മാതൃഭാഷയുടെ വേരറുക്കാനുള്ള കേരള പി എസ് സി യുടെ നിരന്തര ശ്രമങ്ങൾക്ക് ഒന്നുകൊണ്ടും തടയിടാൻ കഴിയില്ല എന്ന് വ്യക്തമാക്കുന്ന മറ്റൊരുത്തരവും കൂടി കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയിരിക്കുന്നു. കേരളത്തിലെ സർക്കാർ സ്കൂളുകളിൽ മലയാള മാധ്യമ വിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകാൻ അടിസ്ഥാനപരമായി വേണ്ട, സർക്കാർ നിശ്ചയിച്ച യോഗ്യതയെത്തന്നെ അവർ പൊടുന്നനെ അട്ടിമറിച്ചിരിക്കുന്നു. അതും ആ ജോലിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാസങ്ങൾക്ക് മുൻപ് കഴിഞ്ഞതുപോലും പരിഗണിക്കാതെയും സർക്കാരിന്റെ നിലനിൽക്കുന്ന ഉത്തരവുകളെ കാറ്റിൽപറത്തിയും. മാതൃഭാഷയോടും മലയാളികളോടും ഇത്രമേൽ പുച്ഛവും അവജ്ഞയും വെച്ചുപുലർത്തുകയും സർക്കാരിന്റെ തന്നെ ഭാഷാനയങ്ങളെ പുറംകാൽ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുകയും ചെയ്ത് ഇത്ര ധിക്കാരത്തോടും ധാർഷ്ട്യത്തോടും തീരുമാനങ്ങളെടുക്കാൻ കേരളത്തിൽ ഒരു സ്ഥാപനത്തിന് എങ്ങനെ കഴിയുന്നു എന്നത് അത്രമേൽ അതിശയകരമാണ്. അതും മാതൃഭാഷാസ്നേഹം നാഴികയ്ക്ക് നാൽപ്പതുവട്ടം വിളിച്ചുപറയുന്ന അതിശക്തരെന്നു കേൾവികേട്ട മന്ത്രിമാർ ഭരിക്കുമ്പോൾ.
ജൂലൈയിൽ നടത്തുന്നതിനുള്ള തീയതി പോലും പ്രഖ്യാപിച്ച പരീക്ഷയെക്കുറിച്ച് ഇപ്പോഴാണ് പി എസ് സി ക്ക് ബോധോദയം ഉണ്ടായത്, ആ നോട്ടിഫിക്കേഷനിൽ മാതൃഭാഷയ്ക്ക് അനുകൂലമായ ചില നിബന്ധനകൾ കടന്നുകൂടിയിട്ടുണ്ടെന്ന്. അപ്പോൾ പരീക്ഷാത്തീയതിയടുത്തു എന്നൊന്നും നോക്കിയില്ല. ഒറ്റ വെട്ടാണ്.
കേരളത്തിലെ സർക്കാർ സ്കൂളുകളിൽ മലയാളം മാധ്യമ വിദ്യാലയങ്ങളിൽ പ്രൈമറി അധ്യാപകരാകാൻ 2023 ഡിസംബറിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 2024 ജനുവരി 31 ആയിരുന്നു ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതൊക്കെ കഴിഞ്ഞ് മാസം അഞ്ചായി. ഇപ്പോഴാണ് ആ വിജ്ഞാപനത്തിലെ ചില നിബന്ധനകൾ പ്രകാരം ആർക്കൊക്കെയോ വേണ്ടപ്പെട്ട ചിലർക്ക് അപേക്ഷിക്കാൻ സാധിച്ചില്ല എന്ന് മനസ്സിലായത്. വിജ്ഞാപനപ്രകാരം യോഗ്യതയുള്ള പതിനായിരങ്ങൾ നിശ്ചിത സമയത്തിനകത്തുതന്നെ ജോലിക്ക് അപേക്ഷിച്ചിരുന്നു. ജൂലൈയിൽ നടത്തുന്നതിനുള്ള തീയതി പോലും പ്രഖ്യാപിച്ച പരീക്ഷയ്ക്ക് രാപ്പകലില്ലാതെ പഠിക്കുകയാണ് ഇപ്പോൾ ആ പാവങ്ങൾ. ഇപ്പോഴാണ് പി എസ് സി ക്ക് ബോധോദയം ഉണ്ടായത്. ആ നോട്ടിഫിക്കേഷനിൽ മാതൃഭാഷയ്ക്ക് അനുകൂലമായ ചില നിബന്ധനകൾ കടന്നുകൂടിയിട്ടുണ്ടെന്ന്. അതവരുടെ പ്രഖ്യാപിതമായ മാതൃഭാഷാവിരുദ്ധ നിലപാടിന് എതിരാണല്ലോ. അപ്പോൾ പരീക്ഷാത്തീയതിയടുത്തു എന്നൊന്നും നോക്കിയില്ല. സർക്കാർ എത്രയോ ആലോചിച്ചെടുത്ത നിബന്ധനയാണത് എന്നും മൈൻഡ് ചെയ്യാൻ നിന്നില്ല. ഒറ്റ വെട്ടാണ്. പഴയ വിജ്ഞാപനത്തിലെ മാതൃഭാഷാസ്നേഹം അതാ നിലത്ത് ചോരയിൽ കിടന്നു പിടയ്ക്കുന്നു.
