സെക്കൻഡറി, ഹയർ സെക്കൻഡറി എന്നത് ഒരു വിദ്യാഭ്യാസഘട്ടമാണോ, അതോ ഒരു പ്രവേശനപരീക്ഷയ്ക്കുള്ള കോച്ചിംഗ് കാലഘട്ടമാണോ? ഇന്ന് നമ്മുടെ വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണിത്. കാരണം, സ്കൂളുകളിൽ NEET–JEE ഇന്റഗ്രേറ്റഡ് കോച്ചിംഗ് എന്ന ആശയം ഇനി ഒറ്റപ്പെട്ട പരീക്ഷണമല്ല. ക്രമേണ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും സ്വഭാവവും മാറ്റിമറിക്കുന്ന പ്രവണതയായി അത് വളരുകയാണ്. ചില സ്വകാര്യ സ്കൂളുകളിൽ ഇതിനകം യാഥാർഥ്യമായിക്കഴിഞ്ഞു. മറ്റിടങ്ങളിൽ അതിനുള്ള സമ്മർദം ശക്തമാവുകയാണ്.
ഒരു മത്സരപരീക്ഷയുടെ ആവശ്യങ്ങൾക്കനുസരിച്ച് മുഴുവൻ സ്കൂൾ വിദ്യാഭ്യാസത്തെയും പുനഃക്രമീകരിക്കണമോ എന്നതാണ് ഇവിടെ ഉയരുന്ന അടിസ്ഥാന ചോദ്യം.
READ: പ്ലസ് വണ്ണിനൊപ്പം NEET: ഇന്റഗ്രേറ്റഡ് കാമ്പസ്
എന്ന അപകടം
ഒരു സ്കൂളിന്റെ ദൗത്യം എന്താണ്? എല്ലാ കുട്ടികളെയും ഡോക്ടർമാരോ എൻജിനീയർമാരോ ആക്കുകയാണോ? അതോ ഓരോ കുട്ടിയുടെയും ബൗദ്ധികവും സാമൂഹികവും മാനസികവും സാംസ്കാരികവുമായ സമഗ്ര വളർച്ചയ്ക്ക് സാഹചര്യമൊരുക്കുകയാണോ?
1990-കളിൽ സ്വകാര്യ ട്യൂഷൻ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഒരു അനുബന്ധ സംവിധാനം മാത്രമായിരുന്നു. എന്നാൽ ഇന്ന് ചിത്രം മാറിയിരിക്കുന്നു. ഇന്ത്യയിലെ കോച്ചിംഗ് വ്യവസായം 58,000 കോടിയിലധികം രൂപയുടെ വിപണിയാണ്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരു ലക്ഷം കോടി രൂപ കടക്കുമെന്നാണ് പഠനങ്ങൾ (NDTV Profit) സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏഴ് കോടിയിലധികം വിദ്യാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള കോച്ചിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Allen, Aakash, Narayana, Sri Chaitanya, FIITJEE തുടങ്ങിയ കോർപ്പറേറ്റ് ശൃംഖലകൾ ഇന്ന് വിദ്യാഭ്യാസനയങ്ങളെയും രക്ഷിതാക്കളുടെ തീരുമാനങ്ങളെയും സ്കൂളുകളുടെ പ്രവർത്തനരീതികളെയും സ്വാധീനിക്കുന്ന ശക്തിയായി മാറിയിരിക്കുന്നു.
ഇവിടെ ഒരു ചോദ്യം ഉയരുന്നു.
സ്കൂളുകൾ കോച്ചിംഗിനെ സഹായിക്കുകയാണോ, അതോ കോച്ചിംഗ് സ്കൂളുകളെ വിഴുങ്ങുകയാണോ?
കോച്ചിംഗും വിദ്യാഭ്യാസവും ഒരുപോലെയല്ല. ഒരു മികച്ച സ്കൂൾ അധ്യാപകൻ മികച്ച കോച്ചിംഗ് ഫാക്കൽറ്റിയായിരിക്കണമെന്നില്ല. അതുപോലെ ഒരു മികച്ച കോച്ചിംഗ് ഫാക്കൽറ്റി നല്ല അധ്യാപകനാകണമെന്നുമില്ല. രണ്ടുപേരുടെയും ലക്ഷ്യങ്ങൾ വ്യത്യസ്തമാണ്.
