യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം നിലനിർത്താനും വളർത്താനും നിയോഗിച്ചിരിക്കുന്ന സ്ഥിരമായ നിയമനിർമ്മാണ ഏജൻസിയാണത്രേ. 1956-ൽ നിലവിൽ വന്ന UGC നിയമം അനുസരിച്ച്, കമീഷന്റെ ഉത്തരവാദിത്തങ്ങൾ പലതാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവാരം ഉറപ്പുവരുത്തൽ, ഫണ്ടിംഗ്, സ്ഥാപനങ്ങളുടെ യോഗ്യത മതിച്ച് അംഗീകാരം നൽകൽ, സർവ്വകലാശാലകൾക്ക് പഠനപദ്ധതികൾ വികസിപ്പിക്കാനാവശ്യമായ ശുപാർശ നൽകൽ, ഗവേഷണ പ്രോത്സാഹനം, സ്കോളർഷിപ്പു കൊടുക്കൽ, അദ്ധ്യാപകരുടെ നിയമനത്തിനും പ്രമോഷനും വേണ്ടി യോഗ്യതാമാനദണ്ഡങ്ങൾ രൂപപ്പെടുത്തൽ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET) പോലുള്ള വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ നിർണ്ണയിക്കൽ, സർവകലാശാലകളുടെ മേൽനോട്ടം എന്നിവയെല്ലാം അതിൽപ്പെടും.
ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകളും സർക്കുലറുകളും കരടുരേഖകളും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും യു.ജി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. പലതും പരസ്പര നിഷേധകമായിരിക്കും. സാധാരണ ഗതിയിൽ ഉന്നത വിദ്യാഭ്യാസരംഗത്തു സേവനം ചെയ്യുന്നവരും നിയമനപ്രക്രിയകളിൽ വ്യാപരിക്കുന്നവരുമല്ലാതെ അവയെക്കുറിച്ച് സംസാരിക്കാറില്ല. എന്നാൽ, ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട കരട് റെഗുലേഷൻ- 2025 വ്യാപക ചർച്ചകൾക്കിടയാക്കിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ തേടിയാണ് ഇത് പുറപ്പെട്ടിട്ടുള്ളത് എന്നോർക്കുമ്പോൾ ഈ ചർച്ച നല്ല കാര്യമാണെന്നു പറയാം. അത് അടിസ്ഥാനപരമായ പ്രശ്നങ്ങളിലേക്കു വഴിതെളിക്കാനിടയുണ്ടോ, മൌലികമായ ഗുണഫലങ്ങൾ ഉളവാക്കുമോ എന്നൊക്കെ വ്യക്തിപരമായ അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ആലോചിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

‘പ്രതിപക്ഷ’ വിമർശനങ്ങൾ
UGC കരട് റെഗുലേഷൻസ്- 2025 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും വൈസ് ചാൻസലറുടെയും നിയമനത്തിനും പ്രമോഷനുമുള്ള മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്. അദ്ധ്യാപക നിയമനത്തിന് നെറ്റ് പരീക്ഷായോഗ്യത നിർബ്ബന്ധമല്ലാതാക്കുക, നിയമനത്തിനും പ്രൊമോഷനും ഗവേഷണ സംഭാവനകളും അക്കാദമിക സംഭാവനകളും പരിഗണിക്കുക, എ പി ഐ (അക്കാദമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ) സ്കോറിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ ഉറപ്പുവരുത്തുക, നിർദ്ദിഷ്ട മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ അദ്ധ്യാപകരായും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ വൈസ്ചാൻസലമാരായും നിയമിക്കാനുതകുന്ന തരത്തിൽ അയവുള്ള സമീപനം സ്വീകരിക്കുക എന്നിവ അതിൽ വരുന്നു. പ്രാദേശിക ഭാഷകളുടെ വികാസത്തിനും, അതുപയോഗിക്കുന്നവരുടെ പ്രവേശത്തിനും (ഇൻക്ലൂഷനും) വഴിതെളിക്കുന്ന മട്ടിൽ അക്കാദമിക പ്രസിദ്ധീകരണങ്ങളിലും ബിരുദതലത്തിലെ പ്രോഗ്രാമുകളിലും പ്രാദേശികഭാഷകൾക്ക് പ്രാധാന്യം നൽകൽ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ഉണ്ട്. എല്ലാം നല്ലതിനാണ്, ഉന്നതവിദ്യാഭ്യാസത്തെ ഉന്നതീകരിക്കാനാണ് എന്ന് മുമ്പെന്നപോലെ നിരന്തരം സൂചിപ്പിക്കുന്നുണ്ട്.
വാസ്തവത്തിൽ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും ഒരേ തൂവൽപ്പക്ഷികളല്ലേ എന്ന് ആലോചിക്കേണ്ടതാണ്. വൈസ് ചാൻസലർമാരും പ്രൊഫസർമാരും തങ്ങളുടെ എറാൻമൂളികളാവണം എന്ന കാഴ്ചപ്പാടാണ് അവരൊക്കെ വെച്ചുപുലർത്തുന്നത് എന്നു പറഞ്ഞാൽ തെറ്റാകുമോ?
എന്നാൽ, കരടു റെഗുലേഷനിലെ ചില നിർദ്ദേശങ്ങളോട്, ദേശീയ പ്രതിപക്ഷകക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ ശക്തമായ വിയോജിപ്പ് അറിയിച്ചുകഴിഞ്ഞു. തമിഴ്നാടാണ് ഇക്കാര്യത്തിൽ സ്വയമറിഞ്ഞ് ആദ്യം പ്രതികരിച്ചത്. മറ്റു ‘പ്രതിപക്ഷ’ സംസ്ഥാനങ്ങളുടെ നിലപാടും സ്വഭാവത്തിൽ ഭിന്നമല്ല. വൈസ് ചാൻസലർ നിയമനത്തിലും അതു വഴി മറ്റു നിയമനങ്ങളിലും നാളിതുവരെ സംസ്ഥാന സർക്കാർ (എന്നുവെച്ചാൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടികൾ) കൈയാളിയ അമിതാധികാരം കവർന്നെടുക്കുന്ന വ്യവസ്ഥകൾ ഉണ്ടെന്നതാണ് ഈ എതിർപ്പിനു കാരണം. ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷതകളിൽ പ്രധാനമായ ഫെഡറൽ തത്ത്വങ്ങളോടുള്ള വെല്ലുവിളി, അധികാര കേന്ദ്രീകരണം, ഇൻക്ലൂസിവിറ്റിയുടെ പേരു പറഞ്ഞ് അക്കാദമിക യോഗ്യതകളിൽ വെള്ളം ചേർക്കാനും അനക്കാദമിക രംഗങ്ങളിലുള്ളവരെ നിയമിക്കാനുമുള്ള നീക്കം, കോർപ്പറേറ്റ് താല്പര്യങ്ങൾക്കനുസൃതമായ ആസൂത്രണം തുടങ്ങിയ സംഗതമായ വിമർശനങ്ങൾ ഉണ്ട്.

