ഫോട്ടോ: മുഹമ്മദ് ഹനാൻ

കേരളത്തെ കാത്തിരിക്കുന്നത് വലിയ പഠനക്കമ്മി

കേരളം നേരിടാൻ പോകുന്ന അതിഭീകരമായ പഠനക്കമ്മിയുടെ പശ്ചാത്തലത്തിൽ വിവേകപൂർണമായ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക എന്നതാണ്. അതിനായി വേണമെങ്കിൽ പ്രത്യേക വാക്‌സിൻ നയം തന്നെ മുന്നോട്ടുവക്കണം

കോവിഡ് മൂലം സ്‌കൂളുകൾ അടച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. ലോക ചരിത്രത്തിൽ ഇന്നോളം ഇത്രയും ദീർഘകാലം സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. സമാന സാഹചര്യം നിലനിന്നിരുന്ന സ്പാനിഷ് ബ്ലോഗിന്റെ കാലഘട്ടത്തിൽ പോലും ഇത്രയും നീണ്ട സ്‌കൂൾ അടവുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഒരു വലിയ ആഗോള പഠനക്കമ്മിയാണ് നമ്മെ കാത്തിരിക്കുന്നത്. അതുകൊണ്ട് സ്‌കൂളുകൾ തുറക്കുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് ഉടൻ ചെയ്യേണ്ടതുണ്ട്.

കോവിഡ് മൂലം സ്‌കൂളുകൾ അടച്ചത് ലോകത്തെ 90% വിദ്യാർഥികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യം എടുക്കുകയാണെങ്കിൽ; നൂറുശതമാനം വിദ്യാർഥികളെയും കോവിഡ് മൂലമുള്ള സ്‌കൂൾ അടവ് ദോഷകരമായി ബാധിച്ചു. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. നാടെമ്പാടും വിദ്യാലയങ്ങളും അവയോട് ആരോഗ്യകരമായ സമീപനങ്ങളും ഉണ്ടായതുകാണ്ടാണ് നാം ഉദ്‌ഘോഷിക്കുന്ന ഉയർന്ന സാക്ഷരതയും, ആരോഗ്യ നിലവാരവും ഒക്കെ നമുക്ക് നേടാൻ സാധിച്ചത്.

പ്രത്യക്ഷമായ ഒരു പഠന പ്രതിസന്ധി കോവിഡാനനന്തര വിദ്യാഭ്യാസ ലോകത്തിൽ ഉണ്ടാകാൻ പോകുകയാണ്.

കോവിഡ് മൂലമുള്ള സ്‌കൂൾ അടവും അതിന്റെ തിക്തഫലങ്ങളും എങ്ങനെയാണ് ലോകജനതയെ സ്വാധീനിക്കുക എന്നതിനെ സംബന്ധിക്കുന്ന ശാസ്ത്രീയ പഠനങ്ങൾ യൂനിസെഫ്, യൂനസ്‌കോ, വേൾഡ് ബാങ്ക് എന്നിങ്ങനെയുള്ള യുണൈറ്റഡ് നേഷൻസ് ഏജൻസികൾ നടത്തിയിട്ടുണ്ട്. ‘യുണൈറ്റഡ് നേഷൻസ് പോളിസി ബ്രീഫ്’ പറയുന്നതനുസരിച്ച് കോവിഡ് പ്രതിസന്ധിയും അതിന്റെ ഫലമായുണ്ടായ സ്‌കൂൾ അടവും മൂലം, നിലനിൽക്കുന്നതിനേക്കാൾ 24 മില്ല്യൺ വിദ്യാർഥികൾക്ക് സ്‌കൂളിൽ നിന്ന് കൊഴിഞ്ഞു പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, വിദ്യാർഥികൾക്ക് എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമുള്ള കഴിവ്, അടിസ്ഥാന അക്കാദമിക നൈപുണികൾ, വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ ശേഷികൾ എന്നിവയെ എല്ലാം ഈ സ്‌കൂൾ അടവ് ദോഷകരമായി ബാധിക്കും. ഓരോ അക്കാദമിക വർഷം കഴിയും തോറും സിലബസ് പരിഷ്‌കരണത്തിലൂടെ പുതുമയുള്ള വിഷയങ്ങളും ആശയങ്ങളും കടന്നുവരാറുണ്ട്. തൊണ്ണൂറുകളിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന സിലബസിലെ കാര്യങ്ങളെല്ലാം ഇപ്പോൾ ഒരു കുട്ടി അഞ്ചാം ക്ലാസിൽ കവർ ചെയ്യുന്നു.

