സി.ബി.എസ്.സി യോട് പരാജയപ്പെടുന്ന പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടിവരുന്നത് ലജ്ജാകരമാണ്. നിർഭാഗ്യവശാൽ പൊതുവിദ്യാഭ്യാസമേഖലയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അത് ഇരുചെവിയറിയാതെ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നത് പൊതുവിദ്യാഭ്യാസത്തെ മേയ്ച്ചുനടക്കുന്നവർ തന്നെയാണ് എന്നതാണ് ഇതിലെ അത്ഭുതപ്പെടുത്തുന്ന ഏകകാര്യം. അവരെ തിരുത്താൻ ഈ മേഖലയെ അക്കാദമികമായി നയിക്കേണ്ടവർക്കും രാഷ്ട്രീയമായി തിരുത്തേണ്ടവർക്കും ഒരു ചുക്കും ചെയ്യാൻ കഴിയുന്നില്ല എന്നതാണ് വിചിത്രം. അവർ കൊടുക്കുന്ന അക്കാദമികമായ നിർദ്ദേശങ്ങളെ കീറി ചവറ്റുകൊട്ടയിലിട്ട് സി. ബി. എസ്. ഇ ക്ക് ഹൃദയം പണയം കൊടുത്ത ഉന്നതർ അവരുടെ താത്പര്യങ്ങൾ സുഗമമായി നടപ്പിലാക്കുന്നു. അക്കാദമികബോഡി അല്ല അഡ്മിനിസ്ട്രേറ്റീവ്ചുമതലക്കാരാണ് കേൾവി കേട്ട കേരള വിദ്യാഭ്യാസത്തിന്റെ ഇപ്പോഴത്തെ അവസാനവാക്ക്! പൊതുവിദ്യാഭ്യാസത്തെ കുളിപ്പിച്ച് ഇല്ലാതാക്കാൻ തിട്ടൂരം വാങ്ങി വന്നിരിക്കുന്ന അവരെ കണ്ണടച്ച് വിശ്വസിച്ച് രാഷ്ട്രീയ / സംഘടന നേതാക്കൾ ഒന്നും മനസ്സിലാവാതെയോ മനസ്സിലായിട്ടും ഒന്നും ചെയ്യാൻ കഴിയാതെയോ നിഷ്ക്രിയരായി ഇരിക്കുന്നു.
ഇപ്പോൾ എസ്. എസ്. എൽ. സി യുടെയും ഹയർ സെക്കന്ററി / വൊക്കെഷണൽ ഹയർ സെക്കന്ററിയുടേയും ചോദ്യപേപ്പറുകൾ ഉണ്ടാക്കുകയാണ്. മിക്കതും ഉണ്ടാക്കി കവറിലാക്കി സീൽ ചെയ്ത് കഴിഞ്ഞു. കൃത്യമായ രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിൽ കേരളത്തിലെ എസ്. എസ്. എൽ. സി, പ്ലസ് ടു റിസൾട്ടുകൾ, അതിലെ ഉന്നത ഗ്രേഡുകൾ അതിശയകരമാം വിധം ഇക്കുറി താഴെ പോകും. കഴിഞ്ഞ വർഷത്തിന്റെ പകുതിപോലും കുട്ടികൾക്ക് എ, എ പ്ലസ് ഗ്രേഡുകൾ ലഭിക്കില്ല. ഈ രീതിയിൽ കുട്ടികൾക്ക് മാർക്ക് ലഭിക്കാൻ പാടില്ല എന്ന കർശന നിർദ്ദേശങ്ങളോടെയാണ് ചോദ്യപേപ്പറുകൾ ഉണ്ടാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിലെ കുട്ടികളോട് കണ്ണിൽ ചോരയിലാത്ത ഈ ക്രൂരത പരീക്ഷയ്ക്ക് തൊട്ടുമുന്നിൽ അവർ നിൽക്കുമ്പോൾ ചെയ്തതിന് മറ്റാരുമല്ലെങ്കിൽ കൂടി, കേരളത്തിലെ അധ്യാപക / വിദ്യാർത്ഥി സംഘടനകളെങ്കിലും നാളെ ഉത്തരം പറയേണ്ടിവരും എന്നത് തീർച്ചയാണ്. മുൻവർഷം കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ കുട്ടികൾക്ക് മികച്ച സ്കോർ ലഭിച്ചതിൽ രോഷം പൂണ്ട ഇവിടുത്തെ ഐ. എ. എസ് / സി. ബി. എസ്. സി ലോബിയുടെ കളിയിലെ പാവകൾ മാത്രമായി നിൽക്കുകയാണ് അവർ എന്നത് അവരൊഴികെ മറ്റെല്ലാവരും തിരിച്ചറിയുന്നുണ്ട്.
