കെ. കണ്ണൻ: കോവിഡ് പാശ്ചാത്തലത്തിൽ, കഴിഞ്ഞ അക്കാദമിക വർഷം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയുടെ ഘടനയിൽ വരുത്തിയ മാറ്റങ്ങൾ വിദ്യാർഥി പക്ഷത്തുനിന്നുള്ള ഒന്നായിരുന്നു. എന്നാൽ, ഈ വർഷം ചോദ്യഘടനയിൽ വരുത്തിയ മാറ്റങ്ങൾ വിദ്യാർഥികളെയും അധ്യാപകരെയും ഒരേ പോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് ചോയ്സ് വെട്ടിക്കുറച്ചു. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യം കുറച്ചതിനാൽ, മുഴുവൻ മാർക്ക് കിട്ടാൻ കുട്ടികൾ ബുദ്ധിമുട്ടും. കൂടുതൽ ചോയ്സ് നൽകേണ്ടിയിരുന്നത് നോൺ ഫോക്കസ് ഏരിയയിലായിരുന്നുവെന്നാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. എന്നാൽ, ഫോക്കസ് ഏരിയക്കുപുറത്ത് കൂടുതൽ ഉത്തരങ്ങൾക്ക് ചോയ്സ് നൽകുന്നതിൽ ശാസ്ത്രീയ പ്രശ്നം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നത്. എ പ്ലസ് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശു കേന്ദ്രീകൃത സമഗ്ര വികസനം എന്ന കാഴ്ചപ്പാടിനെ ദുർബലമാക്കും എന്ന് വിദ്യാഭ്യാസ മന്ത്രിയും പറയുന്നു. കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് കിട്ടുന്നതിൽ ഒരുതരം ദുരൂഹതയുണ്ടെന്ന മട്ടിലാണ് സർക്കാർ വിശദീകരണം. നിലവിലെ നമ്മുടെ സാഹചര്യം വിലയിരുത്തി, ഇക്കാര്യത്തിൽ സ്വീകരിക്കാൻ കഴിയുന്ന ശാസ്ത്രീയ സമീപനം എന്താണ്?
ഒ.കെ. ജയകൃഷ്ണൻ: നാം ആഗ്രഹിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ സാഹചര്യത്തിലൂടെ കാലം മുന്നോട്ട് പോവുകയാണ്. വൈറസ് വകഭേദങ്ങൾ ശരീരത്തെ മാത്രമല്ല മനസ്സുകളെയും ഉലയ്ക്കുകയാണെന്നാണ് സൂചന. ഒന്നര വർഷത്തെ അടച്ചിരുപ്പിനുശേഷം നവംബർ ഒന്നിന് ക്ലാസുകളിലെത്തിയ കുട്ടികളിൽ ഓൺലൈൻ ക്ലാസ്സിന്റെ മടുപ്പിൽ നിന്ന് മോചനം നേടിയതിന്റെ ആശ്വാസം പ്രകടമായിരുന്നു. നീണ്ട കാലയളവിനുശേഷം വിദ്യാലയങ്ങളിൽ എത്തിയ കുട്ടിയുടെ സ്വഭാവങ്ങളിലും, പഠനരീതിയിലും വന്ന വ്യതിയാനങ്ങൾ നിരീക്ഷിച്ചാൽ ഇത് ബോധ്യമാകും.
വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്രമായ അക്കാദമിക-ബൗദ്ധിക ചർച്ചകൾക്ക് അവസരമുണ്ടാകണം. അതിനായി കാലാനുസൃതമായി ചട്ടങ്ങൾ പരിഷ്‌കരിക്കണം
നിലവിൽ നമ്മുടെ സ്‌കൂളുകളിൽ 200 ദിവസം വിനിമയം ചെയ്യാനുള്ള പാഠഭാഗങ്ങളാണുള്ളത്. അടച്ചിട്ട ദിനങ്ങളിൽ അവ ഓൺലൈനായും, വിദ്യാലയങ്ങൾ തുറന്നതോടെ ആഴ്ചയിൽ 3 ദിവസം ഉച്ചവരെയും അധ്യയനം തുടർന്നു വരുന്നു. മറ്റു ദിനങ്ങളിൽ ഓൺലൈനിൽ, സമയാതിർത്തികൾ ഇല്ലാതെ, അധ്യാപകർ പഠിപ്പിച്ചു തീർക്കലിന്റെ തിരക്കിലാണ്. വ്യത്യസ്ത സാമൂഹിക-കുടുംബ പശ്ചാത്തലത്തിലുള്ള കുട്ടികളുടെ ഓൺലൈൻ ക്ലാസ് പ്രാപ്യതയും പങ്കാളിത്തവും ഔദ്യോഗികമായിത്തന്നെ വിശകലന വിധേയമാക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠനോപകരണങ്ങളും പഠന പശ്ചാത്തലവും ഒരുക്കുന്നതിൽ നാം വിജയിച്ചെങ്കിലും വിനിമയം ചെയ്ത പാഠഭാഗങ്ങൾ സ്വാംശീകരിക്കുന്നതിൽ കുട്ടികൾ ഒരു പോലെ മികവ് പുലർത്തിയില്ലെന്ന് കാണാം. രക്ഷിതാക്കളുടെ ശ്രദ്ധയും അധ്യാപകരുടെ നിർബന്ധവും ഉള്ളിടത്ത് കുട്ടികൾ മുൻപന്തിയിലെത്തി. അവർ എണ്ണത്തിൽ കുറവാണെന്നു മാത്രം.
പാർശ്വവത്കൃത സമൂഹത്തിലെ കുട്ടികൾക്കും രക്ഷിതാക്കളുടെ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തവർക്കും സ്‌കൂളുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചത് അനുഗ്രഹമായി. പൊതു പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പരിമിതികൾക്കിടയിലെങ്കിലും ഈ അധ്യയനം ഗുണമേകും. ആഴ്ചയിൽ ഒരു വിഷയത്തിന് ശരാശരി രണ്ടു മണിക്കൂറിൽ താഴെയാണ് ഇപ്പോൾ ക്ലാസുകൾ ലഭിക്കുന്നത്.
എന്നാൽ, ഇതിലും മോശമായ സാഹചര്യങ്ങളായിരുന്നു കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഉണ്ടായിരുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു കുട്ടികൾ സംശയ നിവാരണത്തിനു മാത്രമാണ് സ്‌കൂളിലെത്തിയത്. പ്ലസ് വൺകാരാകട്ടെ പരീക്ഷയ്ക്കായി മാത്രവും. ആ സാഹചര്യങ്ങളെയെല്ലാം വിലയിരുത്തിയാണ് സർക്കാർ അന്ന് പൊതുപരീക്ഷകളിൽ വിദ്യാർത്ഥിപക്ഷ സമീപനം സ്വീകരിച്ചത്. കോവിഡ് കാലത്ത് കുട്ടികൾ എന്ത്, എത്രമാത്രം പഠിച്ചു എന്ന് വിലയിരുത്തി, അതിന് സഹായകരമായി സിലബസിനെ ഫോക്കസ് ഏരിയയെന്നും നോൺ ഫോക്കസ് എന്നും തരം തിരിച്ചു. അതിനെ അടിസ്ഥാനമാക്കി ക്യത്യതയാർന്ന പരീക്ഷയും മൂല്യനിർണയവും ഫലപ്രസിദ്ധീകരണവും പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് പൊതുസ്വീകാര്യത നേടിയകാര്യമാണ്. അതേസമയം, ഇതര ദേശീയ സിലബസുകളിലെ കുട്ടികൾ മുൻവർഷങ്ങളിൽ നടന്ന ക്ലാസ് പരീക്ഷകളുടെ ശരാശരിവച്ച് ഗ്രേഡും സ്‌കോറും നേടേണ്ടിവന്നു. നമ്മുടെ സംസ്ഥാനം ഇതിൽ കാണിച്ച ജാഗ്രത അഭിനന്ദനാർഹമായിരുന്നു. ഇതിനെതിരെ ചില കോണുകളിൽ നിന്നുമുയർന്ന വിമർശനങ്ങളെ പർവതീകരിക്കുകയല്ല, നിരാകരിച്ചു കൊണ്ടാണ് നാം മുന്നോട്ട് പോവേണ്ടത്.
