സ്കൂളുകൾ ജൂണിൽ തുറക്കരുത്, കൊറോണക്കാലം കഴിയട്ടെ

ജൂണിൽ സ്കൂൾ തുറക്കുക എന്ന പതിവ് ഇത്തവണ ഉണ്ടാവില്ല. ഉണ്ടാവാതിരിക്കുന്നതു തന്നെയാണ് സാമൂഹികാരോഗ്യത്തിന് നല്ലതും. പകർച്ചാവ്യാധികളുണ്ടാകുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നത് രോഗവ്യാപനത്തെ എങ്ങനെയാണ് തടഞ്ഞത് എന്നതിന് ചരിത്രത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ നൽകുകയാണ് ലേഖകൻ. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകളും സിജിറ്റൽ പിളർപ്പിന്റെ യാഥാർത്ഥ്യവും ഒപ്പം കൊറോണക്കാലത്തിനു ശേഷം, നിലനിൽക്കുന്ന വിദ്യാഭ്യാരീതികളിൽ വരുത്തേണ്ട മാറ്റവും ചർച്ച ചെയ്യുന്നു

ഹാമാരികളും അവയെതുടർന്നുള്ള സാമൂഹ്യജീവിത സ്തംഭനാവസ്ഥയും മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ച് ഭാഗികമായ അന്വേഷണങ്ങളും നിഗമനങ്ങളും മാത്രമേ നമുക്കുമുമ്പിലുള്ളൂ. കോവിഡ് 19 നെ സംബന്ധിച്ച ഈ ദിശയിലുള്ള അന്വേഷണങ്ങൾ ലോകത്തെമ്പാടും പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. ആരോഗ്യ പരിപാലനം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ എന്നീ മേഖലകളിലൊക്കെ മഹാമാരികൾ എങ്ങനെ ബാധിച്ചു എന്നതിനെ സംബന്ധിച്ച് പല പഠനങ്ങളും വിവിധ രാജ്യങ്ങളിൽ നടന്നിട്ടുണ്ട്. എന്നാൽ ലോക ചരിത്രത്തിലെ മഹാമാരികളായ സ്പാനിഷ് ഫ്‌ളൂ, പ്ലേഗ്, ഏവിയൻ ഫ്‌ളൂ, എച്ച് വൺ എൻ വൺ, സൈ്വൻഫ്‌ളൂ, ഇൻഫ്‌ളുവൻസ എന്നിവ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിച്ചു എന്നതിന് ലഭ്യമായ പഠനങ്ങൾ ഇല്ല എന്നുതന്നെ പറയാം. അമേരിക്കയിലെ അരിസോണയിൽ 2004 - 2008 കാലത്ത് ഇൻഫ്‌ളുവൻസ പടർന്നുപിടിച്ചപ്പോൾ സ്‌കൂളുകൾ അടച്ചിട്ടതിന്റെ അനന്തര ഫലത്തെക്കുറിച്ച് ഗവേഷണം നടന്നിട്ടുണ്ട് (US Public Health Report- 2010 Nov-Dec). ഈ പഠനം ഊന്നുന്നത് ആരോഗ്യ പരിരക്ഷയ്ക്കും രോഗവ്യാപനം തടയുന്നതിനും സ്‌കൂൾ അടച്ചിടൽ എങ്ങനെ സഹായകമായി എന്നതാണ്. 2009 ൽ യു.കെ യിൽ ഉണ്ടായ സൈ്വൻ ഫ്‌ളൂവിന്റെ പശ്ചാത്തലത്തിലും തത്തുല്യമായ പഠനമാണ് ലഭ്യമായിട്ടുള്ളത് ("Closure of schools during an influenza pandemic', Simon Cauchemez, Dr, PhD, et al). മഹാമാരികളെ മുൻനിർത്തി നടന്ന വിദ്യാഭ്യാസ സംബന്ധിയായ പഠനങ്ങൾ മിക്കതും രോഗവ്യാപനം തടയുന്നതിൽ സ്‌കൂൾ അടച്ചിടൽ സഹായകമായി എന്ന കണ്ടെത്തലാണ് മുന്നോട്ടുവച്ചത്.
ലോകത്തെ മാറ്റിമറിക്കാനുള്ള ഏറ്റവും ഫലപ്രദമായ ഉപാധിയാണ് വിദ്യാഭ്യാസം. പുതിയ ഒരു ലോകം സ്വപ്നംകാണുന്നവർ വിദ്യാഭ്യാസ നയരൂപീകരണവും പാഠ്യപദ്ധതി രൂപീകരണവും ഗൗരവമായി കാണേണ്ടതുണ്ട്. വിദേശ ജോലിയും മത്സരപരീക്ഷാവിജയവും വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യമായി ഒളിഞ്ഞും തെളിഞ്ഞും സങ്കൽപ്പിച്ചിരുന്നവർക്ക് കോവിഡാനന്തര ലോകത്ത് പുതിയ തിരിച്ചറിവുകളുണ്ടാവും എന്ന് നമുക്ക് ആശിക്കാം. മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്ത മുതലാളിത്ത നയങ്ങളെക്കുറിച്ചും മനുഷ്യ ജീവന്റെ നിസ്സാരതയെക്കുറിച്ചുമെല്ലാം ലോകമഹായുദ്ധാനന്തരതലമുറ (post-war generation) മനസ്സിലാക്കിയതുപോലെ ഏഴുദശകങ്ങൾക്കിപ്പുറം നമ്മളും മനസ്സിലാക്കുകയാണ് ഇന്ന്.
വിദ്യാഭ്യാസ നയരൂപീകരണത്തെയും, പാഠ്യപദ്ധതി രൂപീകരണത്തെയും, ബോധനശാസ്ത്ര സമ്പ്രദായങ്ങളെയും, പഠനത്തെയും, രക്ഷാകർതൃ വിദ്യാഭാസത്തെയും ഒരു മഹാമാരി ഏതെല്ലാം വിധത്തിൽ സ്വാധീനിച്ചു എന്നതിന് നമ്മുടെ പക്കൽ മുൻമാതൃകകൾ ഇല്ല. കോവിഡ് 19 നു ശേഷം വിദ്യാഭ്യാസം എന്താവണം എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള ആലോചനകൾ വിദ്യാഭ്യാസ നയരൂപീകരണം തൊട്ടു തുടങ്ങേണ്ടതുണ്ട്. കാലഹരണപ്പെട്ട ആശയങ്ങളും ഡാറ്റാ ബാങ്കും ആശ്രയിച്ച് വരും കാല വിദ്യാഭ്യാസ പുനഃസംഘാടനം ലക്ഷ്യമിടുകയാണങ്കിൽ പുതുലോകത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ നാം കയ്യൊഴിയുകതന്നെ ചെയ്യേണ്ടിവരും. പുരോഗമന വിദ്യാഭ്യാസ (Progressive education) നയങ്ങൾ അമേരിക്കയും ജപ്പാനും നടപ്പിലാക്കിയതും രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണെന്നതും ഈ ഘട്ടത്തിൽ ഓർക്കാവുന്നതാണ്. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ സോവിയറ്റ് യൂണിയന്റെ തകർച്ചയും (1991) ആഗോളവത്കരണനയങ്ങളും ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികളെ കച്ചവട വിദ്യാഭ്യാസത്തിലേക്ക് ആനയിക്കുകയാണ് ചെയ്തത്. രണ്ടാംലോകമഹായുദ്ധത്തിനുശേഷം ലോകഗതിയിലുണ്ടായ മാറ്റം പോലതന്നെ സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ ചരിത്ര സന്ധിയിലാണ് ഇതും സംഭവിച്ചത് എന്നത് കൗതുകകരമാണ്. കേരളത്തിലും 1994 ൽ ആണ് സ്വാശ്രയ മേഖലയിൽ എഞ്ചിനീയറിംഗ് കോളേജ് ആദ്യമായി ആരംഭിക്കുന്നതും. പറഞ്ഞുവരുന്നത് ചരിത്രത്തിലെ നിർണായക സന്ധികളിൽ വിദ്യാഭ്യാസ കാഴ്ച്ചപ്പാടിലും നല്ലതായാലും മോശമായതായാലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നതാണ്.

മഹാമാരികളെ മുൻനിർത്തി നടന്ന വിദ്യാഭ്യാസ സംബന്ധിയായ പഠനങ്ങൾ മിക്കതും രോഗവ്യാപനം തടയുന്നതിൽ സ്‌കൂൾ അടച്ചിടൽ സഹായകമായി എന്ന കണ്ടെത്തലാണ് മുന്നോട്ടുവച്ചത്.

കോവിഡ് 19 ആത്യന്തികമായി ആരോഗ്യരംഗം നേരിടുന്ന തീവ്രമായ പ്രതിസന്ധിയാണ്. സ്‌കൂളുകൾ അടച്ചിടുക എന്നത് രോഗവ്യാപനം തടയാനുള്ള മുഖ്യമായ നടപടികളിൽ ഒന്നുമാണ്. ലോകത്തെമ്പാടും കോടിക്കണക്കിനു വിദ്യാർത്ഥികളുടെ പഠനവും പഠനമൂല്യനിർണയവും മുടങ്ങുകയോ പാതിവഴിയിൽ സ്തംഭിച്ചുനിൽക്കുകയോ ആണ് ഇന്ന്. വീടുകളിൽ തളച്ചിടപ്പെട്ട വിദ്യാർത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് രക്ഷിതാക്കൾ. നയരൂപീകരണ സമിതികൾക്കാവട്ടെ സ്‌കൂൾ അടച്ചിടണോ പ്രവർത്തിപ്പിക്കണോ, അടച്ചിട്ടുകഴിഞ്ഞാൽ കുട്ടികളുടെ സാമൂഹ്യവത്ക്കരണത്തെയും പഠനത്തെയും മാനസിക വൈകാരിക പ്രശ്‌നങ്ങളെയും കായിക വളർച്ചയെയും എങ്ങനെ സംബോധനചെയ്യണം എന്നകാര്യങ്ങളിൽ വ്യക്തതയും ഇല്ല.
സ്വീഡനിൽ നടന്ന ഒരു പഠനം കാണിക്കുന്നത് മറ്റുള്ളവരെക്കാൾ 10 ദിവസം കൂടുതൽ പഠനാനുഭവം ലഭിച്ച ഒരു വിദ്യാർത്ഥിയുടെ അറിവിന്റെ പ്രയോഗശേഷി മൂല്യനിർണയ ഘട്ടത്തിൽ 1% കൂടുതലായിരുന്നു എന്നാണ്. ഒരു മാസമോ രണ്ടുമാസമോ പഠനാനുഭവം ലഭിക്കാതെപോവുന്ന ഒരു പഠിതാവിന് ആനുപാതികമായ നഷ്ടം (2% - 5%) അറിവിന്റെ പ്രയോഗത്തിൽ ഉണ്ടാവുമെന്നും ഇതിൽനിന്ന് അനുമാനിക്കാം (Carlson et al. (2015), Lavy (2015). സ്‌കൂളിൽ പോവുക, കൂട്ടംകൂടി കളിക്കുക, പഠിക്കുക എന്നതുതന്നെയാണ് സാമൂഹ്യവത്കരണത്തിന്റെ ആദ്യ ചുവട്. ആ അവസരം നിഷേധിക്കപ്പെടുകയോ പരിമിതപ്പെടുകയോ ചെയ്യുന്നത് വിദ്യാഭ്യാസം എന്ന പ്രക്രിയയെത്തന്നെ അപകടപ്പെടുത്തുന്നതാണ്. ഇന്ത്യയിലും കേരളത്തിലും പൊതുവെ 200 പ്രവൃത്തിദിനങ്ങൾകൊണ്ട് നേടിയെടുക്കാവുന്ന പാഠ്യപദ്ധതി ലക്ഷ്യങ്ങളാണ് (curricular objectives) ഒരു അധ്യയനവർഷം (academic year) സ്‌കൂൾ വിദ്യാഭ്യാസം മുന്നോട്ടുവെക്കുന്നത്. ഉന്നത വിദ്യാഭ്യാസ ഘട്ടത്തിൽ 100 പ്രവൃത്തിദിനങ്ങൾ ഉൾക്കൊള്ളുന്ന സെമസ്റ്ററുകളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. മഹാമാരികൾ ഒന്നും ഇല്ലാതെതന്നെ ലക്ഷ്യമിട്ട ഈ അധ്യയന ദിനങ്ങൾ ഒരിടത്തും പ്രായോഗികമായി ലഭിക്കുന്നില്ല. പഠനം പരീക്ഷാകേന്ദ്രീകൃതം മാത്രമായി മാറ്റാൻ ഇത് അധ്യാപകരെ നിർബന്ധിക്കുകയും ചെയ്യുന്നു. വിപണി നിയന്ത്രിക്കുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങൾ അധ്യാപനത്തെയും പഠനത്തെയും പരീക്ഷയിലും മത്സരത്തിലും മാത്രം ഊന്നുന്ന വിധം മാറ്റിത്തീർത്തിരിക്കുന്നു. മൈക്കൽ ആപ്പിൾ അദ്ദേഹത്തിന്റെ പ്രശസ്തമായ ഐഡിയോളജി ആൻഡ് കരിക്കുലം എന്ന പുസ്തകത്തിൽ പറഞ്ഞപോലെ പരീക്ഷ എന്ന വിദ്യഭ്യാസത്തിന്റെ വാലാണ് അധ്യാപകന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ("The tail of