പ്രൊഫ. സതീശ് ദേശ്പാണ്‌ഡെ

ക്ലാസ്​മുറി- ഓൺലൈൻ ‘ബ്ലെൻഡഡ്​’ പഠനം ഒരു പുതിയ സാധ്യതയാണ്​

ബ്ലെൻഡഡ് ലേണിങ് ടീച്ചിങിൽ പതിയെ പതിയെ വെള്ളം ചേർത്ത് സമ്പൂർണമായി ഓൺലൈനിലേക്ക് മാറിയാൽ, അത്​ പൊതുവിദ്യാഭ്യാസത്തെ തകർക്കുകയും വിദ്യാർഥികളിൽ വിലയൊരു വിഭാഗത്തെ അരുക്കാക്കുകയും ചെയ്യും.

എ.എം ഷിനാസ് : ഉന്നതവിദ്യാഭ്യാസ മേഖലയിൽ, സർവകലാശാലകളിലും കോളേജുകളിലും, 60 ശതമാനം മുഖാമുഖപഠനവും (ക്ലാസ്​മുറി) 40 ശതമാനം ഓൺലൈൻ പഠനവും മുന്നോട്ടുവെക്കുന്ന യു.ജി.സി യുടെ പുതിയ "ബ്ലെൻഡഡ് മോഡ് ഓഫ് ടീച്ചിങ് ആൻഡ് ലേണിങ്' കരടു നയരേഖ കണ്ടിരിക്കുമല്ലോ ? ജൂൺ 6 നകം ഇതു സംബന്ധിച്ച നിർദേശങ്ങൾ യു.ജി.സിക്ക് സമർപ്പിക്കണം; സ്ഥാപനങ്ങളും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും. ഈ മിശ്രിതസമ്പ്രദായം വിദ്യാർഥികളുടെ പഠനപാടവം ഉയർത്തുമെന്നും അറിവാർജനശേഷി സുഗമമാക്കുമെന്നും സഹപാഠികളോടൊപ്പം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും പ്രാപ്തരാക്കുമെന്നുമാണ് രേഖ പറയുന്നത്. മിശ്രിതരീതി ഓൺലൈൻ പഠനത്തിന്റെയും ക്ലാസ്​മുറി പഠനത്തിന്റെയും വെറും കൂടിക്കലർത്തലല്ലെന്നും അത് രണ്ട് രീതികളിലുമുള്ള അർഥവത്തായ പ്രവർത്തനങ്ങളുടെ ആസൂത്രിത സംയോഗമാണെന്നും പഠനത്തിന്റെ ഫലപ്രാപ്തിയിലും പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള ബോധനപരിസരം സൃഷ്ടിക്കുന്നതിലുമാണ് ബ്ലെൻഡഡ് സമ്പ്രദായം ഊന്നൽ നൽകുന്നത് എന്നുമാണ് യു.ജി.സിയുടെ പക്ഷം. കൂടാതെ, ഇത് അധ്യേതാക്കൾക്ക് മാത്രമല്ല അധ്യാപകർക്കും ഗുണപ്രദമാണെന്നും അധ്യാപകരെ വെറും ജ്ഞാനദാതാവ് എന്ന പരമ്പരാഗതവേഷത്തിൽ നിന്ന് പരിശീലകനും മാർഗദർശിയുമായി ഉയർത്തുമെന്നും ബോധനത്തിൽ അധ്യാപകർക്ക് നിഷ്‌ക്രിയ പങ്കല്ല, ഗാഢമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നും രേഖ അവകാശപ്പെടുന്നു. തുടർന്ന് രേഖ അത് കുറെക്കൂടെ വ്യക്തമാക്കുന്നു : "പരമ്പരാഗത ക്ലാസ്‌റൂം ബോധനസമ്പ്രദായം അധ്യാപക നിയന്ത്രിതവും മുകളിൽനിന്ന് താഴോട്ടും ഒരൊറ്റ വടിവിൽ എല്ലാ വിദ്യാർഥികളെയും കൊള്ളിക്കുന്നതുമാണ്. ബ്ലെൻഡഡ് രീതി തിരിച്ചാണ്'. പരീക്ഷാ സമ്പ്രദായത്തിലും കാര്യമായ മാറ്റങ്ങൾ വിഭാവനം ചെയ്യുന്നു. നിരന്തര സമഗ്രമൂല്യനിർണയം, ഓപ്പൺ ബുക്ക് എക്‌സാം, ഗ്രൂപ്പ് എക്‌സാം, സ്‌പോക്കൺ എക്‌സാം, ഓൺ ഡിമാൻറ്​ എക്‌സാം എന്നിവയാണവ. കഴിഞ്ഞ വർഷം മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ താങ്കൾ പ്രമുഖ ഇംഗ്ലീഷ്​ പത്രങ്ങളിൽ അതേപ്പറ്റി എഴുതിയിരുന്നുവല്ലോ. എന്താണ് ഇപ്പോൾ നടപ്പാക്കാൻ പോകുന്ന ബ്ലെൻഡഡ് സമ്പ്രദായത്തെപ്പറ്റി പറയാനുള്ളത് ?

പ്രൊഫ. സതീശ് ദേശ്പാണ്‌ഡെ : അച്ചുകൂടത്തിനുശേഷം വിദ്യാഭ്യാസമേഖലയിൽ ലോകത്തുണ്ടായ സുപ്രധാന വിപ്ലവമാണ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്‌നോളജി (ICT) എന്നു കരുതുന്നയാളാണ് ഞാൻ. ഇത് അഴിച്ചുവിട്ട പാരസ്പര്യവും കൂട്ടുപ്രവൃത്തിയും (Synergy) അവിശ്വസനീയ മാനമുള്ളതാണ്. ഇന്ന് തീർച്ചയായും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏതെങ്കിലും തരത്തിലും തലത്തിലുമുള്ള ഡിജിറ്റൽ ഡേറ്റയുടെ പ്രസാരണവും സംപ്രേഷണവും വിനിമയവുമില്ലാത്ത ഒരവസ്ഥ അചിന്ത്യമാണ്. ഈ വിപ്ലവത്തിന്റെ ഉൽപ്പന്നമാണ് ഓൺലൈൻ വിദ്യാഭ്യാസം. ആ അർഥത്തിൽ അത് പ്രശംസനീയമാണ്. എന്നാൽ ഓൺലൈൻ പഠനസമ്പ്രദായം മുഖാമുഖരീതിയെ പൂരിപ്പിക്കുന്നതും അതിന്റെ പോരായ്മ നികത്തുന്നതും ക്ലാസ്​മുറി പഠനത്തെ പിന്തുണയ്ക്കുന്നതും വികസിപ്പിക്കുന്നതും വിസ്തൃതമാക്കുന്നതുമാവണം. ഏതുനിമിഷം, ഇൻ പേഴ്‌സൺ അല്ലെങ്കിൽ ഓഫ്‌ലൈൻ പഠനത്തിന് സമ്പൂർണ ബദലായി ഓൺലൈൻ പഠനം നിർദേശിക്കപ്പെടുന്നുവോ അപ്പോൾ അതിനെ ദൃഢനിശ്ചയത്തോടെ ചെറുക്കേണ്ടതുണ്ട്. ഓൺലൈൻ പഠനത്തോടുള്ള എതിർപ്പിനെ പലരും എഴുതിത്തള്ളാറുള്ളത് ടെക്‌നോഫോബിക്കും മാറ്റത്തിന് തടസ്സം നിൽക്കുന്നവരും നൈപുണികൾ നവീകരിക്കാൻ സന്നദ്ധരല്ലാത്തവരുമായ അധ്യാപകരെ മുൻനിർത്തിയാണ്. അതേസമയം മറ്റൊരു പരമാർഥം കാണാതിരിക്കരുത്. ഒതോറിറ്റേറിയൻ മനക്കൂട്ടുള്ള അഡ്മിനിസ്‌ട്രേറ്റർമാർക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്ന കേന്ദ്രീകൃത നിയന്ത്രണമാണ് ഒരു കാര്യം. Massive Open Online Courses (MOOC) - ഉദാഹരണമായി U dactiy, Coursera, Edx- ഇത്യാദി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാഭ്യാസരംഗത്തെ വൻസംരംഭകർ വലിയ വിളവെടുപ്പിന് സജ്ജരായി നിൽക്കുന്നുണ്ട്. കൂടാതെ മഹാമാരി മറയാക്കി ഐ.സി.റ്റി ഭീമൻമാരായ ഗൂഗിളും അമസോണുമായും പ്രീമിയം എജ്യൂക്കേഷൻ ബ്രാൻഡുകളായ ഓക്‌സ്ഫഡും ഹാവാഡുമായും vertically integrated hybrid online education platforms ഉണ്ടാക്കാനും കോർപറേറ്റുകൾ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

ആത്യന്തികമായി നോക്കേണ്ടത് ബ്ലൈൻഡഡ് സമ്പ്രദായത്തെപ്പറ്റിയുള്ള വിദ്യാർഥികളുടെ വീക്ഷണമാണ്. അത് നടപ്പാക്കിയാലേ അവർക്ക് അതിനെക്കുറിച്ച് പറയാനാകൂ. എന്നാൽ കഴിഞ്ഞ ഒരു വർഷത്തെ ഓൺലൈൻ ലേണിങിന്റെ അനുഭവം അവർക്കുണ്ട്.

എന്റെ നോട്ടത്തിൽ, ഈ 60 : 40 എന്ന തോത് പടിപടിയായി ഓൺലൈൻ ലേണിങിന് കൂടുതൽ ശതമാനമായി മാറും എന്നാണ്. ഇൻററാക്ഷനും ഡിസ്‌ക്കഷനുമൊക്കെ നന്നായി സാധ്യമാവുന്ന എത്രമേൽ മികച്ച ഐ.സി.റ്റി സങ്കേതങ്ങളും ലേണിങ് മാനേജ്‌മെൻറ്​ സിസ്റ്റങ്ങളും (LMS) ഉപയോഗിച്ചാലും യൂണിവേഴ്‌സിറ്റി- കോളേജ് ക്യാമ്പസുകളുടെ ചുരുക്കം (അവിടെ ചെലവഴിക്കുന്ന സമയത്തിന്റെ കുറവ്) ചോർത്തിക്കളയുന്ന ഒരു സുപ്രധാന കാര്യമുണ്ട്. സാമൂഹികമാണത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹികമായ ഉൾക്കൊള്ളലിലും (Social inclusion) ആപേക്ഷിക തുല്യതയിലും (relative equality) വഹിച്ചുപോന്ന പങ്ക് നാം വിസ്മരിക്കാൻ പാടില്ല. ലിംഗപദവിപരമായും വർഗപരമായും ജാതിപരമായും സമുദായപരമായും വ്യത്യസ്തരായ വിദ്യാർഥികൾ ഇടകലരുകയും ഇടപഴകുകയും ചെയ്യുന്ന ഇടങ്ങളാണവ. രാഷ്ട്രീയ- സാമൂഹിക-സാംസ്‌കാരിക തലത്തിൽ വിമർശാവബോധം അങ്കുരിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന വിമർശചിന്താസ്ഥലികളുമാണ് അവ. മാത്രമോ, ഓൺലൈൻ ലേണിങ് കൂടുതൽ കൂടുതൽ സമയം കവരുമ്പോൾ (ഇപ്പോൾ 40 ശതമാനമാണെങ്കിലും) അത് വീടുകളിലേക്ക് ഒതുങ്ങിക്കൂടാൻ നിർബന്ധിതരാവുന്ന പെൺവിദ്യാർഥികളെയാണ് വളരെയധികം ബാധിക്കുക. ഇത് പല രീതിയിൽ അവരിൽ പ്രത്യാഘാതങ്ങളുണ്ടാക്കും.

2017-18 ലെ നാഷണൽ സാംപ്ൾ സർവേ പറയുന്നത്, 42 ശതമാനം നഗരവീടുകളിലും 15 ശതമാനം ഗ്രാമീണ വീടുകളിലും മാത്രമേ ഇന്റർനെറ്റ് ലഭ്യതയുള്ളു എന്നാണ്.

പിന്നെ ഒരു പ്രവണതയുള്ളത്, ഓൺലൈൻ ലേണിങ്ങിനെപ്പറ്റി മികച്ച അഭിപ്രായം ഉണ്ടാക്കാൻ അതിൽ ഏറ്റവും മികച്ചതിനെ ശരാശരിയോ അതിൽ താഴെയോ നിലവാരമുള്ള സാമ്പ്രദായിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുന്നതാണ്. മികച്ച വരേണ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഓൺലൈൻ വിദ്യാഭ്യാസത്തെ ഒരിക്കലും ചേർത്തുനിർത്തില്ല ഈ നവവിദ്യാഭ്യാസരീതിയുടെ പ്രണേതാക്കൾ. ക്രമാനുഗതമായി ഇടത്തരം സാമ്പ്രദായിക വിദ്യാഭ്യാസസ്ഥാപനങ്ങളെ ക്ഷയോന്മുഖമാക്കി ഓൺലൈൻ വിദ്യാഭ്യാസത്തിന് സമ്മതിയും സ്ഥിരപ്രതിഷ്ഠയും നൽകാൻ ബ്ലെൻഡഡ് ലേണിങ് വഴിവെട്ടുമോ എന്ന് കാണാനിരിക്കുന്നതേയുള്ളു.

ഈ നയരേഖ ഉണ്ടാക്കിയ യു.ജി.സി ഉപസമിതി, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ബ്ലെൻഡഡ് സമ്പ്രദായത്തിനുവേണ്ട അവശ്യമായ ഇൻഫ്രാസ്ട്രക്ചർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റ് ലഭ്യത, ബാൻഡ് വിഡ്ത്ത്, ഹാർഡ്‌വെയർ തുടങ്ങിയ കാര്യങ്ങളൊക്കെ അതിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഒരു സാമാന്യ ഇന്ത്യൻ വിദ്യാർഥിയുടെ കാര്യമെടുക്കാം. 40 ശതമാനം ക്ലാസുകൾ ഓൺലൈനിലാണല്ലോ. 2011 സെൻസസ് പ്രകാരം, മൂന്നോ അതിലധികമോ അംഗങ്ങളുള്ള 71 ശതമാനം ഇന്ത്യൻ വീടുകളിലും രണ്ടു മുറിയോ അതിൽ താഴെയുമേ ഉള്ളു. 2017-18 ലെ നാഷണൽ സാംപ്ൾ സർവേ പറയുന്നത്, 42 ശതമാനം നഗരവീടുകളിലും 15 ശതമാനം ഗ്രാമീണ വീടുകളിലും മാത്രമേ ഇന്റർനെറ്റ് ലഭ്യതയുള്ളു എന്നാണ്. പല പൊതു- സ്വകാര്യ സാമ്പ്രദായിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ ഉണ്ട് എന്നത് ശരി തന്നെ. എന്നാൽ മേൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത് അത്തരം നഗര-ഗ്രാമ വിദ്യാർഥികൾക്ക് ക്യാംപസിൽ കിട്ടുന്ന വിദ്യാഭ്യാസ ഗുണം ഓൺലൈനായി കിട്ടില്ല എന്നാണ്, നെറ്റ് കണക്ഷന്റെ വേഗവും സ്ഥിരതയും വിദ്യാർഥികളുടെ സ്മാർട്ട് ഫോൺ കാര്യപ്രാപ്തിയും അധ്യാപകരുടെ ടെക്‌നിക്കൽ സാമർഥ്യവുമൊക്കെ മറ്റൊരു വിഷയമാണ്.

ഓഫ്‌ലൈൻ വിദ്യാഭ്യാസത്തിന് പൂരകമായി ഓൺലൈൻ പഠനം ഇന്നത്തെ കാലത്ത് അനുപേക്ഷണീയമാണ്. കാരണം, സാധാരണ കരിക്കുലത്തിൽ ഉൾക്കൊള്ളിക്കാൻ ദുഷ്‌കരമായ ഉള്ളടക്കവും ബോധന സമ്പ്രദായങ്ങളും ഓൺലൈനിൽ ചേരും. മടിയൻമാരും അപ്രാപ്തരുമായ അധ്യാപകരിൽ ഓൺലൈൻ ടീച്ചിങ് കൂടുതൽ സമ്മർദ്ദമുണ്ടാക്കുകയും അവരെ ഉണർത്താൻ സഹായിക്കുകയും ചെയ്യും. അതോടൊപ്പം വിലയേറിയ പഠനസഹായികൾ കരസ്ഥമാക്കാൻ സമ്പന്ന വിദ്യാർഥികൾക്ക് കഴിയുകയും ചെയ്യും. ബ്ലെൻഡഡ് ലേണിങ് ടീച്ചിങിൽ പതിയെ പതിയെ വെള്ളം ചേർത്ത് സമ്പൂർണമായി ഓൺലൈനിലേക്ക് മാറിയാൽ ആ പരിതോവസ്ഥ പൊതുവിദ്യാഭ്യാസത്തെ തകർക്കുകയും വിദ്യാർഥികളിൽ വിലയൊരു വിഭാഗത്തെ അരുക്കാക്കുകയും ചെയ്യും.


എ. എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

പ്രൊഫ. സതീശ്​ ദേശ്​പാണ്​ഡെ

സമൂഹശാസ്ത്രജ്ഞൻ. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സോഷ്യോളജി പ്രൊഫസറാണ്. ജാതി-വർഗ അസമത്വങ്ങൾ, സാമൂഹികശാസ്ത്രങ്ങളുടെ ചരിത്രവും രാഷ്ട്രീയവും, സാമൂഹിക ഉൾക്കൊള്ളലും ബോധനശാസ്ത്രവും,ആഗോളവത്കരണവും സാമൂഹിക ഇടങ്ങളും തമ്മിലുള്ള പാരസ്പര്യം എന്നിവയാണ് അദ്ദേഹത്തിന്റെ ഗവേഷണമേഖലകൾ. Contemporary India:A Sociological View, The Problem of Caste(Editor), Beyond Inclusion:The Practice of Equal Access in Indian Higher Education(Co-editor), Anthropology in the East: Founders of Indian Sociology and Anthropology(Co-editor) എന്നിവ ശ്രദ്ധേയ ഗ്രന്ഥങ്ങൾ.

Comments