കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ പേരു തന്നെ ഒരു കല്ലുകടിയായിട്ടാണ് തോന്നിയത്. ഒരുപാട് നല്ല ചലച്ചിത്രകാരന്മാരെ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിനും ചലച്ചിത്രകലയ്ക്കും കേരളം സംഭാവന ചെയ്തിട്ടുണ്ട്. എന്നിട്ടും സർക്കാറിന്റെ നേരിട്ടുള്ള നടത്തിപ്പിലുള്ള ഏക ഫിലിം ഇൻസ്റ്ററ്റ്യൂട്ടിന് എന്തിനാണ് ഇങ്ങനെയൊരു പേര്? ഏതൊരു ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന തരത്തിൽ ദലിത് വിഭാഗത്തിൽ നിന്ന് ആദ്യമായി രാഷ്ട്രപതി സ്ഥാനത്തെത്തിയ മഹനീയ വ്യക്തിയാണ് കെ.ആർ. നാരായണൻ. ആ അർഥത്തിൽ അദ്ദേഹത്തിനോട് ബഹുമാനവും ആദരവും സ്‌നേഹവുമൊക്കെ നമുക്കുണ്ട്. എങ്കിൽ പോലും ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് അദ്ദേഹത്തിന്റെ പേര് ഉചിതമാണോ എന്ന ചിന്ത എന്നെയൊന്ന് അലട്ടി. കാരണം, ഇന്ത്യയിൽ തന്നെ മറ്റെവിടെയും ഇത്തരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ ഏതെങ്കിലും രാഷ്ട്രീയക്കാരുടെയോ ഇങ്ങനെയൊരു പൊളിറ്റിക്കൽ സ്ഥാനത്തിരുന്ന ആളുടെയോ പേരിലുള്ളതായി എനിക്കറിയില്ല.
എപ്പോഴും എവിടെയും ഉപയോഗിക്കേണ്ട ഒരു പേരല്ല കെ.ആർ. നാരായണന്റേതെന്ന് ഞാൻ അടിയുറച്ച് വിശ്വസിക്കുന്നു. ഒരുപക്ഷേ, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് ബി.ആർ. അംബേദ്കർ എന്നിങ്ങനെയുള്ള പേരുകൾ പോലെതന്നെ പരിഗണിക്കേണ്ട പേരാണ് അദ്ദേഹത്തിന്റേതെന്നാണ് എന്റെ വിശ്വാസം. അങ്ങനെയുള്ളൊരാളുടെ പേരിൽ സ്ഥാപനം തുടങ്ങുമ്പോൾ ആ സ്ഥാപനത്തിൽ വരുംകാലത്തുണ്ടായേക്കാവുന്ന കുഴപ്പങ്ങൾ അദ്ദേഹത്തിന്റെ പേരിന് കളങ്കമായി മാറരുത് എന്ന് അദ്ദേഹത്തെ സ്‌നേഹിക്കുന്ന വ്യക്തിയെന്ന നിലക്ക് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നമ്മുടെ ചലച്ചിത്രസ്ഥാപനങ്ങളിൽ നടത്തിപ്പിന്റെ പേരിലുള്ള ദോഷങ്ങൾ പതിവാണ്. അത്തരം ദോഷങ്ങൾ ഈ സ്ഥാപനത്തിനും വന്നാൽ അതിന്റെ നാണക്കേട് ആദരണീയനായ കെ.ആർ. നാരായണൻ കൂടി പങ്കുവെക്കേണ്ടിവരുമല്ലോ എന്നതായിരുന്നു എന്റെ ആശങ്കയുടെ അടിസ്ഥാനം.
ഇടതുപക്ഷത്തുപോലും രണ്ടു പക്ഷം
ആകുലപ്പെട്ടപോലെ സംഭവിച്ചു എന്നതാണ്, ഈ സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്. ചലച്ചിത്ര വിദ്യാർഥികൾക്ക് അവഗണന നേരിട്ടു എന്നതിനപ്പുറം, ദലിത് സമൂഹത്തിലെ ആളുകളെ അപമാനിക്കുകയും അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരാസ്ഥാനകേന്ദ്രമായി ഈ ചലച്ചിത്ര വിദ്യാലയം മാറി എന്നത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തുകയും അതേസമയം ആകുലപ്പെടുത്തുകയും ചെയ്യുന്നു. ഞാനേതുസമൂഹത്തിലാണ് ജീവിക്കുന്നത് എന്ന ചിന്ത തന്നെ എന്നെ വേറൊരവസ്ഥയിലേക്ക് മാനസികമായി കൊണ്ടെത്തിക്കുന്നു.
