46 മലയാളം അധ്യാപക തസ്​തികകൾ ഇല്ലാതായി; ഭാഷാ പഠനത്തോടുള്ള അതിനീചമായ വിവേചനം

ഹയര്‍സെക്കന്‍ഡറിയില്‍ ജൂനിയര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആഴ്ചയില്‍ ഏഴു മുതല്‍ 14 വരെ പീരിയഡുകള്‍ വേണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി 46 മലയാളം ജൂനിയര്‍ പോസ്റ്റുകളും ഒമ്പത് ഹിന്ദി അധ്യാപക പോസ്റ്റുകളും ഇല്ലാതാക്കി ആ അധ്യാപകരെ അതിവിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങി. പൊതുവിദ്യാഭ്യാസത്തെ ഉള്ളിൽ നിന്നുതന്നെ തുരന്നു നശിപ്പിക്കുംവിധം ഉദ്യോഗസ്ഥതലത്തിൽനിന്ന്​ തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വിഷം വെച്ച ഉത്തരവുകളുടെ തുടർച്ചയാണ്​ ഈ ഉത്തരവും.

കേരളത്തിൽ ഹയർ സെക്കൻ്ററി മേഖലയിലെ ഭാഷാപഠനത്തെ ദൂരവ്യാപകമായി ബാധിക്കാനിടയുള്ള ഒരുത്തരവ് ഇന്നലെ, മെയ്​ 12ന്, പുറത്തിറങ്ങി. 46 മലയാളം ജൂനിയർ പോസ്റ്റുകൾ ഇല്ലാതാക്കിയും അവിടങ്ങളിൽ പ്രവർത്തിക്കുന്ന അധ്യാപകരെ അതിവിദൂര സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയും ഇറങ്ങിയ ആ ഉത്തരവ് ( No.HSE/1617/2021-Ad C5 dt 12-06-2023) സത്യത്തിൽ അധ്യാപകവൃത്തിയുടെ അന്തസ്സിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവും. (ഒപ്പം, ഒമ്പത്​ ഹിന്ദി അധ്യാപക പോസ്റ്റുകളും മറ്റൊരുത്തരവ് വഴി കളഞ്ഞിട്ടുണ്ട്).

നേരത്തേ, പി.എസ്.സി വഴി നിയമിച്ച ഇംഗ്ലീഷ് അധ്യാപകരെ പോസ്റ്റില്ല എന്നു പറഞ്ഞ് പിരിച്ചുവിടുകയും പിന്നീട് വലിയ പ്രതിഷേധവും പ്രക്ഷോഭങ്ങളുമുയർന്നുവന്നപ്പോൾ പുനർനിയമിക്കുകയും ചെയ്ത അപഹാസ്യമായ സർക്കാർ നടപടിയുടെ തുടർച്ചതന്നെയാണിതും.  മാതൃഭാഷാ പഠനമായതുകൊണ്ട് ഇപ്പോൾ ഇല്ലാതാക്കിയ പോസ്റ്റുകൾ ഒരു പ്രക്ഷോഭം കൊണ്ട്​ തിരിച്ചുപിടിക്കുകയെന്നത് ക്ഷിപ്രസാധ്യവുമല്ല. ഈ ഉത്തരവിന്റെ അടിസ്ഥാനകാരണമായി ചൂണ്ടിക്കാട്ടുന്ന ജൂനിയർ പോസ്റ്റുകൾ അനുവദിക്കുന്നതിനുള്ള പിരീഡ് ഘടന നിശ്ചയിക്കുന്ന രീതി ഒരുതരത്തിലും വിദ്യാഭ്യാസമേഖലയിൽ പ്രാവർത്തികമാക്കിക്കൂടാത്തതാണ്. പൊതുവിദ്യാഭ്യാസത്തിനു വേണ്ടി നടത്തുന്ന വലിയ ശ്രമങ്ങൾ ഇടതുപക്ഷ സർക്കാരിൻ്റെ അന്തസ്സും അഭിമാനവുമായി ഉയർത്തിക്കാട്ടപ്പെടുന്ന സമയത്തുതന്നെയാണ് പൊതുവിദ്യാഭ്യാസത്തെ ആന്തരികമായി അങ്ങേയറ്റം ദുർബലമാക്കുകയും ഉള്ളിൽ നിന്നുതന്നെ അതിനെ തുരന്നു നശിപ്പിക്കുകയും ചെയ്യുംവിധം വിഷം വെച്ച ഉത്തരവുകൾ ഉദ്യോഗസ്ഥതലത്തിൽ തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

അധ്യാപക തസ്തികകൾ ഇല്ലാതാവുന്നതിൻ്റെ കാരണം

ഇത്രയും അധ്യാപക തസ്തികകൾ ഇല്ലാതായതിന് വകുപ്പു പറയുന്ന കാരണം വിചിത്രമാണ്. നേരത്തേ 3 മുതൽ 14 വരെ പിരീഡുകൾ കണക്കാക്കി ജൂനിയർ അധ്യാപകനിയമനം നടത്തിയിരുന്നുവെന്നും ഇപ്പോൾ അത് 7 മുതൽ 14 വരെ എന്നാക്കി മാറ്റിയതുകൊണ്ടാണ് ഭാഷാധ്യാപക തസ്തികകൾ ഇല്ലാതാകുന്നത് എന്നുമാണ് ഉത്തരവിൽ പറയുന്നത്. അപ്പോൾ ആരാണ്, എപ്പോഴാണ് അത് 7 മുതൽ 14 വരെയാക്കിയത്? യു.ഡി.എഫ് കാലത്താണോ? കേന്ദ്ര സർക്കാരാണോ? അല്ലല്ലോ. ഇതേ സർക്കാരും അതിലെ വകപ്പുകളും തന്നെയല്ലേ? എന്തായിരുന്നു അതിനുള്ള കാരണങ്ങൾ? അത് വിശദീകരിക്കപ്പെടുന്നില്ല. പ്രൊക്രസ്റ്റസിൻ്റെ കട്ടിൽയുക്തിയാണിത്. ആദ്യം നമ്മൾതന്നെ കട്ടിൽ ചെറുതാക്കുക. പിന്നെ അതിൽ കൊള്ളാത്തതിൻ്റെ പേരിൽ ആളുകളുടെ കാലും തലയും വെട്ടുക. എളുപ്പമാണത്, യുക്തിഭദ്രവും.

ഒരിക്കലും 3 പിരീഡിൻ്റെ എണ്ണം രണ്ടാംഭാഷയുടെ പിരീഡുകൾ കണക്കാക്കുമ്പോൾ ഉണ്ടാകുന്നില്ല. 5 പിരീഡുകൾ ഉണ്ടാകാം. എന്നാൽ 5 പിരീഡുകൾക്കായി ഒരു പുതിയ തസ്തിക സൃഷ്ടിക്കുകയല്ല, മറിച്ച് എത്രയോ കാലമായി നിലനിന്ന അധ്യാപകപോസ്റ്റുകളാണ് റദ്ദാക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ജൂനിയർ പോസ്റ്റിൽ നിയമിക്കപ്പെടുന്ന ഒരധ്യാപിക ആറോ ഏഴോ പിരീഡ് പിഠിപ്പിക്കുകയല്ല, മറിച്ച് ആ സ്ക്കൂളിൽ ആകെ ഉണ്ടാകുന്ന ഭാഷാപിരീഡുകൾ പരമാവധി പങ്കുവെച്ച് പഠിപ്പിക്കുകയാണ്. 30 /36 പിരീഡ് ആണ് ഭാഷാപഠനത്തിനായി ഉള്ളതെങ്കിൽ 12/14 പിരീഡ് വരെ ജൂനിയർ അധ്യാപകർ എടുക്കും. ശേഷിക്കുന്ന 18/24 പിരീഡുകൾ സീനിയർ അധ്യാപകരും എടുക്കും. ഇതാണ് യാഥാർത്ഥ്യം.  മൂന്ന് പിരീഡിൻ്റെ ഇല്ലാത്ത കണക്കും വിദ്യാഭ്യാസത്തിലെ സാമ്പത്തികബാധ്യതയും നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നവർക്ക്  തിരിച്ചറിയാൻ കഴിയാത്തത് സ്കൂളുകളുടെ അക്കാദമിക വ്യവസ്ഥയും അതിൽ അധ്യാപകർക്കുള്ള നാനാതരം ഉത്തരവാദിത്വങ്ങളുമാണ്. യഥാർത്ഥത്തിൽ ഈ കണക്കുകളുടെ വെളിച്ചത്തിൽ മാത്രമല്ല, ഭാഷാപഠനത്തോട് പലതരത്തിൽ  വെച്ചുപുലർത്തുന്ന അതിനീചമായ വിവേചനത്തിൻ്റെ ഫലമായിട്ടുകൂടിയാണ് ഈ തസ്തികകൾ ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ നിർത്തൽ ചെയ്യുന്നത്.

