OER: കാൽപ്പനികവത്ക്കരിക്കപ്പെടുന്ന വിദ്യാഭ്യാസവും സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയവും

ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ, ഓപ്പൺ ആക്സസ് തുടങ്ങിയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്​. ഈ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ, ‘തുറന്നത്’ എന്ന പ്രയോഗത്തിന്റെ വിമർശനാത്മകവും സൈദ്ധാന്തികവുമായ അന്വേഷണം.

ന്നത വിദ്യാഭ്യാസം ‘തുറന്ന’ പ്രസ്ഥാനങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ, ഓപ്പൺ ആക്സസ് തുടങ്ങിയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചവയാണ്. രണ്ടായിരത്തിന്റെ ആദ്യപാദങ്ങളോടുകൂടി മാത്രം തുറന്ന പ്രസ്ഥാനങ്ങളുടെ ഗണത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട ഒന്നാണ് തുറന്ന വിദ്യാഭ്യാസ പ്രഭവങ്ങൾ അല്ലെങ്കിൽ ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സസ് (OER). തുറന്ന പ്രസ്ഥാനങ്ങൾ പ്രബലമാകുന്ന പശ്ചാത്തലത്തിൽ 'തുറന്നത്' അല്ലെങ്കിൽ 'ഓപ്പൺ' എന്ന വാക്കിന്റെ നിർവചനം കൈവരിച്ചിരിക്കുന്ന അർത്ഥം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

ഈ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ, ‘തുറന്നത്’ എന്ന വാക്ക് അർത്ഥമാക്കുന്നത് ആധുനിക ലോകത്തിൽ വിദ്യാഭ്യാസത്തിന് അനിവാര്യമായ രണ്ട് പ്രധാന പ്രതിബന്ധങ്ങളെ മറികടക്കുക എന്നതാണ്​. ഒന്നാമത്തേത്, ഇന്റർനെറ്റ്​ ലഭ്യതയാണ്. സ്വതന്ത്രമായ രീതിയിൽ വ്യക്തിക്ക് ഇന്റർനെറ്റ്​ ഉപയോഗിക്കുന്നതിന് തടസ്സമാകുന്നതിനുള്ള പ്രതിബന്ധങ്ങളെ നീക്കലാണ്​ ഇതു കൊണ്ടർത്ഥമാക്കുന്നത്. രണ്ടാമത്തേത്, ഇന്റർനെറ്റിലൂടെ ലഭ്യമായ വിദ്യാഭ്യാസ വിഭവങ്ങൾ സ്വതന്ത്രമായി ഉപയോഗിക്കുന്നതിന് തടസ്സമാകുന്ന പ്രതിബന്ധങ്ങളെ നീക്കുക എന്നതാണ്​. ഇവ രണ്ടിനെയും സംബന്ധിക്കുന്ന സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ പ്രതിബന്ധങ്ങളെ തരണം ചെയ്താൽ മാത്രമേ തുറന്ന പ്രസ്ഥാനങ്ങളുടെ പൂർണ വിജയം സാധ്യമാകൂ. സാങ്കേതികമായ പ്രതിബന്ധങ്ങളിലെ പ്രധാനപ്പെട്ട ഘടകം സോഴ്സ് കോഡുകളുടെ പ്രാപ്യത എല്ലാവർക്കും ലഭ്യമല്ല എന്നതാണ്​. പണം കൊടുത്ത് വാങ്ങി വായിക്കാൻ മാത്രം സാധ്യമാകുന്ന വിദ്യാഭ്യാസ വിഭവങ്ങളും ലൈസൻസ് ഫീസുമൊക്കെ സാമ്പത്തികമായ പ്രതിബന്ധങ്ങളാണ്. എന്നാൽ നിയമപരമായ പ്രതിബന്ധങ്ങളിൽ ഏറ്റവും പ്രധാനം, കോപ്പിറൈറ്റും ലൈസൻസിംഗിന്റെ ലഭ്യതയുമാണ്.

Photo: Wikipedia

യുനസ്​കോയുടെ 2002- ലെ ഫോറത്തിലാണ് ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസ് എന്ന വാക്ക് പിറവിയെടുക്കുന്നത് (UNESCO- 2002). സ്വതന്ത്രമായി ലഭ്യമായതും പുനരുപയോഗത്തിന് സാധിക്കുന്നതും മാറ്റം വരുത്തി ഉപയോഗിക്കുന്നതിനും മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് തടസ്സമില്ലാത്തതുമായ എല്ലാ വിജ്ഞാനവിഭവങ്ങളെയും തുറന്ന വിദ്യാഭ്യാസ പ്രഭവങ്ങളുടെ വിശാല നിർവചനത്തിന്റെയുള്ളിൽ യുനെസ്കോ ഉൾപ്പെടുത്തി. ഈ പ്രസ്ഥാനത്തിന്റെ സ്വീകാര്യതയുടെയും വളർച്ചയുടെയും ഭാഗമായി 2012-ൽ പാരീസിൽ വച്ച് OER ഡിക്ലറേഷൻ നടത്തി (UNESCO 2012). ഇത് OER- ന്റെ ത്വരിത ഗതിയിലുള്ള വളർച്ചക്കു നിദാനമായി. ഇവയൊക്കെ സാധ്യമായത് ഗവൺമെന്റുകളുടെയും സ്വകാര്യ സംരംഭങ്ങളുടെയും നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ ലഭ്യമായ ഓൺലൈൻ സംഭരണികൾ, സോഷ്യൽ മീഡിയകൾ, മറ്റു സ്വതന്ത്ര വിഭവങ്ങൾ എന്നിവയിലൂടെയാണ്.

പഠനം, ബോധനം, ഗവേഷണം എന്നിങ്ങനെ വിദ്യാഭ്യാസ വിഭവങ്ങളുടെ ഉപയുക്തത പൂർണമായും സൗജന്യവും ആയാസരഹിതവുമാക്കുന്നതിന്​ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി) ഓപ്പൺ കോഴ്സ് വെയർ, OER യൂണിവേഴ്സിറ്റി എന്നിങ്ങനെ വിപുലമായ സംരംഭങ്ങൾ ഇപ്പോൾ സജീവമാണ്. ഒരു കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസ വിഭവങ്ങളെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും അവയുടെ സ്വതന്ത്ര ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നതിൽ വലിയൊരളവിൽ OER പ്രസ്ഥാനത്തിന് വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. ഇതുവഴി അറിവിന്റെ നിർമ്മാണത്തിലും വിതരണത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽക്കോയ്മ തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുന്നു എന്ന് ടൈലറിനെ (2011) പോലെയുള്ള വിദ്യാഭ്യാസ ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നിരുന്നാൽ പോലും സ്ഥാപനവൽക്കരണത്തിന്റെ ശക്തമായ ചട്ടക്കൂടിനു പുറത്തുനിന്നുകെണ്ടല്ല മറിച്ച് അതിന്റെയുള്ളിൽ നിന്നുകൊണ്ടാണ് OER വളരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും. Hilton III et al (2010), Hyle ́n (2006) എന്നിവരെപ്പോലെയുള്ള ഗവേഷകർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആഗോളതലത്തിൽ വലിയ തോതിൽ OER സംരംഭങ്ങൾ ഏറ്റെടുക്കുന്നതിന് കാണിക്കുന്ന വ്യഗ്രതക്ക് തെളിവുകൾ നൽകുന്നുണ്ട്.

മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി | Photo : Wikimedia Commons

ഒ.ഇ.ആർ സംരംഭങ്ങൾ വലിയ തോതിൽ വിദ്യാഭ്യാസ ഗവേഷകരുടെയും സാമൂഹ്യ ശാസ്ത്രജ്ഞൻമാരുടെയും ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ സംബന്ധിക്കുന്ന പഠനങ്ങളിൽ അവയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവർ പരസ്പരം സമ്മതിക്കുന്ന ഒരു കാര്യമാണ് ഒ..ഇ.ആറുകൾ സ്ഥാപനവൽകൃത വിദ്യാഭ്യാസ വ്യവസ്ഥക്ക്​ വലിയ ഭീഷണിയാകും എന്ന കാര്യം. അനുകൂലിക്കുന്നവർ മേന്മകളെ കുറിച്ച് വാഴ്​ത്തുമ്പോൾ പ്രതികൂലിക്കുന്നവർ കൂടുതലും ശ്രദ്ധിക്കുന്നത് ഉപകരണങ്ങളുടെയും ഇൻറർനെറ്റിന്റെയും ലഭ്യതയെ സംബന്ധിക്കുന്ന സാങ്കേതിക ഘടകങ്ങളെ കുറിച്ചാണ്. ഒരു വലിയ ഘടനാപരമായ മാറ്റത്തിനുതന്നെ വിദ്യാഭ്യാസരംഗം സാക്ഷ്യം വഹിക്കും എന്നതിനാൽ ഒ.ഇ.ആർ സംരംഭം മുൻപോട്ടു വെക്കുന്ന വിദ്യാഭ്യാസപരവും ബോധനശാസ്ത്രപരവുമായ യുക്തികളെ വിമർശനാത്മകമായി പഠിക്കുകയും സിദ്ധാന്തവൽക്കരിക്കുകയും ചെയ്യേണ്ടത് അടിയന്തരാവശ്യമായി മാറിയിരിക്കുകയാണ്.

ദൗർഭാഗ്യകരമെന്നുപറയട്ടെ, ഗുണമേന്മയെ പറ്റിയും അവ നടപ്പാക്കുന്നതിനുള്ള പ്രധാനപ്പെട്ട പ്രതിസന്ധികളെ സംബന്ധിക്കുന്നതുമായ ധാരാളം പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ടെങ്കിൽ പോലും വിമർശനാത്മകമായോ സൈദ്ധാന്തികമായോ ഈ വിഷയത്തെ അധികമാരും സമീപിച്ചിട്ടില്ല എന്നത്​ ഗൗരവമായി കാണേണ്ട ഒന്നാണ്. ഇത്തരത്തിലുള്ള ഒരു ഉദ്യമമാണ് ഈ ലേഖനത്തിന്റെ പ്രധാന ലക്ഷ്യം.

അടിയന്തരമായി ചർച്ചക്കു വിധേയമാക്കേണ്ട പ്രധാന കാര്യം OER പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യം എന്ന ആശയമാണ്. ‘ഓപ്പൺ’ എന്ന വാക്ക് മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ ‘തുറന്നത്’ എന്നർഥം നൽകാമെങ്കിലും വിദ്യാഭ്യാസ പ്രഭവങ്ങളുടെ തുറക്കലിൽ അവ സൗജന്യമായും സ്വതന്ത്രമായും ഉപയോഗിക്കുന്നതിനുള്ള അവസരമാണ് ‘തുറന്നത്’ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ‘സൗജന്യം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തികമായ സൗജന്യമാണ്. ലോകം അംഗീകരിക്കപ്പെട്ട ധിഷണാശാലികളുടെ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും പബ്ലിഷിംഗ് ഭീമന്മാരുടെ നിയന്ത്രണത്തിലായതിനാൽ സാധാരണക്കാർക്ക് അവ വായിക്കുന്നതിന് സൗജന്യമായി ലഭ്യമല്ല. എന്നാൽ സ്വതന്ത്രം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നതിന്റെ അർഥം കൂടുതൽ ആഴങ്ങളുള്ളതാണ് എന്നു കാണാം. സൗജന്യമായി ചിലത് ലഭിക്കാത്തത് സാമ്പത്തികമായ തടസ്സങ്ങൾ കൊണ്ടായതുകൊണ്ട് അതിൽനിന്നുള്ള മോചനവും ഒരു സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാം. അതുകൊണ്ടുതന്നെ ഒ .ഇ. ആറിൽ അടങ്ങിയിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അംശത്തെ ‘തുറന്നത്’ എന്ന വാക്കുകൊണ്ട് മാത്രം ധ്വനിപ്പിക്കുവാൻ സാധിക്കുന്നില്ല. ‘സ്വാതന്ത്ര്യം’ എന്ന വാക്കും ആശയവും ഈ പശ്ചാത്തലത്തിൽ കൂടുതൽ വിശാലമായ ചർച്ചകൾക്കും വിശകലനത്തിനും വിധേയമാക്കേണ്ടതുണ്ട്. ഇതിനായി എറിക് ഫ്രോം മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്​ ഗഹനമായ ഉൾക്കാഴ്ചകൾക്ക് പ്രാപ്തമാണ്. എസ്​കേപ്പ്​ ഫ്രം ഫ്രീഡം എന്ന പുസ്തകത്തിലാണ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എറിക് ഫ്രോം അവതരിപ്പിക്കുന്നത്. മനുഷ്യരാശി സ്വാതന്ത്ര്യം എന്ന ആശയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും അതിന്റെ അഭാവത്തിലുണ്ടാവുന്ന ഭവിഷ്യത്തുകൾ എപ്രകാരമായിരിക്കും എന്നുമുള്ള ആഴത്തിലുള്ള വിശകലനമാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.

എറിക് ഫ്രോം | Photo : Wikipedia

എറിക് ഫ്രോമിനെ സംബന്ധിച്ച്​ സ്വാതന്ത്ര്യം പ്രധാനമായും രണ്ടു തരത്തിലുണ്ട്. ഒന്നാമത്തേത്, ചിലതിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് (Freedom from). രണ്ടാമത്തേത്, ചിലതിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണ് (Freedom to).

സാമൂഹ്യപരമായ നിയമങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും ഫലമായി പൗരന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നതാണ്​ ചിലതിൽ നിന്നുള്ള സ്വാതന്ത്ര്യം കൊണ്ട് അർത്ഥമാക്കുന്നത്. ചരിത്രപരമായി മനുഷ്യരാശി സ്വാതന്ത്ര്യത്തിന്​ പോരാടിയിട്ടുള്ളതത്രയും ‘ചിലതിൽ നിന്നുള്ള’ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. കോളനിവാഴ്ചക്കെതിരായ ഇന്ത്യൻ പോരാട്ടവും ഇത്തരത്തിൽ ബ്രിട്ടീഷ് ഭരണാധിപത്യം നമ്മളെ അടിച്ചേൽപ്പിച്ച സാമ്പത്തികവും ഭരണപരവും നിയമപരവും ഒക്കെയായിട്ടുള്ള പ്രതിബന്ധങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു വേണ്ടിയായിരുന്നു. എന്നാൽ, ‘ചിലതിൽ നിന്നുള്ള വിടുതൽ’ മാത്രം കൊണ്ട് സ്വാതന്ത്ര്യം എന്ന ആശയത്തിന് അർത്ഥപൂർണതയുണ്ടാവുന്നില്ല. സ്വാതന്ത്ര്യം എന്ന ആശയത്തിന്റെ അർത്ഥം പൂർണമാവുന്നത് ചില പ്രതിബന്ധങ്ങളിൽ നിന്നുള്ള വിടുതലോടൊപ്പം, ക്രിയാത്മകമായി ചിലത് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം കൂടിയാണ് ( freedom to). ഇത്തരത്തിൽ മനുഷ്യൻ തന്റെ വ്യക്തിത്വത്തിനെ സമഗ്രമായി ക്രിയാത്മക പ്രവർത്തിയുടെ ഭാഗമാക്കി മാറ്റുന്നതോടുകൂടിയാണ് ‘ഫ്രീഡം ടു’ എന്ന ആശയം സഫലീകരിക്കപ്പെടുന്നത്. ഒരാൾക്ക് വളരെ ഉപരിപ്ലവമായി മറ്റുള്ളവരുമായി സമൂഹത്തിൽ നിലനിർത്താൻ സാധിക്കുന്ന പാരസ്പര്യത്തിനും ബന്ധങ്ങൾക്കപ്പുറം മനുഷ്യർ അവരുടെ വ്യക്തിത്വത്തെ മനുഷ്യരാശിയുടെയും ചുറ്റുപാടുകളുടെയും സ്വാഭാവിക ഘടകമായി സ്വയം തിരിച്ചറിയാൻ പര്യാപ്തമാവുമ്പോഴാണ് ഇത് സാധ്യമാകുന്നത്.

OER പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ ‘ചിലതിൽ നിന്നുള്ള സ്വാതന്ത്ര്യത്തിൽ’ പ്രധാനമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് അറിവ് നേടുന്നതിനുള്ള പ്രതിബന്ധങ്ങളിൽ നിന്നുള്ള മോചനം. സാങ്കേതികവും സാമ്പത്തികവും നിയമപരവുമായ സകല പ്രതിബന്ധങ്ങളിൽ നിന്നുമുള്ള വിടുതലും അതുവഴി സ്വതന്ത്രമായി വിദ്യാഭ്യാസ പ്രഭവങ്ങളുടെ ഉപയോഗത്തിനുള്ള അവകാശവുമാണ് ഈ പശ്ചാത്തലത്തിൽ ചിലതിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ഥാപനവൽകൃതരീതിയിലൂടെ മാത്രമാണ് വിദ്യാഭ്യാസം നേടാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാഭ്യാസം മാത്രമാണ് ഔദ്യോഗിക അംഗീകാരമുള്ള വിദ്യാഭ്യാസമായി കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് സ്ഥാപനവൽകൃത സമ്പ്രദായം മുന്നോട്ടുവെക്കുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുക എന്നത്​ ചിലതിൽ നിന്നുള്ള വിടുതൽ എന്ന അർത്ഥത്തിൽ കാണാൻ സാധിക്കും. മാത്രമല്ല, സ്ഥാപനവൽകൃത സമ്പ്രദായം മുന്നോട്ടുവെക്കുന്നത്​ മൈക്കിൾ ആപ്പിൾ ഒക്കെ വിമർശിക്കുന്നതുപോലെ ഔദ്യോഗികമായ ഒരു പാഠ്യപദ്ധതിയാണ് (Official Curriculum). ഔദ്യോഗിക പാഠ്യപദ്ധതിയുടെ രാഷ്ട്രീയം എപ്രകാരമാണ് സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തെ പുനരുല്പാദിപ്പിക്കുന്നത് എന്നത് കാലങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്ന വാസ്തവമാണ്. സമൂഹത്തിലെ പ്രബലമായ വിഭാഗത്തിന്റെ സംസ്കാരവും അറിവും സ്വഭാവങ്ങളുമൊക്കെ ഏറ്റവും പരിഷ്കൃതമായി കണക്കാക്കപ്പെടുന്ന രീതിയിൽ ഔദ്യോഗിക പാഠ്യപദ്ധതി സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയാണ് സ്ഥാപനവൽകൃത വിദ്യാഭ്യാസം ചെയ്യുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ‘ചിലതിൽ നിന്നുള്ള വിടുതൽ’ എന്ന ആശയത്തിൽ ഇത്തരം സ്ഥാപനവൽകൃത വിദ്യാഭ്യാസം മുന്നോട്ടുവെക്കുന്ന എല്ലാ സമൂഹങ്ങൾക്കും ഒരേ പോലെ അഭിലക്ഷണീയമല്ലാത്ത വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയത്തിൽ നിന്നുള്ള വിടുതൽ കൂടിയാണ്.

ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസിന്റെ ആദ്യരൂപം സ്ഥാപനവൽകൃത വിദ്യാഭ്യാസത്തിന്റെ ഘടനക്കുള്ളിൽ നിലനിൽക്കുന്നതായിരുന്നു. ഇതിന്റെ ആദ്യരൂപമായ മസാച്ചുസെറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഓപ്പൺ കോഴ്സ് വെയർ വെബ്സൈറ്റ് ഉപയോഗിക്കപ്പെട്ടത് പഠന- ബോധന പ്രക്രിയക്കുതകുന്ന വിഭവങ്ങൾ അധ്യാപകർക്ക് പരസ്പരവും, വിദ്യാർത്ഥികളുമായും, മറ്റു പഠന സംബന്ധിയായി രൂപപ്പെട്ട ഓൺലൈൻ സമൂഹങ്ങളുമായും പങ്കുവെക്കുന്നതിനു വേണ്ടിയായിരുന്നു. അറിവ് നിക്ഷേപിക്കപ്പെടുന്ന ഒരു ഇടം എന്നതിനപ്പുറം അക്കാദമിക സമൂഹത്തിൽ മൂല്യവത്തായി പരിഗണിക്കപ്പെട്ട അറിവിന്റെ പരസ്പര വിനിമയത്തിനുള്ള ഇടങ്ങളായിരുന്നു ആദ്യകാലങ്ങളിൽ ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സുകൾ. സമാന താൽപര്യങ്ങളുള്ള വ്യക്തികളടങ്ങിയ പഠന സമൂഹങ്ങളാണ് ഈ വിഭവങ്ങൾ പ്രധാനമായും ഉപയോഗിച്ചിരുന്നത്. തങ്ങളുടെ സമകാലീനരും സമാന താൽപര്യങ്ങളുള്ളവരുമായി പരസ്പരം ഇടപഴുകുന്നതിനും അറിവുകൾ പങ്കുവെക്കുന്നതിനും അങ്ങനെ പഠന- ഗവേഷണ പ്രക്രിയയെ കൂടുതൽ ക്രിയാത്മകമാക്കുന്നതിനും ഉതകുന്ന വേദി എന്ന നിലയിലാണ് ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സുകൾ ആദ്യകാലങ്ങളിൽ നിലനിന്നു പോന്നത്. അധ്യാപകരും വിദ്യാർത്ഥികളും ഇത്തരം ഓപ്പൺ എജുക്കേഷൻ റിസോഴ്സുകളുടെ അനിവാര്യ ഘടകങ്ങളായിരുന്നു. സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തനങ്ങളുടെയുള്ളിൽ നിന്നുകൊണ്ട് വികസിപ്പിക്കപ്പെട്ട അറിവിന്റെ വിതരണം എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണ് ആദ്യകാല ഓപ്പൺ എജുക്കേഷൻ റിസോഴ്സസുകളിൽ ഉണ്ടായിരുന്നത്.

Photo: Pexels

എന്നാൽ, പിൽക്കാലത്ത്​ സ്ഥാപനവൽകൃതമായ ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സസുകളിൽ നിന്ന് ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സ് യൂണിവേഴ്സിറ്റികളിലേക്കും (OERu), ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്​സുകൾക്ക്​ അനുയോജ്യമായ ഇക്കോ സിസ്റ്റങ്ങളിലേക്കും രൂപപ്പെട്ടു വരുന്നത് കാണാനാവും. ഇത്തരം ഓപ്പണ്‍ എഡ്യൂക്കേഷണൽ റിസോഴ്സസ് യൂണിവേഴ്സിറ്റികളിൽ സ്ഥാപനസംബന്ധിയായ യാതൊരു പ്രതിബന്ധങ്ങളും ഉണ്ടാകില്ല. കാരണം, ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സ് യൂണിവേഴ്സിറ്റികൾ ഭൗതികമായി നിലനിൽക്കുന്നില്ല, മറിച്ച് ഡിജിറ്റലായാണ് നിലനിൽക്കുന്നത്. അതുകെണ്ട് OER-ൽ അറിവിന്റെ നിക്ഷേപങ്ങൾ നടത്തുന്നതിനും അവ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനും സ്ഥാപനത്തിന്റെ അംഗീകൃതമായ ഘടന അനിവാര്യമല്ലാതാവുകയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപരിയായി പൊതുസമൂഹത്തിലെ ഏതൊരാൾക്കും വിഭവങ്ങൾ നിക്ഷേപിക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഇടങ്ങളായി OER മാറുകയും ചെയ്​തു. ഇത്തരം സംവിധാനങ്ങളിൽ പഠന- ബോധന പ്രക്രിയയുടെ യാതൊരു ഉത്തരവാദിത്വവും അറിവും OER- ൽ നിക്ഷിപ്തമാവുന്നില്ല. സ്ഥാപനവൽകൃത ബോധന സമ്പ്രദായത്തിന്റെ ഭാഗമായ അറ്റൻഡൻസ്, അസൈൻമെൻറ്, പ്രൊജക്ടുകൾ, ചർച്ചകൾ എന്നിവയൊക്കെ ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസ് ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്തമായി മാറുകയും നാമമാത്രമായി മാത്രം നിലനിൽക്കുന്ന സ്ഥാപനം പരീക്ഷ നടത്തുന്ന ഏജൻസിയായി ചുരുങ്ങുകയും ചെയ്തു. ഓപ്പൺ എഡ്യൂക്കേഷണൽ യൂണിവേഴ്സിറ്റികൾ ഇത്തരത്തിലുള്ള വിദ്യാഭ്യാസാനുഭവങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഇല്ലാത്ത പരീക്ഷാനടത്തിപ്പ് കേന്ദ്രങ്ങളായി സ്വയം മാറുന്ന കാഴ്ചയാണ് ആഗോളതലത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.

വലിയൊരർത്ഥത്തിൽ പറഞ്ഞാൽ, ഓപ്പൺ എജുക്കേഷൻ റിസോഴ്സസ് ഇത്തരത്തിൽ വിദ്യാഭ്യാസത്തിന്റെ സ്ഥാപനവൽക്കരണരൂപം മുന്നോട്ടുവെക്കുന്ന ചില പ്രതിബന്ധങ്ങളിൽ നിന്നുള്ള വിടുതൽ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. വർഗപരമായും സാംസ്കാരികമായും സാമൂഹികമായും ഒക്കെ വ്യത്യസ്തങ്ങളായ വിഭാഗങ്ങളിൽ പെട്ടവർക്ക് തങ്ങളുടെ മർദ്ദിതാവസ്ഥ തിരിച്ചറിയുന്നതിനും സ്വയം മുൻപോട്ട് ചലിപ്പിക്കുന്നതിനും പര്യാപ്തമായ അറിവിന്റെ തിരഞ്ഞെടുപ്പിനെ പ്രതിരോധിക്കുന്ന ഘടകങ്ങളെ മറികടക്കുന്നതിന് ഇത്തരത്തിൽ ‘ചിലതിൽ നിന്നുള്ള വിടുതൽ’ ആശാവഹമാണ്. അറിവിന്റെ പ്രാപ്യത അവരവരുടെ സൗകര്യത്തിനനുസരിച്ച്, താല്പര്യങ്ങൾക്കനുസരിച്ച്, അഭിരുചിക്കനുസരിച്ച് നേടാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു എന്നതാണ്​ ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസിന്റെ വിപ്ലവാത്മകമായ അനിവാര്യതയായി അതിന്റെ വക്താക്കൾ മുന്നോട്ടുവെക്കുന്നത്​.

പ്രബലമായ വിഭാഗങ്ങളുടെ താൽപര്യങ്ങൾ പെതു താൽപര്യമാക്കി പരിവർത്തിപ്പിക്കുന്നതിനും, സമൂഹഘടനയിലെ അസമത്വത്തെ പുനരുല്പാദിപ്പിക്കുന്നതിനും സ്ഥാപനവൽകൃത വിദ്യാഭ്യാസത്തിന്റെ ജീർണാവസ്ഥ അവസരമെരുക്കുന്നു എന്ന വിമർശനം ഐവാൻ ഇല്ലിച്ചിനെ പോലെയുള്ളവർ ഉയർത്തുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്നാൽ, സ്ഥാപനങ്ങളുടെ ഈ പറഞ്ഞ ജീർണതകൾക്കുള്ള പരിഹാരമല്ല ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസിന്റെ പ്രധാന ലക്ഷ്യം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സ്ഥാപനവൽക്കരണ വിദ്യാഭ്യാസത്തിന്റെ ജീർണതകളെ വീർപ്പിച്ചു കാട്ടുകയും അതുവഴി ഓപ്പൺ എജുക്കേഷൻ റിസോഴ്സസിന്റെ നിലനിൽപ്പിന് അനിവാര്യമായ ഉപകരണങ്ങളുടെ വിപണിയുടെ വളർച്ചയും അവയുടെ സാമ്പത്തിക താൽപര്യങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുള്ള പാത OER പ്രസഥാനത്തിന്റെ രാഷ്ട്രീയമായി മാറുന്നത് ശ്രദ്ധിച്ചുനോക്കിയാൽ കാണാനാകും.

സ്ഥാപനവൽകൃത വിദ്യാഭ്യാസത്തിന്റെ പ്രതിബന്ധങ്ങളിൽ നിന്നുള്ള വിടുതൽ, അറിവ് പൂർണമായി സ്വതന്ത്രമായി ലഭ്യമാക്കപ്പെടുക, വ്യക്തിഗതമായ പഠനം കൂടുതൽ കാര്യക്ഷമമാകുക എന്നിങ്ങനെ OER മഹത്വങ്ങൾ ഉത്ഘോഷിക്കപ്പെടുമ്പോഴും ആധുനിക സമൂഹത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ജനാധിപത്യം, സാഹോദര്യം, സഹകരണം എന്നിങ്ങനെ ആരോഗ്യകരമായ സാമൂഹ്യ വ്യവസ്ഥ നിലനിർത്തുന്ന സുപ്രധാനമായ മൂല്യങ്ങളെ OER കടപുഴക്കുന്നുണ്ട് എന്നുകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവരും ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസ് ഉപയോഗിച്ച് സ്വയം പഠിക്കുമ്പോൾ സഹകരിക്കാനും സഹജീവിയോട് അനുകമ്പയോടെ പെരുമാറുന്നതിനും ജനാധിപത്യത്തിന്റെ നീരുറവ തന്നിലേക്കും പുറത്തേക്കും തെളിക്കുന്നതിനുമൊക്കെയുള്ള സാഹചര്യങ്ങളെക്കുറിച്ച് ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസ് വഴിയുള്ള വിദ്യാഭ്യാസത്തിൽ ഒരു സാധ്യതയും വിദൂരമായി പോലും കാണാൻ സാധിക്കുന്നില്ല. യഥാർത്ഥത്തിൽ ഇത്തരം മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തുമ്പോഴാണ് അവർക്ക് ‘ചിലത് ചെയ്യുന്നതിനു വേണ്ടിയുള്ള സ്വാതന്ത്ര്യം’ കൂടി അനുഭവവേദ്യമായി മാറുന്നത്. ഓരോ പഠിതാവും അവരുടെ വ്യക്തിത്വത്തെ സാമൂഹ ശരീരത്തിന്റെ ഒരു അവയവമായും സമൂഹങ്ങളെ ആവാസവ്യവസ്ഥയുടെ സുസ്ഥിരമായ നിലനിൽപ്പിനെ സാധ്യമാക്കുന്ന സങ്കല്പം എന്ന നിലയിൽ തിരിച്ചറിയുകയും ചെയ്യുമ്പോഴാണ് ‘ചിലതിനു വേണ്ടിയുള്ള സ്വാതന്ത്ര്യം’ അർത്ഥപൂർണമായി മാറുന്നത്. വ്യക്തിയും സമൂഹവും ആവാസവ്യവസ്ഥയും തമ്മിലുള്ള സംയോജനത്തിന്റെ അഭാവം മനുഷ്യരാശിയുടെ തന്നെ തകർച്ചയുടെ തുടക്കം എന്ന രീതിയിൽ തിരിച്ചറിയുകയും ഭാവിസമൂഹത്തിനുവേണ്ടി ആവാസ വ്യവസ്ഥയെ കൂടുതൽ സൂസജ്ജമാക്കുകയും ചെയ്യുന്നതിന് ‘ചിലതിനുവേണ്ടിയുള്ള സ്വാതന്ത്ര്യം’ അനിവാര്യമായി മാറുന്നു. കമ്പ്യൂട്ടറിന്റെ മുൻപിൽ ഒറ്റക്കിരുന്ന്​ ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സുകൾ ഡൗൺലോഡ് ചെയ്ത് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഒരു സാമൂഹ്യ വ്യവസ്ഥയിലൂടെയുള്ള വിദ്യാഭ്യാസം ഒരുക്കിവെക്കുന്ന ‘ചിലതിനു വേണ്ടിയുള്ള സ്വാതന്ത്ര്യം’ നിഷേധിക്കപ്പെടുന്നു.

Photo: Pixabay

പഠനം എന്ന പ്രവൃത്തി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കപ്പെടുന്നത് ഒരു സാമൂഹ്യ വ്യവസ്ഥയുടെ സാന്നിധ്യത്തിലാണ്. ഓരോ വ്യക്തിയും നേടുന്ന അറിവ് കൂടുതൽ വികസിക്കുന്നതും വിപുലമാകുന്നതും സാമൂഹ്യ വ്യവസ്ഥയിൽ ആ അറിവിന്റെ അംശങ്ങൾ പരീക്ഷിക്കപ്പെടുമ്പോഴാണ്. എന്നാൽ, പഠനം എന്ന പ്രക്രിയ വ്യക്തിയും പഠനവസ്തുവും മാത്രമായി ചുരുങ്ങുമ്പോൾ എങ്ങനെയാണ് പഠനം എന്ന പ്രവൃത്തി നടക്കുന്നത് എന്നും അതിന്റെ അടിസ്ഥാന ഘടകങ്ങൾ എന്തൊക്കെയാണെന്നും അതിന് അനിവാര്യമായ ചുറ്റുപാടുകൾ എന്തൊക്കെയാണെന്നും നാം തിരിച്ചറിയാതെ പോവുകയാണ്. സ്ഥാപനവൽകൃത വിദ്യാഭ്യാസത്തിന്റെ ജീർണത പരിഹരിക്കപ്പെടേണ്ടതുതന്നെയാണ്. അതിന്റെ അർത്ഥം സ്ഥാപനവൽകൃത വിദ്യാഭ്യാസ വ്യവസ്ഥ തന്നെ റദ്ദു ചെയ്യപ്പെടണം എന്നല്ല. എന്നാൽ, ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസ് ‘പ്രതിബന്ധങ്ങളിൽ നിന്നുള്ള വിടുതൽ’ മാത്രം പ്രഖ്യാപിക്കുകയും ചിലത് ചെയ്യുന്നതിനു വേണ്ടിയുള്ള സ്വാതന്ത്ര്യത്തെ കരുപ്പിടിപ്പിക്കുന്ന സ്ഥാപനവൽക്കൃത വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങളെയും കൂടി ഇരുട്ടിലാഴ്​ത്തിക്കളയുകയും ചെയ്യുന്നു.

ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സസ് വഴി വിദ്യാഭ്യാസം നേടുന്നതിന് പ്രധാനമായും ശ്രമിക്കുക സ്ഥാപനങ്ങളിൽ പോയി പഠിക്കാൻ സാധിക്കാതിരിക്കുകയും ചെറിയ പ്രായത്തിൽ തന്നെ തൊഴിലിടത്തിൽ എത്തപ്പെടേണ്ടിവരുകയും ചെയ്ത ജനവിഭാഗമായിരിക്കും. ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസിന്റെ പേരിൽ അവകാശപ്പെടുന്ന വിദ്യാഭ്യാസ പ്രഭവങ്ങളുടെ ‘തുറന്നിടൽ’, അതിനെ അനുകൂലിക്കുന്നവർ കാല്പനികവൽക്കരിക്കുന്നതിൽനിന്ന് വ്യത്യസ്തമാണ്. തൊഴിൽ സ്ഥലങ്ങളിലെത്തിയശേഷം ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസ് വഴി പഠിക്കുന്നതിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വലിയൊരളവ് സജാതീയവത്ക്കരിക്കപ്പെടാത്തവർ അല്ലെങ്കിൽ ഏകീകരിക്കപ്പെട്ടവരാണെന്ന് കാണാം. സാമ്പത്തികവും സാമൂഹികവുമായി പിന്നോട്ട് നിൽക്കുന്നവരും കുടുംബപരമായി വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കപ്പെടുകയോ അല്ലെങ്കിൽ പ്രാധാന്യം ലഭിക്കാതെ പോകുകയോ ചെയ്തവരാണവർ. ഇവരാണ് തൊഴിലിടങ്ങളിലെത്തിയശേഷം ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സ് വഴി പഠനത്തിന്​ ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും എന്ന് കാണാൻ സാധിക്കും. സാമ്പത്തികമായും സാമൂഹ്യമായും മറ്റും മുന്നാക്കാവസ്​ഥയിലുള്ള വിദ്യാർത്ഥികൾക്ക് സ്ഥാപനവൽകൃത വിദ്യാഭ്യാസത്തിലൂടെ തന്നെ ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിനും ഉയർന്ന തൊഴിൽ നേടുന്നതിനുമുള്ള സാധ്യതകളുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമാണ് മേൽപ്പറഞ്ഞ വിഭാഗം ആൾക്കാരുടെ കാര്യം. ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സസിന്റെ തുറന്നിടൽ കാല്പനികവൽക്കരിക്കുക വഴി ഇവയെ ആശ്രയിക്കുന്ന വിദ്യാർത്ഥികൾക്ക്​ ബോധനരീതിശാസ്ത്രത്തിന്റെയും നേരിട്ടുള്ള പഠനാനുഭവങ്ങളുടെയും ഫലങ്ങൾ നിഷേധിക്കുകയാണ്. സാമ്പത്തികവും സാമൂഹികവും കുടുംബവുപരമായ വിദ്യാഭ്യാസ പശ്ചാത്തലമുള്ള വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ ചേർന്നു പഠിക്കുകയും അവയുടെ സാമൂഹികവും ബോധനശാസ്ത്രപരവുമായവയുടെയെല്ലാം ഗുണഭോക്താക്കളായി മാറുകയും ചെയ്യുമ്പോൾ ഇവയൊന്നുമില്ലാത്ത വിദ്യാർത്ഥികൾ ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസിലൂടെ വിദ്യാഭ്യാസപരമായ അന്തർമുഖത്വത്തിലേക്ക് തള്ളിവിടപ്പെടുന്നു.

Photo: Pix4free.org

സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ, പല കുടുംബങ്ങളിൽ നിന്നുള്ള ഒന്നാം തലമുറ ഉന്നത വിദ്യാഭ്യാസത്തിൽ എത്തുന്നവരെ ഒക്കത്തന്നെ ഉന്നത വിദ്യാഭ്യാസ പ്രക്രിയയിലേക്ക് ഇണക്കി ചേർക്കുന്നതിന് അധ്യാപകരും അവരുടെ ബോധനശാസ്ത്ര രീതികളും ക്രിയാത്മക പങ്കാണ് വഹിക്കുന്നത്. വിദ്യാഭ്യാസ വിഭവങ്ങളുടെ തുറന്നിടൽ വഴി ചരിത്രപരമായി വിദ്യാർത്ഥികൾ അനുഭവിച്ചിരുന്ന അറിവിന്റെ പ്രാപ്തതയുടെ വിടവ് നികത്തപ്പെടുന്നു എന്ന് കരുതുമ്പോൾ പരിണിതപ്രജ്ഞരായ അധ്യാപകരിൽനിന്നും അവരുടെ ബോധനശാസ്ത്ര രീതികളിൽ നിന്നും വിദ്യാർത്ഥി സമൂഹങ്ങളിൽ നിന്നും അവിടെ ഉരുത്തിരിയുന്ന അക്കാദമിക അന്തരീക്ഷത്തിൽ നിന്നും​ ഒരു സാധാരണ വിദ്യാർത്ഥി നേടിയിരുന്ന എല്ലാ കഴിവുകളും ശേഷികളും മനോഭാവങ്ങളും ഈ വിദ്യാഭ്യാസ വിഭവങ്ങളുടെ തുറന്നിടലിൽ കൂടെ സാധ്യമാവും എന്ന് നാം അറിയാതെ വിശ്വസിച്ചു പോകുന്നത്, ഈ വിഭാഗങ്ങളോടുള്ള ചരിത്രപരമായ അവഗണനയുടെ ആഴം കൂട്ടും.

