പൊളിച്ചെഴുതണം,  നമ്മുടെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍

ലോകത്തെമ്പാടും ചരിത്രപഠനവും സാമൂഹ്യശാസ്ത്ര പാഠ്യപദ്ധതിയും വിവാദങ്ങളുടെ വിളഭൂമിയാണ്. അതതുകാലത്തെ ഭരണകൂടങ്ങളുടെ താത്പര്യങ്ങള്‍ ഈ പാഠപുസ്തകങ്ങളിലാണ് കൂടുതലും പ്രകടമാകുന്നത്. ഭാവിതലമുറയുടെ സാമൂഹിക അവബോധം നിര്‍ണയിക്കുന്നതില്‍ ഇടപെടാനുള്ള വ്യഗ്രതയാണ് ഇതിനു പിന്നിലുള്ളത്.

പാഠ്യപദ്ധതി പരിഷ്‌ക്കരണവും സിലബസ് തയ്യാറാക്കലും നടക്കുന്ന ഘട്ടങ്ങളില്‍ ഭരണകൂടത്തിന്റെ അഭിലാഷങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും വിഷയമാകുന്നു. ബഹുസ്വരതകള്‍ നിറഞ്ഞ ഇന്ത്യന്‍ സമൂഹത്തെ സ്വന്തം നിലയില്‍ നിര്‍വചിക്കാന്‍ ഓരോ കക്ഷിയും ജാഗരൂകരാകുന്നു. തെറ്റുകള്‍ മറച്ചുപിടിക്കാനും നിലപാടുകള്‍ സാധൂകരിക്കാനും തലയെടുപ്പു പ്രകടിപ്പിക്കാനും ചരിത്രത്തില്‍ ഇടം കണ്ടെത്തേണ്ടത് ആവശ്യമാണ്. തങ്ങള്‍ക്കനുകൂലമല്ലാത്ത എല്ലാ ചരിത്രവസ്തുതകളും ഒറ്റയടിക്ക് പാഠ്യപദ്ധതിയില്‍നിന്ന് ഉപേക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ ധൈര്യപ്പെടാറില്ല. ചെറിയ ഡോസുകളായി തങ്ങളുടെ താത്പര്യങ്ങള്‍ നിഴലിക്കുന്ന ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളുമാണ് പലപ്പോഴും പ്രായോഗികമാകുന്നത്. അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറൻറ്​ ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെങ്കിലും സംസ്ഥാനങ്ങളെ അറിയിക്കാൻ മാത്രം പ്രസക്തമായ മാറ്റമൊന്നും പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ വരുത്തിയിട്ടില്ല എന്ന എന്‍.സി.ആര്‍.ടിയുടെ വിശദീകരണം പുറത്തിറങ്ങിയതും. 

ഗാന്ധിയും ആസാദും മുഗള്‍ ഭരണവും അടിയന്തരാവസ്ഥയും ഗുജറാത്ത് വംശഹത്യയും നക്‌സലൈറ്റ് പ്രസ്ഥാനവും ഭാഗികമായോ പൂര്‍ണമായോ പാഠപുസ്തകങ്ങളില്‍നിന്ന് അപ്രത്യക്ഷമാവുമ്പോള്‍ അത് ആരുടെ താത്പര്യമാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാവും. ഗാന്ധി വധത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് ഗാന്ധി എന്നും കാലില്‍ തറച്ച മുള്ളാണ്. നിവര്‍ന്നു നടക്കാന്‍ സാധിക്കാത്തതരത്തില്‍ അത് അവരെ കുത്തിനോവിച്ചുകൊണ്ടേയിരിക്കുന്നു. ഗാന്ധിവധം നടക്കുമ്പോള്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേല്‍, തങ്ങള്‍ ഗാന്ധിയെക്കാളും നെഹ്രുവിനേക്കാളും ഉയരമുള്ള പ്രതിമതീര്‍ത്തുകൊണ്ടു സ്വന്തമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തി, ആസാദിന്റെ  ‘ഇന്ത്യ സ്വതന്ത്രമാകുന്നു' (India Wins Freedom) എന്ന പുസ്തകത്തില്‍ ഗാന്ധി വധം തടയാന്‍ വേണ്ട രീതിയില്‍ ഇടപെടാതിരുന്ന ആളായി മാറുന്നുണ്ട്. തങ്ങളുടെ കാലിലെ മുള്ളിനെ ഒന്നുകൂടി അമര്‍ത്തി വേദനിപ്പിക്കുന്ന ആസാദ് അതുകൊണ്ടുതന്നെ അസ്വീകാര്യനാവുമല്ലോ.  ‘വിദേശ അക്രമികളായ മുഗളന്മാരെ' പാഠപുസ്തകത്തില്‍നിന്ന് തുരത്തുമ്പോള്‍ ഒരു യുദ്ധം ജയിച്ച പരോക്ഷലബ്ധമായ അനുഭൂതി (vicarious pleasure) ആണ് അവര്‍ അനുഭവിക്കുന്നത്.