ഭാഷാപഠനത്തോടുള്ള
നാണംകെട്ട വിവേചനങ്ങൾ

മറ്റെല്ലാ വിഷയങ്ങൾക്കും ബാച്ചുകൾ കണക്കാക്കിയാണ് ഹയർ സെക്കൻ്ററിയിൽ  അധ്യാപക തസ്തിക അനുവദിക്കുന്നത്. ഒരു സയൻസ് ബാച്ചുണ്ടെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങൾക്കൊക്കെ എത്ര അധ്യാപകർ വേണമെന്ന കണക്കുണ്ട്. ഹ്യുമാനിറ്റീസ് ആണെങ്കിൽ ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി എന്നിങ്ങനെയും കൊമേഴ്സ് ആണെങ്കിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നിങ്ങനെയും കൃത്യമായും അത് നിശ്ചയിച്ചിട്ടുണ്ട്. മാതൃഭാഷയടക്കമുള്ള രണ്ടാം ഭാഷകൾക്ക് മാത്രം ഇതു ബാധകമല്ല! രണ്ടാംഭാഷകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് മലയാളമാണ്. പക്ഷേ, സംസ്കൃതത്തിനും ഉറുദുവിനും ലാറ്റിനും ഒപ്പമാണ് മാതൃഭാഷയായ മലയാളത്തെ ഹയർ സെക്കൻ്ററിയിൽ സ്ഥാനപ്പെടുത്തിയിരിക്കുന്നത്. അവിടെയാണ് മാതൃഭാഷയോടുള്ള ഏറ്റവും കടുത്ത അനീതി നിലനിൽക്കുന്നത്.

പി. പ്രേമചന്ദ്രൻ

മറ്റു വിഷയങ്ങൾ പഠിക്കാൻ ഒരു ബാച്ചിൽ 50  കുട്ടികൾ മതിയെങ്കിൽ രണ്ടാംഭാഷാ ക്ലാസ്മുറിയിൽ അത് 60 വേണം. രണ്ടു ബാച്ചുകൾ സ്കൂളിൽ ഉണ്ടെങ്കിൽ അവിടെ മറ്റെല്ലാ തസ്തികയും നേരത്തേ കൃത്യതപ്പെടുത്തിയ പ്രകാരം ഉണ്ടാവും. ഭാഷാതസ്തിക കണക്കാക്കുമ്പോൾ 120 കുട്ടികൾ വരെ രണ്ടു ബാച്ചായി വേണം ഇരുത്താൻ. എന്തിനാണത്? 50- ൻ്റെ കണക്കു പ്രകാരം അവരെ മൂന്ന് ബാച്ച് ആക്കാമല്ലോ? അറുപത് കുട്ടികളെ, മാർജിനൽ വർദ്ധനവ് പ്രകാരം 75 കുട്ടികളെ, ഒരുമിച്ചിരുത്താൻ നിർദ്ദേശിക്കുന്ന ഒരു ക്ലാസ് മുറിയിലേക്കാണ് ഇനിയും ശിശുകേന്ദ്രിതവും പ്രക്രിയാധിഷ്ഠിതവുമായ പുതിയ പാഠ്യപദ്ധതിപരിഷ്കരണങ്ങൾ  കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇതിലും വലിയ വിരോധാഭാസമെന്തുള്ളൂ.

യഥാർത്ഥത്തിൽ, ഈ അറുപതിൻ്റെ കണക്ക് തസ്തികനിർണ്ണയ ഉപാധി എന്ന നിലയ്ക്ക് പറഞ്ഞുവെന്നേയുള്ളൂ. ഒരു ബാച്ചിൽ 30% വിദ്യാർത്ഥികളാണ്, കഴിഞ്ഞ പത്തുവർഷമായി തുടരുന്നതു പോലെ ഇക്കുറിയും സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. അപ്പോൾ ഒരു ക്ലാസിൽ എഴുപതോ എൺപതോ കുട്ടികൾ ഉണ്ടാവും. എന്നാൽ ഇവരെ വിദ്യാർത്ഥികളായി പരിഗണിക്കുന്നുണ്ടോ? ഇല്ല. അധികം വന്നവർ ഒരു ചെലവും വരുത്താതെ ക്ലാസിൽ ഇരുന്നാൽ മതി. അവരെ അധ്യാപകതസ്തിക നിർണയത്തിനും മറ്റും പരിഗണിക്കുകയില്ല. പരിഗണിക്കുന്നത് ആദ്യം ക്ലാസിൽ ചേർന്ന 50 പേരെ മാത്രം. അതിൽ 30 പേർ ഹിന്ദി രണ്ടാം ഭാഷയായി എടുത്തെങ്കിൽ കണക്കിൽ ശേഷിക്കുന്നത് 20 പേർ. എന്നാൽ മലയാളം ക്ലാസിലോ, അധികം ചേർന്ന 30% പേർ അടക്കം നാൽപ്പതോളം പേർ. ഇങ്ങനെ രണ്ടു ബാച്ചു ചേർന്നാണ് ക്ലാസ് നടക്കുക. ക്ലാസിൽ 75 ഉം 80 ഉം പേർ. കണക്കിൽ പക്ഷേ 40 പേർ. ഈ കണക്കെടുത്താണ് മലയാളം പഠിക്കാൻ കുട്ടികളില്ലെന്നും അതുകൊണ്ട് 46 സ്കൂളിലെ മലയാളം ജൂനിയർ പോസ്റ്റുകൾ നിർത്തലാക്കുകയാണ് എന്നും വകപ്പു പറയുന്നത്. എങ്ങനെയാണ് ഒരു ക്ലാസിൽ ആദ്യം വന്നവർ, അവസാനം വന്നവർ എന്ന് കുഞ്ഞുങ്ങളെ തരംതിരിക്കുന്നത്? അവസാനം വന്നവർക്ക് ബുദ്ധി കുറവായിരിക്കും എന്ന മുൻവിധിയാണോ അവരെ ആ കണക്കിലും പെടുത്തേണ്ട എന്ന് തീരുമാനിക്കാൻ കാരണം?