കോച്ചിംഗിന്റെ ലക്ഷ്യം ഒരു മത്സരപരീക്ഷ ജയിപ്പിക്കുക എന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ MCQ (Multiple choise based questions) ചോദ്യങ്ങൾക്ക് ശരിയുത്തരം കണ്ടെത്തുക, സമയനിയന്ത്രണം (Time Management) പരിശീലിക്കുക, Exam Strategies സ്വായത്തമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം.
എന്നാൽ ഒരു സ്കൂളിലെ അധ്യാപകന്റെ ദൗത്യം അതല്ല. ഒരു ആശയം കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കുക, ചോദ്യം ചെയ്യാൻ പഠിപ്പിക്കുക, തെറ്റുകൾ തിരുത്തി വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക, സാമൂഹികബോധവും ജനാധിപത്യ മൂല്യങ്ങളും രൂപപ്പെടുത്തുക എന്നിവയാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടിത്തറ.

കോച്ചിംഗ്
വിദ്യാഭ്യാസത്തിന്റെയും കുട്ടിയുടെയും
സ്വഭാവം മാറ്റുന്നതെങ്ങനെ?
കോച്ചിംഗ് കേന്ദ്രീകൃതപഠനം പരീക്ഷാ വിജയത്തിനാവശ്യമായ ചില പ്രത്യേക നൈപുണികൾ (Skills) വളർത്തിയെടുക്കാൻ സഹായിച്ചേക്കാം. എന്നാൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷയുടെ വിജയത്തിൽ അവസാനിക്കുന്നില്ല. ഒരു ആശയം ആഴത്തിൽ മനസ്സിലാക്കുക, അതിനെ വിശകലനം ചെയ്യുക, പുതിയ സാഹചര്യങ്ങളിൽ പ്രയോഗിക്കുക, സംശയങ്ങൾ ഉന്നയിക്കുക, തെളിവുകൾ പരിശോധിക്കുക, വിമർശനാത്മകമായി ചിന്തിക്കുക എന്നിവയാണ് യഥാർഥ വിദ്യാഭ്യാസത്തിന്റെ സവിശേഷത. ഇതാണ് Conceptual Understanding എന്ന് ആധുനിക വിദ്യാഭ്യാസം വിശേഷിപ്പിക്കുന്നത്. ഈ ആശയരൂപീകരണമാണ് മനുഷ്യന്റെ ചിന്താശേഷിയെയും സർഗാത്മകതയെയും പ്രശ്നപരിഹാരശേഷിയെയും വളർത്തുന്നത്. നിലവിലുള്ള അറിവിനെ ചോദ്യം ചെയ്യാനും പുതിയ അറിവ് സൃഷ്ടിക്കാനും കഴിയുന്നത് ഈ അടിസ്ഥാനത്തിലാണ്.
എന്നാൽ കോച്ചിംഗ് കേന്ദ്രീകൃത പഠനത്തിൽ ഇതിന് വലിയ സ്ഥാനമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ചോദ്യങ്ങൾക്ക് ശരിയുത്തരം കണ്ടെത്താനുള്ള യാന്ത്രിക പരിശീലനമാണ് അവിടെ പ്രധാനമാകുന്നത്. ഓർമ്മശേഷിയും Exam Strategies മുൻതൂക്കം നേടുന്നത്. അതുകൊണ്ട് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചാലും അറിവിനെ ജീവിതത്തിൽ പ്രയോഗിക്കാനുള്ള കഴിവോ സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയോ അതേ അളവിൽ വളരണമെന്നില്ല.
ഇതിന്റെ മറ്റൊരു പ്രത്യാഘാതം, വിദ്യാഭ്യാസ സംവിധാനത്തിന്റെ വിഭജനമാണ്. ഒരു വിഭാഗം സ്കൂളുകൾ NEET–JEE കോച്ചിംഗ് കേന്ദ്രങ്ങളായി മാറുമ്പോൾ അത് സമ്പന്നരുടെത് മാത്രമാകും, ഇനി മറ്റൊരു വിഭാഗം സ്കൂളുകൾ അതായത് സർക്കാർ സ്കൂളുകൾ അടിസ്ഥാന വായന, എഴുത്ത്, ഗണിതശേഷി (Foundetional Literacy Numeracy) എന്നിവ നേടിയെടുക്കാനുള്ള പരിശീലനകേന്ദ്രങ്ങളായി ചുരുങ്ങാനുള്ള സാധ്യതയുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP 2020) ഭാഗമായി നടപ്പാക്കുന്ന NIPUN Bharat Mission അടിസ്ഥാന സാക്ഷരതയ്ക്കും സംഖ്യാപരിചയത്തിനും (Introduction to numbers) വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇതുകൊണ്ട് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത് അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ്. അവർ പ്രാദേശിക അറിവുകൾ (Indigenous knowledge) നേടുന്ന പ്രാദേശിക തൊഴിലുകൾ ചെയ്യുന്ന ഒരു തലമുറയായിരിക്കും. സർക്കാർ സ്കൂൾ വഴി പഠിക്കുന്ന വിദ്യാർത്ഥി പ്രാദേശിക വിപണിയെ അടിസ്ഥാനപ്പെടുത്തിയ തൊഴിലുകൾ തേടുമ്പോൾ എലൈറ്റ് കോച്ചിംഗ് സെൻററുകൾ വഴി വരുന്ന വിദ്യാർഥികൾ ഗ്ലോബൽ മാർക്കറ്റിലേക്കും പോകും. ഒരു വശത്ത് പ്രവേശനപരീക്ഷകൾക്കായുള്ള എലൈറ്റ് കോച്ചിംഗും മറുവശത്ത് അടിസ്ഥാന നൈപുണ്യ പരിശീലനവും എന്ന ഇരട്ട ഘടന രൂപപ്പെട്ടാൽ, എല്ലാ കുട്ടികൾക്കും ഒരേ നിലവാരത്തിലുള്ള സമഗ്ര വിദ്യാഭ്യാസം നൽകുക എന്ന പൊതുവിദ്യാഭ്യാസത്തിന്റെ ആശയം തന്നെ ദുർബലമാകും. സർക്കാർ സ്കൂളുകൾ വെറും സാക്ഷരത മാത്രം ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങളായി മാറും. എല്ലാവർക്കും ഒരുപോലെ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ആധുനിക ജനാധിപത്യ വിദ്യാഭ്യാസത്തിൻ്റെ കാഴ്ചപ്പാട്. പക്ഷേ, രണ്ടുതരം വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് ആഗോളവൽക്കരണത്തിന്റെയും അതിന്റെ ഉപജ്ഞാതകളായ വേൾഡ് ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളുടെയുമാണ്.

വിദ്യാഭ്യാസം സാമൂഹിക സമത്വം സൃഷ്ടിക്കേണ്ട സംവിധാനമാണ്. പക്ഷേ സ്കൂൾ വിദ്യാഭ്യാസം വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്ക് വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംവിധാനമായി മാറുകയാണെങ്കിൽ അത് വിദ്യാഭ്യാസപരമായ പ്രശ്നം മാത്രമല്ല, സാമൂഹിക പ്രശ്നം കൂടിയാണ്.
കേരളത്തിൽ ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഏകീകരിക്കണമെന്ന നിർദ്ദേശം വന്നപ്പോൾ അധ്യാപക സംഘടനകൾ ശക്തമായി എതിർത്തത് ഓർക്കണം. അത് ഒരു സർവീസ് വിഷയമായിരുന്നില്ല. 13 മുതൽ 15 വയസ്സുവരെയും 16 മുതൽ 18 വയസ്സുവരെയും മാനസിക- ശാരീരിക വളർച്ച എന്നത് രണ്ട് വ്യത്യസ്ത ഘട്ടങ്ങളാണെന്നും അതിനനുസരിച്ച് പഠനരീതിയും വ്യത്യസ്തമായിരിക്കണമെന്നുമാണ് വിദ്യാഭ്യാസ പ്രവർത്തകരും മനഃശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെയാണ് ഹയർ സെക്കൻഡറിയെ പ്രത്യേക വിദ്യാഭ്യാസഘട്ടമായി നിലനിർത്തണമെന്ന വാദം ഉയർന്നത്.
