KEAM:
ഹൈക്കോടതിയിൽ തോറ്റെങ്കിലും
അവർ ഇനിയും വരും, കരുതിയിരിക്കണം…

‘‘KEAM-ൽ പുതിയ സമീകരണരീതി നടപ്പാക്കിയപ്പോൾ അതിനെ പരാജയപ്പെടുത്താൻ വിദ്യാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ ഇടനിലക്കാരായി നിന്ന പലരും കൈക്കലാക്കിയിരുന്നു എന്ന് പരാതിയുണ്ടായിരുന്നു. പുതിയ ഹൈക്കോടതി വിധിയോടെ അവർ പരാജയപ്പെട്ട് ഒതുങ്ങിക്കൂടുമെന്ന് സർക്കാർ വിചാരിക്കരുത്. ഡിവിഷൻ ബഞ്ചിലേക്കും സുപ്രീം കോടതിയിലേക്കും ഈ കേസ് അവർ കൊണ്ടുപോവുക തന്നെ ചെയ്യും. അതിനുള്ള ആളും അർത്ഥവും അവർക്കുണ്ട്’’- പി. പ്രേമചന്ദ്രൻ എഴുതുന്നു.

ഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ കഴിഞ്ഞ സർക്കാരിൻ്റെ അവസാന കാലത്ത് വികസിപ്പിക്കുകയും 2026 എൻട്രൻസിൻ്റെ പ്രോസ്പെക്ടസ്സിൽ നിർദ്ദേശിക്കുകയും ചെയ്ത, പുതിയ സമീകരണ രീതിക്കെതിരായി സി ബി എസ് ഇ വിദ്യാർത്ഥികൾ നൽകിയ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അക്കാര്യം ഒരു കുഞ്ഞു വാർത്തയായി പത്രങ്ങളിൽ കാണാൻ കഴിഞ്ഞു. വലിയ സന്തോഷം തോന്നി.

കഴിഞ്ഞ വർഷം, ഇതേ സമീകരണരീതിയെ, സാങ്കേതിക കാരണങ്ങൾ മുൻനിർത്തി ഹൈക്കോടതി തള്ളിയപ്പോഴുണ്ടായ വാർത്താ പ്രാധാന്യവും ഹൈപ്പും എന്നാൽ ഈ വാർത്തയ്ക്കുണ്ടായില്ല. ചാനൽചർച്ചകളും എൻട്രൻസ് കോച്ചിംഗ് സ്പോൺസേഡ് റീലുകളും മീമുകളും അന്തരീക്ഷം കൊഴുപ്പിച്ചില്ല. കാരണം വിജയം കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിനാണല്ലോ ഉണ്ടായിരിക്കുന്നത്. അവതാരകർക്കും എൻട്രൻസ് ലോബിക്കും തീർച്ചയായും പ്രിയം സി ബി എസ് ഇയോടായിരിക്കും. പുതിയ രീതിയാണ് കോടതി തള്ളിക്കളഞ്ഞതെങ്കിൽ മുൻ സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള മറ്റൊരു വടിയാക്കാമായിരുന്നു അതിനെ, അതും നടന്നില്ല.

കഴിഞ്ഞ വർഷം, ഇതേ സമീകരണരീതിയെ, സാങ്കേതിക കാരണങ്ങൾ മുൻനിർത്തി ഹൈക്കോടതി തള്ളിയപ്പോഴുണ്ടായ വാർത്താ പ്രാധാന്യവും ഹൈപ്പും എന്നാൽ ഈ വാർത്തയ്ക്കുണ്ടായില്ല.
കഴിഞ്ഞ വർഷം, ഇതേ സമീകരണരീതിയെ, സാങ്കേതിക കാരണങ്ങൾ മുൻനിർത്തി ഹൈക്കോടതി തള്ളിയപ്പോഴുണ്ടായ വാർത്താ പ്രാധാന്യവും ഹൈപ്പും എന്നാൽ ഈ വാർത്തയ്ക്കുണ്ടായില്ല.

