Photo: Pinterest

വിദ്യാഭാസത്തിന്റെ പോരാട്ടഭൂമിയായിരുന്നു അന്നും മലബാർ

മലബാറിലെ അടിമജാതികളുടെ വിദ്യാഭ്യാസ പ്രോത്സാഹന നടപടികൾ, അടിമകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാൻ മലബാർ ജില്ലയിലെ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. 19ാം നൂറ്റാണ്ടിലെ മലബാറിലെ പഞ്ചമരുടെ വിദ്യാഭ്യാസത്തെക്കുറിച്ച്​ ഒരു ചരിത്രാന്വേഷണം.

മുഖവുര

1792- ലെ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെ ടിപ്പു കേരളത്തിലെ മലബാർ ഉൾപ്പെടുന്ന, അദ്ദേഹത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ പകുതിയും യുദ്ധ നഷ്ടപരിഹാരമായി 33 ദശലക്ഷം രൂപയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് നൽകി. മൈസൂരിൽ നിന്ന് പിടിച്ചെടുത്ത ഇന്നത്തെ കർണാടകയിലെ ചില പ്രദേശങ്ങളും മലബാറും കൂട്ടിച്ചേർത്ത്​ 1801ൽ റിച്ചാർഡ് വെല്ലസ്ലി ( 1760 - 1842 ) മദ്രാസ് പ്രവിശ്യയുണ്ടാക്കി. അതോടെ മദ്രാസ് പ്രവിശ്യയിലെ ജില്ലകളിൽ ഒന്നായി മലബാർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായി മാറി.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആധുനിക വിദ്യാഭ്യാസത്തിന്​ തുടക്കം കുറിച്ചത് ബ്രിട്ടീഷുകാരാണെന്നത് സുവിദിതമാണ്. കൊളോണിയൽ ഭരണസംവിധാനത്തെ താങ്ങിനിർത്താൻ ആവശ്യമുള്ള ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. കോളനി ഭരണത്തിന്റെ അനുഭാവികളായ ഒരു വലിയ വിഭാഗം ജനങ്ങളെ വളർത്തിയെടുത്ത്​ ഇന്ത്യയിൽ കോളനി ഭരണത്തിന്റെ ആയുസ്​ ദീർഘിപ്പിക്കുക എന്നതും അവരുടെ വലിയ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു.

റിച്ചാർഡ് വെല്ലസ്ലി / Photo: Wikipedia

അധികമാരും ശ്രദ്ധിക്കാതെ പോയതോ ചർച്ചയ്ക്കു വിഷയമാക്കാതിരുന്നതോ ആയ മറ്റൊരു കാരണം കൂടിയുണ്ട്. 1790 മുതൽ 1850 വരെ ബ്രിട്ടീഷ് സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ സംഭവിച്ചുകൊണ്ടിരുന്ന വമ്പിച്ച മാറ്റത്തിന്റെ പ്രണേതാക്കളുടെയോ, ഗുണഭോക്താക്കളുടെയോ പ്രതിനിധികളായിരുന്നു ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാരായ കോളനി ഭരണാധികാരികളും കച്ചവടക്കാരും മിഷണറിമാരും സിവിൽ - സൈനിക ഉദ്യോഗസ്ഥരും. അവരെല്ലാവരും ഒറ്റയ്‌ക്കോ (വെവ്വേറെയായോ) കൂട്ടായോ ബ്രിട്ടനിൽ അവർ അന്ന് നിർമിച്ചുകൊണ്ടിരുന്ന ‘പുതിയ' സാമൂഹ്യക്രമത്തെ, ഇന്ത്യയുടെ സവിശേഷ സാഹചര്യം തിരിച്ചറിഞ്ഞും അറിയാതെയും ഇന്ത്യയിലെ അവരുടെ പ്രവൃത്തി മണ്ഡലങ്ങളിൽ പറിച്ചുനടാൻ ശ്രമിച്ചിരുന്നു. ‘കൊളോണിയൽ ആധുനികത' എന്ന് ചില ചരിത്രകാരന്മാർ സൂചിപ്പിക്കുന്ന ഈ പ്രതിഭാസത്തിന്റെ പ്രഭവം യഥാർത്ഥത്തിൽ ബ്രിട്ടനിൽ അന്ന് വികസിച്ചുവന്നുകൊണ്ടിരുന്ന പുതിയ സാമൂഹ്യ ക്രമായിരുന്നു. അടിമ വിമോചനം, ആധുനിക വിദ്യാഭ്യാസ പ്രചാരണം, സാമൂഹ്യ പരിഷ്‌കരണ സംരംഭങ്ങൾ, മിഷണറി സംഘങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം 18 - 19 നൂറ്റാണ്ടുകളിൽ ബ്രിട്ടിഷ് പുത്തൻ മധ്യവർഗം വച്ചു പുലർത്തിയിരുന്ന സാമൂഹ്യവീക്ഷണത്തിന്റെ സ്പർശം കാണാം. സാന്ദർഭികമായി ഒരു സംഗതി കൂടി ചൂണ്ടിക്കാണിക്കട്ടെ. ഈ ‘കൊളോണിയൽ ആധുനികത’യുടെ പ്രഭാവം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ പ്രകടിതമായിരുന്നത് വ്യത്യസ്ത രൂപങ്ങളിലായിരുന്നു.

ആധുനിക വിദ്യാഭ്യാസ പ്രോത്സാഹനത്തിന് ബ്രിട്ടീഷ് ഭരണം കൈക്കൊണ്ട ഔദ്യോഗിക നടപടികൾ: ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യനാളുകളിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് കച്ചവടം വഴി ലാഭമുണ്ടാക്കാനല്ലാതെ സാമൂഹ്യ ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

1813 ലെ ചാർട്ടർ നിയമം: ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആദ്യമായി വിദ്യാഭ്യാസ വിഷയം ചർച്ച ചെയ്തത് 1813 ലെ ചാർട്ടർ നിയമം ആണ്. ഈ ചാർട്ടർ ആദ്യമായി ഇന്ത്യക്കാരുടെ വിദ്യാഭ്യാസത്തിന്​ ഒരു ലക്ഷം രൂപ പ്രതിവർഷം നീക്കിവച്ചതുവഴി ഇന്ത്യൻ ജനതയുടെ വിദ്യാഭ്യാസത്തിലെ (ബ്രിട്ടീഷ്) ഭരണകൂട ഉത്തരവാദിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ അന്ന് നിലവിലുണ്ടായിരുന്ന, സംസ്‌കൃതം- അറബി- പേർഷ്യൻ ഭാഷകളിലെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി ഈ തുക വിനിയോഗിക്കാൻ ചാർട്ടർ നിയമം വഴി ബ്രിട്ടീഷ് പാർലമെൻറ്​ ബ്രിട്ടീഷ് ഇന്ത്യയിലെ (ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി) ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ ആദ്യ നാഴികക്കല്ലാണിത്.
എന്നാൽ ചാർട്ടർ ആക്ടിന്റെ ഈ തീരുമാനം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, ബോധനമാധ്യമം എന്നിവയെ ചൊല്ലി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷുകാരിൽ പൗരസ്ത്യ വാദികൾ (orientalist) ആംഗ്ലേയ വാദികൾ (Anglicist) എന്നീ വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ ഏകോപിപ്പിക്കാൻ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി 1823 ൽ പൊതു വിദ്യാഭ്യാസ കമ്മിറ്റി രൂപികരിച്ചു. ഈ കമ്മറ്റിയിൽ പൗരസ്ത്യവാദികളും ആംഗ്ലേയ വാദികളും തുല്യശക്തികളായി നിലനിന്നിരുന്നു.

തിരുവിതാംകൂറിൽ അടിമ ജാതികളുടെ ക്രിസ്തുമത പ്രവേശനവും അതിനോട് ചേർന്ന് നടത്തപ്പെട്ട ബോധന ശ്രമങ്ങളും അടിമ ജാതികളുടെ അധ്വാനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിച്ചതായി ഭൂവുടമകൾ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മെക്കാളെയുടെ മിനുട്‌സ്

പൗരസ്ത്യവാദികൾക്കും ആംഗ്ലേയവാദികൾക്കും ഇടയിൽ ഇന്ത്യയിലെ വിദ്യാഭ്യാസ വിഷയത്തിൽ അഭിപ്രായഭിന്നത രൂക്ഷമായി നിലനിൽക്കുമ്പോഴായിരുന്നു 1834 ജൂണിൽ ഇന്ത്യയിലെ പൊതു വിദ്യാഭ്യാസ കമ്മിറ്റി അദ്ധ്യക്ഷനായി തോമസ് ബാബിങ്ടോൺ മെക്കാളെ (1800 - 1859 ) ഇന്ത്യയിലെത്തുന്നത്. അക്കാലത്തെ ബ്രിട്ടീഷ് ഭരണകൂടത്തിൽ ഏറെ സ്വാധീനം ചെലുത്തിപ്പോന്നിരുന്ന, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന, വ്യവസായ താല്പര്യക്കാരായ ഉല്പതിഷ്ണുക്കളുടെ ചെറുകൂട്ടമായിരുന്ന ക്ലാഫം സെക്റ്റിലെ പ്രധാനികളിൽ ഒരാളായിരുന്ന സക്കാരെ മെക്കാളെയുടെ പുത്രനായിരുന്നു തോമസ് മെക്കാളെ. അദ്ദേഹം 1835 ഫെബ്രുവരി രണ്ടിന്​ ഇന്ത്യയിലെ വിദ്യാഭ്യാസത്തിന്മേൽ അന്നത്തെ ഗവർണർ ജനറലായിരുന്ന വില്യം ബെന്റിക്കിനു സമർപ്പിച്ച കുറിപ്പാണ്​ പിന്നീട് ‘മെക്കാളെയുടെ മിനുട്‌സ്’ എന്ന പേരിൽ ചരിത്രപ്രസിദ്ധമായത്. ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ രണ്ടാം നാഴികക്കല്ലാണിത്​.

തോമസ് ബാബിങ്ടോൺ മെക്കാളെ / Photo: Wikipedia

സർക്കാർ ഖജനാവിൽ നിന്ന് പാശ്ചാത്യ വിദ്യാഭ്യാസത്തിനു മാത്രമേ പണം ചെലവഴിക്കാവൂ എന്ന് കടുത്ത ആംഗ്ലേയവാദിയായ മെക്കാളെ സർക്കാരിനോട് ആവശ്യപ്പെട്ടു. പൗരസ്ത്യ ദർശനങ്ങളും വിഷയങ്ങളും മാത്രം പഠിപ്പിച്ചിരുന്ന കലാലയങ്ങൾ പൂട്ടാൻ അദ്ദേഹം സർക്കാരിനോടാവശ്യപ്പെട്ടു. എന്നുമാത്രമല്ല, ഏതാനും ഇന്ത്യക്കാരെ മാത്രം സർക്കാർ നേരിട്ട് വിദ്യാഭ്യാസം ചെയ്യിച്ചാൽ മതിയെന്നും ഇവർ ബാക്കിയുള്ള ഇന്ത്യക്കാരുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കുമെന്നും അതുവഴി ഇന്ത്യയിലെ ജനസാമാന്യത്തെ മുഴുവൻ അഭ്യസ്ത വിദ്യാരാക്കാമെന്നുമുള്ള ‘ട്രിക്കിൾ ഡൗൺ' സിദ്ധാന്തം 1835 ലെ മിനിറ്റസിലൂടെ അദ്ദേഹം അവതരിപ്പിച്ചു. ഇതുവഴി ബ്രിട്ടീഷ് താല്പര്യങ്ങൾ സംരക്ഷിക്കാനും ബ്രിട്ടീഷുകാരോട് വിശ്വസ്തത പുലർത്താൻ പ്രാപ്തിയുള്ള ഇന്ത്യക്കാരെ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. മെക്കാളെയുടെ നിർദ്ദേശങ്ങൾ 1835 മാർച്ചിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 1837 ൽ കോടതി വ്യവഹാര ഭാഷ ഇംഗ്ലീഷ് ആക്കി. ഉയർന്ന സർക്കാർ ഉദ്യോഗ നിയമനങ്ങളിൽ 1844 മുതൽ ഇന്ത്യക്കാരും നിയമിക്കപ്പെടുവാൻ തുടങ്ങി. അങ്ങനെ മെക്കാളെയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കി തുടങ്ങി.

