ഒ.എം. ശങ്കരൻ

ദേശീയ വിദ്യാഭ്യാസ നയം
കേരളത്തിന്​ തള്ളാനാകില്ല, പക്ഷേ...

‘നാക്​’ ഉൾപ്പടെയുള്ള സംവിധാനങ്ങളിൽ മികച്ച പോയിന്ററുകൾ നേടാൻ സർവ്വകലാശാലകൾക്കും കോളേജുകൾക്കും, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്. റൂസ ഉൾപ്പടെയുള്ള ഫണ്ടിങ് ‘നാക്​’ സ്‌കോറുമായി ബന്ധപ്പെട്ടാണ് നൽകുന്നത്. അതിനാൽ, സർവ്വകലാശാലകൾക്കോ കോളേജുകൾക്കോ ദേശീയ വിദ്യാഭ്യാസനയം പൂർണമായും തള്ളിക്കളയുക എന്ന സമീപനം സ്വീകരിക്കാൻ കഴിയില്ല.

കെ.കണ്ണൻ: പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട യു.ജി.സി നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടങ്ങിയിരിക്കുകയാണല്ലോ. ഈ നയത്തിന്റെ അന്തസ്സത്തയോടും അതിലെ പല നിർദേശങ്ങളോടും കേരളം- സംസ്ഥാന സർക്കാറും വിദ്യാഭ്യാസ വിദഗ്ധരുമടക്കം- ആശയപരമായും പ്രായോഗികമായും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, യു.ജി.സിയുടെ നിർദേശങ്ങൾ ഈ ഐഡിയോളജിക്കൽ വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം തള്ളിക്കളയാനുമാകില്ല. മാത്രമല്ല, കേരളത്തിനുമാത്രമായി, ഈ സംവിധാനത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള കേരളത്തിന്റെ സമീപനം; പ്രായോഗികാർഥത്തിലും ആശയതലത്തിലും, സംസ്ഥാനത്തിന്റെ താൽപര്യത്തിന് അനുഗുണമായി വികസിപ്പിക്കാൻ കഴിയുന്ന സാഹചര്യമുണ്ടോ?

ഒ.എം. ശങ്കരൻ : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതൽ കേന്ദ്രീകരണവും വാണിജ്യവത്കരണവുമാണ്. ആ സമീപനത്തോട് കേരളത്തിന് യോജിക്കാൻ കഴിയില്ല. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ഇടപെടലുകളുടെ ചരിത്രം പരിശോധിച്ചാൽ എല്ലാകാലത്തും ഇതിനെതിരെയാണ് നമ്മൾ പ്രവർത്തിച്ചിരുന്നത് എന്നുകാണാൻ കഴിയും. വിദ്യാഭ്യാസമെന്നത് സംസ്ഥാനങ്ങൾക്കു കൂടി നയരൂപീകരണം നടത്താനുള്ള വിഷയമാകയാൽ, സംസ്ഥാനം അക്കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിനോടുള്ള നമ്മുടെ സമീപനം, ആശയതലത്തിലും പ്രയോഗികതലത്തിലും എങ്ങനെയാവണം എന്നത്, കേരളീയസമൂഹം ചർച്ച ചെയ്ത്​രൂപപ്പെടുത്തേണ്ട ഒന്നാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രാപ്യത പോലുള്ള വിഷയങ്ങൾ കേരളം പരിഹരിച്ച പ്രശ്നങ്ങളാണ്. മറ്റു ചില നിർദേശങ്ങൾ, നൈപുണി വികസനം പോലുള്ളവ നമ്മൾ പരിഹരിച്ചുകൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ ഒട്ടു മിക്ക നിയോജകമണ്ഡലങ്ങളിലും ഒരു കോളേജ് ഇന്നുണ്ട്. ആ അർത്ഥത്തിൽ കേരളം സമുദായ-പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസം പ്രാപ്യമാക്കിയിട്ടുണ്ട്. നമ്മൾ നേരിടുന്ന മുഖ്യപ്രശ്നം ഗുണനിലവാരവും വൈവിധ്യവൽകരണവുമാണ്. നിലവിൽ ‘നാക്​’ ഉൾപ്പടെയുള്ള സംവിധാനങ്ങളിൽ മികച്ച പോയിന്ററുകൾ നേടാൻ സർവ്വകലാശാലകൾക്കും കോളേജുകൾക്കും, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്. (‘നാക്​’ നോട്ടിഫിക്കേഷൻ മാർച്ച് 23, 2022). റൂസ ഉൾപ്പടെയുള്ള ഫണ്ടിങ് ‘നാക്​’ സ്‌കോറുമായി ബന്ധപ്പെട്ടാണ് നൽകുന്നത്. അതിനാൽ, സർവ്വകലാശാലകൾക്കോ കോളേജുകൾക്കോ ദേശീയ വിദ്യാഭ്യാസനയം പൂർണമായും തള്ളിക്കളയുക എന്ന സമീപനം സ്വീകരിക്കാൻ കഴിയില്ല. പ്രായോഗികമായ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ, മുകളിൽ സൂചിപ്പിച്ച പോലെ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സമീപനം എന്താവണം എന്നതിൽ കൂടുതൽ ചർച്ച ആവശ്യമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിലെ സ്വീകരിക്കാവുന്നവ സ്വീകരിക്കുകയും അല്ലാത്തതിന് തനതായ ബദലുകൾ സൃഷ്ടിച്ചും മാത്രമേ മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. പൂർണമായും ആ നയം തള്ളിക്കളയുക എന്നത് അപ്രായോഗികമാണ്. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്ര വിദ്യാഭ്യാസ നയം സംസ്ഥാനം രൂപപ്പെടുത്തേണ്ടതാണ്, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയിൽ.