200 അധ്യയന ദിവസങ്ങൾ കൊണ്ട് പഠിപ്പിച്ചുതീർക്കാനുള്ള സിലബസ് ആണ് എസ്. എസ്.എൽ. സി, പ്ലസ് ടു ക്കാർക്ക് ഇപ്പോൾ ഉള്ളത്. കോവിഡ് അതിവ്യാപനം മൂലം അടഞ്ഞുകിടന്ന സ്കൂളുകൾ നവംബർ 1 ന് ആണ് തുറന്നത്. അതും പകുതി കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ഉച്ചവരെ മാത്രം. ഒരാഴ്ചയിൽ ഒരു കുട്ടിക്ക് ഒരു വിഷയത്തിൽ കിട്ടുന്നത് രണ്ടുമണിക്കൂർ ക്ലാസ് സമയം. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുഴുവൻ ദിവസവും സ്കൂൾ തുറന്നാലും ഒരു വിഷയം പഠിക്കാൻ മുപ്പതിനടുത്ത മണിക്കൂർ മാത്രം. ജനുവരി അവസാനം ഒന്നാം വർഷ ഹയർ സെക്കന്ററിയുടെ ഇംപ്രൂവ്മെൻറ് പരീക്ഷ, ഫെബ്രവരിയിൽ നടക്കുന്ന അതിന്റെ മൂല്യനിർണയം, തുടർന്ൻ ഫെബ്രുവരി മധ്യത്തോടെ നടക്കുന്ന മോഡൽ പ്രാക്ടിക്കലും തുടർന്ൻ ശരിയായ പ്രാക്റ്റിക്കൽ പരീക്ഷയും, തുടർന്ൻ തിയറി മോഡൽ പരീക്ഷ ഇത്രയും കാര്യങ്ങൾ പൊതുപരീക്ഷയ്ക്ക് മുൻപായി സ്കൂളുകളിൽ നടക്കേണ്ടതുണ്ട്. നേരത്തെ പറഞ്ഞ മുപ്പതിൽ അഞ്ചോ ആറോ മണിക്കൂർ ഓരോ കുട്ടിക്കും ഇവകൊണ്ട് നഷ്ടപ്പെടും.
പറഞ്ഞുവരുന്നത് 200 അധ്യയന ദിവസത്തിൽ പഠിക്കേണ്ട സിലബസ് ആണ് ഈ ഇരുപതോ ഇരുപത്തഞ്ചോ മണിക്കൂറുകൊണ്ട് ഒരു കുട്ടി പഠിക്കേണ്ടത് എന്നതാണ്. അതിനാലാണ് കുട്ടിക്ക് ഫോക്കസ് ഏരിയ എന്ന രീതിയിൽ പരീക്ഷയിൽ പ്രാധാന്യം നൽകേണ്ട ഒരു മേഖല സിലബസിൽ നിന്ന് പ്രത്യേകം വേർതിരിച്ചെടുത്ത് നൽകുന്നത്. ഫോക്കസ് ഏരിയയിലെ പ്രധാന പാഠഭാഗങ്ങൾ പഠിച്ചവർക്ക് മുൻവർഷം മുഴുവൻ സ്കോറും നേടാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അത്രയുമെല്ലെങ്കിൽ അവർക്ക് എ പ്ലസ് ഗ്രേഡ് എങ്കിലും നേടാൻ കഴിയുമായിരുന്നു. അത് കൃത്യമായി ബി ഗ്രേഡിൽ ഒതുക്കിനിർത്താൻ കഴിഞ്ഞു എന്നാണ് ഇക്കുറിയത്തെ ചോദ്യപേപ്പർ മാനദണ്ഡങ്ങൾ ഉണ്ടാകിയവർ നേടിയെടുത്ത വിജയം! അതായത് ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ മാത്രം നന്നായി പഠിച്ച ഒരു കുട്ടിക്ക് പരമാവധി ലഭിക്കുക 80 ൽ 56 മാർക്ക് മാത്രം! ഗ്രേഡ് ബി! ശേഷിക്കുന്ന ഓരോ മാർക്ക് ലഭിക്കേണമെങ്കിലും കുട്ടി 200 ദിവസം കൊണ്ട് പഠിക്കേണ്ട മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം!