കുട്ടികളുടെ എണ്ണത്തെയും അധ്യാപക തസ്തികയെയും കൂട്ടിക്കെട്ടുമ്പോൾ അത് അക്കാദമികമായി നമ്മെ എത്രമാത്രം ദുർബലരാക്കും എന്നാണ് കരുതുന്നത്? നിങ്ങൾ പഠിപ്പിക്കുന്ന വിഷയത്തിൽ കുട്ടികൾക്ക് ലഭിക്കുന്ന സ്കോറാണ് നിങ്ങളുടെ അധ്യാപക തസ്തിക അവിടെയുറപ്പിക്കുന്നതെങ്കിൽ നിങ്ങൾ അക്കാദമിക നിലവാരത്തിൻ്റെ കാര്യത്തിൽ ശാഠ്യം പിടിക്കുമോ? അല്ല, എങ്ങനെയെങ്കിലും തൻ്റെ വിഷയം പഠിക്കുന്നവർക്ക് മുഴുവൻ സ്കോറും ലഭിക്കുന്നതിനുള്ള വഴികൾ ആലോചിക്കുമോ? കേരളത്തിൽ മാതൃഭാഷാപഠനം നേരിടുന്ന വലിയ വെല്ലുവിളിയാണിത്. ആ ദൗർബല്യത്തെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ഈ ഉത്തരവ്. കുട്ടികൾ കുറഞ്ഞു, പിരീഡ് കുറഞ്ഞു, അതു കൊണ്ട് നിങ്ങളുടെ തസ്തികയില്ലാതായി എന്ന് ഇന്നുതന്നെ നിങ്ങളോട് പറയുന്നവർ നാളെ ഈ വിഷയം തന്നെ വേണ്ടതില്ല എന്നും പറയാൻ മടിക്കില്ല. ചിലപ്പോൾ ഇപ്പോൾ eജാലി ചെയ്യുന്നവരെ ഓഫീസുകളിൽ സഹായിക്കാൻ നിർത്തി അവരെ സമാശ്വസിപ്പിക്കുമായാരിക്കും.

നാളെ ഇത് ഏതു വിഷയത്തിനും വരാവുന്നതാണ്. ഹിന്ദിയോ ഇംഗ്ലീഷോ സംസ്കൃതമോ ഏതെങ്കിലും ഒന്ന് പഠിച്ചാൽ മതി എങ്കിൽ, ഇന്ന് സ്കോർ കിട്ടാൻ പ്രയാസമെന്നു വിചാരിക്കുന്ന ഇംഗ്ലീഷിൽ അടുത്ത ദിവസം മുതൽ സ്കോർ ഒഴുകും. കോർവിഷയങ്ങൾക്കും ഇതു ബാധകം തന്നെ. അടിസ്ഥാനപരമായും ചെയ്യേണ്ടത്, ഇപ്പോൾ സ്കൂളുകളിൽ  നിലനിൽക്കുന്ന തസ്തിക നിജപ്പെടുത്തി അവ കുട്ടികളുടെ എണ്ണത്തിൻ്റെ പ്രശ്നമല്ലാതെ എക്കാലത്തേക്കും നിലനിർത്തുക എന്നതാണ്.

സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിപ്പിക്കുന്ന കേരളത്തിലെ എല്ലാ ഹയർ സെക്കൻ്ററി സ്കൂളുകളിലും 50 കുട്ടികൾ വീതമുണ്ടോ? കുട്ടികളുടെ എണ്ണം കുറഞ്ഞാൽ അവിടെ അധ്യാപകതസ്തികകൾ ഇല്ലാതാവുന്നുണ്ടോ? ഇല്ല. കാസർഗോഡ് ജില്ലയിൽ പടന്ന കടപ്പുറത്ത് ഒരു ഗവ. സ്കൂളുണ്ട്. അവിടെ കഴിഞ്ഞ എത്രയോ വർഷങ്ങളായി സയൻസ് ബാച്ചിൽ നാലും അഞ്ചും കുട്ടികളാണ്. മൂന്നു കുട്ടികൾ വരെ ഉണ്ടായിരുന്ന വർഷങ്ങളുണ്ട്. അവരെ പഠിപ്പിക്കാനായി അഞ്ചോ ആറോ സീനിയർ ശാസ്ത്രാധ്യാപകർ അവിടുണ്ട്. പയ്യന്നൂരിനടുത്ത കോറോം ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ട് കോംബിനേഷനിലുള്ള ഹ്യുമാനിറ്റീസ് ബാച്ചുണ്ട്. രണ്ടിലും കൂടി ഒരു ബാച്ചിൻ്റെ ആളുകളേയുള്ളൂ. ഇത്രയും കാലമായും അവ തുടരുന്നില്ലേ? അതു നിർത്തണമെന്നല്ല. ഇവമാത്രമല്ല സംസ്ഥാനത്ത് എത്രയോ സ്കൂളുകളിൽ പത്തും ഇരുപതും പേർക്കായി സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകൾ നടത്തുന്നുണ്ട്. അവിടെ ഓരോ കോഴ്സിനും ഉള്ള കൃത്യം അധ്യാപകർ പ്രവർത്തിക്കുന്നുണ്ട്. അതായത് കോർവിഷയങ്ങൾക്ക് എത്ര കുറഞ്ഞാലും പ്രശ്നമല്ല. അത് തസ്തികയെയോ അവിടെ ജോലിചെയ്യുന്നവരുടെ ജീവിതത്തെയോ ബാധിക്കുന്നില്ല. എന്നാൽ ക്ലാസിൽ നിറച്ചും കുട്ടികളുണ്ടായിട്ടും സാങ്കേതികവും സാമ്പത്തികവുമായ കാരണങ്ങൾ കണ്ടെത്തി ഭാഷാവിഷയങ്ങളുടെ തസ്തികകൾ ഇല്ലാതാക്കുകയാണ്. ഭാഷയോടുള്ള സമീപനത്തിൻ്റെ പ്രശ്നം തന്നെയാണിത്. എപ്പോഴും മുറിച്ചു മാറ്റാവുന്ന ദുർബലവും അനാവശ്യവുമായ ഒരവയവം എന്ന നിലക്കാണ് ഹയർ സെക്കൻ്ററിയിലെ രണ്ടാം ഭാഷകളുടെ ഇപ്പോഴത്തെ നിലനിൽപ്പ്. അതുകൊണ്ടാണ് ഇത്രയും കാലം ജോലി ചെയ്തിരുന്ന തസ്തികകൾ ആരുടെയൊക്കെയോ കണക്കെടുപ്പിൻ്റെയും റിപ്പോർട്ടിൻ്റെയും പേരിൽ ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷമാകുന്നത്. അവിടെ ജോലി ചെയ്ത അധ്യാപകർ നൂറും ഇരുനൂറും കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് ജീവിതത്തിൻ്റെ കുറ്റിയും പറിച്ച് ഓടേണ്ടിവരുന്നത്. ഈ വിഷയത്തെ ഇവിടുത്തെ അധ്യാപക സംഘടനകൾ എങ്ങനെയാണ് അഭിമുഖീകരിക്കുക? എന്ത് കാരണമാണ്  ഇതിനുത്തരമായി അധ്യാപകരോട്  അവർക്ക് പറയാനുണ്ടാവുക?

