വിദ്യാലയവർഷാരംഭം അധ്യാപകരെയും വിദ്യാർഥികളെയും സംബന്ധിച്ചിടത്തോളം മറ്റൊരു പുതുവർഷപ്പിറവിതന്നെയാണ്. പുത്തൻ വസ്ത്രങ്ങളും പഠനോപകരണങ്ങളുമായി കുട്ടികളും അവരെ വരവേൽക്കാനായി അധ്യാപകരും ഉത്സാഹത്തോടെ സ്കൂൾമുറ്റത്തേക്കു വീണ്ടുമെത്തുമ്പോൾ, സർവീസിൽനിന്നു വിരമിച്ച ഒരധ്യാപകൻ എന്ന നിലയിൽ അൽപം മാറിനിന്ന് ഈ പുതുവർഷത്തെ അക്കാദമികപ്രതീക്ഷകളും സന്ദേഹങ്ങളം പങ്കുവെക്കാമെന്നു തോന്നുന്നു. സ്കൂൾ ഹാജർപുസ്തകത്തിൽ അവസാനത്തെ ഒപ്പുവെക്കുന്നതോടുകൂടി തീരുന്നതല്ലല്ലോ വിദ്യാഭ്യാസപ്രവർത്തകരുടെ അക്കാദമിക താൽപ്പര്യങ്ങൾ.
ലോകത്തെവിടെയും എല്ലാ സാമൂഹിക നവോത്ഥാന പരിശ്രമങ്ങൾക്കും അതുകൊണ്ടുതന്നെ മുൻപന്തിയിൽ നിന്നിരുന്നത് അധ്യാപകരാണ്. ‘അധ്യാപകർ പഠിപ്പിച്ചാൽ മതി’ എന്നത് കാലത്തിൻ്റെ ചുമരിലെഴുതിയ അശ്ലീലമാകുന്നത് അതുകൊണ്ടുകൂടിയാണ്.
യഥാർഥത്തിൽ അധ്യാപകരെന്ന ഉത്തരവാദിത്വം ഏതെങ്കിലുമൊരു ദിനം ഹാജര്‍പുസ്തകത്തിൽ ഒപ്പുവെക്കുന്നിടത്ത് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഒന്നല്ല. You are a government servant എന്ന് തർക്കത്തിനിടയിൽ ഒച്ചയുയർത്തിയ സുഹൃത്തിനോട് I am not a servant, I'm a Teacher എന്ന് സമീപകാലത്ത് പറയേണ്ടിവന്ന ഒരു സന്ദർഭം ഓർമ്മവരുകയാണ്. അഥവാ, ഒരു സർവൻറ് ആണെങ്കിൽ അത് ഈ സമൂഹത്തിൻ്റേതാണ്, പൊതുവിദ്യാലയത്തിലെ കുഞ്ഞുങ്ങളുടേതാണ്, അവരുടെ രക്ഷകർത്താക്കളുടേതാണ്. മറ്റൊരർഥത്തിൽ, ഈ ലോകത്തെ മാറ്റിത്തീർക്കുന്നവരാണ് അധ്യാപകർ; ഈ ലോകത്തെ മറ്റൊരു വിധത്തിൽ വിഭാവനം ചെയ്യുന്നവർ, നിര്‍മ്മിക്കുന്നവർ. ലോകത്തെവിടെയും എല്ലാ സാമൂഹികനവോത്ഥാന പരിശ്രമങ്ങൾക്കും അതുകൊണ്ടുതന്നെ മുൻപന്തിയിൽ നിന്നത് അധ്യാപകരാണ്. അധ്യാപകർ പഠിപ്പിച്ചാൽ മതി എന്നത് കാലത്തിൻ്റെ ചുമരിലെഴുതിയ അശ്ലീലമാകുന്നത് അതുകൊണ്ടുകൂടിയാണ്.
സുദീർഘമായ 31 വർഷത്തെ സ്കൂൾജീവിതത്തിൽ പലതരത്തിലുള്ള അകംപുറം മാറ്റങ്ങൾക്ക് വ്യക്തി എന്ന നിലയിലും അധ്യാപകനെന്ന നിലയിലും വിധേയനായിട്ടുണ്ട്. അധ്യാപനത്തിൽ പ്രവേശിച്ച ആദ്യഘട്ടങ്ങളിൽ ക്ലാസ്മുറിയിൽ വല്ലതും ചെയ്യാനുണ്ട് എന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അപ്രകാരമായിരുന്നു നമ്മുടെ പഠനരീതികളും പരീക്ഷകളും ചിട്ടപ്പെടുത്തപ്പെട്ടത്. കേവലം ഓർമ്മപരിശോധനയിൽ ഊന്നിയ പരീക്ഷകളും പാഠപുസ്തകത്തിലും അധ്യാപകരിലും കേന്ദ്രീകരിച്ചുള്ള വിനിമയവുമായിരുന്നു നിലകൊണ്ടിരുന്നത്. പത്തും ഇരുപതും വര്‍ഷമായി മാറാത്ത പാഠപുസ്തകങ്ങളും പരീക്ഷാചോദ്യങ്ങളും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒട്ടും വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നില്ല. കാലഹരണപ്പെട്ട പഠനസമ്പ്രദായമാണ് അന്ന് കൊണ്ടാടപ്പെട്ടിരുന്നത്. അന്നൊക്കെ 'എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി' എന്നു വിളിക്കപ്പെട്ടിരുന്ന യുവജനോത്സവങ്ങളിലും കലാകായികപ്രവൃത്തിപരിചയമേളകളിലും പങ്കെടുത്തുകൊണ്ടാണ് ഞങ്ങളൊക്കെ അധ്യാപകജീവിതത്തിന്റെ ഊർജ്ജം നഷ്ടപ്പെടാതെ നോക്കിയിരുന്നത്.
ഇപ്പോഴും അധ്യാപകർ നമ്മുടെ കുഞ്ഞുങ്ങളെ, അവരുടെ കഴിവുകളെ, സാധ്യതകളെ അവരുടെ കയ്യിലുള്ള ഉപകരണങ്ങളുടെ സാധ്യതകളെ ശരിയായി മനസ്സിലാക്കിയെന്നു പറയാൻ കഴിയില്ല.
എത്രയോ കാലമായി മാറാത്ത സ്കൂൾ കരിക്കുലം തൊണ്ണൂറുകളുടെ അവസാനത്തോടെ മാറുന്നുണ്ട്. ആ മാറ്റത്തിന് ഒപ്പം നടക്കാൻ കഴിഞ്ഞു എന്നതാണ് അധ്യാപക ജീവിതത്തെ ഏറ്റവും അര്‍ഥപൂര്‍ണമാക്കിയതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഡി.പി.ഇ.പിയുടെ ഭാഗമായി പ്രൈമറിതലത്തില്‍ നടത്തിവന്നിരുന്ന പാഠ്യപദ്ധതിപരിഷ്കരണം ഹൈസ്കൂൾ ക്ലാസുകളിലേക്ക് കടക്കുമ്പോഴാണ് ആ പ്രവർത്തനങ്ങളിൽ ഉൾച്ചേരുന്നത്. അതനുസരിച്ച് ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ 2006- ല്‍ പരിഷ്കരിക്കപ്പെടുന്നു. 2007- ലെ കേരള കരിക്കുലം ഫ്രെയിംവർക്കിൻ്റെ ഭാഗമാകാനും കഴിഞ്ഞു. പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള പാഠപുസ്തക രചനാപ്രവർത്തനങ്ങളിൽ മുഴുകുന്നു. അധ്യാപകപരിശീലകനായി പ്രവർത്തിക്കാൻ കഴിയുന്നു. ആ പാഠ്യപദ്ധതിപരിഷ്കരണ പ്രവർത്തനങ്ങളാണ് എന്തെങ്കിലും പുതുതായും സര്‍ഗാത്മകമായും ചെയ്യാനുണ്ട് എന്ന തോന്നല്‍ കേരളത്തിലെ അധ്യാപകർക്കു നൽകിയത്. നമ്മുടെ സർഗാത്മകതയും ചിന്തയും കാര്യങ്ങൾ ആസൂത്രണം ചെയ്യാനുള്ള കഴിവുകളും എല്ലാം ക്ലാസ് മുറിക്കകത്തുതന്നെ പ്രയോജനപ്പെടുത്താൻ കഴിയുന്ന അവസ്ഥയുണ്ടാകുന്നു. പഠനത്തിൻ്റെ കേന്ദ്രം കുട്ടിയായി മാറുന്നു. കുട്ടിയുടെ അന്വേഷണങ്ങൾ, കണ്ടെത്തലുകൾ, നിരീക്ഷണങ്ങൾ, നിഗമനങ്ങൾ എന്നിവയ്ക്കെല്ലാം വലിയ പ്രാധാന്യം കൈവരുന്നു. കട്ടികളുടെ സ്വതന്ത്രവും തനിമയുള്ളതുമായ നിരീക്ഷണങ്ങൾ മാനിക്കപ്പെടുന്നു. അവർ ഒഴിഞ്ഞ പാത്രങ്ങളല്ലെന്നും സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും പരിസരത്തുനിന്നും ആർജ്ജിക്കുന്ന അറിവുകൾ മൂല്യവത്താണ് എന്നുമുള്ള തിരിച്ചറിവുണ്ടാവുന്നു. കുട്ടി സംസാരിക്കുന്ന പ്രാദേശികഭാഷ അപരിഷ്കൃതമോ ഒഴിവാക്കേണ്ടതോ അല്ല എന്ന ധാരണയുണ്ടാകുന്നു. ഇങ്ങനെ നമ്മുടെ ക്ലാസ്മുറിക്കപരിചിതമായിരുന്ന ഒട്ടേറെ ആശയങ്ങളെ, ചിന്തകളെ ആഞ്ഞുപുൽകാൻ ഈ പാഠ്യപദ്ധതി പരിഷ്കരണ സന്ദർഭമാണ് കേരളത്തിലെ അധ്യാപകരെ പഠിപ്പിച്ചത്.
ആധുനിക സാങ്കേതികവിദ്യയിലും വിവരവിനിമയവിജ്ഞാനത്തിലുമുണ്ടായ കുതിച്ചുചാട്ടം വിദ്യാഭ്യാസത്തെ പഴയ കുറ്റിയിൽനിന്നു മാറ്റിക്കെട്ടാൻ നമ്മെ നിർബന്ധിതരാക്കുന്ന ഒരു കാലഘട്ടത്തിലാണ് വീണ്ടും നാം ഒരധ്യയനവർഷത്തേക്ക് പ്രവേശിക്കുന്നത്.
കോവിഡ് വ്യാപനത്തോടുകൂടി നാം സ്വീകരിച്ച ഓൺലൈൻപഠനം നൂറ്റാണ്ടുകളായി നമ്മൾ വിശ്വസിച്ചിരുന്ന പല ധാരണകളെയും പിഴുതെറിയുന്നുണ്ട്. പഠനമെന്നത് വിവരങ്ങൾ ഓർമ്മയിൽ സൂക്ഷിക്കലാണെന്ന കാഴ്ചപ്പാട് മാറുകയും അറിവുകൾ പ്രോസസ് ചെയ്യുകയാണ്, അവ വിശകലനം ചെയ്യുകയാണ് പഠനം എന്ന ധാരണ ഇന്ന് ഉറപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അറിവുകൾ കുട്ടികളുടെ വിരൽത്തുമ്പിലാണ് എന്നത് ഓപ്പൺ എ ഐയുടെ കാലത്ത് പ്രത്യേകം പറയേണ്ട കാര്യമല്ല. ലോകം ഇന്നുവരെ ആർജ്ജിച്ച വിജ്ഞാനത്തിൽനിന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വിശദമായോ ചെറുതായോ ഒറ്റവാക്കിലോ തരാൻ ഇന്ന് ചാറ്റ് ജി.പി.ടി പോലുള്ള സംവിധാനങ്ങൾക്കു സാധിക്കും. കുട്ടിയുടെ കൈയിലുള്ള മൊബൈലിലോ ഇൻറർനെറ്റുള്ള ഒരു കമ്പ്യൂട്ടറിലോ മനുഷ്യർ ഇന്നുവരെ ആർജ്ജിച്ച ഏതറിവും നിമിഷാര്‍ദ്ധത്തില്‍ എത്തിച്ചേരും. അവയെ എപ്രകാരം പ്രയോജനപ്പെടുത്തുന്നു, വിശകലനം ചെയ്യുന്നു എന്നതാണ് അധ്യാപകര്‍ക്ക് ഇടപെടാനുള്ള ഏറ്റവും സവിശേഷമായ മേഖല. ഈ മാറ്റത്തെ പുതിയകാലത്തെ അധ്യാപകര്‍ നിശ്ചയമായും അഭിസംബോധന ചെയ്യേണ്ടതുണ്ട്.
തന്റെ കയ്യിലുള്ള പാഠപുസ്തകത്തിലെ വിവരങ്ങളെ കുഞ്ഞുങ്ങളിൽ കേവലം കുത്തിനിറക്കുകയോ അത് കാണാതെ പഠിപ്പിക്കുകയോ ആണ് തന്റെ ചുമതല എന്ന് വിചാരിക്കുന്ന അധ്യാപകർ ഇന്നുമുണ്ട്.
ഇപ്പോഴും നമ്മുടെ അധ്യാപകർ കുഞ്ഞുങ്ങളെ, അവരുടെ കഴിവുകളെ, സാധ്യതകളെ, അവരുടെ കൈയിലുള്ള ഉപകരണങ്ങളുടെ സാധ്യതകളെ ശരിയായി മനസ്സിലാക്കിയെന്നു പറയാൻ കഴിയില്ല. പാഠപുസ്തകത്തിലെ വിവരങ്ങൾ കുഞ്ഞുങ്ങളിൽ കുത്തിനിറയ്ക്കുകയോ മനപ്പാഠമാക്കാൻ പരിശീലിപ്പിക്കുകയോ ആണ് തങ്ങളുടെ ചുമതല എന്നു വിചാരിക്കുന്ന അധ്യാപകർ ഇന്നുമുണ്ട്. കുട്ടികളെ അങ്ങേയറ്റം സ്നേഹിക്കുകയും അവരുടെ വികാരവിചാരങ്ങൾ ഉള്‍ക്കൊള്ളുകയും ചിന്തകൾ പിന്തുടരുകയും അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും അവതരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട്, അറിവുകൾ വിശകലനം ചെയ്യാനും അതിൽനിന്ന് പുതിയ അറിവിലേക്കുയര്‍ത്താനും അവരുടെ ഒപ്പം ഉണ്ടാകേണ്ടവരാണ് അധ്യാപകര്‍. കുട്ടികളുടെ ഭാവനാത്മകവും ചിന്താപരവുമായ കഴിവുകൾ തിരിച്ചറിഞ്ഞ് ഉയർത്തുകയെന്നതാണ് പുതിയകാലത്തെ അധ്യാപകരുടെ ചുമതല. ഈ ധര്‍മ്മം അധ്യാപകര്‍ ശരിയായി തിരിച്ചറിയേണ്ടതുണ്ട്.
കുട്ടികളെ സ്വാധീനിക്കാനും കീഴ്പ്പെടുത്താനും മയക്കുമരുന്നുകളും പലതരത്തിലുള്ള തീവ്രവാദാശയങ്ങളും സ്കൂള്‍പരിസരങ്ങളില്‍ ഇന്നുണ്ട്. സിനിമപോലുള്ള ജനപ്രിയകലകളിൽ നിന്നു വമിക്കുന്ന ഫാഷിസ്റ്റ് , സ്ത്രീവിരുദ്ധ, ജനവിരുദ്ധ കാഴ്ചപ്പാടുകളും ആശയസംഹിതകളും നമ്മുടെ കുഞ്ഞുങ്ങളിൽ ആഴത്തില്‍ വേരുപിടിക്കുന്ന ഒരു സാമൂഹികസാഹചര്യവും ചുറ്റിലുമുണ്ട്. ഇതിനെയും അഭിസംബോധനചെയ്യാൻ പുതിയ കാലത്തെ അധ്യാപകർ ബാധ്യതപ്പെട്ടവരാണ്. രക്ഷിതാക്കൾക്ക് കണ്ടെത്താനോ നിയന്ത്രിക്കാനോപോലും കഴിയാത്ത കാര്യങ്ങളില്‍ ഇടപെടാൻ കഴിയുന്ന വ്യക്തികളാണ് അധ്യാപകർ. കളിക്കുന്ന ഗെയിമുകൾ, കാണുന്ന സീരീസുകൾ, സിനിമകൾ എന്നിവ അവരുടെ വ്യക്തിത്വത്തിലും സ്വഭാവത്തിലുമുണ്ടാക്കുന്ന മാറ്റങ്ങൾ സൂക്ഷ്മമായി തിരിച്ചറിയാൻ അധ്യാപകർക്കാണു കഴിയുക.
ഭൗതികമായ മാറ്റത്തെ അക്കാദമികമായ മികവുമായി ബന്ധിപ്പിക്കാൻ നമുക്ക് സാധിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. അക്കാദമികമായ ഉണർവ്വിൻ്റെ തെളിച്ചങ്ങളെ മുൻനിർത്തിയാണ് പുതിയ പാഠ്യപദ്ധതിക്കാലത്ത് നമ്മൾ അഹങ്കരിച്ചിരുന്നതെങ്കിൽ ഇന്നത് അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിടങ്ങളുടെ കാര്യത്തിലേക്ക് മാറുന്നു.
നമ്മുടെ വിദ്യാർഥികളും വലിയ രീതിയിൽ ഈ കാലയളവിൽ മാറ്റത്തിന് വിധേയരായിട്ടുണ്ട്. ഭയഭക്തിബഹുമാനങ്ങളോടുകൂടി നമ്മുടെ മുന്നിൽ ഇരിക്കുന്ന പഴയ ക്ലാസ് മുറിയിലെ പഠിപ്പിസ്റ്റുകളായ കുറച്ചുപേരെ മാത്രം ഇന്ന് അധ്യാപകർക്ക് ശ്രദ്ധിച്ചാൽ മതിയാവില്ല. അധ്യാപകരെ പഴയതുപോലെ ഭയഭക്തിബഹുമാനങ്ങളോടുകൂടി കുഞ്ഞുങ്ങൾ കാണേണ്ടുന്ന അവസ്ഥയുമില്ല. സുഹൃത്തും വഴികാട്ടിയും എന്ന നിലയിൽ അവര്‍ക്കൊപ്പം നില്‍ക്കാന്‍ അധ്യാപകര്‍ക്കു കഴിയണം. അവര്‍ക്ക് അങ്ങേയറ്റം വ്യക്തിപരമായ കാര്യങ്ങള്‍പോലും പങ്കുവെക്കാന്‍ കഴിയുന്ന മെന്ററാവാന്‍ അധ്യാപകര്‍ക്കു സാധിക്കണം. അതു കൂടുതൽ ഭാരിച്ച ഉത്തരവാദിത്വമാണ് എന്നത് അധ്യാപകർ തിരിച്ചറിയണം. പാഠപുസ്തകത്തിലെ വിവരങ്ങൾ കുട്ടിയുടെ ഓർമ്മയിൽ നിലനിര്‍ത്തുന്നതിനായി ശിക്ഷിക്കുകയോ ശാസിക്കുകയോ ഇമ്പോസിഷൻ എഴുതിക്കുകയോ ക്ലാസിനു പുറത്തുനിര്‍ത്തുകയോ ചെയ്തതിനുശേഷം, പരീക്ഷയ്ക്ക് അതുപോലെ എഴുതിയതിന് മുഴുവൻ മാർക്ക് കൊടുക്കുന്നതോടുകൂടി അധ്യാപകരുടെ ചുമതല അവസാനിച്ചു എന്ന നിലപാടായിരുന്നു മുമ്പുണ്ടായിരുന്നത്. ഇപ്പോൾ, അവരുടെ വ്യക്തിത്വരൂപീകരണത്തിലും സ്വഭാവരൂപീകരണത്തിലുമടക്കം നിർണായകശക്തിയാകാൻ അധ്യാപകർക്ക് ബാധ്യതയുണ്ട്.
നമ്മുടെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളാണ് വിസ്മയപ്പെടുത്തുംവിധം സമീപകാലത്ത് മാറിയത്. പഴയ കെട്ടിടങ്ങള്‍ മിക്കതും ഓര്‍മ്മയായി. മികച്ച കെട്ടിടങ്ങള്‍, ഹൈ ടെക് ക്ലാസ്മുറികള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, നല്ല ലബോറട്ടറികള്‍, ലൈബ്രറികള്‍ എന്നിവയെല്ലാം നമ്മുടെ പൊതുവിദ്യാലയങ്ങള്‍ക്ക് ഇന്നുണ്ട്. എന്നാൽ ഭൗതികമായ ഈ മാറ്റത്തെ അക്കാദമികമായ മികവുമായി ബന്ധിപ്പിക്കാൻ നമുക്ക് സാധിച്ചോ എന്ന ചോദ്യം പ്രസക്തമാണ്. അക്കാദമികമായ ഉണർവിൻ്റെ തെളിച്ചങ്ങളെ മുൻനിർത്തിയാണ് പുതിയ പാഠ്യപദ്ധതിക്കാലത്ത് നാം അഹങ്കരിച്ചിരുന്നതെങ്കിൽ ഇന്നത് അന്താരാഷ്ട്രനിലവാരമുള്ള കെട്ടിടങ്ങളുടെ കാര്യത്തിലേക്കു മാറുന്നു. ഇത്തരത്തിൽ സ്കൂളന്തരീക്ഷം മാറുന്നു, അധ്യാപക - വിദ്യാർഥിബന്ധത്തില്‍ മാറ്റമുണ്ടാകുന്നു, പഠനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നു. ഇതാണ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ നമ്മുടെ കണ്മുന്നില്‍ വിദ്യാഭ്യാസമേഖലയിലുണ്ടായിട്ടുള്ള പ്രധാന മാറ്റങ്ങൾ.
കുട്ടികളുടെ ചിന്തകളെ അഭിസംബോധന ചെയ്യേണ്ട നമ്മുടെ പൊതുപരീക്ഷാചോദ്യാവലികൾ വീണ്ടും ഓർമ പരിശോധനയിലേക്ക് മടങ്ങുന്നു. കുട്ടികളെ ചേർത്തുപിടിക്കേണ്ട ഒരു സമ്പ്രദായം അവരെ ശത്രുപക്ഷത്തുനിർത്തി നടപടികൾ സ്വീകരിക്കുന്നു.
അതോടൊപ്പം, ഈ വലിയ മുന്നേറ്റത്തെ ആ നിലയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ സർക്കാരിനോ വിദ്യാഭ്യാസവകുപ്പിനോ ഒട്ടും ശ്രദ്ധയില്ല എന്നതാണ് ഈ ആഹ്ലാദങ്ങൾക്കിടയിലും നമ്മെ അസ്വസ്ഥരാക്കുന്ന സംഗതി. നമ്മള്‍ മുന്നോട്ടുവെച്ച വിപ്ലവകരമായ വിദ്യാഭ്യാസദർശനങ്ങളെ അറിഞ്ഞും അറിയാതെയും നാം തന്നെ കൊലയ്ക്കു കൊടുക്കുന്നു. പാഠ്യപദ്ധതിയിൽ നിരന്തരം വെള്ളം ചേർക്കപ്പെടുന്നു. കുട്ടികളുടെ ചിന്തകളെ അഭിസംബോധനചെയ്യേണ്ട നമ്മുടെ പൊതുപരീക്ഷാ ചോദ്യാവലികൾ വീണ്ടും ഓർമ്മപരിശോധനയിലേക്കു മടങ്ങുന്നു. കുട്ടികളെ ചേർത്തുപിടിക്കേണ്ട ഒരു സമ്പ്രദായം അവരെ ശത്രുപക്ഷത്തുനിർത്തി നടപടികൾ സ്വീകരിക്കുന്നു. ഇതൊക്കെ കാണുമ്പോഴാണ് നാം തുടങ്ങിയ കാലത്തേക്കുതന്നെ മടങ്ങിപ്പോവുകയാണോ എന്ന വലിയ സന്ദേഹം പലരിലും ഉണരുന്നത്.
ഒരു മലയാളാധ്യാപകൻ എന്ന നിലയിൽ, നമ്മുടെ സ്കൂൾ പാഠ്യപദ്ധതിയിൽ മാതൃഭാഷ മരിച്ചുകൊണ്ടിരിക്കുന്നതിനു സാക്ഷിയായിക്കൊണ്ടാണ് വിരമിക്കേണ്ടിവരുന്നത് എന്നതാണ് ഏറ്റവും ഖേദകരമായ കാര്യം. കേരളത്തിലെ എസ് എസ് എൽ സി വിദ്യാർഥികളില്‍ഏകദേശം 70% പേർ ഇന്ന് ഇംഗ്ലീഷ് മീഡിയത്തിലാണ് പരീക്ഷ എഴുതുന്നത്. മലയാളം പഠിക്കാതെതന്നെ മലയാളം അധ്യാപകരാകാവുന്ന ഒരു കാലം. മാതൃഭാഷ കുട്ടികളിൽ ഉറപ്പിക്കേണ്ടുന്ന പ്രൈമറി ക്ലാസുകളിൽ അതിന് മുന്‍പുണ്ടായിരുന്ന പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടുന്ന ഒരു കാലം. ശരിയായ രീതിയിൽ എഴുതാനും വായിക്കാനും കുട്ടികളെ പരിശീലിപ്പിക്കാൻ മാതൃഭാഷയിൽ ആത്മവിശ്വാസമില്ലാത്ത അധ്യാപകർ പ്രൈമറി ക്ലാസുകളിൽ പോലും നിറയുന്ന ഒരു കാലം. ഈ വിഷയത്തെ അടിയന്തരമായും കേരളം പരിഗണിച്ചില്ലെങ്കിൽ പാഠ്യപദ്ധതിപരിഷ്കരണത്തിന്റെ പേരിലും സാമൂഹികപ്രതിബദ്ധതയുടെ പേരിലും പൊതുവിദ്യാലയത്തിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്ന കണ്ണുകൾ പതുക്കെ നമുക്ക് പിൻവലിക്കേണ്ടിവരും.
എങ്കിലും, ഈ കാർമേഘങ്ങളാകെ ആഹ്ലാദിപ്പിക്കുന്ന മഴയായും ഇടയിൽ തെളിയുന്ന പൊൻവെളിച്ചമായും പുതിയ വിദ്യാലയവർഷത്തിലും വരുമെന്ന് വിചാരിക്കാനാണ് നാമിഷ്ടപ്പെടുന്നത്. പൊതുവിദ്യാലയത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുങ്ങളെ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് ഉള്‍പ്പുളകത്തോടെ പുതിയ അധ്യാപകർ അവരുടെ ആത്മാവിൽ ചേർത്തുവെക്കുകതന്നെ ചെയ്യും.