എന്നാൽ ഇന്ന് ഇന്റഗ്രേറ്റഡ് കോച്ചിംഗ് ഈ ശാസ്ത്രീയസമീപനത്തെ തന്നെ മറികടക്കുകയാണ്. പ്ലസ് വണ്ണും പ്ലസ് ടുവും കൗമാരജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസഘട്ടമെന്ന നിലയിൽ കാണാതെ, പ്രവേശനപരീക്ഷയ്ക്കുള്ള രണ്ടുവർഷത്തെ പരിശീലന ക്യാമ്പായി മാറ്റുകയാണ്. ഇത് കുട്ടികളുടെ പഠനസമയത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അവരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്.
ഈ പ്രായത്തിൽ കുട്ടികൾ കളിക്കണം, വായിക്കണം, ചർച്ച ചെയ്യണം, സൗഹൃദങ്ങൾ വളർത്തണം, കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കണം, ക്ലബ്ബുകളിൽ സജീവമാകണം, വേദികളിൽ സംസാരിക്കണം, വിജയവും പരാജയവും ഒരുപോലെ അനുഭവിക്കണം. ഇവയെല്ലാം പാഠ്യപദ്ധതിക്ക് പുറത്തുള്ള കാര്യങ്ങളല്ല; വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. പക്ഷേ രാവിലെ മുതൽ രാത്രി വരെ കോച്ചിംഗ് കേന്ദ്രീകരിച്ച പഠനത്തിലേക്ക് കുട്ടികളെ തള്ളിവിടുമ്പോൾ ആദ്യം നഷ്ടപ്പെടുന്നത് ഈ അനുഭവങ്ങളാണ്.

ഒരേ ക്ലാസിൽ മണിക്കൂറുകളോളം ഇരിക്കുന്ന കുട്ടിക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിച്ചേക്കാം. എന്നാൽ ആശയവിനിമയശേഷി എവിടെ നിന്ന് വളരും? ആത്മവിശ്വാസം എങ്ങനെ രൂപപ്പെടും? നേതൃത്വപാടവം എങ്ങനെ വികസിക്കും? സഹപാഠികളുമായി (Peer groups) ഇടപഴകാനുള്ള അവസരങ്ങൾ ഇല്ലാതാകുമ്പോൾ സാമൂഹികബോധം എങ്ങനെ രൂപപ്പെടും? ഇവയെല്ലാം പുസ്തകങ്ങളിൽ നിന്ന് പഠിക്കാൻ കഴിയുന്ന കാര്യങ്ങളല്ല.
ഇന്റഗ്രേറ്റഡ് കോച്ചിംഗ് സ്കൂളുകളെ മാത്രമല്ല, കുട്ടികളെയും രണ്ടായി വിഭജിക്കും. ഒരു വശത്ത് "NEET / JEE ബാച്ച്". മറുവശത്ത് "സാധാരണ ബാച്ച്". ഇത് ഒരു പഠനവിഭജനം മാത്രമല്ല. കുട്ടികളുടെ ആത്മവിശ്വാസത്തെയും വ്യക്തിത്വ രൂപീകരണത്തെയും ബാധിക്കുന്ന സാമൂഹിക വിഭജനമാണ്. കോച്ചിംഗ് ബാച്ചിൽ ഇല്ലാത്ത കുട്ടികൾ സ്വാഭാവികമായും തങ്ങൾ പിന്നിലാണെന്ന തോന്നലിലേക്ക് നീങ്ങും. ഒരു വിദ്യാലയത്തിനുള്ളിൽ തന്നെ രണ്ടുതരം വിദ്യാർത്ഥികളെ സൃഷ്ടിക്കുന്ന സാഹചര്യം രൂപപ്പെടും.
സ്കൂളുകൾക്കും ഇതേ അവസ്ഥയാണ്. "ഇന്റഗ്രേറ്റഡ് സ്കൂൾ", "സാധാരണ സ്കൂൾ" എന്ന വേർതിരിവ് ശക്തമാകും. ക്രമേണ രക്ഷിതാക്കൾ കോച്ചിംഗ് നൽകുന്ന സ്കൂളുകൾ മാത്രം അന്വേഷിക്കും. സ്കൂളുകളുടെ നിലവാരം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൊണ്ടല്ല, പ്രവേശനപരീക്ഷയിലെ റാങ്കുകൾ കൊണ്ടാകും അളക്കപ്പെടുക. വിദ്യാഭ്യാസത്തെ വിപണിയുടെ മാനദണ്ഡങ്ങളിലേക്ക് ചുരുക്കുന്ന അപകടകരമായ മാറ്റമാണിത്.