കാലഹരണപ്പെട്ടതും മാതൃഭാഷയുടെ വേരറുക്കാൻ ശക്തിയുള്ളതുമായ ഒരു പഴയ ഉത്തരവ് പൊടിതട്ടിയെടുത്താണ് ഈ മാതൃഭാഷാ ഗളച്ഛേദം. ആരുണ്ടിവിടെ ചോദിക്കാൻ? പരിഷ്കരിച്ച വിജ്ഞാപനപ്രകാരം വിവിധ കാറ്റഗറികൾക്കുള്ള, മലയാള മാധ്യമവിദ്യാലയങ്ങളിലെ പ്രൈമറി അധ്യാപക തസ്തികകളിലേക്ക് മൂന്നാഴ്ചക്കപ്പുറം ജൂലായ് 7 ന് നടക്കേണ്ട പരീക്ഷയ്ക്ക്, ഈ മാസം 16-ാം തീയതിവരെ ആർക്കുവേണമെങ്കിലും അപേക്ഷിക്കാം.
പ്രൈമറി അധ്യാപകരാകാൻ മലയാളം ഒന്നാം പേപ്പറായോ രണ്ടാം പേപ്പറായോ എസ് എസ് എൽ സി വരെ പഠിച്ചിരിക്കണം; അല്ലെങ്കിൽ മലയാള മാധ്യമത്തിൽ പഠിച്ചിരിക്കണം എന്നാണ് ആദ്യ വിജ്ഞാപനത്തിലെ കാതലായ ഒരു നിബന്ധന. ഈ നിബന്ധന പി എസ് സി ക്ക് ഇഷ്ടമുണ്ടായി വെച്ചതൊന്നുമാവാൻ വഴിയില്ല. പക്ഷേ സർക്കാർ അങ്ങനെ തീരുമാനിച്ചുപോയി. കേരളത്തിലെ മലയാളമാധ്യമ പൊതുവിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കുന്നവർ സെക്കന്ററിതലം വരെ മലയാളം ഒന്നാം പേപ്പറായോ രണ്ടാം പേപ്പറായോ പഠിച്ചിരിക്കണം; അല്ലെങ്കിൽ മലയാള മാധ്യമത്തിൽ പഠിച്ചിരിക്കണം എന്നത് കേരള വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്ന കേരള വിദ്യാഭ്യാസ ചട്ടത്തിൽ അഥവാ കെ ഇ ആറിൽ കാലങ്ങൾക്കുമുമ്പേ വ്യവസ്ഥ ചെയ്തിരുന്നു. മാതൃഭാഷ കൂട്ടിവായിക്കാൻ പോലുമറിയാത്ത ആളുകളെ ലോകത്തൊരിടത്തും പ്രൈമറി ക്ലാസുകളിൽ അധ്യാപകരായി വെക്കില്ലല്ലോ.
