മലയാളത്തിനുവേണ്ടിയുള്ള ഭാഷാസമരങ്ങളും
ചില വൈകാരിക വാദങ്ങളും

രണ്ടായിരത്തിനുശേഷം മറ്റൊരു ഭാഷാസമര പ്രസ്ഥാനം കൂടി കേരളത്തിൽ സജീവമായിട്ടുണ്ട്. അധ്യയനവും ഭരണഭാഷയും കോടതിഭാഷയും മലയാളത്തിലാക്കുക എന്നതാണ് അതിന്റെ പ്രഖ്യാപിത ലക്ഷ്യം. പ്രത്യക്ഷത്തിൽ ഈ സമരങ്ങൾ മലയാളികളുടെ ഭാഷാസ്വത്വത്തെ മുൻനിർത്തിയുള്ള ജനാധിപത്യപരമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഒന്നായി തോന്നുമെങ്കിലും ചില പിന്തിരിപ്പൻ ആശയങ്ങളും ഈ സമരപ്രസ്ഥാനത്തിനു പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്- വി. അബ്ദുൽ ലത്തീഫ് എഴുതുന്നു.

ലയാളത്തിനുവേണ്ടിയുള്ള സമരങ്ങൾക്ക് കേരള സംസ്ഥാന രൂപീകരണകാലത്തിനും പിന്നിലേക്ക് വേരുകളുണ്ട്. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ചേർത്ത് സംസ്ഥാനം എന്ന ആവശ്യം മലയാളിസ്വത്വത്തെ മുറുകെപ്പിടിച്ച വാദമായിരുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുക എന്ന ആവശ്യം ഭാഷാദേശീയതകൾ എന്ന സങ്കല്പനത്തിൽനിന്ന് പിറവിയെടുക്കുന്നതും ദേശീയപ്രസ്ഥാനത്തോളം പഴക്കമുള്ളതുമാണ്.

തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് മലബാറും തെക്കൻ കാനറയുടെ ചില ഭാഗങ്ങളുമൊക്കെ ചേർന്ന് ആധുനിക കേരളമുണ്ടായപ്പോൾ കടുത്ത സമരങ്ങളിലൂടെ കേരളത്തിൽനിന്ന് വിട്ടുപോയ പ്രദേശങ്ങളുമുണ്ട്. തിരുവിതാംകൂറിന്റെ ഭാഗമായ തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളയംകോട് താലൂക്കുകൾ കന്യാകുമാരി ജില്ലയായി തമിഴ് നാടിന്റെ ഭാഗമായി. ചെങ്കോട്ട താലൂക്കിന്റെ പകുതി തിരുനെൽവേലി ജില്ലയുടെ ഭാഗവുമായി. ദേവികുളം, പീരുമേട്, നെയ്യാറ്റിൻകര താലൂക്കുകളും തമിഴ്നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യമുണ്ടായിരുന്നുവെങ്കിലും 1953-ൽ സംസ്ഥാനങ്ങളുടെ പുനഃക്രമീകരണങ്ങൾ പഠിക്കാനായി കേന്ദ്രസർക്കാർ നിയമിച്ച ഫസൽ അലി കമീഷൻ അവ കേരളത്തിൽത്തന്നെ നിലനിർത്തി.

കേരളത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രദേശങ്ങളായിരുന്നു തെക്കൻ തിരൂവിതാംകൂറിൽ ഉൾപ്പെട്ടതും കേരള സംസ്ഥാനത്തിൽനിന്ന് വിട്ടുപോയതുമായ ഈ പ്രദേശങ്ങൾ. തിരുവിതാംകൂറിന്റെ നെല്ലറ, ഡച്ചുകാരെ തോല്പിച്ച് മാർത്താണ്ഡവർമ്മ തിരുവിതാംകൂറിന്റെ തലവര മാറ്റിയ കുളച്ചൽ, അതിന്റെ പഴയ തലസ്ഥാനമായ പത്മനാഭപുരം, കേരളീയ നവോത്ഥാനത്തിലെ വലിയ ഏടായ അയ്യാ വൈകുണ്ഡസ്വാമികളുടെ ആസ്ഥാനമായ സ്വാമിത്തോപ്പ്, മലയാളഭാഷയെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങളും പരാമർശങ്ങളുമുള്ള തൊൽക്കാപ്പിയം എന്ന പ്രാചീന വ്യാകരണഗ്രന്ഥം പിറന്ന നാട് ഒക്കെയാണ് കേരളത്തെ സംബന്ധിച്ച് തെക്കൻ തിരുവിതാംകൂർ.

തെക്കൻ തിരുവിതാംകൂറിൽ 1940-കളിൽ തുടങ്ങിയ ഭാഷാസമരങ്ങളാണ് 1956-ലെ സംസ്ഥാന രൂപീകരണത്തോടെ വിജയം നേടിയത്. ട്രാവൻകൂർ തമിഴ്നാടു കോൺഗ്രസ് (TTNC) എന്ന പാർട്ടി സത്യത്തിൽ തെക്കൻ തിരുവിതാംകൂറിനെ തമിഴ്നാട്ടിൽ ലയിപ്പിക്കാനായി രൂപീകരിക്കപ്പെട്ട പാർട്ടിയാണ്. സാം നതാനിയേൽ സ്ഥാപിക്കുകയും എ. നേശമണി നയിക്കുകയും ചെയ്ത പാർട്ടി 1956-ൽ സംസ്ഥാനരൂപീകരണത്തോടെ പിരിച്ചുവിടപ്പെട്ടു. പ്രാദേശിക ഗവൺമെന്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിക്കുകയും നിരവധി അംഗങ്ങളെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1952-ൽ നടന്ന പ്രഥമ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി എം.പി.യായി നേശമണി തെരഞ്ഞെടുക്കപ്പെട്ടു. എ.അബ്ദുൽ റസാഖ് പാർടിയുടെ രാജ്യസഭാ അംഗമായിരുന്നു.

തെക്കൻ തിരുവിതാംകൂറിനെ തമിഴ്നാട്ടിൽ ലയിപ്പിക്കാനുള്ള സമരങ്ങളിൽ പതിനൊന്നു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 1948-ൽ കൽക്കുളം വിളവൻകോട് താലൂക്കുകളിൽ തമിഴ്- മലയാളി ഗ്രൂപ്പുകളുടെ സംഘർഷത്തെ തുർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേരും 1958-ൽ മാർത്താണ്ഡത്തും പുതുകടൈയിലും നടന്ന വെടിവയ്പ്പിൽ ഒൻപതു പേരും കൊല്ലപ്പെട്ടു. 1952-ൽ ഉർദുവിനെതിരെ ബംഗ്ലാ ഭാഷ സംസാരിക്കുന്ന ധാക്കായൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ നടത്തിയ സമരത്തിനുനേരെ നടന്ന പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരെയാണ് ഭാഷാസമരങ്ങളിലെ രക്തസാക്ഷികളായി സാധാരണ പരിഗണിക്കാറ്. 1948-ലും 1958-ലുമായി തെക്കൻ തിരുവിതാംകൂറിൽ കൊല്ലപ്പെട്ടവർ ചരിത്രത്തിൽ മറഞ്ഞുപോയി. പോലീസ് നടപടിയിൽ പരിക്കേറ്റവരും അറസ്റ്റു ചെയ്യപ്പെട്ടവരും ആയിരങ്ങളായിരുന്നു. അവരെയൊന്നും ഇന്ന് ആരും ഓർക്കുന്നേയില്ല.

ചരിത്രപരമായി മലയാളവുമായി വലിയ ബന്ധമുള്ളവരാണ് തെക്കൻ തിരുവിതാംകൂറുകാർ. ഇന്നും മലയാളികൾക്ക് ആ പ്രദേശങ്ങളിൽ മലയാളം സംസാരിച്ചാൽ കാര്യങ്ങൾ നടക്കും. അതായത് മിക്കവർക്കും തമിഴുപോലെ മലയാളവും തിരിയും. അവരുടെ തമിഴിൽ എല്ലാ തലത്തിലും മലയാളത്തിന്റെ കലർപ്പുള്ളതായി കാൾഡ്വൽ പണ്ടേ നിരീക്ഷിച്ചിട്ടുണ്ട്. ഇന്നും അതുണ്ട്. എന്നിട്ടും രക്തരൂഷിതമായ സമരങ്ങളിലൂടെ അവർ കേരളത്തിൽനിന്നു മാത്രമല്ല, മലയാളത്തിൽനിന്നും വിട്ടുപോയതിന്റെ രാഷ്ട്രീയവും ഭാഷാപരവുമായ കാരണങ്ങൾ സൂക്ഷ്മമായി പഠിക്കേണ്ടതാണ്. തമിഴ്‍മലയാളത്തിൽനിന്ന് സംസ്കൃതമലയാളത്തിലേക്കുള്ള വിശേഷ വ്യവഹാരമലയാളത്തിന്റെയും അധികാരമലയാളത്തിന്റെയും മാറ്റമാണ് ഇതിനു കാരണമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

രണ്ടായിരത്തിനുശേഷം മറ്റൊരു ഭാഷാസമര പ്രസ്ഥാനം കൂടി കേരളത്തിൽ സജീവമായിട്ടുണ്ട്. (കേരളത്തിൽ ഭാഷാസമരം എന്ന പേരിൽ അറിയപ്പെടുന്ന വേറൊരു സരമുണ്ട്. വിദ്യാലയങ്ങളിൽ അറബിഭാഷാപഠനം നിലനിർത്താൻ നടന്ന ആ സമരത്തെ ഈ ചർച്ചയിലേക്ക് കൊണ്ടുവരുന്നില്ല.) രണ്ടു ദശകത്തോളമായി അത് ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഉന്നതവിദ്യാഭ്യാസമേഖലയിലടക്കം അധ്യയനം മലയാളത്തിലാക്കുക, ഭരണഭാഷയും കോടതിഭാഷയും മലയാളത്തിലാക്കുക എന്നിവയാണ് അതിന്റെ പ്രഖ്യാപിതസമരലക്ഷ്യങ്ങൾ. മലയാളത്തെ മികച്ച വൈജ്ഞാനികഭാഷയാക്കാനുള്ള പ്രവർത്തനങ്ങളും അതിന്റെ പ്രവർത്തനപരിപാടികളിൽ ഉൾപ്പെടുന്നു. ഈ സമരങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്നും മലയാളികൾ ഈ സമരത്തെ എങ്ങനെ സ്വീകരിച്ചു എന്നും പരിശോധിക്കേണ്ടതുണ്ട്. പ്രത്യക്ഷത്തിൽ ഈ സമരങ്ങൾ മലയാളികളുടെ ഭാഷാസ്വത്വത്തെ മുൻനിർത്തിയുള്ള ജനാധിപത്യപരമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള ഒന്നായി തോന്നുമെങ്കിലും ചില പിന്തിരിപ്പൻ ആശയങ്ങളും ഈ സമരപ്രസ്ഥാനത്തിനു പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്.

അധ്യയനത്തിന് മലയാളം മാധ്യമമായി പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം സമീപവർഷങ്ങളിൽ ഇംഗ്ലീഷ് മാധ്യമമായി പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിനു താഴെയായി. ഔദ്യോഗികഭാഷാനയമൊക്കെ വന്നെങ്കിലും ഭരണാവശ്യങ്ങൾക്ക് ഇന്നും കാര്യമായി ഉപയോഗിക്കുന്നത് ഇംഗ്ലീഷു തന്നെ. ഔദ്യോഗികപദാവലികളായി വന്നതു മുഴുവൻ കടുകട്ടിയും അപരിചിതവുമായ സംസ്കൃതപദങ്ങളായിരുന്നു. അതുകൊണ്ടാവണം, അത് പൊതുജനത്തിന്റെ വ്യവഹാരപദാവലിയിലേക്കു വളരാതെ മുരടിച്ചുനിൽക്കുന്നത്. കോടതിഭാഷയുടെ കാര്യത്തിൽ മലയാളത്തിന് ഇതുവരെ സ്വാധീനമുണ്ടാക്കാൻ സാധിച്ചിട്ടുമില്ല. ഹയർസെക്കണ്ടറി ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി.പാഠപുസ്തകങ്ങൾ മലയാളത്തിലും കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ഇക്കൂട്ടത്തിൽ വിജയിച്ച ഒന്നാണ്. കുട്ടികൾ എത്രത്തോളം ഈ മലയാളം പാഠപുസ്തകങ്ങളെ ആശ്രയിക്കുന്നുണ്ട് എന്നത് പഠനവിധേയമാക്കേണ്ടതുമാണ്.

