Representative image

മാറിയ കാലത്തും
മടുപ്പൻ B.Ed

കേരളത്തിലെ സർവകലാശാലകൾ നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ബി എഡ് കോഴ്സുകൾ ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ, അധ്യാപക പരിശീലന കോഴ്സുകളിൽ കാലാനുസൃത മാറ്റം വരുത്താതെ എങ്ങനെയാണ് അധ്യാപകവിദ്യാർഥികൾക്ക് കാലത്തിനൊത്ത് മാറാനും വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാനും സാധിക്കുക എന്ന പ്രധാന ചോദ്യം ഉന്നയി​ക്കപ്പെടുന്നതേയില്ല- ബി.എഡ് വിദ്യാർഥി അനന്തു കെ എഴുതുന്നു.

രാണ് അധ്യാപകർ എന്ന ചോദ്യത്തിന് സ്കോട്ടിഷ് വിദ്യാഭ്യാസ പണ്ഡിതനും അധ്യാപകനുമായ സർ ജോൺ ആഡംസ് നൽകുന്ന നിർവചനം ‘മനുഷ്യനെ നിർമ്മിക്കുന്നത് അധ്യാപകരാണ്‌' എന്നാണ്. AI (Artificial intelligence) സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ അധ്യാപകരുടെ ഭാവിയും അധ്യാപകരുടെ ജോലിയും എന്തൊക്കെയാണെന്ന ചർച്ചകൾ സജീവമാണ്.

അധ്യാപനം എന്നത് മറ്റു ജോലികളെപോലെ വേതനാടിസ്ഥാനത്തിലുള്ള ഒന്നാണെന്നും അധ്യാപകരെ ദൈവമായും രക്ഷിതാക്കൾക്ക് തുല്യമായുമെല്ലാം കണ്ടിരുന്ന വേദകാല മാതൃകകൾ പാട്രിയാർക്കിയുടെ സൃഷ്ടിയാണെന്നും സമകാലിക സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. എങ്ങനെയാണ് അധ്യാപകർ രൂപപ്പെടുന്നതെന്നും മികച്ച അധ്യാപനരീതി എങ്ങനെയായിരിക്കണമെന്നുമുള്ള ചിന്ത കാലാകാലങ്ങളിൽ ഉണ്ടാകുന്നുണ്ടെങ്കിലും താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം നിലനിൽക്കുന്ന കേരളത്തിൽ ടീച്ചർ ട്രെയിനിങ് കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം നിലനിൽക്കുന്ന കേരളത്തിൽ ടീച്ചർ ട്രെയിനിങ് കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. / Representative image
താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം നിലനിൽക്കുന്ന കേരളത്തിൽ ടീച്ചർ ട്രെയിനിങ് കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. / Representative image

വിദ്യാഭ്യാസത്തിന്റെ ഫിൻലാന്റ് മോഡൽ ലോകത്തിനാകെ മാതൃകയാണ്. ഇന്ന് കാണുന്ന നേട്ടത്തിലേക്ക് എത്തിച്ചേരുന്നതിനായി അവലംബിച്ച പരിഷ്കാരങ്ങളിൽ അധ്യാപകരുടെ ഗുണനിലവാരം ഉയർത്തുന്നതിനും അധ്യാപക പരിശീലനത്തിനും ഫിൻലാന്റ് അതിയായ പ്രാധാന്യം നൽകിയിരുന്നു. സാങ്കേതികവിദ്യ എത്ര വികസിച്ചാലും അധ്യാപകരെ വിദ്യാഭ്യാസപ്രക്രിയയിൽ നിന്നു മാറ്റിനിർത്താൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ് ഫിൻലാന്റ് മോഡൽ. ഒരു സമൂഹത്തിന്റെ പുരോഗമനപരമായ എല്ലാ പരിവർത്തനത്തിലും വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനോടൊപ്പം വിദ്യാഭ്യാസപ്രക്രിയയിൽ വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്ന അധ്യാപകർ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന ചോദ്യവും വളരെ പ്രസക്തമാണ്.

ബി എഡ് അധ്യാപകർക്കായി ക്ലസ്റ്ററുകളോ കോഴ്സുകളോ ഒന്നും നടക്കുന്നില്ല. ഈ അപ്ഡേഷനില്ലായ്മ ക്ലാസുകളുടെ നിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്.

കേരളം എങ്ങനെ മുന്നിലായി?

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളത്. ഇന്ത്യയിൽ 100 ശതമാനം സാക്ഷരത പ്രഖ്യാപിച്ച ഏക സംസ്ഥാനമായ കേരളം കേന്ദ്രസർക്കാരിന്റെ വിദഗ്ധ ഉപദേശകസമിതിയായ നിതി ആയോഗിന്റെ School Education Quality Index (SEQI)- ലും ഒന്നാമതാണ്.

ഐക്യകേരള രൂപീകരണത്തിന് എത്രയോ മുൻപ് കേരളത്തിൽ നടന്ന നവോത്ഥാന പോരാട്ടങ്ങളും മിഷണറി പ്രവർത്തനങ്ങളുമെല്ലാം വിദ്യാഭ്യാസ രംഗത്ത് നമ്മൾ ഇന്ന് എത്തിനിൽക്കുന്ന നേട്ടത്തിലേക്ക് നയിക്കുന്നതിന് അടിത്തറയായി. ഐക്യകേരള രൂപീകരണത്തിനുശേഷം1958-ൽ ഇ എം എസ് ഗവൺമെന്റ് അവതരിപ്പിച്ച കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും പൊതുവിദ്യാഭ്യാസത്തിന് അതിയായ പ്രാധാന്യം നൽകിയിരുന്നു. തുടർന്ന് പൊതുവിദ്യാഭ്യാസ രംഗത്ത് വിവിധ കാലഘട്ടങ്ങളിൽ നടത്തിയ പരിഷ്കരണങ്ങൾ നമ്മുടെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തുന്നതിന് കാരണമായി. സിലബസ് പരിഷ്കരണവും ഡിജിറ്റൽ ക്ലാസ്സ്‌മുറികളുടെ നിർമാണവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

1911-ൽ തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രം- Government College of Teacher Education (GCTE) ആരംഭിക്കുന്നത്.
1911-ൽ തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രം- Government College of Teacher Education (GCTE) ആരംഭിക്കുന്നത്.

1911-ൽ തിരുവനന്തപുരത്താണ് കേരളത്തിലെ ആദ്യത്തെ അധ്യാപക പരിശീലന കേന്ദ്രം- Government College of Teacher Education (GCTE) ആരംഭിക്കുന്നത്. 1882- ൽ ഇന്ത്യയിലെ വിദ്യാഭ്യാസത്തെ പരിഷ്കരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി രൂപീകരിക്കപ്പെട്ട ഹണ്ടർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്ന് 1885- ൽ ആരംഭിച്ച സ്കൂളാണ് പിന്നീട് ടീച്ചർ ട്രെയിനിങ് കോളേജായി മാറിയത്. തുടക്കത്തിൽ മദ്രാസ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഈ കോളേജ് പിന്നീട് കേരള സർവകലാശാലയുടെ ഭാഗമായി. 1964-66 കാലഘട്ടത്തിൽ നിലനിന്നിരുന്ന കോത്താരി കമ്മീഷൻ (ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷൻ) ടീച്ചർ ട്രെയിനിങ് കോഴ്സുകളുടെ പ്രാധാന്യം പരാമർശിക്കുന്നുണ്ട്.

ദയനീയം, അധ്യാപക പരിശീലന
കോഴ്സുകളുടെ അവസ്ഥ

കേരളത്തിൽ ഗവൺമെന്റ്, എയിഡഡ്, സെൽഫ്- ഫിനാൻസിങ് മേഖലകളിലായി നിരവധി ടീച്ചർ ട്രെയിനിങ് കോളേജുകളാണ് ഇന്ന് പ്രവർത്തിച്ചുവരുന്നത്. കേരളത്തിലെ വിദ്യാഭ്യാസമേഖല താരതമ്യേന മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുപോകുമ്പോൾ ടീച്ചർ ട്രെയിനിങ് കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരണത്തിന് വിധേയമാകുന്നില്ല എന്നതാണ് വാസ്തവം.

ടീച്ചിങ് മാനുവൽ ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് രണ്ടു വർഷത്തെ കോഴ്സിനിടയിൽ ബി.എഡ് വിദ്യാർഥികൾക്ക് എഴുതിത്തീർക്കാനുള്ളത്. കൂടാതെ നിരവധി അസ്സൈൻമെന്റുകളും. ഇവയെല്ലാം എഴുതി സബ്‌മിറ്റ് ചെയ്യണം എന്നാണ് പലപ്പോഴും നിർബന്ധം പിടിക്കുന്നത്. ടൈപ്പ് ചെയ്ത് സബ്‌മിറ്റ് ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല.

കേരളത്തിൽ M. Ed (Master of Education), B. Ed (Bachelor of Education), D.El.Ed (Diploma in Elementary Education) എന്നീ ടീച്ചർ ട്രെയിനിങ് കോഴ്സുകളാണ് നിലവിലുള്ളത്. പ്ലസ് ടു വിനോടൊപ്പം D.El.Ed. ആണ് പ്രൈമറി വിഭാഗത്തിൽ അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യത. ഹൈസ്കൂൾ ക്ലാസിൽ ബിരുദത്തോടൊപ്പം ബി. എഡും ഹയർ സെക്കന്ററിയിൽ ബി.എഡിനൊപ്പം ബിരുദാനന്തര ബിരുദവുമാണ് അടിസ്ഥാന യോഗ്യത (പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ കെ ടെറ്റ് (Kerala Teacher Eligibility Test), ഹയർസെക്കന്ററിയിൽ SET (State Eligibility Test) എന്നീ യോഗ്യതാ പരീക്ഷകളും പാസാകണം). ഒരു വർഷം മാത്രം ദൈർഘ്യമുണ്ടായിരുന്ന B. ED, D.EL.ED കോഴ്സുകൾ ഇപ്പോൾ രണ്ട് വർഷമാണ്. അധ്യാപനത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അധ്യാപകർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും 2009- ൽ NCFTE (National Curriculum Framework for Teacher Education) മുന്നോട്ടുവച്ച നിർദേശങ്ങളുടെ ഭാഗമായി 2014- ൽ ജസ്റ്റിസ് വർമ കമീഷൻ്റെ ശിപാർശകളെ തുടർന്നാണ് National Council for Teacher Education (NCTE) ഈ മാറ്റം വരുത്തിയത്.

കേരളത്തിലെ വിദ്യാഭ്യാസമേഖല താരതമ്യേന മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുപോകുമ്പോൾ ടീച്ചർ ട്രെയിനിങ് കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരണത്തിന് വിധേയമാകുന്നില്ല എന്നതാണ് വാസ്തവം. / Representative image
കേരളത്തിലെ വിദ്യാഭ്യാസമേഖല താരതമ്യേന മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുപോകുമ്പോൾ ടീച്ചർ ട്രെയിനിങ് കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരണത്തിന് വിധേയമാകുന്നില്ല എന്നതാണ് വാസ്തവം. / Representative image

വിദ്യാർഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനും മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിനുമായി 2005- ൽ NCERT (National Council of Educational Research and Training) പുറത്തിറക്കിയ വിദ്യാഭ്യാസ മാനദണ്ഡങ്ങൾ അടങ്ങിയ രേഖ NCF- ന്റെ (National Curriculum Framework) ഭാഗമായി ചേഷ്ടാവാദത്തിൽ നിന്ന് (Behaviorist) ജ്ഞാനനിർമിതിവാദത്തിലേക്ക് (Constructivist) പാഠ്യപദ്ധതി പരിഷ്കരിച്ചു. ഈ പരിഷ്കരണങ്ങളെ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സാമൂഹ്യജ്ഞാന നിർമിതിവാദത്തിൻ്റെ അടിത്തറയുള്ള ഈ മാറ്റങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന പഠനതന്ത്രങ്ങളും സങ്കേതങ്ങളും അനുസരിച്ചുള്ള പാഠ്യപദ്ധതിവിനിമയം നടത്തുന്നതിനും കുട്ടികളെ വിലയിരുത്തുന്നതിനും അധ്യാപകർക്കു കഴിയേണ്ടതുണ്ട്. ഇതിനാവശ്യമായ ശേഷികൾ, ധാരണകൾ, മനോഭാവങ്ങൾ എന്നിവ വളർത്തി ഭാവി അധ്യാപകരെ പ്രാപ്തരാക്കാൻ കൂടി വേണ്ടിയാണ് അധ്യാപക പരിശീലന കോഴ്സുകൾ രണ്ട് വർഷമാക്കിട്ടുള്ളത്.

എന്നാൽ 10 വർഷം തികയുന്ന വർത്തമാന സന്ദർഭത്തിലും സിലബസിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്തതല്ലാതെ ഇത്രയും വർഷമായി കേരളത്തിലെ സർവകലാശാലകൾ ഒരു മാറ്റവും ബി. എഡ് കരിക്കുലത്തിൽ വരുത്തിയിട്ടില്ല. ഡി.എൽ. എഡിന്റെ കാര്യവും സമാനമാണ്. SCERT-യാണ് (State Council of Educational Research and Training) ഡി.എൽ.എഡ് കോഴ്സിൽ പരിഷ്കരണങ്ങൾ നടത്തേണ്ടത്. പല വിദേശരാജ്യങ്ങളും അധ്യാപകപരിശീലന കോഴ്സുകളിൽ കാലാനുസൃത മാറ്റം കൊണ്ടുവരുമ്പോൾ കേരളത്തിൽ ഈ മാറ്റമുണ്ടാകുന്നില്ല. അധ്യാപക പരിശീലന കോഴ്സുകളിൽ കാലാനുസൃത മാറ്റം വരുത്താതെ എങ്ങനെയാണ് അധ്യാപകവിദ്യാർഥികൾക്ക് പുതിയ കാലത്തിനൊത്ത് മാറാനും വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യാനും സാധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.

പുതിയ സാധ്യതകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ ചാർട്ടുകളും ടീച്ചിങ് മോഡലുകളും പരമ്പരാഗതമായ രീതിയിൽ ഉപയോഗിക്കേണ്ടുന്ന സാഹചര്യമാണ് അധ്യാപക പരിശീലനത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്. / Representative image
പുതിയ സാധ്യതകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ ചാർട്ടുകളും ടീച്ചിങ് മോഡലുകളും പരമ്പരാഗതമായ രീതിയിൽ ഉപയോഗിക്കേണ്ടുന്ന സാഹചര്യമാണ് അധ്യാപക പരിശീലനത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്. / Representative image

എല്ലാ സാമൂഹ്യസന്ദർഭങ്ങളിലും പുതുക്കലിന് ഏറെ പ്രാധാന്യമുണ്ട്. ഏത് മേഖലയിലായാലും കാലാനുസൃത മാറ്റങ്ങൾ വരുത്താതെ അതിന് സമൂഹവുമായി സംവേദനം ചെയ്യാൻ സാധിക്കില്ല. വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് അപ്ഡേഷൻ നടക്കുന്നില്ലെങ്കിൽ അറിവിന്റെ നിർമാണത്തിലും പ്രയോഗത്തിലും വിദ്യാർഥികൾ പിന്നിലാകുകയും ഇതര സമൂഹങ്ങളോട് മത്സരിക്കാൻ കഴിയാതെ വരികയും ചെയ്യും.

കൈകൊണ്ടുതന്നെ എഴുതണം അസൈൻമെന്റുകൾ

സാങ്കേതികവിദ്യ ഏറെ മുന്നോട്ടുപോയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ലോകത്തെ വികസിത രാജ്യങ്ങളോട് താരതമ്യപ്പെടുത്താൻ പാകത്തിൽ കേരളം വളർന്നുകൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിൽ അധ്യാപക പരിശീലന കോഴ്‌സുകളിൽ എത്രമാത്രം സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗിക്കുന്നുണ്ട് എന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടുന്ന കാര്യമാണ്. പുതിയ സാധ്യതകളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താതെ ചാർട്ടുകളും ടീച്ചിങ് മോഡലുകളും പരമ്പരാഗതമായ രീതിയിൽ ഉപയോഗിക്കേണ്ടുന്ന സാഹചര്യമാണ് അധ്യാപക പരിശീലനത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്. ICT (Information and Communications Technology) യുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് ഇന്ന് സ്കൂളുകളിൽ പാഠ്യരീതികൾ മുന്നോട്ട് പോകുന്നത്.

സർക്കാർ സ്കൂളുകളിൽ എല്ലാ ക്ലാസ് മുറികളും ഇന്ന് സ്മാർട്ട്‌ ക്ലാസ് മുറികളാണ്. ഗവൺമെന്റ് കോളേജുകളിലും സെൽഫ് ഫിനാൻസിങ് കോളേജുകളിലും ബി. എഡ് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത് പരിശീലിക്കാൻ അവസരം ലഭിക്കുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി സെൽഫ് ഫിനാൻസിങ് സെന്ററുകളിൽ പലയിടങ്ങളിലും പ്രൊജക്ടറുകൾ പോലുമില്ല. സാങ്കേതികവിദ്യയുടെ പ്രയോഗം പരിശീലിക്കാതെ എങ്ങനെയാണ് സ്കൂളുകളിലെ സൗകര്യം പ്രയോജനപ്പെടുത്താൻ അധ്യാപകവിദ്യാർഥികൾക്ക് സാധിക്കുക?

സർക്കാർ സ്കൂളുകളിൽ എല്ലാ ക്ലാസ് മുറികളും ഇന്ന് സ്മാർട്ട്‌ ക്ലാസ് മുറികളാണ്. ഗവൺമെന്റ് കോളേജുകളിലും സെൽഫ് ഫിനാൻസിങ് കോളേജുകളിലും ബി. എഡ് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത് പരിശീലിക്കാൻ അവസരം ലഭിക്കുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി സെൽഫ് ഫിനാൻസിങ് സെന്ററുകളിൽ പലയിടങ്ങളിലും പ്രൊജക്ടറുകൾ പോലുമില്ല. / Representative image
സർക്കാർ സ്കൂളുകളിൽ എല്ലാ ക്ലാസ് മുറികളും ഇന്ന് സ്മാർട്ട്‌ ക്ലാസ് മുറികളാണ്. ഗവൺമെന്റ് കോളേജുകളിലും സെൽഫ് ഫിനാൻസിങ് കോളേജുകളിലും ബി. എഡ് പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത് പരിശീലിക്കാൻ അവസരം ലഭിക്കുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി സെൽഫ് ഫിനാൻസിങ് സെന്ററുകളിൽ പലയിടങ്ങളിലും പ്രൊജക്ടറുകൾ പോലുമില്ല. / Representative image

ടീച്ചിങ് മാനുവൽ ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് രണ്ടു വർഷത്തെ കോഴ്സിനിടയിൽ ബി.എഡ് വിദ്യാർഥികൾക്ക് എഴുതിത്തീർക്കാനുള്ളത്. കൂടാതെ നിരവധി അസ്സൈൻമെന്റുകളും. ഇവയെല്ലാം എഴുതി സബ്‌മിറ്റ് ചെയ്യണം എന്നാണ് പലപ്പോഴും നിർബന്ധം പിടിക്കുന്നത്. ടൈപ്പ് ചെയ്ത് സബ്‌മിറ്റ് ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നുമില്ല.

ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രതിസന്ധികൾ

PWD (persons with disabilities) വിഭാഗത്തിൽപ്പെടുന്ന നിരവധി വിദ്യാർഥികൾ ടീച്ചർ ട്രെയിനിങ് കോഴ്സുകൾ ചെയ്തുവരുന്നുണ്ട്. അവരെ സംബന്ധിച്ച് ഇവയെല്ലാം എഴുതി സബ്‌മിറ്റ് ചെയ്യുക അത്ര എളുപ്പമല്ല. PWD വിദ്യാർഥികൾക്ക്ചില ഇളവുകൾ അനുവദിച്ചുള്ള ഉത്തരവുകളുണ്ട്. എന്നാൽ ഈ ഇളവുകളെ സംബന്ധിച്ച ധാരണകൾ സ്ഥാപനമേധാവികൾക്കോ വിദ്യാർഥികൾക്കോ ഇല്ല. അവരെങ്ങനെയാണ് ഈ റെക്കോർഡുകളും അസ്സൈൻമെന്റുകളും എഴുതി സബ്‌മിറ്റ് ചെയ്യുക എന്ന കാര്യത്തിൽ കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് വളരെ വൈകിയയാണ് തിരിച്ചറിവുണ്ടായത്. സർവകലാശാലകളിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പൊതുനിയമം ഉണ്ടാവുകയാണ് വേണ്ടത്. സാങ്കേതികവിദ്യകൾ മികച്ചരീതിയിൽ ഉപയോഗിക്കാനുള്ള അവസരങ്ങൾ പൊതുവിൽ അധ്യാപക പരിശീലന കോഴ്സുകളിൽ സൃഷ്ടിക്കാനും സാധിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യകൾ നന്നായി ഉപയോഗിക്കാൻ അറിഞ്ഞിട്ടും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവരുടെ വർക്കുകൾ എഴുതാനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.

ഒരു കോഴ്സ്,
പല ഡിസൈൻ

കേരളത്തിലെ യൂണിവേഴ്സിറ്റികൾ ഒരു കോഴ്സിനെ പല തരത്തിൽ ഡിസൈൻ ചെയ്ത് നടപ്പിലാക്കുന്നു എന്ന വൈരുധ്യവും ബി എഡിന്റെ കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കാലിക്കറ്റ്‌, എം.ജി, കേരള സർവകലാശാലകളിൽ കോഴ്സിന്റെ സിലബസിലും ടീച്ചിങ് പ്രാക്ടീസിന്റെ കാര്യത്തിലും വിവിധ രീതികളാണ് പിന്തുടരുന്നത്.
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് ടീച്ചിങ് പ്രാക്റ്റീസ് 60 ദിവസമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 80 ദിവസവും എം ജി-യിൽ 16 ആഴ്ചയുമാണ്. കേരള യൂണിവേഴ്സിറ്റിയിൽ രണ്ട് സെമസ്റ്ററുകളിലായാണ് ടീച്ചിങ് പ്രാക്ടീസ്, ദൈർഘ്യം 20 ആഴ്ച.

ഇത്രയും വർഷമായിട്ടും കേരളത്തിലെ സർവകലാശാലകൾ ഒരു  മാറ്റവും ബി. എഡ് കരിക്കുലത്തിൽ വരുത്തിയിട്ടില്ല. / Representative image
ഇത്രയും വർഷമായിട്ടും കേരളത്തിലെ സർവകലാശാലകൾ ഒരു മാറ്റവും ബി. എഡ് കരിക്കുലത്തിൽ വരുത്തിയിട്ടില്ല. / Representative image

എല്ലാ യൂണിവേഴ്സിറ്റികളിലും ഏതാണ്ട് ഒരേസമയത്ത് ക്ലാസുകൾ തുടങ്ങുന്നുണ്ടെങ്കിലും കോഴ്സ് പൂർത്തിയാക്കുന്നത് പല സമയങ്ങളിലാണ്. ഡിഗ്രി, പി.ജി കോഴ്സുകളുടെ കാര്യത്തിലും ഈ സ്ഥിതി നിലനിന്നിരുന്നുവെങ്കിലും വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഏകീകരണം കൊണ്ടുവരാൻ സർവകലാശാലകൾ തയ്യാറായിട്ടുണ്ട്. എന്നാൽ ബി എഡിന്റെ കാര്യം അനിശ്ചിത്വത്തിലാണ്. കഴിഞ്ഞ വർഷം എംജി യൂണിവേഴ്സിറ്റിയിൽ മാർച്ചിൽ അവസാന സെമസ്റ്റർ പരീക്ഷ നടന്നപ്പോൾ മറ്റ് സർവകലാശാലകളിൽ അത് ജൂണിലും ജൂലൈയിലുമായിരുന്നു. ഈ വർഷം നിലവിലെ അക്കാദമിക് കലണ്ടർ പ്രകാരം കണ്ണൂർ, എം.ജി, കേരള സർവകലാശാലകൾ ഏപ്രിലിൽ പരീക്ഷ നടത്തിത്തീർത്ത് കോഴ്സ് അവസാനിപ്പിക്കും എന്നിരിക്കെ കാലിക്കറ്റ്‌ സർവകലാശാല അവസാന സെമസ്റ്റർ പരീക്ഷ ജൂലൈയിൽ നടത്തുന്ന തരത്തിലാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. തുടർപഠനത്തിനും ജോലിക്കും പോകുന്നവർക്ക് ഒരു വർഷമാണ് പരീക്ഷാനടത്തിപ്പ് നീണ്ടുപോകുന്നതിലൂടെ നഷ്ടമാകുന്നത്.

യൂണിവേഴ്സിറ്റി സെൽഫ് ഫിനാൻസിങ് സെന്ററുകൾക്ക് പുറമേയുള്ള മറ്റ് സെൽഫ് ഫിനാൻസിങ് കോളേജുകൾ യൂണിവേഴ്സിറ്റി നിശ്ചയിക്കുന്നതിന് പുറമെ അധിക ഫീസുകൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണുള്ളത്.

കരിക്കുലം മുന്നോട്ടുവെക്കുന്ന പഠനോദ്ദേശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ കഴിയണമെങ്കിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് കോഴ്സുകളും ക്ലസ്റ്ററുകളുമെല്ലാം സംഘടിപ്പിക്കേണ്ടതുണ്ട്. ഹയർസെക്കന്ററിവരെ സ്കൂൾ തലത്തിലും കോളേജ് തലത്തിലും ഇത്തരം ക്ലാസുകൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. എന്നാൽ ബി എഡ് അധ്യാപകർക്കായി ക്ലസ്റ്ററുകളോ കോഴ്സുകളോ ഒന്നും നടക്കുന്നില്ല. ഈ അപ്ഡേഷനില്ലായ്മ ക്ലാസുകളുടെ നിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഉയർന്ന ഫീസ്

വർധിച്ച ഫീസ് സ്ട്രക്ചർ ബി എഡ് കോഴ്സ് തിരഞ്ഞെടുക്കുന്നതിൽ നിന്ന് വിദ്യാർഥികളെ പിന്തിരിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഒരു ലക്ഷം രൂപയോളമാണ് ഫീസായി മാത്രം വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. വിരലിലെണ്ണാവുന്ന സർക്കാർ- എയ്ഡഡ് ബി എഡ് കോളേജുകളാണ് കേരളത്തിലുള്ളത്. അതുകൊണ്ട് സെൽഫ് ഫിനാൻസിങ് കോളേജുകളെ ആശ്രയിക്കാതെ വിദ്യാർഥികൾക്ക് മറ്റു വഴിയില്ല. യൂണിവേഴ്സിറ്റി സെൽഫ് ഫിനാൻസിങ് സെന്ററുകൾക്ക് പുറമേയുള്ള മറ്റ് സെൽഫ് ഫിനാൻസിങ് കോളേജുകൾ യൂണിവേഴ്സിറ്റി നിശ്ചയിക്കുന്നതിന് പുറമെ അധിക ഫീസുകൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണുള്ളത്.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഒരു ലക്ഷം  രൂപയോളമാണ് ഫീസായി മാത്രം വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. വിരലിലെണ്ണാവുന്ന സർക്കാർ- എയ്ഡഡ് ബി എഡ് കോളേജുകളാണ് കേരളത്തിലുള്ളത്. അതുകൊണ്ട് സെൽഫ് ഫിനാൻസിങ് കോളേജുകളെ ആശ്രയിക്കാതെ വിദ്യാർഥികൾക്ക് മറ്റു വഴിയില്ല. / Representative image
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഒരു ലക്ഷം രൂപയോളമാണ് ഫീസായി മാത്രം വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. വിരലിലെണ്ണാവുന്ന സർക്കാർ- എയ്ഡഡ് ബി എഡ് കോളേജുകളാണ് കേരളത്തിലുള്ളത്. അതുകൊണ്ട് സെൽഫ് ഫിനാൻസിങ് കോളേജുകളെ ആശ്രയിക്കാതെ വിദ്യാർഥികൾക്ക് മറ്റു വഴിയില്ല. / Representative image

മാനേജ്മെന്റ് ക്വാട്ടയിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾ കൂടാതെ സെൽഫ് ഫിനാൻസിങ് കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികളും ഈ അധിക ഫീസ് നൽകാൻ നിർബന്ധിതരാകുന്നു. ഇതിനൊന്നും യാതൊരു ഏകീകരണവും ഇതിനെക്കുറിച്ചുള്ള ഒരു അന്വേഷണവും നടത്താൻ നമ്മുടെ സർവകലാശാലകൾ തയ്യാറാകുന്നതേ ഇല്ല.

പുതിയ കാലത്തും
പഴഞ്ചൻ മോഡൽ

സാങ്കേതികവിദ്യ എത്ര വികസിച്ചാലും അധ്യാപകരെ മാറ്റിനിർത്തിയുള്ള വിദ്യാഭ്യാസ സംവിധാനം സാധ്യമല്ല എന്നാണ് ഫിൻലാന്റ് പോലുള്ള ലോകമാതൃകകൾ തെളിയിക്കുന്നത്. സാമൂഹ്യ യാഥാർഥ്യങ്ങളെയും സമൂഹത്തിലെ വൈവിധ്യങ്ങളെയും തിരിച്ചറിഞ്ഞ് സമൂഹത്തെ സ്വാധീനിക്കാനും പരിവർത്തനങ്ങൾ സൃഷ്ടിക്കാനും കഴിയേണ്ടവരാണ് അധ്യാപകർ. അത്തരത്തിൽ അധ്യാപകരെ രൂപപ്പെടുത്തുന്നതിൽ ടീച്ചർ ട്രെയിനിങ് കോഴ്സുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അത്യധികം മനോഹരവും സർഗാത്മകവുമാകേണ്ടുന്ന ടീച്ചർ ട്രെയിനിങ് കോഴ്സുകൾ ഇന്ന് വിദ്യാർഥികൾക്ക് മാനസിക പിരിമുറുക്കങ്ങളും ആരോഗ്യപ്രശ്നങ്ങളും സമ്മാനിക്കുന്ന മടുപ്പൻ കോഴ്സായി തുടരുകയാണ്. പരമ്പരാഗതമായ മാതൃകകൾ അതേപടി തുടരാതെ കാലത്തിന് അനുയോജ്യമായ മാറ്റം ടീച്ചർ ട്രെയിനിങ് കോഴ്സുകളിൽ നടപ്പിലാക്കാൻ കേരളത്തിലെ സർവകലാശാലകൾക്ക് സാധിക്കേണ്ടതുണ്ട്.

സാങ്കേതികവിദ്യ എത്ര വികസിച്ചാലും അധ്യാപകരെ മാറ്റിനിർത്തിയുള്ള വിദ്യാഭ്യാസ സംവിധാനം സാധ്യമല്ല എന്നാണ് ഫിൻലാന്റ് പോലുള്ള ലോകമാതൃകകൾ തെളിയിക്കുന്നത്. / Representative image
സാങ്കേതികവിദ്യ എത്ര വികസിച്ചാലും അധ്യാപകരെ മാറ്റിനിർത്തിയുള്ള വിദ്യാഭ്യാസ സംവിധാനം സാധ്യമല്ല എന്നാണ് ഫിൻലാന്റ് പോലുള്ള ലോകമാതൃകകൾ തെളിയിക്കുന്നത്. / Representative image

ഓരോ സമൂഹത്തിലും കാലാനുസൃതമായി രൂപപ്പെട്ടുവരുന്ന പുരോഗമനോന്മുഖമായ വൈജ്ഞാനിക സമ്പത്തിന്റെ കൈമാറ്റം സാധ്യമാകണമെങ്കിൽ അടിസ്ഥാനപരമായി ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകൾ പരിഷ്കരിക്കപ്പെടണം. ഈ പരിഷ്കരണങ്ങൾ കാലത്തിനനുസരിച്ച് നടത്തുന്നതിനോടൊപ്പം വിദ്യാർത്ഥി സൗഹൃദമായ അന്തരീക്ഷവും ടീച്ചർ ട്രെയിനിങ് കോഴ്സുകളിൽ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ പുരോഗമനപരമായ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുക എന്ന നമ്മുടെ ലക്ഷ്യം സാർത്ഥകമാകുകയുള്ളൂ.

കേരളത്തിലെ സർവകലാശാലകൾ നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ബി എഡ് കോഴ്സുകൾ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ടീച്ചർ ട്രെയിനിങ് കോഴ്സുകളിൽ നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങളെ പരിഹരിക്കാതെ സർവകലാശാലകൾ മുന്നോട്ടുപോയാൽ ഭാവിതലമുറയോട് ചെയ്യുന്ന പരിഹരിക്കാൻ കഴിയാത്ത ഒരു വലിയ തെറ്റാവും ഇതെന്നന്ന് തീർച്ചയാണ്.

READ ALSO:

എന്തിനാണ്​ ഇങ്ങനെയൊരു ബി.എഡ് കോഴ്​സ്​? ഒരു വിദ്യാർഥി ചോദിക്കുന്നു

ഒരു ക്വിയർ വിദ്യാർത്ഥിയെന്ന നിലയിൽ ബി.എഡ് ക്ലാസ്​ മുറിയിൽ ഞാൻ ശ്വാസം മുട്ടുകയാണ്

ഞങ്ങൾക്കും ബി.എഡ്​ പഠിക്കണം, പക്ഷെ...

Comments