നാലുവർഷ ബിരുദം (FYUGP) ഈ വർഷം കേരളത്തിൽ നടപ്പാക്കുകയാണ്. ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പങ്ങളും ആശങ്കകളും പരിഹരിക്കപ്പെട്ടിട്ടില്ല. നാലുവർഷ ബിരുദം വിഭാവനം ചെയ്യുന്ന കരിക്കുലവും ഘടനയും അപൂർണമാണ്. കരിക്കുലം എന്ന പേരിൽ സർവകലാശാലകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് നാല് വർഷ ബിരുദ പദ്ധതിയുടെ രൂപരേഖയോ നിയമാവലികളോ മാത്രമാണ്. കരിക്കുലം നിയമാവലിയല്ല, വിജ്ഞാനവ്യവസ്ഥയുടെ ഘടനയാണ്.
ഒരു ദാർശനിക ചിന്താപദ്ധതിയുടെ ഫലമാണ് കരിക്കുലം. സൈദ്ധാന്തിമായും രാഷ്ട്രീയമായും വിശാല കാഴ്ചപ്പാട് കരിക്കുല രൂപീകരണത്തിന് അനിവാര്യമാണ്. ഉറപ്പുള്ള കരിക്കുലത്തിന് മുകളിലാണ് വിജ്ഞാന വിതരണ വിനിമയ സംവിധാനം പടുത്തുയർത്തേണ്ടത്. കേരളത്തിലെ സർവകലാശാലകൾ പ്രസിദ്ധീകരിച്ചിരിക്കുന്ന FYUGP കരിക്കുലം ഇത്തരമൊരു ദർശനം മുന്നോട്ട് വയ്ക്കുന്നുണ്ടോ? ഇല്ല. എന്നാണുത്തരം.
അക്കാദമിക സമൂഹത്തിൽ ആഴമുള്ള ചർച്ചകൾക്ക് വിഷയീഭവിക്കേണ്ടതാണ് കരിക്കുലം. അക്കാദമിക വിദഗ്ധരും അധ്യാപകരും വിദ്യാർത്ഥികളും വിവിധ മേഖലകളിലെ പ്രഗത്ഭരും ഈ സംവാദത്തിന്റെ ഭാഗമാകണം. കാരണം, നമ്മൾ വിദ്യാഭ്യാസത്തെ രൂപത്തിലും ഘടനയിലും ഉള്ളടക്കത്തിലും പുനർനിർമ്മിക്കുകയാണ്. ഇത്തരമൊരു അക്കാദമിക ഗൗരവം എന്തുകൊണ്ടോ നാലുവർഷ ബിരുദ കരിക്കുല രൂപീകരണത്തിലുണ്ടായില്ല. അതത് സർവകാശാലകളിലെ ഏതാനും അധ്യാപകരുടെ മാത്രം അധ്വാനത്തിൽ രൂപംകൊണ്ടതാണത്. അതിന്റെ പരപിമിതികൾ തുറന്ന സംവാദങ്ങളിലൂടെ മറികടക്കേണ്ടതുണ്ട്. കേരളത്തിലെ കോളേജ് അധ്യാപകരിൽ വലിയൊരു വിഭാഗം വേണ്ടത്ര ഗൗരവത്തോടെ ഈ പരിഷ്കാരങ്ങളെ ഇനിയും സമീപിച്ചിട്ടില്ല. ‘വരട്ടെ, പഠിപ്പിക്കാം...’ എന്നതരം ഉദാസീനതയ്ക്ക് വലിയ വിലകൊടുക്കേണ്ടിവരും. നാലുവർഷ ബിരുദപദ്ധതിയെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഏറെക്കുറെ നിരക്ഷരരാണ്. ചുരുക്കത്തിൽ വലിയൊരു മാറ്റത്തിന് ഇനിയും പാകമായിട്ടില്ലാത്ത മണ്ണിലാണ് നാം തിടുക്കത്തിൽ മാറ്റത്തിന്റെ വിത്തെറിയുന്നത്.
വിദേശത്തേയ്ക്കുള്ള പാത
കരിക്കുലം ഘടന അവതരിപ്പിക്കുന്ന ഘട്ടങ്ങളിലൊക്കെ വിദഗ്ധർ ആവർത്തിക്കുന്ന വാചകം “വിദേശപഠനത്തലും ജോലിക്കും വിദ്യാർത്ഥികളുടെ ഭാവിക്കും” ഈ ഘടന ആവശ്യമാണ് എന്നാണ്. ഈ വാദത്തിന്റെ അർത്ഥമെന്താണ്? വിദേശ സർവകലാശാല- തൊഴിൽ മേഖലകളിലേയ്ക്ക് യുവാക്കളെ പ്രാപ്തരാക്കുന്ന ഏജൻസികളായി പ്രവർത്തിക്കാനാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസം തയ്യാറെടുക്കുന്നത് എന്നാണോ? അതിനാവശ്യമായ മാർഗരേഖയാണ് സർവകലാശാലാ കരിക്കുലം എന്നാണോ?
ഈ ആപ്തവാക്യം അറിഞ്ഞോ അറിയാതെയോ പിൻപറ്റുന്നതിന്റെ സൂചനകൾ സിലബസ് രൂപീകരണത്തിൽ കാണാം. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള വിദേശ ഭാഷകൾ കോഴ്സുകൾ ഭാവന ചെയ്യുമ്പോൾ IELTS, ഇതര മത്സരപരീക്ഷാ പാഠ്യപദ്ധതികളുടെ മാതൃകകൾ കടന്നുകൂടിയിട്ടുണ്ട്. വിജ്ഞാനോല്പാദനം, വിനിമയം, നൈപുണ്യ വികസനം എന്നിവയിൽനിന്ന് തെന്നിമാറി റിക്രൂട്ടിംഗ് സംവിധാനങ്ങളായി കേരളത്തിലെ കോളേജുകൾ മാറുന്നുണ്ടെങ്കിൽ നമ്മുടെ കരിക്കുലം സങ്കൽപിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്.
പുതിയ നാലു വർഷ ബിരുദ പഠനത്തിൽ ഭാഷാ പഠനത്തിന്റെ മണിക്കൂറുകൾ വലിയ തോതിൽ കുറവു വന്നിട്ടുണ്ട്. അത് അധ്യാപകരുടെ തൊഴിലിനെ ബാധിക്കും.
‘വിദ്യാർത്ഥികളെ ആകർഷിക്കുന്നതാകണം കോഴ്സുകൾ’ എന്നാണ് മറ്റൊരു ‘പരസ്യവാചകം’. ആകർഷിക്കുന്നതെങ്ങനെയാണ്- ‘സിലബസ് ലളിതമാക്കുക’. മൂന്നുവർഷ ബിരുദവും ബിരുദാനന്തര ബിരുദനിലവാരത്തിൽ ഒരു വർഷവും പൂർത്തിയാക്കി നേരിട്ട് ഗവേഷണയോഗ്യത നേടേണ്ട വിദ്യാർത്ഥികൾക്ക് നൽകുന്ന പാഠ്യപദ്ധതി ‘എത്ര ലളിതമാകാം?’
ഇവിടെ കരിക്കുലം നിശ്ശബ്ദമാണ്.
സിലബസ്... നേർപ്പിച്ചത്
ആകർഷകം എന്നതിന് ലളിതം എന്നൊരർത്ഥമില്ല. ക്ലാസ് റൂം ടീച്ചിംഗ്, പ്രായോഗിക പരിശീലനം, സ്വയം പരിശീലന സന്ദർഭങ്ങൾ, സന്ദർശനങ്ങൾ, പരീക്ഷണങ്ങൾ, ഗവേഷണ പ്രോജക്ടുകൾ... തുടങ്ങി നിരവധി മാർഗങ്ങളിലൂടെ ക്ലാസ് മുറികളെ ജനാധിപത്യപരമായും വിദ്യാർത്ഥികേന്ദ്രിതമായും പുനർനിർമിക്കുക എന്ന സങ്കല്പമാണ് FYUGP. അതിനെ പ്രയോഗവൽക്കരിക്കേണ്ട സന്ദർഭമായപ്പോൾ ‘ആകർഷകം – ലളിതം’ എന്നീ കേവല പദാവലികളിലേയ്ക്ക് ചുരുങ്ങുന്നു. ഈ ലളിതവൽക്കരണം വിജ്ഞാനത്തിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റുകയും വിദ്യാഭ്യാസം ഒരു സാങ്കേതിക പ്രവൃത്തി മാത്രമാക്കി മാറ്റുകയും ചെയ്യും. അവിടെയാണ് രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ചരിത്രപരമായും കരിക്കുലം പരാജയപ്പെടുന്നത്.
അപ്പോൾ എന്താണതിന്റെ താല്പര്യം?
വിദ്യാഭ്യാസത്തെ ഒരു ഉൽപ്പന്നമായിക്കാണുന്ന മുതലാളിത്ത യുക്തിയാണത്. മുതലാളിത്ത വ്യവസ്ഥയ്ക്കുള്ളിൽ എത്രമാത്രം നമുക്കതിൽനിന്ന് മാറിനിൽക്കാനാവും എന്ന ചോദ്യം പ്രസക്തമാണ്. മാറിനിൽക്കേണ്ടതില്ല എന്നുതന്നെയാണ് ഉത്തരം. മാറ്റിത്തീർക്കാനാവും എന്നതാണ് ബദൽ. അതുകൊണ്ടുതന്നെ വ്യവസായ വാണിജ്യ താല്പര്യങ്ങളെ വിദ്യാഭ്യാസം അഭിസംബോധന ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വിപണിയുടെ ഏജൻസിയായി പ്രവർത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത അപകടമാണ്. വിപണിയെ സൃഷ്ടിക്കുകയും നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ജ്ഞാന സമൂഹത്തെയാണ് സങ്കൽപ്പിക്കേണ്ടത്. എന്നാൽ, ഇവിടെ വിദ്യാഭ്യാസ- തൊഴിൽ ഇടങ്ങളിലേയ്ക്ക് കുടിയേറിയേക്കാവുന്ന ഭാവിയുവതയെ സൃഷ്ടിക്കാനുള്ള പശ്ചാത്തല വികസനമായി വിദ്യാഭ്യാസത്തെ സങ്കൽപ്പിക്കുന്നു. ഇതാണ് FYUGP കരിക്കുലം ഫ്രയിംവർക്കുകളിൽ അലിഞ്ഞുചേർന്നിരിക്കുന്ന പ്രത്യയശാസ്ത്രം. അതുകൊണ്ടാണ് ‘കരിക്കുലം’ കേവലം കൈപ്പുസ്തകമോ, നിയമചട്ടങ്ങളുടെ ക്രോഡീകരണമോ മാത്രമായി കാണാനാകാത്തത്. സർവകലാശാലാ കരിക്കുലം മുന്നിൽവച്ചുകൊണ്ടുള്ള സംവാദങ്ങൾ നടക്കണം. നിരന്തരമായി പരിഷ്കരിക്കപ്പെടണം.
ഭാഷയും സാഹിത്യവും എന്തിന്?
വിദ്യാർത്ഥികളുടെ കഴിവ് മെച്ചപ്പെടുത്താനുള്ള പാഠ്യപദ്ധതിയുടെ ഭാഗമായാണ് (Ability Enhancement Courses) ഭാഷാസാഹിത്യ വിഷയങ്ങൾപഠിപ്പിക്കുന്നത്. സാഹിത്യം, കല, സംസ്കാരം, ജനജീവിതപഠനം തുടങ്ങിയ വിപുലമായ മാനവികമേഖലകൾ പാഠ്യപദ്ധതികൾക്ക് പുറത്താവുകയാണ്. പകരം പി എസ് സി, ഇതര മത്സര പരീക്ഷകൾ, അഭിമുഖങ്ങൾ, വ്യക്തിത്വവികസനം എന്നിവയിലേയ്ക്ക് പഠനം വഴിമാറും. ഇത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഭാഷയിൽനിന്ന് പുറത്തുപോവുകയെന്നാൽ സാമൂഹിക ജീവിതത്തിൽനിന്ന് പുറത്താവുക എന്നാണർത്ഥം.
വിദ്യാർത്ഥികളുടെ കഴിവ് മെച്ചപ്പെടുത്തുക എന്നാൽ മത്സരപരീക്ഷയ്ക്ക് ഒരുക്കുക എന്നാണോ നാലുവർഷ ബിരുദ കരിക്കുലം വിഭാവന ചെയ്യുന്നത്? വിദ്യാർത്ഥികളുടെ ഭാഷാശേഷി വർദ്ധിപ്പിക്കുക എന്നാൽ അവരുടെ ഭാവനാശേഷി വർദ്ധിപ്പിക്കുക എന്നാണർത്ഥം. ഭാഷ അറിയുന്ന ഒരാൾക്കുമാത്രമേ ലോകത്തെ സർഗാത്മകമായി വിഭാവന ചെയ്യാൻ കഴിയൂ. ആ ഭാഷാ പഠനം സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പഠനം തന്നെയാണ്. മനുഷ്യരെ ആഴത്തിൽ മനസ്സിലാക്കാനുള്ള ഉപകരണമായി ഭാഷപഠനത്തെ തിരിച്ചറിയുകയും മാറ്റിത്തീർക്കുകയുമാണ് വേണ്ടത്. ഭാഷാ പഠനമെന്നാൽ അക്ഷരാമാലാ പഠനമല്ലെന്നും പുതിയ ജ്ഞാനമേഖലകളുടെ നിർദ്ധാരണമാണെന്നും തിരിച്ചറിയണം. ഈ തിരിച്ചറിവാണ് ഇവിടെ നഷ്ടമാകുന്നത്. ഒന്നുകിൽ ഭാഷാസാഹിത്യ സംസ്കാര പഠനത്തെ ഉൾക്കൊള്ളാൻ കരിക്കുലം രൂപീകരിച്ചവർക്ക് കഴിഞ്ഞിട്ടില്ല. അല്ലങ്കിൽ കരിക്കുലത്തെ വ്യാഖ്യാനിക്കുന്നതിൽ വിദഗ്ധർക്ക് വീഴ്ച സംഭവിച്ചിരിക്കുന്നു.
പുതിയ നാലു വർഷ ബിരുദ പഠനത്തിൽ ഭാഷാ പഠനത്തിന്റെ മണിക്കൂറുകൾ വലിയ തോതിൽ കുറവു വന്നിട്ടുണ്ട്. അത് അധ്യാപകരുടെ തൊഴിലിനെ ബാധിക്കും. ഈ മേഖലയിൽ കോളേജുകളിൽ പുതിയ തൊഴിലവസരങ്ങൾ കുറയും. അത് പരിഹരിക്കുന്നതിന് മറ്റ് മാർഗങ്ങൾ തേടുകയാണ് ചെയ്തിരിക്കുന്നത്. ബഹുവൈജ്ഞാനിക പഠനത്തിന് കോഴ്സുകൾ പ്രഖ്യാപിക്കുന്നതിലൂടെയോ, നവോത്ഥാന പഠനത്തിനായി കോഴ്സുകൾ നൽകുന്നതിലൂടെയോ വിദ്യാർത്ഥികളെ ആകർഷിച്ച് തൊഴിൽ നിലനിർത്താനാകും എന്നാണ് അധ്യാപകരുടെ പോംവഴി. എന്നാൽ ഇത് ഒരു തൊഴിൽ പ്രശ്നമല്ല, ഒരു മനോഭാവമാണ്. ഭാഷയോടും സംസ്കാരത്തോടും നാം പുലർത്തുന്ന മനോഭാവം.
ശാസ്ത്രമോ, ചരിത്രമോ, സാങ്കേതികവിദ്യയോ പഠിക്കുന്നവർ വെറുതെ എന്തിന് ഭാഷയ്ക്കായി സമയം കളയുന്നു എന്നതാണ് ഈ മനോഭാവത്തിന്റെ അടിസ്ഥാനം. എന്നാൽ അറിവ് എങ്ങനെയാണ് വിനിമയം ചെയ്യുന്നത്? ശ്രാവ്യ, ദൃശ്യ, വായനാ മാധ്യമങ്ങളിലൂടെയാണ് ആശയങ്ങൾ വിതരണം ചെയ്യുന്നത്. ഭാഷയുടെ അഭാവം, ആശയങ്ങളുടെ വിതരണത്തെ പരിമിതപ്പെടുത്തും. ഏത് ആശയവും ഭാവനയും ഭാഷയിലൂടെ അല്ലാതെ വിനിമയം ചെയ്യാനാവില്ല. ദൃശ്യവും ശബ്ദവും ഭാഷയിലേയ്ക്ക് ഡീ കോഡ് ചെയ്യാതെ മനസ്സിലാക്കാനാവില്ല. അപ്പോൾ ആദ്യമായും അവസാനമായും ഒരു വിദ്യാർത്ഥിക്ക് വേണ്ടത് ഭാഷയിലുള്ള ഉറച്ച ബോധ്യമാണ്. അതാകട്ടെ അക്ഷരമാലാ പഠനത്തിലൂടെ ലഭ്യമാകുന്നതല്ല. സാഹിത്യ- സാംസ്കാരിക അനുഭവ കലാപഠനങ്ങളിലൂടെയാണ് ഭാഷയുടെ ആവാസവ്യവസ്ഥയിലേയ്ക്ക് ഒരാൾ പ്രവേശിക്കുന്നത്. പുതിയ പാഠ്യപദ്ധതി ഈ ആവാസ വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു.
ബിരുദം മാത്രമുള്ള കോളേജുകളിൽ നാലാംവർഷത്തേയ്ക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥിക്ക് യു ജി ഓണേഴ്സ് നൽകാം, എന്നാൽ ഗവേഷണ ബിരുദം നൽകാനാവില്ല. ഈ വൈരുധ്യം പരിഹരിച്ചില്ലങ്കിൽ കേരള സർവകലാശാലയിൽ ഭൂരിഭാഗം കോളേജുകൾക്കും യു ജി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നൽകാനാവില്ല.
ഗവേഷകരെ ആര് നോക്കും?
നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ആകർഷണം പിഎച്ച് ഡി ഗവേഷണത്തിലേയ്ക്ക് നേരിട്ട് പ്രവേശനം നേടാം എന്നതാണ്. നാലാം വർഷത്തിലേയ്ക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ രണ്ട് വഴികളുണ്ട്.
ഒന്ന്; യു ജി ഓണേഴ്സ്.
രണ്ട്; യു ജി ഓണേഴ്സ് വിത്ത് റിസർച്ച്.
യു ജി ഓണേഴ്സ് വിത്ത് റിസർച്ച് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് പിഎച്ച് ഡി യ്ക്ക് ചേരാം.
യു ജി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എല്ലാ കോളേജുകൾക്ക് നൽകാൻ കഴിയുമോ?
ഇന്നത്തെ നിലയ്ക്ക് പറ്റില്ല. യു ജി സി മാർഗനിർദ്ദേശപ്രകാരം പിഎച്ച് ഡി ഗവേഷണ മാർഗദർശികൾക്ക് മാത്രമേ യു ജി ഓണേഴ്സ് വിത്ത് റിസർച്ച് വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകാനാകൂ. റിസർച്ച് ഗൈഡുമാരില്ലാത്ത കോളേജുകൾക്കോ പഠന വിഭാഗങ്ങൾക്കോ യു ജി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നൽകാനാവില്ല. യു ജി സിയുടെ ഈ നിർദ്ദേശത്തിൽ ഒരു വൈരുധ്യമുണ്ട്. നിലവിലുള്ള ബിരുദാനന്തര പഠനത്തിൽ വിദ്യാർത്ഥികളുടെ ഗവേഷണ പ്രോജക്ടിന് മാർഗനിർദ്ദേശം നൽകുന്ന അധ്യാപകർക്ക് ഗൈഡ്ഷിപ്പ് ആവശ്യമില്ല; അവർക്ക് പിഎച്ച് ഡി ബുരുദം പോലും വേണമെന്നില്ല. അതായത്, ബിരുദാനന്തര ബിരുദ ഗവേഷണ പ്രോജക്ട് മാർഗനിർദ്ദേശം നൽകുന്ന അധ്യാപകർക്ക് നാലുവർഷ ബിരുദത്തിന്റെ ഗവേഷണ പ്രോജക്ടുകൾക്ക് മാർഗനിർദ്ദേശം നൽകാനുള്ള യോഗ്യതയില്ല. ബിരുദാനന്തര ബിരുദത്തിന് പഠിപ്പിക്കുന്ന അധ്യാപകർ ബിരുദ വിദ്യാർഥികളെ പഠിപ്പിക്കാൻ യോഗ്യരല്ല പോലും.
സർവകലാശാലകൾക്ക് ആവശ്യമായ ഭേദഗതികൾ വരുത്തി ഈ വൈരുധ്യം മറികടക്കാം. കോഴിക്കോട്, മഹാത്മാഗാന്ധി സർവകലാശാലകൾ പിഎച്ച് ഡി ബിരുദമുള്ള അധ്യാപകർക്ക് യു ജി ഓണേഴ്സ് വിത്ത് റിസർച്ച് പ്രോജക്ട് ഗൈഡ് ചെയ്യാമെന്ന് റഗുലേഷനിൽ വ്യവസ്ഥ ചെയ്തു. കേരള സർവകലാശാല റഗുലേഷനിൽ ഈ ഭാഗത്ത് ആശയക്കുഴപ്പമുണ്ട്:
“Students choosing a 4-year Bachelor’s degree (Honours with Research) must undertake research projects of 12 credits under the guidance of a faculty member who is a university-approved research guide or qualified for a university-approved research guide (CURRICULUM FRAMEWORK AND REGULATIONS 2024. page 22)”.
യൂണിവേഴ്സിറ്റ് അംഗീകരിച്ച റിസർച്ച് ഗൈഡോ, യോഗ്യരായ അധ്യാപകർക്കോ മാർഗനിർദ്ദേശം നൽകാമെന്നാണ് പറയുന്നത്. എന്നാൽ അതേ റഗുലേഷന്റെ പുറം 27-ൽ Minimum Eligibility Criteria for Implementing UG Honours with Research എന്ന ഭാഗത്ത് പറയുന്ന കാര്യങ്ങൾ ഈ ആശയത്തോട് പൊരുത്തപ്പെടുന്നില്ല. ഇവിടെ പറയുന്നത് ഇങ്ങനെയാണ്: “ബിരുദാനന്തര വിരുദവും ഗവേഷണ വിഭാഗവും നിലവിലുള്ള കോളേജുകൾക്ക് യു ജി ഓണേഴ്സ് വിത്ത് റിസർച്ച് നൽകാം. ബിരുദാനന്തര ബിരുദം മാത്രമുള്ള കോളേജുകളിലെ പഠനവിഭാഗങ്ങളിൽ യൂണിവേഴ്സിറ്റി അംഗീകരിച്ചതോ, അംഗീകാരത്തിന് യോഗ്യയുള്ളവരോ ആയ അധ്യാപകർ ഉണ്ടെങ്കിൽ മാത്രം യു ജി ഓണേഴ്സ് വിത്ത് റിസർച്ച് നൽകാം’’.
അങ്ങനെയെങ്കിൽ, ബിരുദം മാത്രമുള്ള കോളേജുകളിൽ നാലാംവർഷത്തേയ്ക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥിക്ക് യു ജി ഓണേഴ്സ് നൽകാം, എന്നാൽ ഗവേഷണ ബിരുദം നൽകാനാവില്ല. ഈ വൈരുധ്യം പരിഹരിച്ചില്ലങ്കിൽ കേരള സർവകലാശാലയിൽ ഭൂരിഭാഗം കോളേജുകൾക്കും യു ജി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നൽകാനാവില്ല.
ഇന്റേൺഷിപ്പ് എങ്ങനെ?
നാലു വർഷത്തെ ബിരുദപഠനത്തിന്റെ ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് സമ്മർ ഇന്റേൺഷിപ്പ് എന്ന ആശയമാണ്. നാലാം സെമസ്റ്ററിന് ശേഷമുള്ള മധ്യവേനൽ അവധിക്കാലത്ത് അറുപത് മണിക്കൂർ ഇന്റേൺഷിപ്പ് വിദ്യാർത്ഥികൾ പൂർത്തീകരിച്ചിരിക്കണം. ഗവേഷണ ലാബുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യാം എന്നാണ് സർവകലാശാലകൾ റഗുലേഷനുകളിൽ പറയുന്നത്. എന്നാൽ ഇതിന് കൃത്യമായ മാർഗനിർദ്ദേശങ്ങൾ തയ്യാറായിട്ടില്ല. ഓരോ വർഷവും നാലാം സെമസ്റ്ററിലെത്തുന്ന മുഴുവൻ യു ജി വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ പാകത്തിന് സ്ഥാപനങ്ങൾ വേണം. സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ തയ്യാറാകണം. കൃത്യമായ മാർഗനിർദ്ദേശങ്ങളും വ്യവസ്ഥകളും ഉണ്ടാകണം. സ്ഥാപനങ്ങളുമായി സർക്കാർ / സർവകലാശാല തലത്തിൽ കരാർ ഉണ്ടാകണം. അല്ലെങ്കിൽ വിദ്യാർത്ഥികളും അധ്യാപകരും സ്ഥാപനങ്ങൾ കയറിയിറങ്ങേണ്ടിവരും. കാലക്രമത്തിൽ ഒരു ചടങ്ങായി അതവസാനിക്കും.
ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കെന്നപോലെ സാമൂഹ്യശാസ്ത്ര- ഭാഷാവിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇന്റൻഷിപ്പ് ആവശ്യമായി വരും. അവരെ ഉൾക്കൊള്ളുന്നതിനാവശ്യമായ ഗവേഷണ-സാംസ്കാരിക സ്ഥാപനങ്ങൾ കണ്ടെത്തണം. ഓരോന്നിനും വ്യത്യസ്ത മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കേണ്ടതുണ്ട്. എന്നാൽ, ഇന്റൺഷിപ്പ് എന്ന ആശയത്തിനപ്പുറം ഈ ഭാഗം ശൂന്യമാണ്. ഈ ശൂന്യതയെ ആര് പൂരിപ്പിക്കും?
വിദ്യാർത്ഥിക്ക് സ്വന്തം ഡിസിപ്ലിനിൽ നിന്നോ, പുറത്തുനിന്നോ താല്പര്യമനുസരിച്ച് മൈനർ വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം സർവകലാശാല ഉറപ്പുനൽകുന്നു. എന്നാൽ, ഇതിന് വിരുദ്ധമായ നിർദ്ദേശയങ്ങളാണ് ചില പരിശീലകരും ചില സർവകലാശാലാ കേന്ദ്രങ്ങളും നൽകിയിരിക്കുന്നത്.
‘മേജർ’- അബദ്ധം
പാഠ്യവിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ, മേജർ- മൈനർ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിൽ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യം ഹനിക്കുംവിധമുള്ള നിർദ്ദേശങ്ങളാണ് സർവകലാശാലാ കേന്ദ്രങ്ങളിൽനിന്ന് കോളേജുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു മേജർ തെരഞ്ഞെടുത്ത വിദ്യാർത്ഥി സ്വന്തം ഡിസിപ്ലിനിൽനിന്ന് മൈനർ എടുക്കാൻ പാടില്ലെന്നുള്ള നിർദ്ദേശം FYUGP സങ്കല്പത്തിന് എതിരാണ്.
കേരള സർവകലാശാല അംഗീകരിച്ച CURRICULUM FRAMEWORK AND REGULATIONS- 2024ന്റെ പുറം 20-ൽ കാണുക: “It helps the student to gain a broad understanding beyond the major discipline. Students can choose courses from various disciplinary/interdisciplinary minors and skill-based courses relating to a vocational education programme. Students who take a sufficient number of courses in a discipline or an interdisciplinary area of study other than the chosen major will qualify for a minor in that discipline or the chosen interdisciplinary area of study. After exploring various courses, students may change the minor and vocational stream choice at the end of the second semester.”
മേജർ, മൈനർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവകലാശാലാ റഗുലേഷൻ ഇതാണ്.
കേരള സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. കെ. എസ്. അനിൽകുമാർ 2024 മെയ് 19ലെ മാതൃഭൂമി പത്രത്തിൽ എഴുതിയ “നാലുവർഷ ബിരുദം വരുമ്പോൾ” എന്ന ലേഖനത്തിൽ ‘പാത്ത്‍ വേ എന്നാൽ’ എന്ന ഉപശീർഷകത്തിൽ ഇങ്ങനെ പറയുന്നു: “ഫിസിക്സ് പഠിക്കുമ്പോൾ കണക്കും കെമിസ്ട്രിയും ഒപ്പം പഠിക്കണമെന്നില്ല. അവർക്കു ചരിത്രം, ഇക്കണോമിക്സ്, സംഗീതം, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഏതുവിഷയവും മൈനറായി തെരഞ്ഞെടുത്ത് പഠിക്കാം’’.
അതായത്, വിദ്യാർത്ഥിക്ക് സ്വന്തം ഡിസിപ്ലിനിൽ നിന്നോ, പുറത്തുനിന്നോ താല്പര്യമനുസരിച്ച് മൈനർ വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാനുള്ള സ്വാതന്ത്ര്യം സർവകലാശാല ഉറപ്പുനൽകുന്നു. എന്നാൽ, കോളേജുകൾ കോഴ്സ് ബാസ്ക്കറ്റ് തെരഞ്ഞെടുക്കുന്ന സമയത്തും, അതിനാവശ്യമായ പരിശീലനം നൽകിയ സമയങ്ങളിലും ഇതിന് വിരുദ്ധമായ നിർദ്ദേശയങ്ങളാണ് ചില പരിശീലകരും ചില സർവകലാശാലാ കേന്ദ്രങ്ങളും നൽകിയിരിക്കുന്നത്.
“വിദ്യാർത്ഥികൾ അവരുടെ മേജർ വിഷയങ്ങൾക്ക് പുറത്തുള്ള വിഷയങ്ങൾ മാത്രമേ മൈനറായി തെരഞ്ഞെടുക്കാവൂ” എന്നാണ് ഈ നിർദ്ദേശം. ഇത് CURRICULUM FRAMEWORK AND REGULATIONS- 2024ന് വിരുദ്ധമാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കേണ്ടതുണ്ട്.
കരിക്കുലം ഘടനയുടെ (curriculum structure) ഭാവനയിൽ വന്ന പിഴവാണ് ഈ നിർദ്ദേശങ്ങൾക്ക് പിന്നിൽ. വിജ്ഞാനധാരകൾ വ്യത്യസ്തമാണ് (stream of discipline in curriculum). പൊതുകരിക്കുലംഘടന രൂപീകരിക്കുമ്പോൾ വിവിധ ധാരകളുടെ വിജ്ഞാന വിതരണ സ്വഭാവത്തെ മനസ്സിലാക്കിയിരിക്കണം. പൊതുഘടനയ്ക്കുള്ളിൽ സ്വതന്ത്ര വിജ്ഞാന മേഖലകളായി ഓരോ ജ്ഞാന വിഭാഗത്തിനും നിലനിൽക്കാൻ കഴിയണം. ഈ സ്വതന്ത്ര്യം ഉറപ്പാക്കാൻ കരിക്കുലം ഫ്രയിംവർക്കുകൾക്ക് കഴിയേണ്ടതാണ്.
കേരളസർവകലാശാല CURRICULUM FRAMEWORK AND REGULATIONS 2024-ന്റെ പുറം 20ൽ കാണുക: “ It helps the student to gain a broad understanding beyond the major discipline. Students can choose courses from various disciplinary/interdisciplinary minors and skill-based courses relating to a vocational education programme’’ എന്ന് കൃത്യമായി പറയുകവഴി തെരഞ്ഞെടുക്കാനും തെരഞ്ഞെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകുന്നുണ്ട്. വിജ്ഞാന വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഫ്രയിംവർക്ക് വിശാലമാകുന്നുണ്ട് എന്നർത്ഥം. അറിവിന്റെ ഈ ജനാധിപത്യ മാതൃക അട്ടിമറിക്കപ്പെട്ടത് എവിടെയാണ്? ഇതിന് വിരുദ്ധമായ നിർദ്ദേശങ്ങൾ ഏതു കേന്ദ്രങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത്? സർവത്ര ആശയക്കുഴപ്പം സൃഷ്ടിക്കുംവിധത്തിൽ ആരാണ് പ്രവർത്തിക്കുന്നത്?
വിദ്യാർത്ഥികൾ നാലുവർഷം വന്നുപോയാൽ മതിയോ? അതത് വിജ്ഞാനമേഖയിൽ ആഴത്തിലുള്ള അറിവുനേടൽ, പ്രായോഗിക പരിചയം, ഗവേഷണ അഭിരുചി ഇതെല്ലാം പ്രധാനമല്ലേ?
‘അനുവദിക്കുന്നത് ആശാസ്യമല്ല’
സംസ്ഥാനത്ത് നാലു വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്യുന്നതിന് 2024 മെയ് രണ്ടിന് സർക്കാർ വിളിച്ചുചേർത്ത യോഗത്തിന്റെ മിനുറ്റ്സിൽ ഇങ്ങനെ പറയുന്നു: “കാലിക്കറ്റ്, മഹാത്മഗാന്ധി സർവകലാശാലകൾ തയ്യാറാക്കിയ കരിക്കുലം അനുസരിച്ച് മേജർ ചെയ്യുന്ന ഡിസിപ്ലിനിൽ തന്നെ മൈനർ വിഷയങ്ങളും തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നുണ്ട്. എന്നാൽ ഇത് ആശാസ്യമല്ല എന്ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് അധ്യാപകർക്കിടയിലുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല എന്നറിയിച്ച ബഹു.മന്ത്രി വിദ്യാർത്ഥികൾക്ക് വിവിധമേഖലകളെ സംബന്ധിച്ച് അവഗാഹം ലഭിക്കുന്നതിന് മേജർ, മൈനർ വിഷയങ്ങൾ വ്യത്യസ്തമേഖലകളിൽ ആകുന്നതാണ് അഭികാമ്യമെന്നും അഭിപ്രായപ്പെട്ടു’’.
ഈ മിനുറ്റസ്, മേജർ ഡിസിപ്ലിനിൽ തന്നെ മൈനർ എടുക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശം ‘ആശാസ്യമല്ല’ എന്ന ആശയത്തെ സാധൂകരിക്കുന്ന യുക്തിഭദ്രമായ വാദങ്ങളോ രേഖകളോ നൽകുന്നില്ല. കേവലമായ ഒരഭിപ്രായപ്രകടനമാണ്. ഈ അഭിപ്രായ പ്രകടനം വിദ്യാർത്ഥിയുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ അഭിസംബോധന ചെയ്യുന്നില്ല. ‘മേജർ, മൈനർ വിഷയങ്ങൾ വ്യത്യസ്തമേഖലകളിൽ ആകുന്നതാണ് അഭികാമ്യം’ എന്നത് മാത്രമാണ് യോഗത്തിന്റെ വാദം. ‘അഭികാമ്യം’ എന്നത് ഉപദേശമോ നിർദ്ദേശമോ മാത്രമാണ്. മേജർ ഡിസിപ്ലിനിൽ തന്നെ മൈനർ തെരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥിയുടെ സ്വാതന്ത്ര്യത്തെ റദ്ദ് ചെയ്യാൻ ഈ ‘അഭികാമ്യ’വാദം പര്യാപ്തമല്ല.
മിനുറ്റ്സിലെ മറ്റൊരു വാക്യം ഇതാണ്: ‘ഇതു സംബന്ധിച്ച് അധ്യാപകരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ല’.
കരിക്കുലം സംബന്ധിക്കുന്ന സംവാദസാധ്യതകളെ അടച്ചുകളയുന്നതാണ് ഈ വാക്യം. എന്താണ് അധ്യാപകരുടെ ആശങ്ക? അത് എങ്ങനെയാണ് അഭിസംബോധന ചെയ്തത്? എന്തായിരുന്നു അതിനുള്ള പരിഹാരം? തുടങ്ങിയ കാതലായ കാര്യങ്ങൾ മിനുറ്റ്സിൽ കാണാനില്ല.
“കാലിക്കറ്റ്, മഹാത്മഗാന്ധി സർവകലാശാലകൾ തയ്യാറാക്കിയ കരിക്കുലം അനുസരിച്ച് മേജർ ചെയ്യുന്ന ഡിസിപ്ലിനിൽ തന്നെ മൈനർ വിഷയങ്ങളും തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്നുണ്ട്” എന്ന വാക്യം പ്രധാനമാണ്. വിദ്യാർത്ഥികളെ അവർക്ക് താല്പര്യമുള്ള പഠനമേഖല തെരഞ്ഞെടുക്കാൻ “അനുവദിക്കുകയാണ്” ചെയ്യുന്നത്. ഏറ്റവും ജനാധിപത്യപരമായ കരിക്കുലം സങ്കല്പമാണിത്. എന്നാൽ ഈ “അനുവദിക്ക”ലിനെ അക്കാദമികമായി സമീപിക്കാൻ യോഗത്തിന് കഴിയുന്നില്ല.
മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാനും “അനുവദിക്കാതിരിക്കുകയാണ്” ചെയ്യുന്നത്. ഈ അനുവദിക്കാതിരിക്കൽ FYUGP സങ്കല്പത്തിന് നിരക്കുന്നതല്ല. അറിവിന്റെ ജനാധിപത്യം എന്ന ആശയത്തിന് എതിരാണ്. എന്നാൽ, മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഹയർ എജ്യുക്കേഷൻ കൗൺസിൽ വൈസ് ചെയർമാന്റെയും ഈ അഭിപ്രായങ്ങൾ യോഗതീരുമാനമായി പുറത്തുവന്നിരിക്കുന്നു. (സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്യുന്നതിന് 2024 മെയ് രണ്ടിനുനടന്ന യോഗതീരുമാനങ്ങൾ 6,7). പാഠ്യവിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തെ മാത്രമല്ല ഈ തീരുമാനം അട്ടിമറിക്കുന്നത്. ഒരു വിജ്ഞാനശാഖയെ വിഭാവനം ചെയ്യുന്നതിൽ അതത് ഡിസിപ്ലിനുകൾക്കുള്ള സ്വാതന്ത്ര്യത്തെയും സാധ്യതകളേയും അത് ഇല്ലാതാക്കുന്നു.
നാലുവർഷം വന്നുപോയാൽ മതിയോ?
ഇത് ഏറ്റവുമധികം ബാധിക്കുന്നത് ഭാഷാ സാഹിത്യ-സാംസ്കാരിക, സാമൂഹ്യശാസ്ത്ര പഠനമേഖലകളെയാണ്. ഉദാഹരണമായി, മലയാളം യു ജി പഠിക്കുന്ന വിദ്യാർത്ഥികളുടെ പ്രധാന പഠനമേഖല ഭാഷയും സാഹിത്യവുമാണ്. കേരള സംസ്കാരം, പരിസ്ഥിതിപഠനം, ലിംഗനീതി പഠനം, ദലിത് കീഴാള പഠനം, നവ സാമൂഹികപഠനം, ഭിന്നശേഷി പഠനം, ഭാഷയും സാങ്കേതികവിദ്യയും, മാധ്യമ പ്രവർത്തനം, ചലച്ചിത്ര പഠനം, തിയേറ്റർ, നവോത്ഥാന ചരിത്രം, കേരളീയ ചിന്താചരിത്രം, കുടിയേറ്റം, പ്രവാസം, നാടോടി വിജ്ഞാനീയം, നാട്ടറിവുപഠനം, പ്രാദേശിക സാമ്പത്തികശാസ്ത്രം, പ്രാദേശിക ചരിത്രരചന, വികസനം, ടൂറിസം തുടങ്ങിയ അന്തർ വൈജ്ഞാനിക മേഖലകളെക്കൂടി ഉൾക്കൊണ്ട് വിപുലപ്പെടുന്നതാണ് ഭാഷാസാഹിത്യ പഠനങ്ങൾ.
‘ഭാഷാ’, ‘സാഹിത്യം’ എന്നീ പദാവലികൾക്ക് പുറത്ത് ‘ഭാഷ’യെ വിജ്ഞാന വിനിമയ മാധ്യമമാക്കി വളർത്തിയെടുക്കുന്ന സർഗാത്മകവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രവർത്തനമാണ് ഭാഷാസാഹിത്യപഠനം എന്നർത്ഥം. അതായത് ഭാഷാസാഹിത്യപഠനം എന്ന ഡിസിപ്ലിനിലേയ്ക്ക് അന്തർവൈജ്ഞാനിക വിഷയങ്ങളെ ഉൾച്ചേർത്ത് സ്വയംവിപുലപ്പെടുന്ന ഘടന സാഹിത്യപഠനങ്ങൾക്കുണ്ട്. ഈ വൈജ്ഞാനിക ധാരയെ മനസ്സിലാക്കുന്നതിൽ ‘സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്യുന്നതിന് ‘2024 മെയ് രണ്ടിനുനടന്ന യോഗ’ത്തിന്റെ തീരുമാനങ്ങൾ പരാജയപ്പെടുന്നു.
സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം കൂടുതൽ അപകടത്തിലാകുന്നു. സർവകലാശാലകൾക്കു മുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ഹയർ എജ്യുക്കേഷൻ കൗൺസിലും അക്കാദമിക നിർദ്ദേശങ്ങളുമായി വരുന്നു.