അവസാനിപ്പിക്കാം,
പാഠ്യപദ്ധതി ഗീർവാണങ്ങൾ

പാഠ്യപദ്ധതിപരിഷ്കരണത്തിൻ്റെ തിരക്കിലാണ് അക്കാദമികരംഗത്തെ ഇടതുബുദ്ധിജീവികൾ. അവരിതറിഞ്ഞിരുന്നോ എന്തോ? ഹയർ സെക്കൻ്ററി ക്ലാസ് മുറിയിൽ 50 കുട്ടികൾ തന്നെ അധികമാണ് എന്നാണ് ഈ രംഗത്തെ മനീഷികൾ അടുത്ത കാലത്ത് വെളിപ്പെടുത്തിയത്. പുതിയ ക്ലാസ് മുറിയിൽ മുപ്പതും നാൽപ്പതും കുട്ടികൾ മാത്രമേ ഉണ്ടാകാവൂ എന്ന് ജ്ഞാനനിർമ്മിതിയിൽ തൊട്ടു സത്യംചെയ്യുന്നവരാണവർ. അവരിൽ കരിക്കുലം കമ്മിറ്റി അംഗങ്ങളുമുണ്ട്. അക്കാദമികമികവിൻ്റെ പൊൻതൂവലുള്ളവർ ഇപ്പോൾ സുപ്രധാനമായ എല്ലാ വിദ്യാഭ്യാസപടവുകളിലും ഇരിപ്പുണ്ട്. എല്ലാ കമ്മറ്റികളിലും അവരുണ്ട്. അവർക്കറിയാത്തതല്ല ഇതൊന്നും. ക്ലാസ് മുറിയിൽ മലയാളം പഠിക്കാൻ കുഞ്ഞുങ്ങൾ ഇടതൂർന്നിരിക്കെ ആ കുഞ്ഞുങ്ങളെയെല്ലാം കണക്കിൽ നിന്ന് തന്ത്രപൂർവ്വം ഒഴിവാക്കി, ആദ്യം പ്രവേശനം നേടിയ 'മിടുക്കരായ' വിദ്യാർത്ഥികളുടെ ഇഷ്ടാനിഷ്ടങ്ങൾ മാത്രം ആരായുകയും അവരുടെ താൽപ്പര്യപ്രകാരം സ്കൂളുകളിൽ അധ്യാപകതസ്തികകൾ പോലും അനുവദിക്കുകയും ചെയ്യുന്നതിലെ വരേണ്യത പക്ഷേ ഇന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. മാതൃഭാഷാവിവേചനത്തിൻ്റെ ഉദ്യോഗസ്ഥപാഠങ്ങളെ കേവലം കാഴ്ചക്കാർ എന്ന നിലയിൽ നോക്കിക്കണ്ട് തങ്ങളുടെ ബൗദ്ധികവിനിമയത്തിനുള്ള അവസരമെന്ന നിലവിൽ അവർ പാഠ്യപദ്ധതിച്ചർച്ചകളെ തരംതാഴ്ത്തരുത് എന്ന അപേക്ഷമാത്രം. സംവിധാനങ്ങളുടെ പിഴവുകളെ തങ്ങളുടെ ബാധ്യതകളിൽ നിന്നൊഴിവാക്കുകയും സൈദ്ധാന്തികമായ ചുവന്ന പരവതാനിയിലൂടെ അല്ലലില്ലാതെ ഒഴുകുകയും ചെയ്യുന്ന അവരുടെ ഇരട്ടത്താപ്പുകൾ, സ്വന്തം ജീവിതത്തിൻ്റെ അടിസ്ഥാനം നഷ്ടപ്പെടുന്ന മനുഷ്യർ ചോദ്യം ചെയ്യുകതന്നെ ചെയ്യും. അഭിനവ വിദ്യാഭ്യാസവിചക്ഷണർ അവരുടെ ബുദ്ധിയും വിവേകവും ഭരണാധികാരികൾക്കും ഉദ്യാഗസ്ഥപ്രഭുക്കൾക്കും പണയം വെക്കുകകൂടി ചെയ്യുന്നതു കൊണ്ടാണ് ഇത്രയും മലീമസമായ നടപടികൾ മാതൃഭാഷയ്ക്കെതിരായും അധ്യാപകർക്കെതിരായും ഉണ്ടാവുന്നത് എന്ന്  നിങ്ങളൊഴികെ മറ്റെല്ലാവരും മനസ്സിലാക്കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയുക.

യുവജനപ്രസ്ഥനങ്ങൾ
ഏറ്റെടുക്കുമോ?