അടിയന്തരാവസ്ഥയുടെ ഓര്‍മകള്‍ക്ക് സമാനമോ അതിനെ കടത്തിവെട്ടുന്നതോ ആയ ഭരണകൂട ഭീകരത അരങ്ങേറുമ്പോള്‍ ഇന്ത്യാചരിത്രത്തിലെ ആ കറുത്ത അധ്യായം മറച്ചുപിടിക്കേണ്ടത്  ആവശ്യം ആര്‍ക്കാണ് എന്നും ഊഹിക്കാവുന്നതേയുള്ളു. നക്സലൈറ്റുകള്‍ ബാക്കിയായ ഇടങ്ങളില്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടും ദശകങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച വസന്തത്തിന്റെ ഇടിമുഴക്കത്തെ അവര്‍ ഭയപ്പെടുകയാണ്. ചരിത്രം എത്ര അപകടം പിടിച്ച ഏര്‍പ്പാടാണെന്ന് ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ കിടന്നവര്‍ പെട്ടെന്ന് തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ക്കനുകൂലമായ ഒരു ചരിത്രം പതിയെപ്പതിയെ നിര്‍മിച്ചെടുക്കാന്‍ അവസരം കിട്ടുമ്പോഴൊക്കെ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.

സ്‌കൂള്‍തല സാമൂഹ്യശാസ്ത്ര പഠനം

Teaching history is understood to be an engaging process that calls for both teachers and learners to be co-creators of the learning environment.
- John Dewey

‘പൂര്‍ണമായും മുഴുകി ഏര്‍പ്പെടേണ്ടുന്ന ഒരു പ്രക്രിയയായാണ്ചരിത്രബോധനം. അധ്യാപകരും വിദ്യാര്‍ഥികളും അത്തരമൊരു പഠനാന്തരീക്ഷത്തിന്റെ സഹ സ്രഷ്ടാക്കളായി മാറണം എന്നതും അതാവശ്യപ്പെടുന്നു’- ജോണ്‍ ഡ്യൂയീയുടെ ഈ വാക്യം നമ്മുടെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ചരിത്രം എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നുള്ളതിന്റെ മികച്ച സൂചനയാണ്. ‘മുഴുകുക', ‘പ്രക്രിയ', ‘സഹ- സൃഷ്ടാക്കള്‍',  ‘പഠനാന്തരീക്ഷം' എന്നീ സംജ്ഞകള്‍ ചരിത്രബോധന ക്ലാസുമുറികളുടെ മുദ്രാവാക്യമായി (motto) മാറേണ്ടുന്നതാണ്. എന്നാല്‍ വിവരങ്ങള്‍ കുത്തിനിറച്ച് പ്രക്രിയയെ അപ്രസക്തമാക്കുന്നതരത്തില്‍ കേവലം വിവരകൈമാറ്റം (information transfer) മാത്രം നടക്കുന്ന ഇടങ്ങളായി ചരിത്ര ബോധന ക്ലാസ് മുറികള്‍ മാറിയിരിക്കുകയാണ്. അധ്യാപകരുടെ അഭിപ്രായങ്ങള്‍ക്കു ചെവികൊടുക്കാതെ, വിദ്യാര്‍ഥികളെ പരിഗണിക്കാതെ, വിവരങ്ങള്‍ കുത്തിനിറച്ച് ക്ലാസ് മുറികളില്‍ വിനിമയം ചെയ്യുകയാണ്. ‘പഠനത്തില്‍ മുഴുകലും' ‘പഠനാന്തരീക്ഷത്തിന്റെ  സഹസ്രഷ്ടാക്കളായിമാറുന്ന അധ്യാപകരും വിദ്യാര്‍ഥികളുമൊക്കെ' സ്വപ്നങ്ങള്‍ മാത്രം.  

സോഷ്യല്‍ സയന്‍സ് എന്ന വിശാലസംജ്ഞയ്ക്ക് അകത്താണ് നമ്മുടെ പാഠ്യപദ്ധതിയില്‍ ചരിത്രം, രാഷ്ട്രതന്ത്ര ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, വാണിജ്യ ശാസ്ത്രം, സമൂഹശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ ആറു വിഷയ മേഖലകള്‍ കുത്തിനിറച്ചിരിക്കുന്നത്. ഈ വിഷയങ്ങളൊക്കെ ഹയര്‍ സെക്കന്ററിയില്‍ പ്രത്യേക വിഷയമായി പഠിപ്പിക്കുന്നുണ്ട് എന്നതാണ് പലപ്പോഴും ഈ കരിക്കുലം ലോഡിന് കാരണമായി പറയാറുള്ളത്. ആന്ത്രപ്പോളജിയും ഫിലോസഫിയുമൊക്കെ ഹയര്‍ സെക്കന്ററിയില്‍ പ്രത്യേക വിഷയമായി പഠിപ്പിക്കുന്നുണ്ട്. ഭാഗ്യവശാല്‍ ആ വിഷയങ്ങള്‍ പഠിക്കേണ്ടുന്ന അവസ്ഥ ഹൈസ്‌കൂള്‍ കുഞ്ഞുങ്ങളുടെമേല്‍ ഇതുവരെ അടിച്ചേല്‍പ്പിച്ചിട്ടില്ല. 
സാമൂഹ്യശാസ്ത്ര പഠനത്തിന്റെ വിശാല ലക്ഷ്യങ്ങള്‍ വിസ്മരിക്കപ്പെടുകയും ഓരോ യൂണിറ്റിന്റെയും ഔട്ട് കം മാത്രം ഫോക്കസ് ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് എല്ലാ സ്‌കൂള്‍ വിഷയങ്ങളുടേയും പഠന ബോധന പ്രക്രിയകള്‍ക്കെന്നപോലെ സാമൂഹ്യശാസ്ത്രത്തിലും അപചയം സംഭവിക്കാന്‍ കാരണം. താന്‍ ജീവിക്കുന്ന സമൂഹം രൂപപ്പെട്ടുവന്ന വഴിയും അതിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വികാസപരിണാമങ്ങളും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുക വഴി സാമൂഹിക ബോധവും പൗരബോധവുമുള്ള വ്യക്തിയായി വളരാന്‍ ഒരു വിദ്യാര്‍ഥിയെ പ്രാപ്തനാക്കുക എന്നതാണ് സാമൂഹ്യശാസ്ത്ര പഠനത്തിന്റെ അടിസ്ഥാന ലക്ഷ്യമായി മാറേണ്ടത്. വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യം പരീക്ഷാ വിജയവും ഉയര്‍ന്ന സ്‌കോറും നേടുക എന്നായി മാറുമ്പോള്‍ പാഠപുസ്തകം കമ്പോടുകമ്പ് വിനിമയം ചെയ്യുക എന്നത് മാത്രമായി  അധ്യാപനം മാറുന്നു. പഠനമാവട്ടെ ക്ലാസ് നോട്ടുകള്‍ എഴുതിയെടുത്ത് ഹൃദിസ്ഥമാക്കലും അസൈന്‍മെൻറ്​സ്​ എഴുതിത്തീര്‍ക്കലും മാത്രമായി മാറുന്നു. ജ്ഞാനനിര്‍മിതിവാദവും സാമൂഹികജ്ഞാനനിര്‍മിതി വാദവും വിമര്‍ശനാത്മക ബോധനവും നമ്മുടെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിട്ട്  രണ്ടു ദശകത്തോളമായി. എന്നാല്‍ കരിക്കുലം ലോഡ് കാരണം ഈ ബോധന രീതിശാസ്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ഒരു വിഷയമായി മാറിയിരിക്കുകയാണ് സാമൂഹിക ശാസ്ത്രം. കൊട്ടിഘോഷിക്കപ്പെട്ട സാമൂഹ്യ ജ്ഞാനനിര്‍മിതിയില്‍ അധിഷ്ഠിതമായ പഠനമോ വിമര്‍ശനാത്മക ബോധനരീതിയോ നമ്മുടെ സെക്കന്ററി / ഹയര്‍ സെക്കന്ററി സ്‌കൂള്‍ സാമൂഹ്യശാസ്ത്ര ക്ലാസ് മുറികളില്‍ പ്രയോഗത്തില്‍ വരുത്താന്‍ നിപുണരായ അധ്യാപകര്‍ പോലും പെടാപ്പാടു പെടുകയാണ്. 

കേരളം പോലുള്ള ഒരു സംസ്ഥാനം കാലാന്തരത്തില്‍ രൂപപ്പെട്ടുവന്നതിന്റെ ചരിത്രം പോലും പഠിച്ചുതീര്‍ക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് നമുക്കറിയാം. അപ്പോള്‍ പിന്നെ നമ്മുടെ രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും ചരിത്രം എത്രകാലമെടുത്താലാണ് പഠിച്ചുതീരുക? ചരിത്രപഠനത്തിന്റെ രീതിശാസ്ത്രം എന്താവണം എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാവുക എന്നതാണ് നിര്‍ണായകം. ഇതിനു പുറമെയാണ് സെക്കന്ററി സ്‌കൂളുകളില്‍ രാഷ്ട്രതന്ത്രം, സാമ്പത്തിക ശാസ്ത്രം, വാണിജ്യ ശാസ്ത്രം, സമൂഹ ശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയും പഠിപ്പിച്ചുതീര്‍ക്കേണ്ടത്. സാമൂഹ്യ ജ്ഞാനനിര്‍മിതിയില്‍ അധിഷ്ഠിതമായ പഠനരീതിയെക്കുറിച്ചും വിമര്‍ശനാത്മക ബോധന സമ്പ്രദായങ്ങളെക്കുറിച്ചും പാഠ്യപദ്ധതി രൂപപ്പെടുത്തുന്നവര്‍ ചിന്തിക്കുന്നേയില്ലേ എന്ന സംശയമാണ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തങ്ങളിലെ കരിക്കുലം ലോഡ് കാണുമ്പോള്‍ തോന്നുക. 

പഠന ഉത്പന്നത്തെക്കാളും പഠന ബോധന പ്രക്രിയയ്ക്ക് ഊന്നല്‍ കൊടുക്കുന്നതരത്തിലാവണം പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ പ്രക്രിയാബന്ധിതമായി ക്ലാസുമുറികളില്‍ വിനിമയം ചെയ്യാന്‍ ഏറെ തടസ്സങ്ങളുള്ളതാണ്. ചര്‍ച്ച /സംവാദം, സെമിനാര്‍, കുറിപ്പ് തയ്യാറാക്കല്‍, ചാര്‍ട്ട് നിര്‍മാണം, പട്ടികപ്പെടുത്തല്‍, ആല്‍ബം തയ്യാറാക്കല്‍, ചലച്ചിത്ര പ്രദര്‍ശനം, ഐ. സി. ടി ഉപയോഗിച്ചുള്ള പ്രദര്‍ശനം എന്നിങ്ങനെ പല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അധ്യാപക കൈപുസ്തകത്തില്‍ കാണാമെങ്കിലും ഇതിനാവശ്യമായ സമയം, ലഭ്യമായ പീരീഡുകള്‍ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ഇതൊക്കെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുകയാണ് ചെയ്യുന്നത്. കരിക്കുലം ഡിസൈന്‍ ചെയ്യുന്നവരും പാഠപുസ്തക / കൈപുസ്തക നിര്‍മാതാക്കളും ക്ലാസ് റൂം യാഥാര്‍ഥ്യം എന്താണെന്ന് തിരിച്ചറിഞ്ഞു നിലവിലെ സാമൂഹികശാസ്ത്ര പാഠ്യ പദ്ധതി പൊളിച്ചെഴുതണം. ഇല്ലങ്കില്‍ ആര്‍ക്കും താത്പര്യമില്ലാത്ത ഒരു പഠന വിഷയമായി സ്‌കൂളുകളില്‍ അത് ജീര്‍ണാവസ്ഥയില്‍ തുടരും. 

കുട്ടികളുടെ മൂര്‍ത്ത സന്ദര്‍ഭവുമായി ബന്ധിപ്പിച്ചുവേണം സ്‌കൂള്‍ തലത്തിലെ സാമൂഹ്യശാസ്ത്ര പഠനം രൂപപ്പെടുത്തേണ്ടത്. ഉദാഹരണമായി തങ്ങളുടെ വസ്ത്രങ്ങള്‍ എങ്ങിനെ ഉണ്ടായിവന്നു എന്നതിന്റെ ചരിത്രത്തില്‍ നിന്ന് വ്യാവസായിക വിപ്ലവത്തിലേക്കും ഗാന്ധിജി മുന്നോട്ടുവച്ച ഖാദി പ്രസ്ഥാനത്തിലേക്കും അതിന്റെ രാഷ്ട്രതന്ത്രശാസ്ത്രത്തിലേക്കും സാമ്പത്തിക ശാസ്ത്രത്തിലേക്കും കടക്കാവുന്ന തരത്തിലും ഭൂമിശാസ്ത്ര പരമായ വ്യത്യസ്തതകള്‍ കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വസ്ത്രധാരണത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലേക്കും അതിന്റെ വാണിജ്യതാത്പര്യങ്ങളുടെ സാമൂഹിക മാനങ്ങളിലേക്കും കുട്ടികളെ നയിക്കാവുന്ന വിധത്തില്‍ ഉദ്ഗ്രഥിച്ചുമാവണം സാമൂഹിക ശാസ്ത്രം വിനിമയം ചെയ്യപ്പെടേണ്ടത്. ചരിത്രത്തിലെ ഓരോ സന്ദര്‍ഭത്തെയും ചരിത്രാന്വേഷത്തിനും സോഷ്യല്‍ സയന്‍സിലെ അനുബന്ധ വിഷയങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യാനുള്ള സ്​പ്രിങ്​ ബോര്‍ഡ് ആക്കി മാറ്റിയുമാവണം പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കേണ്ടത്. നിലവിലെ പുസ്തകങ്ങളിലെ കാണുന്നപോലെ അനുബന്ധ വിഷയമേഖലകളെ വെള്ളം കടക്കാത്ത അറകളായി കെട്ടിയുയര്‍ത്തിക്കൊണ്ടാവരുത് അത്. എളുപ്പം ചെയ്‌തെടുക്കാവുന്ന ഒന്നല്ല ഈ പ്രവര്‍ത്തനം. എങ്കിലും അത്തരം ഒരു ശ്രമത്തിനു കേരളത്തിലെ ആസന്നമായ പാഠ്യപദ്ധതി തുടക്കമിടും എന്നാശിക്കുന്നു.

എപ്പോഴും തന്റെ ബോധനരീതിശാസ്ത്രത്തില്‍ പുതുവഴികള്‍ അന്വേഷിക്കാറുള്ള എം. എം. സുരേന്ദ്രന്‍ എന്ന അധ്യാപകന്‍ വാസ്‌കോഡ ഗാമ കേരളത്തിലേക്കു വന്ന ഒരു ചരിത്രസന്ദര്‍ഭത്തെ എങ്ങനെയാണ് തന്റെ ക്ലാസ്​ മുറിയില്‍ അവതരിപ്പിച്ചത് എന്ന് അദ്ദേഹത്തിന്റെ റിഫ്ലക്​റ്റീവ്​ നോട്ടില്‍ കുറിച്ചത് കാണുക. കുട്ടികളെ കരിക്കുലം ഡിസൈനര്‍മാര്‍ നിര്‍മിച്ച ഏകപക്ഷീയമായ പ്രശനമേഖലയിലേക്കല്ല, മറിച്ച് അവര്‍ക്ക് ചരിത്രാന്വേഷണത്തില്‍ നേരിടേണ്ടിവരുന്ന മൂര്‍ത്തമായ പ്രശ്‌നങ്ങളിലേക്കാണ് ഈ അധ്യാപകന്‍ നയിക്കുന്നത്.

