പഠനം തന്നെ ഒരു സമരമാണെന്ന് കേട്ടിട്ടുണ്ട്, അതുന്നെയാണ് എന്നെയും എന്നെപ്പോലെ പല വിദ്യാർഥികളും ഇന്ന് ഇന്ത്യയിലെ വിദ്യാഭാസ സ്ഥാപനങ്ങളിൽ അനുഭവിക്കുന്നത്. ഓരോ ഇന്റർവ്യൂവും അഭിമുഖീകരിക്കേണ്ടിവരുമ്പോൾ, എന്റെ പേരു കേൾക്കുമ്പോൾ, ജാതി സർട്ടിഫിക്കറ്റ് കാണിക്കുമ്പോൾ അവിടെനിന്ന് പുറത്താക്കുമോ എന്നൊരു പേടിയുണ്ട്. അതൊരു തീയാണ്, എന്നെ ആര് എന്ത് ചെയ്താലും, എന്റെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാലും ആര് എനിക്കുവേണ്ടി സംസാരിക്കും എന്ന ഭയം. തിരിഞ്ഞുനോക്കുമ്പോൾ, നല്ല ജോലിയും വിദ്യാഭ്യാസവുമുള്ള മാതാപിതാക്കൾ ഞങ്ങൾക്കുണ്ടോ?. ഞങ്ങൾക്കുവേണ്ടി ചോദ്യം ചെയ്യാൻ ഞങ്ങളുടെ മാതാപിതാക്കൾക്ക് കഴിവുണ്ടോ? ഒരുപാട് സ്‌കൂളും കോളേജും സ്വത്തും അധികാരവും പണവും കയ്യിലുള്ള ഏതെങ്കിലും ജാതിസംഘടനയുണ്ടോ തിരിച്ചുചോദിക്കാൻ?
സ്വന്തം യോഗ്യതയെക്കുറിച്ച് അധ്യാപകരോടും വിദ്യാർഥികളോടും മാനസിക സമ്മർദ്ദത്തോടെ നിരന്തരം എത്ര പറഞ്ഞുകൊടുത്താലും, ‘നിങ്ങൾ സംവരണത്തിൽ വന്ന രണ്ടാം കിട വിദ്യാർത്ഥികൾ അല്ലേ’ എന്ന ചോദ്യമായിരിക്കും മറുപടി. നിങ്ങളുടെ പ്രശ്‌നം സമൂഹത്തിനുമുന്നിൽ പറയാൻ എത്ര രാഷ്ട്രീയ നേതാക്കളുണ്ട്? ഹിന്ദു ഒന്നാണ് എന്ന് പറയുന്നവർ പോലും പറയനും പുലയനും വേണ്ടി സംസാരിക്കുമോ? ഇത്തരം കടമ്പകളെല്ലാം കടന്ന്, ‘കോടതിയാണ് അവസാന ആശ്രയം’ എന്ന് വിചാരിച്ചുചെല്ലുമ്പോഴും, അവിടെ പോലും ഞങ്ങളുടെ മെറിറ്റ് ഒർജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്ന സംശയമാണ്. ഭരണഘടന പോലും ഇവിടെയുണ്ടോ എന്ന് സംശയം തോന്നുന്ന ചില നിമിഷങ്ങളാണവ.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ദലിത് വിദ്യാർഥികളും
പൂനെ, കൊൽക്കത്ത ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അഡ്മിഷന് ശ്രമിക്കുന്ന സമയത്താണ് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റി കേൾക്കുന്നത്. 2019ൽ ഡയറക്ഷൻ കോഴ്സിനാണ് ശ്രമിച്ചത്. എൻട്രൻസ് പാസായി, നല്ല ആത്മവിശ്വാസത്തോടെ ഇന്റർവ്യൂവിൽ പങ്കെടുത്തെങ്കിലും അഡ്മിഷൻ ലഭിച്ചില്ല. അന്ന് സംവരണത്തെ പറ്റി വലിയ ധാരണയില്ലായിരുന്നു. കൃത്യമായ വെയ്റ്റിംഗ് ലിസ്റ്റ് കൂടി ഇടാതെയാണ് അന്ന് ലിസ്റ്റ് പ്രസിദ്ധികരിച്ചത്. ഒരു നാഷണൽ ഫിലിം സ്‌കൂളിന് ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ ആവശ്യമാണ് എന്നൊരു ധാരണ അവർക്കുണ്ടായിരുന്നു. അതുകൊണ്ട്, വ്യക്തമായ പാഷൻ ഇല്ലാത്ത പല വിദ്യാർത്ഥികളെയും ആ ബാച്ചിൽ എടുത്തു. അവസരം കിട്ടിയിട്ടും അവർ ക്ലാസിൽ ജോയിൻ ചെയ്തില്ല. അതുകൊണ്ടുതന്നെ അവരുടെ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. എന്നാൽ, പഠിക്കാൻ ആഗ്രഹമുള്ള ദലിത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ വെയിറ്റിംഗ് ലിസ്റ്റ് പ്രകാരം എടുക്കാനും തയ്യാറായില്ല. ഇന്നും, എഡിറ്റിംഗ് ഉൾപ്പടെയുള്ള ഡിപ്പാർട്ട്‌മെന്റുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇതുമൂലം, വിദ്യാർഥികൾക്ക് അവസരം നഷ്ടമാകുന്നുവെന്നുമാത്രമല്ല, സർക്കാരിന് സാമ്പത്തിക നഷ്ടവുമുണ്ടാകുന്നുണ്ട്. മറ്റു പ്രൈവറ്റ് ഫിലിം സ്‌കൂളുകളിൽ പഠിക്കാൻ വലിയ തുക ഫീസ് നൽകണം എന്നിരിക്കെ ദലിത് വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ അവസരം നൽകാതിരിക്കുന്നത് കോർപറേറ്റ്വൽക്കരണത്തിന്റെ കൂടി ഭാഗമാണ്. സബ്ജക്റ്റീവായ പ്രൊസ്‌പെക്റ്റീവ് ആണ്. അതിനെ ഒരു പ്രത്യേക രീതിയിൽ വാല്യൂ ചെയ്യാൻ സാധിക്കില്ല. എന്നാൽ ശങ്കർ മോഹനെയും അടൂർ ഗോപാലകൃഷ്ണനെയും പോലുള്ളവർ അവരുടേതായ പ്രത്യേക ക്രൈറ്റീരിയ വെച്ച് വിദ്യാർത്ഥികൾക്ക് യോഗ്യതയില്ല എന്ന് പറയുകയും അവർക്ക് അവസരം നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറിച്ച് ഒരു ഒബ്ജക്റ്റീവ് ആയ സെലക്ഷൻ പ്രോസസ് സാധ്യമാകാതെ വരുന്നു. അവസരം ചോദിച്ചുവരുന്ന വിദ്യാർഥികൾക്ക് അവസരം കൊടുക്കുക എന്നത് ഗവൺമെന്റിന്റെയും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ഉത്തരവാദിത്വമാണ്. അവർ പഠിച്ച് വലിയ ഫിലിമുകൾ നിർമിക്കുക എന്നത് മറ്റൊരു വിഷയമാണ്. അത് അവർക്ക് അവസരം നിഷേധിക്കാനുള്ള ന്യായീകരണമല്ല. പക്ഷേ, ഇവിടെ ജാതിചിന്ത കൂടി കടന്നു വരുന്നു. ഒരുപക്ഷെ, ജാതിയുടെ പേരിൽ എന്നെ പുറത്താക്കിയാലും അവർക്ക് എന്റെ സബ്‌ജക്റ്റീവ് സിനിമാ ചിന്താഗതിയെ വിലയിരുത്തി അവസരം നിഷേധിച്ചതാണ് എന്നുവാദിക്കാം. ഒരുപക്ഷെ എനിക്കത് നിഷേധിക്കാനും പറ്റില്ല. കാരണം ഇതൊരു ഒബ്‌ജക്റ്റീവ് പരീക്ഷാ ഫലമില്ല. അതുകൊണ്ടുതന്നെ ശങ്കർ മോഹന് അതിനെ നന്നായി ന്യായീകരിക്കാൻ പറ്റും. സീറ്റ് ഒഴിച്ചിട്ടിട്ടുപോലും ആരും ചോദിക്കാൻ പോകാത്തത് അതുകൊണ്ടാണ്.
സ്വന്തം ക്വാളിറ്റി തെളിയിക്കേണ്ട ക്ലാസ് റൂമുകൾ
ദലിത്- ആദിവാസി വിദ്യാർത്ഥികൾക്ക് സ്‌കൂൾ ജീവിതം മുതലേ അധ്യാപകർക്കും സഹപാഠികൾക്കും സമൂഹത്തിനും മുന്നിൽ സ്വന്തം യോഗ്യതയും ക്വാളിറ്റിയും തെളിയിച്ച് ജീവിക്കേണ്ട ഗതികേടിലാണ്. ചെറുപ്പം തൊട്ടേ അധ്യാപകരിൽനിന്ന് കേൾക്കുന്നതാണ്, പത്താം ക്ലാസ് ജസ്റ്റ് പാസായാൽ മതിയല്ലോ, നിങ്ങൾക്ക് ജോലി കിട്ടും എന്ന്. എന്റെ അച്ഛനും അമ്മയ്ക്കും ചേട്ടനും അനിയത്തിക്കും ബന്ധുക്കളിൽ എത്ര പേർക്ക് ജോലിയുണ്ട്? എന്റെ കമ്യൂണിറ്റിയിൽ എത്രപേർക്കാണ് നല്ല ജോലിയും നല്ല വിദ്യാഭ്യാസവും ഉള്ളത്? എന്നിട്ട് ‘പ്രമുഖ’ ജാതിയിൽ ജനിച്ച്, ആ ജാതിയുടെ സ്‌കൂളിൽ പണവും കൊടുത്ത്, പേരിനൊരു ഡിഗ്രിയുമായി അധ്യാപനത്തിൽ കയറി, സർക്കാരിന്റെ ശമ്പളവും വാങ്ങി, അവർ ചോദിക്കുന്നു, നിങ്ങളല്ലേ ഞങ്ങളുടെ അവസരം തട്ടിയെടുക്കുന്നത് എന്ന്.
എന്നെ സംബന്ധിച്ച് ഈയൊരു അനുഭവത്തിൽനിന്ന് രക്ഷപ്പെട്ടത് ഫിലിം സ്‌കൂളിൽ മാത്രമാണ്. കോളേജിൽ പഠിക്കുന്ന സമയത്ത്, സംവരണത്തെക്കുറിച്ച് സഹപാഠികൾക്ക് ക്ലാസെടുത്തുകൊടുക്കേണ്ടിവന്നിട്ടുണ്ട്. ചിലതെല്ലാം ബോധ്യമായ അവർക്ക് തൊട്ടടുത്ത നിമിഷം പഠിക്കാൻ കിട്ടുന്ന പുസ്തകം ഏതാണ്? എം.ജി യൂണിവേഴ്‌സിറ്റിയുടെ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ എന്ന പുസ്തകമാണ്. അതിൽ, ‘സംവരണം ശാപമാണ്’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. നായർ സമുദായത്തിലെ ഒരു വ്യക്തിയാണ് ആ വാദമുന്നിയിച്ചിരിക്കുന്നത്. ഈ കാലത്തും ഈ വാദം അതേപടി, അത് പഠിക്കുന്ന വിദ്യാർഥികൾക്കുമുന്നിൽ നിലനിൽക്കുകയാണ്. അധ്യാപകർ തന്നെ പ്രചരിപ്പിക്കുകയാണ്, സംവരണം ഒരു ശാപമാണെന്ന്. അങ്ങനെയൊരു സമൂഹത്തിൽ കുട്ടികൾ എങ്ങനെ അതിജീവിക്കും? ഈ ചിന്താഗതി മാറ്റിയെടുക്കാൻ സർക്കാർ ഏതെങ്കിലും തരത്തിലുള്ള സിലബസോ പാഠ്യപദ്ധതിയോ രൂപപ്പെടുത്തിയിട്ടുണ്ടോ? ഗവൺമെൻറ് ഭരിക്കുന്ന അപ്പർ കാസ്റ്റ് ഭരണസമിതിക്ക് അത് മാറ്റാൻ താല്പര്യമുണ്ടാകില്ല.
ഞങ്ങൾക്ക് പഠിക്കാൻ പണമെവിടെ?
ഇന്ത്യയിലെ ആദിവാസി- ദലിത് വിഭാഗങ്ങൾക്കും മുസ്ലിംകൾക്കും ജാതിക്കും മതത്തിനും അതീതമായി നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്‌നമാണ് സാമ്പത്തികം. വിദ്യാർത്ഥികളെ ഏറെ ബാധിക്കുന്ന ഒരു കാര്യം കൂടിയാണിത്. കേന്ദ്ര സർക്കാറിനുകീഴിലുള്ള സർവകലാശാലകളും ഐ.ഐ.ടികളും ഐ.ഐ.എമ്മുകളും പൂനെ- സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളെല്ലാം ഭീമമായ തുകയാണ് ഫീസായി ഈടാക്കുന്നത്. സ്‌കോളർഷിപ്പുകൾ കൂടുതലും നൽകുന്നത് സംസ്ഥാന ഗവൺമെന്റുകളായതിനാൽ ഈ സ്ഥാപനങ്ങളിൽ ഫീസടയ്‌ക്കേണ്ടി വരുന്നുണ്ട്. അതും ഫിലിം സ്‌കൂളുകളിൽ ഭീമമായ കോഷൻ ഡെപ്പോസിറ്റുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിനു പുറത്തുള്ള പല സ്ഥാപനങ്ങൾക്കും ഇ-ഗ്രാൻറ്സ് പോലെയുള്ള സംവിധാനങ്ങൾ ബാധകമല്ല. അപ്പോൾ ആദ്യ സെമസ്റ്ററിലെ ഫീസ് വിദ്യാർഥി തന്നെ അടക്കേണ്ടിവരുന്നു. ബാങ്ക് ലോൺ ആണെങ്കിൽ കൃത്യമായ സമയത്ത് കിട്ടില്ല, അതിന് ബാങ്ക് മാനേജറുടെ പുറകേ അലയണം. ഇത്തരമൊരു സാഹചര്യത്തിൽ ഇത്ര വലിയ തുക അടയ്ക്കുക എന്നത് ദലിത്- ആദിവാസി വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ ടാസ്‌ക് ആണ്. സ്‌കോളർഷിപ്പും ബാങ്ക് ലോണും കിട്ടാതെ പഠനം നിർത്തേണ്ടിവന്ന ഒരുപാട് വിദ്യാർഥികൾ നമുക്കിടയിലുണ്ട്. അവർ ആദിവാസി- ദലിത് വിഭാഗക്കാരാണ് എന്നതാണ് വലിയൊരു സത്യം. അഥവാ ബാങ്കിനും മാനേജർക്കും നമ്മളോട് കനിവ് തോന്നിയാൽ, ഫീസ് അടയ്ക്കാൻ വഴിയൊരുങ്ങും. എന്നാലും വലിയ പലിശയാണ് തിരിച്ചടയ്‌ക്കേണ്ടിവരിക. അതും കൃത്യമായ സമയത്തിനുള്ളിൽ. മറ്റൊരു കാര്യം കോഷൻ ഡെപ്പോസിറ്റ് ബാങ്ക് വായ്പയിലില്ല എന്നതാണ്. മിക്ക ഫിലിം സ്‌കൂളുകളിലും 70,000 രൂപക്കുമീതെയാണ് കോഷൻ ഡെപ്പോസിറ്റ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ ഈ തുക തിരിച്ചടയ്ക്കുക എന്നതും വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്.
ഒരിക്കൽ ഞാൻ ബാങ്ക് അധികൃതരോട് ഇക്കാര്യം പറഞ്ഞപ്പോൾ ലഭിച്ച മറുപടി, കോളേജുകൾ അവർക്ക് തോന്നിയ തുക കോഷൻ ഡെപ്പോസിറ്റായി വെച്ചാൽ അത് തരേണ്ട ബാധ്യത ബാങ്കിനില്ല എന്നാണ്. 90% വരുന്ന സർവ്വകലാശാലകളുടെ കോഷൻ ഡെപ്പോസിറ്റുമായി താരതമ്യം ചെയ്തിട്ടാകും അവർ ഈ തുക കണക്കാക്കുന്നത്. അതൊരുപക്ഷേ ചെറിയൊരു തുകയായിരിക്കാം. അതുകൊണ്ട് അത് വിദ്യാർത്ഥികൾക്ക് കൊടുക്കാൻ പറ്റും എന്നും ബാങ്കും സർക്കാറും കണക്കു കൂട്ടുന്നുണ്ടാകാം. എന്നാൽ, ഞങ്ങളെപ്പോലുള്ള ഫിലിം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഈ തുക അടയ്‌ക്കേണ്ടിവരുന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്.
ഭീമമായ പലിശക്കാണ് ഞാൻ ഇതിനുവേണ്ടിയുള്ള പണം സംഘടിപ്പിച്ചത്. ഒരുപക്ഷേ, ആ പണം സംഘടിപ്പിക്കാനുള്ള ഒരു സാധ്യത എനിക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞുവെന്നുമാത്രം. ഒരു ആദിവാസി വിദ്യാർത്ഥിക്ക് ഇത്രയും വലിയ തുക സ്വന്തം കഴിവിൽ എങ്ങനെ സംഘടിപ്പിക്കാൻ സാധിക്കും? അതുകൊണ്ടുതന്നെ അവർക്ക് അഡ്മിഷൻ ലഭിച്ചെന്നും വരില്ല. സത്യജിത്റായ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദേശ വിദ്യാർഥികൾക്ക് ഫീസില്ലെന്നുമാത്രമല്ല, നല്ലൊരു തുക പഠിക്കാൻ കൊടുക്കുകയും ചെയ്യും, ചെലവിന്. കോഷൻ ഡെപ്പോസിറ് പോലും അവർക്ക് അടയ്‌ക്കേണ്ടിവരുന്നില്ല. ഈയൊരു കരുണയുടെ പകുതിയെങ്കിലും ഇവിടുത്തെ ദലിത്- ആദിവാസി വിദ്യാർത്ഥികളോട് സർക്കാറുകളും ബാങ്കുകളും കാണിക്കുന്നില്ല. വിദേശത്തേക്കു പോകുന്ന വിദ്യാർത്ഥികളെയും ഇത് നല്ല രീതിയിൽ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ മറ്റു വിദ്യാർഥികളെ പോലെ ദലിത്- ആദിവാസി വിദ്യാർത്ഥികൾക്കും വിരളമായിട്ടേ അത്തരം അവസരം വിനിയോഗിക്കാൻ കഴിയുന്നുള്ളൂ.
മാധ്യമങ്ങൾ എന്തുചെയ്തു?
കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളുടെ പങ്കിനെക്കൂടി എടുത്തുപറയേണ്ടതുണ്ട്. ഈ വിഷയങ്ങൾ ആദ്യം മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. വിദ്യാർഥികൾ മാധ്യമങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത്. എങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ തുടക്കത്തിൽ ‘നോ' എന്നു തന്നെയാണ് ഞാനടക്കമുള്ളവരോട് പറഞ്ഞത്. ഓൺലൈൻ മാധ്യമങ്ങളാണ് വിദ്യാർഥികളുടെ പക്ഷത്തുനിന്ന് നിലപാട് സ്വീകരിച്ചത്. അങ്ങനെയാണ് ട്രൂകോപ്പി അടക്കമുള്ള മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നത്. ഇത്തരം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ എടുക്കുന്ന നിലപാട് ഞാനടങ്ങുന്ന സമൂഹങ്ങൾക്ക് വലിയ ഗുണം ചെയ്യുന്ന ഒന്നാണ്. ഹൈകോടതിയിൽ കേസ് കൊടുക്കാനും മറ്റ് നിയമനടപടികൾ സ്വീകരിക്കാനും എനിക്ക് കഴിഞ്ഞത്, ഇതേക്കുറിച്ച് അറിവുള്ളതുകൊണ്ടാണ്. എന്നാൽ, നിയമനടപടികളെക്കുറിച്ചും മാധ്യമ ഇടപെടലുകളെക്കുറിച്ചും അറിവില്ലാത്ത ഒരു വിദ്യാർഥിയെ സംബന്ധിച്ച് തനിക്കെതിരായ വിവേചനം എങ്ങനെ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും എന്ന പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ▮