സ്‌കൂളുകൾ തുറക്കാത്ത രണ്ടാം അധ്യയനവർഷത്തിൽ വിദ്യാഭ്യാസം എങ്ങിനെയാവണം?

വില്യം ബ്ലേയ്ക്കിന്റെ വിഖ്യാത കവിത "ദ ടൈഗർ' ഒരു കടുവയുടെ പേടിപ്പെടുത്തുന്ന ആകാരസൗഷ്ഠവം വിഭാവനം ചെയ്തതും നിർമിച്ചെടുത്തതും ഏതനശ്വര ദൃഷ്ടിയാലാണ്, ഏതനശ്വര കരങ്ങളാലാണ് എന്ന് ആശ്ചര്യപ്പെടുന്നുണ്ട്. പ്രപഞ്ചത്തെ ഞെട്ടിച്ച കടുവയുടെ സൃഷ്ടാവിനെത്തന്നെ സ്തബ്ധനാക്കിയിട്ടുണ്ടാവും എന്നും കവി ധ്വനിപ്പിക്കുന്നുണ്ട്. ദൃഷ്ടിഗോചരം പോലുമല്ലാത്ത ഒരു വൈറസ് ലോകഗതിയെ തന്നെ മാറ്റിമറിച്ച സമകാലിക അവസ്ഥയിൽ കടുവയുടെ കരുത്തല്ല കവികളെയും ദാർശനികരെയും മനുഷ്യരാശിയുടെ നിലനിൽപ്പിനെ പറ്റി ആശങ്കപ്പെടുന്നവരെയും വിസ്മയിപ്പിക്കാനിട. മറിച്ച് അത് ഒരു കുഞ്ഞ് വൈറസിനെക്കുറിച്ചുള്ള ആലോചനകളായിരിക്കും. ചരിത്രത്തിന്റെ ഗതിയെ പാടെ മാറ്റിമറിച്ച ഈ മഹാമാരിയുടെ ഒരുവർഷത്തിലേറെ നീണ്ടുനിന്ന അനുഭവത്തിന്റെ പശ്ചാത്തലത്തിലും എല്ലാം പഴയതുപോലാവുന്ന ഒരു ദിവസം സ്വപ്നം കാണുകയാണ് മിക്ക മനുഷ്യരും. എത്രത്തോളം യാഥാർഥ്യ ബോധമുള്ളതാണ് പഴയ ദിനങ്ങൾ തിരിച്ചുവരും എന്ന ഈ പ്രതീക്ഷ?

ഇറ്റാലിയൻ ചിന്തകനായ ജോർജോ അകമ്പൻ അദ്ദേഹത്തിന്റെ "വീടിനു തീപിടിക്കുമ്പോൾ' (When the House is on Fire- October 2020) എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നത് ഈ വിധമാണ്. "നമ്മെ പൊള്ളിക്കുന്ന ഈ തീ ഇന്ന് അതിന്റെ രൂപവും ഭാവവും മാറ്റിയിരിക്കുന്നു. അത് ഡിജിറ്റൽ സ്വഭാവത്തിലുള്ളതും അദൃശ്യവും തണുത്തതുമായ തീയായി മാറിയിരിക്കുന്നു. കൃത്യമായും ഈ കാരണം കൊണ്ടുതന്നെ അത് മുൻപത്തേക്കാൾ കൂടുതൽ നമുക്ക് സമീപത്തെത്തുകയും അനുനിമിഷം നമ്മെ വലയംചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.' എല്ലാം പഴയപടിയായി മാറും എന്ന വ്യാജ ബോധത്തിൽ കാര്യങ്ങൾ സങ്കൽപ്പിച്ചുകൂട്ടുകയല്ല വേണ്ടത്. ഈ തീപിടിച്ച കാലത്തെ അഭിസംബോധന ചെയ്യാനുതകുന്ന ആഴത്തിലുള്ള ദർശനം രൂപപ്പെടുത്തിയെടുക്കുകയും ആ ദർശനത്തിന്റെ ശരിയായ പ്രായോഗിക മാതൃകകൾ വികസിപ്പിക്കുകയുമാണ് വേണ്ടത്. ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന സ്‌കൂൾ അടച്ചിടലിന്റെയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെയും പശ്ചാത്തലത്തിൽ പുതിയ അധ്യയനവർഷത്തിൽ സ്‌കൂൾ വിദ്യാഭ്യാസത്തിലെ ഇടപെടലിൽ പ്രധാനമായും ഊന്നൽ നൽകേണ്ടുന്ന മേഖലകളെക്കുറിച്ചുള്ള ആലോചനകളാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യവിഷയം.

ഡിജിറ്റൽ ഡിവൈഡ് - പ്രശ്‌നപരിഹാരം ഏറ്റവും വേഗത്തിലാവണം
ടെലിവിഷൻ വഴിയുള്ള അധ്യയന വർഷാരംഭത്തിനു നാം തയ്യാറെടുക്കുന്നത് കാണുമ്പോൾ തോന്നുന്നത് ഓൺലൈൻ ക്ലാസുകൾ രണ്ടോമൂന്നോ മാസം കഴിഞ്ഞാൽ സ്വയം കൊഴിഞ്ഞുപോകും എന്ന ധാരണ നമുക്ക് ഇപ്പോഴുമുണ്ട് എന്നാണ്. ഡിജിറ്റൽ ഡിവൈഡ് മറികടക്കാനുള്ള എളുപ്പവഴിയായിരുന്നു ടെലിവിഷൻ വഴിയുള്ള അധ്യയനം. കഴിഞ്ഞവർഷം സ്‌കൂളുകൾ അടച്ചിടേണ്ടി വന്നപ്പോൾ താത്കാലിക സംവിധാനം എന്ന നിലയിലാണ് ടെലിവിഷനധിഷ്ഠിത ക്ലാസുകൾ ആരംഭിക്കേണ്ടിവന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം കുട്ടികളും ടെലിവിഷൻ വഴിയാണ് ക്ലാസുകൾ കാണുകയും ചെയ്തത് എന്നാണ് സ്‌കൂളുകൾ നടത്തിയ ഓൺലൈൻ ക്ലാസ് അവലോകന റിപ്പോർട്ടിലും പറയുന്നത്. കോവിഡിന്റെ രണ്ടാം വരവിനെ നേരിടാൻ നമ്മൾ സജ്ജരായിരുന്നില്ല എന്നതുപോലെയാണ് രണ്ടാമത്തെ അധ്യയനവർഷവും ടെലിവിഷനധിഷ്ഠിത ക്ലാസുകളെക്കുറിച്ചുതന്നെ നമ്മൾ ആലോചിക്കുന്നു എന്നതും.

ഒരുവർഷം മുഴുവൻ ഉണ്ടായിട്ടും വിദ്യാർത്ഥികൾക്ക് കണക്റ്റിവിറ്റിയും ഗാഡ്ജറ്റുകളും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പാതിവഴിയിലെത്തിയതേയുള്ളു ഇപ്പോഴും. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പും പ്രതിപക്ഷ ആരോപണത്തിന്റെ പുകമറയും കെ ഫോൺ പോലുള്ള സംസ്ഥാന സർക്കാറിന്റെ തനതു സംരംഭത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. ഡിജിറ്റൽ ഡിവൈഡ് മറികടക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക എന്നത് പരമ പ്രധാനമാണ്. കണക്റ്റിവിറ്റി പ്രശ്‌നം പരിഹരിക്കാൻ കെ ഫോൺ പദ്ധതി സമയബദ്ധിതമായി പൂർത്തീകരിക്കുക, ഡിഷ് ആന്റിനകൾ സ്ഥാപിക്കുക, നെറ്റ് സെറ്റർ, ടാബ് തുടങ്ങിയ ഗാഡ്ജറ്റ്‌സ് ലഭ്യമാക്കുക എന്നതൊക്കെ സ്‌കൂളുകളുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി ഏറ്റവും പെട്ടന്ന് പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങളാണ്. സ്‌കൂൾ അധിഷ്ഠിത ഓൺലൈൻ ക്ലാസുകൾ നടത്താനാവശ്യമായ ഒരു ലേർണിംഗ് മാനേജ്മന്റ് സിസ്റ്റം (L M S ) പ്രവർത്തിപ്പിക്കാൻ കഴിയുന്ന ആപ് സർക്കാർ സംവിധാനമായ കൈറ്റ് വികസിപ്പിച്ചെടുക്കയാണെങ്കിൽ സംവാദ സാധ്യതയുള്ളതും ശിശുകേന്ദ്രീകൃതവുമായ ഒരു പഠന വ്യവസ്ഥ സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രാപ്യമാവും.

പാഠ്യപദ്ധതി പരിഷ്‌കരിക്കപ്പെടണം

ലോകചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ ജീവിതാനുഭവത്തിലൂടെ യാണ് നമ്മൾ കടന്നുപോകുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെയും രീതിശാസ്ത്രത്തെയും പുനർനിർണയിക്കേണ്ടുന്ന അടിയന്തിര സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്. അപരൻ നരകമാണ് എന്ന ആധുനികയുക്തിയുടെ നേർവിപരീതമാണ് ഈ മഹാമാരിക്കാലത്ത് അപരനുവേണ്ടിയുള്ള കരുതലുകളുടെ അനവധിയായ വാർത്തകളിലൂടെ നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. അതേസമയം തന്നെ മുഖം മറയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്ന അപമാനവീകരണവും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. വരും തലമുറയുടെ വിദ്യാഭ്യാസം ആവശ്യപ്പെടുന്ന ശേഷികൾ മുതലാളിത്ത വ്യവസ്ഥിതി ഉൽപ്പാദിപ്പിക്കുന്ന മൂലധന ആർത്തി പൂർത്തീകരിക്കാൻ വേണ്ടിയുള്ളതാണോ എന്ന് ഇനിയെങ്കിലും നാം പുനരാലോചിക്കണം. മനുഷ്യന്റെ ചെയ്തികൾക്കുള്ള ദൈവത്തിന്റെ ശിക്ഷയാണ് ഈ മഹാമാരി എന്ന തരത്തിലുള്ള അതിലളിത വ്യാഖ്യാനത്തിലേക്കു വഴുതിവീഴാതെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ പുതിയ പാഠങ്ങളിലേക്ക് വിദ്യാർത്ഥികളെ നയിക്കുകയാണ് വേണ്ടത്. ഓൺലൈൻ / ഓഫ്ലൈൻ ക്ലാസുകൾക്ക് വഴങ്ങുന്നതുമാവണം പാഠ്യപദ്ധതി ലക്ഷ്യങ്ങളും പാഠപുസ്തകങ്ങളും.

