ഒരു ആവാസവ്യവസ്ഥപോലെ ജൈവികമായ ഇടമാണ് സർഗ്ഗാത്മകമായ ക്ലാസ് മുറിയും. ക്ലാസ് മുറികൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകത്തിന്റെ കണ്ണിൽ കോമാളിത്തരമാകാം. അത് ചിലപ്പോൾ അനൗചിത്യവും സാമാന്യബുദ്ധിക്കും യുക്തിക്കും നിരക്കാത്തതും ഒക്കെ ആയിരിക്കും. അവിടുത്തെ സംവാദങ്ങൾ കൂടിച്ചേരലുകൾ പ്രവർത്തനങ്ങൾ അതിൽ ഇടപെടുന്ന ആളുകൾക്ക് മാത്രം തിരിച്ചറിയാവുന്നതാണ്. അവർ തമ്മിലുള്ള പൊരുത്തത്തിലാണ് അത് ജീവനുള്ളതാകുന്നത്. ക്ലാസ് മുറിയെ ജൈവികവും ചടുലവും ആക്കിത്തീർക്കുന്നതും അതാണ്. ചാനലിലൂടെ ക്ലാസെടുക്കുന്ന അധ്യാപകരെ വിമർശിക്കുന്നവർ രണ്ടുതരത്തിലും ഇക്കാര്യം മനസ്സിലാവാത്തവരാണ്. അത് അവർക്ക് കാണാനായി സംവിധാനം ചെയ്യപ്പെട്ടതല്ലെന്ന് മാത്രമല്ല, അവർ കാണുമ്പോൾ മാത്രം നഷ്ടമാകുന്ന പലതും അതിലുണ്ട് താനും. ആരാണോ ആ ക്ലാസുകൾ കേൾക്കാനും കാണാനും നിർദ്ദേശിക്കപ്പെട്ടവർ അവർ കാണുമ്പോൾ മാത്രം അർത്ഥം വെക്കുന്ന ഭാഷയാണ് അതിലുടനീളം ഉള്ളത്. എന്നാൽ ഓൺലൈൻ ക്ലാസ് മുറിയുടെ മാതൃകയായി നാം കാണിക്കേണ്ടിയിരുന്നത്, അപ്രകാരം ക്ലാസ് മുറിക്കകത്ത് മാത്രം പൂർണ്ണമാവുന്ന ഒരു പ്രവർത്തനത്തെ അതിന്റെ ഒരു ചിഹ്നങ്ങളും തിരിച്ചറിയാത്ത പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് വേണമോ എന്നത് മറ്റൊരു വിഷയമാണ്.
സമൂഹത്തിന്റെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കാണാതെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെ ഒരു ചുവടു പോലും നമുക്ക് ആത്മവിശ്വാസത്തോടെ വെക്കാൻ കഴിയില്ല.
പഠനവസ്തു വിനിമയം ചെയ്യാൻ സ്വീകരിക്കുന്ന മാർഗങ്ങളിൽ വിഷയങ്ങൾ തമ്മിൽ മാത്രമല്ല ക്ലാസുകൾ തമ്മിലും അദ്ധ്യാപകർ തമ്മിലും എന്തിന് കുട്ടികൾ തമ്മിൽ പോലും മാറ്റമുണ്ടാകാറുണ്ട്. ചില സ്‌കൂളുകളിൽ, ചില സന്ദർഭങ്ങളിൽ ഉയർന്ന മാർക്ക് ലഭിക്കാൻ സാധ്യതയുള്ള കുഞ്ഞുങ്ങളെ ഒരു പ്രത്യേക ഗ്രൂപ്പ് ആക്കുകയും വലിയ പിന്തുണ ആവശ്യമുള്ള കുട്ടികളെ മറ്റൊരു ഗ്രൂപ്പ് ആക്കി തിരുത്തുകയും ചെയ്യുന്ന പതിവ്, അത് ഒട്ടും ശരിയായ രീതി അല്ലെങ്കിലും കണ്ടിട്ടുണ്ട്. ഒരു അദ്ധ്യാപിക ഒരേ വിഷയം രണ്ടിടത്ത് വിനിമയം ചെയ്യുന്നതും രണ്ടു രീതിയിലാണ്. രണ്ടു തരത്തിലുള്ള അന്തരീക്ഷമാണ് രണ്ടിടത്തും ബോധപൂർവ്വം സൃഷ്ടിക്കുന്നത്. ഒരിടത്തെ ഭാഷ, ചലനങ്ങൾ, പ്രക്രിയകൾ എന്നിവ മറ്റൊരിടത്ത് പരിഹാസ്യമാവും. ഓൺ ലൈനും ഓഫ് ലൈനും ഒന്നെന്ന് ധരിക്കുമ്പോൾ ഈ പിഴവിന് കൂടുതൽ വഴി വെക്കുകയാവും വിദ്യാഭ്യാസ വകുപ്പും ചെയ്യുക.