ഇല്ലാതാവുന്ന 46 അധ്യാപക തസ്തികകൾ ഇപ്പോൾ സർവീസിലിരിക്കുന്ന അധ്യാപകരുടെ സ്ഥലംമാറ്റപ്രശ്നം മാത്രമല്ല എന്ന് തിരിച്ചറിയേണ്ടത് ഇവിടത്തെ യുവജനപ്രസ്ഥാനങ്ങളാണ്. ഇല്ലാതാവുന്നത് ഇന്നലെവരെയുണ്ടായിരുന്ന അത്രയും തസ്തികകളാണ്. ആ തസ്തികകളിലേക്ക് പരീക്ഷയെഴുതി അഭിമുഖവും കഴിഞ്ഞ് തൊഴിലിനായി കാത്തിരിക്കുന്ന അനേകം ചെറുപ്പക്കാരുണ്ട്. അവരുടെ എത്രയോ കാലത്തെ പ്രതീക്ഷയുണ്ട്. അവരോട് ഉത്തരം പറയാൻ, ഏതു പക്ഷത്തായാലും നിങ്ങൾ ബാധ്യസ്ഥരാണ്. തസ്തികകൾ ഉണ്ടാക്കപ്പെടുക എന്നത് നിസ്സാരമായ കാര്യമല്ല. നിർത്തലാക്കിയവ എളുപ്പം പുനഃസ്ഥാപിക്കാനും കഴിയില്ല. കേരളത്തിലെ സർവ്വകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിനും അധ്യാപക വിദ്യാഭ്യാസത്തിനും ചേരുന്ന അനേകം ചെറുപ്പക്കാരുടെ പ്രതീക്ഷ സർക്കാർ മേഖലയിൽ, പ്രത്യേകിച്ചും ഹയർ സെക്കൻ്ററി വിദ്യാഭ്യാസ മേഖലയിൽ ഇന്നു കാണുന്ന വലിയ തൊഴിലവസരം തന്നെയാണ്. അത് സൃഷ്ടിച്ചത് ഇവിടുണ്ടായിരുന്ന ഇടതുപക്ഷ സർക്കാരുകളാണ് എന്നതും മറക്കാവതല്ല. എന്നാൽ ഇന്ന് അവ പലകാരണങ്ങളാൽ ഇല്ലാതാക്കപ്പെടുകയാണ്. 

സാങ്കേതികമായ കാര്യങ്ങൾ എടുത്തുകാട്ടി മാതൃഭാഷയടക്കമുള്ള ഭാഷാവിഷയങ്ങളെ അവഗണനയിലേക്കും അവയുടെ നിലനിൽപ്പുതന്നെ അസാധ്യമാക്കുന്ന നടപടികളിലേക്കും ഇവിടത്തെ ഭരണകൂടമോ അതിനെ തെറ്റായ വഴികളിലൂടെ നയിക്കുന്ന ഉദ്യോഗസ്ഥരോ കൊണ്ടുപോകുമ്പോൾ തീർച്ചയായും അതിൻ്റെ കാഴ്ചക്കാർ മാത്രമായി നിങ്ങൾ മാറരുത്. ഹയർ സെക്കൻ്ററി ഭാഷാ ക്ലാസ് മുറിയിൽ ഏറ്റവും മികച്ച സാഹിത്യരചനകളും സിനിമകളും മറ്റും കണ്ടും കേട്ടും അനുഭവിച്ചുമാണ് നാളെയുടെ ഇവിടുത്തെ സർഗ്ഗാത്മക യുവത്വം വളരേണ്ടത്. അവരിൽ സാമൂഹികബോധം മുറ്റിനിൽക്കേണ്ടത്. കേവലം കോർവിഷയങ്ങൾ മാത്രം കാണാപ്പാഠം പഠിച്ചാൽ മതി എന്നാണ് വിദ്യാഭ്യാസ വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരായ  അഭിനവസാമ്പത്തിക വിദഗ്ധർക്ക്, അവർ അക്കാദമിക വിദഗ്ധരേയല്ല എന്ന് നിരന്തരം തെളിയിച്ചു കൊണ്ട് പറയുക എളുപ്പമാണ്. ആ തീരുമാനങ്ങൾ നാളെ ചിലപ്പോൾ മൃതമായ ഒരു കേരളീയ യൗവ്വനത്തെയാണ് സംഭാവന ചെയ്യുന്നതെങ്കിൽ അത് ഇല്ലാതാക്കുക ഇവടുത്തെ യുവജനപ്രസ്ഥാനങ്ങളെക്കൂടിയാണ്. അതുകൊണ്ടാണ് തുടക്കത്തിൽ പറഞ്ഞത്, ഹയർ സെക്കൻ്ററിയിൽ 46 മാതൃഭാഷാ തസ്തികകൾ നിർത്തലാക്കുന്ന തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന്.

Comments