ഏഴാം ക്ലാസിലെ  ‘വേഷം മാറുന്ന കേരളം',  ‘യൂണിറ്റ് 7’ എന്ന പാഠഭാഗത്തിലെ ഒന്നാമത്തെ മൊഡ്യൂള്‍ പഠിപ്പിക്കുന്ന സന്ദര്‍ഭം.

കേരളത്തിന്​ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്ന വായനക്കുറിപ്പു വായിക്കുന്നു. തുടര്‍ന്ന്,

  • വാസ്‌ഗോഡ ഗാമയുടെ ചിത്രം പ്രൊജക്ട് ചെയ്തു കാണിക്കുന്നു. 

  • ഇത് ആരാണെന്നു ചോദിക്കുന്നു. ഇദ്ദേഹത്തെ കുറിച്ചുളള സൂചന  ‘പുതുവഴിതേടി' എന്ന വയനാക്കുറിപ്പിലുണ്ട്. അതു വായിച്ചു നോക്കാന്‍ ആവശ്യപ്പെടുന്നു. 

  • വാസ്‌ഗോഡ ഗാമ എവിടെ നിന്നാണ് കേരളത്തിലേക്കു വന്നത്?

  • ലോക ഭൂപടം കാണിക്കുന്നു.

  • കുട്ടികള്‍ വാസ്‌ഗോഡ ഗാമയുടെ റൂട്ട് കണ്ടെത്തുന്നു.

  • യാത്രക്കിടയില്‍ ഗാമയും കൂട്ടരും നേരിട്ട പ്രയാസങ്ങള്‍ വിവരിക്കുന്ന വായനാക്കുറിപ്പു വായിക്കുന്നു. ചര്‍ച്ച ചെയ്യുന്നു.

ഗാമയുടെ വരവ് ചിത്രം വരയിലൂടെ ആവിഷ്‌ക്കരിക്കാമോ?
കഴിയില്ല എന്നായിരുന്നു കുട്ടികളുടെ ആദ്യ പ്രതികരണം.
വരയ്ക്കാനുള്ള കുട്ടികളുടെആത്മവിശ്വാസം നഷ്ടപ്പെട്ടതായി തോന്നി.
നിലത്ത് ചോക്കുകോണ്ടാണ് വരയ്‌ക്കേണ്ടത് എന്നുപറഞ്ഞപ്പോള്‍ കുട്ടികള്‍ തയ്യാറായി. കടലാസിനെയും നിറത്തെയുമാണ് അവര്‍ക്ക് പേടി.
കട്ടികളെ നാല് ഗ്രൂപ്പുകളാക്കി.
ഓരോഗ്രൂപ്പിനും വരയ്ക്കാനുള്ള സ്ഥലവും കളര്‍ചോക്കുകളും നല്‍കി. 
നേര്‍ത്ത സംഗീതം കേള്‍പ്പിച്ചു.
അവര്‍ വര ആരംഭിച്ചു. അപ്പോഴാണ് അവര്‍ക്ക് ഒരു നൂറുകൂട്ടം സംശയങ്ങള്‍...

അന്നത്തെ പായക്കപ്പല്‍ എങ്ങനെയായിരുന്നു?
അത് എങ്ങനെയാണ് മുന്നോട്ടു നീങ്ങുന്നത്?
അതില്‍ സാധനങ്ങള്‍ എവിടെയാണ് സൂക്ഷിക്കുന്നത്?
അതിലെ ജോലിക്കാരുടെ വേഷം എന്തായിരുന്നു?

നാലുഭാഗത്തുനിന്നും സംശയങ്ങള്‍. ഞാന്‍ നേരത്തെ സുക്ഷിച്ചുവച്ച പായക്കപ്പലിന്റെയും മറ്റും ചിത്രങ്ങള്‍ പ്രൊജക്ടു ചെയ്തു കാണിച്ചുകൊടുത്തു. എന്നിട്ടും അവരുടെ സംശയങ്ങള്‍ തീര്‍ന്നില്ല.