അധ്യാപനത്തിന്റെയും ബോധനശാസ്ത്രത്തിന്റെയും ഇടപെടലിലൂടെ പഠനപരമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ മുൻപോട്ടു കൊണ്ടുവരാൻ സാധിക്കും എന്നത്​ ഗവേഷണപരമായി തെളിയിക്കപ്പെട്ടതാണ്. സ്ഥിരമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിച്ചേരാതെ മറ്റു തൊഴിലുകളിലേർപ്പെട്ട് അതിന്റെ കൂടെ സമാന്തരമായി ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സസിലൂടെ വിദ്യാഭ്യാസം ചെയ്യുന്നവരുടെ പഠനബോധനപരമായ ആവശ്യങ്ങളെ കുറിച്ചും അവ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചും ഗഹനമായ പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ ബോധനശാസ്ത്രപരമായ ഇടപെടലിന്റെ കുറവിൽ ഇത്തരം വിദ്യാർത്ഥികൾ നേരിടുന്ന പഠനക്കമ്മി യഥാർത്ഥത്തിൽ അവരുടെ സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ ഉപോത്പന്നമായി മാറുകയാണ്.

വിദ്യാഭ്യാസ പ്രഭവങ്ങളുടെ തുറന്നിടൽ ചരിത്രപരമായ പിന്നാക്കാവസ്ഥയുള്ളവരുടെയും, സാമൂഹ്യവും സാമ്പത്തികവുമായി പിന്തള്ളപ്പെട്ടവരുടെയും പഠനപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഉദ്ഘോഷിക്കപ്പെടുമ്പോൾ ഈ വിഭാഗങ്ങളെ കൂടുതൽ തന്ത്രപരമായി അരികുവത്കരണത്തിലേക്ക് തള്ളിവിടുകയാണ് നാം ചെയ്യുന്നത്. യഥാർത്ഥത്തിൽ ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സുകൾ അറിവിന്റെ പ്രാപ്തതയുടെ പര്യാതമായി വാഴ്​ത്തപ്പെടുമ്പോൾ ചരിത്രപരമായി ബോധനരീതി ശാസ്ത്രവും സ്ഥാപനങ്ങളും വിദ്യാഭ്യാസത്തിൽ നടത്തിയ- സവിശേഷമായി പ്രതിസന്ധികൾ നേരിട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ- ഇടപെടലുകൾക്ക് നേരെ തന്ത്രപരമായി കണ്ണടക്കുകയും അറിവ് തുറന്നിട്ട്​ പഠനത്തിന്റെ പൂർണ ഉത്തരവാദിത്വം ഇത്തരത്തിൽ സഹായമർഹിക്കുന്നവരുടെ ചുമലുകളിലേക്ക് കൈമാറ്റം ചെയ്യുകയുമാണ് ചെയ്യുന്നത്.

Photo: Wallpaper Flare

വിദ്യാഭ്യാസ പ്രഭവങ്ങളിൽ ലഭ്യമാകുന്ന അറിവിനെ വിശകലനം ചെയ്യുന്നതിനും തങ്ങളുടെ സാമൂഹ്യ- സാമ്പത്തിക പശ്ചാത്തലങ്ങളുടെ അടിസ്ഥാനത്തിൽ അവയുടെ ഗുണദോഷങ്ങളെ വിലയിരുത്തുന്നതിനും അവരവരുടെയും അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെയും ഉന്നമനത്തിന്​ അവയെ ഉപയോഗിക്കുന്നതിനുമുള്ള സാധ്യതകൾ ഇത്തരത്തിൽ അക്കാദമിക ചുറ്റുപാടുകളുടെ അഭാവത്തിലും, ബോധനശാസ്ത്രപരമായ അഭാവങ്ങളുടെയും അടിസ്ഥാനത്തിൽ നിഷേധിക്കപ്പെടുന്നുണ്ട്.

വിദ്യാർത്ഥികളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പഠനം സാധ്യമാകുന്നു എന്നതാണ്​ ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സുകളുടെ ഏറ്റവും പ്രധാന മേന്മയായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഇത് സാങ്കേതിക വിദഗ്ധരുടെയും വിദ്യാഭ്യാസത്തിൽ മുതൽ മുടക്കുന്നതിൽ നിന്ന് സമൂഹം പുറകോട്ടുപോകണം എന്ന് ഉള്ളുകൊണ്ട് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെയും കാല്പനികവൽക്കരണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. Eynon and Malmberg (2011), Facer and Furlong (2001) എന്നിവർ നടത്തിയ പഠനം വ്യക്തമാക്കുന്നത്, ഓരോരുത്തരും ഇൻറർനെറ്റിൽ നിന്ന് ലഭ്യമാകുന്ന അറിവിനെ സ്വാംശീകരിക്കുന്നതും, അവ ഉപയോഗിക്കുന്നതും വളരെ വ്യതിരിക്തമായ രീതിയിലാണ്. ഓരോരുത്തരുടെയും വീട്, നാട്, സാമ്പത്തിക- സാമൂഹിക പശ്ചാത്തലം എന്നിങ്ങനെ അനവധി ഘടകങ്ങളാണ് ഈ വ്യതിരിക്തതക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അറിവിന്റെ സ്വാംശീകരണത്തിലും ഉപയോഗത്തിലും വ്യതിരിക്തതകൾ നിലനിൽക്കുന്നുണ്ടെങ്കിലും പഠനം എന്ന പ്രക്രിയ നിർജീവമായ ഡിജിറ്റൽ അക്ഷരങ്ങളുമായി പഠിതാവ് നടത്തേണ്ട മൽപ്പിടുത്തം, ബോധനശാസ്ത്രപരമായ യാതൊരു സഹായവുമില്ലാതെ, ആണെന്ന കാര്യം ഓപ്പൺ എഡ്യൂക്കേഷണൽ റിസോഴ്സുകളുടെ ഉപയോക്താക്കളായ വിദ്യാർത്ഥികൾ മനസ്സിലാക്കുന്നുണ്ട്. ‘തുറന്നിട്ടു കൊടുത്താൽ’ പഠനം നടക്കും എന്നത്​ പഠനം എന്ന പ്രക്രിയയെ കുറിച്ചും പഠിതാവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ കുറിച്ചുമുള്ള അപക്വമായ ധാരണകളിൽ നിന്നുരുത്തിരിയുന്നതാണ്.

ബി.എഫ്. സ്കിന്നർ | Photo: Education Next

സ്വാതന്ത്ര്യത്തെ ഉദ്ഘോഷിച്ച്​ നടത്തപ്പെടുന്ന ‘തുറന്നിട്ടു കൊടുക്കലിന്റെ’ രാഷ്ട്രീയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പഠനം എന്ന ആശയത്തെയും അതിനെ ക്രിയാത്മകമായി വിദ്യാർഥിയിലേക്ക് ഇണക്കി ചേർക്കുന്ന പ്രക്രിയയെയും ഓപ്പൺ എജുക്കേഷൻ റിസോഴ്സ് എന്ന ആശയം കാര്യമായി പരിഗണിക്കുന്നില്ല. ഓപ്പൺ എഡ്യുക്കേഷൻ റിസോഴ്സസ് വക്താക്കളെല്ലാവരും വിദ്യാഭ്യാസ പ്രഭവങ്ങൾ സ്വതന്ത്രമായി ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിലേക്കു മാത്രം ചുരുക്കപ്പെടുമ്പോൾ പഠനാന്തരീക്ഷം, ബോധനരീതിശാസ്ത്രം എന്നിവ തീർത്തും അവഗണിക്കപ്പെടുന്നു.

എന്തുകൊണ്ടാണ് നമുക്ക് ഒരു ടീച്ചിങ് മെഷീൻ ആവശ്യമായിട്ടുള്ളത് എന്ന ചോദ്യത്തിന് വിശദീകരണമായി പ്രമുഖ വിദ്യാഭ്യാസ സൈക്കോളജിസ്റ്റായ ബി.എഫ്. സ്കിന്നർ ഹാർവാഡ് എഡ്യുക്കേഷണൽ റിവ്യൂവിൽ 1970-കളിൽ എഴുതിയ ലേഖനങ്ങളിലൂടെ പറയുന്ന കാരണങ്ങൾ പലതാണ്. ടീച്ചിംഗ് മെഷീന് വിദ്യാർത്ഥികളുടെ താൽപര്യത്തെ നിരന്തരമായി നിലനിർത്തുന്നതിനും, അവർക്കാവശ്യമുള്ളപ്പോളെല്ലാം പ്രോത്സാഹനം നൽകുന്നതിനുമുള്ള ശേഷിയുണ്ടെന്ന് സ്കിന്നർ വാദിച്ചു. ഇതുകൂടാതെ ഒരു അധ്യാപകൻ പാഠഭാഗം പഠിപ്പിക്കുന്നതിനെടുക്കുന്ന അത്ര ആയാസം ഇല്ലാതെ തന്നെ കൂടുതൽ ഫലപ്രദമായി പഠനം പൂർത്തീകരിക്കുന്നതിന് ടീച്ചിങ് മെഷീന്​ സാധിക്കും എന്നും സ്കിന്നർ വാദിക്കുന്നുണ്ട്. സമാനമായി ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സസ് അവ മുന്നോട്ടുവക്കുന്ന സ്വാതന്ത്ര്യത്തിലുള്ള അമിത ഊന്നൽ കിന്നറിന്റെ ഈ ആശയങ്ങളോട് ചേർന്നുനിൽക്കുന്നു.

അധ്യാപകനെയും പഠന പരിസരത്തെയും പഠനപ്രക്രിയയിൽനിന്ന് വേർപ്പെടുത്തുന്നതിനുള്ള നീണ്ട ശ്രമങ്ങളുടെ പട്ടികയിൽ അവസാനത്തേതാണ് ഓപ്പൺ എഡ്യൂക്കേഷൻ റിസോഴ്സ് എന്നുകാണാം. റേഡിയോകൾ, ടെലിവിഷനുകൾ, സാറ്റലൈറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിങ്ങനെയുള്ള ഈ നീണ്ടനിരയിലെ അവസാന കണ്ണിയാണ് ഓപ്പൺ എജുക്കേഷൻ റിസോഴ്സുകൾ. ഇനിയും ഇത്തരം പുതിയ സംരംഭങ്ങളുണ്ടാവുകയും ചെയ്യും. എന്നാൽ ചരിത്രം നമുക്ക് കാട്ടിത്തരുന്നത് ഈ പറഞ്ഞ എല്ലാ ഉപകരണങ്ങളും ഒരു ചെറിയ കാലഘട്ടത്തിൽ വലിയ പ്രതീക്ഷകളും കാല്പനികവൽക്കരണവും ലഭിച്ചവയാണെങ്കിലും പുതിയ ഒന്ന് രംഗപ്രവേശം ചെയ്യുമ്പോൾ അവഗണിക്കപ്പെടുന്ന കാഴ്ചയാണ്. എന്നാൽ ഈ ഉദ്യമങ്ങളിലെല്ലാം എതിർ സ്ഥാനത്ത് നിൽക്കുന്നത് പഠന പരിസരവും ബോധന രീതിശാസ്ത്രവും അധ്യാപകരും മാത്രമാണ് എന്ന സത്യം വിസ്മരിക്കാനാകില്ല. ചരിത്രപരമായ ഇത്തരം അധിനിവേശങ്ങളെ ചെറുത്തുനിൽക്കുക എന്നത്​ പഠനം എന്ന പ്രക്രിയയെയും പഠിതാവ് എന്ന ആശയത്തെയും അവയുടെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊള്ളുന്നതിന് അനിവാര്യമാണെന്ന് കാലം ആവശ്യപ്പെടുന്നു.

References:
1. UNESCO, “Forum on the Impact of Open Courseware for Higher Education in Developing Countries: Final Report,” Paris, France, 2002.
2. UNESCO, “2012 Paris OER Declaration,” UNESCO, Paris, France, 2012.
3. Taylor, J. C. 2011. ‘‘The OER University: From Logic Model to Action Plan.’’ Open planning meeting for the OER for assessment and credit for students project, 23 February in Dunedin, New Zealand. Accessed March 14. http://wikieducator.org/OER_for_Assessment_ and_Credit_for_Students/Meeting_Summary_-_23_Feb_2011
4. Hilton III, J., D. Wiley, J. Stein, and A. Johnson. 2010. ‘‘The Four R’s of Openness and ALMS Analysis: Frameworks for Open Educational Resources.’’ Open Learning: The Journal of Open and Distance Learning 25 (1): 3744. doi:10.1080/02680510903482132.5.Hyle ́n, J. 2006. ‘Open Educational Resources: Opportunities and Challenges’, Proceedings of Open Education, Utah State University, Logan, Utah, September 2729. http://www. knowledgeall.net/files/Additional_Readings-Consolidated.pdf.


അമൃത് ജി. കുമാർ

സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ സ്‌കൂൾ ഓഫ് എഡ്യുക്കേഷനിൽ പ്രഫസർ. വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം, Factors Relating to Information Skills എന്നിവയാണ് കൃതികൾ

Comments