ഇത് സ്കൂളുകൾക്കുള്ളിലെ വിഭജനത്തിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. ക്രമേണ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കവും മാറും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം എന്നീ വിഷയങ്ങൾക്ക് അമിത പ്രാധാന്യം ലഭിക്കുമ്പോൾ ഭാഷ, ചരിത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, കല, സംഗീതം, കായികം എന്നിവ സ്വാഭാവികമായും പിന്നിലാകും. ഹ്യൂമാനിറ്റീസും കൊമേഴ്‌സും രണ്ടാംതരമായി കാണപ്പെടാൻ തുടങ്ങും. നിയമം, അധ്യാപനം, ഗവേഷണം, മാധ്യമപ്രവർത്തനം, സാമൂഹ്യശാസ്ത്രം, സാഹിത്യം, ഡിസൈൻ, സിവിൽ സർവീസ് തുടങ്ങി അനേകം മേഖലകളിലേക്ക് പോകേണ്ട കുട്ടികളുടെ എണ്ണം കുറയും. ഒരു സമൂഹത്തിന് ആവശ്യമായ വൈവിധ്യമാർന്ന മനുഷ്യവിഭവശേഷിയെയാണ് ഇത് ബാധിക്കുന്നത്.
മറ്റൊരു മാറ്റം അതിലും വലിയതാണ്. ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുന്ന കുട്ടി ഡോക്ടറാകണോ എൻജിനീയറാകണോ എന്ന് മുൻകൂട്ടി തീരുമാനിക്കുന്ന സംസ്കാരം ശക്തമാകും. ഒരു കുട്ടിയുടെ താൽപര്യവും കഴിവും വ്യക്തിത്വവും വളരാൻ സമയം നൽകുന്നതിനുപകരം, ഒരു തൊഴിൽ നേരത്തേ നിശ്ചയിച്ച് അതിലേക്ക് അവരെ തള്ളിവിടുന്ന രീതിയിലേക്ക് വിദ്യാഭ്യാസം മാറും.
പരീക്ഷാകേന്ദ്രീകൃത പഠനത്തിന് മറ്റൊരു പരിമിതിയുമുണ്ട്. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് വേഗത്തിൽ ഉത്തരം കണ്ടെത്താൻ പഠിപ്പിക്കുന്ന രീതിയും ഒരു വിഷയത്തെ ആഴത്തിൽ മനസ്സിലാക്കാൻ പഠിപ്പിക്കുന്ന രീതിയും ഒന്നല്ല. ഒന്നിൽ ഓർമ്മശേഷിയും പരീക്ഷാതന്ത്രവുമാണ് പ്രധാനമെങ്കിൽ, മറ്റൊന്നിൽ ചിന്തയും വിശകലനവും സംശയങ്ങളും അന്വേഷണവുമാണ് പ്രധാനം. സ്കൂളിന്റെ ലക്ഷ്യം രണ്ടാമത്തേതാണ്. ഇന്റഗ്രേറ്റഡ് കോച്ചിംഗ് ആദ്യത്തേതിന് മുൻഗണന നൽകുമ്പോൾ വിദ്യാഭ്യാസത്തിന്റെ സ്വഭാവം തന്നെ മാറുന്നു.
ഇതിന്റെ സാമൂഹിക പ്രത്യാഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുക സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളും സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിലെ കുട്ടികളുമാണ്. രണ്ട് വർഷത്തെ NEET–JEE കോച്ചിംഗിന് ഇന്ന് രണ്ട് ലക്ഷം മുതൽ നാല് ലക്ഷം രൂപവരെ ഫീസ് ഈടാക്കുന്നു. ഹോസ്റ്റൽ, ഭക്ഷണം, പഠനസാമഗ്രകൾ കൂടി ചേർന്നാൽ അതിലും അധികം ആകും. വിദ്യാഭ്യാസം എല്ലാവർക്കുമുള്ള അവകാശത്തിൽ നിന്ന് പണമുള്ളവർക്ക് കൂടുതൽ അവസരം വാങ്ങിക്കൊടുക്കുന്ന കമ്പോള സംവിധാനമായി മാറുകയാണ്.

ഈ പശ്ചാത്തലത്തിൽ ഏതാനും കണക്കുകൾ കൂടി നോക്കാം.
2025-ൽ ഏകദേശം 22.7 ലക്ഷം വിദ്യാർത്ഥികളാണ് NEET-UG പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. രാജ്യത്താകെ 1.29 ലക്ഷത്തിലധികം MBBS സീറ്റുകൾ മാത്രമാണുള്ളത്. ഇതിനു പുറമെ BDS, BAMS, BHMS, BUMS, BSMS, BVSc, B.Sc Nursing തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനവും NEET വഴിയാണ്. എന്നിരുന്നാലും പരീക്ഷ എഴുതുന്നവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ലഭ്യമായ അവസരങ്ങൾ പരിമിതമാണ്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വർഷങ്ങളോളം കോച്ചിംഗ് നേടിയിട്ടും അവർ ലക്ഷ്യമിട്ട മെഡിക്കൽ സീറ്റുകൾ നേടുന്നില്ല.
JEE-യിലും ചിത്രം വ്യത്യസ്തമല്ല. ഏകദേശം 15 ലക്ഷം വിദ്യാർത്ഥികളാണ് JEE Main എഴുതുന്നത്. അവരിൽ മികച്ച റാങ്ക് നേടുന്ന ഏകദേശം 2.5 ലക്ഷം പേർക്ക് മാത്രമാണ് JEE Advanced എഴുതാൻ കഴിയുന്നത്. രാജ്യത്തെ IITകളിൽ ആകെ 18,000-ത്തിലധികം സീറ്റുകൾ മാത്രമാണുള്ളത്. NIT, IIIT, GFTI സ്ഥാപനങ്ങളിൽ കൂടുതൽ അവസരങ്ങളുണ്ടെങ്കിലും ഏറ്റവും ഉയർന്ന റാങ്കിനായുള്ള മത്സരം വളരെ ചെറിയൊരു വിഭാഗം വിദ്യാർത്ഥികൾക്കിടയിലാണ് നടക്കുന്നത്.
അപ്പോൾ ചോദ്യം ഇതാണ്. ഈ ചെറിയൊരു വിഭാഗം വിദ്യാർത്ഥികൾക്കായി നടക്കുന്ന കടുത്ത മത്സരത്തിനുവേണ്ടി മുഴുവൻ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന മാറ്റേണ്ടതുണ്ടോ?
തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് എ.കെ. രാജൻ കമ്മിറ്റി റിപ്പോർട്ട് ഈ വിഷയത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുകളാണ് മുന്നോട്ടുവെച്ചത്. NEET നിലവിൽ വന്നശേഷം സർക്കാർ സ്കൂളുകളിലെയും ഗ്രാമീണ മേഖലയിലെയും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെയും വിദ്യാർത്ഥികളുടെ മെഡിക്കൽ പ്രവേശനം കുറഞ്ഞതായും സ്വകാര്യ കോച്ചിംഗ് സ്ഥാപനങ്ങളെ ആശ്രയിക്കൽ ഗണ്യമായി വർധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള അവസരങ്ങൾ കൂടുതൽ അസമമാക്കുന്ന സംവിധാനമായി NEET മാറുന്നുവെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. ഇതേ അടിസ്ഥാനത്തിലാണ് തമിഴ്നാട് ഇന്നും NEET ഒഴിവാക്കണമെന്ന നിലപാട് തുടരുന്നത്.

കോച്ചിംഗ് സംസ്കാരത്തിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ട മറ്റൊരു മുന്നറിയിപ്പാണ്. ഓരോ വർഷവും പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് അവിടെ പ്രവേശനപരീക്ഷാപരിശീലനത്തിനായി എത്തുന്നത്. എന്നാൽ വിജയകഥകൾക്കൊപ്പം കടുത്ത മത്സരവും അമിത പഠനസമ്മർദവും മാനസിക സംഘർഷവും ദേശീയ ആശങ്കയായി മാറിയിരിക്കുകയാണ്. 2023-ൽ കോട്ടയിൽ 32 വിദ്യാർത്ഥികളുടെ ആത്മഹത്യയാണ് റിപ്പോർട്ട് ചെയ്തത്. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. അതിനുശേഷവും ആത്മഹത്യകൾ തുടരുകയും, പ്രശ്നം നിയന്ത്രിക്കാൻ ഹോസ്റ്റലുകളിൽ ആത്മഹത്യാ പ്രതിരോധ ഉപകരണങ്ങൾ വരെ സ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു.
ഇത് കോട്ടയുടെ മാത്രം പ്രശ്നമല്ല. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2024-ൽ ഇന്ത്യയിൽ 14,488 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. ഓരോ മരണത്തിനും വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും പരീക്ഷാസമ്മർദവും പ്രവേശനപരീക്ഷകളെ ചുറ്റിപ്പറ്റിയ ആശങ്കകളും പ്രധാന ഘടകങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒരു പരീക്ഷയെ മാത്രം ലക്ഷ്യമാക്കിയ വിദ്യാഭ്യാസരീതിയുടെ മാനുഷിക വില എത്ര വലുതാണെന്ന് ഈ കണക്കുകൾ ഓർമ്മിപ്പിക്കുന്നു.
സാമ്പത്തികമായും ഈ പ്രവണത വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. മെഡിക്കൽ അല്ലെങ്കിൽ എൻജിനിയറിങ് പ്രവേശനം ലക്ഷ്യമിട്ട് പല കുടുംബങ്ങളും വർഷങ്ങളോളം ലക്ഷക്കണക്കിന് രൂപ കോച്ചിംഗിനായി ചെലവഴിക്കുന്നു. ചിലർ വായ്പയെടുക്കുന്നു, ചിലർ സമ്പാദ്യം ചെലവഴിക്കുന്നു, ചിലർ ആഭരണങ്ങൾ പണയപ്പെടുത്തുന്നു. എന്നാൽ ലഭ്യമായ സീറ്റുകൾ പരിമിതമായതിനാൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് അവർ പ്രതീക്ഷിച്ച പ്രവേശനം ലഭിക്കാറില്ല. അപ്പോൾ പരീക്ഷയിൽ പരാജയപ്പെടുന്നത് ഒരു വിദ്യാർത്ഥിയുടെ മാത്രം നിരാശയല്ല; ഒരു കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയായി അത് മാറുന്നു.

UNESCO സ്വകാര്യ കോച്ചിംഗ് സംവിധാനത്തെ "Shadow Education" എന്നാണ് വിശേഷിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസത്തോടൊപ്പം വളരുന്ന സമാന്തര വിദ്യാഭ്യാസ സമ്പ്രദായം. ഇത്തരം സംവിധാനങ്ങൾ വിദ്യാഭ്യാസത്തിലെ അസമത്വം വർധിപ്പിക്കുകയും പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുറയ്ക്കുകയും ചെയ്യുമെന്ന് UNESCO യുടെ "Global Education Monitoring" റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിൽ ഇതിനകം വളർന്ന മറ്റൊരു പ്രവണതയാണ് ഡമ്മി (Dummy) സ്കൂളുകൾ. കുട്ടികൾ സ്കൂളിൽ പ്രവേശനം നേടും. എന്നാൽ സ്ഥിരമായി ക്ലാസിൽ പങ്കെടുക്കില്ല. ബോർഡ് പരീക്ഷയ്ക്കാവശ്യമായ ഏറ്റവും കുറഞ്ഞ ഹാജർ ഉറപ്പാക്കുക മാത്രമാണ് സ്കൂളിന്റെ പങ്ക്. ബോർഡ് പരീക്ഷിക്കും ലാബ് പരീക്ഷക്കും ഇന്റേണൽ എക്സാമിനും മാത്രമായി സ്കൂളിൽ പോകും. പഠനത്തിന്റെ കേന്ദ്രം കോച്ചിംഗ് സ്ഥാപനങ്ങളായി മാറുന്നു. കോട്ട, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ ഈ ‘മാതൃക’ വ്യാപകമാണ്. ഇതിനെതിരെ CISCE ബോർഡ് നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയും കോച്ചിംഗ് സ്ഥാപനങ്ങൾക്ക് ദേശീയ നിയന്ത്രണ സംവിധാനം വേണമെന്നും പ്രവേശനപരീക്ഷകളെ കഴിയുന്നത്ര കോച്ചിംഗ് ആശ്രിതമല്ലാത്ത രീതിയിലേക്ക് മാറ്റണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

ഒരു കേന്ദ്രീകൃത പരീക്ഷ എന്നു പറയുന്നത് ഇത്രയേറെ വൈവിധ്യങ്ങളും സാമൂഹ്യമായും സാമ്പത്തികമായും വലിയ അന്തരങ്ങൾ നിലനിൽക്കുന്നതുമായ ഈ രാജ്യത്ത് പ്രായോഗികമല്ല. ഓരോ സംസ്ഥാനത്തിന്റെ ആവശ്യകതക്കനുസരിച്ചാണ് അവിടുത്തെ പാഠ്യപദ്ധതികൾ രൂപീകരിക്കേണ്ടത്. ഇതിനെ പൂർണമായും ഇല്ലാതാക്കിയാണ് കേന്ദ്രീകൃത പരീക്ഷാസംവിധാനം (NTA) പ്രവർത്തിക്കുന്നത്. അതുകൊണ്ട്, മുൻപ് നിലനിന്നിരുന്നതുപോലെ സംസ്ഥാനത്തെ മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷകൾ സംസ്ഥാന സർക്കാരുകൾ നടത്തുകയും ദേശീയതലത്തിലുള്ള പരീക്ഷകൾ അതാത് സ്ഥാപനങ്ങൾ നടത്തുകയും ചെയ്യുന്ന രീതിയിലേക്ക് മാറണം.
NTA യുമായി ബന്ധപ്പെട്ട അഴിമതി സംഭവങ്ങൾ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്, NTA യുടെ ഒട്ടുമിക്കപ്രവർത്തനങ്ങളെല്ലാം ഔട്ട് സോഴ്സ് ചെയ്യപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ അഴിമതിക്കും ക്രമക്കേടുകൾക്കുള്ള സാധ്യതതുറന്നു കിടക്കുകയാണ്. ദേശീയതലത്തിൽ കാര്യക്ഷമായ ഒരു സംവിധാനം നടത്തിക്കൊണ്ടുപോകാനുള്ള NTA യുടെ ശേഷിയില്ലായ്മയും ബോധ്യപ്പെട്ടതാണ്.
സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികളെക്കാൾ CBSE, ICSE സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് സ്വാഭാവികമായി മുൻതൂക്കം ലഭിക്കും. ഒരു സ്കൂളിന്റെ വിജയം എത്ര ഡോക്ടർമാരെയോ എഞ്ചിനീയർമാരെയോ സൃഷ്ടിച്ചു എന്നതുകൊണ്ടാണോ അളക്കേണ്ടത്?
അങ്ങനെയാണെങ്കിൽ ഭാഷാപണ്ഡിതരെയും അധ്യാപകരെയും ചരിത്രകാരരെയും സാമൂഹ്യശാസ്ത്രജ്ഞരെയും കലാകാരരെയും എഴുത്തുകാരെയും ഗവേഷകരെയും ആരാണ് വളർത്തുക? ഒരു സമൂഹത്തിന് ആശുപത്രികളും സാങ്കേതിക സ്ഥാപനങ്ങളും മാത്രം പോര. നല്ല സ്കൂളുകളും നല്ല അധ്യാപകരും വിമർശനാത്മകമായി ചിന്തിക്കുന്ന നല്ല പൗരന്മാരും കൂടി വേണം.
സ്കൂൾ ഒരു തൊഴിൽപരിശീലന കേന്ദ്രമല്ല. ജീവിതം മനസ്സിലാക്കാൻ പഠിപ്പിക്കുന്ന പൊതുസ്ഥാപനമാണ്. ഒരു പരീക്ഷ ജയിക്കാനുള്ള പരിശീലനം അതിന്റെ ഒരു ഭാഗമാകാം. എന്നാൽ അതാകരുത് മുഴുവൻ വിദ്യാഭ്യാസം. സ്കൂളുകളെ കോച്ചിംഗ് സെന്ററുകളാക്കുന്നത് വിദ്യാഭ്യാസ പരിഷ്കാരമല്ല. പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെ സ്വകാര്യ കോച്ചിംഗ് വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റിയെഴുതുന്ന നയപരമായ തീരുമാനമാണ് അത്.
ഈ മാറ്റം അംഗീകരിക്കണമോ വേണ്ടയോ എന്നത് അധ്യാപകരുടെ മാത്രം ചോദ്യമല്ല. വിദ്യാഭ്യാസത്തെ ഒരു പൊതു അവകാശമായും സാമൂഹിക ഉത്തരവാദിത്തമായും കാണുന്ന മുഴുവൻ സമൂഹവും ഉത്തരം പറയേണ്ട ചോദ്യമാണത്.