ഈ വിഷയത്തിൽ ഇടപെടേണ്ടിയിരുന്ന ഒരുപാടാളുകൾ സമൂഹത്തിലുണ്ട്. പ്രത്യേകിച്ച്, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെ ആളുകൾ, തലപ്പത്തിരിക്കുന്നവർ, അവയെ പ്രതിനിധീകരിക്കുന്നവർ. അതുപോലെ ചലച്ചിത്രമേഖലയിലെ പ്രശ്‌നമെന്ന നിലയ്ക്ക്ഇടപെടേണ്ടവർ. ഇടതുപക്ഷ അനുഭാവമുള്ള നാടെന്ന് പേരുകേട്ട കേരളത്തിൽ ചലച്ചിത്ര വിദ്യാർഥികൾക്ക് നേരെചൊവ്വേ പഠിക്കാനാകാത്ത സാഹചര്യവും അതിലുപരി ദലിത് പീഡനവും നടക്കുമ്പോൾ, ഇടതുപക്ഷ പ്രസ്ഥാനത്തിൽ പോലും ഇക്കാര്യത്തിൽ രണ്ട് പക്ഷങ്ങളുണ്ടാകുന്നതും എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.
അടൂരിന്റെ ‘കുലീന’ നിലപാടുകൾ
കുറച്ചുദിവസം മുമ്പ് ഒരു സുഹൃത്ത് വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ഗൗരവതരമായ വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന് ചോദിക്കുന്നത്. ഞാനതിനെക്കുറിച്ചറിയാൻ ആ സ്ഥാപനത്തിലെ വിദ്യാർഥിയെന്ന നിലയ്ക്ക് എനിക്ക് പരിചയമുള്ള, സഹസംവിധായകനായി ഇപ്പോൾ സിനിമയിൽ വർക്ക് ചെയ്യുന്ന നിവിൻ നാരായണനെയാണ് വിളിച്ചത്. നിവിൻ എന്നോട് ഇതിനെകുറിച്ച് പറഞ്ഞു. ഒപ്പം കൂടുതലറിയാൻ സമരത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ജിതിന്റെ നമ്പർ തന്നു. കുട്ടികൾ നടത്താറുള്ള സാധാരണ സമരങ്ങൾ എന്നതിലുപരി അതിനപ്പുറത്തേക്കുള്ള ഒരു മാനം ഞാൻ ഈ സമരത്തിന് കൊടുത്തിരുന്നില്ല. എന്നാൽ, ജിതിൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അക്ഷരാർഥത്തിൽ ഞാനസ്വസ്ഥനായി, അമ്പരന്നു. ഇങ്ങനെയൊക്കെ ഒരു നാട്ടിൽ നടക്കുന്നുണ്ടല്ലോ എന്നുകേട്ട് ഞെട്ടിപ്പോയി. തുടർന്ന് ജിതിൻ എനിക്ക് ചില വാർത്തകൾ അയച്ചുതന്നു. അങ്ങനെയാണ് ട്രൂകോപ്പി തിങ്ക് ചെയ്ത വീഡിയോകളും വാർത്തകളും കാണുന്നത്.
ദലിത് സ്ത്രീതൊഴിലാളികളെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി എല്ലാതരം അയിത്താചാരങ്ങളും പാലിച്ച് അവരെകൊണ്ട് ശുചിമുറി വൃത്തിയാക്കിക്കുക എന്ന ആവശ്യമുന്നയിക്കുന്ന ഒരു മനുഷ്യൻ ഡയറക്ടർ സ്ഥാനത്തിരിക്കുന്ന സ്ഥാപനത്തിൽ എന്തുതരം മാനവികതയാണ് കുട്ടികൾ പഠിക്കുന്നത് എന്ന സംശയമാണ് എനിക്ക് ആദ്യമുണ്ടായത്. ഈ കാര്യത്തിൽ ആരെങ്കിലും പിന്തുണയുമായി വന്നിട്ടുണ്ടോ എന്ന എന്റെ ചോദ്യത്തിന് ജിതിൻ തന്ന മറുപടി, ഇപ്പോൾ ചേട്ടൻ വിളിച്ചതല്ലാതെ സംവിധായകൻ ജിയോ ബേബി ഒഴിച്ച് മറ്റാരും ഇക്കാര്യത്തിൽ ഒരു സഹായവും ചെയ്തിട്ടില്ല എന്നായിരുന്നു. അക്ഷരാർഥത്തിൽ ഞാൻ കുറേകൂടി ഞെട്ടിയത് അല്ലെങ്കിൽ ധർമസങ്കടത്തിലായത് അപ്പോഴാണ്.
