്പെക്ടസ് തിരുത്തിയത് പൊതുവിദ്യാലയങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയത്, ഈ വിഷയത്തിൽ നിരന്തരം ഇടപെട്ടിരുന്ന പി. പ്രേമചന്ദ്രനാണ്.

Read: KEAM: ഹൈക്കോടതിയിൽ തോറ്റെങ്കിലും
അവർ ഇനിയും വരും, കരുതിയിരിക്കണം…

ഇത് ചോദ്യം ചെയ്ത സി ബി എസ് സി വിദ്യാർത്ഥികൾക്കുമുന്നിൽ പിടിച്ചുനിൽക്കാൻ ഹൈക്കോടതി അഭിഭാഷകനായില്ല. കോടതി ആ റിസൾട്ട് റദ്ദാക്കുകയും ചെയ്തു. തുടർന്ന് പ്രസിദ്ധീകരിച്ച KEAM റിസൾട്ട് പൊതു വിദ്യാലയങ്ങളിൽ പഠിച്ച കുട്ടികളുടെ ശിരസ് കൊയ്തു. ഈ സന്ദർഭങ്ങളിൽ, നിയമനടപടികളിൽ കക്ഷി ചേർന്ന്, വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവരാൻ വിദ്യാർത്ഥികളുടെ പക്ഷത്തുനിന്ന് കാര്യമായി ഇടപെട്ടത് വിവേക് പി. ബി, അർച്ചന രാമചന്ദ്രൻ എന്നീ പ്ലസ് ടു വിദ്യാർത്ഥികളായിരുന്നു. പി. പ്രേമചന്ദ്രന്റെ നിർദ്ദേശപ്രകാരം മലയാള അധ്യാപക ഫെഡറേഷൻ്റെ നേതൃത്വത്തിൽ KEAM വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലുള്ള കേസിൽ വിവേക് പി. ബി. കക്ഷി ചേർന്നു. അഭിഭാഷകനുമായി സംസാരിച്ചതിൽനിന്ന് സർക്കാർ വീഴ്ചക്കെതിരായി കേസിലേക്ക് വരികയാണ് വേണ്ടത് എന്ന കാര്യം വിവേക് പി. ബി ഉന്നയിച്ചു. അതിന് പക്ഷെ പിന്തുണ കിട്ടിയില്ല. അനുകൂലഫലമുണ്ടാക്കില്ല എന്ന​ തോന്നലിൽ, സർക്കാരിനെതിരായി കേസ് നൽകണമെന്ന ലക്ഷ്യം ഉപേക്ഷിച്ചു. അന്ന് സർക്കാർ നിലപാടിനെതിരായി വാദിച്ചിരുന്നു എങ്കിൽ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തെ കാലങ്ങളായി കലുഷിതമാക്കിയിരുന്ന മുഴുവൻ മൂലധന ശക്തികളേയും ചെറുക്കാൻ കഴിയുമായിരുന്നു എന്ന തോന്നൽ ഇപ്പോഴുമുണ്ട്. സയൻസ് അധ്യാപകർ കീം വിഷയത്തിൽ വിട്ടുനിൽക്കുന്നതും പാഠ്യപദ്ധതിയുടെ പ്രശ്നങ്ങളും കൂടി വിദ്യാർത്ഥികളുടെ ഇടപെടലിൽ സമൂഹത്തിൽ ചർച്ചക്ക് വരുമായിരുന്നു. എന്നാൽ, ഇത് സംഭവിച്ചില്ല.

മലയാള അധ്യാപക ഫെഡറേഷൻ്റെ നേതൃത്വത്തിൽ KEAM വിഷയത്തിൽ ഹൈക്കോടതി  ഡിവിഷൻ ബെഞ്ചിലുള്ള കേസിൽ വിവേക് പി. ബി. കക്ഷി ചേർന്നു.
മലയാള അധ്യാപക ഫെഡറേഷൻ്റെ നേതൃത്വത്തിൽ KEAM വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലുള്ള കേസിൽ വിവേക് പി. ബി. കക്ഷി ചേർന്നു.

അന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ചും സി ബി എസ് സിക്ക് അനുകൂലമായി വിധിച്ചതോടെ കേരള സിലബസുകാർക്കുവേണ്ടി സുപ്രീംകോടതിയിൽ വാദിക്കുന്നില്ല എന്ന് സർക്കാർ തീരുമാനിച്ചു. ഇതോടെയാണ്, തിരുവനന്തപുരത്ത് മലയാള ഐക്യവേദി നടത്തുന്ന ഭാഷാബിൽ ചർച്ചാ സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കത്ത് നൽകുവാൻ മലയാള അധ്യാപക ഫെഡറേഷൻ തീരുമാനിച്ചത്. തൃശ്ശൂരിൽ നിന്ന് ബിന്ദു പേരത്ത്, ഫെബി ജോർജ് സി., ജിൻസി എന്നീ അധ്യാപകർക്കൊപ്പം വിവേക് പി.ബിയും അർച്ചന രാമചന്ദ്രനും ഉണ്ടായിരുന്നു. മന്ത്രിയെ കണ്ടശേഷം വിവേക് മാധ്യമങ്ങളുമായി സംസാരിക്കുകയും ചെയ്തു.

കാലങ്ങളായി, ഇത്തരം നയപരമായ പ്രശ്നങ്ങൾ മൂലം പരിക്കേൽക്കുകയും തോൽപ്പിക്കപ്പെടുകയും ചെയ്യുന്നത് വിദ്യാർത്ഥികളാണ്. അതിനാൽ വിദ്യാഭ്യാസവിഷയങ്ങളിൽ നിലപാട് എടുക്കുകയും മുന്നോട്ട് വരുന്നവരുമായ വിദ്യാർത്ഥികളെ സമൂഹം അറിയണം എന്ന് ഉദ്ദേശിച്ചാണ് ഈ കുറിപ്പ് എഴുതുന്നത്. വിവേക് പി.ബിയും ഒരു കൂട്ടം വിദ്യാർത്ഥികളും ഇപ്പോഴും വിദ്യാഭ്യാസപദ്ധതിയുടെ ചർച്ചകളിലും തുടർപ്രവർത്തനങ്ങളിലുമാണ്.

KEAM വിഷയത്തിൽ സുപ്രീംകോടതിയിൽ പോകാനും മറ്റുമുള്ള ചെലവുകൾ കണ്ടെത്താൻ പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്. ഇവിടെ കുട്ടികൾ എങ്ങനെ പ്രതികരിക്കും? മലയാള അധ്യാപക ഫെഡറേഷൻ ഇവർ​ക്കൊപ്പമുണ്ട്. ഇനിയും ഈ മൂവ്മെന്റിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ കടന്നുവരിക തന്നെ ചെയ്യും.

Comments