പഠിതാക്കളുടെ മാനസികാരോഗ്യം

അടച്ചിരിപ്പിന്റെ ദീർഘകാലയളവിലൂടെ കടന്നുപോയ കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് എസ്. സി. ഇ. ആർ. ടി. യും തിരുവനന്തപുരം ഗവർമെന്റ് വിമൻസ് കോളജ് സൈക്കളോജിക്കൽ റിസോഴ്സ് സെന്ററും ചേർന്ന് നടത്തിയ പഠന റിപ്പോർട്ട് മെയ് 31 ന് പുറത്തിറങ്ങിയ ട്രൂ കോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 46.6% കുട്ടികളും കടുത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട് എന്ന് ഈ പഠനം പറയുന്നു. 22% കുട്ടികൾ വീട്ടിലെ അന്തരീക്ഷം മഹാമാരിക്കാലത്ത് കൂടുതൽ കലുഷിതമായി എന്നും 19.9 % കുട്ടികൾ വൈകാരിക നിയന്ത്രണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും പഠനത്തിൽ പറയുന്നു. 29 % പേരും ശ്രദ്ധയും ഏകാഗ്രതയും കുറഞ്ഞു എന്നും, 23.4 % കുട്ടികൾ വിഷാദ രോഗലക്ഷണങ്ങൾ കാണിക്കുന്നു എന്നും പറയുന്നു. നേരത്തെ ഈ തരത്തിലുള്ള പഠനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ ഈ കണക്കുകൾപൂർണമായും മഹാമരിയുടെ അടച്ചിടൽ കാലം കൊണ്ട് മാത്രം ഉണ്ടായതാണ് എന്ന നിഗമനത്തിൽ എത്താൻ സാധിക്കില്ല. എങ്കിലും ഈ കണക്കിലെ വലിയ ഒരു പങ്കും മഹാമാരിക്കാലം സമ്മാനിച്ചതാണ് എന്ന് സാമാന്യേന പറയാൻ കഴിയും.

ഏറ്റവും അടിയന്തിര പ്രാധാന്യത്തോടെ ഇടപെടൽ നടത്തേണ്ടുന്ന ഒരു മേഖലയാണിത്. മാനസികാരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും മാനസിക പ്രശ്‌നങ്ങളുടെ സാമൂഹ്യ കാരണങ്ങളെ പ്രാദേശിക സമൂഹത്തിന്റെ ഇടപെടലിലൂടെ പരിഹരിക്കാനുമുള്ള മാർഗങ്ങൾ തേടേണ്ടതുണ്ട്. അതാത് പ്രദേശത്ത് ലഭ്യമാവുന്ന അധ്യാപകരെയും, വിരമിച്ച അധ്യാപരെയും, അധ്യാപക വിദ്യാർത്ഥികളെയും മെന്റർമാരായി മാറ്റിക്കൊണ്ട് കുട്ടികൾക്ക് പഠന പിന്തുണയും മാനസിക പിന്തുണയും ലഭ്യമാക്കുന്ന ഒരു തനതു പദ്ധതി കേരളത്തിനു വികസിപ്പിക്കാൻ കഴിഞ്ഞാൽ അത് ലോകത്തിനുതന്നെ മാതൃകയായി മാറും. ഓരോ പ്രദേശത്തും മൾട്ടിഗ്രെയ്ഡ് ലേർണിംഗ് സെന്ററുകൾ സ്ഥാപിച്ച് കുട്ടികളുമായി നേരിട്ട് ഇടപെടാൻ മെന്റർമാർക്ക് അവസരം നൽകുകയും ചെയ്യാം.

വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനൊപ്പംതന്നെ പ്രാധാന്യം നൽകേണ്ടുന്നതാണ് രക്ഷിതാക്കളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളും. വീട്ടിൽ അടച്ചിരിക്കുന്ന വിദ്യാർത്ഥികളെ എന്തുചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് മിക്ക രക്ഷിതാക്കളും. പാരന്റിംഗിനെ സംബന്ധിച്ച ശാസ്ത്രീയമായ അവബോധം രക്ഷിതാക്കളിൽ സൃഷ്ടിക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങളും ആസൂത്രണംചെയ്തു നടപ്പാക്കണം.

ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ വിദ്യാഭ്യാസം

മഹാമാരിക്കാലം ഏറ്റവും കടുത്ത വെല്ലുവിളി സൃഷ്ടിച്ചത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ കാര്യത്തിലാണ്. സാമൂഹീകരണത്തിന്റെ ഏക ഉപാധിയും വിവിധ തെറാപ്പികൾ നൽകാനുള്ള സൗകര്യവും ഉള്ള വിദ്യാലയങ്ങളും സവിശേഷ വിദ്യാലയങ്ങളും മാത്രമാണ് ഈ വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വളർച്ചയിൽ ഗുണപരമായി ഇടപെടൽ നടത്തുന്നത്. ഈ സൗകര്യം ഏതാണ്ട് പൂർണമായും നിലച്ച മട്ടാണ് ഇന്ന്. സ്പെഷൽ എജുക്കേറ്റേഴ്‌സിനേയും തെറാപ്പിസ്റ്റുകളെയും വീടുകളിൽ കഴിയുന്ന വിദ്യാർത്ഥികളെ ആഴ്ചയിൽ ഒരു ദിവസമെങ്കിലും സന്ദർശിക്കുന്ന തരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കേണ്ടതുണ്ട് ഇതിന്റെ ഇടപെടൽ രീതിശാസ്ത്രം. ഭിന്നശേഷി വിദ്യാർത്ഥികളുടെ ശേഷീവികാസത്തിന് അവരുടെ വ്യത്യസ്ത വർഗ്ഗീകരണത്തിനനുയോജ്യമായ മൊഡ്യൂളുകൾ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ തയ്യാറാക്കുകയും രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഓൺലൈനായി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുകയും വേണം.

അധ്യാപക ശാക്തീകരണം

അധ്യാപകരുടെ സേവനകാല പരിശീലനം കഴിഞ്ഞ അക്കാദമിക വർഷം പൂർണമായും നിലച്ചുപോയ അവസ്ഥയിലായിരുന്നു. ഓൺലൈൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യാനാവശ്യമായ അധികശേഷി മഹാമാരിക്കാലം അധ്യാപകരിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. അധ്യാപക വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയും ഓൺലൈൻ ക്ലാസിന്റെയും ഡിജിറ്റൽ പഠനവിഭവങ്ങളുടെ ഉപയോഗത്തെയും നിർമാണത്തെയും ഉൾക്കൊള്ളേണ്ടതുണ്ട്. കേരളത്തിലെ സർവകലാശാലകളും എസ്. സി. ഇ. ആർ. ടി. യും ഡയറ്റുകളും, എഞ്ചിനിയറിംഗ് കോളേജുകളും അധ്യാപകർക്കായി ഓൺലൈൻ ക്ലാസ് കൈകാര്യം ചെയ്യാനും ഡിജിറ്റൽ പഠന വിഭവങ്ങൾ വികസിപ്പിക്കാനും സഹായിക്കുന്ന ഷോർട്ട് ടേം കോഴ്സുകൾ ആരംഭിക്കണം. സാമ്പ്രദായിക പ്രവർത്തനങ്ങളിൽ മാത്രം അഭിരമിക്കുന്ന ഈ സ്ഥാപനങ്ങൾക്ക് ഈ അവസരം വലിയ ഉണർവേകിയേക്കും.

മൂല്യനിർണയവും മോണിറ്ററിംഗും

വിദ്യാർത്ഥികളുടെ പഠന പുരോഗതി നിരന്തരം വിലയിരുത്താനുതകുന്ന ഒരു സിസ്റ്റം വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞ വർഷം നമുക്ക് സാധിച്ചിട്ടില്ല. ഓൺലൈൻ ക്ലാസുകൾ ഉടൻ അവസാനിക്കും എന്ന് നമ്മൾ പറഞ്ഞുകൊണ്ടേയിരുന്നു. ഓൺലൈനായി എടുത്ത എല്ലാ ക്ലാസ്സുകളും സ്‌കൂൾതുറന്നാൽ അധ്യാപകർ വീണ്ടും എടുക്കും എന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കൊഴികെ അക്കാദമിക് വർഷം മുഴുവൻ ഓൺലൈൻ ക്ലാസ്സുകൾ തുടരുകയാണ് ചെയ്തത്. നിരന്തര മൂല്യനിർണയം എന്ന ആശയം ഏറ്റവും ശാസ്ത്രീയമായി എങ്ങിനെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കാം എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായി ഈ അക്കാദമിക് വർഷത്തെ പ്രയോജനപ്പെടുത്താവുന്നതാണ്. പഠനത്തിനായുള്ള വിലയിരുത്തൽ (Assessment for Learning), വിലയിരുത്തൽ തന്നെ പഠനം (Assessment as Learning) എന്നീ ആശയങ്ങൊളൊക്കെ കേരളത്തിന്റെ അക്കാദമിക് മണ്ഡലത്തിൽ ചർച്ചചെയ്യാൻ തുങ്ങിയിട്ട് ഒരു ദശകമെങ്കിലും കഴിഞ്ഞു. പക്ഷെ നിരന്തര മൂല്യനിർണയത്തിലെ ഈ രീതികൾ ഇന്നും ആശയതലത്തിൽ മാത്രം നിലനിൽക്കുകയാണ്. ഇന്ററാക്ടീവ് സാധ്യതയുള്ള നിരവധി സോഫ്ട്‌വെയറുകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്താൽ പഠന പുരോഗതി വിലയിരുത്താൻ നൂതന മാർഗങ്ങൾ തേടേണ്ടതുണ്ട്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെയും എഞ്ചിനിയറിങ്ങ് കോളജുകളെയും കൈറ്റിന്റെ മേൽനോട്ടത്തിൽ ഈ സംരംഭത്തിന്റെ ചുമതല ഏൽപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ വിദഗ്ദ്ധരുമായിചേർന്ന് പഠനപ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന മൂല്യനിർണയ ഉപാധികൾ ഒരു ലേർണിംഗ് മാനേജ്മെന്റ് സിസ്റ്റം (L M S ) എന്ന രീതിയിൽ സാങ്കേതിക വിദഗ്ദന്മാരുടെ സഹായത്തോടെ വികസിപ്പിച്ചെടുക്കണം.

അക്കാദമിക് മോണിറ്ററിംഗ് നമ്മുടെ സംസ്ഥാനത്ത് അപൂർവമായിമാത്രം സാധിച്ചിട്ടുള്ള ഒന്നാണ്. എല്ലാം ഗുമസ്ത കണ്ണിലൂടെ മാത്രം കാണുന്ന ശീലമാണ് നമുക്കിന്നും. തദ്ദേശീയരായ മുഴുവൻ ഉദ്യോഗസ്ഥരെയും അവിശ്വാസത്തോടെ കണ്ട കൊളോണിയൽ യജമാനൻമാരുടെ മനോഭാവത്തോടെയാണ് ബ്യുറോക്രസിയുടെ ഇടപെടൽ. അധ്യാപരെ വിശ്വാസത്തിലെടുത്തുകൊണ്ട് അവരുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ജനാധിപത്യപരവും സർഗാത്മകവുമായ മോണിറ്ററിംഗ് സംവിധാനമാണ് ഏറ്റവും ചുരുങ്ങിയത് അക്കാദമിക് രംഗത്തെങ്കിലും നമുക്കാവശ്യം. വിദ്യാഭ്യാസ ഓഫീസർമാർക്ക് ഈ രീതിയിലുള്ള അവബോധം സൃഷ്ടിക്കാനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്.

മേൽപ്പറഞ്ഞ ആറു മേഖലകൾ ഏറ്റവും അടിയന്തിരമായ ശ്രദ്ധ ആവശ്യപ്പെടുന്നു എന്നതിനാലാണ് ഇവിടെ പരാമർശിച്ചത്. പഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ കായികക്ഷമതയും ആരോഗ്യവും തുടങ്ങി ഇനിയും ചില പ്രധാന മേഖലകളിലും ഇടപെടൽ ആവശ്യമായിവരും. സമഗ്രമായ കാഴ്ചപ്പാടോടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണ് പുതിയ സർക്കാരും വിദ്യാഭ്യാസ വകുപ്പും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വം.

Comments