മലയാളത്തെ പുറത്താക്കുന്ന പൊതുവിദ്യാലയങ്ങൾ

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ മാത്രമല്ല, മലയാളത്തിലുള്ള ക്ലാസുകളും മലയാളത്തെ പുറത്താക്കാൻ മത്സരിക്കുകയാണ്. ചിലയിടങ്ങളിൽ സംസ്കൃതവും മറ്റിടങ്ങളിൽ അറബിക്കും പിടിമുറുക്കുകയാണ്. ചില സ്കൂൾ പി.ടി.എകൾ തന്നെ ഈ പുറംതള്ളലിന് കൂട്ടുനിൽക്കുകയാണ്. സ്കൂൾ പ്രവേശന സമയത്ത് അധ്യാപകരെ സഹായിക്കാനെന്ന പേരിൽ കൂടെയിരുന്ന് ഈ ഭാഷാമാറ്റത്തിന് അവർ പ്രേരിപ്പിക്കുന്നു.

കൊട്ടും പാട്ടും കളിചിരിമേളങ്ങളുമായി കേരളത്തിലെ വിദ്യാലയങ്ങൾ ജൂണൊന്നിനുതന്നെ തുറന്നു. ആകർഷകമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമൊരുക്കി ഇന്ത്യയിൽ മറ്റെവിടെയും സാധ്യമല്ലാത്ത വിധം സ്കൂളുകൾ പ്രവർത്തനനിരതമായി. പൊതുവിദ്യാലയങ്ങളിൽ മുൻവർഷങ്ങളിൽ ചേർന്നതിനേക്കാളും കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയതിൻ്റെ കണക്കുകൾ ആറാം പ്രവൃത്തി ദിനത്തിനുശേഷം പുറത്തുവരും എന്നതിലും സംശയമില്ല.

സർക്കാർ നേരിട്ടും സർക്കാർ സഹായത്തോടെ എയിഡഡ് മേഖലയിലും പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെയാണല്ലോ പൊതുവിദ്യാലയങ്ങൾ എന്നു വിളിക്കുക. ഈ പൊതു വിദ്യാലയങ്ങൾക്കൊപ്പം സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ സ്റ്റേറ്റ് സിലബസുകളിൽ പ്രവർത്തിക്കുന്ന നിരവധി വിദ്യാലയങ്ങളും നാട്ടിലുണ്ട്. അത്തരം വിദ്യാലയങ്ങളിൽ മാതൃഭാഷാമലയാളം പടിക്കുപുറത്താണ്.

2013- ൽ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി കൈ വന്നപ്പോൾ ഭാഷാസ്നേഹികളെല്ലാം ആഹ്ലാദിച്ചത്, ഇനിയങ്ങോട്ട് ഭാഷയ്ക്കു കിട്ടാൻ പോകുന്ന മുന്തിയ പരിഗണനയെ ഓർത്താണ്. നമ്മുടെ ഭരണഭാഷയും കോടതിഭാഷയും മലയാളമാവുമെന്നും പൊതു വിദ്യാലയങ്ങളിലെ പഠനമാധ്യമം മലയാളമാവുമെന്നും ( കന്നട, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ മാതൃഭാഷ) അവർ സ്വപ്നം കണ്ടു. കേരളത്തിലുള്ള മുഴുവൻ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും മാതൃഭാഷ നിർബന്ധിത പഠനവിഷയമാകുമെന്നും മലയാളം അക്ഷരാർത്ഥത്തിൽ ശ്രേഷ്ഠഭാഷാ പദവിയിലേക്കുയരുമെന്നും പ്രതീക്ഷ വളർന്നു.

മലയാളം പഠിച്ചിട്ട് എന്തു നേടാനാണ് എന്നാണ് ഇതിനെയൊക്കെ പിന്തുണക്കുന്നവരുടെ ചോദ്യം. ഏതു തൊഴിൽ മേഖലകളിലും തെളിഞ്ഞു നിൽക്കുന്ന പൊതുവിദ്യാലയങ്ങളുടെ സന്തതികൾ തന്നെയാണ് അതിനുത്തരം.