ഞാൻ വിശ്വസിക്കുന്ന ഒരു സമൂഹം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയിട്ടും, ഈ കുട്ടികൾ സമരമാരംഭിച്ചിട്ട് ഇത്ര ദിവസമായിട്ടും എന്തുകൊണ്ടാണ് നമ്മളാരും അറിഞ്ഞില്ലെന്നുനടിക്കുന്നത്? കുറച്ച് പേരെയൊക്കെ അറിയിച്ചെങ്കിലും പലരും പ്രതികരിക്കുന്നില്ല എന്നാണ് ഈ കുട്ടികൾ പറഞ്ഞത്. സ്ഥാപനത്തിന്റെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെ നിങ്ങൾ വിവരമറിയിച്ചോ എന്നു ചോദിച്ചപ്പോൾ, ജിതിൻ പറഞ്ഞു, ഞങ്ങളൊരു കത്തെഴുതിയിട്ടുണ്ടായിരുന്നു, അതിനദ്ദേഹം മറുപടി തന്നില്ല എന്ന്.
അപ്പോൾ ഞാൻ പറഞ്ഞു, ‘നിങ്ങളെത്രയും വേഗം തിരുവനന്തപുരത്തേക്ക് വരിക, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നിങ്ങൾക്ക് പ്രതികരിക്കാനുള്ള ഏറ്റവും നല്ല വേദിയാണ്, അവിടെ നിങ്ങൾ പ്രതികരിക്കണം, പറ്റുമെങ്കിൽ വേദിയിൽ വളരെ നീളത്തിലൊരു ബാനറുയർത്തിഈ വിഷയം സംസ്ഥാനം മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ മുന്നോട്ടുവെക്കണം. ഒരു അന്താരാഷ്ട്ര വേദിയാണ് നിങ്ങൾക്ക് കിട്ടുന്നത്.’
അവരതൊരു നല്ല ആശയമായിട്ടെടുത്തു. നിങ്ങൾ അവിടം കൊണ്ട് അവസാനിപ്പിക്കരുത് എന്നുകൂടി ഞാൻ പറഞ്ഞു; ‘നിങ്ങൾ മുഖ്യമന്ത്രിയെയും സാസ്കാരികവകുപ്പ് മന്ത്രിയെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെയും സി.പി.എമ്മിന്റെയും, സി.പി.ഐയുടെയും സംസ്ഥാന സെക്രട്ടറിമാരെയും അടൂർ ഗോപാലകൃഷ്ണനെയും, ഷാജി എൻ. കരുണിനെയും കാണാൻ ശ്രമിക്കണം. അവരോട് നേരിട്ടു സംസാരിച്ച് വിഷയം ഇവരുടെ ശ്രദ്ധയിൽപ്പെടുത്തണം.’
എന്നെക്കൊണ്ടാവുന്ന സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ഈ സംസാരം നടക്കുന്ന അന്ന് അടൂർ ഗോപാലകൃഷ്ണന്റെതായ ഒരു അഭിമുഖം എനിക്കൊരാൾ അയച്ചുതന്നു. അതിലദ്ദേഹം പൂർണമായും ഡയറക്ടർ ശങ്കർ മോഹനെ ന്യായീകരിക്കുകയും അതിനായി ശങ്കർ മോഹനെ ‘നോബിൾ ഫാമിലി’യിൽപ്പെട്ട അഥവാ കുലീന കുടുംബത്തിൽപ്പെട്ട ആൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഞാൻ ശരിക്കും ജീവച്ഛവമായിപ്പോയി. ട്രൂകോപ്പി തിങ്കിൽതന്നെ, അതുപോലെ എന്റെ സാംസ്‌കാരിക ഇടങ്ങളിലൊക്കെയും അടൂർ ഗോപാലകൃഷ്ണനെന്ന വ്യക്തിയെകുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെകുറിച്ചും വളരെ വിശദമായി എഴുതാനും പറയാനും ദീർഘസമയം കണ്ടെത്തിയിട്ടുള്ള ഒരാളാണ് ഞാൻ. അടൂരിന്റെ സങ്കേതത്തിൽപ്പെട്ട സിനിമകളല്ല ഞാൻ ചെയ്യുന്നത് എങ്കിൽപോലും അടൂർ മുന്നോട്ടുവെക്കുന്ന ഒരു സിനിമാ വ്യവസ്ഥിതിയുണ്ട്. ആ വ്യവസ്ഥിതി നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതാണ്, നല്ല സിനിമാ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഈയൊരു ബോധ്യത്തോടെയാണ്, മറ്റു പലരും വിമർശിക്കുമ്പോഴും അടൂരിനെ പ്രൊട്ടക്റ്റ് ചെയ്യാൻ നിശബ്ദനായി ശ്രമിച്ചിട്ടുള്ളത്. എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പോലും അടൂരിന് വേണ്ടി സംസാരിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരു ബി.