ഓൺലൈൻ ട്യൂഷൻ സെൻ്ററിൽ നിന്ന് പുറത്തുവന്ന പരീക്ഷാ ചോദ്യങ്ങൾ

പരീക്ഷയിൽ ജയിക്കാനുള്ള മാർക്ക് ഉറപ്പാക്കാനുള്ള ഒടിവിദ്യയുമായി ഓൺലൈൻ അധ്യാപകർ എത്തിക്കോളും എന്ന ചിന്ത അടിയുറച്ചു കഴിഞ്ഞാൽ സ്കൂൾ പഠനം അതോടെ അവതാളത്തിലാകും. പ്രവർത്തനാധിഷ്ഠിതമായ ഒരു ക്ലാസ്മുറിയിൽ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങൾ കുട്ടികൾ വേണ്ടെന്ന് വെക്കും. ക്ലാസ്മുറിയും അധ്യാപകരുമൊക്കെ അനാവശ്യ വസ്തുക്കളായി മാറും - ഡോ. എ.കെ. അബ്ദുൽ ഹക്കീം എഴുതുന്നു.

ണപ്പരീക്ഷയുടെ (Onam Exam) ചോദ്യങ്ങൾ ചില ഓൺലൈൻ സൈറ്റുകളിലും യൂ ട്യൂബ് ചാനലുകളിലും പരീക്ഷയ്ക്ക് മുമ്പെ പുറത്തു വന്നത് വലിയ ചർച്ചയായിട്ടുണ്ട്. പ്രവചന സ്വഭാവത്തിൽ അവതരിപ്പിച്ച ചോദ്യങ്ങളിൽ ചിലത് ചോദ്യപേപ്പറിൽ അതേപോലെ ഉണ്ടായത് യാദൃച്ഛികം മാത്രമാണെന്നാണ് ഓൺലൈൻ ട്യൂഷൻകാരുടെ (Online Tution Centre) വാദമെങ്കിലും, രണ്ടും കണ്ടവർക്ക് ഈ വാദം അംഗീകരിക്കുക പ്രയാസകരമായിരിക്കും. പരീക്ഷയുടെ തലേദിവസം രാത്രിയിലോ, പരീക്ഷാ ദിവസം രാവിലെയോ മാത്രമാണ് വള്ളിപുള്ളി തെറ്റാത്ത ചോദ്യങ്ങൾ പ്രവചിക്കപ്പെട്ടത്. ചോദ്യപേപ്പർ ചോർച്ചയുടെ സാധ്യതയിലേക്ക് തന്നെയാണ് ഇത് വിരൽ ചൂണ്ടുന്നത്.

അപ്പർ പ്രൈമറിയിലെയോ ഹൈസ്കൂളിലെയോ ഒരു പാദവാർഷിക പരീക്ഷയുടെ ജയപരാജയങ്ങൾക്ക് സവിശേഷമായ ഒരു പ്രാധാന്യവുമില്ല എന്ന് എല്ലാവർക്കുമറിയാം. കുട്ടികളുടെ തുടർപഠന സാധ്യതയെയോ മറ്റേതെങ്കിലും ഘടകത്തെയോ ഈ പരീക്ഷകൾ സ്വാധീനിക്കുന്നില്ല. ഒരു വർഷത്തേക്കുള്ള പാഠഭാഗങ്ങളെ മൂന്ന് ടേമുകളിലേക്ക് ക്രമീകരിക്കുകയും അതിൽ ഓരോ ടേമിലും കുട്ടികൾക്ക് എത്രമാത്രം പഠനനേട്ടങ്ങളുണ്ടായി എന്ന് വിലയിരുത്തുകയുമാണ് ഫസ്റ്റ് ടേം ( ഓണപ്പരീക്ഷ ), സെക്കൻ്റ് ടേം ( ക്രിസ്മസ് പരീക്ഷ) പരീക്ഷകളുടെ ലക്ഷ്യം. പഠനനേട്ടങ്ങളിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ ( ലേണിംഗ് ഗ്യാപ്സ് ) അവ കണ്ടെത്തി പരിഹാരബോധനം ( Remedial Teaching ) നടത്തുകയാണ് അധ്യാപകർ ചെയ്യേണ്ടത്.