2013 മെയ് 24ന് മാതൃഭൂമി ദിനപത്രം എഡിറ്റോറിയലിൽ ഇങ്ങനെ എഴുതി: ‘‘മലയാളത്തിൻ്റെ ശിരസ്സുയരുന്നു, മലയാളിയുടെയും. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്ന ഈ മുഹൂർത്തത്തിൽ ഓരോ മലയാളിയുടെയുമുള്ളിലുയർന്നു പൊങ്ങുന്ന വികാരത്തിന് സഹ്യനേക്കാൾ തലപ്പൊക്കവും നിളയെക്കാളുമാർദ്രതയുമുണ്ടാവും. മലങ്കാറ്റും കടൽത്തിരകളും മധുരം മലയാളമെന്നു മൊഴിയുന്ന ഈ സൻമുഹൂർത്തത്തെ ധന്യധന്യമെന്നല്ലാതെ വിശേഷിപ്പിക്കുക വയ്യ.’’

വലിയ പ്രതീക്ഷകളാണ് മലയാളമെന്നു തന്നെ പേരുള്ള ഇന്നാട്ടിലാകെ ഉയർന്നത്. മൺമറഞ്ഞു പോയേക്കുമെന്നുഭയന്ന മലയാളം പുതുജീവൻ നേടി അഭിമാനത്തോടെ വാനോളം വളരുമെന്ന കരുത്തുറ്റ സ്വപ്നം സ്വാഭാവികമായും തിടം വെച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. സർക്കാർ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പരിപാടി സർക്കാർ സ്​കൂളുകൾക്ക്​ പുതുജീവൻ നൽകി. തുടർന്നിങ്ങോട്ട് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കുത്തിയൊലിപ്പു തന്നെയുണ്ടായി. ഇങ്ങനെ വന്നുചേർന്നവരുടെ താല്പര്യം കൂടി സംരക്ഷിക്കാനാവണം, പൊതു വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്​ ആരംഭിക്കുന്നത്. മലയാള മാധ്യമത്തിലുള്ള ക്ലാസിന് സമാന്തരമായി ഒരു ഇംഗ്ലീഷ് ഡിവിഷൻ എന്നായിരുന്നു ആദ്യ നാളുകളിലെ ധാരണ. പേരിന് ഒരു മലയാളം ഡിവിഷനും ബാക്കി മുഴുവൻ ഇംഗ്ലീഷ് മീഡിയം ക്ലാസുകളുമായി അതെങ്ങനെ അട്ടിമറിക്കപ്പെട്ടു എന്നതിൻ്റെ തെളിവാണ് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ പങ്കെടുത്ത പൊതു വിദ്യാലയങ്ങളിൽ മലയാളം മീഡിയത്തേക്കാൾ ഇംഗ്ലീഷ് മീഡിയംകാരെ കാണാനായത്.

ലോവർപ്രൈമറി ക്ലാസ്സുകളിൽ (ഒന്നു മുതൽ നാലുവരെ) മലയാളത്തിന് പത്തു പിരീഡുണ്ട്. ഇംഗ്ലീഷിന് അഞ്ചു വീതവും. അറബിക്, സംസ്കൃതം വിഷയങ്ങൾക്ക് നാലു പിരീഡു വീതമുണ്ട്. അപ്പർ പ്രൈമറിയിൽ (അഞ്ചു മുതൽ ഏഴുവരെ) ഭാഷകൾക്ക് അനുവദിക്കപ്പെട്ട പിരീഡുകൾ നോക്കാം.

  • ഒന്നാംഭാഷ - ഒന്നാം പേപ്പറിന് ( മലയാളം / അറബിക് / സംസ്കൃതം / ഉറുദു ഏതെങ്കിലുമൊന്ന്) - നാലു പിരീഡ് വീതം. രണ്ടാം പേപ്പർ മലയാളമാണ് - രണ്ടു പിരീഡ് വീതം.

  • രണ്ടാം ഭാഷയായ ഇംഗ്ലീഷിന് അഞ്ചാം തരത്തിൽ 6 പിരീഡും ആറിലും ഏഴിലും 5 പിരീഡ് വീതവും. അതായത് ഒന്നാം ഭാഷയായി അറബിക് / സംസ്കൃതം / ഉറുദു എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നവർക്ക് ആകെ കിട്ടുന്ന മലയാളം പിരീഡ് രണ്ട്!

  • ഹൈസ്കൂൾ ക്ലാസിൽ ഒന്നാം ഭാഷ ( മലയാളം / അറബിക്/ സംസ്കൃതം / ഉറുദു എന്നിവയിൽ ഒന്ന് ) പേപ്പർ ഒന്നിന് നാലു പിരീഡും പേപ്പർ രണ്ടിന് 2 പിരീഡും.

  • ഇംഗ്ലീഷിന് അഞ്ചും ഹിന്ദിക്ക് മൂന്നും പിരീഡുകൾ കിട്ടുമ്പോൾ അറബിക്കോ സംസ്കൃതമോ ഒന്നാംഭാഷയായി എടുക്കുന്ന കുട്ടികൾക്ക് ആകെ കിട്ടുന്ന മലയാളം രണ്ടു പിരീഡ് !

മലയാളം ഒന്നാംഭാഷയായി എടുക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറേ വർഷമായി കനത്ത ഇടിവുണ്ടാകുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ മാത്രമല്ല, മലയാളത്തിലുള്ള ക്ലാസുകളും മലയാളത്തെ പുറത്താക്കാൻ മത്സരിക്കുകയാണ്. ചിലയിടങ്ങളിൽ സംസ്കൃതവും മറ്റിടങ്ങളിൽ അറബിക്കും പിടിമുറുക്കുകയാണ്. ചില സ്കൂൾ പി.ടി.എകൾ തന്നെ ഈ പുറംതള്ളലിന് കൂട്ടുനിൽക്കുകയാണ്. സ്കൂൾ പ്രവേശന സമയത്ത് അധ്യാപകരെ സഹായിക്കാനെന്ന പേരിൽ കൂടെയിരുന്ന് ഈ ഭാഷാമാറ്റത്തിന് അവർ പ്രേരിപ്പിക്കുന്നു. വേണ്ടപ്പെട്ടവർക്ക് തസ്തികയുണ്ടാക്കാനും മത -രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് പലരും ഇതിൽ ഇടപെടുന്നത്.

മലയാളം പഠിച്ചിട്ട് എന്തു നേടാനാണ് എന്നാണ് ഇതിനെയൊക്കെ പിന്തുണക്കുന്നവരുടെ ചോദ്യം. ഏതു തൊഴിൽ മേഖലകളിലും തെളിഞ്ഞു നിൽക്കുന്ന പൊതുവിദ്യാലയങ്ങളുടെ സന്തതികൾ തന്നെയാണ് അതിനുത്തരം. അതിനുമപ്പുറം ഒരുത്തരം കൂടിയുണ്ട്. ഭാഷ കേവല നിത്യവൃത്തിക്കു മാത്രമുള്ള ഉപകരണമല്ല. അത് ആത്മാഭിമാനത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും അടയാളം കൂടിയാണ്.

വിദ്യാലയങ്ങളിൽ നിന്നു പുറത്തായാൽ ഒരു ഭാഷയും അതിജീവിക്കില്ല. ശ്രേഷ്ഠഭാഷയെന്ന് മലയാളത്തിനെ പേരു ചൊല്ലി വിളിച്ചതുകൊണ്ടു മാത്രം കാര്യമില്ല. നമ്മൾ ആഘോഷപൂർവം കൊണ്ടാടുന്ന ത്രിഭാഷാപദ്ധതിക്കുമപ്പുറം കേരളത്തിലെ വിദ്യാലയങ്ങളിലെ ഭാഷാപഠന പദ്ധതി വളർന്നിട്ടുണ്ട്. നല്ലതു തന്നെ. ഒപ്പം വിദേശ ഭാഷകൾക്കും സഹോദര ഭാഷകൾക്കും നൽകുന്നതിലും മുന്തിയ പരിഗണന മലയാളത്തിനു കിട്ടുക തന്നെ വേണം.

Comments