ആഗോളതലത്തിൽ സ്‌കൂൾ അടച്ചിടൽ ബാധിച്ച കുട്ടികളുടെ എണ്ണം. / UN policy brief, Education during Covid-19 and beyond(August 2020)

എന്നാൽ കോവിഡ് പ്രതിസന്ധി വിദ്യാർത്ഥികളുടെ അക്കാദമിക ശേഷിയിൽ കാര്യമായ പ്രതിഫലനമുണ്ടാക്കും എന്ന വിലയിരുത്തൽ ലോകത്തിന്റെ പുരോഗതിയെ തന്നെ പിന്നോട്ടടിപ്പിക്കുന്നതാണ്. ഇതിന്റെ ഫലമായി ഏതാണ്ട് 72 മില്യൺ വിദ്യാർഥികളെങ്കിലും ഇപ്പോൾ നിലനിൽക്കുന്ന സിലബസ് പഠിച്ച് മുന്നോട്ടുപോകുന്നതിന് ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട് എന്നാണ് ഐക്യരാഷ്ട്രസഭയുടെ നയ സംക്ഷിപ്ത രേഖ നിരീക്ഷിക്കുന്നത്. അതുകൊണ്ട് സിലബസ് ലഘൂകരിക്കുന്ന രീതിയിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ട അവസ്ഥയിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം ഒന്നാകെ മടങ്ങിപ്പോകേണ്ടിവരും. അതായത്, പ്രത്യക്ഷമായ ഒരു പഠന പ്രതിസന്ധി കോവിഡാനനന്തര വിദ്യാഭ്യാസ ലോകത്തിൽ ഉണ്ടാകാൻ പോകുകയാണ്. വളരെ ആശങ്കയോടെയാണ് യൂണിസെഫ്, വേൾഡ് ബാങ്ക്, യുനെസ്‌കോ തുടങ്ങിയ അന്തർദേശീയ ഏജൻസികൾ കോവിഡാനന്തരം ഉണ്ടാകാൻ സാധ്യതയുള്ള ഈ പഠനക്കമ്മിയെ നോക്കിക്കാണുന്നത്.

ഈ ആഗോള പഠനക്കമ്മി ലോക ഉൽപാദനത്തിന്റെ 10 ശതമാനമെങ്കിലും താഴേക്ക് കൊണ്ടുപോകും എന്ന ആശങ്കയും യുണൈറ്റഡ് നേഷൻസ് പോളിസി ഡോക്യുമെൻറ്​ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതുകൂടാതെയാണ് വിദ്യാർഥികൾ നേരിടാൻ സാധ്യതയുള്ള ആരോഗ്യ- മാനസിക- വൈകാരിക- സാമൂഹിക പ്രശ്‌നങ്ങൾ. കേരളത്തിൽ തന്നെ വിദ്യാർത്ഥികളുടെ കോവിഡ് കാല ആത്മഹത്യകളിലെ വർദ്ധനവ് കാണിക്കുന്നത് വീടുകളിൽ കൂടുതൽ നേരം തങ്ങുകയും അവിടെയിരുന്ന് പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് വിദ്യാർഥികൾക്ക് മാനസിക സംഘർഷവും പിരിമുറുക്കവും സൃഷ്ടിക്കുന്നു എന്നതാണ്.

തങ്ങളുടെ സ്‌കൂൾ വർഷങ്ങൾ നഷ്ടപ്പെട്ടുപോയ വിദ്യാർത്ഥികൾക്ക്​ നിലനിൽക്കുന്ന മത്സരാത്മക വിദ്യാഭ്യാസത്തിൽ ഇണങ്ങിച്ചേരുന്നതിനുള്ള രണ്ട് സുപ്രധാന വർഷങ്ങളാണ്​ നഷ്ടമായത്​

