ഭാഷകൊണ്ട് മുറിവേറ്റവർ

കുട്ടികൾ ഞങ്ങൾ ഇത് മലയാളത്തിൽ എഴുതിക്കോട്ടെ എന്നു ചോദിച്ചാൽ അധ്യാപകർ പുലികളാകും. തുടർപഠനം, ഉന്നത വിദ്യാഭ്യാസം, ദേശീയപരീക്ഷകൾ.. അവരുടെ കണ്ണു മിഴിക്കലിന് മുന്നിൽ രക്ഷയുണ്ടാവില്ല. പിന്നെന്താണ് ക്ലാസ് പൂർണ്ണമായും ഇംഗ്ലീഷിൽ ആക്കാത്തത്? ഇംഗ്ലീഷിൽ സംസാരിക്കാനും ആശയ വിനിമയം നടത്താനും ഉള്ള സന്ദർഭങ്ങൾ ക്ലാസിൽ കൊണ്ടു വരാത്തത്? എന്നതിന്റെ ഉത്തരമാണ് വിചിത്രം. അത് കുട്ടികൾക്ക് മനസ്സിലാവില്ല. കുട്ടികൾക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യാത്തത്. അല്ലാതെ ഇംഗ്ലീഷ് ആ നിലയിൽ തനിക്ക് വഴങ്ങാത്തത് കൊണ്ടാണെന്ന് ഒരാളും സമ്മതിച്ചുതരില്ല.

ഭാഷകൊണ്ട് മുറിവേറ്റവരുടെ ചോര കിനിയുന്ന ഓർമ്മകൾ മലയാള ഐക്യവേദിയുടെ സംസ്ഥാന തല കൂടിയിരിപ്പിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ പങ്കുവെക്കുകയുണ്ടായി. കടുത്ത ഭാഷാ വിവേചനത്തിന്റെ ഇരകളായിരുന്നു അവർ. വിദ്യാഭ്യാസ ഘട്ടത്തിൽ സ്വന്തം മാതൃഭാഷ ഉപയോഗിക്കാനാഞ്ഞ സന്ദർഭങ്ങളിൽ അപമാനിതരായവർ, അവസരങ്ങൾ നഷ്ടപ്പെട്ടവർ, പഠന സാമഗ്രികൾ ഇല്ലാതെ കുഴങ്ങിയവർ.. അവർ പറയുമ്പോൾ അധ്യാപകരായ, സാംസ്‌കാരിക പ്രവർത്തകരായ മനുഷ്യർ ലജ്ജകൊണ്ട് പുളയുകയായിരുന്നു. ഇതൊക്കെ നടക്കുന്നത് "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന്ന് പെറ്റമ്മ തൻ ഭാഷ താൻ' എന്ന് മേനി നടിച്ചിരുന്ന ഒരു ദേശത്തു തന്നെയാണോ എന്നവർ അമ്പരന്നു. അവരുടെ അനുഭവ കഥനങ്ങളിൽ പലതിലും പ്രതികളായവർ അധ്യാപകരായതുകൊണ്ട് സ്വന്തം തൊഴിലിന്റെ മനുഷ്യ വിരുദ്ധമുഖം കണ്ട് പലരും ഞടുങ്ങി. ഭാഷയാൽ ഉണ്ടാക്കപ്പെട്ട ഒരു ദേശം അതിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനത്തെപ്പോലും അപമാനകരമായി കാണുന്ന ദുർഗ്ഗതിയിൽ എത്തിയതിന്റെ നേർസാക്ഷ്യമായിരുന്നു അവരുടെ അനുഭവങ്ങൾ. അവർ സ്വയം അവരെ വിശേഷിപ്പിച്ചത് ഭാഷയാൽ മുറിവേറ്റവർ എന്നാണ്.

അതിൽ മിക്കതിലെയും പ്രധാന പ്രതികൾ ഹയർ സെക്കന്ററി അധ്യാപകരായിരുന്നു. തങ്ങളുടെ വിദ്യാഭ്യാസ ഘട്ടത്തിലെ ഏറ്റവും ഉപയോഗശൂന്യമായ, സംഘർഷഭരിതമായ, ഉത്കണ്ഠകൾ മാത്രം സമ്മാനിച്ച കാലമായി അവർ വിലയിരുത്തിയത് ഹയർ സെക്കന്ററി പഠനകാലത്തെയാണ്. പത്താംതരം വരെ നല്ല സ്‌കോർ വാങ്ങി വന്നവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയവരും. എന്നാൽ ഹയർ സെക്കന്ററി ഘട്ടത്തെ അവർ ഇന്നും ഭീതിയോടെയാണ് ഓർക്കുന്നത്. അതിലെ പ്രധാനപ്പെട്ട ഒരു കാരണം ഇംഗ്ലീഷ് എന്ന ഭാഷയാണ്. മലയാള മാധ്യമത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിച്ചവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഏത് മീഡിയത്തിൽ പഠിച്ചാലും അവർക്ക് വഴങ്ങാത്ത ഒരു ഭാഷയായി ഇംഗ്ലീഷ് അപ്പോഴും നിലകൊണ്ടു. തനിക്ക് വഴങ്ങാത്ത ഭാഷയിൽ വായിക്കുകയും എഴുതുകയും ചെയ്യേണ്ടി വന്നപ്പോൾ അവർ അവരുടെ ഇഷ്ട വിഷയങ്ങളെപ്പോലും വെറുത്തു. ഒരാശയവും മനസ്സിലാകാതെ, ഉള്ളിൽ ഒന്നും കയറാതെ കാണാപ്പാഠം പഠിച്ച് അവർ എങ്ങിനെയോ ആ കടമ്പ കടന്നു എന്നു മാത്രം. ചിലപ്പോൾ മാതൃഭാഷയിൽ ആ വിഷയങ്ങൾ ലളിതമായി തങ്ങളിലേക്ക് പകർന്നിരുന്നെങ്കിൽ, അതിന്റെ അന്വേഷണ, സംവാദ, അവതരണവഴികളിൽ തങ്ങളെക്കൂടി പങ്കാളികളാക്കിയിരുന്നെങ്കിൽ രസതത്രത്തിന്റെയും ഊർജ്ജതന്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ഒക്കെ മേഖലകളിൽ മൗലികമായ സംഭാവനകൾ നൽകാൻ കഴിയുന്നവരായി വളരേണ്ടുന്നവരായിരുന്നു അവർ.

2007-ലെ പാഠ്യപദ്ധതി നവീകരണ സന്ദർഭത്തിലാണ് ഹയർ സെക്കന്ററിയിൽ പരീക്ഷാ ചോദ്യപേപ്പറുകളിൽ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ചോദ്യങ്ങൾ അച്ചടിക്കാൻ തുടങ്ങിയത്. വലിയ എതിർപ്പുകൾ അക്കാര്യത്തിൽ പല വിഷയവിദഗ്ധരും പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ ഉദാത്തമായ വിഷയം മലയാളത്തിന്റെ അഴുക്കുപുരണ്ട് വികൃതമാവുന്നത് സഹിക്കാൻ കഴിയാത്തവരായിരുന്നു അവർ. എന്നാൽ പരീക്ഷാ ചോദ്യപേപ്പറുകൾ പോലും കുട്ടിയുടെ അറിവ് നിർമ്മാണത്തിന്റെ സാമഗ്രി മാത്രമാണ് എന്നും പഴയതുപോലെ എന്ത്? എങ്ങിനെ? എപ്രകാരം? എന്നിത്യാദി രീതിയിൽ ഓർമ്മപരിശോധനയല്ല പരീക്ഷകളിൽ നടക്കണ്ടത് എന്നും അംഗീകരിച്ചു കഴിഞ്ഞാൽ കുട്ടിക്ക് വഴങ്ങാത്ത ഭാഷയിൽ ഒരു സന്ദർഭത്തെ വിവരിക്കുന്ന ചോദ്യം നൽകാൻ കഴിയില്ല. കുട്ടിയുടെ ചിന്താ പ്രക്രിയയെ പ്രധാനമായി കാണുന്ന ഒരു വിലയിരുത്തൽ രീതിയിൽ അവർക്ക് മനസ്സിലാവാത്ത ഭാഷയിലുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഈ വാദത്തിനു മുന്നിലാണ് മലയാളത്തിൽ കൂടി ചോദ്യങ്ങൾ നൽകാൻ മനസ്സില്ലാ മനസ്സോടെ വിഷയ വിദഗ്ധർ സമ്മതിച്ചത്.

എങ്കിൽ ഈ വിഷയ വിദഗ്ധർ തങ്ങളുടെ വിഷയം വൃത്തിയായി ഇംഗ്ലീഷിൽ അവതരിപ്പിക്കാൻ ത്രാണിയുള്ളവർ ആണോ? അവർ ഇംഗ്ലീഷാലാണോ തങ്ങളുടെ ക്ലാസുകൾ നിത്യവും കൈകാര്യം ചെയ്യുന്നത്? അവരുടെ ഇംഗ്ലീഷ് കൊണ്ട്, ഉള്ള ഇംഗ്ലീഷ് തന്നെ പൊയ്‌പ്പോയ കുട്ടികൾ എത്ര? എന്തിന് ഹയർ സെക്കന്ററിയിൽ, ബിരുദതലത്തിൽ, ബിരുദാനന്തര തലത്തിൽ പഠിപ്പിക്കുന്ന എത്ര അധ്യാപകർക്ക് ഒരു ദേശീയ സെമിനാറിൽ തങ്ങളുടെ ഒരു വിഷയമേഖല നല്ല ഇംഗ്ലീഷിൽ ലളിതമായും വിശദമായും അവതരിപ്പിക്കാൻ കഴിയും. സംശയമുള്ളവർ ഹയർ സെക്കന്ററി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ശാസ്ത്ര സാമൂഹിക ശാസ്ത്ര മാനവിക വിഷയങ്ങളുടെ ക്ലാസ് മുറിക്കു പുറത്തു കൂടെ, വരാന്തയിലൂടെ സഞ്ചരിക്കൂ. വൃത്തിയുള്ള മലയാളത്തിൽ അവർ അവരുടെ വിഷയ മേഖല കുട്ടികൾക്ക് മുന്നിൽ വിവരിക്കുന്നത് കേൾക്കാം. പുട്ടിന് തേങ്ങയിടുന്ന പോലെ, പഠിക്കുന്ന കാലത്തേ കാണാതെ പഠിച്ചു വെച്ച ചില നിർവ്വചനങ്ങളും മറ്റും അവർ പറയില്ല എന്നല്ല. ചില സാങ്കേതിക പദങ്ങൾ ഇംഗ്ലീഷായി നിലനിർത്തില്ല എന്നല്ല. വിനിമയം ചെയ്യപ്പെടുന്നത് ഒട്ടുമുക്കാലും മലയാളത്തിൽ തന്നെയാണ്. പിന്നെന്താണ് വിഷയം. ഈ കുട്ടികൾ ഞങ്ങൾ ഇത് മലയാളത്തിൽ എഴുതിക്കോട്ടെ എന്നു ചോദിച്ചാൽ, (ചോദിക്കാൻ പോലും ആ പാവങ്ങൾക്ക് ധൈര്യം ഉണ്ടാവില്ല എന്നത് മറ്റൊരു കാര്യം) ഇവർ പുലികളാകും. തുടർപഠനം, ഉന്നത വിദ്യാഭ്യാസം, ദേശീയപരീക്ഷകൾ.. അവരുടെ കണ്ണു മിഴിക്കലിന് മുന്നിൽ രക്ഷയുണ്ടാവില്ല. പിന്നെന്താണ് ക്ലാസ് പൂർണ്ണമായും ഇംഗ്ലീഷിൽ ആക്കാത്തത്? ഇംഗ്ലീഷിൽ സംസാരിക്കാനും ആശയ വിനിമയം നടത്താനും ഉള്ള സന്ദർഭങ്ങൾ ക്ലാസിൽ കൊണ്ടു വരാത്തത്? എന്നതിന്റെ ഉത്തരമാണ് വിചിത്രം. അത് കുട്ടികൾക്ക് മനസ്സിലാവില്ല. കുട്ടികൾക്ക് വേണ്ടിയാണ് അങ്ങനെ ചെയ്യാത്തത്. അല്ലാതെ ഇംഗ്ലീഷ് ആ നിലയിൽ തനിക്ക് വഴങ്ങാത്തത് കൊണ്ടാണെന്ന് ഒരാളും സമ്മതിച്ചുതരില്ല.