പൊതുവിദ്യാലയത്തിലെ കുട്ടി പരീക്ഷയിൽ മുഴുവൻ സ്‌കോറും നേടുന്നത് വലിയ അപരാധമായിട്ടാണ് വകുപ്പ് ഉദ്യോഗസ്ഥർ കാണുന്നതെന്ന് തോന്നുന്നു.
വീണ്ടും പൊതു പരീക്ഷകൾ നടത്താനൊരുങ്ങുമ്പോൾ മഹാമാരിയുടെ തീവ്ര വ്യാപനത്തിനിടയിലും പരീക്ഷാപ്രക്രിയ പൂർത്തിയാക്കിയതിന്റെ അനുഭവങ്ങളുണ്ട് നമുക്കുമുന്നിൽ. കുട്ടിയും അധ്യാപകരും സമൂഹവും സർക്കാരും അതിന്റെ ചൂടേറ്റവരാണ്. ഈ വർഷം വിദ്യാലയങ്ങൾ ആരംഭിച്ചപ്പോൾ സാഹചര്യങ്ങൾ അനുകൂലമായി വരുമെന്നാണ് പൊതുവിൽ കരുതിയത്. എന്നാൽ ഒമിക്രോൺ തരംഗം സാധ്യതകളിൽ മങ്ങലേൽപ്പിച്ചു. ക്ലാസുകളിനി സാധാരണ നിലയിലെത്തുമെന്ന് കരുതാൻ കഴിയില്ല. പൊതുപരീക്ഷകളുടെ ദിനങ്ങളും അടുത്തുവരുന്നു.
അതുകൊണ്ടാണ് വീണ്ടും സാഹചര്യങ്ങളെ വിലയിരുത്തി പരീക്ഷകളിൽ വിദ്യാർത്ഥി സൗഹൃദ സമീപനം ആവശ്യപ്പെടുന്നത്. ഇപ്പോൾ വിദ്യാഭ്യാസ അധികൃതർ പ്രഖ്യാപിച്ച നടപടികൾ ആശങ്കയകറ്റുന്നവയല്ല. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആധി വർധിപ്പിക്കാനുതകുന്നവ മാത്രമാണ്. പൊതുവിദ്യാലയത്തിലെ കുട്ടി പരീക്ഷയിൽ മുഴുവൻ സ്‌കോറും നേടുന്നത് വലിയ അപരാധമായിട്ടാണ് വകുപ്പ് ഉദ്യോഗസ്ഥർ കാണുന്നതെന്ന് തോന്നുന്നു. നിലവിൽ വന്ന ഫോക്കസ് - നോൺ ഫോക്കസ് ഉത്തരവനുസരിച്ച് ട്യൂഷനും സാഹചര്യങ്ങളുമൊക്കെ ഒത്ത കുറച്ചുപേരെ എ പ്ലസുകാരാക്കാനും ബഹുഭൂരിപക്ഷത്തെ ബി പ്ലസ് ഗ്രേഡിന് താഴേക്ക് തള്ളാനുമുള്ള വ്യഗ്രതയാണുള്ളത്. നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വളർത്തിക്കൊണ്ടു വന്ന ഗ്രേഡിങ്ങ് സമ്പ്രദായത്തിന്റെ അന്തസ്സത്തയെ ഇല്ലാതാക്കുന്ന സമീപനമാണിത്. അക്കാദമിക രംഗത്ത് കുട്ടികളെ തരംതിരിച്ച് ഏറ്റക്കുറച്ചിലുള്ളവരാക്കി ഭാവി വിദ്യാഭ്യാസ കമ്പോളത്തിലേക്ക് തള്ളുകയെന്നത് ഇടതുപക്ഷ നയമല്ല. വകുപ്പ് ഉദ്യോഗസ്ഥരുടെ അനക്കാദമികമായ തീരുമാനത്തെ തിരുത്തിക്കാൻ രാഷ്ട്രീയ- ഭരണ നേതൃത്വം തയാറാവണം.
ഇപ്പോൾ സംജാതമായ സാഹചര്യങ്ങളെ പരിഗണിക്കാതെ ഫോക്കസ് - നോൺ ഫോക്കസ് ഏരിയകൾ നിശ്ചയിച്ചതിലുള്ള അക്കാദമിക പിഴവ് തിരുത്തലാണ് ഇതിന് പരിഹാരം. പരീക്ഷാ നടപടികൾ തീർത്തും രഹസ്യ സ്വഭാവമുള്ളതാണെന്നതിനാൽ പുറത്തുവിട്ടിരിക്കുന്ന സ്‌കോറിങ്ങ് രീതി വച്ചുകൊണ്ടാണ് ചർച്ചകൾ കൊഴുക്കുന്നത്. നടക്കാൻ പോകുന്ന പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറും ഉത്തരസൂചികയും പ്രസിദ്ധീകരിക്കുമ്പോഴാണ് പൂർണമായ വിശകലനം സാദ്ധ്യമാവുക. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ അവകാശം കൂടിയാണ് അത്തരമൊരു ചോദ്യമാതൃക. പ്രഖ്യാപിച്ച ഫോക്കസ് ഭാഗം TE (ടെർമിനൽ ഇവാല്യുവേഷൻ) യ്ക്കും നോൺ ഫോക്കസ് പാഠഭാഗങ്ങൾ CE (നിരന്തര മൂല്യനിർണയം) യ്ക്കും ഉൾപ്പെടുത്തി കുട്ടിക്ക് പരീക്ഷ എഴുതാൻ അവസരം നൽകിയാൽ ‘ഉള്ളടക്ക ഭാരമെന്ന' പ്രശ്‌നവും ‘ഉള്ളടക്ക ചോർച്ച'എന്ന വിമർശനവും പരിഹരിക്കാൻ കഴിയും. ഇപ്പോൾ പ്രഖ്യാപിച്ച ഫോക്കസ് ഭാഗത്തു നിന്ന് ഓപ്ഷനുകൾ നോക്കാതെ കുട്ടിക്കറിയാവുന്നവ പരമാവധി മാർക്കിന് എഴുതാനും മൂല്യനിർണയം നടത്താനും അനുവദിക്കൽ ആവും നിലവിലുള്ള പ്രതിസന്ധിയെ മറികടക്കാനുള്ള മറ്റൊരു മാർഗം. അത്തതത്തിലൊരു തീരുമാനം സർക്കാരിന്റെഭാഗത്തു നിന്ന് അടിയന്തിരമായി വരേണ്ടതുണ്ട്; നമ്മുടെ വിദ്യാഭ്യാസപ്രക്രിയയെ ‘ഫോക്കസിൽ'നിർത്തേണ്ടതുണ്ട്.
ഫോക്കസ് ഏരിയ വിഷയവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിലെ അപാകത ചൂണ്ടിക്കാട്ടിയ അധ്യാപക സമൂഹത്തോട്, ‘അധ്യാപകരുടെ പ്രധാന ജോലി കുട്ടികളെ പഠിപ്പിക്കൽ ആണ്' എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഒരു മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞത്. ‘വിദ്യാഭ്യാസ വകുപ്പിൽ എല്ലാവരും ചേർന്ന് മുഴുവൻ ചുമതലയും നിർവഹിക്കുക എന്നതിന് സർക്കാർ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അത് സ്വന്തം വീട്ടിൽ പോലും നടക്കില്ല.' എന്നുകൂടി മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ നയങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയാൽ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും മുന്നറിയിപ്പു നൽകുന്നു. സർവീസ് ചട്ടം ചൂണ്ടിക്കാട്ടി, അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുമെന്ന സൂചനയും ഈ പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കാം. സർക്കാർ തീരുമാനത്തിലെ അപാകത ചൂണ്ടിക്കാണിക്കുന്നത്, അതിനെ വിമർശിക്കുന്നത്, സ്വന്തം ഉത്തരവാദിത്തം മറന്നുകൊണ്ടുള്ള പ്രവൃത്തിയാണെന്നാണ് മന്ത്രി അധ്യാപകരെ ഓർമിപ്പിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അക്കാദമിക സമൂഹത്തിന്റെയും അക്കാദമിക- ബൗദ്ധിക സ്വാതന്ത്ര്യത്തെക്കുറിച്ച് ഗൗരവകരമായ ചർച്ച നടക്കുകയും വിദ്യാർഥികളെ സ്വതന്ത്രവ്യക്തിത്വങ്ങളായി രൂപപ്പെടുത്തുന്നതിനുള്ള ആഹ്വാനങ്ങളുയരുകയും ചെയ്യുന്ന സന്ദർഭത്തിൽ, ഒരു ഭരണകൂടത്തിന്റെ ഇത്തരം സമീപനങ്ങൾ വലിയ തിരിച്ചടികൾക്ക് കാരണമാകില്ലേ?
