സീറോ അക്കാദമിക് വർഷം കുട്ടികളെ തീ തീറ്റിക്കരുത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അവരുടെ പ്ലാൻ എയും ബിയും സിയുമൊക്കെ പൊതുസമൂഹത്തോട് തുറന്നുപറയേണ്ട സമയം അതിക്രമിച്ചു. സീറോ അക്കാദമിക് വർഷത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ ഇതേരീതിയിൽ ഓൺലൈൻ ക്ലാസ് തുടരുകയാണോ വേണ്ടത്? തീരുമാനമെടുക്കലിനുവേണ്ട പ്രഫഷണലിസം നമ്മുടെ ആരോഗ്യ- വിദ്യാഭ്യാസ പ്രവർത്തകർക്കില്ലേ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ മുഴങ്ങുന്നത്

കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സപ്തംബറിലും തുറക്കേണ്ടതില്ല എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനവും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഇതു സംബന്ധിച്ചു നടത്തിയ പരാമർശവും സീറോ അക്കാദമിക് വർഷം എന്ന സ്ഥിതിയിലേക്ക് രാജ്യത്തേയും സംസ്ഥാനത്തേയും എത്തിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഗീർവാണങ്ങൾക്കുമപ്പുറം രാജ്യത്തെ കോവിഡ് രോഗികൾ കാൽ കോടിയോടടുത്ത് എത്തിക്കഴിഞ്ഞ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക്​ ഒരു വർഷം നഷ്ടപ്പെടും എന്ന മട്ടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

അമേരിക്കയിൽ സംഭവിച്ചത്

അമേരിക്കയിൽ ടെന്നിസിയിലും ജോർജിയയിലും സ്‌കൂളുകൾ പുനരാരംഭിച്ചശേഷം ജൂലൈ അവസാനത്തെ രണ്ടാഴ്ചയിൽ 97,000 കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി അമേരിക്കൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സ് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ജൂലൈ വരെ അമേരിക്കയിൽ കോവിഡ് പിടിപെട്ട കുട്ടികളുടെ എണ്ണം 3,38,000 ആണന്നും ഇതിന്റെ നാലിൽ ഒന്നിലേറെ പേർ സ്‌കൂൾ തുറന്നശേഷമുള്ള രണ്ടാഴ്ച കൊണ്ടാണ് ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. 50 വയസ്സിനുമുകളിൽ പ്രായമുള്ള

സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് സംഘടിപ്പിച്ചുനൽകാൻ സ്‌പോൺസർമാരെ തേടുകയാണ് സ്‌കൂളുകൾ. ഈ അനിശ്ചിതാവസ്ഥയ്ക്ക് ഉടൻ അറുതിവരുത്തണം

അധ്യാപകരുടെ വലിയ ശതമാനത്തെ സംബന്ധിച്ച് ജീവൻ തന്നെ അപകടത്തിലാവുന്ന അവസ്ഥ ഇത് സൃഷ്ടിക്കുമെന്നും അവിടുത്തെ അധ്യാപക സംഘടനകൾ ആശങ്കപ്പെടുന്നു. ജോർജിയയിലെ ഒരു സ്‌കൂളിലെ കുട്ടികൾ മാസ്‌ക് ധരിക്കാതെ കൂട്ടം കൂടി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഒരു വർഷം സ്‌കൂളുകൾ പ്രവർത്തിച്ചില്ലങ്കിൽ

സ്‌കൂളുകൾ തുറന്നാൽ നമ്മുടെ രാജ്യത്ത് സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു സൂചന മുകളിൽ പറഞ്ഞതിൽ നിന്ന് വ്യക്തമാണ്. ഈ ഒരു പശ്ചാത്തലത്തിലാവാം സീറോ അക്കാദമിക് വർഷം എന്ന ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന യാഥാർത്ഥ്യം നമ്മൾ നേരിടേണ്ടിവരും എന്ന് കേന്ദ്ര, കേരള സർക്കാരുകൾ ആദ്യ സൂചന നൽകുന്നത്. ഓരോ വിദ്യാർത്ഥിക്കും ഒരു വർഷം പഠനകാലത്തും പിന്നീട് സർവീസിൽ വരികയാണങ്കിൽ അപ്പോഴും നഷ്ടമാവും എന്നതാണ് സീറോ വർഷത്തിന്റെ പ്രത്യക്ഷ ഫലം. പക്ഷെ ഇതിനേക്കാൾ വലിയ പ്രശ്‌നങ്ങളാണ് ഒരു വർഷം മുഴുവൻ വീടുകളിൽ അടച്ചിടപ്പെടുന്ന കുട്ടികൾ നേരിടുന്ന വൈകാരിക, ആരോഗ്യ പ്രശ്‌നങ്ങൾ. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളെയാണ് ഇത് തീവ്രമായി ബാധിക്കുക. പ്രത്യേക എഡ്യുക്കേറ്റർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നിരന്തര ഇടപെടൽ മൂലം ഒരുവിധം പരിപാലിക്കപ്പെട്ടു പോന്നിരുന്ന ഇത്തരം കുട്ടികൾ അശിക്ഷിതരായ രക്ഷിതാക്കളുടെ മാത്രം മേൽനോട്ടത്തിൽ ഒരു വർഷം മുഴുവൻ കഴിയേണ്ടി വരുന്നത് അവരെ എങ്ങിനെയൊക്കെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്.

ഡ്രോപ് ഔട്ട് പതിൻമടങ്ങാകും

12,65,000 സ്‌കൂളുകളിലായി പന്ത്രണ്ട് കോടി കുട്ടികൾ രാജ്യത്ത് ഉച്ചഭക്ഷണ പദ്ധതി വഴി ആഹാരം കഴിക്കുന്നുണ്ട് എന്നാണ് കണക്ക്. ലോകത്തെ ഏറ്റവും വലിയ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയാണ് Mid Day Meal (MDM) പദ്ധതി. ഇതുവഴി പിന്നാക്ക പ്രദേശങ്ങളിൽ സ്‌കൂൾ എൻറോൾമെൻറിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നും പഠനങ്ങളിൽ പറയുന്നു. വലിയ ശതമാനം വിദ്യാർത്ഥികൾക്കും പോഷകാഹാരത്തിനായുള്ള ഏക വഴിയാണ് ഉച്ചഭക്ഷണ പദ്ധതി. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭക്ഷ്യവസ്തുകിറ്റുകൾ വീട്ടിൽ എത്തിക്കുന്നുണ്ടങ്കിലും മറ്റ് പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണം ലഭിക്കാത്ത കുട്ടികളായി അവർ മാറുന്നു എന്നതാണ് യാഥാർത്ഥ്യം. സ്വാഭാവികമായും ഭക്ഷണാവശ്യങ്ങൾക്കായി ഇത്തരം കുട്ടികൾ ബാലവേലയിലേക്ക് തിരിയും, മാസങ്ങൾക്കുശേഷമോ അടുത്തവർഷമോ സ്‌കൂൾ ആരംഭിക്കുമ്പോൾ സ്‌കൂളുകളിൽനിന്ന് ഡ്രോപ് ഔട്ട് ആവുന്നവരുടെ എണ്ണം പതിൻമടങ്ങ് വർദ്ധിക്കുകയും ചെയ്യും.

ഓൺലൈൻ ക്ലാസ് ഇതേമട്ടിൽ മതിയോ?

ഒരു വർഷത്തിലേറെ വീടുകളിൽ അടച്ചിരിക്കേണ്ടിവരികയാണ് നമ്മുടെ കുട്ടികൾ എങ്കിൽ അത്തരം ഒരു സ്ഥിതിവിശേഷം നേരിടാനുള്ള ആസൂത്രണം ഉടൻ ആരംഭിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം അണുകുടുംബങ്ങളിലെ വിദ്യാർത്ഥികളെയാവും ഈ അടച്ചിരിപ്പ് ഏറ്റവും ബാധിക്കാൻ പോകുന്നത്. പലപ്പോഴും കുട്ടികൾ തനിച്ച് പകൽ മുഴുവൻ വീട്ടിലിരിക്കേണ്ട അവസ്ഥയും സൃഷ്ടിക്കപ്പെടുന്നുണ്ട്. രക്ഷിതാക്കൾക്കിടയിൽ ആരോഗ്യകരമായ ബന്ധം ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികളിൽ ഈ അടച്ചിരിപ്പ് വലിയ വൈകാരിക ആഘാതത്തിനു കാരണമാകും. കുട്ടികളുടെ

പ്രത്യക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ അശിക്ഷിതരായ രക്ഷിതാക്കളുടെ മാത്രം മേൽനോട്ടത്തിൽ ഒരു വർഷം മുഴുവൻ കഴിയേണ്ടി വരുന്നത് അവരെ എങ്ങിനെയൊക്കെ ബാധിക്കുമെന്നത് പ്രവചനാതീതമാണ്

സാമൂഹ്യ വത്കരണത്തെയും ആരോഗ്യ പരിപാലനത്തിനെയും ഇത് സാരമായി ബാധിക്കും. ജൂലായ് 18 ലെ കണക്കുപ്രകാരം 66 വിദ്യാർത്ഥികളാണ് കോവിഡ് കാലത്ത് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ലോക്ഡൗൺ സാഹചര്യം സൃഷ്ടിച്ച തൊഴിൽനഷ്ടം പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തകർത്തിരിക്കുകയാണ്. ഇത് ഉയർത്തുന്ന അസ്വാരസ്യങ്ങളും കുട്ടികളെ മാനസിക സമ്മർദത്തിന് അടിപ്പെടുത്തും.
നാൽപ്പത്തിയഞ്ചോളം വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിക്കുന്ന ഹയർസെക്കണ്ടറി തലത്തിൽ ഓൺലൈൻ ക്ലാസുകൾ പല വിഷയങ്ങൾക്കും ലഭ്യമല്ല. ഈ വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്ത വിദ്യാർഥികൾ ഇപ്പോൾ തന്നെ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. അഞ്ചുമുതൽ മേലോട്ടുള്ള ക്ലാസ്സുകളിലെ ഓൺലൈൻ പഠനരീതി പലപ്പോഴും ഏകപക്ഷീയ വിവര വിനിമയം മാത്രമാവുകയും കെട്ടുകാഴ്ചകളുടെ ഭാവഹാവാദികളിൽ അഭിരമിക്കുകയുമാണ് ചെയ്യുന്നത്. എടുത്ത ക്ലാസ്സിന് ലൈക്ക് കിട്ടാൻ നാട്ടുകാർക്ക് മുഴുവൻ ക്ലാസ്സിന്റെ യുട്യൂബ് ലിങ്ക് അയച്ചുകൊടുക്കുന്ന വാദ്യാന്മാരും ഇക്കൂട്ടത്തിലുണ്ട്. ഡിജിറ്റൽ ഡിവൈഡ് നേരിടുന്ന 2.61 ലക്ഷം വിദ്യാർഥികൾ കേരളത്തിലുണ്ട് എന്നാണ് സർക്കാർ കണക്ക്. ബാൻഡ് വിഡ്ത്തും മൊബൈൽ നെറ്റ് വർക്ക് റേഞ്ചും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ലക്ഷക്കണക്കായ മറ്റുകുട്ടികളെയും ഓൺലൈൻ ക്ലാസ്സിനു പുറത്തുനിൽക്കുന്ന വിദ്യാർത്ഥികളായി കണക്കാക്കാം. ഇതേ പ്രശ്‌നം നേരിടുന്ന അധ്യാപകരും കേരളത്തിൽ അപൂർവമല്ല. ഓൺലൈൻ ക്ലാസ് എന്നത് കേരള സാഹചര്യത്തിൽ പൊതുവെയും ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും സ്‌കൂളിലും കോളജിലും നടക്കുന്ന പഠനത്തിന് പകരമാവാൻ തക്ക ശക്തമല്ല എന്നതാണ് ഇത് കാണിക്കുന്നത്.

പ്ലാൻ എ, ബി, സി തുറന്നുപറയണം

ജൂൺ, ജൂലൈ മാസത്തെ അധ്യയന നഷ്ടത്തെ വെക്കേഷൻ കാലം വെട്ടിക്കുറച്ചും ശനിയാഴ്ചകളിൽ പ്രവർത്തിച്ചും പരിഹരിക്കാം എന്നായിരുന്നു ഇതുവരെ പ്രതീക്ഷ. സപ്തംബറിലും ഒക്ടോബറിലും ക്ലാസ് ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ് നമ്മൾ നേരിടുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഊഹാപോഹങ്ങളിൽ അഭിരമിക്കാൻ വിടാതെ കാര്യങ്ങൾ വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം സർക്കാരുകൾക്കുണ്ട്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കണമെങ്കിൽ ദൈനംദിന കോവിഡ് പോസിറ്റീവ് കേസുകൾ ഏതു റേഞ്ചിൽ വരണം? ഇതുസംബന്ധിച്ച് കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്ധരും മറ്റ് ആരോഗ്യ വിദഗ്ധരും എന്തുപറയുന്നു? മേയിൽ എസ്.എസ്.എൽ.സി പരീക്ഷ നടത്തിയ ഒരുക്കങ്ങളോടെ ഹൈസ്‌കൂൾ,

സീറോ അക്കാദമിക് വർഷത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ ഇതേരീതിയിൽ ഓൺലൈൻ ക്ലാസ് തുടരുകയാണോ വേണ്ടത്?

ഹയർസെക്കൻററി ക്ലാസ്സുകളെങ്കിലും എപ്പോൾ നടത്താൻ കഴിയും? ഓണലൈനിൽ എടുത്തുകഴിഞ്ഞ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി പരീക്ഷ നടത്തേണ്ടതുണ്ടോ?ചില സ്‌കൂളുകൾ സ്വന്തം തീരുമാനപ്രകാരം പരീക്ഷ പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്തുകഴിഞ്ഞു. മറ്റുചിലരാവട്ടെ സർക്കാർ നിർദ്ദേശത്തിന് കാത്തിരിക്കുകയാണ്. ചില സ്‌കൂളുകൾ പരീക്ഷ നടത്തുകയും ചിലർ നടത്താത്തവർ ആവുകയും ചെയ്യുന്നത് അധ്യാപകരിലും വലിയ സമ്മർദം സൃഷ്ടിക്കുന്നുണ്ട്. സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അത് സംഘടിപ്പിച്ചുനൽകാൻ സ്‌പോൺസർമാരെ തേടുകയാണ് കുറെയധികം സ്‌കൂളുകൾ. ഈ അനിശ്ചിതാവസ്ഥയ്ക്ക് ഉടൻ അറുതിവരുത്തണം.
സർക്കാർ അവരുടെ പ്ലാൻ A യും B യും C യുമൊക്കെ പൊതുസമൂഹത്തോട് തുറന്നുപറയേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു. സീറോ അക്കാദമിക് വർഷത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ ഇതേരീതിയിൽ ഓൺലൈൻ ക്ലാസ് തുടരുകയാണോ വേണ്ടത്? പേരന്റിംഗ്, വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ്, സ്‌കൂളുകൾ തുറക്കുന്ന ഘട്ടത്തിൽ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോൾ എന്നിവയ്ക്ക് ഓൺലൈൻ ക്ലാസിൽ ഇടം നൽകേണ്ടതല്ലേ? തീരുമാനമെടുക്കലിനുവേണ്ട പ്രഫഷണലിസം നമ്മുടെ ആരോഗ്യ- വിദ്യാഭ്യാസ പ്രവർത്തകർക്കില്ലേ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ മുഴങ്ങുന്നത്.


Comments