സ്​കൂൾ തുറന്നു, വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽ പുതിയ ചോദ്യങ്ങളുമായി

സ്‌കൂൾ തുറക്കുന്നതോടെ അധ്യാപകർ ഡിജിറ്റൽ / വിദൂര / ഓൺലൈൻ ക്ലാസിന്റെ തുടർച്ചയാണോ ഏറ്റെടുക്കേണ്ടത് അതോ ഒരു പുതു അക്കാദമിക് വർഷം ആരംഭിക്കുന്നതായി കണക്കാക്കി ഈ വർഷത്തെ പാഠങ്ങൾ തുടക്കം മുതൽ പഠിപ്പിച്ചു തുടങ്ങുകയാണോ വേണ്ടത്?- സ്​കൂളുകൾ തുറന്ന സാഹചര്യത്തിൽ ഉയരുന്ന പുതിയ ചോദ്യങ്ങൾ.

കേരളപ്പിറവി ദിനത്തിൽ പത്തൊൻപതുമാസത്തിനുശേഷം സ്‌കൂളുകൾ തുറക്കുകയാണിന്ന്. മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത ഒരു അനുഭവത്തിലൂടെയാണ് ലോകമാകെ കടന്നുപോവുന്നത്. മഹാമാരി വിതയ്ക്കുന്ന വൈറസിനെ തുടച്ചുമാറ്റിയല്ല ജീവിതത്തിന്റെ സാധാരണക്രമം തിരിച്ചുപിടിക്കാൻ നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മഹാമാരി അനന്തര ലോകത്ത് ഏറെക്കാര്യങ്ങളും അനുമാനത്തിന്റെ (hypothesis) അടിസ്ഥാനത്തിനാലാണ് തീരുമാനിക്കുന്നത്. സ്‌കൂളിലേക്ക് തിരികെ എത്താൻ വിദ്യാർഥികൾ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നോ? പത്തൊൻപതു മാസത്തെ ഡിജിറ്റൽ പഠനവും ഓൺലൈൻ പഠനവും വിദ്യാർഥികൾക്ക് എത്രത്തോളം സഹായകരമായിട്ടുണ്ട്? ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള എല്ലാ ക്ലാസുകളിലെയും വിദ്യാർഥികളുടെ രക്ഷിതാക്കൾ ആശങ്കയേതുമില്ലാതെ കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞുവിടുമോ? ഈ അക്കാദമിക് വർഷത്തെ പഠനപ്രവർത്തനങ്ങൾ എങ്ങിനെ ആസൂത്രണം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ അധ്യാപകർക്കുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഗുണാത്മകമായ ഉത്തരങ്ങൾ ആയിരിക്കും എന്ന് നമ്മൾ അനുമാനിക്കുന്നു. ഈ ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ മറ്റൊരുവഴി നമുക്ക് മുന്നിലില്ല എന്നത് ഒരു യാഥാർഥ്യമാണ്താനും.

സ്‌കൂൾ അടച്ചിടൽ സൃഷ്ടിച്ച വെല്ലുവിളികൾ

ഡിജിറ്റൽ ഡിവൈഡ് രൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ച വിദൂര / ഓൺലൈൻ / ഡിജിറ്റൽ വിദ്യാഭ്യാസ കാലത്ത് ഏറെ ചർച്ചചെയ്യപ്പെടാതെ പോയതാണ് അടച്ചിരുപ്പുകാലം സൃഷ്ടിച്ച സാംസ്‌കാരിക വിടവും (cultural divide) ഘടനാപരമായ വിടവും (structural divide). സ്‌കൂളുകൾ അടച്ചിട്ട ഒന്നരവർഷക്കാലം പുസ്തകവായനയും ഓൺലൈൻ സംഗീതപഠനവും നൃത്തപഠനവും കലാപഠനവും യോഗ പഠനവുമൊക്കെയായി തങ്ങളുടെ സാംസ്‌കാരിക മൂലധനം (cultural capital) വർധിപ്പിക്കാനുള്ള അവസരമാക്കിമാറ്റാൻ സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സാധിച്ചു. എന്നാൽ തൊഴിൽ മേഖല മൊത്തത്തിൽ പ്രതിസന്ധിയിലായ ഈ കാലം സാധാരണക്കാരായ തൊഴിലാളികളുടെയും മറ്റും മക്കൾക്ക് വറുതിയുടെകാലമായിരുന്നു ഇത്. ഇതോടൊപ്പം തിരിച്ചറിയപ്പെടേണ്ട ഒരു പ്രശ്നമാണ് ഘടനാപരമായിതന്നെ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന അന്തരം.

ഡിജിറ്റൽ/വിദൂരപഠനകാലം വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങൾ ഏറെയും വീടകങ്ങളിൽ നടക്കും എന്ന ധാരണയിലാണ് മുന്നേറിയത്. സാമ്പത്തികശേഷിയുള്ളവരുടെ വീടുകളിൽ പഠനത്തിനാവശ്യമായ അന്തരീക്ഷം ലഭ്യമാവുന്നപോലെ തൊഴിൽ പ്രശ്‌നങ്ങളിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും കഴിയുന്ന കുടുംബങ്ങളിൽ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പഠനാനുകൂല അന്തരീക്ഷം നിലനിന്നുകൊള്ളണമെന്നില്ല. മഹാമാരിക്കാലം തീവ്രമാക്കിയ നമ്മുടെ സാമൂഹികജീവിതത്തിലെ ഈ വിടവുകൾ അഭിസംബോധന ചെയ്തുകൊണ്ടുമാത്രമേ സ്‌കൂൾ തുറന്നുകഴിഞ്ഞുള്ള വിദ്യാഭ്യാസ പ്രക്രിയയും ലക്ഷ്യം കാണുകയുള്ളു.

Photo: Pixabay
Photo: Pixabay

കുട്ടികൾക്ക് വാക്‌സീൻ നൽകാനുള്ള ആഗോള ഗൂഢാലോചനയാണ് സ്‌കൂൾ തുറക്കുന്നതിനു പിന്നിൽ എന്ന് വാക്‌സീൻ വിരുദ്ധലോബി പ്രചരിപ്പിക്കുന്നുണ്ട്. കുട്ടികൾക്ക് കൂട്ടത്തോടെ രോഗം വന്നാൽ എല്ലാവരും വാക്‌സീൻ എടുക്കാൻ നിർബന്ധിതരാവും എന്നാണ് അവർ പറയുന്നത്. ഇപ്പോൾ വീടകങ്ങളിൽ മാത്രം ഒതുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതോടെ അവർ രോഗം വരാൻ സാധ്യതയുള്ളവരായി മാറും എന്നും ഇവർ പറയുന്നു. (ഈ രോഗം തന്നെ ഇല്ലാത്ത ഒന്നാണ് എന്നു ഇതുവരെ പറഞ്ഞുനടന്നവരാണ് ഇവർ. ഏതായാലും രോഗം ഉണ്ടെന്നു സമ്മതിച്ചതുതന്നെ വലിയ കാര്യം.)

സ്‌കൂളുകൾ മൂന്നാം കോവിഡ് തരംഗത്തിന്റെ പ്രഭവകേന്ദ്രമാവാതിരിക്കാനുള്ള മുൻകരുതലുകൾ ഉറപ്പുവരുത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മുതിർന്നവർ ഏറെയും വാക്‌സീൻ എടുത്തുകഴിഞ്ഞവരാണ് എന്നതും അടച്ചിരിപ്പിൽനിന്നു രക്ഷപ്പെടാനുള്ള വെമ്പലുമായി നിൽക്കുകയാണ് എന്നതും കോവിഡ് പ്രതിരോധ ജാഗ്രതയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാക്‌സീൻ എടുക്കാത്ത 18 വയസ്സിനുതാഴെ പ്രായമുള്ള വിദ്യാർഥികളുടെ കാര്യത്തിൽ കോവിഡ് പ്രതിരോധ ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. വിദ്യാർഥികളും, അധ്യാപകരും, രക്ഷിതാക്കളും, ആരോഗ്യപ്രവർത്തകരും, പോലീസും, പൊതുസമൂഹവും ജാഗ്രതയോടെ ഇടപെടുക എന്നതാണ് സുപ്രധാനമായ കാര്യം.

അക്കാദമിക ഇടപെടലുകൾ

വിദ്യാഭ്യാസത്തിന്റെ വിശാല ലക്ഷ്യങ്ങൾ എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച പുനരാലോചനയ്ക്കുള്ള സമയമായിരുന്നു സ്‌കൂളുകളും കോളേജുകളും അടച്ചിട്ട ഒന്നരവർഷക്കാലം. പണം വാരിക്കൂട്ടുക എന്ന മുതലാളിത്ത ലളിതയുക്തി മഹാമാരിയനന്തര ലോകത്തിൽ മുമ്പത്തെപ്പോലെ വിലപ്പോകും എന്ന് തോന്നുന്നില്ല. കോർപ്പറേറ്റുകൾക്കുവേണ്ടി പണിയെടുക്കുന്ന തൊഴിൽസേനയെ സൃഷ്ടിക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന ബോധം സമൂഹമനസ്സിൽ കുറച്ചുകൂടെ ആഴത്തിൽ വേരോടിയ സന്ദർഭം കൂടിയാണിത്. പൊതുപരീക്ഷയിലെ വിജയമാണ് യഥാർഥവിജയികളെ സൃഷ്ടിക്കുന്നത് എന്ന ധാരണയും സി.ബി.എസ്.ഇ.യും ചില സംസ്ഥാന പരീക്ഷാ ബോഡുകളും പൊതുപരീക്ഷ നടത്താതെ വിദ്യാർഥികളെ വിജയിപ്പിച്ചപ്പോൾ ഏറെക്കുറെ തകർന്നുപോയിട്ടുണ്ട്.

കേരളത്തിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുശതമാനത്തിനടുത്ത് വിജയമുണ്ടായി. എല്ലാ കുട്ടികളുടെയും തുടർപഠനം സർക്കാർ ഉറപ്പുവരുത്തും എന്നും പറയുന്നു. ആ നിലയ്ക്ക് പത്താംക്ലാസിലെ പൊതുപരീക്ഷ ഇനിയും പഴയതുപോലെ പോലീസ് കാവലും ചിട്ടവട്ടങ്ങളുമൊക്കെയായി നടത്തണോ എന്ന കാര്യം നമ്മൾ പുനരാലോചിക്കേണ്ടതുണ്ട്. കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് തുടർപഠനത്തിനുള്ള സാധ്യത ഒരുക്കുകയല്ലേ വേണ്ടത്? ഒരു ഹൈ സ്റ്റെയ്ക് പരീക്ഷ നടത്തി കുറച്ചാളുകളെ അരിച്ചുമാറ്റേണ്ടതുണ്ടോ? പത്രണ്ടാം ക്ലാസുവരെ സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ഭരണഘടന ഉറപ്പുനൽകുന്നത്. നമ്മുടേതുപോലുള്ള ഒരു മത്സരാധിഷ്ഠിത സമൂഹത്തിൽ എസ്.എസ്.എൽ.സി. പൊതുപരീക്ഷ ആവശ്യമില്ല എന്ന യാഥാർഥ്യം പെട്ടന്ന് സ്വീകരിക്കപ്പെട്ടു എന്ന് വരില്ല. എങ്കിലും മഹാമാരിക്കാലം ആ പരീക്ഷയുടെ പ്രസക്തി എന്താണ് എന്ന ചോദ്യം ശക്തമായി ഉയർത്തുന്നുണ്ട്.

ഈ വർഷത്തെ അക്കാദമിക് കലണ്ടർ എസ്.സി.ഇ.ആർ.ടി. പുറത്തിറക്കും എന്ന് വിദ്യാഭ്യാസമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. സ്‌കൂൾ തുറക്കുന്നതോടെ അധ്യാപകർ ഡിജിറ്റൽ / വിദൂര / ഓൺലൈൻ ക്ലാസിന്റെ തുടർച്ചയാണോ ഏറ്റെടുക്കേണ്ടത് അതോ ഒരു പുതു അക്കാദമിക് വർഷം ആരംഭിക്കുന്നതായി കണക്കാക്കി ഈ വർഷത്തെ പാഠങ്ങൾ തുടക്കം മുതൽ പഠിപ്പിച്ചു തുടങ്ങുകയാണോ വേണ്ടത്? എത്ര അധ്യയന ദിവസങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്? സ്‌കൂൾ പ്രവർത്തനസമയത്ത് വിക്ടേഴ്സ് ചാനൽ വഴിയുള്ള സംപ്രേഷണം തുടരാൻ കഴിയുമോ? അധ്യാപകർ ബ്ലൻഡഡ് ലേണിങ് രീതി അവലംബിക്കണം എന്ന് പറയുന്നുണ്ടെങ്കിലും വിക്ടേഴ്സ് ചാനൽ സംപ്രേഷണത്തിനും സ്‌കൂൾ പ്രവൃത്തി സമയത്തിനുമിടയിൽ എപ്പോളാണ് അതിനായി സമയം കണ്ടെത്തുക? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.

സംസ്ഥാനത്ത സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നേതൃത്വം എസ്.സി.ഇ.ആർ.ടി.ക്കാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ചും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാനാവശ്യമായ ഇടപെടലിനെ സംബന്ധിച്ചും മികച്ച നിലവാരമുള്ള കാണാനും, കേൾക്കാനും, വായിക്കാനും പറ്റുന്ന മെറ്റീരിയലുകൾ ലഭ്യമാക്കുക, അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുക, മൂല്യനിർണയത്തെ ശാസ്ത്രീയമായി പുതുക്കിപ്പണിയുക, അധ്യാപകരെ ശാക്തീകരിക്കുക, ഡിജിറ്റൽ / വിദൂര / ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് ഗവേഷണം നടത്തുക തുടങ്ങി സുപ്രധാനമായ ഇടപെടലുകളാണ് എസ്.സി.ഇ.ആർ.ടി.യുടെ പക്ഷത്തുനിന്ന് അക്കാദമിക് സമൂഹം പ്രതീക്ഷിക്കുന്നത്.

എല്ലാ പരിമിതികൾക്കുമപ്പുറം ഒഴുക്ക് നിലച്ചുപോയ ഒരു പുഴ വീണ്ടും ഒഴുകുന്നപോലെ വിദ്യാഭ്യാസ പ്രക്രിയയുടെ ജീവതാളം തിരിച്ചുകിട്ടുന്നു എന്ന ആശ്വാസമുണ്ട്. അർഥവത്തും സമയബന്ധിതവുമായ ഇടപെടലുകൾ ഉത്തരവാദപ്പെട്ടവരിൽനിന്ന് ഉണ്ടാവും എന്ന പ്രതീക്ഷയിൽ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും സന്തോഷകരമായ അധ്യയനവർഷം ആശംസിക്കുന്നു.


Summary: സ്‌കൂൾ തുറക്കുന്നതോടെ അധ്യാപകർ ഡിജിറ്റൽ / വിദൂര / ഓൺലൈൻ ക്ലാസിന്റെ തുടർച്ചയാണോ ഏറ്റെടുക്കേണ്ടത് അതോ ഒരു പുതു അക്കാദമിക് വർഷം ആരംഭിക്കുന്നതായി കണക്കാക്കി ഈ വർഷത്തെ പാഠങ്ങൾ തുടക്കം മുതൽ പഠിപ്പിച്ചു തുടങ്ങുകയാണോ വേണ്ടത്?- സ്​കൂളുകൾ തുറന്ന സാഹചര്യത്തിൽ ഉയരുന്ന പുതിയ ചോദ്യങ്ങൾ.


Comments