അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) പരീക്ഷയുടെ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിരിക്കുകയാണേല്ലാ. ജിപ്മെർ, എയിംസ് ഉൾപ്പെടെ രാജ്യത്തെവിടെയുമുള്ള മെഡിക്കൽ കോളജുകളിൽ പ്രവേശനം ലഭിക്കാനുള്ള പരീക്ഷ എന്ന നിലയ്ക്ക് നീറ്റിനുള്ള പ്രാധാന്യം വലുതാണ്. വെറ്ററിനറി, സിദ്ധ, യൂനാനി. ആയുർവേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിലും പ്രവേശനം നീറ്റ്റാങ്കിനനുസരിച്ചാണ്.
ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 13 ഭാഷകളിലാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതാൻ സാധിക്കുക. 12 ഭാഷകളിൽ മാത്രമേ കഴിഞ്ഞ വർഷം വരെ ചോദ്യപേപ്പറും ഉത്തരമെഴുതാനുള്ള അവസരവും ഉണ്ടായിരുന്നുള്ളൂ എന്ന് ഇതുസംബന്ധിച്ച വാർത്തകളിൽ എവിടെയും കണ്ടില്ല. നീറ്റിന്റെ വരേണ്യ ലോകത്തേക്ക് ആദ്യമായാണ് മലയാളത്തിന് പ്രവേശനം എന്ന വലിയ വാർത്ത അറിഞ്ഞോ അറിയാതെയോ തിരസ്കരിക്കപ്പെട്ടു...!
തമിഴിനും തെലുങ്കിനും കന്നടയ്ക്കും ലഭിച്ച ഭാഷാപദവി പോലുമില്ലാതെ മാറ്റിനിർത്തപ്പെട്ടതായിരുന്നു നമ്മുടെ ഭാഷ ഇക്കാലമത്രയും. വൈജ്ഞാനിക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ മലയാള ഭാഷ കൊള്ളില്ല എന്നുപറഞ്ഞ് മാറ്റി നിർത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നതാവട്ടെ നമ്മുടെ തന്നെ ഭാഷാവിദഗ്ദരുമായിരുന്നു. ജ്ഞാനമണ്ഡലത്തോടൊപ്പം ഭാഷയും വളരട്ടെ എന്നല്ല, ഭാഷ സ്വയം വളർന്ന് സമ്പന്നമായ ശേഷം മാത്രമേ ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ പഠിപ്പിക്കാവൂ എന്ന ശാഠ്യമായിരുന്നു പലർക്കും. നീറ്റ് പരീക്ഷയിലേക്കുള്ള മലയാളത്തിന്റെ പ്രവേശനം വലിയൊരു തിരുത്തുകൂടിയായി മാറുന്നത് ഇവിടെയാണ്.
ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി വിഷയങ്ങളിൽ നിന്നുള്ള 180 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 180 മിനിറ്റിൽ ഉത്തരമെഴുതുക എന്നതാണ് പരീക്ഷയിൽ നിർണായകം. ഒരു മിനിറ്റിനുള്ളിൽ ഒരു ചോദ്യം വായിച്ച് അതിനുത്തരമെഴുതണമെങ്കിൽ ഒറ്റവായനയിൽ തന്നെ ചോദ്യം മനസിലാവണം. കുട്ടിയുടെ വിഷയത്തിലുള്ള അറിവോ ബുദ്ധിപരമായ മികവോ പരാജയപ്പെട്ടു പോവുകയും ഇംഗ്ലീഷ് വേഗത്തിൽ വായിച്ചെടുക്കാനുള്ള പരിചയം വിജയിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇതിന്റെ ഫലം. ഈ അവസ്ഥ മാറാതിരിക്കുന്നതിലായിരുന്നു കേരളത്തിൽ പലരുടേയും താൽപര്യവും .
2011 ൽ വി.എസ്. അച്യുതാനന്ദൻ സർക്കാറിന്റെ അവസാന കാലത്താണ് ഒന്നാം ഭാഷാ ഉത്തരവ് നടപ്പായത്. ശ്രേഷ്ഠ ഭാഷാ പ്രഖ്യാപനവും മലയാള സർവകലാശാലയുമൊക്കെ യാഥാർത്ഥ്യമായെങ്കിലും പിന്നീട് അഞ്ച് വർഷത്തേക്ക് കാര്യമായി ഒന്നും നടന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ നിയമമുണ്ടാക്കി കേന്ദ്രത്തിലേക്കയച്ചെങ്കിലും തുടർച്ചയുണ്ടായില്ല. പിന്നീട് 2016 ൽ പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഭാഷാ നിയമം ബില്ലായി നിയമസഭയിൽ വന്നതും നിയമമായതും. ഹയർ സെക്കന്ററിയിലെ പഠന മാധ്യമം ഇംഗ്ലീഷ് ആയിരിക്കണമെന്ന "കഠിനനിയമ"ത്തിൽ അയവ് വരുത്തി, മലയാളത്തിലും കൂടിയാവാം എന്ന അവകാശം പോലും വകവെച്ച് കിട്ടിയത് അടുത്ത കാലത്താണ്.
പ്രി ഡിഗ്രി കാലത്ത് പോലും ഉണ്ടായിരുന്ന അവകാശമാണ് NCERT മാഹാത്മ്യക്കാർ നമ്മുടെ കുട്ടികൾക്ക് നിഷേധിച്ചത്. NCERT പുസ്തകങ്ങൾ മലയാളത്തിന് വഴങ്ങില്ല എന്നായിരുന്നു എക്കാലവും വാദം. ശാസ്ത്ര - സാങ്കേതിക പദങ്ങൾ മലയാളീകരിക്കുന്നതിന്റെ പ്രയാസവും വികൃത മലയാളങ്ങൾ സൃഷ്ടിച്ചു കൊണ്ടുള്ള അവരുടെ പരിഹാസവും ആഘോഷിക്കപ്പെട്ടത് കുറച്ചൊന്നുമായിരുന്നില്ല. എന്നാൽ മലയാള സാങ്കേതിക പദാവലി തയാറാക്കിയും ഇംഗ്ലീഷ് ഉൾപ്പെടെ ഇതര ഭാഷകളിൽ നിന്നുള്ള സാങ്കേതിക പദങ്ങളെ അപ്പടി സ്വീകരിച്ചും ഇക്കഴിഞ്ഞ ഭരണകാലം പൊതുവിദ്യാഭ്യാസ വകുപ്പ് കരുത്തു കാണിച്ചു. പ്ലസ്ടുവിന് പ്രാദേശിക ഭാഷയിൽ പാഠപുസ്തകങ്ങളില്ലാത്തതു കൊണ്ടാണ് നീറ്റിന് മലയാളമനുവദിക്കാത്തത് എന്ന തടസത്തെ കഴിഞ്ഞ വർഷത്തോടെ തിരുത്തി. ഹയർ സെക്കന്ററിയിലെ അമ്പതോളം വിഷയങ്ങളിൽ മലയാള പാഠപുസ്തകങ്ങളും കൂടി ലഭ്യമാക്കി ചരിത്രം സൃഷ്ടിച്ചു.
നീറ്റിലൂടെ ഇക്കുറി യാഥാർത്ഥ്യമാവുന്നത് പരീക്ഷാ പരിഷ്കരണം എന്ന ഒരൊറ്റക്കാര്യമല്ല. ഗ്രാമീണ സ്കൂളിൽ പഠിച്ചിരുന്ന, മാതൃഭാഷയിൽ വിദ്യാഭ്യാസം നേടിയിരുന്ന മനുഷ്യമക്കളുടെ അന്തസ്സിന്റെ വിജയം കൂടിയാണിത്.