പ്രതീക്ഷിത പഠനനേട്ടങ്ങളുറപ്പാക്കുന്നതിൽ സ്കൂളുകൾ പരാജയപ്പെടുന്നതും പഠനം, പരീക്ഷ തുടങ്ങിയവയിലുള്ള രക്ഷിതാക്കളുടെ അമിതമായ ഉത്കണ്ഠയും മുതലെടുത്തു കൊണ്ടാണ് സ്വകാര്യ ട്യൂഷൻ ലോബികൾ വിദ്യാഭ്യാസ മേഖല കൈയടക്കിയത്
പ്രതീക്ഷിത പഠനനേട്ടങ്ങളുറപ്പാക്കുന്നതിൽ സ്കൂളുകൾ പരാജയപ്പെടുന്നതും പഠനം, പരീക്ഷ തുടങ്ങിയവയിലുള്ള രക്ഷിതാക്കളുടെ അമിതമായ ഉത്കണ്ഠയും മുതലെടുത്തു കൊണ്ടാണ് സ്വകാര്യ ട്യൂഷൻ ലോബികൾ വിദ്യാഭ്യാസ മേഖല കൈയടക്കിയത്

ട്യൂഷൻ ലോബിയുടെ വലിയൊരു കച്ചവടമേഖലയാണ് കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം. പ്രതീക്ഷിത പഠനനേട്ടങ്ങളുറപ്പാക്കുന്നതിൽ സ്കൂളുകൾ പരാജയപ്പെടുന്നതും പഠനം, പരീക്ഷ തുടങ്ങിയവയിലുള്ള രക്ഷിതാക്കളുടെ അമിതമായ ഉത്കണ്ഠയും മുതലെടുത്തു കൊണ്ടാണ് സ്വകാര്യ ട്യൂഷൻ ലോബികൾ വിദ്യാഭ്യാസ മേഖല കൈയടക്കിയത്. പഠനമെന്നത് മത്സരമല്ലെന്ന ബോധ്യത്തോടെ, പരീക്ഷകളുടെ അപ്രമാദിത്വം കുറയ്ക്കാൻ വേണ്ടി നടപ്പിലാക്കിയ പരിഷ്കാരങ്ങളെ പോലും പരാജയപ്പെടുത്തിയാണ് ട്യൂഷൻ കച്ചവടമിപ്പോഴും പൊടിപൊടിക്കുന്നത്. ട്യൂഷൻ മേഖലയിൽ വലുതും ചെറുതുമായ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ കൂടി പിടി മുറുക്കിയതോടെ, വ്യൂവേഴ്സിൻ്റെ എണ്ണം കൂട്ടാൻ എന്ത് നെറികേടും കാണിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു.

സൗഹൃദത്തിൻ്റെ പുറത്ത് ഏതെങ്കിലും അധ്യാപകരിൽ നിന്നുണ്ടായ വീഴ്ചയോ, കാര്യലാഭത്തിനായി ആരെങ്കിലും കാണിച്ച അതിബുദ്ധിയോ ആവണം ചോദ്യങ്ങൾ പുറത്തുപോവാനുള്ള കാരണം

ചോർച്ചയുടെ വഴികൾ, സാധ്യതകൾ

ഓൺലൈൻ ട്യൂഷൻകാർക്ക് തലേദിവസമെങ്കിലും ചോദ്യപേപ്പർ കിട്ടണമെങ്കിൽ മന:പൂർവമാരെങ്കിലും സഹായിച്ചിട്ടുണ്ടാവും എന്നുറപ്പാണ്. പരീക്ഷകൾ തുടങ്ങുന്നതിൻ്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പെ, ചോദ്യപേപ്പറുകൾ സ്കൂളുകളിലെത്തുമെങ്കിലും പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാത്രമേ പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ എന്നാണ് നിയമം. എന്നാൽ ഇക്കാര്യം അതത് സ്കൂളുകൾ ഉറപ്പാക്കണമെന്നല്ലാതെ, പത്തിലെയും പന്ത്രണ്ടിലെയും പൊതുപരീക്ഷകളിൽ സ്വീകരിച്ച് വരുന്ന മറ്റു സുരക്ഷാമാർഗങ്ങളൊന്നും പാദവാർഷിക പരീക്ഷകൾക്ക് ഏർപ്പെടുത്താറില്ല. അത്രമാത്രം കരുതൽ ആവശ്യപ്പെടാവുന്ന ഒരു പ്രത്യേകതയും ഈ പരീക്ഷകൾക്കില്ല എന്നതു തന്നെയാണ് ഇതിന് കാരണം.

രണ്ട് ലക്ഷത്തോളം അധ്യാപകരുണ്ട് പൊതുവിദ്യാലയങ്ങളിൽ. വകുപ്പിനാവട്ടെ വിപുലമായ ഔദ്യോഗിക സംവിധാനങ്ങളുമുണ്ട്. അറിഞ്ഞോ അറിയാതെയോ ആരെങ്കിലും ചെയ്യുന്ന അപരാധം കൊണ്ട് സംശയത്തിൻ്റെ നിഴലിലാവുക വിദ്യാഭ്യാസമേഖല ഒന്നാകെയാണ്. അതുകൊണ്ടു തന്നെ തെറ്റുചെയ്തവരെ കണ്ടെത്തുകയും നിയമത്തിന് മുമ്പിലെത്തിക്കുകയും ചെയ്യുക എന്നത് പ്രധാനമാണ്. ട്യൂഷൻ പ്ലാറ്റ്ഫോമുകൾ ചോദ്യങ്ങൾ ചോർത്തിയെടുത്ത വഴി കണ്ടെത്തുക എന്നത് സൈബർ പോലീസിംഗ് സംവിധാനത്തിൽ മുന്നിലുള്ള കേരളത്തിൽ പ്രയാസമുള്ള സംഗതിയൊന്നുമാവില്ല. മറ്റേതൊരു സൈബർ ക്രൈമിനെയും പോലെ ഇതും കണക്കാക്കപ്പെടേണ്ടതുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിലൂടെ മാത്രമേ വിദ്യാഭ്യാസ വകുപ്പിനു മേൽ പതിഞ്ഞിട്ടുള്ള ആരോപണ നിഴൽ മായുകയുള്ളൂ എന്നിടത്താണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.

കുട്ടികൾക്ക് സ്വയം വിലയിരുത്താനും അധ്യാപകർക്ക് കുട്ടികളുടെ പഠനനിലവാരം മൂല്യനിർണ്ണയം ചെയ്യാനുമുള്ള സുതാര്യമായ ഒരേർപ്പാടിനെ രഹസ്യ സ്വഭാവവും ഗൂഢാത്മകതയും നിറച്ച് വികലമാക്കുന്നത് മഹാ അപരാധമാണ്
കുട്ടികൾക്ക് സ്വയം വിലയിരുത്താനും അധ്യാപകർക്ക് കുട്ടികളുടെ പഠനനിലവാരം മൂല്യനിർണ്ണയം ചെയ്യാനുമുള്ള സുതാര്യമായ ഒരേർപ്പാടിനെ രഹസ്യ സ്വഭാവവും ഗൂഢാത്മകതയും നിറച്ച് വികലമാക്കുന്നത് മഹാ അപരാധമാണ്

ആയതിനാൽ ചില കാര്യങ്ങളിലെങ്കിലും അടിയന്തിര നടപടികൾ ഉണ്ടാവേണ്ടതുണ്ട്:

1. ഓൺലൈൻ ട്യൂഷൻകാർക്ക് ചോദ്യപേപ്പർ നേരത്തെ കിട്ടിയിരുന്നോ എന്ന വിഷയത്തിൽ അന്വേഷണം നടത്തുകയും ഉണ്ടെങ്കിൽ ആർക്കൊക്കെ, എവിടുന്ന് എന്ന് കണ്ടെത്തുകയും ചെയ്യുക.

2.കിട്ടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുക. (പഴുതടക്കാൻ എളുപ്പമാർഗങ്ങളൊന്നുമില്ല എന്നതിനാലും വലിയ സന്നാഹങ്ങളൊരുക്കി പഴുതടച്ച് നടത്തേണ്ടതല്ല പാദവാർഷിക പരീക്ഷകൾ എന്നതിനാലും തെറ്റ് ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുക എന്നതുതന്നെയാണ് ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള എളുപ്പമാർഗം.)

3. അധ്യാപകരുടെ സ്വകാര്യ ട്യൂഷന് നിയമപരമായി വിലക്കുണ്ടെങ്കിലും ഇപ്പോഴുമത് ചെയ്യുന്നവരുണ്ട്. ഇക്കാര്യത്തിലും കർശനമായ നിലപാട് സ്വീകരിക്കുക.

4.സ്കൂളിൽ നിന്ന് ലീവെടുത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുണ്ട്. ഇത് തടയുകയും അധ്യാപകരെ സ്കൂളിലേക്ക് തിരിച്ചു വിളിക്കുകയും ചെയ്യുക.

5. പൊതുവിദ്യാഭ്യാസത്തിന് പരിക്കേൽക്കാൻ അനുവദിക്കില്ല എന്ന നയത്തിൽ ഉറച്ചുനിന്ന് സത്വരനടപടികൾ സ്വീകരിക്കുക. നിയമഭേദഗതികൾ ആവശ്യമുണ്ടെങ്കിൽ സ്വീകരിക്കുക. ഇക്കാര്യങ്ങളെല്ലാം പഠിച്ച്, അഭിപ്രായ രൂപീകരണം നടത്താൻ കഴിയുന്ന ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതും നന്നായിരിക്കുമെന്ന് തോന്നുന്നു.

ഓൺലൈൻ ട്യൂഷൻകാർക്ക് ചോദ്യപേപ്പർ നേരത്തെ കിട്ടിയിരുന്നോ എന്ന വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ഉണ്ടെങ്കിൽ ആർക്കൊക്കെ എന്ന് കണ്ടെത്തുകയും ചെയ്യുക

ഗൗരവമായ അക്കാദമിക് പ്രശ്നങ്ങൾ

നിയമവും ധാർമികതയുമൊക്കെ മാറ്റി വെച്ചാലും, ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്ന അക്കാദമിക് പ്രതിസന്ധിയിൽ നിന്ന് ആർക്കും മുഖം തിരിക്കാനാവില്ല. ക്ലാസ്മുറിയിലെ പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി മാത്രം നടക്കേണ്ട ഒരു പ്രക്രിയയെ അനാവശ്യ ഗൗരവം നൽകി മാറ്റിയെടുത്തതിൻ്റെ അപകടമാണ് ഒന്നാമത്തേത്. കുട്ടികൾക്ക് സ്വയം വിലയിരുത്താനും അധ്യാപകർക്ക് കുട്ടികളുടെ പഠനനിലവാരം മൂല്യനിർണ്ണയം ചെയ്യാനുമുള്ള സുതാര്യമായ ഒരേർപ്പാടിനെ രഹസ്യ സ്വഭാവവും ഗൂഢാത്മകതയും നിറച്ച് വികലമാക്കുന്നത് മഹാ അപരാധമാണ്. ഏത് വിധേനയും പരീക്ഷയിൽ പാസായാൽ മതി എന്ന അപകടകരമായ ലളിതയുക്തിയിലേക്ക് കുട്ടികളെ തള്ളിവിടാൻ ഈ കോപ്രായങ്ങൾ കൊണ്ട് സാധിക്കും. വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസരീതികളിൽ എഴുത്തുപരീക്ഷ എന്നത് ഒട്ടും പ്രസക്തിയില്ലാത്ത വിലയിരുത്തൽ രീതിയാണ്. വൈവിധ്യമാർന്ന കഴിവുള്ളവരാണ് കുട്ടികൾ. പഠനരീതി, പഠനവേഗം എന്നിവയിലെല്ലാം അവർ വ്യത്യസ്തരുമാണ്. എല്ലാവരെയും, എല്ലാവിധ കഴിവുകളെയും ഒരേ മാനദണ്ഡങ്ങളുപയോഗിച്ച് വിലയിരുത്താനാവില്ല എന്നതുതന്നെ നമ്മുടെ പരീക്ഷകളുടെ പ്രധാന പ്രശ്നമാണ്. നാം ഇപ്പോഴും എഴുത്തുപരീക്ഷയുടെ മാർക്കിന് അനർഹമായ പ്രാധാന്യം കൊടുക്കുന്നു എന്നതുകൊണ്ടു കൂടിയാണ് ഇത്തരം പ്രവണതകൾ ഉണ്ടാവുന്നത്. പഠനമെന്നത് നിരന്തരമായ ഒരു പ്രക്രിയയാണെന്നിരിക്കെ നിരന്തരമൂല്യനിർണയം തന്നെയാണ് ഏറ്റവും അഭികാമ്യമെന്ന് തിരിച്ചറിഞ്ഞ്, അതിനുള്ള ഫ്രെയിംവർക്ക് തയാറാക്കി സ്കൂളുകൾക്ക് നൽകുകയും അധ്യാപകർക്ക് നിരന്തര മൂല്യർണയം മെച്ചപ്പെടുത്താനുള്ള പരിശീലനം നൽകുകയും ചെയ്തു വരുന്ന സംസ്ഥാനത്താണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത് എന്നത് വിരോധാഭാസമാണ് !