പ്രൈമറി ക്ലാസുകളിൽ അധ്യാപകരായി നിയമിക്കപ്പെടണമെങ്കിൽ ഒരാൾ മാതൃഭാഷയുടെ അടിസ്ഥാനതത്വങ്ങൾ പഠിക്കണമെന്നില്ല, മാതൃഭാഷാമാധ്യമത്തിൽ പഠിക്കണമെന്നില്ല. പിന്നെയോ ഡി എൽ എഡ് എന്ന് വിളിക്കപ്പെടുന്ന പ്രൈമറി അധ്യാപക യോഗ്യത നേടാനുള്ള കോഴ്സിൽ മരുന്നിനു മാത്രമുള്ള 'മലയാളം എങ്ങനെ പഠിപ്പിക്കണം' എന്ന ചെറിയൊരു ഭാഗംമാത്രം പഠിച്ചാൽ മതി.
കാരണം, ഒരു കുഞ്ഞ് പ്രൈമറി ക്ലാസുകളിൽ ഏറ്റവും പ്രാധാന്യത്തോടെ പഠിക്കേണ്ടുന്നത് അവന്റെ / അവളുടെ മാതൃഭാഷയാണ്. മാതൃഭാഷയിലൂടെയാണ് അവർ ശാസ്ത്രവും പരിസരപഠനവും ഗണിതവും എല്ലാം പഠിക്കുന്നത്. മറ്റെല്ലാ വിഷയമേഖലയിലേക്കും കുഞ്ഞ് പതുക്കെ നടന്നുപോകുന്നത് മാതൃഭാഷയുടെ പടവുകളിൽ ചവിട്ടിയാണ്. കുട്ടി ഒഴിഞ്ഞ പാത്രമല്ല എന്ന സിദ്ധാന്തങ്ങൾ ഉണ്ടാകുന്നത് സ്വന്തം ജീവിതപരിസരത്തുനിന്ന് അവർ നേടിയ ജ്ഞാനത്തെ, അനുഭവങ്ങളെ മുൻനിർത്തിയാണ്. പ്രൈമറി ക്ലാസുകളിൽ എത്തുന്നതിനു മുൻപ് അവർഏറ്റവും സവിശേഷമായി ആർജ്ജിച്ച സിദ്ധി സ്വന്തം മാതൃഭാഷയാണ്. ആ പടവുകളിലൂന്നി നിന്നാണ് നാം അവരെ കഥകളിലൂടെയും പാട്ടുകളിലൂടെയും വർത്തമാനങ്ങളിലൂടെയും നാനാവിഷയങ്ങളിലേക്കും പുതുപുതു ആശയങ്ങളിലേക്കും നയിക്കുന്നത്.
ഇത് പുതിയ പാഠ്യപദ്ധതിക്കാലത്ത് തുടങ്ങിയതൊന്നുമല്ല. ലോകത്തെല്ലായിടത്തുമുള്ള വിദ്യാഭ്യാസത്തിന്റെ എക്കാലത്തെയും പരമപ്രധാനമായ സങ്കല്പനമായിരുന്നു അത്. എന്നാൽ ഇവിടെ കേരളത്തിൽ, മാതൃഭാഷ ചതുർത്ഥിയായ വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥവൃന്ദത്തിനും അവരുടെ സഹചാരികൾക്കും കെ ഇ ആർ എന്ന നമ്മുടെ വിദ്യാഭ്യാസചട്ടങ്ങളുടെ അടിവേരിനെത്തന്നെ ആഴത്തിൽ വേരോടെ പിഴുതെടുക്കാൻ ത്രാണിയുണ്ട്. അതിനെ മാറ്റിമറിക്കാനുള്ള സ്വാധീനവും രാഷ്ട്രീയ പിൻബലവും സംഘടനാബന്ധവും അവർക്കുണ്ട്. അത് ഉപയോഗിച്ച് അവർ കെ ഇ ആറിലെ അടിസ്ഥാനചട്ടങ്ങൾ വരെ ഇളക്കിമാറ്റും. അതിന്റെ പ്രത്യക്ഷമായ തെളിവാണ് 2018- ൽ ഒരു ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ പുറത്തിറക്കിയ മാതൃഭാഷയുടെ അന്തകവിത്താകാവുന്ന ഒരു ഉത്തരവ്. അതുപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ, പ്രൈമറി