അടിസ്ഥാന വിഭാഗ (പട്ടികജാതി- വർഗ, പട്ടിക ജാതി ക്രൈസ്തവ) വിദ്യാർഥികൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. അവ മാറ്റമില്ലാതെ തുടരുമ്പോൾ തന്നെ, കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം, 2021 - 2022 അധ്യയന വർഷം മുതൽ രാജ്യത്ത് നടപ്പിലാക്കാനുദ്ദേശിക്കുന്ന നവീകരിച്ച വിദ്യാഭ്യാസ ധനസഹായ വിതരണ രീതി, മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിക്കുന്നു. 2021 മാർച്ചിൽ കേന്ദ്ര നീതി ശാക്തീകരണ മന്ത്രാലയം പ്രസിദ്ധീകരിച്ച, 2020- 2021 മുതൽ 2025 - 2026 വരെ നടപ്പിലാക്കുവാനുള്ള പട്ടിക ജാതി പോസ്റ്റ് - മട്രിക് വിദ്യാർഥികൾക്കുള്ള പരിഷ്‌ക്കരിച്ച സ്കോളർഷിപ്പ് പദ്ധതിയും ഇ ഗ്രാൻറ് സമ്പ്രദായവുമാണ് പുതിയ വെല്ലുവിളി ഉയർത്തുന്നത്.
ധനസഹായം വിദ്യാർഥികൾക്ക് നേരിട്ട്
അടിസ്ഥാന വിഭാഗം വിദ്യാർഥികളുടെ ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, ഹോസ്റ്റൽ ഫീസ്, മറ്റു വിദ്യാഭ്യാസ ചെലവുകൾ എന്നിവ ഓരോ വിദ്യാർഥിയുടെ പേരിലും സർക്കാർ വകുപ്പുകൾ വഴി ബന്ധപ്പെട്ട വകുപ്പുകളിലേക്കും ഹോസ്റ്റലുകളിലേക്കും നേരിട്ട് അടയ്ക്കുകയായിരുന്നു. ഈ വിവരം വിദ്യാർഥികളോ രക്ഷാകർത്താക്കളോ അറിയുന്നുണ്ടായിരുന്നില്ല. ആരുടെയെങ്കിലും ഫീസ് പട്ടിക വിഭാഗ വകുപ്പുകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പുകളിലേക്ക് അടയ്ക്കാതെ വന്നാൽ ആ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവയ്ക്കാറുണ്ടായിരുന്നു. പട്ടിക വിഭാഗ വികസന വകുപ്പുകൾ സർക്കാരിലേക്ക് ഫീസടയ്ക്കുന്ന മുറയ്ക്ക് പരീക്ഷാഫലം പുറത്തുവിടും. ലംപ്സം ഗ്രാൻറ്, പ്രതിമാസ സ്റ്റൈപ്പൻറ്, പോക്കറ്റ് മണി എന്നിവ വിദ്യാർഥികൾക്ക് നേരിട്ട് അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നൽകുകയും ചെയ്തിരുന്നു. ഇതായിരുന്നു പതിവ്. ഇ-ഗ്രാൻറ് സമ്പ്രദായം ആരംഭിച്ചതോടെ വിദ്യാർഥികളുടെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ധന സഹായം നേരിട്ട് നൽകുന്ന പരിഷ്‌ക്കാരം നിലവിൽവന്നു.
പുതിയ വിതരണ രീതി
2021 - 2022 അധ്യയന വർഷം മുതൽ ഈ പതിവ് വിട്ട്, വിദ്യാർഥിയുടെ പേരിലുള്ള മുഴുവൻ ധനസഹായവും (ട്യൂഷൻ ഫീ, സ്പെഷ്യൽ ഫീ, ഹോസ്റ്റൽ ഫീ, ലംപ്സം ഗ്രാൻറ്, സ്റ്റൈപ്പെൻഡ്, പോക്കറ്റ് മണി മുതലായവ) അതാതു വിദ്യാർഥികളുടെ പേരിലോ രക്ഷാകർത്താക്കളുടെ (പ്രീ മട്രിക് വിഭാഗത്തിലെ കുട്ടികളുടെ കാര്യത്തിൽ) പേരിലോ ഉള്ള ബാങ്ക് അക്കൗണ്ടിലേക്കു സർക്കാർ വകുപ്പുകൾ വഴി നേരിട്ടടയ്ക്കും. ഈ അക്കൗണ്ടിൽ നിന്ന് വിദ്യാർഥികളോ രക്ഷാകർത്താക്കളോ (പ്രീ മട്രിക് വിഭാഗത്തിലെ കുട്ടികളുടെ കാര്യത്തിൽ) ലംപ്സം ഗ്രാൻറ് , സ്റ്റൈപ്പൻഡ്, പോക്കറ്റ് മണി എന്നിവ ഒഴികെയുള്ള തുക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അടയ്ക്കുന്നതാണ് പുതിയ ക്രമീകരണം. പ്രത്യക്ഷത്തിൽ വിപ്ലവകരമെന്നും സ്വീകാര്യമെന്നും തോന്നിപ്പിക്കാവുന്ന ഈ ക്രമീകരണം അഖിലേന്ത്യ അടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുന്നു. ഇത് ഉയർത്തുന്ന പ്രശ്നങ്ങൾ, നിലവിലുള്ള പ്രശ്നങ്ങളോടൊപ്പം ചേർന്ന് അടിസ്ഥാന ജനവിദ്യാഭ്യാസം കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു.
പട്ടിക ജാതിക്കാരുടെ വിദ്യാഭ്യാസ വളർച്ച എങ്ങനെ അളക്കാം?
ഇനി പദ്ധതിയുടെ ഉള്ളടക്കം പരിശോധിക്കാം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പട്ടിക ജാതി വിദ്യാർഥികളുടെ, അവരിൽ തന്നെ അതിദരിദ്ര വീടുകളിൽ നിന്ന് വരുന്നവരുടെ, ഗ്രോസ് എൻറോൾമെൻറ് റേഷ്യോ (ജി .ഇ .ആർ) ഗണ്യമായി വർദ്ധിപ്പിക്കാനാവശ്യമായ ധനസഹായം നൽകി അവരെ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിക്കുവാൻ പ്രാപ്തരാക്കുകയാണ് പരിഷ്‌ക്കരിച്ച പദ്ധതിയുടെ ഉദ്ദേശ്യം. (പദ്ധതി, പുറം 2). പട്ടിക ജാതിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിലെ ജി. ഇ. ആർ 2020 ൽ 23 ശതമാനമായിരുന്നെന്നും ഈ പദ്ധതി നടപ്പിലാക്കി കഴിയുമ്പോൾ 2025- 2026 ൽ അത് ജി.ഇ.ആറിന്റെ ദേശീയ ശരാശരിയായ 27 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു (പദ്ധതി, പുറം 6). ഇവിടെ ഉദ്ധരിക്കപ്പെട്ട ജി.ഇ.ആർ കണക്ക് 2019 - 2020 ലെ അഖിലേന്ത്യ സർവ്വേ ഓൺ ഹയർ എഡ്യൂക്കേഷൻ (എ. ഐ. എസ്. എച്ച്. ഇ.) റിപ്പോർട്ടിൽ നിന്നാണ്.
തുടർന്നുപറയുന്നത്, വരുന്ന അഞ്ചു വർഷം കൊണ്ട് പട്ടിക ജാതി വിദ്യാർഥികളുടെ ഹയർ സെക്കന്ററി തലത്തിലെ ജി.ഇ.ആർ. 56 ശതമാനത്തിൽ നിന്ന് ദേശീയ ശരാശരിയിലെത്തിക്കുമെന്നാണ്. (പുറം 6 ). എന്നാൽ പദ്ധതി രേഖ ഹയർ സെക്കന്ററി തലത്തിലെ ജി.ഇ.ആറിന്റെ ദേശീയ ശരാശരിയെ പറ്റി ഒന്നും പറയുന്നില്ല. ഈ പദ്ധതി പ്രത്യക്ഷത്തിൽ ആകർഷണീയമാണ്.
എന്താണ് ജി ഇ ആർ? ഉന്നത വിദ്യാഭ്യാസത്തിന് (പത്താം ക്ലാസിനു മുകളിൽ) പ്രവേശനം നേടിയ വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസ പ്രായത്തിൽ (18 - 23 വയസ്സ്) ഉള്ളവരുടെ മൊത്തം ജനസംഖ്യയും തമ്മിലുള്ള അനുപാതമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ജി.ഇ.ആർ.
ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതി അളക്കാനുള്ള നിരവധി സൂചകങ്ങളിൽ ഒന്നുമാത്രമാണ് ജി.ഇ.ആർ. പട്ടിക ജാതി വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി അളക്കുവാൻ നെറ്റ് എൻറോൾമെൻറ് റേഷ്യോ (എൻ. ഇ.ആർ.) ജി. ഇ. ആറിനേക്കാൾ ഉപകാരപ്രദമാണ്. എൻ. ഇ .ആറിന്റെ ജാതി തിരിച്ചുള്ള കണക്കിൽ നിന്ന് പട്ടിക ജാതിക്കാർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത്ജനസംഖ്യാനുപാതിക പ്രതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയും.
ജി.ഇ.ആറിനുപകരം എൻ.ഇ.ആർ ആണ് പരിഗണിക്കേണ്ടതെന്നു നിർദ്ദേശിക്കുവാൻ മറ്റു പല കാരണങ്ങൾ കൂടിയുണ്ട്. 2025 - 2026 ആകുമ്പോൾ പട്ടിക ജാതിക്കാരുടെ ജി.ഇ.ആർ, ഈ പദ്ധതി വിഭാവന ചെയ്യുന്നതുപോലെ 27 ശതമാനമാകുമെന്ന് കരുതുക. അപ്പോൾ ദേശീയ ശരാശരി ഇപ്പോഴത്തെ 27 ശതമാനത്തിൽ നിന്ന് 31 ശതമാനത്തിലെങ്കിലും എത്തിയിരിക്കും. അപ്പോഴും പട്ടിക ജാതിക്കാരുടെ ജി.ഇ.ആർ ദേശീയ ശരാശരിയക്കാൾ കുറവായിരിക്കും. എക്കാലവും അങ്ങനെ തന്നെ ആയിരിക്കും. ജി.ഇ.ആർ 100 ശതമാനത്തിലധികം വേണമെങ്കിലും ആകാം. എന്നാൽ എൻ.ഇ.ആർ 100 ശതമാനത്തിൽ കൂടില്ല.
ജി.ഇ.ആർ ആണെങ്കിലും എൻ. ഇ. ആർ ആണെങ്കിലും ഒരു വലിയ ന്യൂനതയുണ്ട്. എൻറോൾമെൻറ് അഥവാ പ്രവേശനം മാത്രമാണ് ഇവ രണ്ടും പരിഗണിക്കുന്നത്. അതിനേക്കാൾ പ്രധാനമാണ് ഒരു കോഴ്സ് പൂർത്തിയാക്കുന്നവരുടെ നിരക്ക്. ഉന്നത വിദ്യാഭ്യാസത്തിലാണ് കൊഴിഞ്ഞു പോക്കിന്റെ നിരക്ക് വളരെ കൂടുതൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് പ്രവേശനത്തിന്റെ കണക്കിനേക്കാൾ അഭികാമ്യം പഠനം പൂർത്തിയാക്കുന്നവരുടെ നിരക്കാണ്.
മറ്റൊരു പ്രധാന പ്രശ്നം, ഉന്നത വിദ്യാഭ്യാസത്തിൽ (പത്താം ക്ലാസിനു മുകളിൽ) ഹയർ സെക്കന്ററി, ബിരുദം എന്നീ രണ്ടു ഘട്ടങ്ങളിലാണ് കൊഴിഞ്ഞുപോക്ക് നിരക്ക് ഏറെയും സംഭവിക്കുന്നത്. ആയതിനാൽ, ബിരുദാനന്തര ബിരുദ തലത്തിലോ പ്രൊഫഷണൽ ബിരുദ തലത്തിലോ പഠനം പൂർത്തിയാക്കുന്നവരുടെ നിരക്കിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുന്ന പുതിയ സൂചകമായിരിക്കും പട്ടിക ജാതിക്കാരുടെ വിദ്യാഭ്യാസ വളർച്ച അളക്കാൻ ഏറെ സഹായകരം.
പ്രവേശനം
പ്രവേശന സമയത്ത് വാർഷിക ഫീസും മറ്റു പിരിവുകളും മുൻകൂറായി ഈടാക്കുന്ന അനധികൃത നടപടിയാണ് ഇന്ന് മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്നുവരുന്നത്. ഇങ്ങനെ ഫീസ് മുൻകൂർ നല്കാൻ സാധിക്കാത്ത വിദ്യാർഥികളുടെ പക്കൽ നിന്ന് പണം നൽകി കൊള്ളാമെന്ന ഉടമ്പടി മുദ്രപത്രത്തിൽ എഴുതി വാങ്ങുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇപ്രകാരം ചെയ്യുവാൻ സാധിക്കാത്ത വിദ്യാർഥികൾ യോഗ്യത നേടിയാലും പ്രവേശനം കിട്ടാതെ പുറത്താകും. ഇത് ഒന്നാം ഘട്ടം കൊഴിഞ്ഞു പോക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ഫീസ് കൂടി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നതിനാൽ അത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കിട്ടുന്നു എന്നുറപ്പാക്കാനാണ് ഈ വ്യഗ്രത. മിതമായ ഭാഷയിൽ ഇത് അനീതിയാണ്.
ഒരു ജി. ഇ. ആർ കേന്ദ്രീകൃത പദ്ധതിയായതിനാൽ പ്ലസ് വൺ മുതൽ എല്ലാ ക്ലാസുകളിലും സമ്പൂർണ പ്രവേശനമാണ് ഈ പദ്ധതി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പ്രവേശനത്തിൽ മേൽപ്പറഞ്ഞ അനധികൃത ഇടപാട് ഈ പദ്ധതി അംഗീകരിക്കുന്നില്ല. യോഗ്യതയുള്ള എല്ലാ വിദ്യാർഥികൾക്കും ട്യൂഷൻ ഫീസും ഹോസ്റ്റൽ ഫീസും മുൻകൂറായി നൽകാതെ പ്രവേശനത്തിന് ഈ പദ്ധതിയുടെ മാർഗ നിർദ്ദേശ പ്രകാരം അർഹതയുണ്ടായിരിക്കുന്നതാണെന്ന് പദ്ധതി വിജ്ഞാപനത്തിന്റെ 8.1. ഖണ്ഡിക വ്യക്തമായി പറയുന്നു (പുറം 9 ). കേരള പട്ടിക ജാതി വികസന വകുപ്പ് അറിയിച്ച പ്രകാരം കേരളം കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി അതിന്റെ വിജ്ഞാപന പ്രകാരം തന്നെ നടപ്പിലാക്കുന്നു. എന്നാൽ ഇപ്പോഴും കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശന സമയത്ത് ട്യൂഷൻ ഫീസിനും ഹോസ്റ്റൽ ഫീസിനും പുറമെ മറ്റു നിർബന്ധിത പിരിവുകളും ഈടാക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നില്ല എന്നുറപ്പാക്കേണ്ടത്സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. പട്ടിക ജാതി വികസന വകുപ്പിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് പരിഷ്‌ക്കരിച്ച പോസ്റ്റ് മട്രിക് പദ്ധതിയെപറ്റി യാതൊരു വിജ്ഞാപനവും കേരള സർക്കാർ പുറപ്പെടുവിച്ചിട്ടില്ല.
അങ്ങനെയെങ്കിൽ പട്ടിക ജാതി വിദ്യാർഥികളുടെ പക്കൽ നിന്ന് വാർഷിക ഫീസ് മുൻകൂറായി വാങ്ങുവാൻ നിർദ്ദേശം നൽകുന്നത് ആരാണ്? അങ്ങനെ ചെയ്യുന്നത് ചട്ടവിരുദ്ധമല്ലേ? അപ്രകാരം വാർഷിക ഫീസോ മറ്റു പിരിവുകളോ വാങ്ങുന്ന സ്ഥാപനങ്ങളുടെ പേരിൽ നടപടി എടുക്കേണ്ടതല്ലേ? ഇപ്പോൾ നടക്കുന്ന പല സംഭവങ്ങളും പരിശോധിച്ചാൽ, ഇത്തരം സംഭവങ്ങൾ തടയാൻ പട്ടിക ജാതി വികസന വകുപ്പിൽ സംവിധാനമുണ്ടെന്നു കരുതാൻവയ്യ.
ഇ- ഗ്രാൻറ് പ്രവർത്തന രീതിയും വിദ്യാഭ്യാസ ധനസഹായവും
ഫ്രീഷിപ് കാർഡ്:ഇവിടെ നിന്നാണ് ഇ ഗ്രാൻറ് വഴി വിദ്യാഭ്യാസ ധനസഹായം തുടങ്ങുന്നത്. പ്രവേശനം തേടുന്നതിനുമുമ്പുതന്നെ വിദ്യാർഥികൾ പഠിക്കാനുദ്ദേശിക്കുന്ന കോഴ്സ്, സ്ഥാപനം എന്നിവ വ്യക്തമാക്കി ഫ്രീ ഷിപ് കാർഡിന് ഓൺലൈനായി സ്കോളർഷിപ്പ് പോർട്ടലിൽ അപേക്ഷിക്കണം. ആധാർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളും കോഴ്സ്, സ്ഥാപനം എന്നീ വിവരങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തണം. സർക്കാരിൽ നിന്ന് ഗ്രാൻറ് കിട്ടിയാൽ ഏഴു ദിവസത്തിനകം വിദ്യാഭ്യാസ സ്ഥാപനത്തിന് അർഹമായ ഫീസ് നല്കാമെന്ന ഉടമ്പടിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ പരിശോധിച്ച് കുട്ടിയുടെ അർഹത ഉറപ്പാക്കി 30 ദിവസത്തിനകം ഐ.ടി പോർട്ടൽ വഴി ഫ്രീ ഷിപ് കാർഡ് നൽകും. ഫ്രീ ഷിപ് കാർഡ് പോർട്ടലിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാം. ഫ്രീ ഷിപ് കാർഡ് ലഭിക്കുന്ന കുട്ടികൾക്ക് മാത്രമാണ് മുൻകൂർ ഫീസ് അടയ്ക്കാതെ പ്രവേശനത്തിന് അർഹത. മറ്റു സ്ഥാപനത്തിൽ പ്രവേശനം നേടാനാഗ്രഹിക്കുന്ന പക്ഷം അത്തരം കുട്ടികൾക്ക് ഐ.ടി പോർട്ടലിൽ കയറി പുതിയ ഫ്രീ ഷിപ് കാർഡ് എടുക്കാം. ഫ്രീ ഷിപ് കാർഡ് പോർട്ടൽ വർഷം മുഴുവൻ പ്രവർത്തിക്കുന്നുണ്ട്. ഫ്രീ ഷിപ് കാർഡ് സ്വീകരിക്കുന്ന ഏതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വേണമെങ്കിലും വിദ്യാർഥികൾക്ക് പ്രവേശനം തേടാം.
സ്കോളർഷിപ് രജിസ്‌ട്രേഷൻ:എല്ലാ വിദ്യാർഥികളും പ്രവേശനം നേടുന്ന ദിവസം സ്‌കോളർഷിപ്പിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കണം എന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണം. സ്കോളർഷിപ്പ് പോർട്ടലിൽ പ്രവേശന ദിവസം തന്നെ വിദ്യാർഥികളുടെ സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കപ്പെട്ടെന്ന്സ്ഥാപന അധികൃതർ ഉറപ്പാക്കണം. അപേക്ഷ സമർപ്പിക്കേണ്ട ഉത്തരവാദിത്തം വിദ്യാർഥിക്കാണ്. എന്നാൽ അപേക്ഷകൾ പരിശോധിച്ച് ഫ്രീ ഷിപ് കാർഡിലെ വിവരങ്ങൾ തന്നെയാണ് അപേക്ഷയിലേതെന്നും ഉറപ്പാക്കേണ്ടത് സ്ഥാപനമാണ്. ഒരു കോഴ്സിന്റെ തുടർന്നുള്ള വർഷങ്ങളിൽ അപേക്ഷ സ്വയം പുതുക്കപ്പെടും. ആ കോഴ്സ് പൂർത്തിയാക്കുന്ന കാലാവധി മുഴുവൻ ഫ്രീഷിപ് കാർഡ് സാധുവാണ്.
ധന സഹായം:വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ധനസഹായത്തിന്റെ 40 ശതമാനം സംസ്ഥാന സർക്കാരുകളും 60 ശതമാനം കേന്ദ്ര സർക്കാരുമാണ് നൽകുന്നത്. സംസ്ഥാന സർക്കാരുകളുടെ വിഹിതം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ വന്നു കഴിഞ്ഞ് 15- 20 ദിവസത്തിനുശേഷം മാത്രമേ കേന്ദ്ര വിഹിതം ലഭിക്കൂ. ആധാർ പേയ്മെൻറ് ബ്രിഡ്ജ് വഴി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരെ അയയ്‌ക്കുന്നതുകൊണ്ട് വിദ്യാർഥികൾക്ക് ധനസഹായ തുക കിട്ടിയെന്നുറപ്പാക്കാം. നാലു ഗഡുക്കളായാണ് ധനസഹായ തുക വിതരണം ചെയ്യുന്നത്. ധന സഹായ വിതരണം വൈകാതിരിക്കുവാൻ സംസ്ഥാന സർക്കാരുകൾ നിർദ്ദിഷ്ട സമയത്തുതന്നെ അവരുടെ വിഹിതം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. കുട്ടികൾക്ക് ആധാർ കാർഡ് നിർബന്ധമാണ്.
ധനസഹായ കാലാവധി:തൃപ്തികരമായ പഠനനിലവാരം നിർത്തുന്നവർക്കും 75 ശതമാനമെങ്കിലും ഹാജരുള്ളവർക്കും കോഴ്സിന്റെ അവസാനം വരെ ധനസഹായ പദ്ധതി അവരുടെ തുടർന്ന് കിട്ടും. ഓരോ വർഷവും അപേക്ഷിക്കണ്ടതില്ല. അസുഖം മൂലം വാർഷിക പരീക്ഷ എഴുതാനാകാത്തവരുടെ ധന സഹായം, മെഡിക്കൽ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്ന പക്ഷം പുതുക്കി കൊടുക്കും.
വാർഷിക വരുമാന പരിധി:ഗുണഭോക്താക്കൾക്ക് നിശ്ചയിച്ച വാർഷിക വരുമാനമാണ് ഈ പദ്ധതിയുടെ ഭയപ്പെടുത്തുന്ന സവിശേഷത. ധന സഹായത്തിന് അർഹതക്കുള്ള കുടുംബത്തിന്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയാണ്. ഇത് ഇന്നോളം പിന്തുടർന്നിരുന്ന നിലപാടിൽ നിന്നുള്ള വ്യതിയാനമാണ്. പട്ടിക വിഭാഗങ്ങൾക്ക് ഇന്നുവരെ വിദ്യാഭ്യാസ ധന സഹായത്തിനു വരുമാന പരിധി നിശ്ചയിച്ചിട്ടില്ലായിരുന്നു.
സവിശേഷതകൾ:ഉയർന്ന നിലവാരമുള്ള വിവര സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് ഏറ്റവും പ്രധാന സവിശേഷത. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്പോർട്ടൽ സ്വയം കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് മറ്റൊരു സവിശേഷത. മാത്രമല്ല, മറ്റാരുമായി പങ്കുവയ്ക്കാത്ത യൂണിക് ഐ ഡിയും പാസ്വേഡും ഉപയോഗിച്ച് സ്കോളർഷിപ്പ് പോർട്ടലിലെ ഓരോ വിദ്യാർഥിയുടെ അക്കൗണ്ടും പൂർണമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇടനിലക്കാരുടെ സഹായം കൂടാതെ കുട്ടികൾക്ക് സ്കോളർഷിപ്പ് അറിയാം എന്നതാണ് മറ്റൊരു സവിശേഷത. ഓൺലൈൻ പ്രശ്ന പരിഹാര സംവിധാനം കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രശ്ന പരിഹാര ഉദ്യോഗസ്ഥരെയും പദ്ധതി നിർദ്ദേശിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപന തലത്തിൽ പ്രശ്നം പരിഹരിക്ക പ്പെടുന്നില്ലെങ്കിൽ ജില്ലാ, സംസ്ഥാന പട്ടിക ജാതി വികസന ഉദ്യോഗസ്ഥർക്ക് പ്രശ്ന പരിഹാര പ്രക്രിയയിൽ ഇടപെടുവാനുള്ള സംവിധാനവുമുണ്ട്. ഇത്തരം ക്രമീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ എന്നതിന് തെളിവുകൾ ലഭ്യമല്ല.
പുതിയ സംവിധാനം ഉയർത്തുന്ന വെല്ലുവിളികൾ
1 . ഇ ഗ്രാൻറ് സമ്പ്രദായമാണ് നിലവിലുള്ളത്. ഗുണഭോക്താക്കൾക്കു നേരിട്ട് ധനസഹായം എത്തിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഇത് എത്രമാത്രം കുറ്റമറ്റതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇ ഗ്രാൻറ് സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കേണ്ടിയിരിക്കുന്നു. ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ ഇ ഗ്രാൻറ് സംവിധാനത്തിൽ പിഴവു സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മനസ്സിലാക്കിയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ തന്നെ ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
2 . ഇ ഗ്രാൻറ് പ്രവർത്തന രീതിയെപ്പറ്റി കൃത്യമായ ധാരണയില്ലാത്ത പല കുട്ടികളും അതിനായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പല കുട്ടികൾക്കും അവരുടെ പാസ് വേർഡ് നിശ്ചയമില്ല. ഒരിക്കൽ അക്ഷയ സെന്ററിൽ ഇ ഗ്രാൻറ് പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പലരും പോർട്ടൽ നോക്കാറില്ല. അതുകൊണ്ടുതന്നെ പോർട്ടലിലെ വാർത്തകൾ അറിയാറുമില്ല. ഇടയ്ക്കിടെ എ.ടി.എം നോക്കി പണം പിൻവലിക്കും. പ്രത്യേകിച്ച് 2021 - 2022 വർഷം മുതൽ നടപ്പിലാക്കി വരുന്ന പരിഷ്‌ക്കരിച്ച സ്കോളർഷിപ്പ് പദ്ധതിയെപ്പറ്റി ഇവരിൽ പലർക്കും അറിഞ്ഞു കൂടാ. സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് ഇതിനെപ്പറ്റി ഔദ്യോഗികമായി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുമില്ല. ഇത് വിദ്യാഭ്യാസ സ്ഥാപന അധികൃതർക്ക് മനോധർമം പോലെ വിദ്യാർഥികളുടെ പക്കൽ നിന്ന് അനധികൃതമായി പണം ഈടാക്കാൻ വഴിവയ്ക്കുന്നു.
ഇ ഗ്രാൻറ് അപേക്ഷ കൃത്യമായി പൂരിപ്പിക്കാത്ത പക്ഷം, പ്രത്യേകിച്ച് ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് എന്നിവ തെറ്റായി ചേർത്താൽ, ധനസഹായം ഒന്നുകിൽ മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിൽ പോകും, അല്ലെങ്കിൽ സർക്കാരിലേക്ക് മടങ്ങിപ്പോകും. അങ്ങനെ സംഭവിച്ചാൽ ഫീസ് അടയ്ക്കാത്ത കുറ്റത്തിന് നിരപരാധികളായ വിദ്യാർഥികൾ പീഡിപ്പിക്കപ്പെടും. ഇ-ഗ്രാൻറ് പ്രവർത്തനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്ന സമ്പ്രദായം നിലവിലുണ്ടോ എന്ന് നിശ്ചയമില്ല. കുട്ടികൾ സമർപ്പിക്കുന്ന വിവരങ്ങൾ പരിശോധിച്ച് പ്രവേശന ദിവസം തന്നെ അതിന്റെ കൃത്യത ഉറപ്പാക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടമയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആ കടമ നിർവഹിയ്ക്കുന്നുണ്ടോ എന്ന സംശയമുണ്ട്. ഇ ഗ്രാൻറ് പ്രശ്ന പരിഹാര സംവിധാനം ഏതളവുവരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടുകളും ലഭ്യമല്ല.
4 . പല വിദ്യാർഥികൾക്കും വിദ്യാഭ്യാസ ധനസഹായ വിതരണത്തിൽ വന്ന മാറ്റം അറിയില്ല. അതുകൊണ്ട് സ്വന്തം ബാങ്ക് അക്കൗണ്ടിൽ അധികം വന്ന തുക എന്താണെന്നറിയാതെ മറ്റ് ആവശ്യങ്ങൾക്കായി ചെലവിടുന്ന വിദ്യാർഥികളും ഉണ്ടാകാം. ഇത് മറ്റൊരു അപകട സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വീട്ടിലെ മറ്റു സാമ്പത്തിക ആവശ്യങ്ങളുടെ സമ്മർദ്ദത്താൽ ഈ തുക മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കപ്പെട്ടേക്കാം. യഥാസമയം ഫീസടയ്ക്കാൻ പറ്റാതെ വന്നാൽ ആ കുട്ടികൾക്ക് സെമസ്റ്റർ പരീക്ഷ എഴുതാൻ പറ്റാതെ വരുകയും വിദ്യാഭ്യാസം മുടങ്ങുകയും ചെയ്യും.
പുതിയ ക്രമീകരണമനുസരിച്ചു ഫീസടയ്ക്കാനുള്ള ഉത്തരവാദിത്തം സർക്കാർ കയ്യൊഴിഞ്ഞു. അതിന്റെ ഉത്തരവാദിത്തം മേലിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആയിരിക്കും. സാമൂഹ്യ ക്ഷേമ, സാമൂഹ്യ സുരക്ഷാ പരിപാടികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളാനിരിക്കുന്ന നയ വ്യതിയാനത്തിന്റെ സൂചനയാണ് ഇത്.
പരിഷ്കരിക്കപ്പെട്ട രീതിയുടെ കേന്ദ്ര സർക്കാർ ഉത്തരവു പ്രകാരം അതാതു വർഷങ്ങളിലെ സംസ്ഥാന വിഹിതമായ 40 ശതമാനം നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ ഓരോ കുട്ടിയുടെയും ബാങ്ക് അക്കൗണ്ടിൽ അടയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ, കേന്ദ്ര സർക്കാരിന്റെ വിഹിതം കുട്ടികൾക്ക് കിട്ടാതെ വരും. അത്തരം സാഹചര്യങ്ങളിൽ കുട്ടികൾ അവരുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടും.
7 . കേരളത്തിലെ മിക്കവാറും അടിസ്ഥാന ജന വിദ്യാർഥികളും സ്വകാര്യ കോളേജിയേറ്റ്, സ്വകാര്യ ഹോസ്റ്റലുകളിൽ താമസിച്ചാണ് പഠിക്കുന്നത്. ഇവിടെ പഠിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഗ്രാമീണ മേഖലയിൽ നിന്നുള്ളവരാണ്. ഉത്തരം ഹോസ്റ്റലുകളിൽ പ്രവേശന ആരംഭത്തിൽ തന്നെ മെസ് ഫീസിനുപുറമെ പലവിധ സംഭാവനകൾ പിരിക്കുന്നുണ്ട് . ഇവ അടയ്ക്കാതെ ഇവർക്ക് ഹോസ്റ്റൽ പ്രവേശനം അസാധ്യമാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ മിക്കപ്പോഴും വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ ഗ്രാൻറ് തുക നിക്ഷേപിച്ചു എന്ന് സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ വിദ്യാർഥികളോട് ഫീസടയ്ക്കുവാൻ ആവശ്യപ്പെടും. ഇത്തരം ധാരാളം സംഭവങ്ങൾ കഴിഞ്ഞ വർഷവും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ സമ്പ്രദായത്തെപ്പറ്റി വേണ്ട ധാരണയില്ലാത്തതിനാൽ പല വിദ്യാർഥികളും രക്ഷകർത്താക്കളെ മുൾമുനയിൽ നിർത്തി പണം കണ്ടെത്തി ഫീസ് അടയ്ക്കും.
9 . ഈ പദ്ധതിയുടെ അർഹതയ്ക്കു വരുമാനപരിധി കൊണ്ടുവന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. രണ്ടര ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികൾ ധനസഹായത്തിന് അർഹരല്ല. ക്രീമിലെയർ കൊണ്ടുവരുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കണം. ഇതോടു കൂടി ജാതിയാണ് ഇത്തരം സംരക്ഷിത വിവേചനത്തിന്റെ ഏക മാനദണ്ഡമെന്ന്, സർക്കാരുകൾ ഇന്നോളം കൈക്കൊണ്ടിരുന്ന നിലപാടിൽ നിന്നുള്ള ഗുരുതര വ്യതിയാനമാണിത്. ഈ വരുമാന പരിധിയുടെ യുക്തി പദ്ധതി രേഖ ഒരിടത്തും വ്യക്തമാക്കുന്നുമില്ല.
പ്രത്യാഘാതങ്ങൾ
a) അടയ്ക്കാനുള്ള ഫീസ് വർഷാരംഭത്തിലോ സെമസ്റ്റർ തുടക്കത്തിലോ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ എത്താതെ വന്നാൽ അവർക്കു ഫീസ് സമയത്തിന് അടയ്ക്കാൻ കഴിയാതെ വരും. അവർ സെമസ്റ്റർ അല്ലെങ്കിൽ അധ്യയന വർഷാരംഭത്തിലോ വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താക്കപ്പെടും.
b) സർക്കാർ അംഗീകൃത ഫീസ് മാത്രമേ വിദ്യാർഥികൾക്ക് സർക്കാർ അനുവദിക്കുകയുള്ളു. സ്വകാര്യ മാനേജ്മെന്റുകൾ ഏകീകൃത ഫീസ് അല്ല ഈടാക്കുന്നതെങ്കിൽ, വർദ്ധിച്ച നിരക്കിലുള്ള ഫീസടയ്ക്കാൻ അടിസ്ഥാന ജന വിദ്യാർഥികളുടെ മേൽ സമ്മർദ്ദമുണ്ടാകും. ഈ പ്രശ്നം മെഡിസിൻ പോലെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ ഉണ്ടാകാനിടയുണ്ട്. അപ്പോഴും കൂട്ടിയ നിരക്കിലുള്ള ഫീസടയ്ക്കാൻ സാധിക്കാത്തവർ പുറത്താകും.
c) എല്ലായ്പ്പോഴും ക്രമമായി കൃത്യസമയത്ത് ഗ്രാൻറ് വിദ്യാർഥികളുടെ അക്കൗണ്ടിലെത്തുന്നില്ലെങ്കിൽ വിദ്യാർഥികൾ വീഴ്ചക്കാരായി മുദ്ര കുത്തപ്പെടും. ഇത് ആവർത്തിച്ചാൽ വിദ്യാർഥികൾ അകാരണമായി പീഡിപ്പിക്കപ്പെടും. തൽഫലമായി കുട്ടികൾ പഠനം നിർത്താൻ നിർബ്ബന്ധിതരാകും.
d) മിക്ക സ്വകാര്യ മാനേജ്‌മെന്റുകളും ഒരു വർഷത്തെ ട്യൂഷൻ ഫീസിനുപുറമെ വലിയ തുക സംഭാവനയായും കെട്ടിട നിർമാണ ഫണ്ടായും മറ്റും ഈടാക്കി മാത്രമേ പ്രവേശനം പോലും നൽകാറുള്ളൂ. അങ്ങനെ വരുമ്പോൾ വിദ്യാർഥികൾ അംഗീകൃത ഫീസിനേക്കാൾ പല മടങ്ങ് അധികം വരുന്ന തുക അടയ്‌ക്കേണ്ടതായി വരും. കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ അടയ്ക്കുന്ന തുക മതിയാവാതെ വരികയും ഈ അധിക ബാധ്യത രക്ഷകർത്താക്കളുടെ ബുദ്ധിമുട്ട് വർദ്ധിപ്പിക്കുകയും ചെയ്യും. ഈ അധിക ബാധ്യത വഹിക്കാനാവാത്ത രക്ഷകർത്താക്കളുടെ കുട്ടികൾ, പ്രവേശനം നേടിയാലും, ഫീസടയ്ക്കാൻ സാധിക്കാത്തതിനാൽ വിദ്യാലയത്തിൽനിന്ന് പുറത്താക്കപ്പെടും.
e) സെമസ്റ്റർ തുടക്കത്തിൽ തന്നെ സെമസ്റ്റർ ഫീസ് അടയ്ക്കാതിരുന്നാൽ സെമസ്റ്റർ പരീക്ഷ എഴുതാനനുവദിക്കില്ലെന്ന് പല വിദ്യാർഥികളെയും വിദ്യാഭ്യാസ സ്ഥാപന അധികാരികൾ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
f) ധനസഹായത്തിന്റെ അർഹതക്ക് കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷമായി നിലനിർത്തിയാൽ പകുതിയിലധികം പട്ടിക വിഭാഗ വിദ്യാർഥികൾ പദ്ധതിയ്ക്ക് പുറത്താകും. ബാക്കിയുള്ളവരുടെ എണ്ണം മാത്രം കണക്കിലെടുത്താൽ പട്ടിക വിഭാഗ വിദ്യാർഥികളുടെ ജി.ഇ.ആർ സ്ഥിതിവിവരക്കണക്കുകളിലെ കസർത്തുകൊണ്ട് അധികം താമസിയാതെ ദേശീയ ശരാശരിക്കുമുകളിൽ ആകും. ആയില്ലെങ്കിൽ അങ്ങനെ ആക്കും. അതുകഴിഞ്ഞാൽ പിന്നെ പട്ടിക വിഭാഗക്കാർക്ക് വിദ്യാഭ്യാസ ധനസഹായം ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടി ധന സഹായ പദ്ധതി ഒട്ടാകെ ഭാവിയിൽ പിൻവലിക്കാനിടയുണ്ട്.
g) കേരളത്തിലെ അടിസ്ഥാന ജന വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കൂട്ടുന്നതായിരിക്കും പുതിയ സംവിധാനം നടപ്പിലാക്കുന്നതിന്റെ ആത്യന്തിക ഫലം. കാലാന്തരത്തിൽ അടിസ്ഥാന ജനങ്ങൾ വിദ്യാഭ്യാസത്തിനു വെളിയിലാക്കപ്പെടും. ഈ പരിഷ്‌ക്കാരം ഏറെ പ്രതികൂലമായി ബാധിക്കുന്നത് മെഡിസിൻ, എഞ്ചിനീയറിംഗ്, ഐ.ടി , നഴ്സിംഗ്, ഫർമസി, നിയമ പഠനം എന്നിവയ്ക്ക് പ്രവേശനം തേടുന്നവരെയും നേടുന്നവരെയും ആയിരിക്കും. ഭാവിയിൽ പ്രൊഫഷണൽ ബിരുദധാരികളായ അടിസ്ഥാന ജനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകും.
ഇതിന് ചില ഉദാഹരണങ്ങൾ. (കേരള ഇ ഗ്രാൻറ് പോർട്ടലിൽ 2022 ആഗസ്റ്റ് നാലിനു കണ്ട ചില വിവരങ്ങളാണ് ഇതിനാധാരം).
(i ) 2017- 2021 കാലഘട്ടത്തിൽ 33,10,952 കുട്ടികൾ ഇ ഗ്രാന്റിനായി രജിസ്റ്റർ ചെയ്തു, 30,77,976 കുട്ടികൾക്ക് അനുവദിച്ചു. 2,32,976 കുട്ടികളുടെ അപേക്ഷ തീർപ്പാകാതെ കിടക്കുന്നു. എന്നുവച്ചാൽ, ഇത്രയും കുട്ടികൾക്ക് ഇ ഗ്രാൻറ് ലഭിച്ചിട്ടില്ല. അതായത്, പ്രതിവർഷം 46000 ത്തോളം കുട്ടികൾക്ക് ഗ്രാൻറ് കിട്ടുന്നില്ല. പട്ടിക ജാതി- വർഗ, പിന്നാക്ക സമുദായ (മറ്റർഹ വിഭാഗങ്ങൾ) വികസന വകുപ്പുകൾ സംയുക്തമായാണ് കേരളാ ഇ ഗ്രാൻറ് പോർട്ടൽ പ്രവർത്തിപ്പിക്കുന്നത്. ഈ പോർട്ടലിൽ പ്രീ- മട്രിക് , പോസ്റ്റ് മട്രിക് സ്കോളർഷിപ്പിന്റെ വിവരങ്ങളും നൽകപ്പെടുന്നു. ഈ മൂന്ന് വിഭാഗങ്ങളിൽപ്പെടുന്ന 46,000 വിദ്യാർത്ഥികൾക്ക് ഗ്രാൻറ് ലഭിക്കുന്നില്ല. ഈ വിദ്യാർഥികൾ പഠനത്തിൽ നിന്ന് പുറത്തായവരാണെന്ന് കരുതുന്നു.
(ii ) 2021 - 2022 അധ്യയന വർഷം മാത്രം മേൽപ്പറഞ്ഞ മുന്ന് വിഭാഗങ്ങളിൽ നിന്ന് ഏകദേശം 60,000 കുട്ടികളുടെ ഇ ഗ്രാൻറ് അപേക്ഷകൾ തീർപ്പു കൽപ്പിക്കാതെ അവശേഷിക്കുന്നു. ഇത് ആകെ രജിസ്റ്റർ ചെയ്യപ്പെട്ടവരുടെ 8 . 46 ശതമാനമാണ്. കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് 2022 - 2023 വർഷത്തിൽ മുൻകാലങ്ങളിലെ കുടിശ്ശിക നൽകുന്നതല്ല. അങ്ങനെയാകുമ്പോൾ, ഇത്രയും കുട്ടികൾക്ക് സ്കോളർഷിപ്പ് കിട്ടാതെ തുടർന്ന് പഠിക്കാൻ സാധിക്കാത്ത അവസ്ഥയിലാകും.
(iii ) വിവരാവകാശ നിയമമനുസരിച്ച് 2022 ജൂലൈ 14 ന് പട്ടിക ജാതി വികസന വകുപ്പ്, പട്ടിക ജാതി വിഭാഗങ്ങളിൽ നിന്ന് കേരളത്തിലെ സർക്കാർ, സ്വകാര്യ എയ്ഡഡ്, സ്വകാര്യ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോസ്റ്റ് മട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയതും, ഇ ഗ്രാന്റിന് അപേക്ഷിച്ചതും, ലഭിച്ചതും, അപേക്ഷ തീർപ്പാക്കിയതുമായ വിദ്യാർത്ഥികളുടെ ജില്ല തിരിച്ച എണ്ണം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് 14,72,816 വിദ്യാർഥികൾ ഗ്രാന്റിന് രജിസ്റ്റർ ചെയ്തു, 1,36,340 വിദ്യാർത്ഥികൾക്ക് ഗ്രാൻറ് നൽകി, 6474 വിദ്യാർത്ഥികൾക്ക് നൽകിയിട്ടില്ല . അതായത്, കേരളത്തിലൊട്ടാകെ പോസ്റ്റ് മട്രിക് കോഴ്സുകളിൽ പഠിക്കുന്ന പട്ടിക ജാതി വിദ്യാർത്ഥികളിൽ ഇ ഗ്രാന്റിന് രജിസ്റ്റർ ചെയ്തവരിൽ 4. 53 ശതമാനം പേർക്ക് ഗ്രാൻറ് ലഭിച്ചിട്ടില്ല. പാലക്കാട് ജില്ലയിൽ മാത്രം 13. 01 ശതമാനം വിദ്യാർത്ഥികൾക്ക് ഇ ഗ്രാൻറ് ലഭിച്ചിട്ടില്ല. ഇത് പട്ടിക ജാതി വിദ്യാർത്ഥികളുടെ കണക്കുമാത്രമാണ്. പട്ടിക വർഗ- മറ്റർഹ വിദ്യാർത്ഥികളുടെ കണക്കു കൂടിച്ചേരുമ്പോൾ ഗ്രാൻറ് ലഭിക്കാത്തവരുടെ എണ്ണം വർദ്ധിക്കും.
ജി.ഇ.ആർ പ്രകാരം പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി വിലയിരുത്തിയാൽ കോഴ്സ് പൂർത്തിയാക്കിയവരുടെ ശതമാനത്തിനേക്കാളും വളരെ കൂടുതലായിരിക്കും തുടർന്ന് പഠിക്കാൻ കഴിയാത്തവരുടെ എണ്ണമെന്ന്മേൽ ഉദ്ധരിക്കപ്പെട്ട കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടാണ്, എൻറോൾമെൻറ് അടിസ്ഥാനമാക്കിയുള്ള സൂചകങ്ങൾക്കു പകരം പഠനം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട സൂചകങ്ങളാണ് പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി മനസ്സിലാക്കാൻ ഏറെ ഉപകാരപ്രദം എന്ന് അഭിപ്രായപ്പെട്ടത്.
മേല്പറഞ്ഞവയൊന്നും ഊതിപ്പെരുപ്പിച്ച ഭയാശങ്കകൾ മാത്രമല്ല. 2022 മാർച്ച് 14 നു കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിൽ നിന്ന് ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും 2022 ജൂൺ 10 ന് കേരള പിന്നാക്ക സമുദായ വികസന വകുപ്പ് പ്രീ മട്രിക് വിദ്യാർഥികളുടെ ഗ്രാന്റിനെ സംബന്ധിച്ച് പുറപ്പെടുവിപ്പിച്ചതല്ലാതെ പട്ടിക ജാതി- വർഗ്ഗ വികസന വകുപ്പുകൾ പ്രീ - മട്രിക്, പോസ്റ്റ് - മട്രിക് വിഭാഗ വിദ്യാർഥികളുടെ അറിവിലേക്കായി ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ലാ, ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുമില്ല. തൽഫലമായി കഴിഞ്ഞ 52 വർഷങ്ങൾ കൊണ്ട് വിദ്യാഭ്യാസ പുരോഗതിയിലൂടെ ഇന്ത്യയിലെ അടിസ്ഥാന ജനങ്ങൾ കൈവരിച്ച ചെറിയ വളർച്ച പോലും സാവധാനം മുരടിക്കുകയും അടിസ്ഥാന ജനവിഭാഗം വിദ്യാഭ്യാസ ഭൂപടത്തിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെടുകയും ചെയ്യും.
ഇത്തരം വസ്തുതകളുടെ വെളിച്ചത്തിലാണ്, 2022 മാർച്ച് 14 ന് ഇറക്കിയ ഉത്തരവ് പിൻവലിച്ച് ഇ ഗ്രാൻറ് സംവിധാനത്തിൽ പുതുക്കിയ ഉത്തരവിനുമുമ്പുണ്ടായിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം (എ പി ഡി എഫ്) കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. അതിനോടൊപ്പം, സംസ്ഥാന സർക്കാർ അടിയന്തരമായി ചില കാര്യങ്ങൾ നടപ്പാക്കുകയും വേണം.
a) പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച്, പുതിയ വിദ്യാഭ്യാസ ധനസഹായ വിതരണ ക്രമീകരണം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം.
b) കേന്ദ്ര സർക്കാർ ആ ആവശ്യം നിരാകരിക്കുന്ന പക്ഷം നിലവിലിരുന്ന രീതി തുടരുവാൻ സംസ്ഥാന സർക്കാർ തീരുമാനമെടുക്കണം.
c) അതിന്, സംസ്ഥാന സർക്കാരിന് കഴിയാതെ വന്നാൽ മാത്രം പുതിയ സംവിധാനം നടപ്പിലാക്കുക. അങ്ങനെ ചെയ്യുമ്പോൾ:
അടിസ്ഥാന ജന വിദ്യാർഥികളുടെ സുഗമമായ വിദ്യാഭ്യാസത്തിനും കൊഴിഞ്ഞു പോക്ക് ഇല്ലാതാക്കാനും ഈ ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിക്കണം. കാരണം, ഇത് ഒരു യാദൃച്ഛിക സംഭവമല്ല. കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന ജനവിരുദ്ധ സമീപനത്തിന്റെയും ബ്രഹത്തായ ഉന്മൂലന പദ്ധതിയുടെയും ഭാഗമാണ് പുതിയ പരിഷ്‌ക്കാരം. പുരോഗമനകാരികളായി വേഷം കെട്ടുന്ന കേരളത്തിലെ ഭരണ- പ്രതിപക്ഷ കക്ഷി ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരും അനുകൂലിക്കുന്ന ഒരു നീക്കം കൂടിയാണിത്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ തണുപ്പൻ പ്രതികരണവും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അർത്ഥഗർഭമായ മൗനവും. കാരണം, അടിസ്ഥാന ജനങ്ങളുടെ ഭാവിയും നിലനിൽപ്പും അപകടത്തിലാക്കുന്ന എല്ലാ നീക്കങ്ങളോടും കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കൈക്കൊള്ളുന്ന നിലപാട് ഒന്നുതന്നെയായാണ് - നിർവികാരത, നിസ്സംഗത.
(കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം 2021 ൽ പ്രീ മട്രിക്, പോസ്റ്റ് മട്രിക് കോഴ്സുകൾക്ക് വെവ്വേറെ പ്രസിദ്ധീകരിച്ച പദ്ധതി വിജ്ഞാപനങ്ങളാണ് ഈ ലേഖനത്തിന്റെ മുഖ്യ വിവര സ്രോതസ്സ്. കേരള പിന്നാക്ക സമുദായ വികസന വകുപ്പ് പ്രസിദ്ധീകരിച്ച പ്രീ മട്രിക് സ്കോളർഷിപ്പ് പദ്ധതി മറ്റൊരു പ്രധാന വിവര സ്രോതസ്സാണ്. വിവരാവകാശ നിയമമനുസരിച്ച് പട്ടിക ജാതി വികസന വകുപ്പിൽ നിന്ന് ലഭിച്ച ഔദ്യോഗിക കത്തുകളും പട്ടിക ജാതി പിന്നാക്ക സമുദായ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരുമായി നടത്തിയ സംഭാഷണങ്ങളും ഈ ലേഖനം തയ്യാറാക്കാൻ സഹായകരമായിരുന്നു. കൂടാതെ കേരള ഇ ഗ്രാൻറ്സ് സൈറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളും പ്രയോജന പ്രദമായിരുന്നു).