വാസ്തവത്തിൽ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും ഒരേ തൂവൽപ്പക്ഷികളല്ലേ എന്ന് ആലോചിക്കേണ്ടതാണ്. വൈസ് ചാൻസലർമാരും പ്രൊഫസർമാരും തങ്ങളുടെ എറാൻമൂളികളാവണം എന്ന കാഴ്ചപ്പാടാണ് അവരൊക്കെ വെച്ചുപുലർത്തുന്നത് എന്നു പറഞ്ഞാൽ തെറ്റാകുമോ? ഭരണകൂടങ്ങളിൽ നിന്നും ഭരണകൂട മനസ്കരിൽ നിന്നും ഭരണകൂടത്തിന്റെ കീശപ്പതിപ്പുകളായ കക്ഷികളിൽ നിന്നും അത്തരം സമീപനം വരുന്നത് സ്വാഭാവികമാണ്. എന്നാൽ അക്കാദമിക മേഖലയിൽ പ്രവർത്തിക്കുന്നവർ സമൂലമായ ആലോചനകളിൽ ഏർപ്പെടാതെ ഈ വാദകോലാഹലങ്ങളെ പിൻപറ്റുക മാത്രം ചെയ്യുന്നത് ഖേദകരമാണ് എന്നു തോന്നുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉന്നതമായ കാഴ്ചപ്പാടും ധിഷണാശേഷിയും പ്രവർത്തന മികവും പ്രസരിപ്പിക്കുന്ന ധിഷണാശാലികളെ തെരെഞ്ഞെടുക്കാനുള്ള സാദ്ധ്യതകൾ ആരായാനും നടപടിക്രമങ്ങൾ രൂപീകരിക്കാനും അക്കാദമിക സമൂഹം സ്വയം സന്നദ്ധമാവേണ്ടതുണ്ടെന്നും തോന്നുന്നു. സാമൂഹികാവശ്യങ്ങൾ കോർപ്പറേറ്റുകൾ നിർണ്ണയിക്കുന്നതാണെങ്കിൽ, അഥവാ ഭരണകൂടം നിർണ്ണയിക്കുന്നതാണെങ്കിൽ അവരൊക്കെത്തന്നെ ഉന്നത വിദ്യാഭ്യാസത്തെയും നയിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അക്കാദമിക്കുകൾക്ക് തങ്ങളുടെ ദൗത്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ നയവും കാഴ്ചപ്പാടുമില്ല എന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
വാസ്തവത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ അധഃപ്പതനത്തിനു കാരണം, എണ്ണവും വണ്ണവുമല്ലാതെ ഗുണനിലവാരത്തെ തിരിച്ചറിയാൻ ശേഷിയില്ലാത്ത വ്യാജ അക്കാദമിക്കുകൾ ആ മേഖലയിൽ ഇത്തിക്കണ്ണികളായി വളർന്നുവന്നിരിക്കുന്നു എന്നതാണ്.
വ്യാജ അക്കാദമിക്കുകളുടെ കാമ്പസ്
കാൾ മാർക്സിന്റെ പ്രസിദ്ധമായ ഒരു കുറിപ്പുണ്ടല്ലോ. ഒരു യുവാവ് തന്റെ കർമ്മമണ്ഡലം തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച കുറിപ്പ്. താനേറ്റെടുക്കുന്ന പൊതുജീവിതദൌത്യം എന്തെന്ന ആലോചനയും നിഗമനങ്ങളുമാണ് അതിലുള്ളത്. ആ മട്ടിൽ ഒരാലോചന അക്കാദമിക്കുകളെ സംബന്ധിച്ച് അനിവാര്യമാണ്. അവരുടെ സ്വയം നിർണ്ണയനത്തിന് ഇത് അനിവാര്യമാണ്. അതുണ്ടായാൽ കോട്ടങ്ങളുള്ള നിയമങ്ങളും ചട്ടങ്ങളും ഇരിക്കെത്തന്നെ അക്കാദമികമായ കൺസേണോടെ, ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യാവുന്ന നില താനേ വരും.
വാസ്തവത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ അധഃപ്പതനത്തിനു കാരണം, എണ്ണവും വണ്ണവുമല്ലാതെ ഗുണനിലവാരത്തെ തിരിച്ചറിയാൻ ശേഷിയില്ലാത്ത വ്യാജ അക്കാദമിക്കുകൾ ആ മേഖലയിൽ ഇത്തിക്കണ്ണികളായി വളർന്നു വന്നിരിക്കുന്നു എന്നതാണ്. ഒരു പക്ഷേ ഭരണകൂടവും രാഷ്ട്രീയകക്ഷികളും കോർപ്പറേറ്റുകളുമാണ് കുറച്ചൊക്കെ സർഗ്ഗാത്മകമായി ചിന്തിക്കുന്നതെന്നു പറയേണ്ടിവരും. അത്രയ്ക്ക് നിരുത്തരവാദപരമായിട്ടാണ് അക്കാദമിക്കുകൾ പെരുമാറുന്നത്. അവർ അവരുടെ ധൈഷണികമായ ഓട്ടോണമി സമ്പൂർണ്ണമായി വെടിഞ്ഞാണ് ജിവിക്കുന്നത്. പിൻപറ്റലാണ് അവരുടെ ഇരുകാലിലിഴയുന്ന ജീവിതം. അക്കാദമികമായി ജിവിക്കാൻ അവർക്കു കഴിയുന്നില്ലെന്നു മാത്രമല്ല അവർ അതിന് ആരെയും അനുവദിക്കുകയുമില്ല. ഈ അടിമവംശക്കാർ അത്തരക്കാരെത്തന്നെ തിരുകിക്കേറ്റാനുള്ള തത്രപ്പാടിൽ കാലം കഴിച്ചു പോവുകയാണ്. അതിനു പഴുതുണ്ടോ എന്നു മാത്രമാണ് അവർ ആലോചിക്കുന്നത്.

തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിക്കുന്ന ഘട്ടത്തിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ എന്ന ദുരധികാരി, വൈസ് ചാൻസലർ പദവിയിലേക്ക് പരിഗണിച്ചത് അന്ന് ശാസ്ത്രജ്ഞനെന്ന നിലയിലും ധൈഷണികനെന്ന നിലയിലും ലോകത്തിന്റെ ആദരപാത്രമായിക്കഴിഞ്ഞ ഐൻസ്റ്റീനെ ആയിരുന്നു. അതു നടന്നില്ല. ഐൻസ്റ്റീൻ തന്റെ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഓഫർ നിരസിച്ചുവത്രേ. സി.പിക്ക് തമിഴ് പണ്ഡിത- സുഹൃദ്- ബന്ധു-ശിങ്കിടിബലങ്ങൾ ഇല്ലാതിരുന്നിട്ടല്ല ഈ ആലോചന നടത്തിയതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്തായിരിക്കണം സർവ്വകലാശാല എന്നതിനെ സംബന്ധിച്ച് വൈജ്ഞാനികമായിത്തന്നെ ആലോചിച്ചറിയാൻ അദ്ദേഹത്തിനു പാങ്ങുണ്ടായിരുന്നു എന്നതാണ് കാര്യം. ദുരധികാര താല്പര്യങ്ങളെ മുൻനിറുത്തിയല്ല, ജനതയുടെ വൈജ്ഞാനിക വികാസത്തിനുള്ള ആസൂത്രണത്തിന്റെ ഭാഗമായിരിക്കണം വൈസ് ചാൻസലർ നിയമനം പോലുള്ള കാര്യങ്ങൾ എന്ന് അദ്ദേഹത്തിനു തിരിഞ്ഞുകിട്ടി.
ജവഹർലാൽ നെഹ്രു ഈ മട്ടിൽ ചിന്തിച്ചതിന്റെ സദ്ഫലങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാൽ, കക്ഷിരാഷ്ട്രീയത്തിന്റെ ജനാധിപത്യപാതയിലൂടെ അധികാരത്തിലെത്തിച്ചേരുന്ന അതിജനാധിപത്യവിശ്വാസികൾക്ക് ആ നിലയിലേക്ക് ഉയരുക അസാദ്ധ്യമായി കാണുന്നു. കൊള്ളാവുന്ന ഇടങ്ങളിൽ പറയാനും കലർത്താനും കൊള്ളാത്ത രാഷ്ട്രീയമാണ് തങ്ങളുടേത് എന്നു ബോദ്ധ്യമുള്ളവരാണ് നമ്മുടെ കക്ഷിരാഷ്ട്രീയക്കാർ എന്നിരിക്കെ അവരെ കുറ്റപ്പെടുത്തുനതിൽ കാര്യമില്ല. പക്ഷേ, നമ്മുടെ അക്കാദമിക്കുകൾക്ക് അതു കഴിയേണ്ടതുണ്ട്. പാദസേവക്കാരായ ചുണക്കുട്ടികളെയല്ല, അക്കാദമികമികവിനൊപ്പം തത്ത്വചിന്താപരമായും പ്രയോഗികമായും പ്രതിഭയുള്ള ആളുകളെ കണ്ടെത്താനുള്ള മാർഗ്ഗങ്ങളാണ് ആരായേണ്ടത്. വാസ്തവത്തിൽ നിലവിലെ ചട്ടങ്ങളുടെ സഹായത്തോടെ തന്നെ അതൊക്കെ ചെയ്യാനാകും.

നാളിതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്ന അവകാശാധികാരങ്ങൾ അക്കാദമികവും സാമൂഹികവുമായ ദിശാബോധത്തോടെ പ്രയോജനപ്പെടുത്തിയിരുന്നുവോ എന്ന് ഇപ്പോൾ വിമർശനമുയർത്തുന്നവരും പ്രീണനത്തൊഴിലാളികളായി രംഗത്തുവരുന്നവരും ആത്മപരിശോധന നടത്തിയാൽ നന്നായിരിക്കും. കേന്ദ്രത്തിന്റെ കേന്ദ്രീകരണം വരാനായി നേർച്ച നേരുന്നവരുണ്ട്. അവരും പരിശോധിക്കണം, കേന്ദ്രത്തിന്റെ കൈപ്പിടിയിലുള്ള എത്ര സർവ്വകലാശാലകളിൽ പ്രീണകരെയല്ലാതെ, അക്കാദമികമികവും കാഴ്ചപ്പാടും പ്രവർത്തനമികവും പരിഗണിച്ച് വൈസ് ചാൻസലർമാരായി കുടിയിരുത്തിയിട്ടുണ്ട് എന്ന്. ഇതൊക്കെ നടക്കാത്ത (ഒരു പക്ഷേ ആവശ്യമില്ലാത്ത) കാര്യങ്ങളാണ് എന്നറിയാം. മിനിമം ക്വാളിഫിക്കേഷനാണ് മികച്ച ക്വാളിഫിക്കേഷൻ എന്ന് ഭരണാധികാരികൾക്കും അടിമവംശ അക്കാദമിക്കുകൾക്കും അറിവുള്ളതാണ്. അവർ ബഹുഭൂരിപക്ഷമായ സമൂഹത്തിലെ ജനാധിപത്യം ഇങ്ങനെയൊക്കെയങ്ങ് കഴിഞ്ഞുപോവുകയേയുള്ള. അക്കാദമികമായി മാത്രമല്ല, മറ്റെല്ലാ തരത്തിലും അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും പാട്ടുകളിൽ മാത്രമേ ആദരിക്കപ്പെടുകയുള്ളു. അവർക്ക് തേടാവുന്നത് പാസ്പോർട്ടും വിസയുമാണ്.
വൈസ് ചാൻസലർമാരെ കേന്ദ്രം നിശ്ചയിച്ചാലും, കേന്ദ്രം നിശ്ചയിച്ച ഗവർണ്ണർ നിശ്ചയിച്ചാലും, സ്റ്റേറ്റു നിശ്ചയിച്ചാലും, മന്ത്രി നിശ്ചയിച്ചാലും അടിസ്ഥാനപരമായ സമീപനത്തിൽ വ്യത്യസമില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസത്തിന് കഞ്ഞിയേ ലഭിക്കൂ. അതു കുമ്പിളിൽത്തന്നെയായിരിക്കുകയും ചെയ്യും. മറ്റു നിയമനകാര്യങ്ങളിലും സംഗതിക്കു മാറ്റമുണ്ടാകില്ല. വൈസ് ചാൻസലറുടെയും അദ്ധ്യാപകരുടെയും ക്വാളിഫിക്കേഷനുകൾ പുതുക്കി നിശ്ചയിക്കുന്നതിലൊന്നും ഗൌരവമുള്ള സമീപനം ഈ യു ജി സി പ്രകടമാക്കുന്നില്ല. പരിഷ്കാരം പരിഷ്കാരം എന്നു പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ആരെയോ പ്രീണിപ്പിക്കുന്നു.
മിനിമം ക്വാളിഫിക്കേഷനെക്കുറിച്ചാണ് യു ജി സി മാർഗ്ഗനിർദ്ദേശങ്ങളിൽ പറയാറുള്ളത്. നമ്മുടെ നാട്ടിലെ വിദഗ്ദ്ധർ പലപ്പോഴും ഇതിനെ മനസ്സിലാക്കുന്നത് മാക്സിമം ക്വാളിഫിക്കേഷനുള്ളവരെ തഴഞ്ഞ് മിനിമം ക്വാളിഫിക്കേഷനുള്ളവരെ തെരഞ്ഞെടുക്കണമെന്ന മട്ടിലാണ്.
ദേശീയാടിസ്ഥാനത്തിലുള്ള ഒരു യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമേ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകരായി നിയമനത്തിന് അർഹത നൽകേണ്ടൂ എന്ന നയം 1990 കാലത്താണ് ഉയർന്നുവന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുയർത്താൻ കൊണ്ടുവന്നതെന്ന് അന്നു പറഞ്ഞു വിശ്വസിപ്പിച്ച കാര്യം ഇന്നു യു.ജി.സി തിരുത്തുന്നു. അപ്പോൾ പുതിയൊരു ന്യായവും മുന്നോട്ടുവെയ്ക്കുന്നു. ഇൻക്ലൂസീവ്നെസ് വളർത്താനാണത്രേ ഈ മാറ്റം. ഇടക്കാലത്ത് പിഎച്ച്.ഡിയുണ്ടെങ്കിൽ നെറ്റ് പരീക്ഷ പാസാകേണ്ടതില്ല എന്ന് വെച്ചിരുന്നു. ആർക്കൊക്കെയോ ബൈ പാസ് ചെയ്യാനുള്ള വഴി തുറന്നതാകും. ഒരു ഘട്ടത്തിൽ സെറ്റു പരീക്ഷ നടത്തിയതും ഇതേ ലക്ഷ്യത്തോടെയായിരുന്നെന്നു കരുതപ്പെടുന്നു. ഇതൊക്കെ വന്നതോടെ നെറ്റ് പരീക്ഷയുടെ ആകർഷകത്വം കുറഞ്ഞിരുന്നു. ഇപ്പോഴത് പൂർണ്ണമാകുന്നു. (നെറ്റ് കോച്ചിങ് സെന്ററുകൾ പൂട്ടിപ്പോകുന്നതാകും ഫലം.) മുമ്പ് ഗുണനിലവാരമുള്ളവരെ കണ്ടെത്താൻ ഉപകരിക്കുന്നതെന്ന് ഉറപ്പിച്ച നെറ്റ് പരീക്ഷ യോഗ്യരായവരെ പുറന്തള്ളുന്ന (എക്സ്ക്ലൂഡു ചെയ്യുന്ന) പരീക്ഷയാണെന്ന് യു ജി സി വിദഗ്ദ്ധർക്ക് തൽക്കാലം ബോദ്ധ്യമായി. കൊള്ളാം, ഇൻക്ലൂസീവ്നെസ് ഉറപ്പുവരുത്തുകയത്രേ പുതിയ ലക്ഷ്യം. മിനിമം ക്വാളിഫിക്കേഷൻ മാത്രമുള്ളവരെ ഇൻക്ലൂഡ് ചെയ്യുന്നത് ഉറപ്പുവരുത്താൻ എന്നു വ്യക്തമായി പറയാമായിരുന്നു!

മിനിമം ക്വാളിഫിക്കേഷനെക്കുറിച്ചാണ് യു ജി സി മാർഗ്ഗനിർദ്ദേശങ്ങളിൽ പറയാറുള്ളത്. നമ്മുടെ നാട്ടിലെ വിദഗ്ദ്ധർ പലപ്പോഴും ഇതിനെ മനസ്സിലാക്കുന്നത് മാക്സിമം ക്വാളിഫിക്കേഷനുള്ളവരെ തഴഞ്ഞ് മിനിമം ക്വാളിഫിക്കേഷനുള്ളവരെ തെരഞ്ഞെടുക്കണമെന്ന മട്ടിലാണ്. നെറ്റ് നിർബ്ബന്ധമല്ല എന്നു വരുന്നതോടെ ആ മട്ടിൽ കാര്യങ്ങൾ ചെയ്യുന്ന വിദഗ്ദർക്ക് പക്ഷപാതപരമായി ഇൻക്ലൂസീവ്നെസ് കൊണ്ടുവരാൻ എഴളുപ്പമായേക്കും. അതേസമയം, അധിക യോഗ്യതകൾക്ക് പരിഗണന കൊടുക്കണമെന്ന് ഉദ്ദേശിച്ച് അക്കാദമികമായ സ്കോർ ഒരിനമായി കാണിച്ചിരിക്കുന്നത് അത്തരം നിക്ഷിപ്ത താല്പര്യക്കാർക്ക് ഒരു കടമ്പയാണ്. (അത് വ്യാജമായി നിർമ്മിക്കാവുന്നതു മാത്രമാണ് എന്നു വരുമ്പോൾ അവരുടെ ഭയം മാറും.) അക്കാദമികമായ സംഭാവനകളെയും മെറിറ്റിനെയും സാമൂഹികനീതിയെയും പരിഗണിച്ച് നീതിപൂർവ്വകമായ അക്കാദമിക നിയമനം ഉറപ്പുവരുത്തണമെങ്കിൽ മാക്സിമം ക്വാളിഫിക്കേഷനെക്കുറിച്ചുള്ള കർക്കശമായ ധാരണകളും നടപടിക്രമങ്ങളും ആവശ്യമാണ്. അല്ലെങ്കിൽ, പഴുതുകൾ പ്രയോജനപ്പെടുത്തി മാക്സിമം യോഗ്യതയുള്ളവരെ പുറന്തള്ളാനുള്ള വേലത്തരങ്ങളാണ് ഇന്റർവ്യൂകളിൽ നടക്കുക. എക്സെപ്ഷനുകൾ ഉണ്ടാകാമെന്നേയുള്ളു. അക്കാദമിക മികവ് ആശിക്കുന്നുണ്ടെങ്കിൽ പഠനമികവിനും മറ്റ് അക്കാദമിക് മികവുകൾക്കും പരിഗണന ഉറപ്പുവരുത്തുന്ന ഒരു ചട്ടക്കൂട് ആവശ്യമാണ്. അങ്ങനെ വരുമ്പോൾ മിനിമം യോഗ്യതക്കാർ അധിക യോഗ്യതക്കാരെ പിന്തള്ളുന്ന നിലവിലെ അവസ്ഥ ഒരു പരിധിവരെയെങ്കിലും മാറിയേക്കും. ഇവിടെയൊക്കെ വിഷയവിദ്ഗ്ദ്ധർ എന്ന വർഗ്ഗത്തിലിടം പിടിച്ചവരുടെ സത്യസന്ധതയും ആർജ്ജവവും വളരെ പ്രധാനമാണ്. യഥാർത്ഥത്തിൽ വിഷയവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങളുണ്ടാക്കേണ്ടതുണ്ട്. നിയമനകാര്യങ്ങൾ സമൂലം സുതാര്യമാകേണ്ടതും അത്യാവശ്യമാണ്. സ്ഥിരം അഴിമതിയും പക്ഷപാതവും നടത്തിക്കൊടുക്കുന്ന വിഷയവിദഗ്ദ്ധരുടെ ഒരു പട്ടികയുണ്ടാക്കാൻ പ്രയാസമില്ലാത്ത അവസ്ഥയാണ് നമ്മുടെ സർവ്വകലാശാലകളിലുള്ളത്.
സ്ഥിരം അഴിമതിയും പക്ഷപാതവും നടത്തിക്കൊടുക്കുന്ന വിഷയവിദഗ്ദ്ധരുടെ ഒരു പട്ടികയുണ്ടാക്കാൻ പ്രയാസമില്ലാത്ത അവസ്ഥയാണ് നമ്മുടെ സർവ്വകലാശാലകളിലുള്ളത്.
അധ്യാപന പരിചയത്തിലെ അന്യായം
കരടു റെഗുലേഷനിൽ വന്നിരിക്കുന്ന ശ്രദ്ധേയമായ പരിഷ്കാരമായി ചർച്ചകളിൽ ഇടം പിടിച്ച ഒരു കാര്യം ഉയർന്ന അദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിൽ മുൻ അദ്ധ്യാപന പരിചയം കണക്കിലെടുക്കുന്നതു സംബന്ധിച്ചുള്ളതാണ്. ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കില്ലത്രേ. യഥാർത്ഥത്തിൽ ഇതു മുൻ റെഗുലേഷനുകളിലും ഉള്ളതാണ്. ആവർത്തിച്ചിരിക്കുന്നു എന്നു മാത്രം. ആവർത്തിക്കുമ്പോഴും ഇക്കാര്യത്തിൽ സന്ദിഗ്ദ്ധത ഒഴിവാ(ക്കി)യിട്ടില്ല. സർവ്വീസിലിരിക്കെ ലീവെടുത്ത് ഗവേഷണം ചെയ്യുന്നതിനെയാണ് പരിഗണിക്കില്ലെന്നു പറഞ്ഞിരിക്കുന്നത്. യു ജി സി നിർദ്ദേശിച്ച തെരഞ്ഞെടുപ്പു പ്രക്രിയകളിലൂടെ കണ്ടെത്തി ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാമുകളുടെ ഭാഗമായി നിയോഗിച്ച് (ഡെപ്യൂട്ട് ചെയ്ത്) ഗവേഷണത്തിന് പറഞ്ഞയക്കുന്നവരുടെ ഗവേഷണകാലത്തെ ഈ കാരണം പറഞ്ഞ് തള്ളിക്കളയുന്നതിൽ എന്തു ന്യായമാണുള്ളതെന്നു മനസ്സിലാകുന്നില്ല. പ്രസ്തുത ഗവേഷണകാലത്തെ പ്രൊമോഷനു പരിഗണിക്കാമെന്നിരിക്കെ അദ്ധ്യാപന പരിചയമായി പരിഗണിച്ചുകൂട എന്നു പറയുന്നതിൽ യാതൊരു യുക്തിയുമില്ല. അദ്ധ്യാപനം എന്നത് ലക്ചറിങ് മാത്രമാണെന്ന കുടുസ്സുവിചാരമാണ് അവിടെയുള്ളത്. ക്ലാസ്സെടുക്കുന്നില്ലെന്നു പറയുന്നത് തികഞ്ഞ സാങ്കേതികന്യായം പറച്ചിലാണ്. അങ്ങനെയെങ്കിൽ പരീക്ഷാജോലികളും റിഫ്രഷർ കോഴ്സും മദ്ധ്യവേനലവധിയുമൊക്കെ വിശ്രമവും ഉറക്കവുമെല്ലാം അദ്ധ്യാപന പരിചയത്തിൽനിന്ന് വെട്ടിക്കുറക്കണമെന്നു പറയേണ്ടിവരും. ഡെപ്യുട്ടേഷൻ ലീവായി കണക്കാക്കേണ്ടതാണോ എന്ന ചോദ്യത്തിന് ഇവിടെ വ്യക്തമായൊരു ഉത്തരം ഇല്ല. ഇത്തരം അവ്യക്തതകളുള്ള ഉത്തരവും സർക്കുലറും മാറി മാറി ഇറക്കി അഴിമതി നടത്താൻ പഴുതിടുന്ന ഒരു ഏജൻസി കൂടിയാണ് യു ജി സി അവർ പുറപ്പെടുവിക്കുന്ന കടലാസ്സുകളിലൂടെ ശ്രദ്ധാപൂർവ്വം പിന്തുടർന്നാൽ മനസ്സിലാകും.
പടച്ചുണ്ടാക്കാവുന്ന
പിയർ റിവ്യൂ
അക്കാദമിക പ്രബന്ധങ്ങളെ സംബന്ധിച്ച യു ജി സിയുടെ മലക്കം മറിച്ചിലുകൾ ശ്രദ്ധിക്കേണ്ടതാണ്. ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകരുടെ ഗുണനിലവാരത്തിന്റെ ഒരു സൂചികയാണ് മികച്ച ഗവേഷണലേഖനങ്ങളും പ്രബന്ധങ്ങളും എന്നതു വാസ്തവംതന്നെ. അതു മനസ്സിലാക്കി പ്രബന്ധങ്ങളെ നേരിട്ടു വിലയിരുത്തുന്നതിനു പകരം പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ വെയ്ക്കുകയും അത് തോന്നിയ പടി മാറ്റിക്കൊണ്ടിരിക്കുകയുമാണ് യു ജി സി ചെയ്തുപോരുന്നത്. ഗുണനിലവാരം ഉറപ്പു വരുത്താനായി 2018 ൽ ഒരു കേർ (CARE) ലിസ്റ്റ് കൊണ്ടുവരികയുണ്ടായി. അതിനു മുമ്പ് യു ജി സി ലിസ്റ്റും പിയർ റിവ്യൂവ്ഡ് ജേണലുമായിരുന്നു മാനദണ്ഡമാക്കിയത്. 1990-കളിൽ യൂണിവേഴ്സിറ്റി അക്കാദമിക് സമിതികൾ നിർമ്മിക്കുന്ന ലിസ്റ്റുകളെ ആധാരമാക്കാനായിരുന്നു യു ജി സി നിർദ്ദേശം. ഇപ്പോൾ, കേർ ലിസ്റ്റ് നിലവിൽ വന്ന് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് ഒഴിവാക്കി പിയർ റിവ്യൂവ്ഡ് ജേണലുകളിലേതായാൽ മതി എന്നു നിശ്ചയിക്കുന്നു. സംഗതി കൊള്ളാം. പക്ഷേ ഒരു കാര്യമുണ്ട്, പിയർ റിവ്യൂവ്ഡ് ആകട്ടെ അല്ലാതിരിക്കട്ടെ, ഇതൊക്കെ സംഘടിതശക്തിയും സർക്കാർശക്തിയും സ്ഥാപനശക്തിയുമൊക്കെ ഉപയോഗിക്കാനറിയുന്നവർക്ക് പടച്ചുണ്ടാക്കാവുന്നതാണ്. ഇതൊക്കെ കൂട്ടായി ചെയ്തുപോരുന്നവരാണ് ജന്മം വിഷയവിദഗ്ദ്ധരിൽ ഏറിയ പങ്കും. അവരടങ്ങിയ സമിതികളാണ് അക്കാദമിക് അഴിമതിയുടെ ഏജൻസികളായി പ്രവർത്തിച്ചുപോരുന്നത് എന്നും മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല.

വ്യക്തിപരം (സാമൂഹികവും)
ഒരനുഭവം പറയാം. വ്യക്തിപരമാണ്.
(വ്യക്തിപരമായത് അതായിത്തന്നെ സാമൂഹികവുമാണ്.)
20.01.2022-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ‘അഴിമതി നടത്തൽ പ്രതിജ്ഞയെടുത്ത എക്സ്പെർട്ടുമാർ’ നടത്തിയ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്ത കഥയാണ്. പ്രൊഫസർ, അസോസിയറ്റ് പോസ്റ്റുകളിലേക്കുള്ള ഇന്റർവ്യൂകളാണ്. വലിയ ശമ്പളം കിട്ടും. കുറച്ചു ഗവേഷകർ കൂടെയുണ്ട്. അവരെ സഹായിക്കാം. വൈസ് ചാൻസലർ ഉൾപ്പെടെയുള്ള പണ്ഡിതരോടൊപ്പം ജീവിച്ച് കുറച്ചു വിചാരസംഭാവനകളൊക്കെ നൽകാം എന്നൊക്കെ മോഹമുണ്ട്. പോരാത്തതിന് എന്നെ സർവ്വകലാശാലയിൽവെച്ച് നന്നായി പഠിപ്പിച്ച് കുറച്ചു വിവരമൊക്കെ ഉള്ളവനാക്കി രൂപാന്തരപ്പെടുത്തിയ പ്രൊഫസറുടെ നിർദ്ദേശവും കൂടി ലഭിച്ചിട്ടുണ്ട്. അതിനാലാണ് അപേക്ഷിച്ചത്. സംവരണമൊന്നും വ്യക്തമാക്കാതെ അപേക്ഷ ക്ഷണിച്ചതിനാൽ രണ്ടു പോസ്റ്റിലേക്കും അപേക്ഷിച്ചു. സ്ക്രീനിങ് കമ്മറ്റിയിലുണ്ടായിരുന്ന ഡോ. എം. വി. നാരായണനും പ്രൊഫസർ കെ. എം. അനിലും ചേർന്ന് സൂക്ഷ്മമായി പരിശോധിച്ച് അക്കാദമികമായി യോഗ്യനെന്ന് ഉറപ്പു വരുത്തിയതിനു ശേഷം സർവ്വകലാശാല പുറപ്പെടുവിച്ച ഇന്റർവ്യൂ കാർഡ് കൈപ്പറ്റിയതിന്റെ അടിസ്ഥാനത്തിലാണ് ചെന്നത്.
ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരെക്കണ്ട് ഞാൻ സന്തോഷിച്ചു. മിക്കവരും എന്റെ ജൂനിയറായി പഠിച്ചവർ. സുഹൃത്തുക്കൾ. ഞാൻ ഗുരുതുല്യനാണെന്ന് ഫേസ് ബുക്കിലെഴുതിയ ആളാണ് ഒരാൾ*. നടുവിലിരുന്ന ഒരാൾ കേരള സർവ്വകലാശാലയിലെ പ്രൊഫസർ. പ്രൈവറ്റ് കോളേജിൽ അദ്ധ്യാപകനായിരുന്നു. പിന്നീട് പ്രീണന രാഷ്ട്രീയത്താൽ സർവ്വകലാശാലയിൽ കേറിപ്പറ്റിയ ആളായി അറിയപ്പെടുന്നു. കേരള പാണിനീയത്തെ മുൻനിറുത്തി ഞാനെഴുതി പ്രസിദ്ധീകരിക്കുകയും കേരള സർവ്വകലാശാലയിലെ റിഫ്രഷർ കോഴ്സിൽ അവതരിപ്പിക്കുകയും ചെയ്ത പ്രബന്ധം ചുരണ്ടി അക്കാദമിക് സ്കോറിനുതകുന്ന പ്രസിദ്ധീകരണം ഉണ്ടാക്കിയ ആളുമാണ്. അത് അയാൾക്കും എനിക്കും അറിയാം.
എന്തുമാകട്ടെ. വളരെ കംഫർട്ടബിളായ ഇന്റർവ്യൂ. രണ്ടു ദിവസവും സുദീർഘമായി ഇന്റർവ്യൂ ചെയ്തു. സാമാന്യം കൊള്ളാവുന്ന ഒരു അക്കാദമിക് കരിയറുണ്ട് എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിന്റെ കരുത്തിൽ നല്ല അക്കാദമിക സംവാദമാക്കി ഇന്റർവ്യൂവിനെ മാറ്റാൻ ശ്രമിച്ചു. നല്ലൊരു പരിധിവരെ വിജയിച്ചുവെന്നു തോന്നി. തൃപ്തിയോടെ നന്ദി പറഞ്ഞ് മടങ്ങി. എന്റെ ജൂനിയറായി സർവ്വകലാശാലയിൽ പഠിച്ച, നല്ല അക്കാദമിക് സ്കോറും ധാരാളം അധിക യോഗ്യതകളുമുള്ള ഡോ. കെ. ജ്യോതിഷ് കുമാറും കേരള യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപിക ഡോ. ഷീബ കുര്യനും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപന പരിചയമുള്ള ഡോ. റീജയും ഉണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പ്രിയ വർഗ്ഗീസിനുവേണ്ടി തഴയപ്പെട്ടുവെന്നു പറയപ്പെടുന്ന ഡോ. ജോസഫ് സ്കറിയയും ഉണ്ട്. അദ്ദേഹത്തിന്റെ പ്രൊഫസർ തസ്തികയിലേക്കുള്ള അപേക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ തള്ളിയതിനെത്തുടർന്ന് കോടതിയിടെ ഇടക്കാല ഉത്തരവിലൂടെ ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതാണ്**.
ഇന്റർവ്യൂവിന്റെ റിസൾട്ട് വന്നുവെന്നറിഞ്ഞു. റിസൾട്ട് പ്രഖ്യാപിച്ചത് ചാനലുകളാണ്. ചാനലുകളിതപാരം! അസോസിയറ്റ് പ്രൊഫസർ തസ്തികയിലും പ്രൊഫസർ തസ്തികയിലും ഡോ. ജോസഫ് സ്കറിയ ഒന്നാമൻ. അക്കാദമിക് സ്കോറിലും അദ്ധ്യാപന പരിചയത്തിലും പ്രസിദ്ധീകരണങ്ങളിലും ആ ഇന്റർവ്യൂവിൽ ഏറ്റവും കുറഞ്ഞ അക്കാദമിക യോഗ്യതകളുള്ള ആൾ അദ്ദേഹമായിരുന്നു എന്നത് കാലിക്കറ്റിൽ അയോഗ്യതയായില്ല. ഇതൊന്നും അദ്ദേഹത്തിന്റെ കുറ്റമല്ല. വിഷയവിദഗ്ദ്ധർ അന്യായം ചെയ്യുന്നതിലുള്ള അവരുടെ വിശേഷ വൈദഗ്ദ്ധ്യം തെളിയിക്കുകയായിരുന്നു.
പുറംതീരുമാനങ്ങളാൽ നടക്കുന്ന നിയമനങ്ങളെ നേരെയാക്കാൻ യു ജി സി റെഗുലേഷൻ പരിഷ്കരിച്ചിട്ട് സാധിക്കുമോ? ആർക്കറിയാം.
കണ്ണൂർ കേസ് വിഷയവിദഗ്ദ്ധരെ ഉപയോഗിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന് വിഷയവിദഗ്ദ്ധരിൽ ചിലർ സ്വകാര്യമായി എന്നോടു പറഞ്ഞു. സത്യമോ അസത്യമോ എന്നറിയില്ല. ഇങ്ങനെയൊക്കെ പുറം തീരുമാനങ്ങളാൽ നടക്കുന്ന നിയമനങ്ങളെ നേരെയാക്കാൻ യു ജി സി റെഗുലേഷൻ പരിഷ്കരിച്ചിട്ട് സാധിക്കുമോ? ആർക്കറിയാം. രസമിതിലൊന്നുമല്ല. ഈ വിഷയവിദഗ്ദ്ധർ എനിക്ക് ഒരു മഹത്തായ സർട്ടിഫിക്കറ്റ് തന്നിട്ടുണ്ട്. അതാണ് എനിക്കു ജീവിച്ച ജീവിതകാലയളവിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരം. ‘പ്രതിഭാധന’നായ എന്റെ സേവനം ഉറപ്പുവരുത്തണമെന്ന് പ്രൊഫസർ സി. ആർ. പ്രസാദും പ്രൊഫസർ കെ. എം. അനിലും പ്രൊഫസർ സോമനാഥൻ പിയും പ്രൊഫസർ കൃഷ്ണൻ നമ്പൂതിരിയും ഡോ. പ്രൊഫസർ ലിസ്സി മാത്യുവും വൈസ് ചാൻസലർ ഡോ. ജയരാജ് സമക്ഷം ഐകകണ്ഠ്യേന ശുപാർശ ചെയ്തിരിക്കുന്നു. ഞാനതിന്റെ പകർപ്പെടുത്ത് ഭിത്തിയിൽ തൂക്കി. ഭാര്യയും കുട്ടികളും കാണട്ടെ. ഞാൻ കണ്ണാടിയിൽ നോക്കി. ഭയങ്കരാ!
-ഇതൊക്കെ കണ്ടറിഞ്ഞ, അനുഭവിച്ച തമാശകളാണ്. പറയുന്ന കൂട്ടത്തിൽ കുറച്ച് അയവിറക്കിപ്പോയി. മനുഷ്യനായാലും മുജ്ജന്മ ജന്തുവാസനകൾ അവശേഷിക്കുന്നു!
യു ജി സിയും ഗുണനിലവാരവും നീണാൾ വാഴട്ടെ!
പിൻവാതിൽ മലയാള വിഷയവിദഗ്ദ്ധർ മലയാളം യൂണിവേഴ്സിറ്റിയുടെ വി.സിമാരായിത്തീരട്ടെ!

പ്രബന്ധങ്ങളുടെ ഗുണനിലവാരം: ഒരനുഭവം കൂടി…
പ്രബന്ധങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച ചില വിചാരങ്ങൾകൂടി പങ്കുവെച്ചുകൊണ്ടല്ലാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമാകില്ലെന്നു തോന്നുന്നു. 2018- ലെ കേർ ലിസ്റ്റ് വഴി ഗുണനിലവാരം ഉയർത്തി നിശ്ചയിച്ചിരുന്നുവല്ലോ. അത് അപകടമായതുകൊണ്ടാകുമോ പുതിയ റെഗുലേഷൻ കരടിൽ ഭേദഗതി വരുത്തിയത് എന്നത് പരിശോധിക്കേണ്ടതാണ്. ഇനി മുതൽ പിയർ റിവ്യൂവ്ഡ് ജേണലുകളെ മാത്രമാണ് ഗുണനിലവാരത്തിന്റെ മാനദണ്ഡമായി എടുക്കേണ്ടത് എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. പ്രിയപ്പെട്ട യു ജി സീ, ഈ പിയർ റിവ്യൂവ്ഡ് ഒക്കെ ഞാനോ വിദഗ്ദ്ധരോ വിചാരിച്ചാൽ തട്ടിക്കൂട്ടാവുന്നതാണെന്നു നിങ്ങളോട് ആരു പറഞ്ഞുതരും? ഒരു ഉദാഹരണം മാത്രം സൂചിപ്പിക്കാം. എനിക്ക് ഒരു സ്നേഹിതൻ എത്തിച്ചുതന്ന ഒരു പിയർ റിവ്യൂവ്ഡ് ജേണലുണ്ട്. അക്കാദമികനിലവാരത്തിലും ബൌദ്ധിക പാരമ്പര്യത്തിലും ഞാനേറെ ആദരവോടെ കാണുന്ന ചങ്ങനാശ്ശേരി എസ് ബി കോളേജിൽനിന്നു പുറപ്പെട്ട ഒരു ജേണലാണ്. എസ്. ബി. അക്കാദമിക് റിവ്യൂ എന്നാണതിന്റെ പേര്. 2017-ലെ ലക്കമാണ്.

എന്നുവെച്ചാൽ 2017-ൽ തയ്യാറാക്കിയ ലക്കം. പ്രിന്റു ചെയ്യുന്നത് സാങ്കേതികകാരണങ്ങളാൽ വൈകാം. ഉള്ളടക്കം 2017-നകത്തു ഉണ്ടായതാകണമെന്നേയുള്ളൂ. ഞാനതിനകത്തു കൂടി സഞ്ചരിച്ചു. നല്ല ലേഖനങ്ങൾ ചിലതുണ്ട്. പൊട്ടയും ഉണ്ട്. പക്ഷേ അതൊന്നുമല്ല, 2017-ൽ തയ്യാറാക്കിയതെന്നു ഭാവിക്കുന്ന ഈ പുസ്തകത്തിൽ 2020-ൽ പ്രസിദ്ധീകരിച്ച എന്റെ പുസ്തകത്തിൽനിന്നും, 2019 വർഷത്തിലെ മറ്റു ചില കൃതികളിൽനിന്നുമുള്ള റഫറൻസുകളുണ്ട് എന്ന വസ്തുതയാണ് എന്നെ വിസ്മയിപ്പിച്ചത്.
2021-ൽ അച്ചടിച്ച ഈ പിയർ റിവ്യൂവ്ഡ് ജേണൽ 2017-ലെ ലക്കമായി സങ്കല്പിച്ച് പ്രൊമോഷനും നിയമനത്തിനും ആധാരമാക്കാനുള്ള വഴി തുറക്കുകയാണ് ഇവിടെ. ഇമ്മാതിരി പിയർ റിവ്യൂവ്ഡ് ജേണലുകളുടെ പിൻബലത്തോടെയാവണം തുടർന്നുള്ള അക്കാദമിക് സ്കോർ കണക്കാക്കലും നിയമനവുമെന്നു വരുന്നത് ഭൂഷണമാണോ എന്ന് യു ജി സി വിദഗ്ദ്ധർ ആലോചിക്കണം. കൈക്കോടാലികളായി മാറാത്ത വിഷയവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ഉണ്ടാക്കേണ്ടേ എന്നും യു ജി സി അധികൃതർ ആലോചിക്കണം; -ഒരാവേശത്തിനു പറഞ്ഞുപോയതാണ്. വിട്ടുകള. എന്തിന്? എന്താവശ്യത്തിന് ആലോചിക്കണം? എന്ത് ആലോചിച്ചാലും കാര്യമില്ല. നീതിബോധവും അക്കാദമികതയും ഉള്ള അക്കാദമീഷ്യരില്ലാത്ത, അഥവാ സത്യാനന്തര സന്യാസിവേഷക്കാർ വാഴുന്ന ഒരു നാട്ടിൽ ഇതൊക്കെ ഇങ്ങനെയങ്ങു നടക്കുകയേയുള്ളു. രാഷ്ട്രീയം മോശപ്പെട്ട കാര്യമാണെന്നു വിചാരിക്കുന്ന രാഷ്ട്രീയക്കാരുള്ള കാലത്തോളം അത്രയൊക്കെ മതി താനും.
(*ഗുരുവിനെ ഒറ്റണമെന്നത് പ്രത്യയശാസ്ത്രപാഠം.
** വിവരാവകാശരേഖ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്).