ക്ലാസുകളിൽ അധ്യാപകരായി നിയമിക്കപ്പെടണമെങ്കിൽ ഒരാൾ അയാളുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒന്നിലും മാതൃഭാഷയുടെ അടിസ്ഥാനതത്വങ്ങൾ പഠിക്കണമെന്നില്ല, മാതൃഭാഷാമാധ്യമത്തിൽ പഠിക്കണമെന്നില്ല. പിന്നെയോ ഡി എൽ എഡ് എന്ന് വിളിക്കപ്പെടുന്ന പ്രൈമറി അധ്യാപക യോഗ്യത നേടാനുള്ള കോഴ്സിൽ മരുന്നിനു മാത്രമുള്ള 'മലയാളം എങ്ങനെ പഠിപ്പിക്കണം' എന്ന ചെറിയൊരു ഭാഗംമാത്രം പഠിച്ചാൽ മതി. അതുവരെ സി ബി എസ് ഇ സ്കൂളിലോ, കേന്ദ്രീയ വിദ്യാലയത്തിലോ, അന്യനാടുകളിലെ ഇന്റർനാഷണൽ സ്കൂളുകളിലോ പഠിച്ച, മലയാളം ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്തവർക്കു പോലും സ്കൂളുകളിൽ അധ്യാപകരായി ചേരാം. ഡി എൽ എഡിൽ മലയാളത്തിന്റെ അടിസ്ഥാന വ്യാകരണമോ അതിന്റെ ഈടുവെപ്പുകളോ സമ്പന്നതയോ തനിമയോ ഒന്നും പഠിപ്പിക്കുന്നില്ല. അവിടെ പഠിപ്പിക്കുന്നത് മലയാളം എങ്ങനെ ക്ലാസുകളിൽ പഠിപ്പിക്കാം എന്നാണ്.
നേരത്തെ പറഞ്ഞ മലയാളത്തിന്റെ അക്ഷരം പോലും അറിയാത്തവരെയാണ്, ബ്ലാക്ക് ബോർഡിൽ ഒരക്ഷരം മലയാളം എഴുതാനറിയാത്തവരെയാണ്, ശരിയായി എങ്ങനെ അക്ഷരങ്ങൾ ഉച്ചരിക്കാം എന്നറിയാത്തവരെയാണ് ഇത് പഠിപ്പിക്കുന്നത്. സംഗതി വിചിത്രമാണ്. നേരത്തെ ഈ കോഴ്സ് ടി ടി സി ആയിരുന്നപ്പോൾ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഏറ്റവും മിടുക്കരായി മലയാള മാധ്യമത്തിൽ പഠിച്ച ആളുകൾക്ക് മാത്രമേ അതിനു പ്രവേശനം ലഭിച്ചിരുന്നുള്ളൂ. ഇപ്പോഴത്തെ ഡി എൽ എഡിന് മലയാളം കഷ്ടി പറയാനറിയുന്ന ആർക്കും ചേരാം എന്ന പരിഷ്കാരം ഇവിടെ നേരത്തെതന്നെ വരുത്തിയിരുന്നു. അന്യദേശക്കാർക്കുവരെ ഇവിടെ വന്ന് ഡി എൽ എഡിന് ചേരാമെന്ന അവസ്ഥയാണ്. അപ്പോഴേക്കും പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങളിൽ മഹാഭൂരിഭാഗവും ഏതൊക്കെയോ മച്ചിൻപുറത്ത് പ്രവർത്തിക്കുന്ന സ്വകാര്യസ്വാശ്രയ കോഴ്സുകൾ ആയി മാറുകയും ചെയ്തിരുന്നു. അവിടെനിന്നും കഷ്ടി ജയിച്ചവർക്ക് കേരളത്തിലെ പ്രൈമറി സ്കൂളുകളിൽ ചേരാനായാണ് യഥാർത്ഥത്തിൽ 2018- ലെ ഉത്തരവ് ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായത്.