ഭാഷാസാഹിത്യവുമായി ബന്ധപ്പെട്ട മേജർ വിഷയങ്ങൾ പഠിക്കുന്നതിനൊപ്പം ഈ വിജ്ഞാനശാഖ വിഭാവന ചെയ്യുന്ന അന്തർവൈജ്ഞാനിക പഠനങ്ങളുടെ സാധ്യതകൾ ഉൾക്കൊള്ളുന്ന മൈനർ വിഷയങ്ങളും വിദ്യാർത്ഥികൾക്ക് ‘താല്പര്യമെങ്കിൽ’ ലഭ്യമാകണം. അതാണ് FYUGP പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത്. വൈജ്ഞാനിക, അന്തർവൈജ്ഞാനിക മണ്ഡലത്തിലേയ്ക്ക് ബഹുവൈജ്ഞാനിക സാധ്യതകളെ ഉൾച്ചേർക്കാൻ മലയാള ഭാഷാ സാഹിത്യ പഠനങ്ങൾക്കും മറ്റ് സാമൂഹ്യശാസ്ത്ര, സാഹിത്യപ്രോഗ്രാമുകൾക്കും കഴിയും എന്നതാണ് FYUGP പാഠ്യപദ്ധതിയിലൂടെ സാധ്യമാകേണ്ടത്. MDC, SEC, VAC പഠനത്തിലൂടെ ബഹുവൈജ്ഞാനിക മേഖലകൾ വിദ്യാർത്ഥിക്ക് തുറന്നുകിട്ടും. അതായത്, ഒരു വൈജ്ഞാനിക മേഖലയിൽ ആഴത്തിലുള്ള പഠനം നടത്തുന്നതിന് അന്തർ വൈജ്ഞാനികവും ബഹുവൈജ്ഞാനികവുമായ മേഖലകളുടെ പഠനം വിദ്യാർത്ഥിക്ക് ഉപകരിക്കും. ഒപ്പം തൊഴിൽ നൈപുണ്യ വികസനം, തുടങ്ങിയ ക്രോസ് ഡിസിപ്ലിനറി മേഖലകളിൽ പ്രാവീണ്യം ലഭിക്കുകയും ചെയ്യും. ഇതെല്ലാം പൂർണമായും വിദ്യാർത്ഥിയുടെ തെരഞ്ഞെടുപ്പാണ്. ഈ വിജ്ഞാന വിനിമയ-വിതരണ സങ്കൽപത്തെ മനസ്സിലാക്കുന്നതിൽ ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ പുതിയ നിർദ്ദേശങ്ങൾ പരാജയപ്പെടുന്നു.
സർവകലാശാലാ അധികാരികളും കരിക്കുലം കമ്മിറ്റിയും ചേർന്ന് ബോർഡ് ഓഫ് സ്റ്റഡീസ്, കോളേജ് അക്കാദമിക് കമ്മറ്റി കോ- ഓഡിനേറ്റർ, പ്രിൻസിപ്പൽമാർ എന്നിവരിലൂടെ തെറ്റായ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. അതനുസരിച്ച് യു ജി മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾ മേജർ മാത്രമേ സ്വന്തം ഡിസിപ്ലിനിൽനിന്ന് എടുക്കാൻ പാടുള്ളൂ; മൈനർ വിഷയങ്ങൾ മറ്റ് ഡിസിപ്ലിനുകളിൽ നിന്ന് എടുക്കണം. ഈ നിർബന്ധം FYUGP പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ തത്വത്തിന് മൂന്നു തരത്തിൽ എതിരാണ്.
ഒന്ന്: ഒരു വൈജ്ഞാനിക മേഖലയിൽ ആഴത്തിലുള്ള പഠനം എന്ന സുപ്രധാന കാഴ്ചപ്പാടിനെ അത് നിരാകരിക്കുന്നു.
രണ്ട്: വിദ്യാർത്ഥിയുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു.
മൂന്ന്: ഇന്റർ ഡിസിപ്ലിനറി (interdisciplinary), മൾട്ടി ഡിസിപ്ലിനറി (multidisciplinary) പഠനത്തിന് കരിക്കുലം ഊന്നൽ നൽകുകയും എന്നാൽ ക്രോസ് ഡിസിപ്ലിനറി (cross-disciplinary) പഠനത്തിന് മാത്രമായി വിദ്യാർത്ഥികളെ നിർബന്ധിക്കുകയും ചെയ്യുന്നു.
വിദ്യാർത്ഥികൾ നാലുവർഷം വന്നുപോയാൽ മതിയോ? അതത് വിജ്ഞാനമേഖയിൽ ആഴത്തിലുള്ള അറിവുനേടൽ, പ്രായോഗിക പരിചയം, ഗവേഷണ അഭിരുചി ഇതെല്ലാം പ്രധാനമല്ലേ?
ബഹുവൈജ്ഞാനിക അവിയൽ
കേരളത്തിൽ നാലുവർഷ ബിരുദം നടപ്പാക്കുന്ന ഈ ഘട്ടത്തിൽ മാത്രമല്ല, ഇന്റർ ഡിസിപ്ലിനറി മൾട്ടി ഡിസിപ്ലിനറി പഠന സാധ്യതകളെക്കുറിച്ച് അക്കാദമിക സമൂഹം പണ്ടേ ചിന്തിച്ചിരുന്നു. തൊണ്ണൂറുകളുടെ അവസാനം മുതൽ മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ സ്കൂളുകളിൽ ഈ അന്തർ വൈജ്ഞാനിക-ബഹുവൈജ്ഞാനിക പാഠ്യക്രമം നിലവിലുണ്ട്. യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് എന്നതിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ വിഭാവന ചെയ്തതിൽ തന്നെ വിജ്ഞാന വൈവിധ്യങ്ങളുടെ സ്വാംശീകരണമുണ്ടായിരുന്നു.
എന്താണ് ഇന്റർ ഡിസിപ്ലിനറി മൾട്ടി ഡിസിപ്ലിനറി സമീപനം?
ഒരു വിഷയത്തെയോ ജ്ഞാനമണ്ഡലത്തെയോ ആഴത്തിൽ പഠിക്കുന്നതിനായി വിവിധ വിജ്ഞാന ശാഖകളിൽനിന്നുള്ള അറിവുകളെക്കൂടി ആശ്രയിക്കുകയോ, അത്തരം മേഖലകളിൽ സവിശേഷ പഠനം നടത്തുകയോ ചെയ്യുന്നതാണത്. ഉദാഹരണത്തിന് ചരിത്രം പഠിക്കുന്ന വിദ്യാർത്ഥിക്ക് ആർക്കിയോളജി പഠനത്തിൽ ശാസ്ത്രീയമായ അറിവ് നേടണമെന്നുണ്ടങ്കിൽ അതിന് സഹായകമായ രസതന്ത്ര വിഷയങ്ങളിൽ അക്കാദമികമായ അറിവ് നേടാം. ചിത്രകല പഠിക്കുന്ന വിദ്യാർത്ഥിക്ക് നിറങ്ങളുടെ രസതന്ത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാകയാൽ കെമിസ്ട്രിയുടെ ഒരു കോഴ്സ് പാഠ്യവിഷയമാക്കാം. മലയാള സാഹിത്യം പഠിക്കുന്ന വിദ്യാർത്ഥി കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ആഴത്തിലുള്ള പഠനം നടത്തുന്നതിന് ഹിസ്റ്ററിയുടെ ഒരു കോഴ്സ് തെരഞ്ഞെടുക്കാം. പുരാവസ്തു പഠനത്തിലോ, സംസ്കാരപഠനത്തിലോ, ഭാഷാശാസ്ത്ര വിഷയത്തിലോ അവഗാഹം ലഭിക്കുന്നതിന് ഹിസ്റ്ററി, ഫിലോസഫി, ലിംഗ്വിസ്റ്റിക്സ് ഡിസിപ്ലിനുകളിൽ നിന്ന് കോഴ്സ് തെരഞ്ഞെടുക്കാം. സംഗീതം പഠിക്കുന്ന വിദ്യാർത്ഥി ശബ്ദ തരംഗത്തിന്റെ ശാസ്ത്രീയപഠനത്തിന് ഫിസിക്സ്, ജീവശാസ്ത്ര വിഷയങ്ങൾ പഠിക്കാം; പഠിക്കുന്നുണ്ട്.
എന്താണതിനർത്ഥം?