ജെ.പി. നേതാവ് അടൂരിനെതിരെ വർഗീയ പരാമർശങ്ങളുന്നയിച്ചപ്പോൾ അടൂരിന് കിട്ടിയ നാഷണൽ അവാർഡുകളുടെ ലിസ്റ്റുകളെടുത്ത് ഞാൻ ഫെയ്സ്ബുക്കിലൊരു പോസ്റ്റിട്ടിരുന്നു. ഇതൊന്നും കൊണ്ട് അടൂരിന് എന്തെങ്കിലും ഉപയോഗമുണ്ടായോ എന്ന് ഞാൻ കരുതുന്നില്ല. കാരണം അടൂർ എന്ന വ്യക്തി ചലച്ചിത്രമേഖലയിൽ വലിയൊരാനയാണെങ്കിൽ ഞാനൊരു ആട് മാത്രമാണ്. പക്ഷേ, അടൂരിനെപ്പോലെ വലിയ ചലച്ചിത്ര അനുഭവസപര്യയുള്ള ഒരു പ്രതിഭക്ക് ഏതെങ്കിലും കോട്ടംതട്ടുംവിധമുള്ള സംഭവങ്ങളുണ്ടായാൽ അദ്ദേഹത്തെ പിന്തുണയ്ക്കുക എന്നത് നവകാല ചലച്ചിത്ര പ്രവർത്തകരെന്ന നിലയിൽ എന്റെയും ബാധ്യതയാണെന്ന് ഞാൻ കരുതുന്നു. ഒരുമാസം മുമ്പുതന്നെ ‘സ്വയംവര’ത്തിന്റെ 50-ാം വർഷവുമായി ബന്ധപ്പെട്ടും ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. അതിനുശേഷം ദിവസങ്ങൾക്കുള്ളിലാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുന്നതും ഞാനീ കുട്ടികളോട് അടൂർ ഗോപാലകൃഷ്ണനെ കാണാനാവശ്യപ്പെടുന്നതും.
നിങ്ങൾ അടൂരിനെ കാണുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സപ്പോർട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് കിട്ടാനാണ് സാധ്യത എന്നാണ് ഞാനവരോടുപറഞ്ഞത്. അങ്ങനെ പറഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന വ്യക്തി ശങ്കർ മോഹനെ ഉപാധികളില്ലാതെ പിന്തുണയ്ക്കുന്ന ദയനീയകാഴ്ച കാണുന്നത്. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ മരിച്ചവനെപോലെയായി. ഞാൻ ആരെയാണ് ആദരിച്ചിരുന്നത് എന്നോർത്ത് ലജ്ജിതനായി. അദ്ദേഹം ഉപയോഗിച്ച ‘കുലീനത’ എന്ന വാക്ക്എന്റെ ചിന്തകളിൽ ഇരച്ചുകയറിക്കൊണ്ടിരുന്നു. ആരാണ് കുലീനൻ, എന്താണ് കുലീനത്തം എന്ന ചിന്ത എന്നെ മദിച്ചുകൊണ്ടേയിരുന്നു. ഞാനാലോചിച്ചുനോക്കി: അടൂരിന്റെ എല്ലാ ഫീച്ചർ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഒരോ സിനിമയും പ്രത്യേക അനുഭവങ്ങളാണ്. എന്നാൽ അടൂരിന്റെ സിനിമകളിൽ പറയുന്ന രാഷ്ട്രീയത്തെയും അടൂർ സിനിമകളുടെ പൊതുസ്വത്വത്തെയും പുതിയ കാലഘട്ടത്തിൽ ഒരു റീ- വാച്ചിന് വിധേയമാക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം ഈ വിഷയത്തിൽ ഇടപെട്ട വിധത്തെക്കുറിച്ചും ആ സന്ദർഭത്തിൽ പ്രയോഗിച്ച വാക്കിനെപ്പറ്റിയും ആലോചിക്കുമ്പോൾ എനിക്ക് തോന്നുന്നു. 50 വർഷം സിനിമയിലും പൊതുസമൂഹത്തിലും സജീവമായിരുന്നിട്ടും ‘കുലീനത’ അഥവാ ‘നോബിൾ ഫാമിലി’ എന്ന് പറയുന്ന കാഴ്ചപ്പാട് മാറ്റാൻ സാധിക്കാത്ത രാഷ്ട്രീയബോധ്യമില്ലാത്ത ഒരാൾ എങ്ങനെയാണ് ഒരു നല്ല സിനിമാക്കാരനാവുക? ഈ 50 വർഷവും ഈ ചിന്ത അദ്ദേഹത്തിലുണ്ട് എങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ സിനിമകൾ വിളംബരം ചെയ്യുന്ന രാഷ്ട്രീയം മറ്റേതോ ഒന്നാണ് എന്ന പുനർചിന്ത എന്നിലുണ്ടായി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സിനിമകളെ പുതുതായി വായിക്കുക/ കാണുക എന്നാണ് ഞാനിപ്പോൾ കരുതുന്നത്. കേരളത്തിന്റെ ജാതീയമായ പൊതുസാഹചര്യത്തെയും സാമൂഹിക