മാതൃഭാഷാസ്നേഹികളും സാംസ്കാരിക പ്രവർത്തകരും അക്കാദമിക്കുകളും അതിനെതിരെ കേരളത്തിൽ വലിയ സമരം നടത്തി. എല്ലാ ജില്ലകളിലും ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെപേർ പങ്കെടുത്ത ഉപവാസ സമരങ്ങൾ നടന്നു. കേരളത്തിലെ സാംസ്കാരിക പ്രവർത്തകരാകെ ആ സമരത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രിക്കും അവരടക്കം ഒപ്പിട്ട നിവേദനങ്ങൾ നൽകുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് സി ഇ ആർ ടിയുടെയും ഔദ്യോഗിക ഭാഷാവകുപ്പിന്റെയും അഭിപ്രായം സർക്കാർ ഈ വിഷയത്തിൽ തേടുന്നു. എല്ലായിടത്തും വലിയ നിലയിലുള്ള കൂടിയാലോചനകൾ നടക്കുന്നു. ഭാഗ്യവശാൽ എല്ലായിടത്തുനിന്നും തീർച്ചയായും മലയാളം പഠിച്ചവരാകണം നമ്മുടെ പിഞ്ചുകുട്ടികളെ മലയാളം പഠിപ്പിക്കേണ്ടത് എന്ന അക്കാദമികവും സാംസ്കാരികവുമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന റിപ്പോർട്ടുകൾ ഉണ്ടാകുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിൽ പുതിയ സർക്കാർ ഉത്തരവിറങ്ങുന്നു. അതുപ്രകാരം 2018- ലെ ഉത്തരവ് റദ്ദു ചെയ്യുകയും സെക്കന്ററിതലം വരെ മലയാളം പഠിച്ചവർ അല്ലെങ്കിൽ മലയാള മാധ്യമവിദ്യാലയങ്ങളിൽ പഠിച്ചവർ വേണം കേരളത്തിൽ പ്രൈമറി സ്കൂളുകളിൽ അധ്യാപകരായി നിയമിക്കപ്പെടേണ്ടത് എന്ന വ്യവസ്ഥയുണ്ടാവുകയും ചെയ്തു. ആ ഉത്തരവിന് മുന്നേ, നേരത്തെയുള്ള വ്യവസ്ഥപ്രകാരം ആരെങ്കിലും ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അവർ എസ് എസ് എൽ സി ക്കുള്ള മലയാള പാഠപുസ്തകങ്ങൾ പഠിച്ച് പരീക്ഷയെഴുതി മാത്രമേ അവരുടെ സർവീസ് ക്രമപ്പെടുത്തേണ്ടതുള്ളൂ എന്നും അതിൽ നിഷ്കർഷിച്ചു. ആ ഉത്തരവ് ഉണ്ടാകുന്നതും ഇടതുപക്ഷ സർക്കാരിന്റെ കാലത്തുതന്നെയാണ്. ഒരിക്കൽ വരുത്തിയ, വലിയ വിലകൊടുക്കേണ്ട ഒരു പിഴവിലുള്ള പശ്ചാത്താപമായി തിരുത്തിയ ഈ ഉത്തവിനെ കാണാം.
കേരളാ പി എസ് സി യുടെ ചരിത്രത്തിൽ നാളിതുവരെ കേട്ടിട്ടില്ലാത്ത നിലയിൽ, ഒരു തൊഴിലിന് അപേക്ഷിക്കാനുള്ള ഏറ്റവും പ്രാഥമികമായ യോഗ്യത തന്നെ റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്.
തുടർന്ന് കേരള പി എസ് സി 2023 ഡിസംബറിൽ കേരളത്തിലെ മലയാള മാധ്യമ പ്രൈമറി വിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള നോട്ടിഫിക്കേഷൻ ഇറക്കുന്നു. അതിൽ കൃത്യമായും ഈ നിബന്ധന എടുത്തുപറയുന്നുണ്ട്; സെക്കന്ററി തലത്തിൽ മലയാളം പഠിക്കുകയോ മലയാള മാധ്യമത്തിൽ പഠിക്കുകയോ ചെയ്തവർക്ക് മാത്രമേ ഈ തൊഴിലിനപേക്ഷിക്കാൻ യോഗ്യതയുണ്ടാവൂ എന്ന്. മാതൃഭാഷാ സ്നേഹികൾ ഒരർത്ഥത്തിൽ ദീർഘമായി നടത്തിവന്നിരുന്ന ഒരു സമരത്തിന് സുഖാന്ത്യമായല്ലോ എന്ന് സമാധാനിച്ചു. ആ പരീക്ഷയ്ക്ക് തൊട്ടുമുൻപായി ആ ശരി പി എസ് സി നിഷ്കരുണം വെട്ടിത്തിരുത്തിയിരിക്കുന്നു. നിലനിൽക്കുന്ന എല്ലാ സർക്കാർ ഉത്തരവുകളെയും ലംഘിച്ചും മാതൃഭാഷയ്ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് ഊറ്റം കൊള്ളുന്ന ഒരു സർക്കാറിന്റെ ഭാഷാനയങ്ങളെത്തന്നെ കാറ്റിൽപ്പറത്തിയും അങ്ങേയറ്റം ധിക്കാരപരമായും, സർക്കാർ നേരത്തെ റദ്ദാക്കിയ 2018- ലെ ഉത്തരവുപ്രകാരം മലയാളം പഠിക്കാത്തവർക്കും പ്രൈമറി അധ്യാപകരാകാനുള്ള ഈ പരീക്ഷക്ക് വീണ്ടും അപേക്ഷിക്കാം എന്ന ഉത്തരവിറക്കിയിരിക്കുന്നു. കേരളാ പി എസ് സി യുടെ ചരിത്രത്തിൽ നാളിതുവരെ കേട്ടിട്ടില്ലാത്ത നിലയിൽ, ഒരു തൊഴിലിന് അപേക്ഷിക്കാനുള്ള ഏറ്റവും പ്രാഥമികമായ യോഗ്യത തന്നെ റദ്ദാക്കിക്കൊണ്ട്, അപേക്ഷ സമർപ്പിക്കാനുള്ള സമയം കഴിഞ്ഞ് അഞ്ചുമാസത്തിനുശേഷം, കാലഹരണപ്പെട്ടതും നിയമസാധ്യതയില്ലാത്തതുമായ ഒരു പഴയ ഉത്തരവിലെ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഇതുവരെ അപേക്ഷിക്കാത്ത ആളുകൾക്ക് വീണ്ടും അപേക്ഷകൾ കൊടുക്കാം എന്ന് ഉത്തരവ്.
ഏതു രാജ്യത്തിലാണ്; ഏത് വ്യവസ്ഥയ്ക്കു കീഴിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് സ്വയം നുള്ളിനോക്കേണ്ടുന്ന അവസ്ഥയിലാണ് ഈ നാട്ടിലെ ഉദ്യോഗാർത്ഥികളും ജനങ്ങളും. പൂർണമായും ഒരു ഉദ്യോഗസ്ഥ രാജിലാണോ നാം ജീവിക്കുന്നത്? തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്കും ഇവിടുത്തെ മന്ത്രിമാരുടെ പ്രസ്താവനകൾക്കും സർക്കാർ ഉത്തരവുകൾക്കും യാതൊരു വിലയും കൽപ്പിക്കാത്ത സ്ഥാപനങ്ങളാണോ ഇവിടെ നിലനിൽക്കുന്നത്? അല്ല, കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെയും ഈ ദേശത്തെ സൃഷ്ടിക്കുകതന്നെ ചെയ്ത മാതൃഭാഷയെയും സംബന്ധിച്ച ഉത്തരവുകളും പഠനങ്ങളും അക്കാദമികമായ സമീപനങ്ങളും എല്ലാം ഒട്ടവെട്ടിൽ നിലംപരിശാക്കാൻ പി എസ് സി എന്ന ഈ സ്ഥാപനത്തിന് അധികാരമുണ്ടോ?
മാതൃഭാഷയുടെ വേരറുക്കാൻ കേരളാ പി എസ് സി കാലങ്ങളായി നടത്തുന്ന ശ്രമങ്ങളുടെ അവസാനത്തെ കൈയാവില്ല തീർച്ചയായും ഈ ഉത്തരവ്. മാതൃഭാഷയെ ഗളച്ഛേദം ചെയ്യാനുള്ള ശ്രമങ്ങൾക്ക് പി എസ് സി ഇനിയും ആക്കം കൂട്ടുകതന്നെ ചെയ്യും. കാരണം ഈ സ്ഥാപനത്തെ നിയന്ത്രിക്കാൻ സർക്കാരിന്റെ ഒരു സംവിധാനത്തിനും കെൽപ്പില്ല എന്നവർക്കറിയാം. അവരുടെ പ്രാഥമിക പരിഗണന മുന്തിയ സ്കൂളുകളിൽ പഠിച്ച് ഇംഗ്ലീഷിൽ വലിയ കോച്ചിങ്ങുകൾ നേടി പരീക്ഷയ്ക്ക് തയ്യാറാവുന്ന ഒരു ഉന്നതകുലത്തിന്റെ താത്പര്യങ്ങൾക്കാണ്. മാതൃഭാഷാ സ്നേഹം ചൂണ്ടിക്കാട്ടി സർക്കാരല്ല, മന്ത്രിമാരല്ല, എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കലാകാരരും അല്ല, അതിനപ്പുറം പ്രബലരായ രാഷ്ട്രീയക്കാർ വന്നാൽപ്പോലും പരീക്ഷയ്ക്ക് തൊട്ടുമുൻപെങ്കിലും അവർക്കനുകൂലമായി എല്ലാ ഉത്തരവുകളും അവർ വളച്ചൊടിച്ചിട്ടുണ്ടാകും. അതിന് കോടതികളെപ്പോലും അവർ ഇതിലേക്ക് വലിച്ചിഴക്കും. അവരെ പറഞ്ഞിട്ട് കാര്യമില്ല, അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. എന്നാൽ വലിയ അധികാരങ്ങൾ നൽകി, അത്തരം ധാരണകളെ തിരുത്താനും അവിടുത്തെ നയപരമായ കാര്യങ്ങൾ നിശ്ചയിക്കാനുമായി സർക്കാർ നിയമിച്ച ഇരുപതോളം ബഹുമാന്യ മെമ്പർമാർഉണ്ടവിടെ. അവരാണ് ഈ നാടിനും അതിന്റെ സംസ്കാരത്തിനും ഭാഷയ്ക്കും ചരിത്രത്തിനും ഒത്തവണ്ണം അവിടുത്തെ കാര്യങ്ങൾ നടത്തേണ്ടത്. എന്നാൽ അവിടുത്തെ ഉദ്യോഗസ്ഥർ തീരുമാനിക്കുന്ന മാതൃഭാഷാവിരുദ്ധവും സാമൂഹികവിരുദ്ധവുമായ, എന്തിന്, ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിത നയങ്ങളെപ്പോലും പരിഹസിക്കുന്നതുമായ ഉത്തരവിനെതിരെ ഒരക്ഷരം മിണ്ടാൻ അവിടുത്തെ ഒരു ബഹുമാന്യ അംഗത്തിനും ഇന്ന് സാധ്യമല്ല. അതവിടുത്തെ ഉദ്യോഗസ്ഥർക്ക് കൃത്യമായും അറിയുകയും ചെയ്യാം. മാതൃഭാഷയുടെ വേരറുക്കുന്നതിനായി അവർക്കപ്പോൾ എന്തുവേണമെങ്കിലും ചെയ്യാമല്ലോ.
പി എസ് സി അംഗങ്ങൾ ഈ സന്ദർഭത്തിലും അവരുടെ ശമ്പളം രണ്ടര ലക്ഷത്തിൽ നിന്ന് എങ്ങനെ മൂന്നോ നാലോ ലക്ഷങ്ങളായി ഉയർത്താം എന്നതിന്റെ കുറുക്കുവഴികൾ മാത്രം ആലോചിക്കുന്നതാണ് നല്ലത്. മാതൃഭാഷയുടെ മേൽ പുതപ്പിക്കാൻ ഏറ്റവും മുന്തിയ ശവക്കച്ചവാങ്ങാൻ ആ പണം അവരെ സഹായിക്കും. മന്ത്രിമാർക്കാകട്ടെ; സ്കൂളിൽ ആര് പഠിപ്പിച്ചാലെന്ത്, ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും പാഠപുസ്തകങ്ങളിൽ ആദ്യത്തെ പേജിൽ മലയാളം അക്ഷരമാല വലുതായി അടിച്ചുവെക്കുന്നതോടെ തീരുന്നതാണ് ഭാഷാഭിമാനം. പ്രാഥമിക തലങ്ങളിൽ വളർന്നു തിടംവെക്കേണ്ട മാതൃഭാഷയുടെ മുകുളങ്ങൾ നിഷ്കരണം അരിഞ്ഞുതള്ളാനുള്ള കേരളാ പി എസ് സി യുടെ ശ്രമങ്ങൾ നിർബാധം തുടരുന്നത് ഇതൊക്കെക്കൊണ്ടുതന്നെയാണ്.