ഇന്ത്യയ്ക്കാകെ മാതൃകയാകും വിധം ശാസ്ത്ര സാമൂഹിക ശാസ്ത്ര ഗ്രന്ഥങ്ങൾ ദശകങ്ങൾക്ക് മുന്നിൽ മലയാളത്തിൽ ആയിട്ടുണ്ട് എന്ന കാര്യം ഇവർക്കാർക്കും അറിയില്ല. സാങ്കേതിക പദങ്ങളുടെയും മറ്റും കാര്യത്തിൽ വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും അവയിലെ ആശയ വിശദീകരണങ്ങൾ ഗംഭീരമാണെന്ന് വലിയ ശാസ്ത്രകാരന്മാർ വരെ സാക്ഷ്യപ്പെടുത്തിയത് അവർ കേട്ടിട്ടുണ്ടാവില്ല. പുതിയ കാലത്ത് ഭാഷാവബോധത്തിന്റെ തെളിച്ചങ്ങൾ കുറേക്കൂടി വ്യക്തത തന്ന സന്ദർഭത്തിൽ ഈ പുസ്തകങ്ങൾ നവീകരിക്കുക പ്രയാസമല്ല. ഹയർ സെക്കന്ററി പാഠപുസ്തകങ്ങൾ പൂർണ്ണമായും മലയാളത്തിലേക്ക് ഇപ്പോൾ സർക്കാർ തന്നെ പരിഭാഷപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും അവരുടെ മാതൃഭാഷയിലാണ് ഉന്നത വിദ്യാഭ്യാസം എന്ന് അറിയാത്തവരാണോ അധ്യാപകർ. ഇനിയും അറിയാത്ത ഭാഷയിൽ തങ്ങളുടെ പഠനവിഷയം വായിക്കാനും മനസ്സിലാക്കാനും പരീക്ഷയെഴുതാനും കുട്ടികളെ നിർബന്ധിക്കേണ്ട കാര്യമുണ്ടോ? മലയാളത്തിൽ എഴുതിയാൽ ശരിയാവില്ല എന്ന് കുട്ടികളെ ഭീഷണിപ്പെടുത്തേണ്ട കാര്യമുണ്ടോ? മാർക്ക് ലഭിക്കുക ഇംഗ്ലീഷിൽ എഴുതിയാലാണെന്ന് കള്ളം പറയണോ? നിങ്ങൾ ക്ലാസിൽ വിശദീകരിക്കുന്നതു പോലെ അവരെ എഴുതാൻ അനുവദിച്ചുകൂടെ? അവർക്ക് അതിനുള്ള അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തിക്കൂടെ? അതിനവരെ പ്രോത്സാഹിപ്പിച്ചു കൂടെ? അതവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്ക് അറിയാത്തതല്ലല്ലോ. പിന്നെ, ഭാവിയിലെ മത്സര പരീക്ഷകളുടെ കാര്യമല്ലേ? ഒരാശയം വ്യക്തമായി അറിയുന്ന കുട്ടികൾക്ക് ഇംഗ്ലീഷിലായാലും ചോദ്യങ്ങൾ വായിച്ച് കൃത്യമായി ഉത്തരമെഴുതാൻ അവർ അപ്പോഴേക്കും സ്വാംശീകരിച്ച ഇംഗ്ലീഷ് മതിയാകും. ഇംഗ്ലീഷിൽ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന, പുസ്തകങ്ങൾ വെബ്‌സൈറ്റുകൾ ഒക്കെ അവർ അപ്പോഴേക്കും വായിച്ചു മനസ്സിലാക്കാൻ പ്രാപ്തി നേടിയിട്ടുണ്ടാവും. അവ ആവിഷ്‌കരിക്കാൻ മാതൃഭാഷയിലാണ് അവർക്ക് അനായാസം സാധിക്കുക എന്നതാണ് പ്രധാനം. ഈ അനായാസതയ്ക്ക് പൊതു പരീക്ഷയിൽ വലിയ പ്രാധാന്യമുണ്ട്. ആത്മവിശ്വാസം എന്നുകൂടിയാണ് അതിന്റെ അർത്ഥം.

കുട്ടികൾക്ക് ആത്മവിശ്വാസമുള്ള ഭാഷയിൽ പഠിക്കാനും പരീക്ഷയെഴുതാനും അവരെ പ്രചോദിപ്പിക്കുക മാത്രമേ വിഷയാധ്യാപകർ ചെയ്യേണ്ടതുള്ളൂ. അത് നിങ്ങളുടെ ഔദാര്യമല്ല, കുട്ടികളുടെ അവകാശമാണ്.

എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾ അടക്കം മലയാളത്തിൽ അവരുടെ വിഷയങ്ങൾ വിശദമാക്കുന്ന വീഡിയോകൾ, ക്ലാസുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. മെഡിക്കൽ എഞ്ചിനിയറിംഗ് പ്രവേശന കോച്ചിംഗ് മലയാളത്തിൽ ലഭ്യമാക്കുന്ന ആപ്പുകൾ നിരവധിയാണ്. എന്തിന്, നീറ്റ് പരീക്ഷകൾ മലയാളത്തിൽ കൂടി വരുന്നു.. എഞ്ചിനിയറിംഗ് പഠനം മലയാളത്തിൽ കൂടി നടപ്പിലാവുന്നു. ബിരുദതലം വരെയുള്ള യോഗ്യതകൾ അടിസ്ഥാനമാക്കിയുള്ള പി.എസ്.സി. പരീക്ഷാ ചോദ്യങ്ങൾ മലയാളത്തിൽ കൂടി നൽകും. വിവരണാത്മക ചോദ്യങ്ങൾക്ക് മലയാളത്തിൽ ഉത്തരം എഴുതാം. എല്ലാ വിഷയത്തിലും മലയാളത്തിൽ പഠനവും ഗവേഷണവും നടത്താൻ സർക്കാരിന്റെ തന്നെ മലയാള സർവ്വകലാശാല അവസരമൊരുക്കുന്നു. അവിടെ പരിസ്ഥിതി പഠനത്തിൽ മലയാളത്തിൽ എം എസ് സി ചെയ്യുന്ന കുട്ടികൾ ഇന്ത്യയിലെ ഏറ്റവും മികച്ച പുരസ്‌കാരങ്ങളും സ്ഥാനങ്ങളും തേടുന്നു. എല്ലാ വിഷയങ്ങളിലും, നെറ്റ് യോഗ്യത കരസ്ഥമാക്കുന്നവരിൽ ഇവിടുത്തെ കുട്ടികൾ മുന്നിലാണ്. ഇതൊക്കെ കുട്ടികളോട് പറയേണ്ടുന്നത് മലയാളം അധ്യാപകരല്ല. ശാസ്ത്രവും സാമൂഹിക ശാസ്ത്രവും പഠിപ്പിക്കുന്ന അധ്യാപകരാണ്.

മലയാളത്തോട് കൂട്ടിത്തൊട്ടാൽ തങ്ങളുടെ വിഷയം അശുദ്ധമാവും എന്ന അയിത്ത ബോധം ഇപ്പോഴും വെച്ചു പുലർത്തുന്ന സുഹൃത്തുക്കളുണ്ട്. അവർ അറിയേണ്ടത്, വിജ്ഞാനം ശൂദ്രർക്ക് അവകാശപ്പെട്ടതല്ല എന്ന് ആത്മാർത്ഥമായും പലരും വിശ്വസിച്ച ഒരു കാലമുണ്ടായിരുന്നു. അണ്ടനും അടകോടനും പഠിച്ചാൽ പഠന വിഷയം തന്നെ മലിനമാവും എന്ന് വിചാരിച്ച പണ്ഡിതർ ഉണ്ടായിരുന്നു. അതിനെ സാമൂഹികമായും രാഷ്ട്രീയമായും എതിരിട്ട് തോൽപ്പിച്ചാണ് നമ്മൾ പലരും പഠിക്കുകയും അധ്യാപകരാവുകയും ചെയ്തത്. ജനാധിപത്യത്തിന്റെയും മനുഷ്യ സ്വാതന്ത്ര്യത്തിന്റെയും വിഷയമായിരുന്നു അത്. ഇപ്പോൾ പുതിയ വർഗ്ഗ വിഭജനത്തിന്റെ കരു ഇംഗ്ലീഷാണെങ്കിൽ ആ മതിലിനെ പൊളിച്ചു കളയേണ്ടത് നമ്മൾ തന്നെയാണ്. ഭാഷാവകാശം ഏറ്റവും വലിയ ജനാധിപത്യ മൂല്യമാണ് എന്ന് നമ്മൾ തിരിച്ചറിയണം.

ഇംഗ്ലീഷ് ഒരു ഭാഷയെന്ന നിലയിൽ പഠിപ്പിക്കാൻ ആ ഭാഷയുടെ ഭാഷാശാസ്ത്രവും ഘടനയും രീതിയും ചരിത്രവും സാംസ്‌കാരികമായ നിലയും അറിയേണ്ടതുണ്ട്. അത് വൃത്തിയായി ചെയ്യാൻ ഇംഗ്ലീഷ് അധ്യാപകർ ശ്രമിക്കട്ടെ. കുട്ടികൾക്ക് ആത്മവിശ്വാസമുള്ള ഭാഷയിൽ പഠിക്കാനും പരീക്ഷയെഴുതാനും അവരെ പ്രചോദിപ്പിക്കുക മാത്രമേ വിഷയാധ്യാപകർ ചെയ്യേണ്ടതുള്ളൂ. അത് നിങ്ങളുടെ ഔദാര്യമല്ല, കുട്ടികളുടെ അവകാശമാണ്. കുട്ടികളെ നന്നാക്കിക്കളയാം എന്ന് വിചാരിച്ച് നിങ്ങളുടെ വികല ബോധ്യങ്ങൾ അവർക്ക് മേൽ അടിച്ചേൽപ്പിക്കാതിരിക്കൂ. ഒരു ലജ്ജയും മടിയും കൂടാതെ, നിങ്ങൾക്കറിയാവുന്ന ഭാഷയിൽ നിങ്ങൾക്ക് ഏതു വിഷയവും എത്ര വരെയും പഠിക്കാമെന്നും പരീക്ഷയെഴുതാമെന്നും ഉന്നത വിജയങ്ങൾ നേടാമെന്നും അവരോട് പറയൂ. ഭാഷയാൽ അവരെ മുറിവേൽപ്പിക്കാതിരിക്കൂ. നാളെ മിത്രങ്ങളായല്ലേ നിങ്ങൾ അവരുടെ മനസ്സിൽ നിറയേണ്ടത്; ശത്രുക്കളായല്ലല്ലോ.

Comments