ചുറ്റുപാടുകളെയും വിമർശിക്കുന്നു എന്ന് നമ്മൾ എഴുതിവെച്ച ആ സിനിമകൾക്ക്, പുനർകാഴ്ചയിൽ പുതുമാനം വരികയാണ്. ആ സിനിമകൾ അദ്ദേഹം ഉള്ളിൽ കൊണ്ടുനടക്കുന്ന കുലീന ബോധത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവയാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ഇതേതുടർന്നാണ് എന്റെ ഫേസ്ബുക്ക് പേജിൽ ‘അടൂർ ഗോപാലകൃഷ്ണനോടുള്ള എന്റെ എല്ലാ ബഹുമാനവും പിൻവലിക്കുന്നു’ എന്ന് പോസ്റ്റിട്ടത്. അതിനുപിന്നാലെ ചലച്ചിത്ര മാധ്യമ- സാമൂഹിക മേഖലയിലെ ഒരുപാടാളുകൾ എന്നെ നേരിട്ട് വിളിച്ച് എന്താണ് കാര്യമെന്ന് ചോദിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷയങ്ങളും ഈ അഭിമുഖത്തെയും കുറിച്ച് ഞാൻ വിശദമായി അവരോട് പറഞ്ഞു. അവർക്കും അതൊരു ഞെട്ടലായിരുന്നു. തുടർന്ന് ഐ.എഫ്.എഫ്.കെ.യിലെ പ്രേക്ഷകരെ അഭിസംബോധന ചെയ്ത് ഞാനൊരു കുറിപ്പിട്ടു. ഈ കുറിപ്പിൽ, മേളയിലെത്തിയ കുട്ടികൾ തലേദിവസം നേരിട്ട പ്രശ്നത്തെകുറിച്ചുപോലും ഞാൻ സൂചിപ്പിച്ചിരുന്നു.
ഞാൻ കൂടി പറഞ്ഞതിനനുസരിച്ചും സ്റ്റുഡൻറ്സ് കൗൺസിൽ തീരുമാനപ്രകാരവും മേളയിൽ അവർ സമരപരിപാടികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പ്രത്യക്ഷത്തിൽ സർക്കാരുമായിട്ടുള്ള ഏറ്റുമുട്ടലിന്റെ സ്വഭാവത്തിലേക്ക് പോകുമെന്നതുകൊണ്ടാകാം ഉദ്ഘാടനവേളയിൽ ബാനർ നീട്ടിപിടിച്ചുള്ള സമരം വേണമെന്ന എന്റെ അഭിപ്രായത്തിൽ നിന്ന് മാറി അവർ അവിടെ ആളുകളെ കൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്.
ചലച്ചിത്രമേളയിൽനിന്ന് കുട്ടികളെ ഓടിച്ചുവിടുന്ന ഡയറക്ടർ
എന്നാൽ ആദ്യ ദിവസം മേളയിലെത്തിയ കുട്ടികളെ ശങ്കർ മോഹൻ നേരിട്ട് വിളിച്ച് റൂമുകൾ കാൻസൽ ചെയ്യിപ്പിച്ചുവെന്നും അത് ചോദ്യംചെയ്ത കുട്ടികൾക്കുവേണ്ടി മന്ത്രി ഇടപെട്ടെന്നും ആ മന്ത്രിയെ അടൂർ ഗോപാലകൃഷ്ണൻ നേരിട്ട് വിളിച്ചെന്നുമുള്ള വാർത്തകൾ കേട്ടപ്പോൾ അമ്പരപ്പോടെ ഞാൻ ആ കുട്ടികളെ വീണ്ടും വിളിച്ചു. അവരാകെ സങ്കടത്തിലായിരുന്നു. അവർ വീണ്ടും സമരപരിപാടികളിൽ ഊർജത്തോടെ നിൽക്കുകയും പിറ്റേന്നുതന്നെ മേളയുടെ വേദി കലുഷിതമായ സമരരംഗങ്ങൾക്ക് സാക്ഷിയാകുകയും ചെയ്തു. പ്രതിഷേധം ലോകമറിഞ്ഞു.
ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ വന്ന കുട്ടികൾക്ക് താമസസൗകര്യം നിഷേധിച്ച് അവസാനനിമിഷം ഡയറക്ടർ നടത്തിയ നീക്കം ചർച്ച ചെയ്യപ്പെടുമ്പോൾ തന്നെ മറ്റൊരു കാര്യം കൂടി ആലോചിക്കണം. സർക്കാറിന്റെ ഏക ചലച്ചിത്രപഠന കേന്ദ്രമാണിത്. നിലവിൽ ഇവിടെ 82 കുട്ടികളുണ്ട്. ഇവർക്ക്ഏഴുദിവസം ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാക്കുക എന്നതുപോലൊരു പ്രാക്ടിക്കൽ ക്ലാസ് മറ്റെപ്പോഴാണ് കിട്ടുക. അവർക്ക് താമസസൗകര്യമൊരുക്കാൻ ചലച്ചിത്ര അക്കാദമിക്കോ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനോ എത്ര ചെലവാണ് അധികമായുണ്ടാകുക. ഇത് ചെയ്തിരുന്നുവെങ്കിൽ ചലച്ചിത്ര വിദ്യാർഥികളുടെ ഒരു മികച്ച സമൂഹത്തെ ഈ സ്ഥാപനത്തിൽനിന്ന് ഇറക്കിവിടാൻ സാധിക്കുമായിരുന്നു.
ദലിത് സംഘടനകളുടെ മൗനം
ഇവിടെ രണ്ടു കാര്യങ്ങളാണ് അടിസ്ഥാന വിഷയം. ഒന്ന്, ദലിത് പീഡനം. രണ്ടാമത് ചലച്ചിത്ര വിദ്യാർഥികളെ എങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നത് എന്നത്. ഞാനീ കുറിപ്പെഴുതുന്ന നിമിഷം വരെയും കേരളത്തിലെ ദലിത് സംഘടനകൾ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. അവരുടെ ഒരു പത്രക്കുറിപ്പ് പോലും വന്നിട്ടില്ല. വിദ്യാർഥികളും തൊളിലാളികളും സമരത്തിലേക്ക് വരുന്നതിനുമുന്നേ ഇവർ വിഷയം അറിയേണ്ടതല്ലേ. അല്ലെങ്കിൽ സമരം ആരംഭിച്ച ഉടൻ അറിയേണ്ടതായിരുന്നില്ലേ? യുവജനപ്രസ്ഥാനങ്ങൾ ഈ സമരം അറിയേണ്ടതായിരുന്നില്ലേ. തന്റെ വീട്ടിലെ ടോയ്‌ലറ്റ് ക്ലീൻ ചെയ്യിപ്പിച്ചു എന്നത്നുണയാണ് എന്ന് ഡയറക്ടർ ഇതുവരെയും പറഞ്ഞിട്ടില്ല. പകരം അത് അവരുടെ ഉത്തരവാദിത്വമാണ് എന്നാണ് പറഞ്ഞത്. ഡയറക്ടറുടെ വസതി ക്ലീൻ ചെയ്യുക എന്നൊരു നിയമമുള്ളതായി എനിക്കറിയില്ല. അങ്ങയുണ്ടെങ്കിൽ തന്നെ അത്തരമൊരു ജോലി ചെയ്യിപ്പിക്കാതിരിക്കുക എന്നുപറയുന്ന മാനവികത ഈ മനുഷ്യൻ എന്തുകൊണ്ടാണ് പഠിക്കാത്തത്. സ്വന്തം വീട്ടിലെ ശുചിമുറി ക്ലീൻ ചെയ്യാത്ത ഒരു ചലച്ചിത്രകാരനും ചലച്ചിത്രകാരനല്ല. സ്വന്തം വീട്ടിലെ ടോയ്‌ലറ്റ് ക്ലീൻ ചെയ്യാൻ മറ്റുള്ളവരെ ഏൽപ്പിക്കുന്നവർ ആരായിരുന്നാലും അമാന്യനാണ്. അയാളെ സമൂഹത്തിന് ആവശ്യമില്ല. ഇത് മാനവികതയിൽ വിശ്വസിക്കുന്ന ആളുകൾക്ക് മനസിലാവുന്ന കാര്യമാണ്. ആ ശങ്കർ മോഹനെ ‘കുലീനൻ’ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ സിനിമാ ആചാര്യന്മാർ പോലും സമൂഹത്തിൽ അപ്രസക്തരായി മാറുന്നു. അദ്ദേഹം നേടിയ എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾ അപ്രസക്തമാകുന്നു. അവ പുകച്ചുരുളിൽ മാഞ്ഞുപോകുന്നു. ഇതുതന്നെയാണ് അതിന്റെ അടിസ്ഥാനവിഷയവും. കുട്ടികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് സിലബസ് ദിവസങ്ങളാണ്. ഇതിനെപ്പറ്റി ഇവർക്ക്, ഈ പ്രസ്ഥാനങ്ങൾക്ക്, ഈ സ്ഥാപനത്തിന് ആശങ്കയില്ല. ഈ കുട്ടിയുടെ ഭാവിയെക്കുറിച്ച് ആർക്കും ആശങ്കയില്ല.
കുളിച്ചിട്ട് കയറിയാൽ എന്താണ് കുഴപ്പം?
വിദ്യാർഥികൾ പറഞ്ഞ് അറിഞ്ഞ ചില കാര്യങ്ങൾ കൂടി പറയാം. ഈ കുട്ടികൾ അടുത്ത ദിവസം ഒരു പ്രമുഖ രാഷ്ട്രീയനേതാവിനെ കണ്ടിരുന്നു. സ്വീപ്പർ ജോലി ചെയ്യുന്ന സ്ത്രീകളോട് ഡയറക്ടറുടെ വീട്ടിൽ ചെന്ന് ജോലിചെയ്യണമെന്ന് പറയുന്നു, അങ്ങനെ പോകുന്നതിനുമുമ്പ് കുളിച്ച് വൃത്തിയായി പുതുവസ്ത്രമണിഞ്ഞ് വേണം ചെല്ലാൻ എന്നും പറയുന്നു എന്ന വിഷയം അവർ ഈ നേതാവിനോട് പറഞ്ഞു. ഈ മാന്യൻ അവരോട് തിരിച്ചുചോദിച്ചത്, കുളിച്ചിട്ട് കയറിയാൽ എന്താണ് കുഴപ്പം എന്നാണ്.
