അതി നിർണായക പരീക്ഷകളുടെ അനീതികൾ

സാമ്പത്തിക പ്രാപ്തിയുള്ള വിഭാഗങ്ങളെ കൃത്യമായി പുനർനിർമിക്കുന്നതിനുള്ള ഉപകരണമായി പ്രവേശനപരീക്ഷകൾ മാറുന്നത് നാം കാണാതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ, രക്ഷാകർത്താക്കളുടെ സാമ്പത്തികസ്ഥിതി സ്കൂൾ പരിചരണങ്ങളിലൂടെയും കോച്ചിംഗ് ക്ലാസുകളിലൂടെയും നിർമിച്ചെടുക്കുന്ന കുറുക്കു വഴികൾക്ക് പുറത്തുകടക്കാനുതകുന്ന പരിഷ്കരണമാണ് പ്രവേശന പരീക്ഷകളിൽ ആദ്യമായി വേണ്ടത്- അമൃത് ജി. കുമാർ എഴുതുന്നു.

അതി നിർണായക പരീക്ഷകൾ നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയുടെ നെടുംതൂണായി മാറിയിട്ടുണ്ട്. ഒരു പരീക്ഷയുടെ ഫലം വിദ്യാർത്ഥികളെയും, അധ്യാപകരെയും, സ്ഥാപനങ്ങളെയുമൊക്കെ സംബന്ധിച്ച് വളരെ നിർണായകമായ തീരുമാനങ്ങളെടുക്കുന്നതിന് ഉപയോഗിക്കപ്പെടുകയാണെങ്കിൽ അത്തരം പരീക്ഷകളാണ് അതി നിർണായക പരീക്ഷകളെന്ന് വിവക്ഷിക്കുന്നത്.

മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തുന്നത് അതെഴുതുന്ന ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തെ സംബന്ധിക്കുന്ന വളരെ സുപ്രധാനമായ തീരുമാനത്തിലെത്തുന്നതിനാണ്. ഇതുപോലെ തന്നെയാണ് IIT, NIT അടക്കമുള്ള ദേശീയ സ്ഥാപനങ്ങളിലേക്ക് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് നടത്തപ്പെടുന്ന പരീക്ഷകൾ. ഇവിടെയെന്നും വിദ്യാർഥിയുടെ യഥാർത്ഥ കഴിവോ താൽപര്യമോ അല്ല, മറിച്ച് ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് നടത്തുന്ന പരീക്ഷയിലെ മാർക്കാണ് അവരെ സംബന്ധിക്കുന്ന തീരുമാനത്തിന് അടിത്തറയായി മാറുന്നത്. നല്ല രീതിയിൽ എൻട്രൻസ് റിസൾട്ടുള്ള സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിന്, ഇത്തരം പരീക്ഷകൾക്ക് വിദ്യാർഥികളെ തയ്യാറെടുക്കുന്ന അദ്ധ്യാപകരെ നിലനിർത്തണോ പിരിച്ചുവിടണോ എന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് എന്നിങ്ങനെ പല തീരുമാനങ്ങൾക്കും ഇത്തരം അതി നിർണായകമായ പരീക്ഷാഫലങ്ങൾ ഉപയോഗിക്കപ്പെടുന്നു. പരീക്ഷകൾ നടത്തപ്പെട്ടിരുന്നത് വിദ്യാർത്ഥിയുടെ പഠനത്തെ സഹായിക്കുന്നതിനാണ്. എന്നാൽ മാറിവരുന്ന കാലഘട്ടത്തിൽ അതി നിർണായക പരീക്ഷകളുടെ പ്രാധാന്യം വർദ്ധിക്കുന്നതോടെ പരീക്ഷകൾക്കു വേണ്ടിയാണ് വിദ്യാഭ്യാസം എന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ടുചെന്നെത്തിക്കുന്നു. ഇതിന്റെ ഫലമാണ് പഠനത്തെ സഹായിക്കുന്ന പരീക്ഷ എന്ന ആശയത്തിൽനിന്ന് പരീക്ഷക്കുവേണ്ടിയുള്ള പഠനം എന്ന മാറ്റം. എന്തുതന്നെയായാലും ഈ മാറ്റം അതി നിർണായക പരീക്ഷകളെ വളരെ ബൃഹത് പരീക്ഷകളാക്കി മാറ്റിയിട്ടുണ്ട്.

2024-ൽ മാത്രം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന JEE, CUET, NEAT എന്നീ പരീക്ഷകൾക്കുമാത്രമായി 45 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്.

വർഷങ്ങൾ നീളുന്ന തയ്യാറെടുപ്പുകളാണ് അതി നിർണായക പ്രവേശന പരീക്ഷകൾക്കുവേണ്ടി വിദ്യാർഥികൾ സ്കൂളുകളെയും കോച്ചിംഗ് സെൻററുകളെയും ആശ്രയിച്ച് ചെയ്യുന്നത്. ഇത്തരത്തിൽ തയ്യാറെടുപ്പ് നടത്തി എഴുതുന്ന പരീക്ഷകൾ റദ്ദാക്കപ്പെടും എന്നത് മികവും കഠിനാധ്വാനവുമുള്ള വിദ്യാർത്ഥികളിൽ വലിയ സംഘർഷം സൃഷ്ടിക്കും. പരീക്ഷയെഴുതി പുറത്തിറങ്ങി കഴിയുമ്പോഴേക്കും വലിയൊരു സമ്മർദ്ദഘട്ടത്തിൽ നിന്നുകൂടിയാണ് വിദ്യാർഥി പുറത്തുകടക്കുന്നത്. അങ്ങനെയിരിക്കുമ്പോൾ തങ്ങളുടേതല്ലാത്ത കാരണത്താൽ, നടന്ന പരീക്ഷ കാൻസൽ ചെയ്യപ്പെടുമ്പോൾ വീണ്ടും പഠനവും തയ്യാറെടുപ്പും നടത്തുക എന്നത് വിദ്യാർഥികൾക്ക് വലിയ സമ്മർദമുണ്ടാക്കും. അവസാനിക്കാത്ത എഴുത്തുപരീക്ഷകൾ സ്വതന്ത്രചിന്തയും സർഗ്ഗാത്മകതയും എത്തിനോക്കാത്ത തരിശുഭൂമിയായി വിദ്യാർത്ഥികളുടെ മനസ്സിനെ മാറ്റുന്നു. അങ്ങനെ നോക്കുമ്പോൾ ആവർത്തിച്ച് പരീക്ഷയെഴുതുവാൻ വിധിക്കപ്പെടുകയെന്നു പറയുന്നത് ഒരു വലിയ ശിക്ഷ തന്നെയാണ്.

അതി നിർണായക പരീക്ഷകൾ നമ്മുടെ വിദ്യാർത്ഥികളിലും വിദ്യാഭ്യാസപ്രക്രിയയിലൊന്നാകെയും ഉണ്ടാക്കുന്ന സ്വാധീനം വളരെ ആപത്കരമാകും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

2024-ൽ മാത്രം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന JEE, CUET, NEET എന്നീ മൂന്ന് പരീക്ഷകൾക്കു മാത്രമായി 45 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ദേശീയതലത്തിൽ ഇത്തരം പരീക്ഷകൾ നടത്തുന്ന എൻ.ടി.എയുടെ വരുമാനം നോക്കിയാൽ തന്നെ നമ്മുടെ രാജ്യത്ത് നടത്തപ്പെടുന്ന ബൃഹത് പരീക്ഷകളുടെ പ്രാധാന്യം മനസ്സിലാകും. എൻ ടി എ നടത്തുന്ന പരീക്ഷകൾക്ക് ഓരോ അപേക്ഷകരും ശരാശരി 1,000 രൂപ വച്ച് ചെലവാക്കുന്നു എന്നാണ് കണക്ക്. ഇത്തരത്തിൽ എൻ.ടി.എ നടത്തുന്ന മൂന്ന് പ്രധാന പ്രവേശന പരീക്ഷകളിൽ മാത്രം (JEE,CUET, NEET) വരുമാനം 500 കോടിയിലധികം രൂപയാണ്. ഒരു വലിയ വ്യവസായ സംരംഭത്തിന് സമാനമായ രീതിയിൽ നേടുന്ന ഒന്നായി ടെസ്റ്റിംഗ് ഏജൻസി മാറിയിരിക്കുന്നു.

എൻ ടി എ നടത്തുന്ന പരീക്ഷകൾക്ക് ഓരോ അപേക്ഷകരും ശരാശരി 1,000 രൂപ വച്ച് ചെലവാക്കുന്നു എന്നാണ് കണക്ക്. മൂന്ന് പ്രധാന പ്രവേശന പരീക്ഷകളിൽ മാത്രം (JEE,CUET, NEET) വരുമാനം 500 കോടിയിലധികം രൂപയാണ്.

അന്തർദേശീയ തലത്തിലും ഇത്തരം അതി നിർണായക പരീക്ഷകൾ നടത്തപ്പെടാറുണ്ട്. ഏറ്റവും നല്ല ഉദാഹരണമാണ് പ്രോഗ്രാം ഫോർ ഇൻറർനാഷണൽ സ്റ്റുഡൻറ് അസസ്മെൻറ് (PISA), The Trends in International Mathematics and Science Study (TIMSS) എന്നിവ. പല രാജ്യങ്ങളുടെയും വിദ്യാഭ്യാസ നയരൂപീകരണത്തിൽ സുപ്രധാന സ്വാധീനം PISA ടെസ്റ്റ്, TIMSS എന്നിവയുടെ ഫലങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം അതി നിർണായക പരീക്ഷകളുടെ ഏറ്റവും പ്രധാന മേന്മയായി പറയപ്പെടുന്നത്, അത് കൂടുതൽ ഫലപ്രദമായി പഠിപ്പിക്കുന്നതിന് അധ്യാപകരെയും നന്നായി പഠിക്കുന്നതിന് വിദ്യാർഥികളെയും തയ്യാറാക്കും എന്നതാണ്. ടെസ്റ്റുകളുടെ റിസൾട്ട് മോശമാകാതിരിക്കുന്നതിന് അധ്യാപകരുടെ നിരന്തരമായ കഠിനശ്രമം പഠനനിലവാരം ഉയർത്തും എന്നാണ് വിശ്വാസം. എന്നാൽ ഈ അനുകൂല വാദങ്ങൾക്കപ്പുറം അതിനിർണായക പരീക്ഷകൾ നമ്മുടെ വിദ്യാർത്ഥികളിലും വിദ്യാഭ്യാസ പ്രക്രിയയിൽ ഒന്നാകെയും ഉണ്ടാക്കുന്ന സ്വാധീനം വളരെ ആപത്കരമാകും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കേന്ദ്ര ഏജൻസി ഇല്ലാതാകുന്നതോടെ അതി നിർണായക പരീക്ഷകൾ സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കും. അതോടെ ഓരോ വിദ്യാർഥിക്കും രാജ്യത്തെമ്പാടുമുള്ള വിവിധ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകേണ്ടിവരും.

എന്തുകൊണ്ട്
നാഷണൽ ടെസ്റ്റിംഗ് ഏജൻസി?

ദശകങ്ങൾക്കുമുൻപ് 1986- ലെ ദേശീയ വിദ്യാഭ്യാസ നയം മുൻപോട്ടുവെച്ച ആശയമാണ് അതി നിർണായക പരീക്ഷകൾ നടത്തുന്നതിന് ദേശീയതലത്തിൽ ഒരു ഏജൻസി. 2017-ൽ മാത്രമാണ് ഈ നിർദ്ദേശം യാഥാർഥ്യമാവുന്നത്. എൻ.ടി.എ നടത്തുന്ന പരീക്ഷകളിലെ വീഴ്ചകൾ ചർച്ചാവിഷയമായ ഈ അവസരത്തിൽ ഇത്തരത്തിൽ അതി നിർണായക പരീക്ഷകൾ നടത്തുന്നതിനുള്ള അവരുടെ കഴിവ് ചോദ്യം ചെയ്യപ്പെടുകയാണ്. എൻ.ടി.എ പിരിച്ചുവിടണം എന്ന അഭിപ്രായങ്ങൾ പോലും ശക്തമായി ഉയർന്നുവരുന്നുണ്ട്. എൻ.ടി.എ ഇല്ലാതാകുക എന്നതിനർഥം ഇത്തരം പരീക്ഷകൾ വികേന്ദ്രീകരിക്കപ്പെടണം എന്നതാണ്. വികേന്ദ്രീകരണം എപ്പോഴും നല്ല കാര്യമാണ്, എങ്കിൽപോലും നമ്മുടെ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം കേന്ദ്ര ഏജൻസിയുടെ അഭാവം എന്തു മാറ്റങ്ങളാണ് ഉണ്ടാക്കുക എന്നുള്ളത് ഗൗരവതരമാണ്.

സംസ്ഥാന സർക്കാരുകൾ മാത്രമാണ് മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് എങ്കിൽ ഇത്തരത്തിൽ വികേന്ദ്രീകരണം സാധ്യമാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിനു കീഴിലാണ്. അതുപോലെ, സംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അതാത് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു മാത്രമാണ് അവസരം എങ്കിൽ അതും ആരോഗ്യകരമായ ഒന്നായി കാണാൻ സാധിക്കുകയില്ല. കേന്ദ്ര തലത്തിലുള്ള ഒരു ഏജൻസി ഇല്ലാതാകുന്നതോടെ ഇത്തരം അതി നിർണായക പരീക്ഷകൾ സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്ന അവസ്ഥയുണ്ടാകും. സംസ്ഥാന സർക്കാരുകൾ ഈ പരീക്ഷ ഏറ്റെടുക്കുന്നതോടെ ഓരോ വിദ്യാർഥിക്കും രാജ്യത്തെമ്പാടുമുള്ള വിവിധ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് പ്രത്യേകം അപേക്ഷ നൽകേണ്ടിവരും. ഇത് രക്ഷകർത്താക്കൾക്കും വിദ്യാർഥികൾക്കും വലിയ സമയനഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കും എന്നതിലുപരി ഓരോ സർക്കാരും അവരവരുടേതായ അപേക്ഷാഫീസ് നിശ്ചയിക്കുന്നതോടെ രക്ഷകർത്താക്കൾ വലിയ തുക അപേക്ഷാഫീസായി നൽകേണ്ടിയും വരും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷാകർത്താക്കളെ സംബന്ധിച്ച് ഇത് വലിയ ശാപമായി മാറും.

വർഷങ്ങൾ നീളുന്ന തയ്യാറെടുപ്പുകളാണ് അതി നിർണായക പ്രവേശന പരീക്ഷകൾക്കുവേണ്ടി വിദ്യാർഥികൾ സ്കൂളുകളെയും കോച്ചിംഗ് സെൻററുകളെയും ആശ്രയിച്ച് ചെയ്യുന്നത്. ഇത്തരത്തിൽ തയ്യാറെടുപ്പ് നടത്തി എഴുതുന്ന പരീക്ഷകൾ റദ്ദാക്കപ്പെടും എന്നത് മികവും കഠിനാധ്വാനവുമുള്ള വിദ്യാർത്ഥികളിൽ വലിയ സംഘർഷം സൃഷ്ടിക്കും.

ഇനി സംസ്ഥാന സർക്കാരുകളുടെ കീഴിലേക്ക് മാറുമ്പോൾ ഇത്തരം പരീക്ഷകളിൽ നടക്കാൻ സാധ്യതയുള്ള അഴിമതികളും സ്വജനപക്ഷപാതവും ഇപ്പോഴത്തെതിനേക്കാൾ കുറവാകും എന്നുറപ്പിക്കാൻ മാർഗ്ഗവുമില്ല. മറിച്ച്, ഒരുപക്ഷേ പല സംസ്ഥാനങ്ങളിലും വലിയ അഴിമതികൾക്കും വഴിതുറക്കാനുമിടയുണ്ട്. പണമുള്ളവരും സ്വാധീനമുള്ളവരും കുറുക്കുവഴിയിലൂടെ മെഡിക്കൽ, എൻജിനീയറിങ് പോലുള്ള സുപ്രധാന പ്രവേശന പരീക്ഷകളുടെ കുരുക്കഴിച്ച് അനർഹമായി അഡ്മിഷൻ നേടുന്ന അവസ്ഥയുണ്ടാകും.

സംസ്ഥാന സർക്കാരുകൾ നടത്തുന്ന പരീക്ഷകൾക്ക് വ്യത്യസ്തങ്ങളായ മാർക്കും പരീക്ഷാസമ്പ്രദായവുമാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ രണ്ട് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുടെ മാർക്ക് തുലനം ചെയ്ത് അവർക്ക് പ്രവേശനം നൽകുക ബാലികേറാമലയാകും. ഉദാഹരണമായി, കേരളത്തിന്റെ എൻട്രൻസ് പരീക്ഷ ആയിരത്തിലും കർണാടകത്തിലെ എൻട്രൻസ് പരീക്ഷ 1500-ലും ആണെന്ന് വിചാരിക്കുക. കേരളത്തിലെ കുട്ടിയും കർണാടകത്തിലെ കുട്ടിയും 800 മാർക്കു വീതം വാങ്ങിയാൽ ഇവരെ സമീകരിക്കുന്ന പ്രക്രിയ ഒരുപക്ഷേ വലിയ അനീതിയായി മാറാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമെന്ന നിലയിലാണ് എൻ.ടി.എ നിലവിൽ വന്നത്. അതുകൊണ്ടുതന്നെ അത് പിരിച്ചുവിടുക എന്നത് അശാസ്ത്രീയമായ പഴയ പ്രവേശനപരീക്ഷാ സമ്പ്രദായത്തിലേക്ക് പോകുന്നതിന് തുല്യമാകും. ഏറ്റവും ഉത്തമമായത് ഇത്തരം ദേശീയ സമ്പ്രദായമാണ് എന്ന അർത്ഥത്തിലല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ പ്രത്യേക പരിതസ്ഥിതിയിൽ മറ്റ് സാധ്യതകളുമായി തുലനം ചെയ്യുമ്പോൾ ലഭ്യമായ മെച്ചപ്പെട്ട സമ്പ്രദായം എന്ന നിലയിലാണ് ഇത്തരം കേന്ദ്ര ഏജൻസി നിലവിലുണ്ടാകേണ്ടതിന്റെ പ്രാധാന്യം നിലനിൽക്കുന്നത്.

എൻ.ടി.എ പരീക്ഷാനടത്തിപ്പ് ഏറ്റെടുത്തത് പൂർണമായ തയ്യാറെടുപ്പുകളോടുകൂടിയല്ല. ഇതിനുള്ള ഏറ്റവും പ്രധാന തെളിവ് എൻ.ടി.എ ഉദ്യോഗസ്ഥരുടെ എണ്ണം തന്നെയാണ്. വെറും 25 സ്ഥിര ഉദ്യോഗസ്ഥർ അടങ്ങുന്ന സംവിധാനമാണിത്.

വീഴ്ച്ചകൾ

രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന നീറ്റ് അടക്കം, ദേശീയതലത്തിൽ 45 ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന സുപ്രധാനമായ പരീക്ഷകളുടെ നടത്തിപ്പാണ് എൻ.ടി.എ ഏറ്റെടുത്തത്. അതിനുമുൻപ് സി ബി എസ് ഇ ആണ് ദേശീയതല പരീക്ഷകൾ മിക്കതും നടത്തിയിരുന്നത്. എന്നാൽ, എൻ.ടി.എ ഈ പരീക്ഷകളുടെ നടത്തിപ്പ് ഏറ്റെടുത്തത് പൂർണമായ തയ്യാറെടുപ്പുകളോടുകൂടിയല്ല എന്ന് കാണാൻ കഴിയും. ഇതിനുള്ള ഏറ്റവും പ്രധാന തെളിവ് എൻ.ടി.എയിൽ അവരുടെ ജോലി ചെയ്യുന്നതിന് ലഭ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം തന്നെയാണ്. വെറും 25 സ്ഥിര ഉദ്യോഗസ്ഥർ അടങ്ങുന്ന സംവിധാനമാണ് എൻ.ടി.എ. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അഭാവമുള്ളതുകൊണ്ടുതന്നെ എൻ.ടി.എ അവരുടെ പരീക്ഷകൾ നടത്തുന്നതിന് പ്രാദേശിക സ്ഥാപനങ്ങളെയും അവയുടെ ഉദ്യോഗസ്ഥരെയും പരീക്ഷ നടത്തുന്ന ദിവസങ്ങളിലും അതിനോടടുത്ത ദിനങ്ങളിലും ദൈനംദിന അടിസ്ഥാനത്തിൽ വാടകക്കെടുക്കാറാണ് പതിവ്. ഇത്രയും സുപ്രധാനമായ പരീക്ഷകൾ നടക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ അവയുടെ സുരക്ഷിതമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് പുറത്തുനിന്നുള്ള അദ്ധ്യാപകരെയും ഉദ്യോഗസ്ഥരെയും വലിയ തോതിൽ ആശ്രയിക്കേണ്ടിവരുന്നു.

എൻ.ടി.എക്ക് ഏറ്റവും അനിവാര്യമായി വേണ്ടത് ഗവേഷണാത്മക അടിത്തറയും സർഗാത്മകമായ ചോദ്യപേപ്പറുകൾ അടങ്ങുന്ന പരീക്ഷാസമ്പ്രദായവും അവയെ നീതിയുക്തമായി വിലയിരുത്താൻ സാധിക്കുന്ന സ്കോറിംഗ് സമ്പ്രദായവുമാണ്.