പുതിയ സമീകരണ രീതിക്കെതിരായി, സി ബി എസ് ഇക്കുവേണ്ടി രണ്ട് കേസുകളിൽ 8 കുട്ടികളുടെ രക്ഷാകർത്താക്കളാണ് ഹൈക്കോടതിയിൽ കേസ് കൊടുത്തത്. പ്രധാനമായും മൂന്ന് വാദങ്ങളാണ് അവർ ഉയർത്തിയത്:

നേരത്തെ ഉണ്ടായിരുന്ന രീതി 2012 മുതൽ നിലനിന്നിരുന്നതാണ് എന്നതാണ് അതിൽ ഒന്ന്. ഒരു വ്യാഴവട്ടക്കാലം യാതൊരു തട്ടും തടസ്സവുമില്ലാതെ നടന്ന ഒന്നിനെയാണ് 2026- ൽ പരിഷ്കരിക്കാനൊരുങ്ങുന്നത്. അത് ശരിയല്ല.

Read: KEAM:
പുതിയ സമീകരണരീതി
ശരി​വെച്ച് ഹൈക്കോടതി

വിദഗ്ധ പഠനമില്ലാതെയാണ് പുതിയ സമീകരണരീതി നടപ്പിലാക്കിയത് എന്നായിരുന്നു അടുത്ത വാദം.

സി ബി എസ് ഇ വിദ്യാർത്ഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്നതാണ് ചൂണ്ടിക്കാട്ടിയ മറ്റൊരു കാരണം. അതുകൊണ്ട് അടിയന്തരമായും പുതിയ സമീകരണ രീതി റദ്ദാക്കുകയും പഴയ രീതി പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ഹരജിയുടെ ആവശ്യം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ മുൻപാകെയായിരുന്നു കേസിലെ വാദങ്ങൾ.

സർക്കാർ ഗംഭീരമായി വാദിച്ചു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സി ബി എസ് ഇ, ഐ സി എസ് ഇ, കേരള ഹയർ സെക്കൻ്ററി മുതലായ വിവിധ ബോർഡുകളിലെ വിദ്യാർത്ഥികൾക്ക് തുല്യാവസരം ഉറപ്പാക്കുന്നതിനാണ് പുതിയ രീതി കൊണ്ടുവന്നത് എന്നതാണ് അതിൽ പ്രധാനം. പഴയ സമീകരണരീതിയിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോറിൽ വലിയ നഷ്ടം സംഭവിച്ചിരുന്നു. അതിനാൽ തമിഴ്നാട്ടിൽ വർഷങ്ങളായി ഉപയോഗിക്കുന്ന നോർമലൈസേഷൻ രീതി ഇവിടെയും സ്വീകരിക്കുകയാണ് സർക്കാർ ചെയ്തത്. പുതിയ നോർമലൈസേഷൻ രീതി പ്രകാരം ഒരു സ്ട്രീമിലെ വിദ്യാർത്ഥികൾക്കും ഒരു സ്കോർ പോലും നഷ്ടപ്പെടില്ല. എല്ലാ സ്ട്രീമിലെയും സ്കോറുകൾ നൂറിലേക്ക് മാറ്റിയായിരിക്കും കണക്കാക്കുക. ഏതെങ്കിലും ബോർഡിൽ നൂറിൽ നൂറു സ്കോറും ഒരു വിദ്യാർത്ഥിക്കും ലഭിക്കുന്നില്ലെങ്കിൽ ലഭിച്ച ഏറ്റവും കൂടുതൽ സ്കോറിനെ നൂറിലേക്ക് മാറ്റുകയും അതിനനുസരിച്ച് മറ്റു വിദ്യാർത്ഥികളുടെയും സ്കോറുകൾ വർദ്ധിപ്പിച്ച് ക്രമീകരിക്കുകയും ചെയ്യും.

കോടതി ഈ വിഷയത്തിൽ സുപ്രധാന നിരീക്ഷണങ്ങളാണ് നടത്തിയത്. പുതിയ രീതിയിൽ ഒരു ബോർഡിലെയും വിദ്യാർത്ഥികൾക്ക് സ്കോർ കുറയില്ല എന്ന് വിധിയിൽ എടുത്തുപറഞ്ഞു. പഴയ രീതിയിലാകട്ടെ ചില ബോർഡുകളിലെ വിദ്യാർത്ഥികൾക്ക് വലിയ നിലയിൽ സ്കോർ കുറയുന്ന സാഹചര്യം നിലനിന്നിരുന്നു. പുതിയ രീതിയിലാകട്ടെ ഒരു വിദ്യാർത്ഥിയ്ക്കും സ്കോർ കുറയുന്നില്ലെന്നു മാത്രമല്ല, ചില സാഹചര്യത്തിൽ ലഭിച്ച സ്കോർ ആനുപാതികമായി വർധിക്കുകയും ചെയ്യും.

സർക്കാർ ഗംഭീരമായി വാദിച്ചു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
സർക്കാർ ഗംഭീരമായി വാദിച്ചു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, 2007 മുതൽ തമിഴ്നാട്ടിൽ ഈ രീതിയാണ് സമീകരണത്തിനായി ഉപയോഗിക്കുന്നത്. ആ രീതി നേരത്തെ മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതുമാണ്. മദ്രാസ് ഹൈക്കോടതി വിധിയിലെ (അശ്വിൻ കുമാർ vs സ്റ്റേറ്റ് ഓഫ് തമിൾ നാട് 2007) ഒരു ഭാഗം ഈ വിധിയിലും എടുത്തുകാട്ടിയിട്ടുണ്ട്:

"യോഗ്യതാപരീക്ഷ പാസായ വിദ്യാർത്ഥികളുടെ മെറിറ്റ് ഏകീകൃതമായി വിലയിരുത്തുന്നതിനുള്ള പദ്ധതി രൂപപ്പെടുത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ നയപരമായ (policy) തീരുമാനമാണ്. സാധാരണ, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ല. എന്നാൽ, ആ തീരുമാനം ഏകപക്ഷീയമോ, ഭരണഘടനയുടെ പരിധിക്ക് പുറത്തുള്ളതോ, അല്ലെങ്കിൽ ഭരണഘടനയിലെ അനുച്ഛേദം 14-ന്റെ ലംഘനമോ ആണെങ്കിൽ മാത്രമേ കോടതി ഇടപെടുകയുള്ളു. യോഗ്യതാപരീക്ഷ പാസായ വിദ്യാർത്ഥികളുടെ മെറിറ്റ് പൊതുവായ മാനദണ്ഡത്തിൽ വിലയിരുത്തുന്നതിനായി സംസ്ഥാന സർക്കാർ രൂപപ്പെടുത്തിയ പുതിയ പദ്ധതി ഏകപക്ഷീയമാണെന്നോ, ഭരണഘടനയിലെ അനുച്ഛേദം 14-ന്റെ ലംഘനമാണെന്നോ തെളിയിക്കുന്ന ഒന്നും ഇവിടെ കാണുന്നില്ല. വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്ന രീതി നീതിപൂർവകവും (fair), സുതാര്യവും (transparent), ചൂഷണരഹിതവും (non-exploitative) ആയിരിക്കണം. നിലവിലുള്ള ഈ പദ്ധതി മേൽപ്പറഞ്ഞ മൂന്ന് നിബന്ധനകളും പാലിക്കുന്നതായി കോടതി കണ്ടെത്തുന്നു".

വിദ്യാഭ്യാസവിഷയങ്ങളിൽ സംസ്ഥാന സർക്കാർ കാലാകാലം എടുക്കുന്ന നയപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനുള്ള സ്വാതന്ത്ര്യം പരിമിതമാണ് എന്ന് ഈ വിധിയെ മുൻനിർത്തി കോടതി കണ്ടെത്തി. കാരണം, വിദ്യാഭ്യാസനയങ്ങൾ രൂപപ്പെടുത്തുക എന്നത് സർക്കാരിൽ നിക്ഷിപ്തമായ അധികാരമാണ്. ഏതെങ്കിലും ഘട്ടത്തിൽ ഇത്തരം നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടേണ്ടിവരുന്നത് അതിൽ വ്യക്തമായ അനീതിയോ നിയമലംഘനമോ ഭരണഘടനാ വിരുദ്ധതയോ തെളിയിക്കപ്പെടണം. ഈ വിഷയത്തിൽ അത്തരമൊരു കാര്യവും ഉണ്ടായിട്ടില്ല.

മറ്റൊരു സുപ്രധാന നിരീക്ഷണം, സമീകരണരീതി നിശ്ചയിക്കുന്നതിൽ ഏത് രീതിയാണ് മികച്ചത് എന്ന് തീരുമാനിക്കുക കോടതിയുടെ ജോലിയല്ല എന്നതാണ്. അത് വിദ്യാഭ്യാസ വിദഗ്ധർ ചെയ്യേണ്ട ചുമതലയാണ്. പുതിയ സമീകരണരീതി നിശ്ചയിച്ച സമിതിയിൽ വിദഗ്ധർ ഇല്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ആ സമിതിയിൽ ഉണ്ടായിരുന്നവർ വിദ്യാഭ്യാസരംഗത്തെ വിദഗ്ധർ തന്നെയാണ്. കൂടാതെ എൻട്രൻസ് കമ്മീഷണർ, ടെക്നിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ, എസ് സി ഇ ആർ ടി ഡയറക്ടർ തുടങ്ങിയവരും പ്രസ്തുത സമിതിയിൽ ഉണ്ട്. ഇവരെല്ലാം “വിദഗ്ധരല്ല” എന്ന വാദം കോടതി തള്ളിക്കളഞ്ഞു.

സിംഗിൾ ബഞ്ചിൽ, എന്തുകൊണ്ട് പുതിയ സമീകരണരീതി നിലനിൽക്കണം എന്ന് കൃത്യമായും സത്യസന്ധമായും ആത്മാർത്ഥമായും വാദിക്കുന്നതിനും സമർത്ഥിക്കുന്നതിനും സി ബി എസ് ഇ വാദങ്ങളെ ചവറ്റുകൊട്ടയിലിടുന്നതിനും ഉത്സാഹിച്ച എൻട്രൻസ് കമ്മീഷണറേറ്റിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും കേസ് നടത്തിയ ഗവ പ്ലീഡർമാരെയും പൊതുവിദ്യാലയങ്ങളിൽ പഠിച്ച് പരീക്ഷയെഴുതി ഫലം കത്തിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പേരിൽ ഹൃദയത്തോട് ചേർത്തുവെച്ച് അഭിനന്ദിക്കുന്നു.
സിംഗിൾ ബഞ്ചിൽ, എന്തുകൊണ്ട് പുതിയ സമീകരണരീതി നിലനിൽക്കണം എന്ന് കൃത്യമായും സത്യസന്ധമായും ആത്മാർത്ഥമായും വാദിക്കുന്നതിനും സമർത്ഥിക്കുന്നതിനും സി ബി എസ് ഇ വാദങ്ങളെ ചവറ്റുകൊട്ടയിലിടുന്നതിനും ഉത്സാഹിച്ച എൻട്രൻസ് കമ്മീഷണറേറ്റിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും കേസ് നടത്തിയ ഗവ പ്ലീഡർമാരെയും പൊതുവിദ്യാലയങ്ങളിൽ പഠിച്ച് പരീക്ഷയെഴുതി ഫലം കത്തിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പേരിൽ ഹൃദയത്തോട് ചേർത്തുവെച്ച് അഭിനന്ദിക്കുന്നു.

ചുരുക്കത്തിൽ, 2026-ലെ പ്രോസ്പെക്ടസിൽ ഏർപ്പെടുത്തിയ പുതിയ നോർമലൈസേഷൻ രീതി നിയമപരമായി നിലനിൽക്കുമെന്ന് കോടതി സംശയരഹിതമായി എടുത്തുകാട്ടി. സർക്കാരിന് ഇത്തരം നയപരമായ തീരുമാനങ്ങളും മാറ്റങ്ങളും വരുത്താനുള്ള അധികാരമുണ്ടെന്നും വിദ്യാർത്ഥികൾ ഉന്നയിച്ച വാദങ്ങൾക്ക് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും കോടതി കണ്ടെത്തി. സി ബി എസ് ഇ വിദ്യാർത്ഥികൾ നൽകിയ രണ്ട് ഹർജികളും കോടതി തള്ളി.

കേരളത്തിലെ ഏറ്റവും പ്രബലരായ സി ബി എസ് ഇ സ്‌കൂളുകൾ ഈ കേസിനു പിറകിലുണ്ടാകും എന്നുറപ്പാണ്. ഒപ്പം പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനങ്ങളും. കഴിഞ്ഞവർഷം ഇതേ സമീകരണ രീതി നടപ്പാക്കിയപ്പോൾ അതിനെ സാങ്കേതികമായ കാര്യങ്ങളിൽ കുടുക്കി പരാജയപ്പെടുത്താൻ വിദ്യാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ ഇടനിലക്കാരായി നിന്ന പലരും കൈക്കലാക്കിയിരുന്നു എന്ന് അക്കാലത്ത് അതിനുവേണ്ടിയുണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ തന്നെ പരാതിയുണ്ടായിരുന്നു. ഇക്കുറി ഈ വിധിയോടെ അവർ പരാജയപ്പെട്ട് ഒതുങ്ങിക്കൂടുമെന്ന് സർക്കാർ വിചാരിക്കരുത്. ഡിവിഷൻ ബഞ്ചിലേക്കും സുപ്രീം കോടതിയിലേക്കും ഈ കേസ് അവർ കൊണ്ടുപോവുക തന്നെ ചെയ്യും. അതിനുള്ള ആളും അർത്ഥവും അവർക്കുണ്ട്. എന്നാൽ പൊതു വിദ്യാഭ്യാസത്തിനായി വാദിക്കാൻ സർക്കാരും ഗവ പ്ലീഡർമാരും മാത്രമേ ഉണ്ടാവൂ.

പൊതുവിദ്യാഭ്യാസത്തെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കും എന്ന് നമ്മൾ വിചാരിക്കുന്ന ഒരു വിദ്യാർത്ഥിസംഘടനയും അധ്യാപകസംഘടനയും രക്ഷാകർത്തൃസംഘടനയും അതിൽ കക്ഷിചേരില്ല. നാളിതുവരെയുള്ള അനുഭവം അതാണ്. അതുകൊണ്ട്, സിംഗിൾ ബഞ്ചിൽ, എന്തുകൊണ്ട് പുതിയ സമീകരണരീതി നിലനിൽക്കണം എന്ന് കൃത്യമായും സത്യസന്ധമായും ആത്മാർത്ഥമായും വാദിക്കുന്നതിനും സമർത്ഥിക്കുന്നതിനും സി ബി എസ് ഇ വാദങ്ങളെ ചവറ്റുകൊട്ടയിലിടുന്നതിനും ഉത്സാഹിച്ച എൻട്രൻസ് കമ്മീഷണറേറ്റിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും കേസ് നടത്തിയ ഗവ പ്ലീഡർമാരെയും പൊതുവിദ്യാലയങ്ങളിൽ പഠിച്ച് പരീക്ഷയെഴുതി ഫലം കത്തിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പേരിൽ ഹൃദയത്തോട് ചേർത്തുവെച്ച് അഭിനന്ദിക്കുന്നു. കൂടുതൽ ജാഗ്രതയോടെ സി ബി എസ് ഇ സന്നാഹങ്ങളുടെ അടുത്ത കരുനീക്കങ്ങൾക്കായി കരുതിയിരിക്കാൻ അഭ്യർത്ഥിക്കുന്നു. ഇതൊരു ചെറിയ കളിയായിരിക്കില്ല.

Comments