വിദ്യാഭ്യാസവും ഒരു ചാരിറ്റിയെന്ന് ഡയറക്ടർ
സമരമാരംഭിക്കുന്നതിനുമുമ്പ് ഡയറക്ടറെ കാണാൻ ചേംബറിൽ ചെന്ന അനുഭവം കൂടി അവർ പറഞ്ഞു. കാൻറീൻ ഫീസായി ഈടാക്കുന്ന തുക വളരെ കൂടുതലാണെന്നും അത്കുറയ്ക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അത് സാധ്യമല്ല എന്നായിരുന്നു മറുപടി. അപ്പോൾ കുട്ടികൾ അവരുടെ അവസ്ഥ തുറന്നുപറഞ്ഞു: ഫീസിനു മാത്രമല്ല; എഡിറ്റിനും മാക്ബുക്ക്, ലാപ്പ്‌ടോപ്പ് തുടങ്ങിയവക്കും ലക്ഷത്തിലധികം തുക വേണം. എല്ലാം കൂടി താങ്ങാനാവില്ല. ഇവിടെ പഠിക്കുന്ന 82 കുട്ടികളിൽ പലരും നിർധനകുടുംബത്തിൽ നിന്ന് വരുന്നവരാണ്. സിനിമയെ ആത്മാവിന് തുല്യം പ്രണയിക്കുന്നതുകൊണ്ടുമാത്രം ഇവിടെ വരുന്നവരാണ്. അതുകൊണ്ട് കാൻറീൻ ഫീസിലെങ്കിലും ഇളവുതരണം എന്നവർ അഭ്യർഥിച്ചു.
ഡയറക്ടറുടെ മറുപടി ഇങ്ങനെയായിരുന്നു: അങ്ങനെയെങ്കിൽ ഇളവുതരാം. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ചിലർ ഈ സ്ഥാപനത്തിലേക്ക് കാന്റീൻ ഭക്ഷണം സൗജന്യമായി തരാമെന്നേറ്റിട്ടുണ്ട്. അവരത് സ്‌പോൺസർ ചെയ്യും.
ആത്മാഭിമാനികളായ ആ കുട്ടികൾ പറഞ്ഞു; സർ, ഞങ്ങൾക്കുവേണ്ടത് ചാരിറ്റിയല്ല. അതിന് ശങ്കർ മോഹൻ എന്ന വ്യക്തി നൽകിയ മറുപടി, സർക്കാർ നിങ്ങൾക്ക് തരുന്നതും ചാരിറ്റിയല്ലേ എന്നാണ്. ഈ ബോധമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികളെ പഠിപ്പിക്കുന്നത് ചാരിറ്റിയാണ് എന്നുപറയുന്ന ഒരു മാന്യദേഹമാണ് ആ സ്ഥാപനത്തിലുള്ളത്. അപ്പോൾ ഈ കുട്ടികൾക്ക് എങ്ങനെയാണ് നീതി ഉണ്ടാവുക.
വിദ്യാർഥികൾക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന ഡയറക്ടർ
ഇതേ മാന്യദേഹം ആ സ്ഥാപനത്തിലിരിക്കുന്ന സമയത്ത് സർക്കാർ മൂന്നംഗ കമീഷനെ നിയോഗിച്ചു, വിഷയം പഠിക്കാൻ. കമീഷൻ തെളിവെടുപ്പ് നടത്തി. എത്ര കാലമെടുക്കും തീരുമാനം വരാനെന്നറിയില്ല. പക്ഷേ കുട്ടികളുടെ ഭാവിയാണ് തുലാസിലാവുന്നത്. അവരുടെ അധ്യയനമാണ് നശിക്കുന്നത്. ഈ സ്ഥാപനത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇവർ ഒരുപാട് ശ്രമിച്ചിരുന്നു. ‘ക്വാളിറ്റി ഇല്ല’ എന്നുപറഞ്ഞ് ഇവിടെ നിന്ന് പറഞ്ഞയച്ച ശരത് എന്ന വിദ്യാർഥി കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മെറിറ്റിൽ അഡ്മിഷൻ നേടിയ ചരിത്രമുണ്ടായിട്ടുണ്ട്.