തന്റെ വിദ്യാർത്ഥികളോടും അക്കാദമിക സമൂഹത്തോടും കാണിക്കുന്ന അനീതികളും അപാകതകളും ചൂണ്ടിക്കാണിക്കാൻ അധ്യാപകർക്കും സംഘടനകൾക്കും അവകാശമില്ലെന്ന വാദം ഇന്ന് പുരോഗമനപക്ഷത്തിന് ചേർന്നതല്ല. നമ്മുടെ സർവീസ് ചട്ടങ്ങൾക്ക് 65 വർഷത്തോളം പഴക്കമുണ്ട്. ഇന്നത്തെ രീതിയിലുള്ള ഇ- ഫയലും, സമൂഹമാധ്യമ സാദ്ധ്യതകളും സ്വപ്നം പോലും കാണാൻ കഴിയാത്തകാലത്തെ ചട്ടങ്ങളും നിയമങ്ങളുമാണ് വിവര സാങ്കേതിക വിദ്യയുടെ യുഗത്തിലും പയറ്റുന്നത്. സമൂഹ മാധ്യമങ്ങൾ വ്യക്തികളുടെ പ്രതികരണങ്ങൾക്കും അഭിപ്രായങ്ങൾക്കുമുള്ള ഇടങ്ങൾ വിപുലമാക്കിയിട്ടുണ്ട്. ഭരണരംഗം ഉൾപ്പെടെ എല്ലാ മേഖലകളിലെയും നടപടികൾ ഇവയുടെ സ്വാധീനം കൊണ്ട് സുതാര്യമായികൊണ്ടിരിക്കുകയാണ്. 1958ലെ വെള്ളോടി കമീഷൻ ശുപാർശകളാണ് സർവീസ് ചട്ടങ്ങൾക്ക് ഇന്നത്തെ രീതിയിലുള്ള നിയത രൂപം നൽകിയത്.
അവിടുന്നിങ്ങോട്ട് നിരവധി ഭരണപരിഷ്‌കാര നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. ജീവനക്കാർ സർക്കാരിന്റെ പൊതുനയത്തിനെതിരായോ സുരക്ഷയെ ബാധിക്കുന്നതോ ആയ സമീപനമെടുത്താൽ നടപടി സ്വീകരിക്കാൻ വ്യവസ്ഥകളുണ്ട്. എന്നാൽ അതേ ചാട്ടവാർ തെറ്റ് ചൂണ്ടിക്കാണിച്ചാലും സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്തിയാലും വ്യക്തികൾക്കും സംഘടനകൾക്കും നേരെ ചുഴറ്റുമെന്നത് അംഗീകരിക്കാനാവില്ല. അപകീർത്തിപ്പെടുത്തലിനെയും അഭിപ്രായ പ്രകടനത്തെയും ഒരേ കണ്ണിലൂടെയല്ല കാണേണ്ടത്. പുതിയ ഐ.ടി. നിയമമനുസരിച്ച് അപകീർത്തിക്കെതിരെ നടപടി എടുക്കാം. എന്നാൽ വ്യക്തികളും സമൂഹവും വളരുന്നതിനനുസരിച്ച് അഭിപ്രായ സ്വാതന്ത്യവും അവസരവും വളരണം. വിദ്യാഭ്യാസ രംഗത്താണെങ്കിൽ സ്വതന്ത്രമായ അക്കാദമിക-ബൗദ്ധിക ചർച്ചകൾക്ക് അവസരമുണ്ടാകണം. അതിനായി കാലാനുസൃതമായി ചട്ടങ്ങൾ പരിഷ്‌കരിക്കണം, പ്രത്യേകിച്ച്, ദേശീയ ഭരണകൂടത്തിന്റെ സമീപനങ്ങളെ നോക്കി നാമിന്ന് ആശങ്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നെങ്കിലും മറക്കാതിരിക്കുക. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.