ഗാമയെ സ്വീകരിക്കാന്‍ കാപ്പാട് കടപ്പുറത്ത് അപ്പോള്‍ ആരായിരുന്നു ഉണ്ടായിരുന്നത്?

സാമൂതിരിയുടെ പടയാളികളുടെ വേഷം എങ്ങനെയായിരുന്നു?

കൈയ്യിലെ ആയുധം എങ്ങനെയുള്ളതായിരുന്നു?

തുടങ്ങി നീണ്ടുപോയ കുട്ടികളുടെ സംശയങ്ങള്‍ എന്നെ വല്ലാതെ കുഴക്കി. കുട്ടികള്‍ ശരിയായ ചരിത്രപഠനത്തിലേക്കു നീങ്ങുകയാണെന്ന് എനിക്കു ബോധ്യപ്പെട്ടു. കുട്ടികള്‍ക്ക് റഫറന്‍സിനായി നല്‍കാവുന്ന വിഭവങ്ങള്‍ ഞാന്‍ വേണ്ടത്ര ശേഖരിച്ചിരുന്നില്ല. ഒരു സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്‍ എന്ന നിലയില്‍ എന്റെ പരിമിതി ബോധ്യപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ക്രിയേറ്റീവ് ഡ്രോയിങ്ങിനുള്ള അവസരങ്ങള്‍ ക്ലാസില്‍ ധാരാളമായി നല്‍കേണ്ടതുണ്ടെന്ന് എന്നെ പഠിപ്പിച്ച ഒരു സന്ദര്‍ഭം.

കരിക്കുലം ലോഡ് എങ്ങനെ കുറയ്ക്കും എന്ന ചോദ്യത്തിന് ഈ ഉദ്ഗ്രഥിത രീതി ഏറെ സഹായകരമാവും. നിരന്തര മൂല്യനിര്‍ണയത്തിന്  കൃത്യമായ ദിശാസൂചനകള്‍ നിലവിലില്ല. അനുബന്ധ വായന സാമഗ്രികള്‍ നല്‍കലും അവയുടെ വിവിധ തരത്തിലുള്ള അവതരണവും (പ്രസംഗം, സ്‌കിറ്റ്, റീഡേഴ്‌സ് തിയ്യറ്റര്‍, മൂട്ട് കോര്‍ട്ട് പോലുള്ളവ) മൂല്യനിര്‍ണയവും വഴി എല്ലാം പാഠപുസ്തകത്തിനകത്ത് കുത്തിനിറയ്ക്കണം എന്ന ചിന്തയെ ഇല്ലാതാക്കാന്‍ കഴിയും. മാത്രമല്ല നിരന്തര മൂല്യനിര്‍ണയത്തെ അത് കൂടുതല്‍ അര്‍ഥവത്താക്കുകയുംചെയ്യും. ഉദാഹരണത്തിന് ഗാന്ധിജിയുടെ ആത്മകഥയുടെ ചില അധ്യായങ്ങളെങ്കിലും വായിക്കാതെ ഒരു കുട്ടിപോലും തന്റെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നില്ല എന്ന് ഉറപ്പിക്കുന്നതുപോലുള്ള മുന്‍ഗണനകള്‍ കരിക്കുലം ഡിസൈന്‍ ചെയ്യുന്നവര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയണം. ആ ഭാഗങ്ങളുടെ ഏറ്റവും അനുയോജ്യമായ അവതരണം എങ്ങിനെ വേണമെന്ന് കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിക്കൊടുക്കണം. ഇത്തരം ആലോചനകളാണ് സാമൂഹിക ശാസ്ത്രപഠനത്തെക്കുറിച്ച് ഉയര്‍ന്നുവരേണ്ടത്.

വിലകുറഞ്ഞ കക്ഷിരാഷ്ട്രീയ തന്ത്രങ്ങള്‍ക്കുള്ള വിളഭൂമിയായി സാമൂഹിക ശാസ്ത്ര പഠനത്തെ മാറ്റുന്നത് ചരിത്രത്തോടും ആ പഠന ശഖയോടും ചെയ്യുന്ന നീചമായ കുറ്റകൃത്യമാണ്. 

Comments