സർക്കാർ നിയോഗിച്ച അന്വേഷണ കമീഷനുമുന്നിൽ കുട്ടികൾ എല്ലാതരം തെളിവുകളും നൽകിയെങ്കിലും ശങ്കർ മോഹൻ തെളിവു നൽകാൻ തയ്യാറായിട്ടില്ല. അയാൾ തെളിവുകൾ നൽകാനോ കുട്ടികളുമായി സംസാരിക്കാനോ തയ്യാറാവാത്തതുകൊണ്ട് സമരം അനിശ്ചിതകാലത്തേക്ക് നീണ്ടുപോവുകയാണ്. കുട്ടികൾ എത്രകാലം സമരം കിടക്കേണ്ടിവരും, അധ്യായനം എത്രകാലം മുടങ്ങും തുടങ്ങിയ കാര്യത്തിൽ ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഇത് ഒരു ജനാധിപത്യസമൂഹത്തിൽ ഭൂഷണമാണോ? ക്രിസ്മസിന് നിരാഹാരമനുഷ്ഠിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. നമ്മൾ ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഈ കുട്ടികൾ നിരാഹാരം കിടക്കുകയാവും. അത് വല്ലാതെ വിഷമിപ്പിക്കുന്ന കാര്യമാണ്.
സമരമാരംഭിച്ചതോടെ നിക്ഷിപ്ത താത്പര്യക്കാരുടെ ഒത്താശയോടെ ഈ കുട്ടികളവിടെ മറ്റു പലതരം അന്യായപ്രവൃത്തികൾ ചെയ്യുന്നുവെന്ന് പറഞ്ഞ് തടിയൂരാനാണ് ശങ്കർ മോഹനെപ്പോലുള്ളവർ ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരങ്ങളെ അടിച്ചമർത്താൻ സർ സി.പി.യുടെ കാലത്തും, ദേശീയ പ്രസ്ഥാനത്തിന്റെ സമരങ്ങളെ അടിച്ചമർത്താൻ ബ്രിട്ടീഷുകാരും ചെയ്തിരുന്ന തന്ത്രമാണിത്. അപവാദപ്രചാരണം നടത്തി ഭിന്നിപ്പുണ്ടാക്കുക. ഇതാണ് ഇൻസ്റ്റിറ്റ്യൂട്ടിലും ശങ്കർ മോഹൻ ഇപ്പോൾ ഇറക്കിവിടുന്നത്. എന്നോട് ഇപ്പോൾ സംസാരിച്ച പലരും, അവിടെ കുട്ടികൾ സംഘം കൂടി ആഭാസപ്രവർത്തനം നടത്തുന്നു എന്നാണ് ശങ്കർ മോഹനടക്കമുള്ളവർ പറഞ്ഞ് നടക്കുന്നത് എന്നു പറഞ്ഞു.
മലയാളത്തിലെ ഒട്ടുമിക്ക ചലച്ചിത്രകാരെയും ഞാനീ വിവരം എന്നെക്കൊണ്ടാവുംവിധം അറിയിച്ചിരുന്നു. എന്നെ ആദ്യം വിളിച്ചത് ‘ഫെഫ്ക’ ഡയറകേഴ്‌സ് യൂണിയൻ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ്. വിഷയത്തിൽ ഉടൻ ഇടപെടാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനാവുംവിധം ഇടപെട്ടുവെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹം മറ്റുപലരോടും പറയുകയും അവരും വിഷയത്തിൽ ഇടപെട്ട കാര്യം എന്നോട് പറയുകയും ചെയ്തു. ‘ഫെഫ്ക’ കുട്ടികൾ അംഗങ്ങളായ ട്രേഡ് യൂണിയനല്ല, എന്നിട്ടും അവർക്കെന്തിനാണ് ഇതിൽ താത്പര്യം. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഈ കുട്ടികൾക്ക് വേണ്ടി നമ്മൾ നിൽക്കേണ്ടതുണ്ട് എന്നാണ്. ഈ ബോധ്യം എന്തുകൊണ്ടാണ് മറ്റുള്ളവർക്കില്ലാത്തത് എന്ന കാര്യത്തിൽ ഞാനിപ്പോഴും ആശങ്കപ്പെടുന്നു.
നമ്മൾ സ്വപ്‌നം കാണുന്നതുപോലെ വളരെ ഉയരത്തിലേക്ക് ഇന്നത്തെ നിലയിൽ ഈ സ്ഥാപനത്തിന് പോകാനാകുമെന്ന് പ്രത്യാശിക്കാനാകില്ല. ആ അവസ്ഥ മാറണം, ഈ കുട്ടികളെ ഭാവിയിലേക്കുള്ള കരുതലായി മാറ്റി എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാൻ കഴിയണം. അതിന് ചലച്ചിത്ര ആചാര്യന്മാർ എന്നു നമ്മൾ കരുതുന്നവർ തടസം നിൽക്കുകയാണെങ്കിൽ അവരെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്കെറിയാൻ ശ്രമിക്കണം.