ലോകഭാഷകളിൽ സ്വാധീനശേഷി വച്ചു നോക്കിയാൽ മലയാളം ഒരു മൈനർ ഭാഷയാണ്. തമിഴായും സംസ്കൃതമായും അറബിയോ പേർഷ്യനോ ആയും ഇംഗ്ലീഷായുമൊക്കെ എല്ലാ കാലത്തും മലയാളത്തിനു മേൽ ഒരു മേജർഭാഷയുടെ സ്വാധീനം കാണാം. ഒരു ഭാഷയെ സ്വാധീനശേഷികൊണ്ട് പൊതിഞ്ഞു നിൽക്കുന്ന ഭാഷ എന്ന അർത്ഥത്തിലാണ് മേജർ ഭാഷ എന്നു പ്രയോഗിച്ചിരിക്കുന്നത്. മലയാള സന്ദർഭത്തിൽ അത് അനുഭവപ്പെടുകയേ ഇല്ല. മലയാളത്തിനു പുറത്തേക്കു വളരുന്ന ഭാഷാസന്ദർഭത്തിലാണ് ഈ അവസ്ഥ തിരിച്ചറിയപ്പെടുക. കൊളോണിയൽ ഇംഗ്ലീഷാണ് കേരളത്തിലും ഇന്ത്യയിലും പ്രചാരമുള്ള ആദ്യ ഇംഗ്ലീഷ് രൂപമെങ്കിലും ആഗോളവൽകൃതസമൂഹത്തിൽ വിമോചക ധർമ്മമുള്ള ഇംഗ്ലീഷായി അത് പരിവർത്തനപ്പെട്ടിട്ടുണ്ട്. ആ ഇംഗ്ലീഷാണ് ഇന്ന് മലയാളിയുടെ മേജർഭാഷ. അകാദമികവും ഭരണപരവുമായ ആവശ്യങ്ങൾക്ക് ചെറു ന്യൂനപക്ഷം ഉപയോഗിക്കുന്ന വരേണ്യഭാഷ എന്ന നിലയിൽനിന്ന് ദൈനംദിനാവശ്യങ്ങൾക്കുപോലുമുള്ള ഭാഷ എന്ന നിലയിലേക്ക് മലയാളികളെ സംബന്ധിച്ച് ഇംഗ്ലീഷ് മാറിയിട്ടുണ്ട്.

മലയാളം പോലെ ഇംഗ്ലീഷും നന്നായി പഠിക്കേണ്ടത് മലയാളിയുടെ ബോധനപരമായ അത്യാവശ്യങ്ങളിലൊന്നാണ്. കേരളീയർ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകൾക്കു പുറമെ സംസ്കൃതവും അറബിയുമൊക്കെ പഠിക്കുന്നവരാണ്. പലപ്പോഴും മതപരവും സാഹിതീയവുമായ ആവശ്യങ്ങൾക്കാണ് അവസാനം പറഞ്ഞ ഭാഷകൾ പഠിക്കുന്നത്. സമീപകാലത്ത് മറ്റു വിദേശഭാഷകൾ പഠിക്കുന്നതിനുള്ള താൽപര്യവും മലയാളികൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. ഫ്രഞ്ച്, ഡച്ച്, ജർമ്മൻ, കൊറിയൻ, ചൈനീസ് ഭാഷകൾ ഇത്തരത്തിൽ കുട്ടികൾ പഠിക്കുന്നു. ഫോറിൻ ഭാഷാഇൻസ്റ്റിറ്റ്യൂട്ടുകൾ അവിടവിടെ ഉയർന്നുവരികയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഇംഗ്ലീഷു പഠനത്തിന്റെ ഗതിയെന്താണെന്ന് നോക്കാം.

ചെറിയ ക്ലാസുകൾ മുതൽ ഇംഗ്ലീഷുപഠനം കേരളത്തിലുണ്ടെങ്കിലും ഇംഗ്ലീഷിനോടുള്ള എതിർപ്പും കൂട്ടത്തിൽ കുത്തിവയ്ക്കപ്പെടുന്നു. പഴയ കൊളോണിയൽ വിരുദ്ധതയാവും ഇത്തരമൊരു എതിർപ്പിനു പിന്നിലെന്നു തോന്നുന്നു. കുട്ടികളെ ഇംഗ്ലീഷ് മീഡയത്തിൽ ചേർത്തു പഠിപ്പിക്കുന്ന രക്ഷിതാക്കൾക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ടുന്ന അവസ്ഥ കേരളത്തിലുണ്ട്. എന്തോ സത്യമല്ലാത്തതു ചെയ്യുന്നുവെന്ന യെസ്-ബട്ട് ഫീൽ പല രക്ഷിതാക്കളിലും കാണാം. ഈ അരക്ഷിതബോധത്തെ ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് ഭാഷാസംരക്ഷണവാദക്കാർ മുന്നോട്ടു വയ്ക്കുന്നത്. ഒരു ജനത ഏതെങ്കിലും ഭാഷയിൽ ശക്തമായ സ്വാധീനം നേടണമെങ്കിൽ നിത്യവ്യവഹാരത്തിലേക്ക് അതു വരണം. അധ്യയനവും കോടതിയും ഭരണവുമെല്ലാം മാതൃഭാഷയിലേ പാടുള്ളൂ എന്നു പറയുമ്പോൾ കേരളീയരുടെ മേജർ ഭാഷയായ ഇംഗ്ലീഷിൽ പെരുമാറാനുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുന്നത്. ഭാഷാസമീപനം, ഭാഷാസൂത്രണം തുടങ്ങിയ കാര്യങ്ങളോട് ചേർത്തുവച്ചുകൊണ്ടു മാത്രമേ ഇത് മനസ്സിലാക്കാൻ പറ്റൂ. മാതൃഭാഷാസംബന്ധമായ വൈകാരികതകൾ എത്തിക്കുക തെറ്റായ നിഗമനങ്ങളിലായിരിക്കും.

കുട്ടികൾ വീട്ടിൽ സംസാരിക്കുന്ന ഭാഷയോടു ചേർന്നുനിൽക്കുന്ന ഭാഷയാണ് പ്രാഥമികവിദ്യാഭ്യാസത്തിനു നല്ലത്. അതൊടൊപ്പം ഒരു വിഷയം എന്ന നിലയിൽ അവശ്യം മറ്റു ഭാഷകളും അഭ്യസിക്കേണ്ടതുണ്ട്. ഉയർന്ന ക്ലാസുകളിലും ഉന്നത വിദ്യാഭ്യാസത്തിലും ബോധനമാധ്യമമായി ഇംഗ്ലീഷ് സ്വീകരിക്കുന്നതാണ് നിലനിൽക്കുന്ന ആഗോള ഭാഷാപരിതസ്ഥിതിയിൽ മലയാളികൾക്ക് അഭികാമ്യം. സ്കൂൾ വിദ്യാഭ്യാസത്തോടെ സാമാന്യമായും ബിരുദ പഠനത്തോടെ ആത്മവിശ്വാസത്തോടെയും ഇംഗ്ലീഷു കൈകാര്യം ചെയ്യാനുള്ള ശേഷി നേടുക എന്നത് മലയാളി വിദ്യാർത്ഥിയെ സംബന്ധിച്ച് പ്രാഥമിക വിദ്യാഭ്യാസലക്ഷ്യമാവേണ്ടതുണ്ട്. സാമ്പത്തികവും രാഷ്ട്രീയവുമായി മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കില്ലാത്ത അധികബാധ്യതയാണ് ഇത്.

ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, റഷ്യ, ചൈന, കൊറിയ, ജപ്പാൻ, സമ്പന്ന അറബ് രാജ്യങ്ങൾ എന്നിവ വിദ്യാഭ്യാസമാധ്യമമായി അതതുരാജ്യങ്ങളിലെ ഭാഷ സ്വീകരിക്കുന്ന മാതൃക ഇന്ത്യൻ സാഹചര്യത്തിൽ സ്വീകാര്യമല്ല. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ കൂടി അടങ്ങിയ മൂന്നാംലോകരാജ്യങ്ങൾ സ്വീകരിക്കുന്ന ബഹുഭാഷാനയമാണ് നമുക്കു സ്വീകാര്യം. അതിന് മാതൃഭാഷയോടൊപ്പം ഇംഗ്ലീഷുകൂടി പഠിക്കട്ടെ എന്ന ഔദാര്യത്തിനു പകരം വിദ്യാർത്ഥികളിൽ ശക്തമായ ഭാഷാശേഷി വളർത്തിയെടുക്കുക ലക്ഷ്യമാക്കിക്കൊണ്ടുള്ള ഭാഷാസൂത്രണവും വിദ്യാഭ്യാസക്രമീകരണവും ആവശ്യമാണ്. ഇത്തരമൊരു ആസൂത്രണത്തിന് പരോക്ഷമായി തുരങ്കംവയ്ക്കുന്നതാണ് കേരളത്തിൽ രണ്ടു ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന മാതൃഭാഷാപ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ.

തെക്കൻ തിരുവിതാംകൂറുകാരോട് മലയാളം കാണിച്ച ഭരണപരമായ ഒരു അധീശത്തമുണ്ട്. ഭാഷയിൽ സൂക്ഷ്മമായി പ്രവർത്തിക്കുന്ന സാംസ്കാരികാധികാരത്തിന്റെ ഘടകങ്ങളാണ് മലയാളത്തിനെതിരെയുള്ള പൊട്ടിത്തെറിയായി പ്രവർത്തിച്ചത്. ആധുനികകേരളീയസാഹചര്യത്തിൽ ദലിത്- പിന്നാക്ക വിഭാഗങ്ങൾ പൊതു മലയാളത്തിൽനിന്ന് ഇത്തരമൊരു അധിനിവേശം അനുഭവിക്കുന്നുണ്ട്. പൊതുമണ്ഡലത്തിന്റെ മുകൾത്തട്ടിലേക്കു വളരാനുള്ള ഈ വിഭാഗം ജനതയുടെ ശ്രമങ്ങൾക്ക് സംസ്കൃത മലയാളത്തേക്കാൾ പുതിയ ഇംഗ്ലീഷാണ് അഭികാമ്യം എന്നു വരുന്നു. ആഗോളസാഹചര്യങ്ങളോട്, പ്രത്യേകിച്ച് സാമ്പത്തികസാഹചര്യങ്ങളോട് ഇണങ്ങാൻ കേരളത്തിലെ മേൽത്തട്ടു സമൂഹങ്ങൾ ഇംഗ്ലീഷിനെ ഉപാധിയാക്കുമ്പോൾ മനുഷ്യാന്തസ്സിന്റെ തുല്യതയിലേക്കുള്ള വളർച്ചയ്ക്കുകൂടി പിന്നാക്ക സമുദായങ്ങളെ സംബന്ധിച്ച് ഇംഗ്ലീഷ് ആവശ്യമാണ്. നമ്മുടെ ഭാഷാസൂത്രകർ പരിഗണിക്കാത്ത മേഖലകളാണ് ഇവ.

പ്രാദേശിക ഭാഷകളെ അവഗണിച്ച് അരുക്കാക്കണമെന്നല്ല ഈ വാദങ്ങളുടെ അർത്ഥം. നമ്മുടെ ഭാഷാമണ്ഡലം എന്താണെന്ന് ശാസ്ത്രീയമായി തിട്ടപ്പെടുത്തി അവിടെ വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ഭാഷാശേഷിയെ മുൻനിർത്തി വിദ്യാഭ്യാസപ്രക്രിയയും സാമൂഹ്യജീവിതവും ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയാണ്. ആഗോളവൽക്കരണത്തിന്റെ കുത്തൊഴുക്കിൽ മലയാളം മരിച്ചുപോയിട്ടൊന്നും ഇല്ല. അടുത്തകാലത്തൊന്നും മരിക്കുകയും ഇല്ല. ഇന്ത്യയിലെ സോഷ്യൽ ഇൻഡക്സുകളിൽ മുൻനിരയിലുള്ള സംസ്ഥാനമായ കേരളത്തിലേക്ക് മറ്റു ഭാഷാദേശങ്ങളിൽനിന്നുള്ള മനുഷ്യരുടെ ഒഴുക്കുണ്ട്. അവർ മലയാളം പഠിക്കുന്നുണ്ട്, ഒപ്പം മലയാളികൾ ഹിന്ദുസ്ഥാനിയും പഠിക്കുന്നു.(ഉത്തരേന്ത്യൻ, വടക്കുകിഴക്കൻ തൊഴിലാളികളുമായുള്ള മലയാളികളുടെ വിനിമയഭാഷയ്ക്ക് ചിട്ടപ്പെടുത്തിയ ഹിന്ദിയോടല്ല, ജനസംസാരഭാഷയായ ഹിന്ദുസ്താനിയോടാണ് അടുപ്പം.) പുസ്തകങ്ങൾ, ഓൺലൈനിലും അല്ലാതെയുമുള്ള പത്രമാസികകൾ, സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ എന്നിവിടങ്ങളിൽ മലയാളം വമ്പിച്ച മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. സാഹിത്യരചനകളും സിനിമകളും മലയാളത്തിൽ ധാരാളമായി ഉണ്ടാകുന്നു. ജനങ്ങൾ ഇത്തരത്തിൽ സവിശേഷമായി മലയാളത്തെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.

ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഇടപെടലില്ലാതെ തന്നെ കേരളത്തിൽ ഒരു ഭാഷാസൂത്രണം നടന്നിട്ടുണ്ട്. അതുപ്രകാരം മലയാളത്തിന് ഇത്ര, ഇംഗ്ലീഷിന് ഇത്ര, മറ്റു ഭാഷകൾക്ക് ഇത്ര എന്ന് അവർ ഇടവും കല്പിച്ചിട്ടുണ്ട്. ഈ ഭാഷാസൂത്രണം ശാസ്ത്രീയമാണോ എന്നു ചോദിച്ചാൽ കൃത്യമായ ഉത്തരം പറയാൻ പറ്റില്ല; അതുപറയേണ്ട ഏജൻസികളും സംഘടനകളും എന്നേ ദിശ തെറ്റിയാണ് മുന്നേറുന്നത് എന്നതുകൊണ്ട് പ്രത്യേകിച്ചും.

മലയാളികൾക്ക് കേരള സംസ്ഥാനം വേണമെന്ന വാദത്തിനും സമരങ്ങൾക്കും സമാന്തരമായി തങ്ങളെ മലയാളികളുടെ സംസ്ഥാനത്തേക്ക് ചേർക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് രൂക്ഷമായ മറ്റൊരു സമരം നടന്നതുപോലെ നിലവിലെ ഭാഷാസമരങ്ങൾക്കു സമാന്തരമായി ഇംഗ്ലീഷിന് അനുകൂലമായ ഒരു അടിയൊഴുക്ക് കേരളത്തിൽ നടക്കുന്നുണ്ട്. അതു കാണാതിരിക്കാനാവില്ല.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments