ജീവിതത്തിൽ ഒരിക്കൽ പോലും ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത വിധം കെട്ടകാലമായിരുന്നു അതെങ്കിലും ഹൃദയം നിറയെ മനുഷ്യത്വമുള്ള, നന്മയുള്ള ഒരധ്യാപകന്റെ സ്നേഹവും കരുതലും ആവോളം ഏറ്റുവാങ്ങി എന്നതുകൊണ്ടുമാത്രം, ആ തണലിൽനിന്ന് ജീവിതത്തേയും അതിന്റെ അർഥവ്യാപ്തിയെയും തിരിച്ചറിഞ്ഞു എന്നതു കൊണ്ടുമാത്രം, ഞാൻ ആ കാലത്തെ ഊഷ്മളതയോടെ ചേർത്തുപിടിക്കുന്നു.
2011-13 കാലം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം നേടുകയും ക്ലാസുകൾ ആരംഭിക്കുകയും ചെയ്ത സമയം. മുഖപരിചയം മാത്രമുള്ള കുറേ അധ്യാപകർ. ആകെ ആകെ പരിചയം ബോട്ടണി പഠിപ്പിക്കുന്ന ബാബുസാറിനെ (ബാബു ജി. നായർ)യാണ്.
അധികം വിശേഷണങ്ങളൊന്നും തരാനില്ലാത്ത, സൗമ്യതയോടെ മാത്രം എല്ലാവരോടും ഇടപെടുന്ന, എല്ലാവരെയും ഒരേപോലെ കാണുന്ന അദ്ധ്യാപകൻ. പഠിപ്പിക്കാനില്ലാഞ്ഞിട്ടുകൂടി പലവിധ സംശയങ്ങളുമായി സാറിനെ ചുറ്റിപ്പറ്റി നടന്നിരുന്നൊരു പൂർവകാലമുണ്ടായിരുന്നതിനാൽ, ബാബുസാർ ഇനി മുതൽ ബോട്ടണി പഠിപ്പിക്കും എന്നു കേട്ടത് എനിക്കേറെ സന്തോഷം നൽകി. പഠനത്തിന്റെ പുതിയ വഴിയിൽ വിവിധ സ്കൂളുകളിൽ നിന്ന് വന്നുചേർന്ന ഒരുപാട് പുതിയ കൂട്ടുകാരും ഉണ്ടായിരുന്നു.
ക്ലാസ് തുടങ്ങി ഏതാണ്ട് ഒരു മാസമായി. എല്ലാവരും പരസ്പരം സൗഹൃദത്തിലാകുന്ന ആ സമയത്താണ് അമ്മയുടെ മരണം. ജീവിതത്തിന്റെ എല്ലാ നിറങ്ങളും നിനവും ചാലിച്ചു സൂക്ഷിച്ച അമ്മയെന്ന രണ്ടക്ഷരം, എന്റെ കണ്ണുകളിലേക്ക് പ്രകാശം നിറച്ച, എന്റെ ഹൃദയത്തിൽ സ്നേഹം നിറച്ച അമ്മ. ആ വേർപാട് എന്നെ തകർത്തുകളഞ്ഞു. അതിന്റെ ആഫ്റ്റർ എഫെക്ട് എന്നോണം സ്വതവേ നന്നായി സംസാരിക്കാനിഷ്ടപ്പെട്ടിരുന്ന ഞാൻ പതിയെ എന്നിലേക്ക് മാത്രം ഒതുങ്ങികൂടി. അമ്മയ്‌ക്കൊപ്പം ചേർന്നിരിക്കാനാകാതെ പോയ നിമിഷങ്ങളെയും പറയാൻ മറന്ന കഥകളെയും ഓർത്തെടുത്തു ഞാൻ പതിയെ പതിയെ വിഷാദത്തിലേക്കും വീണുപോയിരുന്നു. ആ വേർപാടിന്റെ പതർച്ച അവസാനിക്കാതെ അമ്മയുടെ കട്ടിലിൽ മുഖമമർത്തി കിടന്ന്, അമ്മയുടെ ഗന്ധം തിരഞ്ഞ, അമ്മച്ചൂട് തിരഞ്ഞ ആ എന്നെ എനിക്കിന്നും ദയനീയതയോടെ ഓർത്തെടുക്കാൻ സാധിക്കുന്നുണ്ട്.
അക്കാലത്ത് ആരാലും ശ്രദ്ധിക്കപ്പെടാതെ, ആരുടെയും നാവിൽ നിന്ന് ഉച്ചരിക്കപെടാതെ, ആരുടെയും നോട്ടം പതിയാതെ, ഒരു നീർകുമിള കണക്കെ അദൃശ്യനായാകണമെന്നുണ്ടായിരുന്നെനിക്ക്. മുന്നോട്ട് നടന്നുകയറാനുള്ള ശക്തി ക്ഷയിച്ച് വഴിയിൽ പകച്ചുനിന്ന എനിക്ക് അവസാനിക്കാനുള്ള വ്യഗ്രതയായിരുന്നു. പക്ഷെ ബാബു സാർ, എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ അത്രമേൽ കരുതലോടെ, വാത്സല്യത്തോടെ ചേർത്തുപിടിച്ചു എന്നതുകൊണ്ടു മാത്രം ഞാൻ ആ വിഷമം പിടിച്ച വിഷാദകാലത്തെ അതിജീവിച്ചു.
ആ കാലങ്ങളിൽ ഞാൻ ആകെ ദീർഘമായി സംസാരിച്ചിരുന്നത് സാറിനോട് മാത്രമായിരുന്നു. എന്റെ മനസ്സിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന പ്രക്ഷുബ്ദാവസ്ഥകളും അബ്സർഡിറ്റി എന്നുതന്നെ വിളിക്കാവുന്ന പലവിധ ആശയക്കുഴപ്പങ്ങളും അന്ന് പങ്കുവെച്ചിരുന്നത് സാറിനോടുമാത്രമായിരുന്നു. കാരണം, എല്ലാം ക്ഷമയോടെ കേൾക്കാൻ, എന്ത് ആഗോള പ്രശ്നമായാലും പരിഹരിക്കാം എന്ന ആത്മവിശ്വാസം നല്കാനും സാറിനുമാത്രമേ കഴിഞ്ഞിരുന്നുള്ളൂ.
എല്ലാ ദിവസവും ആ അദ്ധ്യാപകൻ എനിക്കുവേണ്ടി അദ്ദേഹത്തിന്റെ ഭാരിച്ച സമയം മാറ്റിവെച്ചു. കാര്യമില്ലാ കാര്യങ്ങളും ക്ഷമയോടെ കേട്ടുനിന്നു. ഇനി വയ്യ സാറേ എന്ന് പറഞ്ഞപ്പോഴൊക്കെ ഇതൊന്നും ഒന്നുമല്ല, ഇതൊക്കെ മാറും എന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ടേ ഇരുന്നു. വായിക്കാനായി പുസ്തകങ്ങൾ പരിചയപ്പെടുത്തിയും എന്റെ എഴുത്ത് പ്രസിദ്ധീകരിക്കാൻ ശ്രമിച്ചും ജീവിതത്തിന്റെ പുതിയ തുരുത്തുകളെ പരിചയപ്പെടുത്തിയും സാർ വഴികാട്ടിയായി നിന്നു.
എന്നെപ്പോലും ഞെട്ടിച്ച് ഒരിക്കൽ ഞാൻ എഴുതിയൊരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയക്കുകയും അത് പ്രസിദ്ധീകരിച്ചുവന്ന ആഴ്ചപ്പതിപ്പ് എനിക്കുനേരെ നീട്ടുകയും ചെയ്ത സാറിന്റെ മുഖം മറക്കാനാകില്ല. ഇതാ നീ, നീ വിചാരിക്കുന്ന ഒരാളല്ല എന്നു പറഞ്ഞ് ചിരിച്ച മുഖം എപ്പോഴാണ് മറക്കാനാകുക? കഥയെ തുടർന്ന് വന്ന സ്നേഹം നിറഞ്ഞ കത്തുകൾ, ഇനിയുമെഴുതണമെന്ന വാക്കുകൾ... അതൊക്കെയും എന്റെ കൈകളിലേക്ക് തരുമ്പോൾ, മരണം മണത്ത കണ്ണുകളിൽ വീണ്ടും പ്രകാശം നിറയ്ക്കുകയായിരുന്നു സാർ. എഴുത്തിലൂടെ കിട്ടിയ സ്നേഹവാക്കുകൾ, ജീവിതത്തിലാദ്യമായി പോസ്റ്റലായി എന്നെ തേടിയെത്തിയ 100 രൂപ പ്രതിഫലം, ഇതൊക്കെയും ഇനിയില്ല എന്നിടത്ത് നിന്ന് ഇനിയാണ് എന്ന പ്രതീക്ഷയിലേക്ക് എന്നെ കൈപിടിച്ച് നടത്തുമെന്ന് സാർ കരുതിയിട്ടുണ്ടാവാം. ലാഭേച്ഛയില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾക്ക് ആ അധ്യാപകൻ മുതിർന്നില്ലായിരുന്നുവെങ്കിൽ ശബ്ദകോലാഹലമൊന്നും കൂടാതെ ഞാൻ എന്നേ ഈ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായേനെ.
അധ്യാപനമെന്നാൽ ക്ലാസ് മുറികളിലെ അധ്യാപനം മാത്രമല്ലെന്നും മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ അറിയുകയാണെന്നും, അവരെ ജീവിതത്തിന്റെ പുതിയ വഴിത്താരകളിലേക്ക് ആത്മവിശ്വാസത്തോടെ നയിക്കുക എന്നതു കൂടിയാണെന്നും ബാബുസാർ എന്ന അധ്യാപകനിലൂടെയാണ് ഞാൻ മനസ്സിലാക്കിയത്. സ്കൂൾ കാലഘട്ടത്തിനുശേഷം പങ്കെടുക്കാനിടയായ ഒരു എൻ.എസ്.എസ് ക്യാമ്പ് വേദിയിൽ കുട്ടികളോട് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ കരങ്ങളിൽ റിബൺ അണിയാൻ പറയവെ, ഒട്ടുമിക്ക കുട്ടികളും ബാബുസാറിന്റെ കൈകളിലേക്ക് ഓടിയടുക്കുന്നത് കണ്ടപ്പോൾ എനിക്ക് അതിശയം തോന്നാഞ്ഞതും അതുകൊണ്ടാണ്.
‘സാറേ, എനിക്കൊരാളോട് പ്രണയം തോന്നി’ എന്ന് കോളേജ് പഠനകാലത്ത് സാറിന്റെ ഫോണിലേക്ക് വിളിച്ചുപറയുമ്പോൾ, അതൊരു നല്ല വികാരമാണല്ലോ, അതിനെന്താ കുഴപ്പം എന്ന് മരുതലയ്ക്കൽനിന്ന് മറുപടി പറയാൻ സാറിനുമാത്രേ കഴിയൂ എന്നെനിക്കറിയാം.
ജീവിതത്തിലെ എല്ലാ മരുഭൂമികളെയും പച്ചിലക്കാടുകളെയും അതിന്റേതായ നന്മയോടെയും സംയമനത്തോടെയും ഉൾക്കൊള്ളാനും എളിമയോടെ സ്വീകരിക്കാനും ആദ്യമായും അവസാനമായും എനിക്ക് പഠിപ്പിച്ചു തന്നതും സാറാണ്. ആ മനസ്സിലെ മനുഷ്യത്വത്തിന്റെയും അദ്ദേഹം എനിക്കായി നീക്കിവെച്ച മണിക്കൂറുകളുടെയും വേരിലാണ് ഞാൻ വീണ്ടും തളിർത്ത് തുടങ്ങിയത്. അതുകൊണ്ടൊക്കെയാവാം ജീവിതത്തിൽ മനഃപാഠമാക്കിയ ആദ്യ ഫോൺ നമ്പർ സാറിന്റേതാകുന്നത്. അതുകൊണ്ടൊക്കെയാവാം, പ്രധാനമെന്ന് കരുതുന്ന ഏതൊന്നിലേക്കും കടക്കും നിമിഷം ബാബുസാർ എന്ന ഒരു മനുഷ്യനിലേക്ക് മനസ്സ് കുതിക്കുന്നതും.