സിനിമയിൽ സ്വാഭാവിക രീതിയിൽ ചിത്രീകരിക്കാൻ ഏറ്റവും പ്രയാസകരമായത് ക്ലാസ് മുറിയാണ്. എങ്ങിനെ ചെയ്താലും അത് കൃത്രിമമാവും. സിനിമ കൃത്രിമമായി സൃഷ്ടിക്കുന്ന പരിസരത്തിന് വഴങ്ങാൻ കൂട്ടാക്കാത്ത ഒരു സ്വാഭാവികഘടകം ക്ലാസ് മുറിക്കുണ്ട്. ഏതു തരത്തിലുള്ള ക്ലാസ് റൂം അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടേണ്ടത് എന്നതിന് വ്യത്യസ്തമായ അനുഭവങ്ങളാണ് സിനിമക്ക് മുന്നിലും പിന്നിലും ഉള്ളവർക്ക് ഉണ്ടാവുക. അതുകൊണ്ട് തന്നെയാണ് ലൈവ് ക്ലാസ് റൂം അനുഭവങ്ങൾ പകർത്തി കാണിക്കുന്നതോളം ബോറായി ലോകത്ത് മറ്റൊന്ന് ഇല്ലാത്തത്. കൃത്രിമമായ ഒരന്തരീക്ഷം ക്ലാസിൽ വരുമ്പോൾ നഷ്ടമാവുന്നത് അതിന്റെ സ്വഭാവികവും ജൈവികവുമായ വ്യവസ്ഥയാണ്. ഒരു സി സി ടി വി ക്യാമറ ക്ലാസിൽ വെക്കുമ്പോഴും എന്തിന് ഒരു ഉദ്യോഗസ്ഥൻ ക്ലാസ് നിരീക്ഷിക്കാൻ പിന്നിൽ ഇരിക്കുമ്പോൾ പോലും ആ സ്വാഭാവികത അന്യമാവും.
ഒന്നോ രണ്ടോ മാസം ക്ലാസ് മുടങ്ങിയാൽ തുലഞ്ഞു പോകുന്നതാണ് ഒരു നാടിന്റെ വിദ്യാഭ്യാസ ബലമെങ്കിൽ അത് ആരോഗ്യകരമല്ല. ക്ലാസിനകത്ത് നിന്നല്ല പുറത്തു നിന്നാണ് ഇന്ന് നമ്മെ നയിക്കുന്നവർ പഠിച്ചു കയറിയത്.
ക്യാമറക്ക് മുന്നിലെ അധ്യാപകരുടെ പ്രകടനത്തെ അതുകൊണ്ടു തന്നെ ക്ലാസ് റൂം വിനിമയവുമായി ബന്ധപ്പെട്ടല്ല വിലയിരുത്തേണ്ടത്. അങ്ങനെ കരുതിയല്ല, അധ്യാപകർ അതിൽ പങ്കെടുക്കേണ്ടത്. അത് മറ്റൊരു തരത്തിലുള്ള വിനിമയ രീതിയാണ്. ഓൺലൈൻ ക്ലാസ്മുറി എന്ന സങ്കല്പം സ്‌കൂളിലെ ക്ലാസ് മുറിയിലെ പ്രവർത്തനത്തിന്റെ ആവർത്തനമോ തുടർച്ചയോ ആയി കണ്ടുകൊണ്ടുള്ള അഭ്യാസങ്ങൾ അത് കൊണ്ടുതന്നെ പാഴാണ്. അതിനെ മറ്റൊരു വിനിമയമായി കണ്ട് അതിന്റെ തുടർച്ചയേയും വളർച്ചയെയും കുറിച്ചാണ് ആലോചിക്കേണ്ടത്. വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതാണ് കവിത എന്നത് ഓൺലൈനിൽ ആകുമ്പോൾ ക്ലാസ് മുറിക്കും ബാധകമാവുന്നതാണ്. അവിടെ നഷ്ടപ്പെടുന്നതാണ് ക്ലാസ് മുറിയുടെ ജീവൻ. എന്നാൽ ആ അന്തരീക്ഷം ഈ സന്ദർഭത്തിൽ അൽപ്പകാലത്തേക്കെങ്കിലും സ്വപ്നം കാണാനേ കഴിയൂ എന്നത് എല്ലാവർക്കും അറിയാം. അതിന്റെ ബദൽ പെട്ടെന്ന് ഉരുത്തിരിച്ചെടുക്കാൻ കഴിയുന്നതല്ല.
സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസമാണ് ഭാഗ്യവശാൽ ഇപ്പോഴും നമ്മുടെ നാട്ടിൽ പ്രബലമായി നിലനിൽക്കുന്നത്. മുഴുവൻ കുട്ടികളെയും ഹയർസെക്കൻഡറി വരെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി സർക്കാർ ഉത്തരവാദിത്തത്തിൽ വിജ്ഞാനം നേടാൻ പ്രാപ്തരാക്കുന്ന ഒരു സംവിധാനത്തിൽ ഏതു തരത്തിലുള്ള പരിഷ്‌കരണങ്ങളും നടപ്പിലാക്കുക പ്രയാസമാണ്. പ്രവർത്തനാധിഷ്ഠിത രീതിശാസ്ത്രം ലോകത്തെമ്പാടും
ഉൽകൃഷ്ടമായ വിദ്യാഭ്യാസ മാതൃകയായി നിലനിൽക്കുമ്പോഴും അവിടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ നമ്മുടേതിൽനിന്നും എത്രമാത്രം വ്യത്യസ്തമാണെന്ന് കാണാതിരുന്നുകൂടാ. ക്ലാസ് മുറിയിലെ കുട്ടികളുടെ എണ്ണത്തിലുള്ള കുറവ്, അത്യാധുനികമായ ഭൗതിക സൗകര്യങ്ങൾ എന്നിവ അവിടുത്തെ ഗുണങ്ങളാവുമ്പോൾ അത് സ്വകാര്യവും പണം കൊടുത്തു നേടേണ്ടതും കൂടിയാണ് എന്നത് നാം മറന്നു പോകരുത്.
സൈദ്ധാന്തികതയുടെ കാല് ഒരു തോണിയിലും പ്രായോഗികതയുടെ കാല് മറ്റേ തോണിയിലും. ഈ സൈദ്ധാന്തികയുടെയും പ്രായോഗികതയുടെയും പ്രശ്‌നങ്ങൾ തന്നെയാണ് തീർച്ചയായും ഓൺലൈൻ പഠനത്തിന്റെ കാര്യത്തിലും നിലനിൽക്കുന്നത്.
വിദ്യാലയത്തിന്റെ ഗ്രേഡ് അനുസരിച്ച് നൽകപ്പെടുന്ന അറിവിന്റെ മൂല്യം വർദ്ധിക്കുന്നു എന്ന ധാരണ അവിടെ സാധാരണമാണ്. വിദ്യാഭ്യാസ പ്രക്രിയയുടെ മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ ചെലവും സ്വാഭാവികമായും അത്തരം സ്ഥാപനങ്ങളിൽ വളരെ വലുതാണ്. മഹാ ഭൂരിപക്ഷവും ഈ മികച്ച വിദ്യാഭ്യാസത്തിൽ നിന്നും പുറന്തള്ളപ്പെടുന്നു. അവിടുത്തെ രീതിശാസ്ത്രം നാം സ്വീകരിക്കുമ്പോൾ നമ്മൾ നേരിട്ട പ്രതിസന്ധി അതിന്റെ സൈദ്ധാന്തികമായ അടിത്തറയുടെ ഉറപ്പില്ലായ്മയല്ല, മറിച്ച് നിബിഡമായ ക്ലാസ് മുറിയിൽ ആ രീതിശാസ്ത്രമനുസരിച്ച് സംവിധാനങ്ങൾ ഒരുക്കാനുള്ള പ്രയാസങ്ങളാണ്. പ്രത്യേകിച്ചും പൊതു വിദ്യാഭ്യാസത്തിലെ ഉയർന്ന പടവുകളിൽ എത്തുമ്പോൾ.
ഹയർസെക്കൻഡറി ക്ലാസുകളിൽ 65 മുതൽ 70 വരെ കുട്ടികളാണ് ഇപ്പോൾ ഒരു ക്ലാസിലുള്ളത്. ഒരു ബെഞ്ചിൽ അഞ്ചും ആറും കുട്ടികൾ ഞെരുങ്ങിയിരിക്കുന്ന അവസ്ഥ. എങ്കിലും നാം അറിവ് നിർമ്മാണത്തെയും പ്രവർത്തനാധിഷ്ഠിതമായ പഠനരീതിയേയും സൈദ്ധാന്തികമായി സ്വീകരിച്ചിട്ടുണ്ട്. ആകാവുന്നത്രയും ചർച്ചയും സംവാദങ്ങളും സംഘപ്രവർത്തനങ്ങളും നൽകിക്കൊണ്ട് അതിനെ സ്വാംശീകരിക്കാൻ നമ്മൾ ശ്രമിക്കുന്നു എന്നേയുള്ളൂ. ഒന്നുമില്ലെങ്കിലും ക്ലാസ് മുറിയിലെ ജനാധിപത്യത്തെ സ്ഥാപിക്കാനെങ്കിലും അത് ഗുണം ചെയ്യുമല്ലോ. വ്യവഹാര മനശാസ്ത്രത്തെയും ബ്ലൂമിന്റെ ടാക്‌സോണമിയേയും അടിസ്ഥാനമാക്കിയുള്ള പഠനവും പരീക്ഷയും മാത്രമാണ് കുട്ടികൾ നിറഞ്ഞ ഇത്തരം ക്ലാസ് മുറിയിൽ കരണീയമായിട്ടുള്ളത് എന്ന വാദം പ്രബലമാണ്. എളുപ്പം ചെലവാകുന്നത് അതാണ്. ഈയൊരു പൊരുത്തക്കേട് വലിയ രീതിയിൽ പരിഗണിക്കപ്പെടാതെ നമ്മുടെ പൊതു വിദ്യാഭ്യാസത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സൈദ്ധാന്തികതയുടെ കാല് ഒരു തോണിയിലും പ്രായോഗികതയുടെ കാല് മറ്റേ തോണിയിലും. ഈ സൈദ്ധാന്തികയുടെയും പ്രായോഗികതയുടെയും പ്രശ്‌നങ്ങൾ തന്നെയാണ് തീർച്ചയായും ഓൺലൈൻ പഠനത്തിന്റെ കാര്യത്തിലും നിലനിൽക്കുന്നത് എന്ന് സൂചിപ്പിക്കാനാണ് ഇക്കാര്യം പറഞ്ഞത്.
50 ലക്ഷത്തോളം വരുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളെ കുട്ടികളെ പരിഗണിച്ചുകൊണ്ട് ഓൺലൈൻ വിദ്യാഭ്യാസം പോലുള്ള ഒരു സംവിധാനം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ കൊടുക്കേണ്ടിവന്ന വലിയ വിലയാണ് ദേവികയുടെ ജീവൻ. തീർച്ചയായും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കൊടിക്കൂറകൾ ആകാശത്തോളം ഉയരത്തിൽ തൂക്കിയിടുകയും കൊട്ടും കുരവയും വെടിക്കെട്ടും കാതടപ്പിക്കുന്ന വിധം ചുറ്റുമുയരുകയും ചെയ്യുമ്പോൾ, സാർവ്വത്രികതയുടേയും പൊതു എന്ന അവസ്ഥയുടെയും കടയ്ക്കൽ കത്തി വീഴുകയാണോ എന്ന സംശയം ഉണ്ടാകാം. ട്രയൽ ആണ്, ആവർത്തിക്കും, പാഠം തുടങ്ങിയിട്ടില്ല എന്നൊക്കെ നാമെത്ര തലോടിയാലും
ഇവ പെട്ടെന്ന് പ്രാപ്യമല്ലാത്ത ഒരു വിഭാഗത്തിന്റെ നെഞ്ച് പിടയും. അങ്ങിനെ നെഞ്ചു പിടയുന്ന കുഞ്ഞുങ്ങൾ പഠനത്തോട് അങ്ങേയറ്റം താൽപര്യമുള്ളവരും ഹൃദയംകൊണ്ട് അറിവ് നേടുന്നവരും ആയിരിക്കും. ടിവിയും കമ്പ്യൂട്ടറും ഇന്റർനെറ്റും ഇല്ലെങ്കിൽ രക്ഷയായി എന്ന് വിചാരിക്കുന്ന കുട്ടികളും പതിനായിരക്കണക്കിനോ ലക്ഷക്കണക്കിനോ ഇതിലുണ്ടാകും.
ട്രയലും യഥാർത്ഥവും തമ്മിലുള്ള അന്തരം മുതിർന്നവർക്ക് മനസ്സിലാകും. യഥാർത്ഥ ക്ലാസ് മുറിയുടെ പകരമല്ല ഈ ഓൺലൈൻ പരിപാടികൾ എന്ന് അധ്യാപകർക്കും വിദ്യാഭ്യാസ വിചക്ഷണന്മാർക്കും അറിയാം. ജൂൺ ഒന്നിന് കാലവർഷത്തോടൊപ്പം തുടങ്ങിയാൽ മാത്രമേ ഇക്കൊല്ലം വിദ്യാഭ്യാസം വിളയൂ എന്ന അന്ധവിശ്വാസം നമ്മളെ വേറെ പാളയങ്ങളിലാണ് എത്തിക്കുക. ഒരാഴ്ചയോ രണ്ടാഴ്ചയോ ഒരു മാസമോ കഴിഞ്ഞാലും ഈ ഓൺലൈൻ പരിപാടി എത്രത്തോളമുണ്ട്, അവ എത്ര മുന്നോട്ടു പോകും എന്ന് അറിയാത്തവരല്ലല്ലോ തലയിൽ ആൾതാമസമുള്ള ആൾക്കാർ. "ഓൺലൈൻ വഴിയുള്ള പഠനത്തിനൊക്കെ വളരെയേറെ പരിമിതിയുണ്ട് നമുക്ക്. ഹൈബാൻഡ് നെറ്റ് കണക്റ്റിവിറ്റിയോ സ്മാർട്ട് ഫോണോ ഒക്കെ നല്ലൊരു ശതമാനം വിദ്യാർത്ഥികൾക്കും ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. അതുകൊണ്ട് ഓൺലൈൻ ഒരു പരിഹാരമായി പറയാൻ പറ്റില്ല, ഒരു അനുബന്ധ വിദ്യാഭ്യാസ രീതിയായി പറയാം. ക്ലാസ് മുറി അധ്യാപനത്തിന് പകരമാവില്ല. ആഡ് ഓൺ ആയി പറയാം' പ്ലാനിംഗ് ബോർഡ് അംഗവും കോവിഡ് വിദഗ്ധ സമിതി അധ്യക്ഷനും ആയ ഡോ. ബി. ഇക്ബാൽ ട്രൂ കോപ്പി തിങ്കിൽ, എഡിറ്റർ കമൽറാം സജീവുമായുള്ള അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിട്ട് രണ്ടാഴ്ച പോലും ആയില്ല.
ട്രയൽ ആണ്, ആവർത്തിക്കും, പാഠം തുടങ്ങിയിട്ടില്ല എന്നൊക്കെ നാമെത്ര തലോടിയാലും ഇവ പെട്ടെന്ന് പ്രാപ്യമല്ലാത്ത ഒരു വിഭാഗത്തിന്റെ നെഞ്ച് പിടയും. അങ്ങിനെ നെഞ്ചു പിടയുന്ന കുഞ്ഞുങ്ങൾ പഠനത്തോട് അങ്ങേയറ്റം താൽപര്യമുള്ളവരും ഹൃദയംകൊണ്ട് അറിവ് നേടുന്നവരും ആയിരിക്കും.
കോവിഡ് പശ്ചാത്തലത്തിൽ തെളിയിക്കപ്പെട്ടത് പലതിലും നമ്മൾ മുന്നിലാണ് എന്നു തന്നെയാണ്. മുന്നിലെത്തിയത് ആ ദിവസങ്ങളിൽ മാത്രം നടപ്പിലാക്കിയ ചില തന്ത്രങ്ങൾ കൊണ്ടല്ല. എത്രയോ കാലമായി നാം ബലപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ സംവിധാനങ്ങൾ, സാമൂഹിക ഭദ്രത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ, എന്തും ഏറ്റെടുക്കാൻ തക്കവണ്ണം വളർത്തിയെടുത്ത പൊതുബോധം ഇതെല്ലാമാണ് ഈ നേട്ടത്തിന്റെ പടവുകൾ.
അതിന്റെ ബലം പക്ഷേ പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുന്ന ഓൺലൈൻ പഠനരീതിക്ക് ഇല്ല. സ്‌കൂളിൽ പോലും പാഠഭാഗങ്ങൾ അധ്യാപകന്റെ സാന്നിധ്യത്തിൽ ഓൺലൈനിൽ കാൽ ഭാഗമെങ്കിലും എത്തിക്കാൻ നമുക്കായിട്ടില്ല. ചില സംവിധാനങ്ങൾ വികസിപ്പിച്ചെങ്കിലും അവ പ്രവർത്തന പഥത്തിൽ എത്തിയില്ല. വിക്‌റ്റേർസ് ചാനലിനെ ഇന്നുവരെ ഗൗരവത്തിൽ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കിയിട്ടുണ്ടോ? സോഷ്യൽ മീഡിയയെ കുട്ടികൾക്ക് തൊടാൻ പറ്റുന്ന ഒന്നായി ഇന്നുവരെ കണ്ടിട്ടുണ്ടോ? അതെല്ലാം ചുരുക്കം ദിവസം കൊണ്ട് കെട്ടിപ്പൊക്കി അതിലും ഒന്നാം സ്ഥാനം നേടാം എന്ന ചിന്ത ഉണ്ടായാൽ അത് എടുത്തുചാട്ടമെന്നേ പറയാൻ കഴിയൂ.
യഥാർത്ഥത്തിൽ വരുന്ന അക്കാദമിക വർഷത്തിന്റെ ഘടനയെത്തന്നെ പുനർവിചിന്തനം നടത്തേണ്ട ഘട്ടമാണിത്. വീണ്ടും ഇക്ബാൽ സാറിനെ ഉദ്ധരിക്കുകയാണ്."എന്റെ ഊഹം വെച്ച്, അല്ലെങ്കിൽ ഒരു ആശങ്ക പറയുകയാണെങ്കിൽ ഒരു അക്കാദമിക് വർഷമെങ്കിലും കുട്ടികൾക്ക് നഷ്ടപ്പെട്ടേക്കും എന്നെനിക്ക് പേടിയുണ്ട്. ഒരു ആറുമാസം കൊണ്ട് ഇപ്പോഴത്തെ അവസ്ഥ മാറുകയാണെങ്കിൽ നമുക്ക് കോഴ്‌സുകളുടെ വലിപ്പം കുറയ്ക്കാം'. ഈ യാഥാർഥ്യത്തെ ഓൺലൈൻ മെഴുക്കുപുരട്ടി അടക്കാൻ കഴിയുന്നതല്ല. അടുത്ത വർഷം ലഭ്യമാകുന്ന സമയം എങ്ങിനെ ഫലപ്രദമാക്കാം? അതിന് കരിക്കുലം എങ്ങിനെ മാറണം? സിലബസ്സിൽ എന്ത് ചുരുക്കലുകളാണ് വേണ്ടത്? പൊതു പരീക്ഷകൾ എങ്ങിനെ മാറ്റിത്തീർക്കാം? എന്നൊക്കെ ആലോചിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്. മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്‌കൂളിൽ എത്തിക്കാതെ സാമൂഹിക അകലത്തിന്റെ സുരക്ഷിതത്വം നില നിർത്തിക്കൊണ്ട് ഓഫ് ലൈനായും ഓൺലൈനായും നിശ്ചയിച്ച പഠനപ്രവർത്തനങ്ങൾ എങ്ങിനെ പൂർത്തീകരിക്കാം എന്നാണ് ആലോചിക്കേണ്ടത്. വിക്‌റ്റേർസ് ചാനലിൽ വീഡിയോ കാണിക്കുന്നതിനപ്പുറം എന്തെന്ത് സാധ്യതകൾ ആരായാം എന്ന ഗവേഷണവും നടക്കണം. ദേശീയതലത്തിൽ തന്നെ സിലബസുകൾ ചുരുക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ ആവണം. പരന്ന പഠിപ്പല്ല ആഴത്തിൽ അറിയാനാണ് ഇപ്പോൾ നമുക്ക് സാധിക്കേണ്ടത്.
ഒരു ദിവസം പോലും നഷ്ടപ്പെട്ടില്ല എന്ന് മേനി നടിക്കേണ്ട ആവശ്യം വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇനി നമുക്കില്ല. നമ്മുടെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം ഇവിടെ നിലനിന്ന ശക്തമായ പൊതുവിദ്യാഭ്യാസമാണെന്ന് നാം ലോകത്തിന് മുന്നിൽ തെളിയിച്ചു കഴിഞ്ഞു. ഒന്നോ രണ്ടോ മാസം ക്ലാസ് മുടങ്ങിയാൽ തുലഞ്ഞു പോകുന്നതാണ് ഒരു നാടിന്റെ വിദ്യാഭ്യാസ ബലമെങ്കിൽ അത് ആരോഗ്യകരമല്ല. ക്ലാസിനകത്ത് നിന്നല്ല പുറത്തു നിന്നാണ് ഇന്ന് നമ്മെ നയിക്കുന്നവർ പഠിച്ചു കയറിയത്. മാസങ്ങൾ നീണ്ട പഠിപ്പ് മുടക്ക് സമരങ്ങളും അധ്യാപക സമരങ്ങളും ഉണ്ടായപ്പോൾ തകർന്നു പോയിരുന്നില്ല നമ്മുടെ വിദ്യാഭ്യാസ നിലവാരം.
ദേവികയുടെ ആത്മഹത്യ വലിയ പാഠമാണ് നമുക്ക് നൽകുന്നത്. സമൂഹത്തിന്റെ ഏറ്റവും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കാണാതെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെ ഒരു ചുവടു പോലും നമുക്ക് ആത്മവിശ്വാസത്തോടെ വെക്കാൻ കഴിയില്ല. ഇല്ലാതായത് പഠനത്തിൽ മികവ് പുലർത്തിയ, പഠിക്കാൻ അത്യധികം ആഗ്രഹിച്ച ഒരു കുഞ്ഞുമോൾ മാത്രമല്ല, സാമൂഹിക സുരക്ഷയെക്കുറിച്ചും കരുതലിനെക്കുറിച്ചും നാം അഭിമാനത്തോടെ കൊട്ടിഘോഷിച്ച സങ്കല്പനങ്ങളുടെ സാധുതയുമാണ്.