Photo: pixabay.com

ജ്ഞാനസമൂഹ നിർമിതിയും
​ഇടതുപക്ഷ സർക്കാറും

ചില ആശങ്കകൾ

മുതലാളിത്ത ആശയമായ ജ്ഞാനസമൂഹനിർമിതിയെ സോഷ്യലിസ്റ്റ് നിർമിതിക്കായി ഉപയോഗപ്പെടുത്തുന്നതിന്​ കേരളം ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. വികസിത- മധ്യവരുമാന രാജ്യങ്ങളുടെ വികസനരൂപങ്ങൾ അതേപടി ഇവിടെ പകർത്തിയെഴുതാനാണോ ശ്രമിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്.

ജ്ഞാനസമ്പദ്​വ്യവസ്​ഥയെ അടിസ്ഥാനമാക്കിയുള്ള ഒന്നായി കേരള സമ്പദ്​വ്യവസ്​ഥയെ ഉയർത്തുക, അതിനായി ജ്ഞാനസമൂഹത്തെ രൂപപ്പെടുത്തുക എന്നതാണ് എൽ.ഡി.എഫ്.​ സർക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനായുള്ള പ്രചാരണ പ്രവർത്തനങ്ങൾ സർക്കാറിന്റെ ഭാഗത്തുനിന്നു മാത്രമല്ല, ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരുള്ള പ്രദേശമെന്ന നിലയ്ക്കും, വിദ്യാസമ്പന്നർക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലും, ഉന്നതവിദ്യാഭ്യാസരംഗത്ത് സർക്കാർ, സ്വകാര്യ, സ്വാശ്രയ മേഖലയിൽ ധാരാളം സ്ഥാപനങ്ങളും, യൂണിവേഴ്‌സിറ്റികളും പ്രവർത്തിക്കുന്ന പ്രദേശമെന്ന നിലയ്ക്കും കേരളത്തിൽ ജ്ഞാനസമൂഹനിർമിതിക്കുവേണ്ടിയുള്ള പ്രവർത്തനപദ്ധതികളെ സ്വാഗതം ചെയ്യുകതന്നെ വേണം. കേരളത്തിന്റെ പാരിസ്ഥിതിക- സാമൂഹ്യ പ്രത്യേകതകൾ മൂലം, പാരമ്പര്യ ഉത്പാദനരീതികൾ അവലംബിച്ചുകൊണ്ടുള്ള സാമ്പത്തികവികസനത്തിന് പരിമിതികളേറെയുണ്ട്. അതുകൊണ്ടുതന്നെ, ആധുനിക മാർഗങ്ങൾ അടിസ്​ഥാനമാക്കി ഉത്പാദന വ്യവസ്ഥ രൂപപ്പെടുത്തുക എന്നത് അടിയന്തര പരിഗണന അർഹിക്കുന്ന ഒന്നാണ്.

പറയുന്നത്ര എളുപ്പമാകാനിടയില്ല കേരളത്തിന്റെ ജ്ഞാനസമൂഹനിർമിതി. കാരണം നമ്മുടെ വെല്ലുവിളികൾ ഏറെയാണ്. ഇവ മറികടക്കാനായാൽ തീർച്ചയായും ഒരു കേരളമോഡൽ സൃഷ്ടിക്കപ്പെടും.

അവിദഗ്ധ തൊഴിൽമേഖലയിലേയ്ക്ക് തൊഴിലാളികളെ ഇറക്കുമതി ചെയ്ത് വിദഗ്ധ തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇറക്കുമതി മറ്റു സംസ്ഥാനങ്ങളിൽനിന്നും കയറ്റുമതി വിദേശരാജ്യങ്ങളിലേയ്ക്കും ആണെന്നുമാത്രം. ജ്ഞാനസമൂഹത്തിനായുള്ള പശ്ചാത്തലസൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞാൽ ഒരു പരിധിവരെ വിദേശകയറ്റുമതി കുറച്ചുകൊണ്ടുവരാനായേക്കാം. എന്തായാലും പറയുന്നത്ര എളുപ്പമാകാനിടയില്ല കേരളത്തിന്റെ ജ്ഞാനസമൂഹനിർമിതി. കാരണം നമ്മുടെ വെല്ലുവിളികൾ ഏറെയാണ്. ഇവ മറികടക്കാനായാൽ തീർച്ചയായും ഒരു കേരളമോഡൽ സൃഷ്ടിക്കപ്പെടും.

അവിദഗ്ധ തൊഴിൽമേഖലയിലേയ്ക്ക് തൊഴിലാളികളെ ഇറക്കുമതി ചെയ്ത് വിദഗ്ധ തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടേത്. / ഫോട്ടോ: കോഴിക്കോട് നഗരത്തിലെ തൊഴിലന്വേഷകരായ ഇതരസംസ്ഥാന തൊഴിലാളികൾ.

അറിവ്​ എന്ന വിൽപ്പനച്ചരക്ക്​

ജ്ഞാനസമൂഹം എന്ന് കേൾക്കുമ്പോൾ യൂറോപ്പിലും, കേരളത്തിലും മറ്റും ഉണ്ടായ ജ്ഞാനോദയം, നവോത്ഥാനം ഒക്കെയാകും മനസ്സിൽ വരിക. എന്നാൽ അത്തരം ഒരു സാമൂഹ്യജ്ഞാനസമൂഹ നിർമിതിയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച്, ജ്ഞാനസമ്പദ്​വ്യവസ്​ഥ രൂപപ്പെടുത്തുന്നതിനുള്ള ജ്ഞാനസമൂഹ നിർമിതിയാണ്. ആഗോളവത്കരണത്തെ തുടർന്ന്​വിവരസാങ്കേതികവിദ്യയിലുണ്ടായ വളർച്ചയാണ് ജ്ഞാനസമൂഹനിർമിതിയുടെ ഹേതു എന്നുവേണമെങ്കിൽ പറയാം.

ഇപ്പോൾ ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ (GDP) 50 ശതമാനവും വൈജ്ഞാനിക സമ്പദ്​വ്യവസ്​ഥയിലാണ്​. ബുദ്ധിക്കും പ്രൊഫഷണലിസത്തിനുമാണ് കേന്ദ്രസ്ഥാനം.

നമ്മൾ ജ്ഞാനസമൂഹം, ജ്ഞാനസമ്പദ്​വ്യവസ്​ഥ എന്നൊക്കെ ഇപ്പോഴേ​ പറയാൻ തുടങ്ങിയിട്ടുള്ളൂ എങ്കിലും 2000ത്തോടെ വികസിത മുതലാളിത്തരാജ്യങ്ങൾ ഈ വാക്കുകൾ വ്യാപകമായി ഉപയോഗിപ്പെടുത്തുന്നുണ്ട്. ഒരു പ്രധാന ഉൽപാദനോപാധിയായി (Factors of Production) അറിവിനെ (knowledge) കണക്കാക്കാൻ ആരംഭിച്ചതോടെയാണ് ജ്ഞാനസമൂഹം എന്ന ആശയത്തിന്​ തുടക്കമാകുന്നത്​. മുതലാളിത്തത്തിന് എന്തും വില്പനച്ചരക്കാണ്. അറിവ് ഒരു പ്രധാന ചരക്കാണെന്ന കണ്ടെത്തലാണ് വിവരവിനിമയ സാങ്കേതികവിദ്യയുടെ വികാസത്തോടെ സംജാതമായത്. അറിവിന്റെ ഉത്പാദനം, ഉത്പാദിപ്പിക്കപ്പെട്ട അറിവിന്റെ പേറ്റന്റിങ്, ഇത്തരം അറിവുപയോഗിച്ചുകൊണ്ടുള്ള സമ്പത്തുത്പാദനം, അതിന്റെ കുത്തകവത്കരണം ഇതെല്ലാമാണ് ജ്ഞാനസമ്പദ്​വ്യവസ്​ഥയുടെ ഘടകങ്ങൾ.

ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ

മലയാളികൾക്ക് പെട്ടെന്ന് ബോധ്യമാകുന്ന ഒരുദാഹരണമുണ്ട്​.
2015-ലാണ് ബൈജു രവീന്ദ്രൻ എന്ന കണ്ണൂരുകാരനായ ചെറുപ്പക്കാരൻ ബൈജൂസ് ആപ്പിന് തുടക്കമിടുന്നത്. ആറുവർഷത്തിനുള്ളിൽ അദ്ദേഹം ലോകസമ്പന്നരുടെ പട്ടികയിലെത്തുകയും 2022-ലെ ലോകകപ്പ് സ്പോൺസറായി ഉയരുന്ന സാഹചര്യത്തിലേയ്ക്ക് അദ്ദേഹത്തിന്റെ സാമ്പത്തികനിലവാരം ഉയരുകയും ചെയ്​തു. അദ്ദേഹത്തിന്റെ വില്പനച്ചരക്ക് കുട്ടികളെ പഠിപ്പിക്കുന്ന ഒരു ആപ്പ് ആണ്. ഇവിടെ അറിവ് എന്ന ഉത്പാദന ഉപാധിയാണ് പാരമ്പര്യ ഉത്പാദന ഉപാധികളിലെ അസംസ്കൃത വസ്തുവിന്റെ സ്ഥാനത്ത് വർത്തിക്കുന്നത്. ജ്ഞാനസമ്പദ്​വ്യവസ്​ഥയിൽ അറിവിനാണ് മേൽക്കൈ. അറിവിന്റെ സ്വകാര്യവത്കരണത്തിനും മൂലധനവത്കരണത്തിനുമാണ് പ്രാമുഖ്യം നൽകുന്നത്.

പാരമ്പര്യ സമ്പദ്​വ്യവസ്​ഥ ജ്ഞാനസമ്പദ്​വ്യവസ്​ഥയിലേക്ക്

ജ്ഞാന മാനേജ്‌മെൻറ്​ വിദഗ്ധനായ പീറ്റർ ഡ്രക്കർ (Peter Drucker) ആണ് നൂതന വ്യവസായവികസനത്തിൽ ജ്ഞാനത്തിനുള്ള പ്രാമുഖ്യം വിശകലനം ചെയ്തത്. ബിസിനസ് രംഗം തുടർച്ചയായി വികസിക്കണമെങ്കിൽ വിജ്ഞാനം നിരന്തരം പുരോഗമിച്ചുകൊണ്ടിരിക്കണം, വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കണം, നവീകരിച്ചുകൊണ്ടിരിക്കണം. അല്ലെങ്കിൽ അത് അപ്രത്യക്ഷമാകും (Knowledge has to be improved, challenged, and increased constantly or it vanished). 1960 കളിൽ തന്നെ മുന്നോട്ടുവച്ച ആശയമാണിതെങ്കിലും വിവരവിനിമയ സാങ്കേതികവിദ്യകളുടെ വ്യാപനമാണ് ഈ ആശയത്തിന് വ്യാപകമായ അംഗീകാരം ലഭിക്കാൻ കാരണമായത്.

പീറ്റർ ഡ്രക്കർ

1996-ൽ ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോ ഓപ്പറേഷൻ ആൻഡ്‌
ഡവലപ്‌മെൻറ്​ (OECD, 1996) എന്ന സംഘടന ജഞാനസമ്പദ്​വ്യവസ്​ഥയെ നിർവചിക്കാൻ ശ്രമിച്ചത് ഇപ്രകാരമാണ്: സാമ്പത്തികശാസ്ത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഉത്പാദനത്തിലും വിതരണത്തിലും, ജ്ഞാനത്തിന്റെയും അറിവിന്റെയും ഉപയോഗത്തിലുമാണ്. ജ്ഞാനസമ്പദ്​വ്യവസ്ഥയിൽ ജനങ്ങളുടെ അറിവും അതിന്റെ ഉപയോഗവും കൈമാറ്റവും വളരെ പ്രധാനപ്പെട്ടതാണ്. അറിവ് സ്വായത്തമാക്കലും, പുതുക്കലും അതിന്റെ വ്യത്യസ്ത മേഖലകളിലെ ഉപയോഗത്തിലൂടെ പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ സാമ്പത്തിക വികസനം സാധ്യമാക്കുക എന്നതുമാണ് ജ്ഞാനസമ്പദ്​വ്യവസ്​ഥയുടെ അടിസ്ഥാനം.

ഓരോരുത്തരുടെയും ക്രിയേറ്റിവിറ്റിയെ, സാമർഥ്യത്തെ പരമാവധി ഉപയോഗപ്പെടുത്തുക, അതിന്​ സാഹചര്യമൊരുക്കുക എന്നതായിരിക്കും സർക്കാരിന്റെ ഉത്തരവാദിത്തം.

ആഗോളവത്കരണവും, വിവരസാങ്കേതിക വിപ്ലവവും പാരമ്പര്യ സമ്പദ്​വ്യവസ്ഥയെ ജ്ഞാനസമ്പദ്​വ്യവസ്ഥയിലേക്ക് പരിവർത്തനം ചെയ്തിരിക്കുന്നു. 2003-ൽ യുനെസ്കോ ജ്ഞാനസമ്പദ്​വ്യവസ്​ഥയ്ക്ക്​ സമഗ്രമായ ഒരു നിർവചനം കൊണ്ടുവന്നു. നൂതനസമൂഹം, ജീവിതം മുഴുവൻ പഠിക്കുക എന്ന ആശയത്തിൽ അടിസ്ഥാനപ്പെടുത്തുന്നതായിരിക്കും. ഈ സമൂഹം ശാസ്​ത്രജ്ഞരെയും ഗവേഷകരെയും സാങ്കേതികവിദഗ്ധരെയും ഗവേഷണ കൂട്ടായ്മകളെയും അതുപോലെ ഉയർന്ന സാങ്കേതികവിദ്യകളുപയോഗിച്ച് ചരക്കുകളും സേവനങ്ങളും ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളെയും, ദേശീയ നൂതന ഉത്പാദന സംവിധാനത്തെയും അന്തർദേശീയ ഉത്പാദന നെറ്റ്​വർക്കുമായി ബന്ധിപ്പിച്ച് ഉത്പാദനവും വിതരണവും ഉപയോഗവും അറിവിന്റെ സംരക്ഷണവും സാധ്യമാക്കുന്നു. ഉയർന്ന സാങ്കേതികവിദ്യ, വിദഗ്ധ തൊഴിലാളികൾ, നിരന്തരം പുതുക്കപ്പെടുന്ന അറിവിനെ അടിസ്ഥാനമാക്കിയ ഉൽപാദനവ്യവസ്ഥ, ഇവയെ ശക്തിപ്പെടുത്തി സാമ്പത്തിക അഭിവൃദ്ധി സാധ്യമാക്കുക എന്നതാണ് ജ്ഞാനസമ്പദ്​വ്യവസ്​ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ശതകോടീശ്വരൻന്മാർ; വൈജ്ഞാനിക സമ്പദ്​വ്യവസ്​ഥയുടെ സൃഷ്​ടി

ജ്ഞാനസമൂഹസൃഷ്ടിയും അതിന് പശ്ചാത്തലസൗകര്യമൊരുക്കലുമാണ് ജ്ഞാനസമ്പദ്​വ്യവസ്​ഥയിലേയ്ക്കുള്ള ആദ്യപടി. ജ്ഞാനോത്പാദനത്തിനുവേണ്ടിയുള്ള നിക്ഷേപത്തിൽ നിരന്തരവർധനവ് ഉണ്ടാക്കിക്കൊണ്ടേയിരിക്കണം. വിദ്യാഭ്യാസത്തിലും, ഗവേഷണത്തിലും വലിയ മുതൽമുടക്ക്​ ആവശ്യമായിവരും.
വ്യവസ്ഥാപിതരീതിയിലുള്ള ഉത്പാദന- വിതരണ സമ്പ്രദായം പാടേ മാറ്റി വിവരസാങ്കേതികവിദ്യകളിൽ അടിസ്ഥാനമാക്കിയുള്ള ഉത്പാദനത്തിലേയ്ക്കും വിതരണത്തിലേയ്ക്കുമുള്ള പാരഡൈം ഷിഫ്റ്റാണ്, ജ്ഞാനസമ്പദ്​വ്യവസ്​ഥയിൽ ഉദ്ദേശിക്കുന്നത്. അറിവിനും, വിദഗ്ധ തൊഴിലാളികൾക്കുമാണ് സമ്പദ്​വ്യവസ്ഥയിൽ പ്രാമാണികസ്ഥാനം.

ഓരോരുത്തരുടെയും ക്രിയേറ്റിവിറ്റിയെ, സാമർഥ്യത്തെ പരമാവധി ഉപയോഗപ്പെടുത്തുക, അതിന്​ സാഹചര്യമൊരുക്കുക എന്നതായിരിക്കും സർക്കാരിന്റെ ഉത്തരവാദിത്തം.
‘അറിവാണ് ശക്തി' എന്നതായിരിക്കും മുദ്രാവാക്യം. ചരക്കുകളുടെയും സേവനങ്ങളുടെയും ഉത്പാദനം പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്താൽ പരമാവധിയിലേക്ക് എത്തിക്കുക എന്നതായിരിക്കും ലക്ഷ്യം. പേറ്റന്റിങ്, കുത്തകവത്കരണം എന്നിവ പൊതുസ്വഭാവമായിരിക്കും. അറിവിന്റെ സാമൂഹ്യവത്കരണത്തിൽ ജ്ഞാനസമ്പദ്​വ്യവസ്ഥയ്ക്കുള്ള സ്ഥാനം വളരെ കുറവായിരിക്കും എന്നുവേണം കരുതാൻ. സാങ്കേതികവിദ്യകളെയും ആഗോളവത്കരണ സാഹചര്യത്തെയും ഉപയോഗപ്പെടുത്തി ദേശീയ-അന്തർദേശീയ തലങ്ങളിലേയ്ക്ക് ബിസിനസ് വ്യാപിപ്പിക്കാനുള്ള സാഹചര്യവും ഇതുവഴി സാധ്യമാകും.

പുറത്താക്കൽ വെല്ലുവിളിയെ നേരിടാൻ കെ.എഫ്.സി. അതീവശ്രദ്ധയും പഠനവും നടത്തിക്കൊണ്ടേയിരിക്കും. നിരന്തരം പുതുക്കിക്കൊണ്ടുള്ള ജ്ഞാനസമ്പദ്​വ്യവസ്ഥയ്ക്കേ നിലനിൽക്കാനാവൂ. / Photo:Mike Mozart, Flickr

ഇപ്പോൾ ലോകത്തെ മൊത്തം ഉത്പാദനത്തിന്റെ (GDP) 50 ശതമാനവും വൈജ്ഞാനിക സമ്പദ്​വ്യവസ്​ഥയിലാണ്​. ബുദ്ധിക്കും പ്രൊഫഷണലിസത്തിനുമാണ് കേന്ദ്രസ്ഥാനം. പുതിയ ശതകോടീശ്വരന്മാർ ഉയർന്നുവരുന്നത് വൈജ്ഞാനിക സമ്പദ്​വ്യവസ്​ഥയുടെ ഭാഗമായാണ്. കെന്റകി ഫ്രൈഡ് ചിക്കൻ ജ്ഞാനസമ്പദ്​വ്യവസ്​ഥയുടെ ഭാഗമാണ്. പാരമ്പര്യ ചിക്കൻ ഫ്രൈ നിരാകരിച്ച് പുതിയൊരു സ്വാദ് സൃഷ്ടിച്ച് അതിനെ പേറ്റൻറുവത്ക്കരിച്ച് സമ്പദ്​വ്യവസ്​ഥയിലെ ചിക്കൻ ഫ്രൈ വില്പനയിൽ അധീശത്വം പുലർത്തിയിരിക്കുന്നു. കെ.എഫ്​.സി.യെ നേരിടാൻ ധാരാളം കമ്പനികൾ ഇപ്പോൾ നിലവിലുണ്ട്. കെ.എഫ്.സി.യേക്കാൾ സ്വാദുള്ള ചിക്കൻ ഫ്രൈ വന്നാൽ കെ.എഫ്.സി. കച്ചവടത്തിൽനിന്ന് പുറത്താകും. അതുകൊണ്ട് പുറത്താക്കൽ വെല്ലുവിളിയെ നേരിടാൻ കെ.എഫ്.സി. അതീവശ്രദ്ധയും പഠനവും നടത്തിക്കൊണ്ടേയിരിക്കും. നിരന്തരം പുതുക്കിക്കൊണ്ടുള്ള ജ്ഞാനസമ്പദ്​വ്യവസ്ഥയ്ക്കേ നിലനിൽക്കാനാവൂ.

ജ്ഞാനസമ്പദ്​വ്യവസ്ഥയെ നിർണയിക്കുന്നതിന് വേൾഡ് ബാങ്ക് ഒരു അസസ്മെൻറ്​ ടെക്‌നോളജി തന്നെ ഉണ്ടാക്കിയിട്ടുണ്ട്. 109 ഘടകങ്ങൾ പരിശോധിച്ച് രാജ്യം എത്രമാത്രം ജ്ഞാനസമ്പദ്​വ്യവസ്​ഥയിൽ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന് നിർണയിച്ച് അതിന്റെ ഇൻഡക്‌സ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. 2012-നുശേഷം വേൾഡ് ബാങ്ക് അത് പുതുക്കിയിട്ടില്ലെങ്കിലും ഇപ്പോൾ ധാരാളം അന്തർദേശീയ ഏജൻസികൾ ഓരോ വർഷവും ജ്ഞാനസമ്പദ്​വ്യവസ്ഥാ ഇൻഡക്‌സ് പുറത്തുവിടുന്നുണ്ട്.

ജ്ഞാനസമ്പദ്​ഘടനയിലൂടെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യമാണ് കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

ജ്ഞാനസമ്പദ്​വ്യവസ്ഥയിൽ ഏറ്റവും തലപ്പത്ത് ഡെന്മാർക്ക്​ ആണ്. 100 ശതമാനം ജ്ഞാനസമ്പദ്​വ്യവസ്ഥ എന്നുതന്നെ പറയാം. അവരുടെ മാർക്ക് 9.58 ആണ്. മറ്റു രാജ്യങ്ങളുടെ മാർക്ക്​: സ്വീഡൻ 9.52, യു.കെ. 9.09, യു.എസ് 9.05, ഖത്തർ 6.15, സൗദി അറേബ്യ 5.5, ശ്രീലങ്ക 4.16, ചൈന 4.35, ഇറാൻ 3.37.
3.12 മാർക്കുമായി ഇന്ത്യ ഏറെ പുറകിലാണ്. മിത്തുകളെ ചരിത്രമാക്കി വ്യാഖ്യാനിക്കുകയും ആചാരങ്ങളെ ശാസ്ത്രമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യൻ കാലഘട്ടത്തിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വളരെ കുറവാണ്.

ജ്ഞാനസമ്പദ്‍വ്യവസ്ഥ സൂചിക / Wikimedia Commons

ജ്ഞാനസമ്പദ്​വ്യവസ്​ഥയും കേരളവും

ജ്ഞാനസമ്പദ്​ഘടനയിലൂടെ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യമാണ് കേരള സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്​, കേരള നോളേജ് ഇക്കണോമി മിഷൻ (KKEM) ആരംഭിച്ചുകഴിഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള സൃഷ്ടിക്കായുള്ള മാർഗരേഖയിൽ പറയുന്നതിപ്രകാരമാണ്:

‘‘ആധുനിക വിജ്ഞാനസമൂഹം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശാസ്ത്രസാങ്കേതികരംഗത്തും സാമൂഹ്യരംഗത്തും നാം നേടിയ അറിവുകൾ വികസിപ്പിച്ച് ഉത്പാദനശകതികളെ ശക്തിപ്പെടുത്തി ഉത്പാദനക്ഷമതയും ഉത്പാദനവും വർധിപ്പിക്കുക എന്നതാണ്. ശാസ്ത്രസാങ്കേതികവിദ്യയുടെ വികാസം ഉപയോഗപ്പെടുത്തി ഉൽപാദനശകതികളുടെ വളർച്ച നേടുകയാണ് വേണ്ടത്. വളരുന്ന അറിവിനെ ഉപയോഗപ്പെടുത്തി ഉത്പാദനശക്തികളെ വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇതിലൂടെ ഉണ്ടാവുക. ഉത്പാദനശക്തികളുടെ വികാസത്തിന് വിവിധ മേഖലകളിലെ നവീകരണം പ്രധാനമാണ്. പുതിയ യന്ത്രങ്ങളും ആധുനിക സാങ്കേതികവിദ്യകളും ഇതിന് ആവശ്യമായി വരും. അത് പ്രയോഗിക്കാൻ പറ്റുന്ന തൊഴിൽ പ്രാവീണ്യമുള്ള തൊഴിലാളികളെ രൂപപ്പെടുത്തുക എന്നതും പ്രധാനമാണ്. ഉത്പാദനശകതികളെ വികസിപ്പിച്ചുകൊണ്ടുമാത്രമേ ഉത്പാദനം വർധിപ്പിക്കാനാകൂ. ഉത്പാദനം വർധിപ്പിച്ചും ഇത് നീതിയുക്തമായി വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തിയും മാത്രമേ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാവൂ. അഞ്ചുവർഷംകൊണ്ട് ശാസ്ത്രീയമായ അറിവുകളും സാങ്കേതികവിദ്യയിലെ നേട്ടങ്ങളും ഉപയോഗപ്പെടുത്തി ഉൽപാദനപ്രവർത്തനങ്ങളിൽ നൂതനത്വം വളർത്തിയെടുക്കുക എന്നത് ഏറെ പ്രധാനമാണ്. അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിതനിലവാരം അന്താരാഷ്ട്രതലത്തിലെ തന്നെ വികസിത മധ്യവരുമാന രാഷ്ട്രങ്ങൾക്ക് സമാനമാക്കി ഉയർത്തുക എന്നതാണ് നമ്മൾ ലക്ഷ്യംവയ്ക്കുന്നത്.’’

കേരള നോളേജ് ഇക്കണോമി മിഷൻ വെബ്സൈറ്റ്

ജ്ഞാനസമ്പദ്​വ്യവസ്ഥ ഒരു മുതലാളിത്ത ആശയമാണ്. അറിവിനെ പേറ്റൻറുവത്കരിച്ചും കുത്തകവത്കരിച്ചും സമ്പദ്​വ്യവസ്ഥയുടെ അവിഭാജ്യഘടകമാക്കിയും ഉള്ള വികസനമാണ് ജ്ഞാനസമ്പദ്വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നത്. ഈ ആശയത്തെ എങ്ങനെ കേരള മോഡൽ സൃഷ്ടിക്കുവേണ്ടിയുള്ള ഉപാധിയാക്കാൻ കഴിയുമെന്നതാണ് ഏറെ കുഴയ്ക്കുന്ന ചോദ്യം. ഇപ്പോൾ ലോകത്ത് ഉത്പാദനശക്തികളെ നിയന്ത്രിക്കുന്നത് സ്വകാര്യതാത്പര്യമാണ്. ജ്ഞാനസമ്പദ്​വ്യവസ്ഥ ഇൻഡക്‌സിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളെല്ലാം മുതലാളിത്ത രാജ്യങ്ങളാണ്. മുതലാളിത്ത താത്പര്യങ്ങളാണ് ജ്ഞാനസമ്പദ്​വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നത്. ആഗോളീകരണമാണ് ഇതിന്റെ ഒരു ചാലകശക്തി. ആഗോളീകരണകാലത്ത് സമ്പന്ന- ദരിദ്ര വിടവ് കുറയുകയല്ല കൂടുകയാണ് ചെയ്തിട്ടുള്ളത്. പാർശ്വവത്കരിക്കപ്പെടുന്നവർക്ക് ഇതിലൊരു പങ്കാളിത്തവുമില്ല.

നിരന്തര നവീകരണം, സാങ്കേതികവിദ്യകളുടെ വികാസം, ആഗോള മത്സരം, ബൗദ്ധിക മൂലധനം, വിദഗ്ധ തൊഴിലാളികൾ, ഉന്നത ഗുണനിലവാരമുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ, യൂണിവേഴ്‌സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഉയർന്ന നിലവാരമുള്ള അടിസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഘടകങ്ങളുടെ ഏകോപനത്തിലൂടെ മാത്രമേ ജഞാനസമൂഹത്തെയും ജ്ഞാനസമ്പദ്​വ്യവസ്ഥയെയും സൃഷ്ടിക്കാനാകൂ. ഒരു ‘സോഷ്യലിസ്റ്റ് പാറ്റേൺ ഓഫ് സൊസൈറ്റി’ എന്ന അടിസ്ഥാന ആശയത്തിൽ നിന്ന്​ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു ചെറുസംസ്ഥാനത്തിന് ഇതെങ്ങനെ സാധ്യമാകും? ആഗോളവത്കരണത്തെയും അറിവിന്റെ കുത്തകവത്കരണത്തെയും അധികരിച്ചുകൊണ്ടല്ലാതെ ഈ വികസനതന്ത്രത്തെ നമുക്ക് വരവേൽക്കാൻ കഴിയില്ല.

Photo: Wikimedia Commons

ജ്ഞാനസമ്പദ്​വ്യവസ്ഥാ റാങ്കിങ്ങിൽ ഇന്ത്യയുടെ മാർക്ക്​ 3.12 ആണ്. കേരളം മാത്രമെടുത്താലും വലിയ വ്യത്യാസമുണ്ടാകാനിടയില്ല. ലോകോത്തര റാങ്കുള്ള ഗവേഷണ സ്ഥാപനങ്ങളോ, ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോ യൂണിവേഴ്‌സിറ്റികളോ നമുക്കില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ജ്ഞാന ഉത്പാദനമല്ല, ജ്ഞാന വിതരണമാണെന്നാണ് വിദ്യാഭ്യാസവിദഗ്ധരുടെ തന്നെ അഭിപ്രായം. അമിത രാഷ്ട്രീയവത്കരണവും നമ്മൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ്. കെ റെയിൽ പോലെയോ, ദേശീയപാത പോലെയോ ഉള്ള ഒരു നിർമാണമല്ല ജ്ഞാനസമൂഹ നിർമിതി. അങ്ങേയറ്റം പ്രതിബദ്ധതയുള്ള ഭരണനേതൃത്വത്തിനേ ഇത്തരമൊരാശയം ചർച്ചചെയ്യാൻ പറ്റൂ. ഇവിടെ ഭരണനേതൃത്വമെന്നാൽ, എൽ.ഡി.എഫ്.​ സർക്കാർ എന്നല്ല, എക്‌സിക്യൂട്ടീവും, ജുഡീഷ്യറിയും, ജനങ്ങളും, രാഷ്ട്രീയനേതൃത്വങ്ങളുമൊക്കെ ഉൾപ്പെടും. ഒരു മേശപ്പുറത്തുനിന്ന് അടുത്ത മേശപ്പുറത്തേയ്ക്ക് ഫയൽ നീങ്ങാൻ ദിവസങ്ങളെടുക്കുന്ന സംസ്ഥാനമാണ് ഇപ്പോഴും നമ്മുടേത്. ഇ- ഗവേണൻസ് എന്നത് വർഷങ്ങളായിട്ടും കുറ്റമറ്റതാക്കാൻ നമുക്കായിട്ടില്ല. ആശയതലത്തേക്കാൾ പ്രായോഗികതലത്തിന് ഏറെ പ്രാധാന്യമുള്ള ജ്ഞാനസമൂഹ നിർമിതിയിൽ കേരളത്തിന് താണ്ടാനുള്ള ദൂരം ചെറുതല്ല, അതുകൊണ്ടുതന്നെ ഇതൊരു ‘ജാർഗൺ' ആയിത്തീരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ജ്ഞാന ഉത്പാദനമല്ല, ജ്ഞാന വിതരണമാണെന്നാണ് വിദ്യാഭ്യാസവിദഗ്ധരുടെ തന്നെ അഭിപ്രായം. അമിത രാഷ്ട്രീയവത്കരണവും നമ്മൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ്.

2050 ആകുമ്പോഴേക്കും വികസിതരാജ്യങ്ങൾക്കൊപ്പമുള്ള ജീവിതനിലവാരത്തിലേയ്ക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് ഇവിടെ മുന്നോട്ടുവച്ചിട്ടുള്ളത്. ജീവിതനിലവാര ഉയർച്ചയെ കേരള പശ്ചാത്തലത്തിൽ നിർവഹിച്ചുകൊണ്ടല്ലാതെ, ഏതുതരം വികസനമാണ് നാം ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലാതെ, കേവലമായ ഒരു സ്റ്റേറ്റ്‌മെൻറ്​ മുന്നോട്ടുവച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രം, പരിസ്ഥിതി, ജീവിതഗുണതയെക്കുറിച്ചുള്ള കാഴ്ചപ്പാട്, ദരിദ്ര- സമ്പന്ന വിടവ് കുറച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച നയം തുടങ്ങിയവയെല്ലാം വിശദമായി ചർച്ചചെയ്തുകൊണ്ടുമാത്രമേ ജ്ഞാനസമ്പദ്​വ്യവസ്ഥയിലെ കേരളം എങ്ങനെയായിരിക്കും എന്ന സങ്കല്പം മുന്നോട്ടുവയ്ക്കാൻ കഴിയൂ. ഇപ്പോഴുള്ള വികസിത- മധ്യവരുമാന രാജ്യങ്ങളുടെ വികസനരൂപങ്ങൾ അതേപടി ഇവിടെ പകർത്തിയെഴുതാനാണോ ശ്രമിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. ഏതായാലും ഇന്ത്യയിലെ ശേഷിക്കുന്ന ഇടതുപക്ഷ ഗവൺമെൻറിന്റെ വികസനരംഗത്തെ ചുവടുമാറ്റമായി ജ്ഞാനസമൂഹ നിർമിതിയെ കരുതുന്നതിൽ തെറ്റില്ല.

ബുദ്ധിജീവിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജ്ഞാനസമൂഹ നിർമിതിയുമായി ബന്ധപ്പെട്ട ചർച്ചയെ താഴെ തലങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതുവഴി മാത്രമേ, ഇപ്പോൾ മുതലാളിത്ത ആശയമായ ജ്ഞാനസമൂഹനിർമിതിയെ എങ്ങനെ സോഷ്യലിസ്റ്റ് നിർമിതിക്കായി ഉപയോഗപ്പെടുത്താം എന്ന കാര്യത്തിൽ കൂടുതൽ ആശയവ്യക്തത കൈവരിക്കാൻ കഴിയൂ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


അഡ്വ. കെ.പി. രവിപ്രകാശ്​

എഴുത്തുകാരൻ, കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന സമിതി അംഗം. ഇന്ത്യൻ ഭരണഘടന: ചരിത്രം, സംസ്​കാരം, നൈതികത എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments