ഉറങ്ങാൻ, അച്ഛനുറങ്ങുന്ന സമയം വരെ
​കാത്തിരിക്കേണ്ടി വരുന്ന പെൺകുട്ടി

നിരാലംബയായ ഒരു പെൺകുട്ടി ഒരാൺകുട്ടിയുടെ സ്‌നേഹത്തെ ആശ്വാസത്തണലായി നെഞ്ചോട് ചേർത്തിരിക്കയാണ്. ആശംസകളോടെ അവളെ പറഞ്ഞയക്കാനേ കഴിയൂ. വർഷങ്ങൾക്കിപ്പുറം അവൾ ഒരുദ്യോഗസ്ഥയായി എന്റെ കൺമുമ്പിലില്ലെങ്കിലും അകലെയുണ്ട്.

തിളങ്ങുന്ന കണ്ണുകളും ചുവന്ന ചുണ്ടുകളുമുള്ള *സജനയെ എനിക്ക് മറക്കാനാവില്ല. കൊടുങ്ങല്ലൂരിലെ ഒരു സ്‌ക്കൂളിൽ പ്ലസ് ടു ഗസ്റ്റ് അധ്യാപികയായിരുന്നു, ഞാനന്ന്.
കമലാദാസിന്റെ ‘മിഡിൽ ഏജ്'പഠിപ്പിക്കുമ്പോഴാണ് അവളുടെ കണ്ണുകളിലെ വിഷാദം എന്നിലേക്ക് തറഞ്ഞു കയറുന്നത്. ‘മക്കളുടെ അസാന്നിധ്യത്തിൽ അവരുടെ വസ്ത്രങ്ങളിലും പുസ്തകസഞ്ചികളിലുമെല്ലാം ആതുരത്വത്താൽ വിരലുകളോട്ടുന്ന ആ അമ്മ, മധ്യവയസ്സിലെത്തിയിട്ടും സ്വപ്നജീവിയാണോ നിങ്ങളെന്ന് മക്കൾ കുറ്റപ്പെടുത്തുന്ന അമ്മ എന്തുകൊണ്ടോ അവൾക്ക് നൊമ്പര ചിത്രമായിട്ടുണ്ടാവാം...

ഭാഷാധ്യാപികയെന്ന നിലയ്ക്ക് ഏറെ ഇഷ്ടത്തോടെയാണ് അധ്യാപനത്തെ നോക്കിക്കണ്ടത്. മുന്നിലിരിക്കുന്ന കുട്ടികളെല്ലാം അപ്പോൾ നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അനിയന്മാരും അനിയത്തിമാരും.
കൗമാരകുതൂഹലങ്ങൾ കണ്ണുകളിൽ നിറച്ച കമനീയ കവിതയാണ് ഓരോ കുട്ടിയും. അടുപ്പം ഏറെത്തോന്നുമ്പോൾ കുട്ടികളോട് പറയുമായിരുന്നു, ‘നിങ്ങൾക്ക് എന്തു സങ്കടമുണ്ടായാലും ടീച്ചറോട് പറയാൻ മടിക്കണ്ടാട്ടോ.'
ഈ വാക്കുകൾ മുഖവിലയ്‌ക്കെടുത്ത കുറച്ചുപേരിൽ സജനയായിരുന്നു മുന്നിൽ. ഒരു ദിവസം ഇന്റർവെല്ലിനവൾ അടുത്തുവന്നു.
‘ടീച്ചർ അന്നു പറഞ്ഞില്ലേ, സങ്കടങ്ങൾ പറയണമെന്ന് ' എന്ന മുഖവുരയോടെ.

അടച്ചുറപ്പില്ലാത്ത വീടിന്റെ ആശങ്കകൾ അവളെക്കുറിച്ചാണ്. ചെത്തിത്തേക്കാത്ത വീടിന്റെ കല്ലിടുക്കുകളിൽ ഒളിപാർത്തേക്കാവുന്ന സർപ്പങ്ങളേക്കാൾ ഭീകരരായ സ്വന്തക്കാരുടെ കൂടെ കഴിയേണ്ടി വരുന്ന അനവധി പെൺകുട്ടികളുടെ പ്രതിനിധിയായിരുന്നു, സജന. ഒരു പെൺകുട്ടിക്ക് ഉറങ്ങാൻ അവളുടെ അച്ഛനുറങ്ങുന്ന സമയം വരെ കാത്തിരിക്കേണ്ടി വരിക!

അവൾ പറഞ്ഞ സത്യങ്ങൾ എന്നെ അസ്വസ്ഥയാക്കി. നല്ലൊരു വാതിൽ പോലുമില്ലാത്ത മുറിയിൽ ഉറക്കമിളച്ച് അർധരാത്രികളേറെ തള്ളി നീക്കേണ്ടി വന്ന അവളുടെ കണ്ണുകൾക്കു ചുറ്റും ആധിയുടെ കറുത്ത വലയങ്ങൾ നൃത്തം ചെയ്തു.
ഞാനവളെ കേട്ടു, ഏറെ ക്ഷമയോടെ. അമ്മയോട് പറഞ്ഞില്ലേ എന്ന് ചോദിച്ചു.
‘ഉവ്വ് ടീച്ചർ, അമ്മയ്‌ക്കൊന്നും ചെയ്യാനാവില്ല.'
‘അതു പറഞ്ഞാൽ പറ്റില്ല . അമ്മയോട് പറഞ്ഞ് കൃത്യമായ ഒരു പരിഹാരമുണ്ടാക്കണം.'

കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും അവൾ വന്നു.
‘ടീച്ചർ, അമ്മ അമ്മാവന്മാരെ അറിയിച്ചിട്ടുണ്ട്. '
‘നല്ല കാര്യം മോളേ, അവരെന്തു പറഞ്ഞു ?'
‘അതല്ല, ടീച്ചർ. വേറൊരു കാര്യമുണ്ട്.'
മറ്റൊരു കഥ നിവർന്നു വരികയാണ്.
‘എനിക്കൊരാളെ ഇഷ്ടമാണ്. മറ്റൊരു മതത്തിൽ പെട്ട ഒരാളാണ്. '

ആദ്യം എന്റെ ഉള്ളൊന്നു പകച്ചു. എങ്കിലും അധ്യാപികയല്ലേ. നമ്മൾ തികഞ്ഞ പക്വതയോടെ കുഞ്ഞുങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. ചിലപ്പോഴൊക്കെ സ്ഥാപനവൽക്കരിക്കപ്പെട്ട ചില സാമൂഹിക വൈകല്യങ്ങൾ അവർക്കുനേരെ വാളെടുത്തേയ്ക്കാമെങ്കിലും.
ഞാനവളോട് പറഞ്ഞു, ‘സജനാ, ഇത് ഏറെ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലേ? '
അവൾ ഇതിൽ ഉറച്ചുതന്നെയാണ്, അവനും എന്ന് അവളുടെ വാക്കുകളിൽ നിന്ന് വ്യക്തമായി.
പിന്നീടുള്ള അവളുടെ വാക്കുകൾക്കു മുന്നിൽ നിശ്ശബ്ദതയുടെ പുതപ്പണിച്ച് പകച്ചു നിന്നു, ഞാൻ.
‘എന്റെ അച്ഛനെന്ന ദുഷ്ടനിൽ നിന്ന് എനിക്ക് രക്ഷപ്പെടണം, ടീച്ചർ. അതിന് അവൻ മാത്രമേയുള്ളൂ തുണ.’
അതെ. രക്ഷപ്പെടണം. തീർച്ചയായും. ഞാനവളോട് പറഞ്ഞു. പക്ഷേ, പഠിക്കണം, മിടുക്കിയാവണം, ജോലി നേടണം. നിന്നെക്കുറിച്ച് ടീച്ചർ അത് സ്വപ്നം കാണുന്നുണ്ട്.
നിരാലംബയായ ഒരു പെൺകുട്ടി ഒരാൺകുട്ടിയുടെ സ്‌നേഹത്തെ ആശ്വാസത്തണലായി നെഞ്ചോട് ചേർത്തിരിക്കയാണ്. ആശംസകളോടെ അവളെ പറഞ്ഞയക്കാനേ കഴിയൂ. വർഷങ്ങൾക്കിപ്പുറം അവൾ ഒരുദ്യോഗസ്ഥയായി എന്റെ കൺമുമ്പിലില്ലെങ്കിലും അകലെയുണ്ട്.

പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് വില കല്പിക്കുന്ന ഒരു സമൂഹത്തിലേക്ക് ഇനിയും കടമ്പകൾ പലതുണ്ട്. അവൾ ഇഷ്ടപ്പെട്ടവനോടൊപ്പം സ്വസ്ഥമായി ജീവിക്കുന്ന അറിവ് എന്റെ ആനന്ദമാണ്, ഒരു ടീച്ചർക്കു മാത്രം സ്വന്തമായ ആനന്ദം...! ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രാധിക സനോജ്​

കവി, വിവർത്തക. തൃശൂർ നടവരമ്പ്​ ഗവ. ഹയർസെക്കൻഡറി സ്​കൂൾ അധ്യാപിക. മായ്​ച്ചും വരച്ചും, ഇരുട്ടിൽ ഒരു മഴപ്പക്ഷി എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments