ആ കുറ്റപത്രം റദ്ദാക്കൂ, അല്ലെങ്കിൽ ‘ഞങ്ങൾ ഇടതുപക്ഷമാണ്​’ എന്ന്​ പറയാതിരിക്കൂ…

പി. പ്രേമചന്ദ്രനു നൽകിയ കുറ്റപത്രം റദ്ദാക്കുക എന്നതു മാത്രമാണ് ഈ അവസരത്തിൽ ചെയ്യാവുന്ന ഏകകാര്യം. എങ്കിൽ മാത്രമേ പൊതുസമൂഹത്തിനു മുന്നിൽ ‘ഞങ്ങൾ ഇടതുപക്ഷമാണ്’ എന്നൊക്കെ നിങ്ങൾക്കു തലയുയർത്തി പറയാനാവൂ. അല്ലെങ്കിൽ, അമിത് ഷാക്കെതിരെ ലേഖനമെഴുതിയതിന്റെ പേരിൽ ബ്രിട്ടാസിനെതിരെ നടക്കുന്ന നീക്കങ്ങൾക്കെതിരെയുള്ള നിങ്ങളുടെ പ്രസംഗങ്ങൾ എത്രമാത്രം കപടമാണെന്ന് സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.

ടുവിൽ, പി. പ്രേമചന്ദ്രനെതിരെ നടപടി വന്നിരിക്കുന്നു. താക്കീത് എന്ന ലഘുവായ ശിക്ഷയിലൂടെ ആ ഫയൽ അവസാനിപ്പിച്ചു എന്ന് ചിലർക്ക് ആശ്വസിക്കാം. എന്നാൽ ആ നടപടി ഉയർത്തുന്ന നൈതികതയെക്കുറിച്ചുള്ള ആശങ്കകൾ ഇടതു ഗവണ്മെന്റിനുമേൽ, ശക്തമായ സർവ്വീസ് സംഘടകൾക്കുമേൽ കരിനിഴലായി നിൽക്കുക തന്നെ ചെയ്യും.

ഈ നടപടിക്കു പിന്നിൽ ബ്യൂറോക്രസിയുടെ ഈഗോയും വാശിയുമാണ് എന്ന് വാദിക്കുന്നവരുണ്ട്. ഇവിടെ ജനങ്ങൾ തെരഞ്ഞെടുത്ത ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധിയായ മന്ത്രിയെ വെറും പാവയാക്കി ആ സ്ഥാനം ഇപ്പോൾ ഉദ്യോഗസ്ഥരാണ് കൈയടക്കിയിരിക്കുന്നത് എന്നാണതിനർഥം.

ഒരു കുറ്റപത്രം നൽകാൻ മാത്രം എന്താണ് പി. പ്രേമചന്ദ്രൻ ചെയ്ത തെറ്റ് ?

എല്ലാവർക്കുമറിയുന്നതുപോലെ കോവിഡ് കാലത്ത് കുട്ടികൾക്ക് പഠന ദിവസങ്ങൾ വളരെ കുറവായതു കൊണ്ട് അവരുടെ പഠനഭാരം ലഘൂകരിക്കാൻ പാഠഭാഗങ്ങളിൽ ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും നിർണയിച്ചു. അധ്യാപകർ അതനുസരിച്ച് പഠന പ്രവർത്തനങ്ങൾ നടത്തി. പക്ഷേ, പരീക്ഷ അടുക്കുന്നതിന് തൊട്ടു മുമ്പ് നോൺ ഫോക്കസ് ഏരിയയിൽ നിന്ന്​ ചോദ്യങ്ങളുണ്ടാവുമെന്ന അറിയിപ്പു വരുന്നു. മാത്രമല്ല, ചില വിഭാഗം നോൺ ഫോക്കസ് മേഖലയിലെ ചോദ്യങ്ങൾക്ക് എല്ലാത്തിനും ഉത്തരമെഴുതണമെന്ന നിർദ്ദേശവുമുണ്ടായി. ഇത് വിദ്യാർഥികളെയും രക്ഷകർത്താക്കളെയും അധ്യാപകരെയും ഒരേപോലെ സമ്മർദ്ദത്തിലാക്കി. ചോദ്യഘടനയിൽ വരുത്തിയ മാറ്റം പോലും വിദ്യാഭ്യാസ ഗവേഷണ വിഭാഗത്തെയൊന്നും അറിയിക്കാതെ ഉദ്യോഗസ്ഥതലത്തിലെടുത്ത തീരുമാനമാണെന്നു വേണം അനുമാനിക്കാൻ. ഇടതു ഗവണ്മെന്റ് മുന്നോട്ടു വെച്ച വിദ്യാർഥിസൗഹൃദപരമായ പാഠ്യപദ്ധതി സമീപനത്തിന്റെ കടക്കൽ കത്തിവെക്കുന്നതായിരുന്നു അത്.

ഏതുവിദ്യാഭ്യാസ ചിന്തകനും തിരിച്ചറിയാൻ പറ്റുന്ന കാര്യമാണ് പുതിയ പാഠ്യപദ്ധതി സമീപനത്തിൽ നിന്നുള്ള നിന്നുള്ള വ്യതിയാനം. ഈ നയവ്യതിയാനം തിരിച്ചറിയാൻ കഴിയുന്ന ഒരാളുപോലും ഈ ഉദ്യോഗസ്ഥവൃന്ദത്തിൽ അന്നുമിന്നും ഇല്ലെന്നതാണ് വലിയ ദുരന്തം. വാഴ്ത്തുപാട്ടുകൾ കൊണ്ട് താല്കാലികമായി കിട്ടാവുന്ന പൊട്ടും പൊടിയും ഒപ്പിച്ചെടുക്കുന്നതിനപ്പുറം മറ്റൊരു ദൗത്യവും സംഘടനാ നേതാക്കൾക്കും ഇല്ലാതെ പോയിരിക്കുന്നു.

പി. പ്രേമചന്ദ്രന്‍

സംഘടന ഒഴിച്ചിട്ട ഇടത്താണ് കുട്ടികൾക്കു വേണ്ടി സംസാരിക്കാൻ പ്രേമചന്ദ്രൻ എന്ന അധ്യാപകൻ സ്വയം നിയുക്തനാവുന്നത്. വിദ്യാഭ്യാസ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് കുട്ടിയാണെന്ന തികഞ്ഞ ബോധ്യമുള്ള ഇയാൾ ഒന്നര പതിറ്റാണ്ടു കാലത്തോളം കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ കൂടെ നടന്ന ആളാണ്. എന്താണ് ഇദ്ദേഹത്തിന് കുറ്റപത്രം നൽകിയ ഉദ്യോഗസ്ഥരുടെ പ്രൊഫൈൽ? പാഠ്യപദ്ധതിയുമായി അവർക്കുള്ള ബന്ധവും പരിചയവും എത്രയാണ്?

ഈ വിഷയത്തിൽ കൃത്യമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉന്നയിക്കാൻ സർവ്വഥാ യോഗ്യനായ ഒരാളുടെ നേർക്ക് പാഠ്യപദ്ധതിയുടെ വാലും തലയുമറിയാത്ത ഉദ്യോഗസ്ഥ പ്രമാണിമാർ ശിക്ഷ വിധിക്കുന്ന നടപടിയെ എങ്ങിനെയാണ് നാം നോക്കിക്കാണേണ്ടത്?

ഒരു വർഷം മുമ്പുണ്ടായ നടപടിനീക്കങ്ങൾക്കെതിരെ അധ്യാപകരുടെ പക്ഷത്തുനിന്നും സാംസ്കാരിക മേഖലയിൽ നിന്നും ശക്തമായ പ്രതിഷേധങ്ങളുണ്ടായി. അധ്യാപകർ പഠിപ്പിച്ചാൽ മതി, മറ്റ് കാര്യങ്ങളിൽ അഭിപ്രായം പറയേണ്ട എന്ന മന്ത്രിയുടെ വാക്കുകൾ വിവാദമായി. പൊതുസമൂഹത്തിന്റെ സമ്മർദ്ദം ശക്തമായപ്പോൾ മന്ത്രി തന്നെ അധ്യാപകനെതിരെ നടപടി ഉണ്ടാവില്ല എന്നുറപ്പു നൽകി.

പക്ഷേ ഉദ്യോഗസ്ഥർ തക്കം പാർത്തിരിക്കുകയായിരുന്നു. അവസാന പ്രവൃത്തി ദിവസം- ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും വൈകാരിക പ്രാധാന്യമുള്ള ആ ദിവസം തന്നെ ശിക്ഷാവിധിക്കുള്ള വിശദീകരണം തേടുന്ന നോട്ടീസുമായി പ്രത്യേക ദൂതനെത്തുന്നു. ഇത്തരമൊരു ദിവസം തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥ സത്യത്തിൽ എന്താവും? സവിശേഷമായ കൗൺസിലിങ്ങും ചികിൽസയും ആവശ്യമായ ഇത്തരക്കാർ ജനങ്ങളുമായി - അതും വിദ്യാർഥികളും അധ്യാപകരുമായി - ബന്ധപ്പെടുന്ന വകുപ്പിന്റെ തലപ്പത്ത് എത്തിയാൽ അത് നരകസമാനമാവാൻ സാധ്യതയില്ലേ? അനേകം ഉദാഹരണങ്ങളുണ്ട്. കേവലം രണ്ടോ മൂന്നോ മാർക്കിന്റെ വ്യത്യാസം മൂല്യനിർണയത്തിൽ സംഭവിച്ചതിന്റെ പേരിൽ അധ്യാപകരെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും അവരെ നിന്ദിക്കുന്ന രീതിയിൽ വിചാരണ ചെയ്യുകയും ഇൻക്രിമെന്റ് തടയുക പോലുള്ള ശിക്ഷകൾ നൽകുകയും ചെയ്യുന്നത് പതിവായിത്തീർന്നിരിക്കുന്നു. വിവരണാത്മകമായ പരീക്ഷകളുടെ മൂല്യനിർണയത്തെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ 30- 70 ശതമാനം വരെ മാർക്ക് വ്യതിയാനം വരാനുള്ള സാധ്യതയുണ്ടെന്നു പഠനങ്ങൾ പറയുന്നുണ്ട്. 10 മാർക്കിന്റെ ഒരു ഉപന്യാസത്തിന് 7 - 10 മാർക്ക് വരെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അത് മൂന്നോ നാലോ ആണെങ്കിൽ ഗുരുതര പിഴവെന്നു പറയാം. പക്ഷേ നാമിപ്പോൾ പറഞ്ഞത് 10 മാർക്കിൽ സംഭവ്യമായ കാര്യമാണ്. പക്ഷേ 80 മാർക്കുള്ള ഉത്തര പേപ്പറുകളിൽ രണ്ടോ മൂന്നോ മാർക്ക് വ്യതിയാനം വന്നാൽ പോലും ശിക്ഷവിധിക്കുന്നതിനെ എങ്ങനെയാണ് കാണേണ്ടത്? വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അടിസ്ഥാന സങ്കൽപ്പങ്ങൾ അറിയുന്നവരെ വേണ്ടേ ഏറ്റവും സെൻസിറ്റീവായ വിദ്യാഭ്യാസം പോലുള്ള വകുപ്പുകൾ നിയന്ത്രിക്കുന്ന ഇടങ്ങളിൽ നിയമിക്കേണ്ടത്?

പ്രേമചന്ദ്രനു നൽകിയ കുറ്റപത്രത്തിലെ താഴെ കൊടുത്തിരിക്കുന്ന നാലാം ഖണ്ഡിക മാത്രം മതി ഈ ഉന്നതോദ്യോഗസ്ഥർ എത്രമാത്രം അല്പരും ആധുനിക ജനാധിപത്യസമൂഹത്തെക്കുറിച്ച് എത്രമേൽ അജ്ഞരുമാണെന്നു മനസ്സിലാക്കാൻ: “സർക്കാർ ജീവനക്കാർ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റു രീതിയിലോ സർക്കാർ അനുവർത്തിക്കുന്ന നയത്തെയോ സർക്കാർ എടുക്കുന്ന നടപടികളെയോ, പൊതുജനമദ്ധ്യത്തിലോ, അസോസിയേഷനിലോ, സംഘത്തിലോ ചർച്ച ചെയ്യാനോ വിമർശിക്കാനോ പാടില്ലാത്തതും അങ്ങനെയുള്ള ചർച്ചയിലോ വിമർശനത്തിലോ യാതൊരു രീതിയിലും പങ്കെടുക്കാനോ പാടില്ലാത്തതുമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് ”

മോദിയോ വലതു പക്ഷ ഗവണ്മെന്റോ ഇത്തരമൊരു വാറോല നൽകിയിരുന്നെങ്കിൽ ഏറ്റവും കോമഡി നിറഞ്ഞ ട്രോളായി ഇത് കേരളം മുഴുവൻ പടരുമായിരുന്നില്ലേ? സർവ്വീസിൽ നിന്നു വിരമിക്കുന്ന ദിവസം തന്നെ വായുവിമാനത്തിലൊരു ദൂതനെ പറഞ്ഞയച്ച വകുപ്പിന്റെ ശുഷ്ക്കാന്തി അഭിനന്ദനമർഹിക്കുന്നു.

നാട്ടുകഥകളിലെ , അരിക്കലത്തിൽ അമേധ്യം കൊണ്ടിടുന്ന കുട്ടിച്ചിത്തൻ കളി മാത്രമായി ഇതിനെ കാണാൻ പറ്റില്ല.

അഭിപ്രായപ്രകടനത്തിന്റെ പേരിൽ ശിക്ഷ വിധിക്കുക എന്നത് ഒറ്റപ്പെട്ട സംഭവമല്ല. രാഹുൽ ഗാന്ധിയെ കേസിൽ കുടുക്കി വേട്ടയാടുന്നതു നോക്കുക. അമിത് ഷാക്കെതിരെ ലേഖനമെഴുതിയതിന്റെ പേരിൽ ജോൺ ബ്രിട്ടാസിനെതിരെയും നടപടി വന്നിരിക്കുന്നു. ഇതിനെതിരെ ശക്തമായ വിമർശനമുന്നയിക്കുന്ന ഇടതുപക്ഷ ഗവണ്മെന്റാണ് അക്കാദമികമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ഒരധ്യാപകനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള തൊഴിൽ മേഖലയിലെ ഒരു ബസ്​ ജീവനക്കാരിയെ ശമ്പളം കിട്ടാത്തതിൽ ഒരു ബാഡ്ജ് കുത്തി പ്രതിഷേധിച്ചതിന്റെ പേരിൽ തൊഴിലാളിവർഗ സർക്കാർ സ്ഥലം മാറ്റിയത് ഏതാനും ആഴ്ചകൾക്കു മുമ്പാണ്. കേന്ദ്രഗവണ്മെന്റിന്റെ ഒരു മിനി​യേച്ചർ പതിപ്പായി ഈ ഗവണ്മെന്റും മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയായി വേണം ഇതിനെയൊക്കെ കാണാൻ.

ജോണ്‍ ബ്രിട്ടാസ്‌

രാജഭരണകാലത്ത് ജനങ്ങളിൽ ഭയമുണ്ടാക്കാൻ കുറ്റവാളികളെ പരസ്യമായി കഴുവേറ്റിയിരുന്നല്ലോ. ആ മാതൃക ആധുനിക കാലത്തിലേക്ക് കൊണ്ടുവരികയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ലക്ഷ്യം പ്രേമചന്ദ്രനല്ല, മറിച്ച് ഇപ്പോൾ സർവ്വീസിലിരിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ്. ഞങ്ങൾ ഭരിക്കുമ്പോൾ നിങ്ങൾ വെറും തൊമ്മികളായാൽ മതി എന്ന സന്ദേശം നൽകാൻ തെരഞ്ഞെടുത്ത പാകമായ കഴുത്ത് പ്രേമചന്ദ്രന്റേതായിരുന്നു എന്നു മാത്രം. വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ കുട്ടികൾക്കു വേണ്ടി ശബ്ദിച്ചതിന് ശിക്ഷിക്കപ്പെടുക എന്നത് ഇദംപ്രഥമമായ ഒരു കാര്യമാണ്. അതും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവർ എന്നു ഭാവിക്കുന്ന ഇടതുപക്ഷം തന്നെ ഇടതുപക്ഷക്കാരൻ കൂടിയായ ഒരു അധ്യാപകനെ ശിക്ഷയ്ക്കു വിധേയനാക്കുക എന്നത് എന്തൊരു വിരോധാഭാസമാണ്! ബസ്​ ജീവനക്കാരിക്കെതിരെയുള്ള നടപടിക്കെതിരെ പൊതുസമൂഹത്തിൽ നിന്നും പ്രതിഷേധമുയർന്നപ്പോൾ തൊട്ടടുത്ത ദിവസം വകുപ്പ് നടപടി മരവിപ്പിക്കുകയുണ്ടായി. അഭിനന്ദനാർഹമായ കാര്യമാണത്. സമാനമായ രീതിയിൽ പ്രേമചന്ദ്രനു നൽകിയ കുറ്റപത്രവും റദ്ദാക്കുക എന്നതു മാത്രമാണ് ഈ അവസരത്തിൽ ചെയ്യാവുന്ന ഏകകാര്യം. എങ്കിൽ മാത്രമേ പൊതുസമൂഹത്തിനു മുന്നിൽ ഞങ്ങൾ ഇടതുപക്ഷമാണ് എന്നൊക്കെ നിങ്ങൾക്കു തലയുയർത്തി പറയാനാവൂ. അല്ലെങ്കിൽ ബ്രിട്ടാസിനെതിരെ നടക്കുന്ന നീക്കങ്ങൾക്കെതിരെയുള്ള നിങ്ങളുടെ പ്രസംഗങ്ങൾ എത്രമാത്രം കപടമാണെന്ന് സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും.

Comments