കോവിഡ് കാലത്ത് രക്ഷകർത്താക്കളുടെ ജോലി നഷ്ടപ്പെടുന്നതും സാമ്പത്തിക പ്രതിസന്ധിയുണ്ടാവുന്നതും വീടുകളിലെ അരക്ഷിതാവസ്ഥയും മോശം അന്തരീക്ഷവുമെല്ലാം വിദ്യാർത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. അനുദിനം വളരുന്ന സിലബസുകളും, മത്സരാത്മകമായ പരീക്ഷാ സമ്പ്രദായങ്ങളുമെല്ലാം കോവിഡാനന്തര കാലഘട്ടത്തിലും മാറ്റമില്ലാതെ തുടരും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ തങ്ങളുടെ സ്‌കൂൾ വർഷത്തിലെ സുപ്രധാനമായ രണ്ടു വർഷങ്ങൾ നഷ്ടപ്പെട്ടുപോയ വിദ്യാർത്ഥികൾ നിലനിൽക്കുന്ന മത്സരാത്മക വിദ്യാഭ്യാസത്തിൽ ഇണങ്ങിച്ചേരുന്നതിനുള്ള രണ്ട് സുപ്രധാന വർഷങ്ങൾ നഷ്ടപ്പെട്ടവരാണ്. ഇത് പഠനശേഷിയിലും, അക്കാദമിക മനോഭാവത്തിലും മറ്റും ആഴത്തിൽ വിള്ളലുണ്ടാക്കും എന്നത് ലോകമൊന്നാകെ നേരിടാൻ പോകുന്ന ഒരു വലിയ പഠന ക്കമ്മിയെയാണ് സൂചിപ്പിക്കുന്നത്.

കോവിഡ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു സമഗ്ര ചിത്രം നൽകുന്ന വിവരശേഖരണം പോലും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. / Photo: unicef.org

സ്‌കൂളുകൾ തുറക്കാൻ വൈകുന്നതുമൂലമുള്ള പ്രതിസന്ധിയുടെ ആഴം എത്രയായിരിക്കുമെന്ന് മുൻകൂട്ടി കാണുന്നതിനുള്ള ശ്രമങ്ങളൊന്നും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. സ്‌കൂളുകൾ അടച്ചതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള പഠനക്കമ്മിയും, ഉൽപ്പാദന മേഖലയിലും വരുമാനത്തിലും ഉണ്ടാകാൻ സാധ്യതയുള്ള ഇടിവും ഒക്കെ ആഗോള വിദ്യാഭ്യാസമേഖലയിൽ വലിയ ചർച്ചാവിഷയം ആകുമ്പോഴും നമ്മുടെ പഠനപരമായ പ്രതിസന്ധികളെ കുറിച്ചും അവയെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും ചർച്ചകളോ ആശങ്കകളോ കേരളത്തിലെ വിദ്യാഭ്യാസ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

കോവിഡ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു സമഗ്ര ചിത്രം നൽകുന്ന വിവരശേഖരണം പോലും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നമുക്ക് ആകെയുള്ളത് കേരളത്തിൽ എത്ര വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാണ് അല്ലെങ്കിൽ ലഭ്യമല്ല എന്ന കണക്ക് മാത്രമാണ്. ഈ കണക്ക് തന്നെ പരിതാപകരമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിപുല സംവിധാനങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കി കൊടുക്കാൻ ശ്രമിച്ചതിനുശേഷവും പഠനോപകരണങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നു എന്നത് ഗൗരവതരമായ കാര്യമാണ്.

ഗവൺമെന്റിന്റെ കണക്കനുസരിച്ച് ‘ഫസ്റ്റ് ബെൽ' എന്ന ഡിജിറ്റൽ ടി.വി പഠന പ്രോഗ്രാം തുടങ്ങുമ്പോൾ 2,60,000 വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങൾ ഇല്ല എന്ന് കണ്ടെത്തിയിരുന്നു. ഏതാണ്ട് ഒരു വർഷം കഴിയുമ്പോൾ ഗവൺമെൻറ്​ തന്നെ നൽകുന്ന കണക്കനുസരിച്ച് അത് നാലു ലക്ഷത്തിലധികമായി വർധിച്ചു. അതായത് വിപുല സംവിധാനങ്ങളിലൂടെ വിദ്യാർഥികൾക്ക് പഠന സൗകര്യം ഒരുക്കി കൊടുക്കാൻ ശ്രമിച്ചതിനുശേഷവും പഠനോപകരണങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നു എന്നത് ഗൗരവതരമായ കാര്യമാണ്.

കൃത്യമായ വിവരങ്ങളും വിശകലനങ്ങളും ഇല്ലാതെ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് ഇരുട്ടിൽ തപ്പുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ കോവിഡുകാലത്തെ വിദ്യാഭ്യാസ സംബന്ധിയായ വിവരങ്ങൾ ശാസ്ത്രീയമായി ക്രോഡീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഒരു പദ്ധതിയാണ് ഗവൺമെൻറ്​ അടിയന്തരമായി വികസിപ്പിക്കേണ്ടത്.

സ്‌കൂളുകൾ തുറക്കാൻ വൈകുന്നതുമൂലമുള്ള പ്രതിസന്ധിയുടെ ആഴം എത്രയായിരിക്കുമെന്ന് മുൻകൂട്ടി കാണുന്നതിനുള്ള ശ്രമങ്ങളൊന്നും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നുവേണം മനസ്സിലാക്കാൻ. / Photo: Muhammad Hanan

ഒന്നരവർഷം സ്‌കൂളുകൾ അടഞ്ഞു കിടന്നത് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയെ എപ്രകാരം ബാധിക്കും? കോവിഡാനന്തരം സ്‌കൂളുകൾ തുറന്നാൽ ഇപ്പോൾ പുറത്തേക്കുപോയ എല്ലാ വിദ്യാർഥികളും സ്‌കൂളിലേക്ക് വരുമെന്ന കാര്യത്തിൽ ഉറപ്പുണ്ടോ? ഏതാണ്ട് ഒന്നര വർഷം സ്‌കൂളുകൾ അടഞ്ഞുകിടന്നതു മൂലം വിദ്യാർത്ഥികളുടെ പഠന നൈപുണികളിലുണ്ടാവുന്ന കുറവ് എപ്രകാരമാണ് അവരുടെ അക്കാദമിക ശേഷിയെയും ഭാവിനേട്ടങ്ങളെയും ബാധിക്കുക? കോവിഡുകാല വിദ്യാർഥികൾ; മുൻപും ശേഷവും ഉള്ള വിദ്യാർഥികളുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ എന്തൊക്കെ ന്യൂനതകളാണ് അവർക്കുണ്ടാവുക? കോവിഡ് കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിലൂടെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട പ്രത്യേക വിദ്യാർഥി സമൂഹം ( സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ളവർ, ലിംഗപരമായ വ്യത്യാസം എന്നിങ്ങനെ) ഏതാണ്? അവർക്കുവേണ്ടി എന്തു പദ്ധതികളാണ് സ്വീകരിച്ചതും കോവിഡാനന്തരം സ്വീകരിക്കാൻ പോകുന്നതും? ഇത്തരം ചോദ്യങ്ങളുടെ മുന്നിൽ ഇരുട്ടിൽ തപ്പുകയാണ് കേരളം. നേരിടാൻ പോകുന്ന അതിഭീകരമായ പഠനക്കമ്മിയുടെ പശ്ചാത്തലത്തിൽ വിവേകപൂർണമായ തീരുമാനം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക എന്നതാണ്.

സ്‌കൂളുകൾ അടിയന്തിരമായി തുറക്കണം; എന്തുകൊണ്ട്?

ഈ കാലഘട്ടത്തിലെ വിദ്യാർഥികൾക്ക് ഇതുവരെ പിന്തുടർന്നുവന്ന കാലത്തിന്റെ വേഗത്തിനൊപ്പമെങ്കിലും സഞ്ചരിക്കുന്നതിന് അടിയന്തര സഹായങ്ങളും പരിഗണനകളും ലഭ്യമാക്കേണ്ടതുണ്ട്. ലോക ബാങ്ക് വൈസ് പ്രസിഡൻറ്​ മമതാ മൂർത്തി പറയുന്നു; "അടിയന്തര പ്രാധാന്യമുള്ളതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ ശ്രദ്ധ പതിപ്പിക്കാത്തടത്തോളം കാലം കോവിഡ് കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ പൂർണമായി വിനിയോഗിക്കാൻ സാധിച്ചുകൊള്ളണമെന്നില്ല'. ലോക വിദ്യാർത്ഥി ജനസംഖ്യയുടെ പകുതിയിലധികം വളരെ ആഴത്തിലുള്ള പഠനക്കമ്മി നേരിടുമ്പോൾ അതിനെ മറികടക്കുന്നതിനുള്ള അതി തീവ്രയത്‌നങ്ങളിലേക്ക് ലോകരാജ്യങ്ങൾ കടക്കേണ്ടതുണ്ട് എന്നാണ് വേൾഡ് ബാങ്ക് നിർദ്ദേശം.

കോവിഡ് കാലഘട്ടത്തിൽ നടപ്പിലാക്കിയ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ആചാരം എന്നതിനേക്കാളുപരി പഠന ബോധന പ്രക്രിയയുടെ അടിസ്ഥാന സ്വഭാവങ്ങളുണ്ടായിരുന്നില്ല.

സ്‌കൂളുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആർജിക്കുന്ന ശേഷികൾ മത്സരാത്മകമായ ഈ ലോകത്ത് നിലനിൽക്കുന്നതിനുള്ള അടിസ്ഥാന പാഠങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന ആവാസ വ്യവസ്ഥയുടെ മാതൃകകളാണ് യഥാർത്ഥത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് അനുഭവങ്ങളുടെ രൂപത്തിൽ നൽകുന്നത്. എന്നാൽ കോവിഡ് കാലഘട്ടം ഇത്തരം ശേഷികൾ ആർജിക്കുന്ന തിനുള്ള എല്ലാ സാധ്യതകളും കൊട്ടിയടക്കുകയാണ്. അതുകൊണ്ടുതന്നെ അടിയന്തര പ്രാധാന്യത്തോടെ എല്ലാ രാജ്യങ്ങളും പരിഗണിക്കേണ്ട പ്രധാന കാര്യം, സ്‌കൂളുകൾ തുറക്കുക എന്നതാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ മുന്നോട്ടുവെക്കുന്ന നിർദ്ദേശം. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കേരളത്തിന്റെ കാര്യത്തിലും പൂർണമായും ശരിയാണെന്ന് കാണാം. ഈ ആഗോള പശ്ചാത്തലങ്ങളുടെ സാഹചര്യങ്ങൾ നമുക്കും ബാധകമാണെന്നിരിക്കെ കേരളവും അടിയന്തരമായി സ്‌കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.

വലിയ വിഭാഗം വിദ്യാർത്ഥികളെ പാർശ്വവൽക്കരണത്തിന് വിധേയമാക്കുകയാണ് കേരളത്തിൽ നടപ്പിലാക്കിയ വിദൂരവിദ്യാഭ്യാസ പ്രക്രിയ ചെയ്തത്. / Photo: Muhammad Hanan

കോവിഡ് കാലഘട്ടത്തിൽ നടപ്പിലാക്കിയ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ആചാരം എന്നതിനേക്കാളുപരി പഠന ബോധന പ്രക്രിയയുടെ അടിസ്ഥാന സ്വഭാവങ്ങളുണ്ടായിരുന്നില്ല. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാകാത്ത വിദ്യാർത്ഥികളും ഇന്റർനെറ്റ് റെയ്ഞ്ച് കിട്ടാൻ മരത്തിനുമുകളിൽ കയറേണ്ടിവരുന്ന വിദ്യാർത്ഥികളും നമുക്കിടയിലുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസം എല്ലാവരിലും എത്തിയില്ല എന്നത് ഗവൺമെൻറ്​ പോലും തുറന്നുസമ്മതിക്കുന്നു. വലിയ വിഭാഗം വിദ്യാർത്ഥികളെ പാർശ്വവൽക്കരണത്തിന് വിധേയമാക്കുകയാണ് കേരളത്തിൽ നടപ്പിലാക്കിയ വിദൂരവിദ്യാഭ്യാസ പ്രക്രിയ ചെയ്തത്.

നേരത്തെ, പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളാണ് കൂടുതൽ പാർശ്വവൽക്കരണത്തിന് വിധേയരായത്. അതായത്, ദുർബലവിഭാഗങ്ങൾ. ഇതിനുദാഹരണമാണ് ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾ നേരിട്ട പ്രതിസന്ധി. ഇന്റർനെറ്റും ഡിജിറ്റൽ ഉപകരണങ്ങളും ഇല്ലാതെ ഈ വിദ്യാർഥികൾ കഷ്ടപ്പെടുമ്പോൾ സാമ്പത്തികമായി സുസ്ഥിരമായ അവസ്ഥയിലുള്ള നഗരപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ഡിജിറ്റൽ മാർഗങ്ങളിലൂടെ ആവർത്തിച്ചു കാണാനും അതുവഴി കൂടുതൽ മാർക്ക് വാങ്ങുന്നതിനുള്ള അവസരം സംജാതമാകുന്നു. ഈ അസമത്വം കണ്ടില്ലെന്നു നടിച്ച് മുൻപോട്ടു പോകുന്നത് ഭരണഘടനാപരമായ ലംഘനം കൂടിയാണ്. അതുകൊണ്ടുതന്നെ കോവിഡ് കാലഘട്ടം മുൻപോട്ടു വച്ച വിദൂര പഠന വിദ്യാഭ്യാസത്തിലൂടെ ഉടലെടുത്ത അസമത്വത്തിന്റെ പുതുരൂപത്തെ മറികടക്കുന്നതിന് എല്ലാ വിദ്യാർത്ഥികൾക്കും ഒരേപോലെ ലഭ്യമാകുന്ന വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണ്. സ്‌കൂൾ തുറക്കുക അല്ലാതെ ഇതിന് മറ്റൊരു പ്രതിവിധി ഇല്ല.

പഠനബോധന പ്രക്രിയ ഫലപ്രദമാകുന്നത് ഒരു സാമൂഹിക വ്യവസ്ഥയിലാണ്. വിദ്യാർഥികൾ തങ്ങൾക്ക് ലഭിക്കുന്ന ആശയങ്ങളുടെ അർത്ഥം വിപുലീകരിക്കുന്നുത് ആശയങ്ങളെ തങ്ങളുടെ സാമൂഹ്യ സന്ദർഭങ്ങളിൽ ചർച്ചയ്ക്ക് കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യുമ്പോഴാണ്. മാത്രമല്ല, ഒരു സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാകേണ്ട വിദ്യാർത്ഥികൾ അടിസ്ഥാന സാമൂഹിക നൈപുണികൾ നേടിയെടുക്കുന്നതും സ്‌കൂളിന്റെ സാമൂഹ്യ പശ്ചാത്തലത്തിൽ കൂടിയാണ്. ഇതോടൊപ്പം, ബൗദ്ധികവും വൈകാരികവുമായ വികാസത്തിന് സാമൂഹിക പശ്ചാത്തലം ഒരുക്കുന്ന സാധ്യതകൾ വളരെ വലുതാണ്. സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നത് അതുകൊണ്ടുതന്നെ വിദ്യാർഥികളുടെ സാമൂഹിക ശീലങ്ങളുടെ കാര്യത്തിൽ ആഴത്തിൽ പ്രതിസന്ധിയുണ്ടാക്കും. അത് അവർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വൈകാരിക സമ്മർദ്ദങ്ങളെക്കാളുപരി ഭാവിയെയാണ് ദോഷകരമായി ബാധിക്കുക.

പ്രത്യേക വാക്‌സിൻ നയം മുന്നോട്ടുവച്ചിട്ടാണെങ്കിൽ പോലും അടിയന്തരമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടിയിരിക്കുന്നു. / Photo: ddnews.gov.in

കേരളത്തിലെ ഏറ്റവും പ്രധാന വിഭവ സമ്പത്ത് എണ്ണത്തിലും ഗുണത്തിലുമുള്ള തൊഴിൽ ശേഷിയാണ്. നമ്മുടെ വിപുലമായ തൊഴിൽ ശക്തിയുടെ ഭാഗമാകേണ്ട വിദ്യാർത്ഥികൾക്ക് വിലപ്പെട്ട രണ്ടു വർഷങ്ങൾ സ്‌കൂളുകളുടെ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരിക എന്നത് ഭാവിയിൽ തൊഴിലിടങ്ങളിൽ അവർക്ക് ആവശ്യമായിവരുന്ന വൈകാരികവും സാമൂഹികവുമായ പൊരുത്തപ്പെടലുകളെ ദോഷകരമായി ബാധിക്കും എന്നതിൽ സംശയമില്ല.

പ്രത്യേക വാക്‌സിൻ നയം മുന്നോട്ടുവച്ചിട്ടാണെങ്കിൽ പോലും അടിയന്തരമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടിയിരിക്കുന്നു. രക്ഷകർത്താക്കൾ, അവരുടെ ബന്ധുക്കൾ, അധ്യാപകർ, സ്‌കൂളിന്റെ സമീപപ്രദേശങ്ങളിൽ വിദ്യാർഥികൾ പോകാൻ സാധ്യതയുള്ള കടകളിലെ കച്ചവടക്കാർ എന്നിങ്ങനെ സ്‌കൂളും പരിസരവുമായി ബന്ധപ്പെട്ട മുഴുവൻ ആൾക്കാരെയും വാക്‌സിനേറ്റ് ചെയ്ത് യുദ്ധകാലടിസ്ഥാനത്തിൽ ചെയ്യേണ്ട ഒരു കാര്യമായി സ്‌കൂൾ തുറക്കൽ മാറേണ്ടിയിരിക്കുന്നു.

വെറുതെയങ്ങ് സ്‌കൂൾ തുറക്കാൻ പറ്റുമോ?

കോവിഡാനന്തരം സൂക്ഷ്മമായ ആസൂത്രണത്തോടെ വേണം സ്‌കൂളുകൾ തുറക്കാൻ. വലിയ വിഭാഗം വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് തിരിച്ചെത്താൻ മടി കാണിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുമൂലം തൊഴിലിടങ്ങളിലേക്ക് എത്തിപ്പെട്ട ഈ വിദ്യാർത്ഥികളെ തിരിച്ച് സ്‌കൂളുകളിലെത്തിക്കുക എന്നതിന് വലിയ പ്രയത്‌നം ആവശ്യമായിവരും. ഇടുക്കി, വയനാട്, പാലക്കാട്, കാസർകോട് ജില്ലകളിലെ ആദിവാസി മേഖലയിലുള്ള വിദ്യാർഥികളിൽ നല്ലൊരുഭാഗവും കോവിഡ് കാലത്ത് എന്തെങ്കിലും തൊഴിലുകളിൽ ഏർപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ട്. ചെറിയ ചില വരുമാനങ്ങൾ കിട്ടി തുടങ്ങിയിരിക്കാം എന്നതുകൊണ്ടുതന്നെ ഈ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിന് രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുപോലും എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്. ഗവൺമെന്റ് നേരിടാൻ പോകുന്ന വലിയ വെല്ലുവിളിയാണ്, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വലിയ വിഭാഗം വിദ്യാർത്ഥികളെ തിരിച്ച് സ്‌കൂളുകളിലേക്ക് എത്തിക്കുക എന്നത്.

വളരെ അടുത്ത് ഇടപെടുന്നതിനുള്ള അവസരം ലഭിക്കാത്തതുകൊണ്ട്, വിദ്യാർഥികൾക്ക് അധ്യാപകനോട് തങ്ങളുടെ പ്രശ്‌നങ്ങൾ പങ്കുവെക്കുന്നതിനും സഹായങ്ങൾ തേടുന്നതിലും ഒക്കെ വലിയ വിമുഖതയുണ്ടാവാൻ സാധ്യതയുണ്ട്.

മടങ്ങിയെത്തുന്ന വിദ്യാർഥികൾക്ക് പഴയ രീതിയിലുള്ള പഠന പ്രക്രിയയിലേക്ക് തിരിച്ചുവരുന്നത് എളുപ്പമായിരിക്കണമെന്നില്ല. പാഠഭാഗങ്ങൾ വെട്ടിക്കുറച്ചും സങ്കീർണമായ ഭാഗങ്ങൾ മാറ്റി നിർത്തിയും മറ്റുമാണ് അധ്യാപകർ വിദൂര വിദ്യാഭ്യാസ പ്രക്രിയയിൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, നിലവിലെ പഠന ബോധന പ്രക്രിയയിലേക്ക് ഉടൻ മടങ്ങിപ്പോവുക എന്നത് വിദ്യാർഥികൾക്ക് സ്‌കൂളിൽ വരുന്നതിനുള്ള മടുപ്പും എതിർപ്പും കൂട്ടുന്നതിനിടയാക്കിയേക്കാം. അതുകൊണ്ടുതന്നെ കോവിഡാനന്തരം, വിദ്യാർഥികളെ നേരിട്ട് പഠനബോധന പ്രക്രിയയിലേക്ക് പ്രവേശിപ്പിക്കാതെ ഒരു ബ്രിഡ്ജ് കോഴ്‌സിലൂടെ കടത്തിവിട്ട് അവരിൽ സ്‌കൂൾ പഠന സന്നദ്ധ സൃഷ്ടിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സ്‌കൂൾ പഠന സന്നദ്ധ സൃഷ്ടിക്കാത്ത പക്ഷം കോവിഡാനന്തരം സ്‌കൂളുകളിലെത്തുന്നവർ കൊഴിഞ്ഞു പോകാനോ പഠന ശേഷികൾ ആർജ്ജിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടാനോ സാധ്യതയുണ്ട്.

ഒന്നര വർഷമായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 99.9ശതമാനം അധ്യാപകർക്കും ക്ലാസെടുക്കാൻ സാധിച്ചിട്ടില്ല.

വിദ്യാർഥികളെ പോലെ തന്നെ പ്രധാനമാണ് അധ്യാപകരുടെയും ബോധന സന്നദ്ധത. ഒന്നര വർഷമായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 99.9ശതമാനം അധ്യാപകർക്കും ക്ലാസെടുക്കാൻ സാധിച്ചിട്ടില്ല. വിക്ടർ ടി.വിയിൽ ക്ലാസുകൾ റെക്കോർഡ് ചെയ്ത അധ്യാപകർ ഒഴിച്ച് മറ്റുള്ളവർക്ക് വിദ്യാർഥികളുമായി നേരിട്ടോ ഡിജിറ്റലോ ആയി സമകാലിക പരസ്പര വിനിമയം (synchronized communication) നടത്തുന്നതിന് അവസരം ലഭിച്ചിട്ടില്ല. മാത്രമല്ല, പല വിദ്യാർഥികളെയും അധ്യാപകൻ ഒരുപക്ഷേ നേരിട്ടുപോലും കാണാൻ പോകുന്നത് ആദ്യമായിട്ടാവും. വളരെ അടുത്ത് ഇടപെടുന്നതിനുള്ള അവസരം ലഭിക്കാത്തതുകൊണ്ട്, വിദ്യാർഥികൾക്ക് അധ്യാപകനോട് തങ്ങളുടെ പ്രശ്‌നങ്ങൾ പങ്കുവെക്കുന്നതിനും സഹായങ്ങൾ തേടുന്നതിലും ഒക്കെ വലിയ വിമുഖതയുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സ്‌കൂൾ തുറക്കുന്നതിനു മുൻപ് ഏത് രീതിയിലാണ് വിദ്യാർഥികളെ സമീപിക്കേണ്ടത് എന്നും എങ്ങനെയാണ് പാഠഭാഗങ്ങൾ അവരിലേക്ക് എത്തിക്കേണ്ടത് എന്നും മറ്റുമുള്ള പരിശീലന പരിപാടികൾ അധ്യാപകർക്കായി സംഘടിപ്പിക്കേണ്ടതുണ്ട്.

പ്രത്യേക വാക്‌സിൻ പരിഗണന നൽകി, സ്‌കൂൾ തുറക്കുന്നതിനാവശ്യമായ ആസൂത്രണം നടത്താനും പദ്ധതികൾ തയ്യാറാക്കാനുള്ള നടപടികളാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

മേൽപ്പറഞ്ഞ രീതിയിലുള്ള ആസൂത്രണങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമുള്ള സഹായം ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടതുണ്ട്. സാമ്പത്തികവും സാങ്കേതികവും മാനവവിഭവശേഷിപരവുമായ സഹായങ്ങൾ ഇതിന് അനിവാര്യമാണ്. ബ്രിഡ്ജ് കോഴ്‌സുകൾ തയ്യാറാക്കുക, അധ്യാപക പരിശീലന ക്ലാസുകൾ നൽകുക എന്നിവ കൂടാതെ ഉപയോഗിക്കാത്ത മൂലം സ്‌കൂളുകളിൽ കേടായിരിക്കുന്ന കമ്പ്യൂട്ടറുകളും പഠനോകരണങ്ങളും കളിപ്പാട്ടങ്ങളും സ്‌കൂളുകളിൽ സജ്ജീകരിക്കുന്നതിന് സാമ്പത്തിക സഹായം സർക്കാർ നൽകണം. ദൗർഭാഗ്യകരമെന്നു പറയട്ടെ, ആഴത്തിലുള്ള ചർച്ചയും ആസൂത്രണങ്ങളും ആവശ്യമുള്ള ഈ സമയത്തും ഒരാചാരം പോലെ ഡിജിറ്റൽ ക്ലാസെടുത്തുകൊണ്ടിരിക്കുകയല്ലാതെ സ്‌കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് ഗഹനമായ ചർച്ചകളൊന്നും കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സെപ്റ്റംബറോടെ സ്‌കൂളുകൾ തുറക്കുകയാണ്. വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു സമൂഹം എന്ന് മേനിനടിക്കുന്ന നമുക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ പഠനക്കമ്മി നേരിടുന്നതിന് ഇത് കാരണമാകും. അതുകൊണ്ട് പ്രത്യേക വാക്‌സിൻ പരിഗണന നൽകി, സ്‌കൂൾ തുറക്കുന്നതിനാവശ്യമായ ആസൂത്രണം നടത്താനും പദ്ധതികൾ തയ്യാറാക്കാനുള്ള നടപടികളാണ് ഗവൺമെൻറിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. ▮


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് കൃതികൾ

Comments