രണ്ടു ചോദ്യങ്ങൾ
ബിരുദ കോഴ്സുകൾ (Degree Course) നാലുവർഷമാക്കി പുനഃസംഘടിപ്പിച്ചതിനുശേഷമുള്ള ആദ്യ സെമസ്റ്റർ പരീക്ഷയിലേക്ക് കടക്കുകയാണ് സംസ്ഥാനം. നാലുവർഷ ബിരുദ പ്രോഗ്രാമിലെ (FYUGP) ആദ്യ സെമസ്റ്റർ പരീക്ഷ. കരിക്കുലം വിഭാവന ചെയ്ത രീതിയിലുള്ള ക്ലാസുകളെക്കുറിച്ചും പദ്ധതി നടത്തിപ്പിനെക്കുറിച്ചും ഇപ്പോഴും തുടരുന്ന ആശങ്കകൾക്കിടെയാണ് ആദ്യ സെമസ്റ്റർ പരീക്ഷ എത്തുന്നത്.
ഒരു വർഷം കൂടുതൽ പഠിക്കുന്നതിലൂടെ ഓരോ വിദ്യാർത്ഥിക്കും അവരവരുടെ അക്കാദമിക താൽപ്പര്യങ്ങളും കരിയർ ലക്ഷ്യങ്ങളും അനുസരിച്ച് ബിരുദ പ്രോഗ്രാം രൂപകൽപ്പന ചെയ്യാനുള്ള അവസരമെന്ന നിലയിലാണ് നാലുവർഷ ബിരുദ പ്രോഗ്രാം സർക്കാർ അവതരിപ്പിച്ചത്. മൂന്നു വർഷം കൊണ്ട് ബിരുദവു നാലു വർഷം കൊണ്ട് ഓണേഴ്‌സ് ബിരുദവും ‘എൻ മൈനസ് വൺ’ സമ്പ്രദായത്തിലൂടെ രണ്ടര വർഷം കൊണ്ട് ബിരുദം നേടാനുള്ള അവസരവും പഠനത്തിനിടയിൽ, താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകൾ മാറ്റാനുള്ള അനുവാദവുമുൾപ്പടെ വിപുലമായ സവിശേഷതകളുമായി അവതരിപ്പിച്ച നാലുവർഷ ബിരുദ പദ്ധതിയുടെ പ്രാരംഭ അനുഭവം എന്താണ്? കേരള കേന്ദ്ര സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രഫസറായ ഡോ. അമൃത് ജി. കുമാർ സംസാരിക്കുന്നു.
ശിവശങ്കർ: സംസ്ഥാന സർക്കാർ നടപ്പാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം അതിൻ്റെ ആദ്യ സെമസ്റ്റർ പരീക്ഷയിലേക്ക് കടക്കുകയാണ്. മൂന്നുമാസം പിന്നിടുന്ന, നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഈ ഘട്ടത്തെ എങ്ങനെ വിലയിരുത്തുന്നു ?
ഡോ. അമൃത് ജി. കുമാർ: നാലുവർഷ ബിരുദ പ്രോഗ്രാം കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങൾ എന്തുമാത്രം വിജയിച്ചു എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇപ്പോൾ പക്ഷേ, വലിയ പരിക്കുകളില്ലാതെ അത് തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞേക്കും. പക്ഷേ, വരാനിരിക്കുന്ന സെമസ്റ്ററുകളിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. അത് ഈ നാലുവർഷ ബിരുദ പ്രോഗ്രാമിനെ ആകെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. നാലാമത്തെ വർഷത്തേക്കുള്ള കോഴ്സ് പഠിപ്പിക്കുന്നതിന് കൂടുതൽ അധ്യാപകർ, ക്ലാസ്മുറികൾ എല്ലാം വേണ്ടിവരും.
മൂന്നു വർഷം കഴിയുമ്പോൾ, ഈ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത. നമ്മുടെ പരമ്പരാഗത മൂന്നു വർഷ യു.ജി പ്രോഗ്രാമിനൊപ്പം ഒരു വർഷം കൂടി അധികമായി ചേർത്തു എന്നത് മാത്രമാണ് നാലുവർഷ യു.ജി പ്രോഗ്രാമിൻ്റെ പ്രത്യേകത എന്നാണ് ഇപ്പോൾ പറയാൻ കഴിയുക. എന്നാൽ നാലുവർഷ ബിരുദം എന്നത് ഒരു വർഷം കൂടി അധികമായി പഠിക്കുന്നു എന്നത് മാത്രമാണോ? വിദ്യാർത്ഥികളുടെ സ്കിൽ ഡെവലപ്പ്മെൻ്റ്, നൈപുണി വികസനം എന്നൊരു ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ആ രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.
ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ താരതമ്യേന കുറവാണിപ്പോൾ. വിദ്യാർത്ഥികൾ പലരും ബിരുദം പൂർത്തിയാക്കിയ ഉടനെ ജോലി അന്വേഷിക്കുന്നവരാണ്. ബിരുദം പൂർത്തിയാക്കിയ ഉടനം ജോബ് മാർക്കറ്റിലേക്കെത്തുന്നവരാണ്.
ബിരുദാനന്തര ബിരുദം എന്നത്, ഒരു തുടർവ വിദ്യാഭ്യാസ പദ്ധതിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിൽ, ബിരുദം പൂർത്തിയാക്കിയിറങ്ങുന്ന കുട്ടികളെ ജോബ് മാർക്കറ്റിലേക്ക് എത്തിക്കുന്നതിനാവശ്യമായ തരത്തിൽ കരിക്കുലത്തിൽ എത്രമാത്രം മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നതിൽ സംശയമുണ്ട്. മൂന്ന് വർഷ യു.ജി പ്രോഗ്രാമിൽ ഒരു വർഷം അധികമായി ചേർത്തു എന്ന രീതിയിൽ മാത്രമാണ് നാം ഇപ്പോഴും നാലു വർഷ ബിരുദത്തിനെ കാണുന്നത്.
കരിക്കുലം പ്രസിദ്ധീകരിച്ചപ്പോൾ തന്നെ അധ്യാപകർക്കുള്ള പരിശീലനം വിപുലപ്പെടുത്തണം എന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അധ്യാപകർക്ക് വേണ്ടത്ര പരിശീലനം നൽകാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനോ യൂണിവേഴ്സിറ്റികൾക്കോ കഴിഞ്ഞിട്ടില്ല എന്ന വിമർശനം നിലനിൽക്കുന്നു. അതുപോലെ, സയൻസ് വിഷയങ്ങളിൽ പ്രായോഗിക പരീശീലനങ്ങൾക്ക് സൗകര്യമൊരുക്കുന്നതുപോലെ ഭാഷാ- സാമൂഹിക വിഷയങ്ങളിലും ഇന്റേൺഷിപ്പുകൾക്ക് അവസരമൊരുക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഈ കാര്യത്തിൽ, ഇപ്പോഴും ആശങ്ക തുടരുകയാണ്.
നാലുവർഷ ബിരുദ പ്രോഗ്രാമിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ഇന്റേൺഷിപ്പ്. വിദ്യാർത്ഥികൾ അവരവരുടെ അഭിരുചിക്കനുസരിച്ച് പ്രവർത്തി പരിചയം നേടുന്നതിന് ഒരു സ്ഥാപനം തിരഞ്ഞെടുക്കുന്നു. അവിടെ പ്രവർത്തി പരിചയം നേടുന്നു. ഇതാണ് ഇന്റേൺഷിപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, ഇന്റേൺഷിപ്പ് നൽകാൻ ആവശ്യമായ എന്തു സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന കാര്യത്തിൽ സംശയമുണ്ട്. മാത്രമല്ല, മലയാളവും ഇംഗ്ലീഷും പോലുള്ള വിഷയങ്ങളിൽ എന്ത് ഇന്റേൺഷിപ്പാണ് നൽകാൻ കഴിയുക എന്ന ചോദ്യവും ഇപ്പോഴും ബാക്കിനിൽക്കുന്നുണ്ട് എന്നത് വസ്തുതയാണ്.
നാലുവർഷ ബിരുദം പ്രായോഗികമാകണമെങ്കിൽ, അത് പൂർണാർത്ഥത്തിൽ വിജയിപ്പിക്കണമെങ്കിൽ എറ്റവും കൂടുതൽ പരിശീലനം നൽകേണ്ടത് അധ്യാപകർക്കാണ്. എന്നാൽ മാത്രമേ ശരിയായ അർത്ഥത്തിൽ ഈ പദ്ധതി വിജയിച്ചു എന്ന് പറയാൻ കഴിയൂ. എന്നാൽ നാലു വർഷ ബിരുദമെന്ന പദ്ധതി വിഭാവനം ചെയ്തതു പോലെ, അധ്യാപകർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. സിലബസ് ഉണ്ടാക്കി കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മൂന്ന് വർഷ യു.ജി പ്രോഗ്രാമിന്റെ മാതൃകയിൽ തന്നെയാണ് പുതിയ പ്ലാനും പോകുന്നതെന്ന് പറയേണ്ടി വരും. നാലുവർഷ ബിരുദ പദ്ധതി നടപ്പാക്കിയിട്ട്, ഇനിയെങ്കിലും മൂന്ന് വർഷ യു.ജി ഫോർമാറ്റ് പിന്തുടരുകയല്ല നമ്മൾ ചെയ്യേണ്ടത്.