നമ്മൾ തെരഞ്ഞെടുക്കുന്ന വിജ്ഞാനമേഖലയിൽ ആഴത്തിലുള്ള അറിവ് ആർജ്ജിക്കലാണ് ലക്ഷ്യം. അതിനാവശ്യമായ ഇതര വിജ്ഞാന മേഖലകളെ കണ്ടെത്തുകയോ തെരഞ്ഞെടുക്കുകയോ ചെയ്യുകയാണ്. അങ്ങനെ തെരഞ്ഞെടുത്ത വിജ്ഞാനമേഖലയിൽ ആഴത്തിലുള്ള പഠനം നടത്തുകയും ആ മേഖലയിൽ മികച്ച സംഭാവനകൾ നൽകുകയും ചെയ്ത ധാരാളം അക്കാദമിക് പണ്ഡിതരുണ്ട്. ഗണിതശാസ്ത്രം പഠിച്ചവർ പിന്നീട് ചരിത്രത്തിലും, എഞ്ചിനീയറിംഗ് പഠിച്ചവർ പിന്നീട് സാമ്പത്തിക ശാസ്ത്രത്തിലും സാഹിത്യം പഠിച്ചവർ പിന്നീട് ലിംഗ്വിസ്റ്റിക്സിലും, സംസ്കാരപഠനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഇവിടെയെല്ലാം ആഴത്തിലുള്ള പഠമാണ് ലക്ഷ്യം. അതിനാവശ്യമായ വിഷയമേഖലകൾ തെരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം പഠിതാവിനുണ്ട്. എന്നാൽ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ കരിക്കുലം സൃഷ്ടാക്കൾ മനസ്സിലാക്കിയത് ഇന്റർ ഡിസിപ്ലിനറി/ മൾട്ടി ഡിസിപ്ലിനറി എന്നാൽ ഏതെങ്കിലും കുറേ വിഷയങ്ങൾ നിർബന്ധപൂർവം വിദ്യാർത്ഥി പഠിച്ചിരിക്കണം എന്നാണ്.
മൂന്ന് ബിരുദം മാത്രമുള്ള ഒരു കോളേജ് സങ്കൽപ്പിക്കുക. ബി എ മലയാളം, ബി.എസ്സി കെമിസ്ട്രി, ബി കോം എന്നിവയാണ് പ്രോഗ്രാമുകൾ. ഈ കോളേജിലെ വിദ്യാർത്ഥികൾ മേജർ മാത്രമേ അതത് ഡിസിപ്ലിനിൽ നിന്ന് പഠിക്കാൻ പാടുള്ളൂ. അപ്പോൾ മലയാളം ബി എ പഠിക്കാൻ വന്ന വിദ്യാർത്ഥി, കെമിസ്ട്രിയിൽ നിന്നോ, കോമേഴ്സിൽ നിന്നോ മൈനർ പഠിക്കണം, തിരിച്ചും.
കേരള സംസ്കാരം, സ്ത്രീവാദസാഹിത്യം, ദലിത് സാഹിത്യം, ആത്മകഥാപഠനം, നവസാമൂഹികപഠനം, എന്നിങ്ങനെ കെമിസ്ട്രി ആഴത്തിൽ പഠിക്കാൻ ഉപകരിക്കുന്ന മൈനറുകൾ ധാരാളമായി മലയാളത്തിൽ ലഭ്യമാണല്ലോ, തിരിച്ചും.
Quantum Chemistry, Stereochemistry and Reaction Mechanism, Molecular Spectroscopy. Mathematical and Computational Methods in Chemistry, Spectroscopic Methods of Analysis, Bioinorganic Chemistry, Methods in Organic Synthesis… എന്നിങ്ങനെ മലയാളം, കൊമേഴ്സ് വിദ്യാർത്ഥികളെ കാത്തിരിക്കുന്ന മൈനറുകളുമുണ്ട്. ഇവിടെ ആഴത്തിലുള്ള പഠനത്തിനുപകരം അവിയൽ പഠനമാണ് നടക്കുന്നത്. ഇത് വിജ്ഞാനസമൂഹം എന്ന സങ്കല്പത്തിനും ഉന്നത വിദ്യാഭ്യാസം എന്ന ആശയത്തിനും നിരക്കുന്നതല്ല.
സർവകലാശാലകളെ നിർവീര്യമാക്കി ഹയർ എജ്യുക്കേഷൻ കൗൺസിൽ നിർദ്ദേശങ്ങൾ നടപ്പാക്കുന്നു. അഥവാ നടപ്പാക്കാൻ ശ്രമിക്കുന്നു. ഈ നീക്കങ്ങളിൽ പ്രത്യക്ഷത്തിൽ തന്നെ ജനാധിപത്യവിരുദ്ധതയുണ്ട്.
മേജറും മൈനറും
പിന്നെ വിദ്യാർത്ഥിയും
മേജർ, മൈനർ വിഷയങ്ങൾ സംബന്ധിച്ച യു ജി സി നിർദ്ദേശം ഇതാണ്:
“Students will have the option to choose courses from disciplinary/interdisciplinary minors and skill-based courses relating to a chosen vocational education programme. Students who take a sufficient number of courses in a discipline or an interdisciplinary area of study other than the chosen major will qualify for a minor in that discipline or in the chosen interdisciplinary area of study. A student may declare the choice of the minor and vocational stream at the end of the second semester, after exploring various courses.” (University Grants Commission-Curriculum and Credit Framework for Undergraduate Programmes, Page 20)
ഇതിലെ “other than the chosen major” എന്ന ഭാഗം മാത്രം അടർത്തിയെടുത്ത് മേജർ പഠിക്കുന്ന ഡിസിപ്ലിനിൽ മൈൻ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്ന് കരിക്കുലം വിദഗ്ധർ വ്യാഖ്യാനിച്ചു. ഒന്നും രണ്ടും സെമനസ്റ്ററുകളിൽ മേജർ, മൈനർ, തൊഴിൽ നൈപുണ്യ, ബഹുവൈജ്ഞാനിക വിഷയങ്ങളുമായി ഇടപഴകുന്ന വിദ്യാർത്ഥിക്ക് മുന്നാം സെമസ്റ്റർ ആരംഭത്തിൽ അവരുടെ ‘പാത്ത് വേ’ തെരഞ്ഞെടുക്കാം എന്നുമാത്രമാണ് ഇതിന്റെ പൊരുൾ.
അതായത്, “ഒരു വിദ്യാർത്ഥിയുടെ താല്പര്യമനുസരിച്ച് ഡിസിപ്ലിനറി / ഇന്റൻ ഡിസിപ്ലിനറി മൈനർ കോഴ്സുകളും തൊഴിൽ നൈപുണ്യവുമായി ബന്ധപ്പെട്ട കോഴ്സുകളും തെരഞ്ഞെടുക്കാം. ഡിസിപ്ലിൻനിന്നോ ഇന്റർ ഡിസിപ്ലിനറി പഠന മേഖലകളിൽ നിന്നോ ആവശ്യമായ കോഴ്സുകൾ പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക്, പുതിയ വിഷയങ്ങളും പഠനമേഖലകളും അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ (after exploring various courses), അവരുടെ രണ്ടാം സെമസ്റ്ററിനുശേഷം (end of the second semester), തെരഞ്ഞെടുത്ത മേജർ വിഷയങ്ങൾക്കു പുറത്തുള്ള (other than the chosen major) ഡിസിപ്ലിൻ അല്ലെങ്കിൽ ഇന്റർ ഡിസിപ്ലിനറി പഠനമേഖലയിലോ ആർജിച്ച മൈനർ വിഷയങ്ങളോ തൊഴിൽ നൈപുണ്യ വിഷയങ്ങളോ തുടർ പഠനമേഖലയായി താല്പര്യമനുസരിച്ച് (may declare the choice) തെരഞ്ഞെടുക്കാം.”
ഒരു ഉദ്യോഗസ്ഥ സ്ഥാപനം എന്നതിലപ്പുറം കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന് ഹയർ എജ്യുക്കേഷൻ കൗൺസിൽ നൽകിയ സംഭാവന വിമർശനാത്മകമായി വിലയിരുത്തേണ്ടതാണ്.
ഒന്നും രണ്ടും സെമസ്റ്ററിൽ വിവിധ വിഷയങ്ങൾ പഠിക്കുകയോ ഒരേ ഡിസിപ്ലിനിലുള്ള പല കോഴ്സുകൾ പഠിക്കുകയോ ചെയ്തതിനുശേഷം വിദ്യാർത്ഥികൾ തുടർപഠനത്തിന് ഒരു ഡിസിപ്ലിൻ/ പ്രോഗ്രാം തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് യു ജി സി പറയുന്നത്.
ഒരു വിദ്യാർത്ഥിക്ക് തന്റെ മുഖ്യ പാഠ്യവിഷയമായ മേജറിനൊപ്പം മൈനർ വിഷയങ്ങൾ വ്യത്യസ്തമായ പഠനമേഖലയിൽനിന്ന് തെരഞ്ഞെടുക്കാം. എന്നാൽ വ്യത്യസ്തമായ മറ്റ് പഠനമേഖലകളിൽനിന്ന് മൈനർ തെരഞ്ഞെടുത്ത് ഡിഗ്രി നേടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആ വിദ്യാർത്ഥിക്ക് തന്റെ മുഖ്യ പാഠ്യമേഖലയിൽ നിന്ന് മൈനർ പഠിക്കുന്നതിന് തടസമില്ല. ഈ അയവുള്ള സമീപനത്തെ അട്ടിമറിച്ചുകൊണ്ടാണ് മേജർ ഒഴികെയുള്ള മറ്റ് ഡിസിപ്ലിനുകളിൽനിന്ന് മാത്രമേ മൈനർ പഠിക്കാൻ പാടുള്ളൂ എന്ന ഇടുങ്ങിയ വ്യാഖ്യാനം മുന്നോട്ടുവയ്ക്കുന്നത്. തെരഞ്ഞെടുക്കാനോ, തെരഞ്ഞെടുക്കാതിരിക്കാനോ വിദ്യാർത്ഥിക്കുള്ള അവകാശത്തെ “തെരഞ്ഞടുക്കാൻ പാടില്ല” എന്ന് വ്യാഖ്യാനിക്കുന്നതിൽ എന്തുതരം വിദ്യാർത്ഥി കേന്ദ്രീകൃത സമീപനമാണുള്ളത്?
ഇതു സംബന്ധിച്ച് കേരള ഹയർ എജ്യുക്കേഷൻ കൗൺസിൽ തന്നെ പുറപ്പെടുവിച്ച ഫ്രെയിംവർക്കിൽ പറയുന്നത് ഇങ്ങനെയാണ്: “ Minor can be related or unrelated to the main focus of study(Major)” (Handbook For Master Trainers in Kerala State Higher Education Curriculum Framework For Undergraduate Education. Kerala State Higher Education Council. October 2023. Page 27). അതായത് മൈനർ വിഷയങ്ങൾ പ്രധാന വിജ്ഞാനമേഖലയിൽ നിന്നോ മറ്റ് വിജ്ഞാന ശാഖയിൽനിന്നോ തെരഞ്ഞെടുക്കുന്നതിന് വിദ്യാർത്ഥിക്ക് സ്വാതന്ത്ര്യമുണ്ട്. അതായത്, സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്യുന്നതിന് 2024 മെയ് രണ്ടിന് നടന്ന യോഗതീരുമാനങ്ങൾ യുക്തിഭദ്രമല്ല എന്നുമാത്രമല്ല, ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ തന്നെ മാർഗനിർദ്ദേശങ്ങൾക്ക് തന്നെ എതിരുമാണ്.
സർവകലാശാലകളുടെ
സ്വാതന്ത്ര്യം
ഏറ്റവും ഗൗരവമുള്ളത് സർവകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യം കൂടുതൽ അപകടത്തിലാകുന്നു എന്നതാണ്. സർവകലാശാലകൾക്കുമുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ഹയർ എജ്യുക്കേഷൻ കൗൺസിലും അക്കാദമിക നിർദ്ദേശങ്ങളുമായി വരുന്നു. 2024 മെയ് രണ്ടിന് സംസ്ഥാനത്ത് നാലു വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗവും അതിന്റെ നിർദ്ദേശങ്ങളും ഇതിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. മേജർ- മൈനർവിഷയങ്ങൾ പഠിക്കുന്നതുമായി ബന്ധപ്പെട്ട് ആ യോഗം കൈക്കൊണ്ട തീരുമാനം സർവകലാശാലകൾക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുകയാണ്. ആ യോഗവും അതിന്റെ തീരുമാനങ്ങളും പുറത്തുവന്നശേഷം 2024 മെയ് 10നാണ് കേരള സർവകലാശാലാ അക്കാദമിക് കൗൺസിൽ യോഗം ചേർന്നത്. ആ അക്കാദമിക് കൗൺസിൽ യോഗമാണ് CURRICULUM FRAMEWORK AND REGULATIONS- 2024 അംഗീകരിച്ചത്. സർവകലാശാല അംഗീകരിച്ച കരിക്കുലം റഗുലേഷൻസിൽ എവിടെയും മേജർ പഠിക്കുന്ന വിഷയങ്ങളിൽ മൈനർ പാടില്ല എന്ന നിബന്ധനയില്ല.
അതിനർത്ഥം, സംസ്ഥാനത്ത് നാലു വർഷ ബിരുദ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗത്തിന്റെ തീരുമാനം കേരള സർവകലാശാല അംഗീകരിച്ചിട്ടില്ല എന്നാണ്. ആ നിലയ്ക്ക് സർവകലാശാല കരിക്കുലം ഫ്രെയിം വർക്ക്- റഗുലേഷനു് വിരുദ്ധമായ തീരുമാനങ്ങൾ വാക്കാലുള്ള നിർദ്ദേശങ്ങളായോ, രഹസ്യ അജണ്ടയായോ നടപ്പാക്കാൻ ശ്രമിക്കുന്നത് സർവകലാശാലയുടെ അക്കാദമിക താല്പര്യത്തിന് എതിരാണ്.
എന്നാൽ ഈ വിഷയത്തിൽ സർവകലാശാലകളെ നിർവീര്യമാക്കി ഹയർ എജ്യുക്കേഷൻ കൗൺസിൽ നിർദ്ദേശങ്ങൾ നടപ്പാക്കുന്നു. അഥവാ നടപ്പാക്കാൻ ശ്രമിക്കുന്നു. ഈ നീക്കങ്ങളിൽ പ്രത്യക്ഷത്തിൽ തന്നെ ജനാധിപത്യവിരുദ്ധതയുണ്ട്. സൂക്ഷ്മമായി നോക്കിയാൽ സർവകലാശാലകളുടെ സ്വയംഭരണ അവകാശത്തിൽ കൈകടത്തുകയും സമാന്തര ഉത്തരവുകളും സർക്കുലറുകളും പുറപ്പെടുവിക്കുകയും ചെയ്യുന്ന ഏജൻസിയായി ഹയർ എജ്യുക്കേഷൻ കൗൺസിൽ പ്രവർത്തിക്കുകയാണ്.
കേന്ദ്ര ഭരണകൂടത്തിന്റ താല്പര്യങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി യു ജി സി പ്രവർത്തിക്കുന്നു എന്നത് അക്കാദമിക സമൂഹത്തിന്റെ വിമർശനമാണ്. യു ജി സി ഒരു വൈജ്ഞാനിക-ജനാധിപത്യ-അക്കാദമിക വിശാലമണ്ഡലത്തെ ഉൾക്കൊള്ളുന്നില്ല എന്നതാണ് ഈ വിമർശനത്തിന് കാരണം. അതിൽ നിന്ന് ഭിന്നമല്ല കേരള ഹയർ എജ്യുക്കേഷൻ കൗൺസിലും. ഒരു ഉദ്യോഗസ്ഥ സ്ഥാപനം എന്നതിലപ്പുറം കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന് ഹയർ എജ്യുക്കേഷൻ കൗൺസിൽ നൽകിയ സംഭാവന വിമർശനാത്മകമായി വിലയിരുത്തേണ്ടതാണ്. പ്രത്യേകിച്ച് കോവിഡിന്റെ രോഗാതുരമായ കാലത്തുകൂടി കടന്നുപോയ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏന്തെങ്കിലും ബദൽ മാതൃകയും സൃഷ്ടിക്കാൻ കൗൺസിന് കഴിഞ്ഞില്ല എന്നതാണ് ചരിത്രം.
നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, ഉത്തരവുകൾ മുഖേന സർവകലാശാലകളുടെ അക്കാദമിക സ്വതന്ത്ര്യം കവർന്നെടുക്കാനുള്ള ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ നീക്കങ്ങൾ ജാഗ്രതയോടെ കാണണം. അതിന് ദൂരവ്യാപകമായ പ്രഹരശേഷിയുണ്ട്. ഓരോ കാലത്തും മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് സർവകലാശാലകളെ നിയന്ത്രിക്കുന്നതിനും വരുതിയിലാക്കാനും ഇത് കാരണമാകും.