കോവിഡ് കാരണം വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുകയും പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയും ചെയ്തപ്പോഴാണ് ഡിജിറ്റൽ ഡിവൈഡിനെക്കുറിച്ചുള്ള ചർച്ചകൾ കേളത്തിൽ സജീവമായത്. സ്‌കൂൾ തുറന്നില്ലെങ്കിലും അധ്യയനവർഷം നഷ്ടപ്പെടുത്തരുതെന്ന തീരുമാനപ്രകാരം വിക്‌ടേഴ്‌സ് ചാനൽ വഴി ക്ലാസ്സുകൾ തുടങ്ങുകയായിരുന്നു. ടി.വിയോ കമ്പ്യൂട്ടറോ വീട്ടിലില്ലാത്ത കുട്ടികൾ ഈ ഡിജിറ്റൽ ക്ലാസ്സ് മുറികളിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ആശങ്കയും വിമർശനവും അന്ന് തന്നെ സംസ്ഥാനത്തുണ്ടായി. ഉപകരണങ്ങൾ ഉണ്ടെങ്കിൽതന്നെ നെറ്റ്‌വർക്ക് കവറേജിന്റെയും ആവശ്യത്തിന് ഡാറ്റ ലഭ്യമാവാത്തതിന്റെയും പ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വരുന്നതും പാവപ്പെട്ട കുട്ടികളായിരിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടു. ഡിജിറ്റൽ വിടവ് സൃഷ്ടിക്കുന്ന പഠനവിടവിനെക്കുറിച്ച് സർക്കാറും ഗൗരവമായി ആലോചിച്ചു. പൊതു പഠനകേന്ദ്രങ്ങളൊരുക്കി താൽക്കാലിക പ്രതിസന്ധി മറികടന്നെങ്കിലും ശാശ്വതമായ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം ഇപ്പോൾ വിജയം കാണുകയാണ്.
കേരളത്തിലെവിടെയും ഹൈസ്പീഡ് ഡാറ്റാകവറേജ് ഉറപ്പുവരുത്തുന്ന ഇന്റൻനെറ്റ് പദ്ധതിയാണ് കെ ഫോൺ. ദരിദ്രരായ ഇരുപത് ലക്ഷം വീട്ടുകാർക്കാണ് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ഉറപ്പാക്കിയിരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളായ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് സർവ്വീസും വിദ്യാഭ്യാസ ആവശ്യത്തിനുള്ള മുഴുവൻ ഫീച്ചേഴ്‌സും ഉൾപ്പെടുത്തിയിട്ടുള്ള ലാപ്‌ടോപ്പും ലഭ്യമാക്കുന്നതോടെ ഡിജിറ്റൽ ഡിവൈഡ് സൃഷ്ടിക്കുന്ന പ്രശ്‌നത്തിന് പരിഹാരമാവുകയാണ്. കൾച്ചറൽ ഡിവൈഡിന്റെയും കേരളത്തിലെ ശ്രേണീകൃത സാമൂഹ്യാവസ്ഥകളുടെയും ഭാഗമായുള്ള വ്യത്യാസങ്ങൾ / പരിമിതികൾ പൂർണ്ണമായും മറികടക്കാനാവിലെങ്കിലും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന്റെ വലിയൊരു തടസത്തെ നാം മറികടക്കുകയാണ്.