മുൻവർഷം 40% ആയിരുന്ന ഫോക്കസ് ഏരിയ ഇക്കുറി 60% ആക്കി. എന്ത് അക്കാദമികമായ കാരണങ്ങൾ കൊണ്ട് എന്ൻ ഒരു വിശദീകരണവുമുണ്ടായില്ല. തീർന്നില്ല കഴിഞ്ഞ വർഷം കുട്ടികൾക്ക് 100 ശതമാനം ചോദ്യങ്ങൾ അധികമായി നൽകിയിരുന്നു. (സാധാരണ നിലയിൽ തന്നെ ചില യൂണിവേഴ്സിറ്റി പരീക്ഷകളിലും മറ്റും പകുതിചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാൽ മതിയാകും) അത് ഇക്കുറി ഒറ്റയടിക്ക് 50% ആക്കി ചുരുക്കി. (200 ദിവസം പഠിപ്പിക്കുമ്പോൾ പോലും 25% ചോദ്യങ്ങൾ അധികമായി നൽകാറുണ്ട്). 50% അധികം നൽകുന്ന ചോദ്യങ്ങളുടെ പ്രയോജനം കുട്ടികൾക്ക് ഒരിക്കലും കിട്ടരുത് എന്ന് ഉറപ്പിക്കാൻ ഫോക്കസ് എരിയയെയും ബാക്കിയുള്ളവയെയും രണ്ടു കള്ളികളിലാക്കി അതിവിദഗ്ദമായി ചില കളികൾ കളിച്ചു. 1 സ്കോറിനുള്ള 8 ചോദ്യങ്ങൾ കുട്ടികൾ എഴുതണമെങ്കിൽ 4 എണ്ണം ഫോക്കസ് ഏരിയയിൽ നിന്നും 4 എണ്ണം നോൺ ഫോക്കസ് ഏരിയയിൽ നിന്നും നിർബന്ധമായും എഴുതണം. അതിൽതന്നെ ഓപ്ഷൻ ഉള്ളത് ഫോക്കസ് ഏരിയയിൽ നിന്ന്! നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 4 ചോദ്യങ്ങൾക്കും ശരിയായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ 4 സ്കോർ പൂർണ്ണമായും നഷ്ടപ്പെടും! 6 സ്കോറിനുള്ള ചോദ്യങ്ങൾ മൂന്നെണ്ണം നോൺ ഫോക്കസ് ഭാഗത്ത് നിന്ന്. അതിൽ രണ്ടെണ്ണം നിർബന്ധമായും എഴുതണം. മുഴുവൻ പുസ്തകവും നന്നായി പഠിക്കാത്ത കുട്ടികൾക്ക് 12 സ്കോർ അവിടെ ഉറപ്പായും നഷ്ടപ്പെടും! ചോദ്യങ്ങളെ ഇങ്ങനെ കണ്ടം തുണ്ടം മുറിക്കാതെ ഒരു സ്കോറിനുള്ള ചോദ്യങ്ങളെ / ഒരേ രീതിയിൽ ഉത്തരം എഴുതേണ്ട ചോദ്യങ്ങളെ ഫോക്കസും അല്ലാത്ത ഭാഗങ്ങളും ഒരുമിച്ച് കൊടുത്തിരുന്നെങ്കിൽ കുട്ടികൾക്ക് അൽപ്പം ആശ്വാസം ലഭിച്ചേനെ.
പക്ഷെ ബുദ്ധിരാക്ഷസന്മാരാണ് ഈ കളികൾക്ക് പിറകിൽ! ചോദ്യങ്ങൾ ഉണ്ടാക്കാനുള്ള മാനദണ്ഡം ഉണ്ടാക്കിയത് അതിവിദഗ്ധമായാണ്! അവർക്ക് സി. ബി. എസ്. ഇ ക്ക് കൊടുത്ത വാക്ക് പാലിക്കണം. ഇവിടുത്തെ കുട്ടികളുടെ മാർക്ക് ബി ഗ്രേഡിലും താഴെയുമായി ഉറപ്പിക്കണം. അപ്പോൾ അവർ ഉറക്കമിളച്ച് അതിനുള്ള സൂത്രവാക്യങ്ങൾ ഉണ്ടാക്കിയെടുക്കും. എസ്. സി. ഇ. ആർ. ടി യടക്കം കൊടുത്ത നിർദേശങ്ങൾ കീറി കാറ്റിൽ പറത്തും. ആരാണ് ഈ ഉദ്യോഗസ്ഥ ലോബിയോട് ചോദിക്കാനും പറയാനും ഉള്ളത്!
കേരളാ ഹയർ സെക്കന്ററിയുടെ പരീക്ഷാ സ്കോർ എഞ്ചിനീയറിംഗ് പ്രവേശനത്തിന് പരിഗണിക്കാതിരിക്കാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സി. ബി. എസ്.ഇ സംഘങ്ങൾ കഴിഞ്ഞ തവണ എല്ലാ അടവുകളും പയറ്റി നോക്കിയിരുന്നു. പക്ഷേ വിജയിക്കാൻ കഴിഞ്ഞില്ല. ഇക്കുറി അവർ എളുപ്പവഴിയിൽ ക്രിയകൾ പൂർത്തിയാക്കി. ഇവിടുത്തെ കുട്ടികളുടെ സ്കോർ 70% മാത്രമായി ചുരുക്കുക. ആർക്കും മുഴുവൻ സ്കോറും ലഭിക്കാതിരിക്കുക. ബി ഗ്രേഡിൽ കേരളത്തിലെ കുട്ടികൾ സി. ബി. എസ്. ഇ യുടെ മുന്നിൽ മുട്ടിലിഴയട്ടെ. മാനവിക, ശാസ്ത്ര വിഷയങ്ങളിലെ എല്ലാ നല്ല സ്ഥാപനങ്ങളിലെയും ബിരുദ സീറ്റുകൾ സി. ബി. എസ്. ഇ ക്കാർക്ക് മാത്രമായി ഉറപ്പാക്കാനും ഇതിലും എളുപ്പവഴിയില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണക്കാരെ ഭയപ്പെടുത്തിയും ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്ന മികച്ച മാർക്ക് ഉണ്ടാക്കുന്ന അഡ്മിനിസ്ട്രേറ്റീവ് തൊന്തരവുകളെ പർവ്വതീകരിച്ച് കാണിച്ചും മിണ്ടാതിരുത്തിയാൽ മതി. ഇരകളോ? ഫോക്കസ് ഏരിയയിൽ ഊന്നി പഠിക്കുന്ന കുട്ടികളും ഇരുപതോ മുപ്പതോ മണിക്കൂറിൽ അതെങ്കിലും ശരിയായി പഠിപ്പിച്ചെടുക്കാൻ പാടുപെടുന്ന അധ്യാപകരും. ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം ഇതൊന്നും ഇന്നുവരെ പൊതുസമൂഹത്തോട്, ഇവിടുത്തെ കുട്ടികളോടും അധ്യാപകരോടും രക്ഷാകർത്താക്കളോടും കൃത്യമായി പറയാൻ പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല എന്നതാണ്. പരീക്ഷയുടെ തലേന്നായിരിക്കും കുട്ടികളും രക്ഷകർത്താക്കളും ഈ പരീക്ഷ തങ്ങൾ എത്ര പഠിച്ചാലും ബി ഗ്രേഡ് മാത്രം കിട്ടാൻ പാകത്തിൽ ക്രമപ്പെടുത്തിയ കാര്യം അറിയുക. ചിലപ്പോൾ അതും ഈ യുദ്ധതന്ത്രത്തിലെ ഒരു അടവായിരിക്കും.
ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് കാര്യമില്ല എന്നത് ശരിയല്ലാത്ത ഒരു ചൊല്ലാണ്. എങ്കിലും അതിനേക്കാൾ ഔചിത്യമുള്ള പ്രയോഗം ഓർമ വരുന്നില്ല. മേൽപറഞ്ഞ രീതിയിൽ തയ്യാറാക്കിയ ചോദ്യങ്ങൾ പാക്കറ്റിൽ ആക്കി സീൽ ചെയ്ത് പ്രിന്റ് ചെയ്യാൻ അയച്ചിട്ടുണ്ടാകും. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ടും വിമർശിച്ചിട്ടും കാര്യമില്ല. പക്ഷേ ഇതെല്ലാം വലിയ ഒരു കളിയുടെ ഭാഗമാണെന്നും തങ്ങൾ എല്ലാം ആ കളിയുടെ ഇരകൾ ആയിരുന്നു എന്നും തിരിച്ചറിയുന്ന രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന് ഒറ്റ ചുവടുകൊണ്ട് ഈ എല്ലാ കരുനീക്കങ്ങളെയും റദ്ദ് ചെയ്യാം. കേരളത്തിലെ കുട്ടികളോടൊപ്പവും അധ്യാപകരോടൊപ്പവും പൊതുവിദ്യാഭ്യാസത്തോടൊപ്പവും ആണ് തങ്ങൾ എന്ന് സ്ഥാപിക്കാം. ചോദ്യപേപ്പറിൽ അച്ചടിച്ച ചോദ്യങ്ങളിൽ നിന്ന് ഒരു വിഭാഗവും നോക്കാതെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങൾ തെരഞ്ഞെടുത്ത് എഴുതാം എന്ന് ഒരു ഉത്തരവ് ഇറക്കിയാൽ മതി. ഒറ്റവരിയിൽ ഒരുത്തരവ്! ഒരു വിഭാഗവും പരിഗണിക്കാതെ കുട്ടികൾ എഴുതിയ ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്തണമെന്ന് അധ്യാപകരോടും പറയുക. കുറച്ച് കുഞ്ഞുങ്ങൾക്കെങ്കിലും എ പ്ലസ് ഗ്രേഡ് അതുവഴി കിട്ടാൻ സാധ്യത തെളിയും. അതിന് ഇച്ഛാശക്തി രാഷ്ട്രീയ- ഭരണ നേതൃത്വത്തിനുണ്ടാകുമോ എന്നത് മാത്രമാണ് ഇവിടുത്തെ അക്കാദമിക സമൂഹം നോക്കിയിരിക്കുന്നത്.