the test wags the dog of the teacher.') സോഷ്യൽ ഡാർവിനിസ്റ്റ് വീക്ഷണത്തിന്റെ - അർഹതയുള്ളവമാത്രം അതിജീവിച്ചാൽമതി (Survival of the fittest) - വിദ്യാഭ്യാസമേഖലയിലെ പ്രയോഗമാണ് മുതലാളിത്തം സമർത്ഥമായി ഇതുവഴി പ്രയോഗത്തിൽ വരുത്തിയത്. വിദ്യാഭ്യാസം എന്ന സൂക്ഷ്മ രാഷ്ട്രീയ പ്രയോഗത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടോ മെറിറ്റോക്രസിയിലുള്ള ബോധപൂർവ വിശ്വാസം കൊണ്ടോ, ഒളിച്ചുകടത്തുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയബോധം നിമിത്തമോ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലും പുരോഗമന പക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലും വിദ്യാഭ്യാസരംഗത്ത് ഈ വീക്ഷണം വളരെ ശക്തമാണ്. വിപണി ലക്ഷ്യങ്ങളുടെ തകർച്ച കണ്ടുകൊണ്ടിരിക്കുന്ന, വികസന സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്ത് അനിവാര്യമാക്കി മാറ്റുന്ന കോവിഡ് മഹാമാരിക്ക് ശേഷവും നിലവിലെ പാഠ്യപദ്ധതി ലക്ഷ്യങ്ങളും അവ ആർജിക്കാനുള്ള സമയ ക്രമീകരണവും പിന്തുടരുന്നത് എത്ര അബദ്ധമാവും എന്ന് ആലോചിക്കേണ്ടതുണ്ട്.

ചിത്രം: മുഹമ്മദ് ഹനാൻ

കോവിഡിനുശേഷമുള്ള വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പര്യാലോചനകളിൽ ഓൺലൈൻ പഠനത്തിന്റെ മികവുകളും പ്രശ്‌നങ്ങളുമാണ് മുഖ്യമായും മുഴങ്ങിക്കേട്ടത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രാപ്യത (accessibility) നമ്മുടേതുപോലുള്ള ഒരു മൂന്നാം ലോകരാജ്യത്തിൽ പ്രശ്‌നവത്കരിക്കേണ്ടുന്നതാണ് എന്നതിൽ തർക്കമില്ല. സ്‌കൂൾ വിദ്യാഭ്യാസത്തിന് പകരമാകാൻ ഓൺലൈൻ വിദ്യാഭ്യാസത്തിനു കഴിയില്ല എന്ന വസ്തുത വിദ്യാഭ്യാസത്തിൽ സോഷ്യലൈസേഷന്റെയും സംഘപ്രവർത്തനത്തിന്റെയും മനുഷ്യഘടകത്തിന്റെയും (human element) അനിവാര്യത ചൂണ്ടിക്കാട്ടി എളുപ്പത്തിൽ സ്ഥാപിച്ചെടുക്കാൻ കഴിയും. സംസാര ശേഷിയില്ലാത്ത രക്ഷിതാക്കളുടെ കേൾവിക്കുറവോ സംസാരവൈകല്യമോ ഇല്ലാത്ത കുഞ്ഞിന് കുട്ടികൾക്കായുള്ള ടെലിവിഷൻ പരിപാടികളിലൂടെ ഭാഷാശേഷി വളർത്താൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു കേസ് ഹിസ്റ്ററി ജോർജ് യൂൾ അദ്ദേഹത്തിന്റെ സ്റ്റഡി ഓഫ് ലാംഗ്വേജ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഭാഷാർജനത്തിൽ സമൂഹത്തിന്റെ പങ്കും അർത്ഥപൂർണവും വൈകാരികവുമായി മനുഷ്യർക്കിടയിൽ നടക്കേണ്ടുന്ന പരസ്പരാശയവിനിമയത്തിന്റെ ആവശ്യകതയുമാണ് ഇത് കാണിക്കുന്നത്. എന്നിരുന്നാലും സ്‌കൂളുകൾ അനിശ്ചിതമായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം എന്ന സാധ്യത പരിശോധിക്കപ്പെടുകതന്നെവേണം.

കോവിഡ് മഹാമാരിക്ക് ശേഷവും നിലവിലെ പാഠ്യപദ്ധതി ലക്ഷ്യങ്ങളും അവ ആർജിക്കാനുള്ള സമയ ക്രമീകരണവും പിന്തുടരുന്നത് എത്ര അബദ്ധമാവും എന്ന് ആലോചിക്കേണ്ടതുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസം രണ്ടുതരത്തിലുള്ള പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഒന്നാമതായി അത് എല്ലാവർക്കും ഒരുപോലെ പ്രാപ്യമല്ല എന്നതുതന്നെ. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് മികച്ച ഗാഡ്ജറ്റുകൾ ലഭ്യമല്ല എന്നുമാത്രമല്ല മിക്ക ഗ്രാമീണ മേഖലകളിലും വിദൂരപ്രദേശങ്ങളിലും ഇന്റർനെറ്റ് കണക്ഷന്റെ വേഗക്കുറവും പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഈ ഡിജിറ്റൽ വിടവിനുമപ്പുറം ഇന്നു കണ്ടുവരുന്ന ഓൺലൈൻ ക്ലാസുകൾ മുന്നോട്ടുവെക്കുന്ന ബോധനശാസ്ത്രപരമായ തിരിച്ചുപോക്കാണ് രണ്ടാമത്തെയും കൂടുതൽ അപകടകരവുമായ പ്രശ്നം. യാഥാസ്ഥിതികരും പാരമ്പര്യവാദികളും മുറുകെപ്പിടിച്ച ബാങ്കിങ്ങ് മോഡൽ അഥവാ അറിവിന്റെ നിറകുടമായ അദ്ധ്യാപകൻ ഒഴിഞ്ഞപാത്രങ്ങളായ വിദ്യാർത്ഥികളിൽ അറിവ് നിക്ഷേപിക്കുന്ന പഴഞ്ചൻ ബോധനരീതി ആണ് ഓൺലൈൻ വിദ്യാഭ്യാസം എന്നപേരിൽ മാർക്കറ്റിൽ ഇന്ന് ലഭ്യമായവ മുന്നോട്ടുവെക്കുന്നത്. പഠിതാവിനെ കേന്ദ്രസ്ഥാനത്തുനിർത്തിയ അറിവുനിർമാണത്തിലും (knowledge construction) സംഘപ്രവർത്തനത്തിലും (group work) വിമർശചിന്തയിലും (critical thinking) ഊന്നിയ പുതിയ വിദ്യാഭ്യാസ രീതിയെ പൂർണമായി കയ്യൊഴിയുകയാണ് ഓൺലൈൻ ക്ലാസുകൾ മിക്കതും. പരീക്ഷയിൽ സ്‌കോർ നേടുക എന്ന ഒറ്റലക്ഷ്യത്തിലേക്ക് വിദ്യാഭ്യാസപ്രക്രിയയെ ചുരുക്കാനും ഇത് വഴിവെക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ പിടിമുറുക്കിയ പുതുകാലത്ത് സ്ഥിരം അധ്യാപകർ എന്ന സങ്കൽപം തന്നെ ഒരു അധ്യയനവർഷത്തെ ഓൺലൈൻ ടീച്ചിങ്ങ് റിസോഴ്സ് പൂൾ വഴി ഇല്ലാതാവാനുള്ള സാധ്യതയും ഉണ്ട്. വരും വർഷങ്ങളിലും റെക്കോർഡ് ചെയ്യപ്പെട്ട ഈ ക്ലാസുകൾ വിദ്യാഭ്യാസസ്ഥാപന ഉടമകൾക്ക് ഉപയോഗിക്കാൻ കഴിയും. മാത്രമല്ല സ്ഥാപന ഉടമകൾക്കും ഭരണകൂടത്തിനും വേണമെങ്കിൽ ഈ ക്ലാസുകൾ നിരീക്ഷണ വിധേയമാക്കാം എന്നതും അധ്യാപനത്തിലെ സർഗാത്മകതയേയും വിമർശചിന്തയേയും പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്. അധ്യാപകനും വിദ്യാർത്ഥികൾക്കും ഇടയിൽ നടക്കേണ്ട ജൈവിക സ്വഭാവമുള്ള സംവാദമാണ് അറിവുനിർമാണത്തിന്റെ ആധാരശില. ഈ സംവാദസാധ്യത നിലനിർത്താൻ ഇന്നത്തെ ഓൺലൈൻ ക്ലാസുകൾക്ക് ബോധനശാസ്ത്രപരമായും പ്രായോഗികമായും കഴിയുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇങ്ങനെയൊക്കെ ആണെനിക്കിലും ഓൺലൈൻ ക്ലാസുകൾക്ക് ചില മികവുകളും ഉണ്ട് എന്നത് കാണാതിരുന്നുകൂടാ. ലൈവ് ക്ലാസ് അല്ലാത്തവ വീണ്ടും കാണാനും കേൾക്കാനും വിദ്യാർത്ഥികൾക്ക് അവസരമുണ്ട് എന്നതും അധ്യാപകർ പറയുന്നത് കേൾക്കുന്നതിനൊപ്പം' പറയുന്നകാര്യങ്ങൾ സബ്‌ടൈറ്റിൽ വഴി കാണാനും വായിക്കാനും അവസരം നൽകാനുള്ള സൗകര്യവും ഓൺലൈൻ ക്ലാസുകൾക്കുണ്ട്. പഠനത്തെ മൾട്ടി സെൻസറി ആക്കാൻ ഇതുവഴി സാധിക്കുന്നു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ചില അവസരങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സഹായകരമാവും. എന്നാൽ വ്യക്തിഗത ശ്രദ്ധയും (Individual attention) പഠനപ്രവർത്തനങ്ങളുടെ അനുരൂപീകരണവും (adaptation) ഏറ്റവും ആവശ്യമായ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെയാണ് യാഥാർത്ഥത്തിൽ ഓൺലൈൻ ക്ലാസുകൾ ഏറ്റവും പ്രതികൂലമായി ബാധിക്കുക.
കേരളത്തിലെ പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയിൽ സംഭവിച്ച ചില വിചിത്രമായ സംഗതികൾ കോവിഡ് 19 ന് ശേഷമെങ്കിലും ആവർത്തിക്കില്ല എന്ന് പ്രത്യാശിക്കാം. രാജ്യത്തെ നിയമത്തെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കണം എന്ന ആവശ്യം ഉയർന്നപ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്ക് നിയമ പാഠം അച്ചടിച്ച് വിതരണം ചെയ്തിരുന്നു മുൻപ്. ഇപ്പോൾ ആരും അതേക്കുറിച്ച് മിണ്ടുന്നില്ല. ജീവിത നൈപുണ്യ വിദ്യാഭ്യാസം ആവശ്യമാണ് എന്ന് വന്നപ്പോൾ ഉടനെ അതിനും കൈപ്പുസ്തകങ്ങൾ തയ്യാറാക്കിവിതരണം ചെയ്തു. അതും ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. നിലവിലെ പാഠ്യപദ്ധതിക്ക് പുറത്ത് വച്ചുകെട്ടിയ ഇവയൊക്കെ വളരെ വേഗത്തിൽ അപ്രസക്തമായി എന്നതാണ് നമ്മുടെ മുൻപിലുള്ള അനുഭവം. മനുഷ്യജീവിതത്തെ സമഗ്രമായി സ്പർശിക്കുന്ന, ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാവണം പാഠ്യപദ്ധതി. ഭാവിലോകത്തെക്കുറിച്ചുള്ള എന്തെല്ലാം തിരിച്ചറിവുകളാണ് ഈ മഹാമാരി മനുഷ്യകുലത്തിനു സംഭാവനചെയ്തത് എന്ന ആലോചന ആയിരിക്കണം പാഠ്യപദ്ധതി ലക്ഷ്യങ്ങളെ നിർണയിക്കുമ്പോൾ കണക്കിലെടുക്കേണ്ടത്. പാഠ്യപദ്ധതി ലക്ഷ്യങ്ങളെയും ബോധനത്തെയും പഠനത്തെയും പരീക്ഷയെയും പുനർവിചിന്തനത്തിനു വിധേയമാക്കിയാവണം പുതിയകാലത്തേക്കുള്ള വിദ്യാഭ്യാസ ദർശനം രൂപപ്പെടുത്തേണ്ടത്. മത്സരാധിഷ്ഠിത കമ്പോള നിയന്ത്രിത വിദ്യാഭ്യാസ നേട്ടങ്ങളെല്ലാം ഒരു സൂക്ഷ്മാണുവിനുമുന്നിൽ തകർന്നവീണകാഴ്ചയുടെ ഓർമയിൽനിന്നാവട്ടെ മനുഷ്യന്റെ സുസ്ഥിതിക്കായുള്ള ആ വിദ്യാഭ്യാസ ദർശനത്തിന്റെ രൂപപ്പെടൽ.
"ചരിത്രപരമായി നോക്കിയാൽ മഹാമാരികൾ മനുഷ്യരെ ഭൂതകാലത്തിൽനിന്നുള്ള വിച്ഛേദത്തിനു നിർബന്ധിക്കുകയും തങ്ങളുടെ ലോകത്തെ പുതുതായി വിഭാവനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നുകാണാൻ കഴിയും' എന്ന് അരുന്ധതിറോയ് നിരീക്ഷിച്ചിട്ടുണ്ട്. ഈ ചരിത്രസന്ധി ഒരു ലോകത്തിൽ നിന്നു മറ്റൊന്നിലേക്കുള്ള മാറ്റത്തിന്റെ ഘട്ടമാണ്. മുൻധാരണകളും അപരവിദ്വേഷവും, അക്രമവും, ധനമോഹവും, പഴഞ്ചൻ ഡാറ്റാബാങ്കും, ജീവസറ്റ ആശയങ്ങളും, പ്രകൃതി ചൂഷണത്തിന്റെ ഭീതിദമായ കാഴ്ചകളും ഇനിയും തുടരേണ്ടതുണ്ടോ എന്ന് നാം ആത്മപരിശോധന നടത്തേണ്ടുന്ന ഘട്ടമാണിത്. പവർ ബ്ലോക്കുകൾ നിർമ്മിച്ചെടുത്ത പൊതുബോധത്തിൽ തറഞ്ഞുനിൽക്കുക എന്നത് എളുപ്പമാണ്.

പാഠ്യപദ്ധതി ലക്ഷ്യങ്ങളെയും ബോധനത്തെയും പഠനത്തെയും പരീക്ഷയെയും പുനർവിചിന്തനത്തിനു വിധേയമാക്കിയാവണം പുതിയകാലത്തേക്കുള്ള വിദ്യാഭ്യാസ ദർശനം രൂപപ്പെടുത്തേണ്ടത്.

വിമർശചിന്തയുടെയോ ആത്മപരിശോധനയുടെയോ ബുദ്ധിമുട്ടുകൾ ഈ തറഞ്ഞു നിൽക്കൽ ആവശ്യപ്പെടുന്നില്ല. ഭൂമിയിലെ മുഴവൻ ജീവനും ഭീഷണിയായിമാറിയ ദുരമൂത്ത അസന്തുലിത വികസന സങ്കൽപ്പം കയ്യൊഴിയാനും പുതിയൊരുലോകം സ്വപ്നം കാണാനും ആ ലോക സങ്കൽപ്പത്തിനനുസരിച്ച വിദ്യാഭ്യാസ ദർശനം രൂപപ്പെടുത്താനും നമുക്കാവുമോ എന്നതാണ് ചോദ്യം. ഉത്തരം കണ്ടെത്തേണ്ടതും നമ്മൾ തന്നെയാണ്.

Comments