പൂർണമായും കുറ്റവിമുക്തമായി ദേശീയ പ്രവേശന പരീക്ഷകൾ നടത്താനായിട്ടുണ്ടോ? ഇതുവരെ നടന്ന പരീക്ഷകളിൽ നമ്മുടെ അറിവിൽ കുറ്റങ്ങൾ ഒന്നുമുണ്ടായില്ല എന്നേയുള്ളൂ. അതിന്റെ അർത്ഥം അവയൊക്കെ കുറ്റമറ്റത് ആയിരുന്നു എന്നല്ല. മറിച്ച് നമ്മുടെ ദൃഷ്ടിയിൽ അവയുടെ കുറ്റങ്ങൾ ഒന്നും പെട്ടില്ല എന്നുമാത്രമേയുള്ളൂ. എന്നാൽ, 2024- ലെ പ്രവേശന പരീക്ഷയിലുണ്ടായ വീഴ്ചകൾ ഗൗരവതരമാണ്. പരീക്ഷാപേപ്പർ ചോരുക എന്നത് പരീക്ഷകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും, മിടുക്കരായ വിദ്യാർത്ഥികളോടുള്ള അനീതിയുമാണ്. യാതൊരുവിധത്തിലും ന്യായീകരണം അർഹിക്കുന്ന ഒന്നല്ല ഇത്.

എന്താണ് വേണ്ടത്?

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ, ബിസിനസുകാർ, നവ ലിബറൽ സമ്പദ്ഘടനയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന കോർപ്പറേറ്റ് സ്ഥപനങ്ങളിൽ മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യങ്ങളുള്ളവർ എന്നിവരടക്കം ഒരു പുതു മധ്യവർഗം ഇന്ത്യയിൽ രൂപപ്പെട്ടു വന്നിട്ടുണ്ട്. ഇന്റർനാഷണൽ സ്കൂളുകൾ, എൻട്രൻസ് കോച്ചിങ്ങടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക സ്വാധീനത്തിലൂന്നിയ മാറ്റങ്ങൾ, വിദേശ സർവ്വകലാശാലകളിലേക്കുള്ള മലയാളികളുടെ ഒഴുക്ക് എന്നിവ ഈ പുതു മധ്യവർഗ്ഗത്തിന്റെ ശക്തമായ സാന്നിധ്യത്തെയാണ് വിളിച്ചറിയിക്കുന്നത്. എൻട്രൻസ് പരീക്ഷകൾ അതി നിർണ്ണായകമാകുന്നതിൽ ഈ മാറ്റങ്ങളുടെ വലിയ സ്വാധീനം കാണാം. വലിയെരളവുവരെ അതി നിർണ്ണായക പരീക്ഷകൾ ഈ മധ്യവർഗ്ഗത്തിന്റെ ആഗ്രഹങ്ങളെയും കഴിവുകളെയും താത്പര്യങ്ങളെയും പ്രതിനിധീകരിക്കുന്നതായിക്കൂടി മാറുന്നുണ്ട്. കഴിവോ താൽപര്യമോ ഇല്ലെങ്കിൽ പോലും മെഡിക്കൽ കോളേജുകളിലും ഉന്നത ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കയറിപ്പറ്റുന്നതിന് ഈ പുതിയ മധ്യവർഗത്തിന് വഴിയൊരുക്കുന്നത് ഇത്തരം അതി നിർണായക പരീക്ഷകളാണ്.

ഘടനാപരമായ അസമത്വം മറികടക്കുന്നതിനുള്ള വിദ്യാഭ്യാസ ഉപകരണമായിട്ടാണ് പ്രവേശന പരീക്ഷകളും അത് നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസിയും മാറേണ്ടത്.

പ്രവേശന പരീക്ഷയ്ക്ക് അനുയോജ്യമായ രീതിയിൽ വിദ്യാഭ്യാസത്തെ ക്രമീകരിക്കുന്ന സ്കൂൾ സമ്പ്രദായം, സ്കൂളിനോടനുബന്ധിച്ചും സ്വതന്ത്രമായും വലിയ ഫീസ് വാങ്ങി നടത്തപ്പെടുന്ന കോച്ചിംഗ് സെൻററുകൾ എന്നിവയെല്ലാം ഈ പുതിയ മധ്യവർഗത്തിന്റെ സാമ്പത്തിക പ്രാപ്തിക്കുള്ളിൽ നിന്ന് നേടിയെടുക്കാൻ സാധിക്കും. മധ്യവർഗത്തിന് സാധിക്കുന്നതായതുകൊണ്ടുമാത്രം ആ വിഭാഗത്തിലെ വിദ്യാർഥികൾക്ക് അഡ്മിഷൻ കിട്ടിക്കൊള്ളണമെന്നില്ല. അതിന് മറ്റു വിഭാഗങ്ങളുടെ പ്രാപ്യത നിഷേധിക്കേണ്ടതുണ്ട്. മധ്യവർഗത്തിന് പുറത്തുള്ള വലിയൊരു വിഭാഗത്തിന് പ്രാപ്യത നിഷേധിക്കുന്ന തരത്തിൽ സാമ്പത്തികമായ ഒരു മതിൽ ഇത്തരം പ്രവേശന പരീക്ഷാ സമ്പ്രദായം നിർമിക്കുന്നുണ്ട്. പണമുപയോഗിച്ച് പ്രവേശനം വിലക്കുവാങ്ങാൻ ശ്രമിക്കുന്ന രക്ഷകർത്താക്കളുടെ മക്കളിൽ ഒരു വിഭാഗം, തങ്ങളുടെ കഴിവിൽ ഒതുങ്ങുന്നതല്ല എന്ന് മനസ്സിലാക്കുമ്പോൾ വലിയ മാനസിക സമ്മർദ്ദത്തിലേക്കും ആത്മഹത്യ അടക്കമുള്ള തീരുമാനങ്ങളിലേക്കും വഴുതിവീഴുന്നു. രാജസ്ഥാനിലെ കോട്ട പോലുള്ള സ്ഥലങ്ങൾ ഇന്ത്യൻ യുവത്വത്തിന്റെ ശവ‘ക്കോട്ട’കളായി മാറുന്നത് നാം കാണുന്നുണ്ട്. സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും ഈ വൈതരണികൾ കടന്ന് പ്രവേശനം വാങ്ങുന്ന മിടുക്കരും സമൂഹത്തിലുണ്ട്. എന്നാൽ അവർ വെറും ന്യൂനപക്ഷം മാത്രമാണ്. ചോദ്യപേപ്പർ ചോർന്നതിനെക്കാൾ വലിയ അഴിമതിയാണ് ഇതെങ്കിലും കൂടി സമൂഹഘടനയുടെ ഭാഗമായതിനാൽ സാമ്പത്തിക പ്രാപ്തിയുള്ള വിഭാഗങ്ങളെ കൃത്യമായി പുനർ നിർമിക്കുന്നതിനുള്ള ഉപകരണമായി പ്രവേശന പരീക്ഷകൾ മാറുന്നത് നാം കാണാതെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ രക്ഷാകർത്താക്കളുടെ സാമ്പത്തികസ്ഥിതി സ്കൂൾ പരിചരണങ്ങളിലൂടെയും കോച്ചിംഗ് ക്ലാസുകളിലൂടെയും നിർമിച്ചെടുക്കുന്ന കുറുക്കു വഴികൾക്ക് പുറത്തുകടക്കാനുതകുന്ന പരിഷ്കരണമാണ് പ്രവേശന പരീക്ഷകളിൽ ആദ്യമായി വേണ്ടത്. അവിടെ ദേശീയ ടെസ്റ്റിംഗ് ഏജൻസിയെക്കാളുപരിയായി, നമ്മുടെ ശ്രദ്ധ പതിയേണ്ടത് ആനുകാലിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഘടനാപരമായ അസമത്വത്തിലേക്കാണ്.

ഈ ഘടനാപരമായ അസമത്വം മറികടക്കുന്നതിനുള്ള വിദ്യാഭ്യാസ ഉപകരണമായിട്ടാണ് പ്രവേശന പരീക്ഷകളും അത് നടത്തുന്ന ദേശീയ ടെസ്റ്റിംഗ് ഏജൻസിയും മാറേണ്ടത്. ഇത്തരത്തിലൊരു മാറ്റത്തിന് എൻ.ടി.എക്ക് ഏറ്റവും അനിവാര്യമായി വേണ്ടത് ഗവേഷണാത്മക അടിത്തറയും സർഗാത്മകമായ ചോദ്യപേപ്പറുകൾ അടങ്ങുന്ന പരീക്ഷാ സമ്പ്രദായവും അവയെ നീതിയുക്തമായി വിലയിരുത്താൻ സാധിക്കുന്ന സ്കോറിംഗ് സമ്പ്രദായവുമാണ്. വെറും 25 സ്ഥിര ഉദ്യോഗസ്ഥരും, ബാക്കി കോൺട്രാക്ട് ഉദ്യോഗസ്ഥരും, പരീക്ഷാ നടത്തിപ്പിന് ദിനബത്ത നൽകി വാടകക്കെടുക്കുന്ന ഉദ്യോഗസ്ഥരുമായി ഇത്തരം മാറ്റങ്ങൾ സ്വപ്നം കാണാനാകില്ല. അതുകൊണ്ടുതന്നെ ശാസ്ത്ര- സാങ്കേതിക മേഖലകളിലെ മികവുറ്റ ശാസ്ത്രജ്ഞരും, വിദ്യാഭ്യാസ ഗവേഷകരും അടങ്ങുന്ന ശക്തമായ ടീം എൻ.ടി.എയുടെ ഭാഗമായി മാറേണ്ടതുണ്ട്. അങ്ങനെ ഉണ്ടായാൽ മാത്രമേ സാമൂഹിക അസമത്വത്തെ പുനർനിർമിക്കുന്ന ഉപകരണം എന്ന നിലയിൽനിന്ന് അതി നിർണായക പരീക്ഷകളെ മോചിപ്പിച്ച് മികവിനെയും താൽപര്യങ്ങളെയും കൃത്യമായി വിലയിരുത്താൻ സാധിക്കുന്ന ഉപകരണമാക്കി മാറ്റാൻ സാധിക്കുകയുള്ളൂ.

എൻ.ടി.എ മേധാവി പ്രദീപ് കുമാർ ജോഷി

എന്നാൽ ദേശീയതലത്തിൽ നടത്തപ്പെടുന്ന ഈ പരീക്ഷയ്ക്ക് രാജ്യത്താകമാനം ഉദ്യോഗസ്ഥരെ സ്ഥിരമായി വിന്യസിക്കുക തീർത്തും അസാധ്യമാണ്. അതുകൊണ്ടുതന്നെ പരീക്ഷാകേന്ദ്രങ്ങളിൽ വിന്യസിക്കപ്പെടുന്ന ഉദ്യോഗസ്ഥർ കൃത്യമായ പരിശീലനങ്ങളിലൂടെ കടന്നുപോയശേഷം മാത്രമാണ് ആ ജോലിക്ക് നിയോഗിക്കപ്പെടുന്നത് എന്നുറപ്പാക്കേണ്ടതുണ്ട്. ദൗർഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ പ്രവേശന പരീക്ഷയിൽ ഇത്തരത്തിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിൽ പോലും എൻ.ടി.എ പരാജയപ്പെട്ടു പോയിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ രേഖകളും അവയുടെ കൈകാര്യം ചെയ്യലും തീർത്തും ഊഹത്തിന്റെ അടിസ്ഥാനത്തിലാണ് വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത്. അതുപോലെ, പരീക്ഷയുടെ സുരക്ഷാമേൽനോട്ടവും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംവിധാനവും പൂർണ്ണമായും സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള നിയമപാലക സംവിധാനങ്ങൾക്ക് വിട്ടുകൊണ്ടാണ് എൻ.ടി.എ പരീക്ഷകൾ നടത്തിയത്. കേന്ദ്രതലത്തിൽ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കൃത്യമായ ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കുന്ന സാങ്കേതിക വിദഗ്ധരുടെ സേന കൂടി ഇത്തരം പരീക്ഷാ സംവിധാനങ്ങൾക്ക് ആവശ്യമുണ്ട്.

ഘടനാപരമായ മാറ്റങ്ങൾക്ക് എൻ.ടി.എയെ വിധേയമാക്കേണ്ടതുണ്ട്. ഒരുപക്ഷേ, ശക്തമായ സുരക്ഷാ സംവിധാനത്തിലൂടെ ചോദ്യപേപ്പർ ചോർച്ച തടയാനായേക്കും. പരീക്ഷകൾ കുറ്റമറ്റ രീതിയിൽ നടത്തുക എന്നതിനേക്കാളുപരി, പ്രവേശന പരീക്ഷകൾ സാമൂഹ്യ അസമത്വങ്ങളെ പുനർനിർമിക്കാനുള്ള പഴുതുകളായി മാറുന്ന സാധ്യതകളെ ഉന്മൂലനം ചെയ്യുന്ന രീതിയിലാവണം മാറ്റങ്ങളുണ്ടാവേണ്ടത്.


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. അധികാരത്തിന്റെ സാധ്യതകൾ, വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.

Comments