കുട്ടികൾക്ക് സൗജന്യനിരക്കിൽ ലാപ്‌ടോപ്പുകൾ നൽകുന്ന പദ്ധതിയും നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. 500 രൂപ വെച്ച് മുപ്പത് മാസം കൊണ്ട് കൊടുത്ത് തീർക്കാൻ കഴിയും വിധമാണ് വിദ്യാശ്രീ എന്ന പേരിൽ ഈ ലാപ്‌ടോപ്പ് പദ്ധതി സർക്കാർ ആരംഭിച്ചത്. കുടുംബശ്രീയും കെ.എസ്.എഫ്.ഇ യുമാണ് പദ്ധതി നടത്തിപ്പുകാർ. ഗുണഭോക്താക്കളായ കുട്ടികളുടെ കാറ്റഗറിയനുസരിച്ച് വിവിധ വകുപ്പുകൾക്ക് നൽകാൻ കഴിയുന്ന (പട്ടികജാതി-പട്ടികവർഗ വകുപ്പ്, ഫിഷറീസ് വകുപ്പ്, സാമൂഹികനീതി വകുപ്പ് മുതലായവ) സബ്‌സിഡികളും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മുഴുവൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും ‘പഠനോപകരണം’ എന്ന നിലയിൽ ലാപ്‌ടോപ്പ് ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
വിവര-വിനിമയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസം (ICT Enabled Education) എന്ന ആശയത്തിനും പ്രയോഗത്തിനും രണ്ട് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. ഇതിനാവശ്യമായ തരത്തിൽ കമ്പ്യൂട്ടർ ലാബുകളും മൾട്ടിമീഡിയ തിയറ്ററുകളുമൊക്കെ സ്‌കൂളുകളിൽ വർഷങ്ങൾക്കു മുമ്പേ ഒരുങ്ങിയിരുന്നു. അധ്യാപകർക്കുള്ള ഐ.സി.ടി. പരിശീലനങ്ങളും വർഷങ്ങളായി നടന്നു വന്നിരുന്നു. 2016-ൽ ഇപ്പോഴത്തെ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രഖ്യാപിച്ചതോടെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യയ്ക്കുള്ള സ്ഥാനം വീണ്ടും വർദ്ധിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് സ്‌കൂൾ എന്ന സങ്കൽപം കൂടി യാഥാർത്ഥ്യമായതോടെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ്മുറികളെല്ലാം ഹൈടെക്കായി. മുഴുവൻ ക്ലാസുകളിലേക്കുമുള്ള ഇ-വിഭവങ്ങൾ ‘സമഗ്ര’ പോർട്ടലിൽ ലഭ്യമാക്കിയതോടെ വിരൽതുമ്പ് കൊണ്ട് ക്ലാസ് മുറികളെ വിസ്മയിപ്പിക്കാമെന്ന അവസ്ഥയായി. ‘ഡിജിറ്റൽ നാറ്റീവ്‌സ്’ ആയ കുട്ടികൾക്ക് അവരിഷ്ടപ്പെടും വിധം ക്ലാസ്സുകളൊരുക്കാനും ഡിജിറ്റൽ പഠനവിഭവങ്ങൾ ഷെയർ ചെയ്യാനുമുള്ള ഭൗതിക സൗകര്യങ്ങളെല്ലാം സ്‌കൂളുകളിൽ ഇപ്പോൾ തന്നെ സജ്ജമായിട്ടുണ്ട്.
കോവിഡ് കാരണം ലോകത്താകമാനം 174 കോടി കുട്ടികളുടെ പഠനം മുടങ്ങിയതായാണ് യൂനിസെഫ് കണക്കാക്കുന്നത്. ഇന്ത്യയിൽ പഠനം മുടങ്ങിയ കുട്ടികളുടെ എണ്ണം 30 കോടിയാണ്. ദാരുണമായ ഈ അവസ്ഥയെ ഭാഗികമായെങ്കിലും നേരിടാൻ ലോകം മുഴുവൻ സ്വീകരിച്ച മാർഗ്ഗമാണ് ഓൺലൈൻ വിദ്യാഭ്യാസം. ഇ-ലേണിംഗിന്റെ വിവിധ സാധ്യതകളിലേക്ക് വഴിമാറുകയായിരുന്നു ഓരോ രാജ്യവും. ഇന്റർനെറ്റിന്റെ അപാരമായ സാധ്യതകൾ മുതൽ ടെലിവിഷൻ സംപ്രേഷണങ്ങൾ, റേഡിയോ പ്രക്ഷേപണങ്ങൾ എന്നിവയെല്ലാം തരംപോലെ നടപ്പിലാക്കപ്പെട്ടു. ഇതിന്റെയൊന്നും ഗുണഭോക്താക്കളാവാൻ കഴിയാതെ, വിദ്യാഭ്യാസ അവസരം പൂർണമായി നിഷേധിക്കപ്പെട്ട കുട്ടികളും ലോകത്ത് ഒട്ടേറെയുണ്ട്. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലുമുണ്ട് ഒരു റേഡിയോ ക്ലാസ് പോലും കേൾക്കാൻ കഴിയാത്തവർ.
സ്‌കൂളുകൾ സാധാരണപോലെ തുറന്നാലും അത് പൂട്ടിയ സ്‌കൂളുകളുടെ തനിപ്പകർപ്പാവില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു ബെഞ്ചിൽ അഞ്ചും ആറും കുട്ടികൾ ഒന്നിച്ചിരിക്കുന്ന ക്ലാസ് മുറി അടുത്തകാലത്തൊന്നും നമുക്ക് തിരിച്ചുപിടിക്കാനാവുമെന്ന് തോന്നുന്നില്ല. എല്ലാ ദിവസവും എല്ലാ കുട്ടികളും സ്‌കൂളിലെത്തുക എന്നത് പോലും എളുപ്പത്തിൽ പ്രായോഗികമായെന്ന് വരില്ല. ചുരുക്കത്തിൽ ഇപ്പോഴുള്ള ചില സമ്പ്രദായങ്ങളെല്ലാം സ്‌കൂളുകൾ തുറന്നാലും തുടരേണ്ടിവരും. മുഖാമുഖ പഠനത്തോടൊപ്പം ഓൺലൈൻ പഠനരീതികൾകൂടി ഒന്നിച്ചുകൊണ്ടുപോകുന്ന മിശ്രിതപഠനരീതി (Blended Learning Method) സ്വീകരിക്കേണ്ടി വരും എന്നർത്ഥം.
മൂന്നാം വ്യവസായ വിപ്ലവത്തിന് ഇലക്ട്രിസിറ്റി വഹിച്ച അതേ റോളാണ്, ഇനി ഇന്റർനെറ്റിനുള്ളത്. അലങ്കാരമോ അധിക സൗകര്യമോ ആയി ഇന്റർനെറ്റിനെ ഇനി കാണാനാവില്ല. വൈദ്യുതി ഇല്ലാത്ത ഒരു വീട്, അല്ലെങ്കിൽ ഓഫീസ് എങ്ങനെയാണോ അതേ അവസ്ഥയാണ് ആവശ്യത്തിന് ഇന്റർനെറ്റില്ലെങ്കിൽ ഇനിയങ്ങോട്ട് അനുഭവിക്കേണ്ടി വരിക. അച്ചടിച്ച പാഠപുസ്തകങ്ങളും എഴുതിയുണ്ടാക്കുന്ന നോട്ടു പുസ്തകങ്ങളും ഇനി അധികകാലമുണ്ടാവില്ല. ലാപും ടാബുമാവും സ്‌കൂളിലെ പ്രധാന പഠന സാമഗ്രികൾ എന്നത് ഇപ്പോൾ ഉൾക്കൊള്ളാത്തവരും ഉടനെ കാണേണ്ടി വരുന്ന വസ്തുത തന്നെയാവും. കുട്ടികൾക്കെല്ലാം ലാപ്‌ടോപും വീടുകളിൽ സൗജന്യ ഇന്റർനെറ്റും എന്നത് ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തിന്റെ അനിവാര്യതകളാണെന്ന് തിരിച്ചറിഞ്ഞു എന്നതാണ് കെ ഫോൺ, വിദ്യാശ്രീ പദ്ധതികളുടെ ഏറ്റവും വലിയ പ്രസക്തി. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിക്കപ്പെട്ട ഏക സംസ്ഥാനമാണ് കേരളം എന്നതും ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം ഹൈടെക്കാവുകയും അധ്യാപകർ ടെക്കികളാവുകയും ചെയ്തത് കോവിഡിന്റെ ഗുണഫലങ്ങളിലൊന്നാണെന്ന് യൂണിസെഫിന്റെ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഇ-ലേണിംഗിന്റെ സാധ്യതകൾ മനസ്സിലാക്കാതെയും അതിന്റെ രീതി ശാസ്ത്രങ്ങൾ പരിശീലിക്കാതെയും പിടിച്ചു നിൽക്കാനാവില്ല എന്ന് കേരളത്തിലെ അധ്യാപകരും മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. റെക്കോർഡിംഗും എഡിറ്റിംഗും പ്രസന്റേഷനുമെല്ലാം അധ്യാപന ജീവിതത്തിന്റെ ഭാഗമായി അവർ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡ്കാല ബദൽ എന്നതിൽ നിന്നും, കാലോചിതമായ പരിഷ്‌കാരം എന്ന നിലയിലേക്ക് ഓൺലൈൻ വിദ്യാഭ്യാസം മാറുകയാണ്. ലോകത്തെവിടെയുമുള്ള വിജ്ഞാനം ഒരു മൗസ് ക്ലിക്കിലൂടെ കുട്ടികൾക്ക് എത്തിക്കാമെന്ന് അധ്യാപകർ തിരിച്ചറിയുകയാണ്. വർഷങ്ങൾക്ക് മുമ്പുതന്നെ ആശയതലത്തിൽ സ്വീകരിക്കപ്പെട്ട നവസാങ്കേതികവിദ്യാ വിദ്യാഭ്യാസത്തിന്റെ ഉജ്ജ്വലമായ പ്രയോഗവത്കരണത്തിന് തുറക്കാൻ പോകുന്ന സ്‌കൂളുകൾ കാത്തിരിക്കുകയാണ്. വിദ്യാശ്രീയും കെ ഫോണും കേരളത്തിലുണ്ടാക്കാൻ പോകുന്ന വിദ്യാഭ്യാസ വിപ്ലവം പ്രവചനാതീതമായിരിക്കും.