സംസ്ഥാന സർക്കാർ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ എന്നൊരു ആശയം മുന്നോട്ടുവക്കുകയും അതിനുവേണ്ടിയുള്ള പ്രാരംഭ ആലോചനകൾ തുടങ്ങിവക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തെ ഒരു ജ്ഞാനസമൂഹമായി പരിവർത്തിപ്പിക്കാനുള്ള അടിസ്ഥാന ലക്ഷ്യങ്ങളായി ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പല കാര്യങ്ങളും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എതിർപക്ഷത്താണുള്ളത്. അതായത്, അറിവിന്റെ കുത്തകവൽക്കരണം, ജനാധിപത്യ- മതേതര- ശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെ നിഷേധം, കുത്തക മൂലധനത്തിന്റെ അനിയന്ത്രിതമായ വിനിയോഗം തുടങ്ങി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ യഥാർഥ റിസൾട്ടുകളിൽ പലതും വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ സത്തയുമായി ചേർന്നുപോകുന്നതല്ല. വിദ്യാഭ്യാസ മേഖല കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയിൽ, വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ പോലെ, കേരളത്തിന്റെ ഒരു വിദ്യാഭ്യാസ ബദലിന് ഭാവിയിൽ എത്രത്തോളം സാധ്യതയുണ്ട്?​

​ജ്ഞാനസമൂഹവും ജ്ഞാന സമ്പദ്​വ്യവസ്ഥയും നമ്മൾ മാറി മാറി ഉപയോഗിക്കുന്നുണ്ടെങ്കിലും പരിഷത്ത്​ മുന്നോട്ടു വെയ്ക്കുന്നത് വിശാലമായ ജനാധിപത്യ മാനങ്ങളുള്ള ജ്ഞാനസമൂഹം എന്ന ആശയമാണ്. ഈ സമൂഹത്തിന്റെ സൃഷ്ടിയിൽ പ്രാധാന്യമുള്ള ഒരു വ്യവസ്ഥ മാത്രമാണ് ജ്ഞാന സമ്പദ് വ്യവസ്ഥ. ഈ ആശയത്തിനോട് മുഴുവനായും ചേർന്നുപോകുന്ന ഒന്നല്ല ദേശീയ വിദ്യാഭ്യാസ നയം. കേന്ദ്രീകരണവും വാണിജ്യവത്കരണവും ഈ ആശയത്തിന് വിരുദ്ധമാണ്. വിദ്യാഭ്യാസത്തിനും, ഗവേഷണത്തിനും പ്രാദേശിക വിഭവങ്ങളെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ഒരു നയം രൂപപ്പെടേണ്ട ആവശ്യം ഇവിടെയാണ്. നമ്മുടെ പശ്ചാത്തല സൗകര്യ വികസനവും, മാനവിക വിഭവശേഷി വർധിപ്പിക്കലും, പ്രശ്നപരിഹാരങ്ങളുമാവണം അതിന്റെ അന്തഃസത്ത. അതേസമയം, അതിന്​ ഒരു അന്തർദേശിയ മാനവും വേണം. മുകളിൽ സൂചിപ്പിച്ച പോലെ, ദേശീയ വിദ്യാഭ്യാസനയത്തെ പൂർണമായി നിരാകരിക്കാതെ, ഒരു ജ്ഞാന സമ്പദ്​വ്യവസ്ഥ രൂപപ്പെടുന്നതിൽ അതിലുള്ള കാര്യങ്ങൾ പ്രയോജനപ്പെടുത്താവുന്ന രീതിയിൽ, അതിനെ സ്വംശീകരിക്കേണ്ടതുണ്ട്. അതിനു ശേഷം നമ്മൾ വിഭാവനം ചെയ്യുന്ന രീതിയിലുള്ള സമൂഹസൃഷ്ടിക്കായി അതിനെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള നയം ഉണ്ടാവേണ്ടതുണ്ട്.


ഒ.എം. ശങ്കരൻ

കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ സംസ്​ഥാന പ്രസിഡൻറ്​.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments