KEAM തിരിച്ചുപിടിച്ച്
കേരള സിലബസ്
വിദ്യാർത്ഥികൾ

ഇത്തവണ KEAM-ൽ ആദ്യ പത്തു റാങ്കിൽ ഏഴും കേരള സിലബസ് വിദ്യാർത്ഥികൾക്കാണ്. CBSE സ്ട്രീമിൽ പഠിച്ചവർക്ക് മൂന്നു സ്ഥാനങ്ങൾ മാത്രം. ആദ്യ 100 റാങ്കിൽ 48- ഉം കേരള സിലബസുകാരാണ്. കേരള സിലബസുകാർക്ക് കഴിഞ്ഞ തവണ 21 റാങ്ക് മാത്രമാണുണ്ടായിരുന്നത്.

News Desk

പുതിയ ഫോർമുല കൊണ്ടുവന്നശേഷം നടന്ന ആദ്യ കേരള എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ (KEAM) കേരള സിലബസ് വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം.

ആദ്യ പത്തു റാങ്കിൽ ഏഴും കേരള സിലബസ് വിദ്യാർത്ഥികൾക്കാണ്. CBSE സ്ട്രീമിൽ പഠിച്ചവർക്ക് മൂന്നു സ്ഥാനങ്ങൾ മാത്രം. ആദ്യ 100 റാങ്കിൽ 48- ഉം കേരള സിലബസുകാരാണ്. കേരള സിലബസുകാർക്ക് കഴിഞ്ഞ തവണ 21 റാങ്ക് മാത്രമാണുണ്ടായിരുന്നത്.

കഴിഞ്ഞ വർഷം ആദ്യ 100 റാങ്കിൽ 79-ഉം സി.ബി.എസ്.ഇക്കാർക്കായിരുന്നു, ഇത്തവണ 47 ആയി കുറഞ്ഞു.

ആദ്യ അയ്യായിരത്തിൽ 2721 പേർ കേരള സിലബസുകാരും 2029 പേർ സി.ബി.എസ്.ഇക്കാരുമാണ്. കഴിഞ്ഞ വർഷം 5000-ൽ കേരള സിലബസിലെ 1796 പേരാണുണ്ടായിരുന്നത്. 2960 സി.ബി.എസ്.ഇ വിദ്യാർത്ഥികളും.

ഇത്തവണ കേരള സിലബസിൽനിന്ന് 44,921 ​പേരും സി.ബി.എസ്.ഇയിൽനിന്ന് 18,482 പേരുമാണ് കീം എഴുതിയത്. റാങ്ക് പട്ടികയിൽ എണ്ണത്തിൽ കൂടുതൽ കേരള സിലബസ് വിദ്യാർത്ഥികളാണെങ്കിലും കുറച്ചുപേർ എഴുതി കൂടുതൽപേർ റാങ്ക് ലിസ്റ്റിൽ വന്നതിനാൽ വിജയനിരക്കിൽ സി.ബി.എസ്.ഇ വിദ്യാർത്ഥികളാണ് മുന്നിലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി റോജി എം. ജോൺ പറഞ്ഞു.

റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിലെ മാർക്കിനൊപ്പം പ്ലസ് ടുവിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് തുല്യ പ്രാധാന്യം (1:1:1) നൽകുന്ന പഴയ രീതി ഒഴിവാക്കി ഈ വിഷയങ്ങൾക്ക് 5:3:2 എന്ന അനുപാതത്തിലാക്കിയാണ് സമീകരണരീതി പുതുക്കി നിശ്ചയിച്ചത്.

മുമ്പുണ്ടായിരുന്ന മാർക്ക് സമീകരണം സമാന സിലബസ് പഠിച്ച വിദ്യാർത്ഥികൾക്കിടയിൽ അനാവശ്യമായ മാർക്ക് വ്യത്യാസങ്ങൾ സൃഷ്ടിക്കുമെന്നും ഇത് വിദ്യാഭ്യാസ നീതിയുടെയും തുല്യതത്വങ്ങളുടെയും ലംഘനവുമാണെന്ന്, ഇതു സംബന്ധിച്ച് സർക്കാർ നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെതുടർന്നാണ് തമിഴ്നാട് പിന്തുടരുന്ന സമീകരണരീതി സ്വീകരിക്കാൻ കേരളവും തീരുമാനിച്ചത്. ഇതനുസരിച്ച്, 2026-ൽ ഈ മാറ്റങ്ങളോടെയാണ് കീം പ്രോസ്പെക്ടസ് പുറത്തിറക്കിയത്.

പൊതുമേഖലയുടെ സംരക്ഷണത്തിനും കേരള സിലബസ് വിദ്യാർത്ഥികളോടുള്ള അവകാശനിഷേധത്തിനെതിരെയും നിലകൊണ്ട പി. പ്രേമചന്ദ്രൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് പുതിയ സമീകരണരീതി സ്വീകരിക്കുന്നതിലേക്ക് നയിച്ചത്. കീം സമീകരണത്തിലെ അനീതിയും വിദ്യാർഥിവിരുദ്ധ നിലപാടും ചൂണ്ടിക്കാട്ടി പി. പ്രേമചന്ദ്രൻ ട്രൂ കോപ്പി തിങ്കിൽ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. ഇതോടെ കേരള സിലബസ് വിദ്യാർത്ഥികൾ നേരിടുന്ന അനീതി വിദ്യാഭ്യാസമേഖലയിൽ ചർച്ചകൾക്ക് കാരണമായി. ഇൻേറണൽ കമ്മിറ്റി രൂപീകരണത്തിലേക്കും കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച് നിലവിലുള്ള സമീകരണ രീതികളെ പുനഃപരിശോധിക്കുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതിലും ഈ ഇടപെടലുകൾക്ക് സുപ്രധാന പങ്കുണ്ട്.

‘കീ’മിലെ ആദ്യ റാങ്കുകാരെല്ലാം എന്തുകൊണ്ട്
സി ബി എസ് ഇക്കാരാകുന്നു? സ്‍കോർ അട്ടിമറിയുടെ കാണാപ്പുറം

Comments