ടെക്നോളജി അല്ല പെഡഗോജി ആണ് മുഖ്യം

''രണ്ടു ലോകമഹായുദ്ധങ്ങളും മനുഷ്യരാശിയുടെമേൽ ഏൽപ്പിച്ച കടുത്ത ആഘാതത്തിനു തുല്യമായ ആഘാതം മുൻ മഹാവ്യാധികളും ഇപ്പോൾ ബാധിച്ചിരിക്കുന്ന കോവിഡ് 19 വൈറസും സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഘാതം ഗുണാത്മകമായ എന്തെങ്കിലും മാറ്റം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം".

കോവിഡ് മഹാമാരിക്ക് ശേഷം ലോകം എങ്ങിനെയൊക്കെമാറും എന്ന ആശങ്കയിലാണ് മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന എല്ലാ ദർശനങ്ങളും. എന്നാൽ മനുഷ്യനൊഴിച്ചുള്ള ഭൂമിയിലെ ജീവജാലങ്ങളെ ഈ ആശങ്ക ബാധിക്കുന്നതേയില്ല. സൗരയൂഥത്തിലും പ്രപഞ്ചത്തിലും ഈ സൂക്ഷ്മാണു ഒരു ചലനവും സൃഷ്ടിക്കുന്നുമില്ല. പ്രകൃതിയേയും അന്യഗ്രഹങ്ങളേയും തന്റെ വരുതിയിലാക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ ദുരമൂത്ത പരിശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ ആഗോളമഹാമാരി എന്ന വാദത്തിനു ഇപ്പോൾ വലിയ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. മുതലാളിത്ത വ്യവസ്ഥിതിയുടെ അനിവാര്യമായ തകർച്ചയായും ഈ പ്രതിസന്ധിയെ പലരും നോക്കിക്കാണുന്നുണ്ട്. മനുഷ്യവർഗത്തിന്റെ സർവനാശത്തിനുകാരണമാവുക രാജ്യങ്ങൾതമ്മിലുള്ള ആണവയുദ്ധമായിരിക്കും എന്ന് കരുതിയിരുന്ന കാലത്താണ് ഒരു സൂക്ഷ്മാണു സൃഷ്ടിച്ച മഹാവ്യാധി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ലോകമഹായുദ്ധങ്ങളും മനുഷ്യരാശിയുടെമേൽ ഏൽപ്പിച്ച കടുത്ത ആഘാതത്തിനു തുല്യമായ ആഘാതം മുൻ മഹാവ്യാധികളും ഇപ്പോൾ ബാധിച്ചിരിക്കുന്ന കോവിഡ് 19 വൈറസും സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഘാതം ഗുണാത്മകമായ എന്തെങ്കിലും മാറ്റം മനുഷ്യജീവിതത്തിൽ ഉണ്ടാക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

മനുഷ്യവർഗത്തിന്റെ സർവനാശത്തിനുകാരണമാവുക രാജ്യങ്ങൾതമ്മിലുള്ള ആണവയുദ്ധമായിരിക്കും എന്ന് കരുതിയിരുന്ന കാലത്താണ് ഒരു സൂക്ഷ്മാണു സൃഷ്ടിച്ച മഹാവ്യാധി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

മനുഷ്യരെ മാത്രം ബാധിക്കുന്ന കാര്യം എന്നനിലയിൽ ഒരു പ്രശ്നത്തെ വിശകലനം ചെയ്യുമ്പോൾ മനുഷ്യർക്ക് സവിശേഷമായുള്ള ജീവിത അവബോധത്തെയും വിശകലന വിധേയമാക്കേണ്ടിവരും. മറ്റുജീവികളിൽനിന്നു വ്യതസ്തമായി മനുഷ്യർക്ക് മാത്രം അവകാശപ്പെടാവുന്ന ആ സവിശേഷത ഭാഷയും ചിന്തയും ആണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. പക്ഷെ ഭാഷയ്ക്കും ചിന്തയ്ക്കും അപ്പുറം മനുഷ്യരുടെ ജീവിതാവബോധം സൃഷ്ടിക്കപ്പെടുന്നത് അറിഞ്ഞോ അറിയാതെയോ അവർ പിന്തുടരുന്ന ആശയസംഹിത അഥവാ പ്രത്യയശാസ്ത്രം (ideology) വഴിയാണന്നത് കാണാതിരുന്നുകൂടാ. മനസ്സിന്റെ തത്വശാസ്ത്രം (Philosophy of the mind) എന്ന അർത്ഥത്തിലാണ് ഫ്രഞ്ചുഭാഷയിൽ ഐഡിയോളജി എന്നപദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. മാർക്സും ഏംഗൽസും സമൂഹത്തിൽ വേരോടിയ ആധിപത്യ സ്വഭാവമുള്ള ആശയസംഹിതകളെയാണ് ഐഡിയോളജി എന്നപദത്തിലൂടെ സൂചിപ്പിച്ചത്.

Keywords: A Vocabulary of Culture and Society
Keywords: A Vocabulary of Culture and Society

അടിസ്ഥാനവർഗവും അധീശവർഗവും വ്യത്യസ്തമായ ഐഡിയോളജി വച്ചു പുലർത്തും എന്ന് ലെനിൻ അഭിപ്രായപ്പെട്ടത് പിന്നീടാണ് എന്നും റെയ്മണ്ട് വില്യംസ് നിരീക്ഷിച്ചിട്ടുണ്ട് (Keywords: A Vocabulary of Culture and Society). മനുഷ്യർ അറിഞ്ഞോ അറിയാതെയോ മുറുകെപ്പിടിക്കുന്ന ഐഡിയോളജിയെ അഭിസംബോധന ചെയ്തുകൊണ്ടുമാത്രമേ ഭാവിലോകത്തെക്കുറിച്ചുള്ള ഏതൊരു വിചാരവും അർത്ഥപൂർണമാവുകയുള്ളൂ. ആയുധശക്തികൊണ്ടും ആൾബലംകൊണ്ടും നേടാൻ കഴിയാത്ത മേൽക്കോയ്മ ജനങ്ങളുടെ മനസ്സിനെ കീഴടക്കിക്കൊണ്ടുനേടാം എന്ന തിരിച്ചറിവ് സംഘടിത പ്രസ്ഥാനങ്ങൾ ആർജിക്കുന്നത് അടുത്തകാലത്താണ്. മുതലാളിത്തം ഈ തിരിച്ചറിവ് വളരെ മുൻപെ നേടുകയും ടെലിവിഷൻവഴിയും, ഇന്റർനെറ്റ് വഴി ലഭ്യമായ സാമൂഹ്യമാധ്യമങ്ങൾവഴിയും തങ്ങളുടെ നിയോലിബറൽ ഐഡിയോളജി സമൂഹമനസ്സിൽ സ്ഥാപിച്ചെടുക്കുകയുംചെയ്തു.

ജനിച്ചുവീണയുടൻതന്നെ മാസ് മീഡിയ സ്വാധീനത്തിനുവിധേയമായി അഭിരുചികളും ജീവിത ദർശനവും രൂപപ്പെടുത്തുന്ന ഒരു തലമുറയെ കോവിഡ് അനന്തര ലോകജീവിതത്തിനു സജ്ജമാക്കുക എന്നത് തികച്ചും വെല്ലുവിളിനിറഞ്ഞ പ്രവൃത്തിയാണ്. പ്രത്യയശാസ്ത്ര നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സാംസ്‌കാരിക ഉപകരണങ്ങളാണ് സ്‌കൂളുകൾ എന്ന അൽത്തൂസറിന്റെ നിരീക്ഷണം ഏറെ പ്രസക്തമായ പുതുകാലത്ത് മാസ് മീഡിയയുടെ ദുസ്വാധീനത്തിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഭാവികാല ജീവിതത്തിനനുയോജ്യമായി ഒരുക്കിയെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വളരെ വലുതാണ്. വിമർശനാത്മക മാധ്യമ സാക്ഷരത (Critical Media Literacy) വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകവഴി മാസ്സ് മീഡിയയെ ശരിയായി മനസ്സിലാക്കാൻ അവർക്കുകഴിയണം.

Manufacturing Consent: The Political Economy of the Mass Media
Manufacturing Consent: The Political Economy of the Mass Media

ഒരു വ്യക്തി രൂപപ്പെടുത്തുന്ന ഐഡിയോളജി അയാളുടെ സ്വേച്ഛാപരമായ തിരഞ്ഞെടുപ്പുകൾ വഴിയല്ല സംഭവിക്കുന്നത്. ബഹുജനമാധ്യമങ്ങളുടെ(mass media) സ്വാധീനത്തിൽനിന്നു മുക്തമായി ഒരു ഐഡിയോളജി രൂപപ്പെടുത്തിയെടുക്കാൻ അപൂർവം മനുഷ്യസമൂഹങ്ങൾക്കേ വർത്തമാനകാലത്ത് കഴിയുകയുള്ളൂ. എഡ്വേർഡ് ഹെർമനും നോം ചോംസ്‌കിയും ചേർന്നെഴുതിയ സമ്മതികളുടെ നിർമ്മിതി (Manufacturing Consent: The Political Economy of the Mass Media) എന്ന വിഖ്യാത പുസ്തകത്തിൽ ചൂണ്ടിക്കാണിച്ചപോലെ പട്ടാള കാർക്കശ്യമുള്ള ഭരണാധികാരിയുടെ സാന്നിധ്യം ഇല്ലാതെതന്നെ പൗരസമൂഹത്തെ അനുസരണയുള്ളവരും എന്തിനും സമ്മതം മൂളുന്നവരും ചോദ്യംചെയ്യാൻ വിമുഖരുമാക്കിമാറ്റാൻ കോർപറേറ്റ് സ്പോൺസേർഡ് കച്ചവട താത്പര്യ മാധ്യമങ്ങളിലൂടെ സാധിക്കുന്നു. അഭിരുചികളും ജീവിതവീക്ഷണവുമെല്ലാം ചേർന്ന വ്യക്തിയെരൂപപ്പെടുത്തുന്നതിൽ ബഹുജനമാധ്യമങ്ങൾ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ സമൂഹമാധ്യമങ്ങൾ നൽകുന്ന വാർത്തകളുടെ ഉള്ളടക്കം ശരിയായി വിശകലനം ചെയ്യാൻ അഞ്ച് ""ഫിൽട്ടറുകളിലൂടെ'' കടന്നുപോകണമെന്ന് ഹെർമനും ചോംസ്‌കിയും വാദിക്കുന്നു. അവ യഥാക്രമം 1. ഉടമസ്ഥാവകാശം (ownership) (വാർത്ത നൽകുന്ന സ്ഥാപനത്തിന്റെ ഉടമ ആരാണ്?), 2.ധനസഹായം (funding) (വാർത്ത നൽകുന്ന സ്ഥാപനത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാരാണ്?), 3. പക്ഷപാതം (bias) (ആരുടെ പക്ഷമാണ് വാർത്ത പറയുന്നത്?), 4. രൂക്ഷ വിമർശനം (flak) (ഏത് ഗ്രൂപ്പുകളാണ് വാർത്തയ്ക്കെതിരെ പക്ഷപാതിത്വം ആരോപിക്കുന്നത്?), 5. മാനദണ്ഡങ്ങൾ (norms) (മാധ്യമപ്രവർത്തകർ പങ്കിടുന്ന പൊതുവിശ്വാസപ്രമാണങ്ങൾ എന്തൊക്കെ?) എന്നിങ്ങനെയാണ്. മാധ്യമങ്ങൾ വായനക്കാരന് / പ്രേക്ഷകന് നൽകുന്ന വാർത്തകളെയും വിവിധ അവതരണങ്ങളെയും ഈ ഫിൽറ്ററുകളിലൂടെ വിശകലനവിധേയമാക്കി വേണം സ്വീകരിക്കാൻ എന്ന് ഈ ഗ്രന്ഥകാരൻമാർ നമ്മെ ഓർമിപ്പിക്കുന്നു.

ഡിസ്‌നികാർട്ടൂൺ പരമ്പരകൾ കുട്ടികളെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അമേരിക്കൻ ക്രിട്ടിക്കൽ പെഡഗോഗ് ഹെന്റി ഗ്യുറക്‌സ് അദ്ദേഹത്തിന്റെ ഉജ്ജ്വലമായ ലേഖനത്തിൽ "യുവത്വത്തിന്റെ കാർട്ടൂണീകരണം: കുട്ടികളുടെ സംസ്‌കാരത്തിന്റെ ഡിസ്‌നിഫിക്കേഷൻ' (Animating Youth: The Disneyfication of Children's Culture) വിശദമായി പ്രതിപാദിക്കുന്നുണ്ട്. ശിശുഭാവനയെ ഉണർത്തുന്ന, കുഞ്ഞുങ്ങളെ സന്മാർഗ വഴിയിൽ നയിക്കാൻ പര്യാപ്തമായ ഒന്നാണ് ഡിസ്‌നികാർട്ടൂൺ പരമ്പര എന്ന ജനപ്രിയ വാദത്തെ തള്ളിക്കളയുകയാണ് ഗ്യൂറക്‌സ്. കുട്ടികളിലെ മൂല്യബോധം, ആശയ സ്വീകരണം, അറിവുനിർമാണം എന്നിവയിൽ സ്‌കൂൾ, കുടുംബം, മതം എന്നിവയെക്കാളൊക്കെ ശക്തമായി സ്വാധീനിക്കാൻ കഴിവുള്ളതാണ് ഈ കാർട്ടൂൺ പരമ്പര എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. സ്ത്രീകഥാപാത്രങ്ങളെ പുരുഷനിഴലിൽ നിർത്തുന്ന, കുടുംബ / സമൂഹ സങ്കൽപ്പങ്ങളിൽ തികച്ചും യാഥാസ്ഥിതികമായ കാഴ്ച്പ്പാട് വെച്ചുപുലർത്തുന്ന, അധികാരഘടന വർഗബന്ധങ്ങൾ എന്നിവയെ വിമർശനമേതുമില്ലാതെ വിഴുങ്ങുന്ന ചരിത്ര നിരാസത്തിന്റെ വലിയ പാഠങ്ങളാണ് പ്രത്യക്ഷത്തിൽ നിർദ്ദോഷമെന്നു കരുതുന്ന ഈ കാർട്ടൂൺ പരമ്പര കുഞ്ഞുങ്ങൾക്ക് നൽകുന്നത്.

മിക്കി മൗസ് കാർട്ടൂൺ
മിക്കി മൗസ് കാർട്ടൂൺ

പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന ജനാധിപത്യ വിരുദ്ധമായ ലോകവീക്ഷണമാണ് അത് ഉൽപ്പാദിപ്പിക്കുന്നത്. ഡിസ്നി കാർട്ടൂണുകൾ വളരെ ചെറുപ്പം മുതലേകണ്ടു ശീലിക്കുന്ന ഒരുകുട്ടി മറ്റൊരാളെ ശാരീരികമായി വേദനിപ്പിക്കുന്നതിനെ (inflicting pain on others) കുറിച്ച് രൂപീകരിക്കുന്ന ധാരണ എന്തായിരിക്കും? റ്റോം ആന്റ് ജറി കാർട്ടൂൺ പരമ്പരയിൽ റ്റോമിന് കൂർത്ത ആണികൾ എഴുന്നുനിൽക്കുന്ന പലകകൊണ്ട് അടികിട്ടുന്നു. അവന്റെ പിൻഭാഗം തുളഞ്ഞുപോകുന്നു. വേദനകൊണ്ട് ആകാശത്തേക്ക് ഉയർന്നുപൊങ്ങുന്ന റ്റോം ഒരു നീർച്ചാലിൽ വീഴുന്നു. അവന്റെ പിൻഭാഗത്തെ തുളകളിൽ വെള്ളം നിറയുന്നു. അവൻ കരയിലേക്ക് ചാടുന്നു. അവിടെ വാടിക്കരിഞ്ഞു നിൽക്കുന്ന ഒരു പനിനീർ ചെടി കാണുന്നു. അതിന്റെ തടത്തിലേക്ക് ഒരു കെറ്റിലിൽനിന്ന് എന്നപോലെ പിൻഭാഗത്തെ തുളകളിൽ ശേഖരിച്ച വെള്ളം തളിക്കുന്നു. പനിനീർചെടി തളിർക്കുന്നു. അതിൽ മനോഹരമായ ഒരുപൂവ് വിരിയുന്നു. ആണിപ്പലകകൊണ്ട് കിട്ടുന്ന അടിയുടെ ഗുണങ്ങൾ നോക്കൂ! രക്തം ഒരു തുള്ളിപോലുമില്ല! കെറ്റിലിനുപകരം തുളകൾവീണ പിൻഭാഗത്തെ ഉപയോഗിക്കുകയും ചെയ്യാം! അക്രമം(violence) ഇതിൽപ്പരം സർഗാത്മകായി പിഞ്ചുമനസ്സുകളിലേക്ക് എങ്ങിനെ കുത്തിവെക്കാൻ പറ്റും?

ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്നും
ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്നും

കോവിഡ്ബാധയുടെ ഈ ഘട്ടത്തിൽ മരണത്തിന്റെയും രോഗബാധയുടെയും കണക്കുകൾ (data) മാത്രം നോക്കിനിൽക്കുകയാണ് നമ്മൾ. അതുകൊണ്ടാണ് സിസക്ക് അദ്ദേഹത്തിന്റെ ഏറ്റവും പുതിയപുസ്തകത്തിൽ "മഹാമാരി! കോവിഡ് 19 ലോകത്തെ പിടിച്ചുലക്കുന്നു' (Pandemic!: Covid-19 Shakes the World) ചോദിക്കുന്നത്, ഡാറ്റ അവസാനിക്കുകയും ഐഡിയോളജി തുടങ്ങുകയും ചെയ്യുക എവിടെവച്ചാണ് എന്ന്. എല്ലാവരുംതുല്യരാണ് എന്ന് പറഞ്ഞിരുന്ന ആ പ്രത്യയശാസ്ത്രം, കമ്മ്യൂണിസം എന്ന് ഒരിക്കൽ വിളിച്ചിരുന്ന ആ ഐഡിയോളജിയുടെ പുതിയപ്രയോഗം മാത്രമാണ് ഈ മഹാമാരിയെ നേരിടാനുള്ള ഏക വഴി എന്നും സിസക്ക് ഈ പുസ്തകത്തിൽ നിരീക്ഷിക്കുന്നു. അർഹതയുള്ളത് മാത്രം അതിജീവിച്ചാൽമതി (Survival of the fittest) എന്ന സോഷ്യൽ ഡാർവിനിസ്റ്റ് കാട്ടാളത്തത്തിലേക്കു നമ്മൾ പോവണമോ എല്ലാവരെയും ചേർത്തുപിടിക്കുന്ന തുല്യതയുടെ പ്രത്യയശാസ്ത്രത്തെ സ്വീകരിക്കണമോ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.

ഭാവികാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ ഓൺലൈൻ വിദ്യാഭ്യാസമാണ് കോവിഡ് അനന്തരകാലത്തെ ഒറ്റമൂലി എന്ന നിലക്കാണ് പുരോഗമിക്കുന്നത്

ഭാവികാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ ഓൺലൈൻ വിദ്യാഭ്യാസമാണ് കോവിഡ് അനന്തരകാലത്തെ ഒറ്റമൂലി എന്ന നിലക്കാണ് പുരോഗമിക്കുന്നത്. ക്ലാസ് മുറികൾക്കു പകരം വീടകങ്ങൾ പഠന കേന്ദ്രങ്ങളാവുന്ന അവസ്ഥയാണ് ഇനി വരാനിരിക്കുന്നത് എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സ്‌കൂളുകൾ പ്രവർത്തിച്ചുതുടങ്ങിയാലും ഓൺലൈൻ ക്ലാസുകളുടെ വിപുലീകരണം (extension) എന്ന നിലയിലായിരിക്കും അവ ഇനിയുള്ളകാലം പ്രവൃത്തിക്കുക എന്നും പറയുന്നുണ്ട്. ലോകത്തെമ്പാടുമുള്ള കോടിക്കണക്കായ വിദ്യാർത്ഥികളെ ഉന്നം വച്ചുകൊണ്ട് വൻ നിക്ഷേപത്തിന് ഒരുങ്ങുകയാണ് സ്വകാര്യമേഖല. ബോധനശാസ്ത്രം (pedagogy) നാളിതുവരെ കൈവരിച്ച പുരോഗമന ചിന്താഗതിയെ പാടെ അപ്രസക്തമാക്കുന്ന അധ്യാപക കേന്ദ്രീകൃതമായ വിവരവിതരണമാണ് നടക്കാൻ പോകുന്നത്. വിവരത്തെ (information) അറിവാക്കി (knowledge) മാറ്റുന്ന ബോധനശാസ്ത്ര രീതികൾ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന വൻകിടസംരംഭകരെ സംബന്ധിച്ചെടുത്തോളം അപ്രസക്തമാണ്. സ്വകാര്യമേഖലയിലെ കേന്ദ്രീകൃത ഓൺലൈൻ ക്ലാസുകൾ മുന്നോട്ടുവെക്കുന്ന സാമൂഹ്യലക്ഷ്യങ്ങളും അവയിലൂടെ ഒളിച്ചുകടത്തപ്പെടുന്ന പാഠ്യപദ്ധതിയും (hidden curriculum) തുറന്നുകാട്ടുകയാവണം പുരോഗമന വിദ്യാഭ്യാസ (progressive education) പ്രവർത്തനത്തിന്റെ മുഖ്യലക്ഷ്യം.

ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരുപരിവർത്തന ഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ലോകത്തെമ്പാടും സർവകലാശാലകളും സ്‌കൂളുകളും അടഞ്ഞുകിടക്കുന്നു, ആളുകൾ തൊഴിൽ തേടി അലയുന്നു, എവിടെയും കുടുംബത്തിന്റെയും അവനവന്റെയും ആരോഗ്യത്തെക്കുറിച്ച് പരിഭ്രാന്തരായ മനുഷ്യർമാത്രം, രോഗം ബാധിക്കാതിരിക്കുന്നതും ബാധിക്കുന്നതും തമ്മിലുള്ള അതിർവരമ്പ് നേർത്തുനേർത്ത് വരുന്നു. സുരക്ഷിതം / അരക്ഷിതം, ഉൽപ്പാദനക്ഷമം / ഉൽപ്പാദനക്ഷമമല്ലാത്ത, അകലം / അടുപ്പം എന്നീ ദ്വന്ദ്വങ്ങൾ അപ്രത്യക്ഷമാകുന്നു. പഠനത്തെക്കുറിച്ചും തൊഴിൽ സാധ്യതയെക്കുറിച്ചും ഒന്നും പ്രതീക്ഷിക്കാനാവാത്ത അവസ്ഥയെ കൂടുതൽ പ്രശ്‌നകലുഷിതമാക്കുകയാണ് എല്ലാം ഓൺലൈനിലേക്ക് മാറുന്ന രീതി. ഒരുപാട് മനുഷ്യരെ പുറംതള്ളാൻ ഓൺലൈൻവത്ക്കരണം കാരണമാവും എന്നുമാത്രമല്ല വിദ്യാഭ്യാസം ഉൾപ്പടെ എല്ലാത്തിനേയും അപമാനവീകരിക്കാനും(dehumanize) ഇത് കാരണമാവും.

മഹാമാരിയുടെ ഭീഷണിയിൽ ജീവിക്കുന്ന ലോകത്തെ മുഴുവനാളുകളും പങ്കുവെക്കുന്ന മാനസികാഘാതത്തെ (trauma) സംബോധനചെയ്തുകൊണ്ടു മാത്രമേ ഏതൊരു വിദ്യാഭ്യാസ പ്രവർത്തനവും ആരംഭിക്കാൻ പാടുള്ളു. മത്സര ബുദ്ധിയോടെ പൊടുന്നനെ പാഠങ്ങൾ പഠിപ്പിക്കാനും പഠിക്കാനുമല്ല ഈ ഘട്ടത്തിൽ ശ്രമിക്കേണ്ടത്. ഈ ട്രോമ താറുമാറാക്കിയ മാനസിക നിലയിലുള്ള കുഞ്ഞുങ്ങളെ കണ്ടില്ലാ എന്ന് നടിക്കുന്നത് മനുഷ്യത്വവിരുദ്ധമാണ്. മാത്രമല്ല ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ വീടകങ്ങളിൽ രക്ഷിതാക്കളുടെ കൂടെ സാന്നിദ്ധ്യത്തിലാണ് നടക്കുന്നത്. വിദ്യഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ എങ്ങിനെ ഇടപെടണം എന്ന് കൂടി ബോധ്യപ്പെടുത്തേണ്ടതും ഉണ്ട്. പാരന്റിംഗ് വിദ്യാഭ്യാസത്തിൽ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന തിരിച്ചറിവ് രക്ഷിതാക്കളിൽ സൃഷ്ടിക്കാൻ പറ്റിയ സന്ദർഭവുമാണിത്. ഇതോടൊപ്പം ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യമാണ് ശരിയായ ബോധനശാസ്ത്ര രീതിയുടെ പ്രയോഗം. മനുഷ്യാഭിമുഖ്യമില്ലാത്ത ടെക്നോളജിയെ മനുഷ്യപക്ഷത്തുനിൽക്കുന്ന പെഡഗോജിവഴി ശരിയായ ദിശയിൽ നയിക്കേണ്ടതുണ്ട്.

എന്താണ് ആ ശരിയായ പെഡഗോജിയുടെ രീതിശാസ്ത്രം? ഒന്നാമതായി അത് ഓരോകുട്ടിയുടെയും മൂർത്ത സാഹചര്യത്തെ കണക്കിലെടുക്കുന്നതാവണം എന്നതാണ്. ഒരു രാജ്യത്തിനും ഒരു സംസ്ഥാനത്തിനും കേന്ദ്രീകൃതമായ ഒരേ ക്ലാസുകൾ സംപ്രേഷണം ചെയ്യുക എന്നത് അതിന്റെ രീതിയല്ല. മാതൃഭാഷ മലയാളം പോലുമല്ലാത്ത എത്രയോകുട്ടികൾ കേരളത്തിൽ പഠനം നിർവഹിക്കുന്നുണ്ട്. കോവിഡ് കരുതലിന്റെ കേരളാ മാതൃക ലോകം മുഴുവൻ അംഗീകരിച്ച ഈ ഘട്ടത്തിൽ വിദ്യാഭ്യാസപ്രക്രിയ ചിലകുട്ടികളെയെങ്കിലും പുറംതള്ളുന്നതായിക്കൂട. ആദിവാസിഭാഷകളിൽവരെ വിവർത്തനം ചെയ്യപ്പെടേണ്ട പഠന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആലോചന കയ്യൊഴിഞ്ഞുകൊണ്ടാവരുത് കേന്ദ്രീകൃതമായ ഓൺലൈൻ ക്ലാസുകൾ. അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ നടക്കേണ്ട അർഥപൂർണമായ സംവാദമാണ് അറിവ് നിർമാണത്തിന് കുട്ടിയെ സഹായിക്കുക. സംവാദ സാധ്യത ഇല്ലാത്ത ഓൺലൈൻ ക്ലാസുകൾ ഒരുകാരണവശാലയും സ്വീകാര്യമല്ല. കേന്ദ്രീകൃത ഓൺലൈൻ ക്ലാസിന്റെ ഫെസിലിറ്റേറ്റർമാരായി ഒരോ അധ്യാപികയും മാറണം എന്ന് പറയുന്നുണ്ട്. ഇവിടെ രണ്ടുപ്രശ്‌നങ്ങൾ നേരിടേണ്ടിവരുന്നുണ്ട്. ഒന്ന് ഇന്റർനെറ്റ് പ്രാപ്യതയും (access) സ്മാർട്ട് ഫോണും എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടായാൽ മാത്രമേ ഈ ഫെസിലിറ്റേഷൻ സാധ്യമാവൂ എന്നതാണ്. ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ഇത് എത്രത്തോളം ഉറപ്പാക്കാൻ കഴിയും എന്നത് പ്രവചിക്കാൻ കഴിയുന്നകാര്യമല്ല. രണ്ടാമതായി ടെലിവിഷൻ വഴി ലഭ്യമായ ക്ലാസ് അത് ഫെസിലിറ്റേറ്റ് ചെയ്യുന്ന അധ്യാപികയുടെ ബോധനരീതിയുമായി ചേർന്നുപോവുന്നില്ലെങ്കിൽ ഉണ്ടാവാനുള്ള പ്രശ്‌നങ്ങളും കണക്കിലെടുക്കണം എന്നതാണ്. നിലനിൽക്കുന്ന അധികാരഘടനയെ ചോദ്യം ചെയ്യുന്നതും ജനാധിപത്യപരമായ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്നതുമാവണം നമ്മൾ പിന്തുടരുന്ന പുതിയ പെഡഗോജി. കേന്ദ്രീകൃതമായ ഓൺലൈൻ ക്ലാസുകളിൽ ഇതിന്റെ സാധ്യത തുലോം വിരളമാണ്.

അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ നടക്കേണ്ട അർഥപൂർണമായ സംവാദമാണ് അറിവ് നിർമാണത്തിന് കുട്ടിയെ സഹായിക്കുക. സംവാദ സാധ്യത ഇല്ലാത്ത ഓൺലൈൻ ക്ലാസുകൾ ഒരുകാരണവശാലയും സ്വീകാര്യമല്ല.

വിവരത്തിന്റെ നിഷ്‌ക്രിയമായ സ്വീകർത്താവാകാതെ (passive recipient of information) വിദ്യാർത്ഥികളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയും അറിവുനിർമാണത്തിന്റെ സക്രിയമായ കാര്യകർത്താവ് (active agent of knowledge construction) ആക്കിമാറ്റുകയുമാവണം ബോധനശാസ്ത്രത്തിന്റെ പ്രാഥമിക ലക്ഷ്യം. ചിന്തയുടെമേൽ ഭാഷയുടെ പ്രാമാണികത്വം സ്ഥാപിച്ച പരികൽപ്പന മുന്നോട്ടുവച്ച സാപ്പിയർ, വോർഫ് (Sapir-Whorf hypothesis) എന്നീ ഭാഷാശാസ്ത്രകാരന്മാരും അവരുടെ പരികൽപ്പനയുടെ ചുവടുപിടിച്ച് ഒരു വ്യക്തിയുടെ ഭാഷയിലും സംസ്‌കാരത്തിലും ഐഡിയോളജിയിലും (language, culture and ideology) മാതൃഭാഷയ്ക്ക് നിർണായകമായ പങ്കുണ്ടെന്ന് സ്ഥാപിച്ച സാമൂഹ്യ ഭാഷാ ശാസ്ത്രകാരന്മാരായ ഫെയർക്‌ളോവും പെന്നി കുക്കും വിദ്യാഭ്യാസത്തിൽ മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. കേന്ദ്രീകൃത ഓൺലൈൻ ക്ലാസുകൾ ലോകത്തെമ്പാടുമുള്ള അനേകം വിദ്യാർത്ഥികളുടെ മാതൃഭാഷയെ പുറംതള്ളും എന്നതിൽ സംശയമില്ല. മാതൃഭാഷയിൽ പഠിക്കാൻ കഴിയുക എന്നതാണ് ശരിയായ ബോധനശാസ്ത്രത്തിന്റെ ആദ്യപടി. സൗന്ദര്യാത്മകവും സർഗാത്മകവും ചിന്തയെ ഉണർത്തുന്നതും വിമർശനാവബോധത്തെ പ്രോത്സാഹിപ്പിക്കുന്നതുമാവണം നാം സ്വീകരിക്കുന്ന ബോധനശാസ്ത്രം. അത്തരം വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുവരുന്ന ഒരു തലമുറയ്ക്ക് മാത്രമേ ഭാവി ജീവിതത്തെക്കുറിച്ചും ഭൂമിയുടെ നിലനിൽപ്പിനെക്കുറിച്ചും ശരിയായരീതിയിൽ ചിന്തിക്കാൻ കഴിയുകയുള്ളു. വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും ഉൾപ്പെടെ സമസ്തമേഖലയിലെയും കച്ചവടം കൊഴുപ്പിക്കാൻ മാത്രമുള്ള വിദ്യാഭ്യാസമല്ല ഇനിവേണ്ടത് എന്ന തിരിച്ചറിവാണ് നയരൂപീകരണ സമിതികളിൽ ഇരിക്കുന്നവർക്കുണ്ടാവേണ്ടത്. കച്ചവട താത്പര്യങ്ങളുടെ അധീശത്ത ഐഡിയോളജി തള്ളിക്കളയാൻ കെൽപ്പുള്ള ബോധനശാസ്ത്രം വികസിപ്പിച്ചെടുക്കുകയാണ് വേണ്ടത്. വൻകിട കോർപ്പറേറ്റുകൾ വച്ചുനീട്ടുന്ന ടെക്നോളജിക്കു കീഴ്‌പ്പെടുന്നതാവരുത് ആ പെഡഗോജി. പെഡഗോജിയെ മുന്നോട്ടുനയിക്കാനാവശ്യമായ ടെക്നോളജിയാണ് വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യം.

Comments