പൊതുവിദ്യാഭ്യാസത്തിന് പരിക്കേൽക്കാൻ അനുവദിക്കില്ല എന്ന നയത്തിൽ ഉറച്ചുനിന്ന് സത്വരനടപടികൾ സ്വീകരിക്കുക
പൊതുവിദ്യാഭ്യാസത്തിന് പരിക്കേൽക്കാൻ അനുവദിക്കില്ല എന്ന നയത്തിൽ ഉറച്ചുനിന്ന് സത്വരനടപടികൾ സ്വീകരിക്കുക

ജയിക്കാനുള്ള മാർക്ക് ഉറപ്പാക്കാനുള്ള ഒടിവിദ്യയുമായി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഓൺലൈൻ അധ്യാപകർ എത്തിക്കോളും എന്ന ചിന്ത അടിയുറച്ചു കഴിഞ്ഞാൽ സ്കൂൾ പഠനം അവതാളത്തിലാകും. പ്രവർത്തനാധിഷ്ഠിതമായ ഒരു ക്ലാസ്മുറിയിൽ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങൾ കുട്ടികൾ വേണ്ടെന്ന് വെക്കും. ക്ലാസ്മുറിയും അധ്യാപകരുമൊക്കെ അനാവശ്യ വസ്തുക്കളായി മാറും. വിദ്യാലയാനുഭവങ്ങളിലൂടെ ആർജിച്ചെടുക്കേണ്ട ഒട്ടേറെ മൂല്യങ്ങൾ അവർക്ക് നഷ്ടമാവും. സ്കൂൾ വിദ്യാഭ്യാസമെന്ന, അതീവ പ്രാധാന്യമുള്ള ഒരു പ്രക്രിയയെകുറിച്ച് സമൂഹത്തിലുണ്ടാവുന്ന അവമതിപ്പ് പൊതുവിദ്യാഭ്യാസത്തിൻ്റെ കരുത്തും പ്രൗഢിയും ചോർത്തിക്കളയുകയും ചെയ്യും. ചുരുക്കത്തിൽ, സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ അടിവേരറുക്കാൻ സാധ്യതയുള്ള ആയുധമായി മാറിയേക്കാം എന്ന തിരിച്ചറിവോടെ ഇത്തരം ദുഷ്പ്രവണതകളെ പ്രതിരോധിച്ചേ മതിയാവൂ.


Summary: Kerala Education department should enquire about online tuition center Onam exam controversy 2024, writes Dr AK Abdul Hakeem


ഡോ.എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസ വിദഗ്ദൻ. 'പുതിയ ടീച്ചറും പുതിയ കുട്ടിയും', 'ശിലയിൽ തീർത്ത സ്മാരകങ്ങൾ', 'ആഫ്രിക്കയിലേക്കുള്ള സാംസ്കാരിക ദൂരങ്ങൾ' എന്നിവ പ്രധാന കൃതികൾ.

Comments