സ്വതന്ത്ര വ്യക്തിയെന്ന സ്വത്വത്തിന്​ നിരക്കുന്ന പൊതു പെരുമാറ്റങ്ങൾ ചിട്ടപ്പെട്ടുവരാനുണ്ടായ കാലതാമസമാണ്​ കനോലിയുടെയും മൺറോയുടെയും ആദ്യകാല അടിമ ജാതി വിദ്യാഭ്യാസ പ്രോത്സാഹന ശ്രമങ്ങളോട് അടിമ ജാതികൾ പ്രകടിപ്പിച്ചിരുന്ന താല്പര്യക്കുറവിനു കാരണം.

വുഡ്സ് ഡെസ്​പാച്ച്​

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോർഡ് ഓഫ് കൺട്രോൾ പ്രസിഡൻറ്​ ആയിരുന്ന സർ ചാൾസ് വുഡ് (1800 - 1885 ) 1854 ൽ അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ഡൽഹൗസിക്കയച്ച നിർദ്ദേശങ്ങളാണ് വുഡ്സ് ഡസ്പാച്ച് എന്നറിയപ്പെടുന്നത്. ഇന്ത്യയിൽ വരേണ്യ (ക്ലാസ്) വിദ്യാഭ്യാസത്തിൽ നിന്ന് ബഹുജന അഥവാ പൊതു (മാസ്സ്) വിദ്യാഭ്യാസത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ തുടക്കം കുറിച്ചത് ചാൾസ് വുഡിന്റെ നിർദ്ദേശങ്ങളിലൂടെയായിരുന്നു. ഇത് ബ്രിട്ടീഷ് ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യൻ വിദ്യാഭ്യാസ നയത്തിന്റെ ഉദ്ദേശ്യലക്ഷ്യം ആദ്യമായി കൃത്യതയോടെ വെളിപ്പെട്ടുവന്നത് വുഡ്സ് ഡെസ്പാച്ചിലൂടെ ആയിരുന്നു. ഇന്ത്യയിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുള്ള മറ്റെല്ലാ ചുമതലകളെക്കാളും മുഖ്യം വിദ്യാഭ്യസമാണ് എന്ന് കമ്പനിയുടെ ബോർഡ് ഓഫ് കൺ​ട്രോൾ പ്രസിഡൻറ്​ തന്നെ തിറിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടൊപ്പം നാട്ടുഭാഷാ വിദ്യാഭ്യാസവും സംയോജിപ്പിച്ചതാണ് വുഡ്സ് നിർദ്ദേശങ്ങളിൽ ഏറെ ശ്രദ്ധേയമായത്. പ്രാഥമിക വിദ്യാഭ്യാസം പൂർണമായി നാട്ടുഭാഷയിലും സെക്കൻററി വിദ്യാഭ്യാസം നാട്ടുഭാഷയിലും ഇംഗ്ലീഷിലും ഉന്നത വിദ്യാഭ്യാസം പൂർണമായും ഇംഗ്ലീഷിലും ആക്കി വിദ്യാഭ്യാസ സമ്പ്രദായം പുനഃസംഘടിപ്പിക്കപ്പെട്ടു. ധിഷണാവികാസവും നൈതികതയും ഒന്നുപോലെ പ്രധാനപ്പെട്ടതാണെന്നും പാശ്ചാത്യ സംസ്‌കാരവും വിജ്ഞാനവും വ്യാപിപ്പിക്കുന്നതുവഴി പുതിയ ഉല്പാദന- ഉപഭോഗ സംവിധാനങ്ങൾ വിദ്യാഭ്യാസത്തിന്റെ ഫലമായി ജനിപ്പിക്കപ്പെടേണ്ടതാണെന്നും വുഡ് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ഇംഗ്ലണ്ടിൽ വളർന്നുവന്നുകൊണ്ടിരുന്ന യൂട്ടിലിറ്റേറിയൻ (പ്രയോജനാവാദം അഥവാ ഉപയോഗിത സിദ്ധാന്തം) ജീവിത ദർശനം വുഡ്സ് ഡെസ്പാച്ചിൽ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.

സർ ചാൾസ് വുഡ്, ഡൽഹൗസി

എല്ലാ പ്രവിശ്യകളിലും പൊതു വിദ്യാഭ്യാസ വകുപ്പ്, കൽക്കട്ട, ബോംബേ, മദ്രാസ് എന്നിവിടങ്ങളിൽ ലണ്ടൻ സർവകലാശാലാ മാതൃകയിൽ സർവകലാശാലകൾ, പൊതുവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ വിദ്യാലയങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾക്കായുള്ള ഗ്രാൻറ്​ ഇൻ എയ്ഡ് സമ്പ്രദായം, സ്ത്രീവിദ്യാഭ്യാസ പ്രോത്സാഹനം, അദ്ധ്യാപക പരിശീലന സ്ഥാപനങ്ങൾ, മെഡിക്കൽ എഞ്ചിനീയറിംഗ് നിയമപഠനത്തിനായുള്ള പ്രത്യേക സ്ഥാപനങ്ങൾ, ദേശ വ്യാപകമായി ശ്രേണീകൃത വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ശ്രംഖല എന്നിവയായിരുന്നു ചാൾസ് വുഡ് നിർദ്ദേശിച്ചത്. ഇന്ത്യൻ വിദ്യാഭ്യാസത്തെ സമഗ്രമായി പാശ്ചാത്യവത്ക്കരിക്കാനും ആധുനികവത്ക്കരിക്കാനുമായിരുന്നു വുഡ് ഈ നിർദ്ദേശങ്ങളിലൂടെ ശ്രമിച്ചത്. ഇവയിൽ ഏറെ ശ്രദ്ധേയമായത്, സ്വകാര്യ വിദ്യാലയങ്ങൾക്ക് സർക്കാർ അനുവദിച്ച ഗ്രാൻറ്​ ആയിരുന്നു. 1865 ൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രാൻറ്​ ഇൻ എയ്ഡ് സമ്പ്രദായം പ്രഖ്യാപിച്ചു.

മലബാറിൽ അടിമകളുടെ വിദ്യാഭ്യാസ പ്രോത്സാഹന സംരംഭം ആരംഭിച്ചത് 1834 ൽ അടിമത്തം നിലനിൽക്കുമ്പാൾ തന്നെയായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ കാലയളവിൽ അത്തരം ശ്രമങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

ഹണ്ടർ കമീഷൻ (ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ) 1882

ഗവർണർ ജനറലിന്റെ എക്‌സ്‌ക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന വില്യം വിത്സൺ ഹണ്ടർ (1840 - 1900 ) അദ്ധ്യക്ഷനായി 1882- ൽ ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമീഷൻ നിയോഗിക്കപ്പെട്ടു. വുഡ്സ് ഡെസ്പാച്ചിലെ നിർദ്ദേശങ്ങൾ ഏതളവുവരെ നടപ്പിലാക്കപ്പെട്ടു എന്നു കണ്ടെത്തുകയും ബ്രിട്ടീഷ് ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അന്നത്തെ സ്ഥിതി പരിശോധിക്കുകയും ചെയ്യുക എന്നതായിരുന്നു ഹണ്ടർ കമീഷന്റെ പ്രധാന അന്വേഷണ വിഷയങ്ങൾ. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ നിർദ്ദേശങ്ങൾ ഹണ്ടർ കമീഷനിൽ നിന്ന് ഗവർണർ ജനറൽ പ്രതീക്ഷിച്ചു. ഇന്ത്യൻ വിദ്യാഭ്യാസ ചരിത്രത്തിലെ നിർണയക നാഴികക്കല്ലായിരുന്നു ഹണ്ടർ കമീഷൻ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം തദ്ദേശഭരണസ്ഥാപങ്ങളെ ഏൽപ്പിച്ചത് ഈ കമീഷനുശേഷമായിരുന്നു. കമീഷന്റെ എല്ലാ നിർദ്ദേശങ്ങളും സർക്കാർ അംഗീകരിച്ചു.

ഈ ലേഖനത്തിന്റെ പ്രതിപാദ്യത്തിന്​ വളരെ പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ ഹണ്ടർ കമീഷൻ അവതരിപ്പിച്ചു. അവയിൽ ഏറ്റവും മുഖ്യമായത് സ്വകാര്യ വിദ്യാലയങ്ങൾക്കുള്ള ഗ്രാൻറ്​ സമ്പ്രദായം പരിഷ്‌ക്കരിച്ചതായിരുന്നു. 1861- ൽ ഇംഗ്ലണ്ടിൽ ആരംഭിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഗ്രാൻറ്​ -ഇൻ - എയ്ഡ് സമ്പ്രദായത്തിന്റെ മാതൃകയിൽ 1865- ൽ ഇന്ത്യയിൽ നടപ്പിലാക്കാൻ തുടങ്ങിയിരുന്ന ഗ്രാൻറ്​ സമ്പ്രദായം ഏകീകൃതമായിരുന്നില്ല. അതുകൊണ്ട് ഇന്ത്യയിലെ ഗ്രാൻറ്​ -ഇൻ - എയ്ഡ് സമ്പ്രദായം ഏകീകരിക്കുവാൻ ഹണ്ടർ കമീഷൻ ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസ വ്യാപനത്തിന് ഏറെ സഹായകരമായ നിർദ്ദേശമായിരുന്നു ഇത്.

വില്യം വിത്സൺ ഹണ്ടർ

സർക്കാറും തദ്ദേശസ്ഥാപനങ്ങളും നടത്തിവന്നിരുന്ന എല്ലാ വിദ്യാലയങ്ങളിലും മുൻ അടിമജാതി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണമെന്ന് കമീഷൻ ശുപാർശ ചെയ്തു. ഈ വിദ്യാർത്ഥികളുടെ വിദ്യാലയ പ്രവേശനത്തിന് എതിർപ്പ് പ്രകടിപ്പിയ്ക്കുന്ന സ്ഥലങ്ങളിൽ ഇവർക്കായി പ്രത്യേക വിദ്യാലയങ്ങൾ ആരംഭിക്കണമെന്നും കമീഷൻ ശുപാർശ ചെയ്തു. ജാതി ആചാരങ്ങൾ നീക്കാൻ അദ്ധ്യാപരും സ്‌കൂൾ ഇൻസ്‌പെക്ടർമാരും ശ്രദ്ധ വയ്ക്കണമെന്നും കമീഷൻ അഭ്യർത്ഥിച്ചു. ആദിവാസി ജനതയുടെ വിദ്യാഭ്യാസ പുരോഗതിയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുവാനും കമീഷൻ നിർദ്ദേശിച്ചു. അവരുടെ വിദ്യാഭ്യാസം മുഴുവനായും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കരുതെന്നും അവർക്ക്​ പൂർണമായ സൗജന്യ വിദ്യാഭ്യാസം നൽകണമെന്നും നിർദ്ദേശിച്ചു.

ഹണ്ടർ കമീഷൻ ശുപാർശകളുടെ ഫലമായി ഗ്രാൻറ്​ -ഇൻ - എയ്ഡ് സമ്പ്രാദയം 1894- ൽ പരിഷ്‌കരിക്കുകയും മുൻ അടിമജാതികൾക്കായി വിദ്യാലയങ്ങൾ നിയമം വഴിതുറക്കുകയും, അടിമജാതി- ആദിവാസി വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. അങ്ങനെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ആധുനിക വിദ്യാഭ്യാസം ഏറെ സാർവത്രികമായി.

മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസവും മലബാർ ജില്ലാ ഭരണകൂടവും

മലബാറിലെ അടിമജാതികളുടെ വിദ്യാഭ്യാസ പ്രോത്സാഹന നടപടികൾ, അടിമകളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാൻ മലബാർ ജില്ലയിലെ ബ്രിട്ടീഷ് ഭരണകൂടം നടത്തിയ ശ്രമങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മലബാറിലെ അടിമകളുടെ വിദ്യാഭ്യാസ പുരോഗതി ബ്രിട്ടീഷ് ഇന്ത്യയോട് മലബാർ കൂട്ടിചേർക്കപ്പെട്ട നാൾ മുതൽ ജില്ലാ ഉദ്യോഗസ്ഥർ ഗൗരവകരമായി ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തിൽ മലബാറിലെയും പ്രവിശ്യാ ആസ്ഥാനമായ മദ്രാസിലെയും ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ തലസ്ഥാനമായിരുന്ന കൽക്കട്ടയിലെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കിടയിൽ ധാരാളം കത്തിടപാടുകൾ നടന്നിരുന്നു.

മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് 1838 ഏപ്രിൽ നാലിനയച്ച കത്തിൽ, മലബാറിലെ കാർഷിക അടിമകളുടെ പെരുമാറ്റ നിലവാരം മെച്ചപ്പെടുത്തുവാനും അതുവഴി അവരുടെ അഭിവൃദ്ധി ഉറപ്പാക്കാനുമുള്ള മാർഗം സ്‌കൂളുകൾ സ്ഥാപിക്കുക എന്നതാണെന്ന് മലബാർ കളക്ടറായിരുന്ന ഇ. എഫ്. ക്ലെമൻറ്സ​ൺ വാദിച്ചു.

അടിമ വിമോചന ശ്രമങ്ങൾ

മലബാറിലെ കാർഷിക അടിമകളായിരുന്ന ചെറുമരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച ആദ്യ പരാമർശം ബോർഡ് ഓഫ് റവന്യു സെക്രട്ടറി 1835 ഡിസംബർ 19 ന്​ ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ കാണാം. ചെറുമരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ ബോർഡ് ഓഫ് റവന്യു സെക്രട്ടറിക്ക് വലിയ പ്രതീക്ഷ ഇല്ലായിരുന്നു. ചെറുമരുടെ ഭൗതികപുരോഗതിക്കുശേഷം മാത്രമേ അവരെ പരിഷ്‌ക്കരിക്കാനാകൂ എന്നദ്ദേഹം നിരീക്ഷിച്ചു. (ഇവിടെ ഭൗതിക പുരോഗതി എന്നതുകൊണ്ട് അടിമ വിമോചനമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് തോന്നുന്നു; പരിഷ്‌ക്കാരം എന്നതുകൊണ്ട് വിദ്യാഭ്യാസം എന്നും). എന്നാൽ അന്ന് മലബാർ കളക്ടറായിരുന്ന ഇ. എഫ്. ക്ലെമൻറ്സ​ൺ വ്യത്യസ്ത അഭിപ്രായക്കാരനായിരുന്നു. മദ്രാസിലെ ചീഫ് സെക്രട്ടറിക്ക് 1838 ഏപ്രിൽ നാലിനയച്ച കത്തിൽ, മലബാറിലെ കാർഷിക അടിമകളുടെ പെരുമാറ്റ നിലവാരം മെച്ചപ്പെടുത്തുവാനും അതുവഴി അവരുടെ അഭിവൃദ്ധി ഉറപ്പാക്കാനുമുള്ള മാർഗം സ്‌കൂളുകൾ സ്ഥാപിക്കുക എന്നതാണെന്ന് അദ്ദേഹം വാദിച്ചു. (‘morals' എന്ന വാക്കാണ് അദ്ദേഹം പെരുമാറ്റ നിലവാരം എന്നതിന് ഉപയോഗിച്ചിരുന്നത്). അതിനുള്ള പ്രത്യക്ഷ ഉദാഹരണമായി അഞ്ചരക്കണ്ടിയിലെ ബ്രൗണിന്റെ അടിമകളുടെ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അടിമകളുടെ പെരുമാറ്റ നിലവാരം വർദ്ധിപ്പിയ്ക്കാനുള്ള മറ്റു ചില നിർദ്ദേശങ്ങളോടൊപ്പം മലബാർ ജില്ലയിൽ പലയിടത്തും അടിമകൾക്കായി സ്‌കൂളുകൾ സ്ഥാപിക്കാനും അദ്ദേഹം ശുപാർശ ചെയ്തു.

Photo: tutorialspoint.com

അടിമ വിമോചനത്തിനുശേഷം - ആദ്യ ചുവടുവെപ്പുകൾ

1843 ലെ അടിമ വിമോചന വിളംബരത്തിനുശേഷമായിരുന്നു ചെറുമർക്കായി സ്‌കൂളുകൾ തുറക്കുന്ന വിഷയം അതീവ ഗൗരവമായി പരിഗണിക്കപ്പെടുവാൻ തുടങ്ങിയത്. അന്ന് കോഴിക്കോട് സബ് ജഡ്ജിയായിരുന്ന തോമസ് ല്യൂമിസ്ഡെൻ സ്‌ട്രെയ്‌ഞ്ച്​ (1808-1884) 1843 സെപ്റ്റംബർ 23 ന്​ എഴുതിയ കത്തിൽ മലബാറിലെ അടിമകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളിൽ അവരുടെ വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരുന്നു. 20 അല്ലെങ്കിൽ 25 വീതം ചെറുമ കുട്ടികൾക്കായി ചെറു പാഠശാലകൾ ഒരു താലൂക്കിൽ ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ ഉണ്ടാകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അവരെ തുണിനെയ്​ത്ത്​, പായ നെയ്​ത്ത്​, മരപ്പണി, ഓട് നിർമാണം തുടങ്ങിയവയോടൊപ്പം എഴുത്തും വായനയും പഠിപ്പിക്കണമെന്നും നിർദ്ദേശിച്ചു.

മാപ്പിള തഹസിൽദാരുടെയും അധികാരിയുടെയും സാന്നിദ്ധ്യത്തിൽ ഒരു അദ്ധ്യാപകനെ പണിക്കളത്തിൽ ഏർപ്പെടുത്തുന്നതിനോട് യോജിച്ച രക്ഷിതാക്കൾ, തഹസിൽദാർ പിൻവാങ്ങിയപ്പോൾ സമീപത്തെ കാടുകളിൽ പോയൊളിച്ചു.

അന്നത്തെ മലബാർ കലക്ടറായിരുന്ന ഹെൻറി വാലന്റൈൻ കനോലി (1806 - 1855) അടിമകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാൻ സമർപ്പിച്ച പല നിർദ്ദേശങ്ങളിൽ, ചെറുമ കുട്ടികളുടെ വിദ്യാഭ്യാസവും ഉൾപ്പെട്ടിരുന്നു. കനോലിയുടെ നിർദ്ദേശങ്ങൾ മദ്രാസ് ഗവർണർ അംഗീകരിച്ചു. അങ്ങനെ 1834 മുതൽ തുടങ്ങിയ കൂടിയാലോചനകൾക്കൊടുവിൽ മലബാറിലെ ചെറുമരുടെ വിദ്യാഭ്യാസ വിഷയത്തിൽ 1843 ൽ മദ്രാസ് സർക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടായി. ആ തീരുമാനത്തിന് 1847 ൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോർട്ട് ഓഫ് ഡയറക്ടർസ് സ്ഥിരീകരണവും നൽകി.

തോമസ് ല്യൂമിസ്ഡെൻ സ്‌ട്രെയ്‌ന്ജ്

ഇതിനെ തുടർന്ന് 1844 ജൂലൈ എട്ടിന്​ കോഴിക്കോട്ട്​ 20 ചെറുമ വിദ്യാർത്ഥികളുമായി ഒരു സ്‌കൂൾ പ്രവർത്തനം തുടങ്ങി. തലശ്ശേരിയിൽ 1844 ഓഗസ്റ്റ് 31 നും പാലക്കാട്ട്​ 1844 സെപ്റ്റംബർ 24 നും ചെറുമ കുട്ടികൾക്കുള്ള സ്‌കൂളുകൾ പ്രവർത്തനം ആരംഭിച്ചു . എന്നാൽ ഈ സ്‌കൂളുകളോടുള്ള ചെറുമരുടെ പ്രതികരണം അത്യന്തം തണുപ്പനായിരുന്നു. ആ സ്‌കൂളുകളുടെ അനുഭവം കനോലി 1845 മാർച്ച്​മൂന്നിനെഴുതിയ കത്തിൽ വിശദമാക്കുന്നുണ്ട്. ഏറനാട് താലൂക്കിലെ ചെറുമ സ്‌കൂളിന്റെ കഥയും വ്യത്യസ്തമായിരുന്നില്ല. ഇത് കനോലിയെ നിരാശപ്പെടുത്തി. മാപ്പിള തഹസിൽദാരുടെയും അധികാരിയുടെയും (ഗ്രാമത്തലവൻ) സാന്നിദ്ധ്യത്തിൽ ഒരു അദ്ധ്യാപകനെ പണിക്കളത്തിൽ ഏർപ്പെടുത്തുന്നതിനോട് യോജിച്ച രക്ഷിതാക്കൾ, തഹസിൽദാർ പിൻവാങ്ങിയപ്പോൾ സമീപത്തെ കാടുകളിൽ പോയൊളിച്ചു. വിദ്യാഭ്യാസത്തിന്​ നിർബന്ധിക്കില്ലെന്ന കലക്ടറുടെ വ്യക്തിപരമായ ഉറപ്പിലാണ് അവരെ പിന്നീട് പണിക്കളത്തിൽ മടക്കിയെത്തിച്ചത്. ഈ സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങാനും പുതിയ പണിക്കളങ്ങൾ ആരംഭിക്കാനും കനോലിയ്ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. എന്നാൽ ചെറുമർക്ക്​ സ്‌കൂളിൽ പോകാൻ ഭയമായിരുന്നു. കുട്ടികളെ സ്‌കൂളിൽ ചേർത്ത് പഠിപ്പിച്ച്​ മൗറീഷ്യസിലേക്ക്​ കടത്തിക്കൊണ്ടുപോകുമെന്ന കിംവദന്തിയെ തുടർന്നായിരുന്നു ഈ ഭയമെന്ന്​ പിന്നീട് മനസ്സിലായി.

1845 ൽ കോഴിക്കോട്ട്​ സ്‌കൂളിൽ 50 ഉം പാലക്കാട്ട്​ 24 ഉം തലശ്ശേരിയിൽ 31 ഉം ചെറുമ വിദ്യാർഥികളുണ്ടായിരുന്നു. സ്‌കൂളുകളിൽ ചേരുന്നതിനോട് ചെറുമർ സ്ഥിരമായി പ്രതിരോധം ഉയർത്തിയിരുന്നതിനാൽ അവരെ പഠിപ്പിക്കുക എന്ന ആശയം കനോലിയ്ക്ക്​ ഉപേക്ഷിക്കേണ്ടിവന്നു. 1850 ൽ എല്ലാ സ്‌കൂളുകളും അദ്ദേഹം പൂട്ടി; അദ്ദേഹത്തിന്റെ തീരുമാനം ഗവണ്മെൻറ്​ സെക്രട്ടറിയെ അറിയിച്ചു. കനോലിയുടെ തീരുമാനം 1851 ജനുവരി ഒമ്പതിന്​ മദ്രാസ് സർക്കാർ അംഗീകരിച്ചു. അങ്ങനെ വുഡ്സ് ഡെസ്പാച്ചിന് വളരെ മുമ്പുതന്നെ, മലബാർ കലക്ടർ കനോലി 1843 മുതൽ മുൻകൈ എടുത്തു നടത്തിയിരുന്ന അടിമകളുടെ വിദ്യഭ്യാസ പ്രോത്സാഹന സംരംഭങ്ങൾക്കു തിരശ്ശീല വീണു.

കനോലിക്കുശേഷം ഇന്ത്യൻ എഡ്യൂക്കേഷൻ കമീഷൻ വരെ

1851-നുശേഷം, 1882- ലെ ഇന്ത്യൻ എഡ്യുക്കേഷൻ കമീഷനു (ഹണ്ടർ കമീഷൻ) മുൻപ്, ഏതാണ്ട് 31 വർഷം, മുൻ അടിമജാതികളുടെ വിദ്യാഭ്യാസത്തിന്​ കൃത്യമായ പരിപാടികൾ ആവിഷ്‌കരിച്ചതായി കാണുന്നില്ല. 1865 ലെ ഗ്രാൻറ്​- ഇൻ - എയ്ഡ് ആഘോഷമായി നടപ്പിലാക്കിയതായി ഒരിടത്തും പരാമർശിക്കപ്പെട്ടുകണ്ടില്ല.

മുൻ അടിമജാതികളുടെ വിദ്യാഭ്യാസ വിഷയത്തിന് കാര്യമായ സർക്കാർ പിന്തുണ ലഭിച്ചിരുന്നില്ല. മറ്റു സമുദായങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തി കമ്പനിയുടെ വിശാല താല്പര്യങ്ങൾ ബാധിക്കപ്പെടരുതെന്നായിരുന്നു ഔദ്യോഗിക നിലപാട്.

1857- മുതൽ എല്ലാ സർക്കാർ സ്‌കൂളുകളിലും എല്ലാ ജനവിഭാഗങ്ങൾക്കും തത്വത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ എല്ലാ വിദ്യാലയങ്ങളും പ്രയോഗത്തിൽ മുൻ അടിമ ജാതിക്കാർക്കുമുന്നിൽ കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. ഉയർന്ന ജാതിക്കാർ ഉയർത്തിയ കടുത്ത എതിർപ്പായിരുന്നു കാരണം.

കർണാടകയിലെ ധാർവാഡിൽ നിന്നുള്ള മഹർ വിദ്യാർത്ഥിയുടെ (ആൺകുട്ടി) അനുഭവം ഇതിനുദാഹരണമാണ്. സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചപ്പോൾ ആ വിദ്യാർത്ഥി ബോംബേ സർക്കാരിൽ പരാതിപ്പെട്ടു. മറ്റുള്ളവർ എതിർക്കുന്നെങ്കിൽ ആ കുട്ടിയെ സർക്കാർ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ സാദ്ധ്യമല്ലെന്നാണ് ബോംബേ സർക്കാർ കൈക്കൊണ്ട നിലപാട്. ഈ വിഷയം ഇന്ത്യൻ സർക്കാരിനും പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോർട്ട് ഓഫ് ഡയറക്ടഴ്സി​നും നിർദ്ദേശങ്ങൾക്കായി സമർപ്പിക്കപ്പെട്ടു. പരാതിക്കാരന്റെ ഭാഗത്തു ന്യായവും ശരിയും ഉണ്ടെങ്കിലും പ്രായോഗിക കാരണങ്ങളാൽ ആ കുട്ടിയുടെ പ്രവേശനകാര്യം നിർബന്ധിക്കാൻ സാധിക്കാത്തതിനാൽ ഉടൻ തീരുമാനമെടുക്കാൻ കഴിയില്ലെന്നും അതുകൊണ്ട്​ ഇന്ത്യ സർക്കാരിന് ഈ കുട്ടിക്കുവേണ്ടി ഇടപെടാൻ കഴിയില്ലെന്നുമാണ് പരാതിക്കാരനെ ഇന്ത്യാ സർക്കാർ അറിയിച്ചത്. എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കുമായി തുറക്കുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനി മാനിക്കുന്ന ഒരു ഉത്തമ പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആ നിലപാടിൽ നിന്ന് വ്യതിചലിക്കുവാൻ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയ കോർട്ട് ഓഫ് ഡയറക്ടഴ്സ്​, അങ്ങനെ ചെയ്യുമ്പോൾ ചില വിദ്യാർത്ഥികളെ സ്‌കൂളുകളിൽ നിന്ന് പിൻവലിക്കേണ്ടിവരുമെന്നും ഓർമിപ്പിച്ചു. എല്ലാവർക്കും വിദ്യാലയ പ്രവേശനം നൽകുന്നതിനെ എതിർക്കുന്നവർക്ക്​ അവരുടെ സംഭാവനകൾ നല്കാതിരിക്കാനും ആ സംഭാവന കൊണ്ട് മറ്റു വിദ്യാലയങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Photo: historyextra.com

മേല്പറഞ്ഞതിൽനിന്ന് മുൻ അടിമജാതികളുടെ വിദ്യാഭ്യാസ വിഷയത്തിന് അക്കാലത്ത്​ കാര്യമായ സർക്കാർ പിന്തുണ ലഭിച്ചിരുന്നില്ല എന്ന് വ്യക്തമാണ്. മറ്റു സമുദായങ്ങളുടെ എതിർപ്പ് ക്ഷണിച്ചുവരുത്തി കമ്പനിയുടെ വിശാല താല്പര്യങ്ങൾ ബാധിക്കപ്പെടരുതെന്നായിരുന്നു ഔദ്യോഗിക നിലപാട്. അത്​ ഈ നാണയത്തിന്റെ മറുപുറമായിരുന്നു. അടിമകളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിലൂടെ പുതിയ സാമൂഹ്യ പെരുമാറ്റം വളർത്തിയെടുത്ത്​ കമ്പനിയുടെ വിശാല താല്പര്യം സുരക്ഷിതമാക്കാമെന്നതും.

എന്നാൽ, എണ്ണത്തിൽ കുറവായിരുന്നെങ്കിലും ചില സ്‌കൂളുകൾ മുൻ അടിമ ജാതി വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യൻ എഡ്യൂക്കേഷൻ കമീഷന്റെ മലബാർ പ്രവിശ്യാ കമ്മറ്റി ഈ വിഷയത്തിൽ ഇങ്ങനെ നിരീക്ഷിച്ചു: ‘... എന്നാൽ മുൻ അടിമ ജാതികളായ ഒരു ചെറുമൻ പോലുമില്ല. ചെറുമനെ വിദ്യാലയത്തിൽ നിന്ന് ആട്ടി ഓടിക്കും. പ്രബല സമുദായങ്ങൾ സാവകാശം വിശാല കാഴ്ചപ്പാട് കൈക്കൊള്ളുന്നുണ്ട്. തങ്ങൾക്കു ലഭിക്കുന്ന സൗകര്യങ്ങൾ മറ്റു സമുദായങ്ങൾക്കു ലഭിക്കുന്നതിനോട് അവർ വച്ചുപുലർത്തുന്ന അസൂയ കുറഞ്ഞുവരുന്നുണ്ട്. പക്ഷെ ഈ മാറ്റം ചെറുമാരോട് അവർ കാണിക്കുന്നില്ല. നികൃഷ്ട ജന്മങ്ങളായ ചെറുമരെ അടിച്ചമർത്തി നിന്ദാപൂർവ്വമാണ് പ്രബലസമുദായങ്ങൾ അവരോട് പെരുമാറി വരുന്നത്. ചെറുമന്റെ കൈയ്യിൽ പുസ്തകം കണ്ടാൽ ഏതൊരു വഴിപോക്കനും അത് പിടിച്ചുവാങ്ങി കീറി ദൂരെ എറിഞ്ഞുകളയും. കോഴിക്കോട് ഒരു ചെറുമ സ്‌കൂൾ തുറന്നപ്പോൾ നായന്മാരും തീയന്മാരും അവിടെ പഠിക്കാനെത്തിയ ചെറുമ കുട്ടികളെ വഴിയിൽ തടഞ്ഞുനിർത്തി അവരുടെ പുസ്തകം പിടിച്ചു മേടിച്ച സംഭവം ഉണ്ടായിട്ടുണ്ട്.'

മലബാറിലെ സ്‌കൂളുകളുടെ സ്ഥിതിവിവര കണക്കുകൾ മേല്പറഞ്ഞതിനെ സാധൂകരിക്കുന്നതാണ്. 1875 - 76 ൽ മലബാർ ജില്ലയിൽ കേവലം 40 മുൻ അടിമ ജാതി വിദ്യാർഥികളാണുണ്ടായിരുന്നത്. അവരിൽ 18 ആൺകുട്ടികളും 7 പെൺകുട്ടികളും ഉൾപ്പെടെ 25 വിദ്യാർഥികൾ കണ്ണൂരിലെ ഒരു സ്വകാര്യ വിദ്യാലയത്തിലും 15 വിദ്യാർഥികൾ (ആൺകുട്ടികൾ) പാലക്കാട്ടെ റോമൻ കാതോലിക്ക പ്രാഥമിക വിദ്യാലയത്തിലുമായിരുന്നു പഠിച്ചിരുന്നത്. മലബാറിലെ മറ്റേതെങ്കിലും വിദ്യാലയത്തിൽ 1875 - 76 ൽ ഏതെങ്കിലും മുൻ അടിമ ജാതി വിദ്യാർത്ഥി പഠിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ 40 വിദ്യാർത്ഥികളും പഠിച്ചിരുന്നത് 4 ലോവർ പ്രൈമറി വിദ്യാലയങ്ങളിലായിരുന്നു. മലബാറിൽ ഒട്ടാകെ അന്ന് 378 ലോവർ പ്രൈമറി വിദ്യാലയങ്ങളിലായി ഏകദേശം 16,000 വിദ്യാർഥികൾ പഠിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് 400 വിദ്യാർത്ഥികൾക്ക് ഒരു ചെറുമ വിദ്യാർത്ഥിയും 95 വിദ്യാലയങ്ങൾക്ക് ഒരു വിദ്യാലയവും എന്ന അനുപാതത്തിലായിരുന്നു അവരുടെ വിദ്യാലയ പ്രവേശനം. 1865 ലെ ഗ്രാൻറ്​ ഇൻ എയ്ഡ് നടപ്പിലാക്കിയതിനുശേഷമുള്ള സ്ഥിതിവിശേഷമായിരുന്നു ഇത്. 1880 കളുടെ ആദ്യ വർഷങ്ങളിൽ വരെ ഈ സ്ഥിതി മാറ്റമില്ലാതെ തുടർന്നു.

പ്രത്യേക നടപടിയെടുത്തിട്ടും മുൻ അടിമ ജാതികളുടെ വിദ്യാലയ പ്രവേശന നിരക്ക് വളരെ കുറവായിരുന്നെന്ന്​ അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ 1884 ൽ തന്നെ നിരീക്ഷിച്ചിരുന്നു. പറയരിലും സമാന ജാതികളിലും പെടുന്നവർക്ക്​ പ്രത്യേക ക്ലാസ്​ആരംഭിക്കുക വഴി സ്ഥിതി സാവകാശം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ എഡ്യൂക്കേഷൻ (ഹണ്ടർ ) കമീഷനും അതിനുശേഷവും

മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസ വിഷയത്തിൽ ഹണ്ടർ കമീഷൻ ചില സമൂർത്ത നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു.

സ്‌പെഷ്യൽ സ്‌കൂളുകൾ (പിന്നാക്ക സമുദായക്കാർക്കും മുസ്​ലിംകൾക്കും വേണ്ടിയുള്ള പ്രത്യേക സ്‌കൂളുകൾ) അല്ലാത്ത, പൂർണമായും സ്‌കൂൾ ബോർഡിന്റെ ധനസഹായത്താൽ നടത്തപ്പെടുന്ന മുഴുവൻ സർക്കാർ പ്രാഥമിക വിദ്യാലയങ്ങളിലും സ്‌കൂൾ ബോർഡിന്റെ ഗ്രാൻറ്​ ലഭിക്കുന്ന മുഴുവൻ എയ്ഡഡ് പ്രാഥമിക വിദ്യാലയങ്ങളിലും എല്ലാ ജാതി, വർഗ വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികളെ പ്രവേശിപ്പിക്കണമെന്ന്​ ഹണ്ടർ കമീഷൻ ശുപാർശ ചെയ്തു. എല്ലാ ജാതി വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതിക അവസരം ഉറപ്പാക്കുവാൻ എല്ലാ സ്‌കൂൾ ജില്ലകളിലും ആവശ്യമെങ്കിൽ താഴ്ന്ന ജാതിക്കാർക്ക് പ്രത്യേക ധനസഹായം നൽകുവാൻ ശ്രമിക്കേണ്ടതാണ് എന്നും ഹണ്ടർ കമീഷൻ അഭിപ്രായപ്പെട്ടു. മുൻഖണ്ഡികയിൽ ചർച്ച ചെയ്യപ്പെട്ട കർണാടകയിലെ ധാർവാഡിലെ സംഭവം പരാമർശിച്ച്​ ഈ വിഷയം കമീഷൻ വിശദമായി ചർച്ച ചെയ്തു: ‘അതുകൊണ്ട് ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ ഈ വിഭാഗത്തിൽ പെടുന്നവർക്ക്​ പ്രത്യേക സഹായം ആവശ്യമാണെന്നുവരുന്നു. ഇതര സാമൂഹ്യ വിഭാഗങ്ങൾക്ക് രസക്കേടുണ്ടാക്കാതെ അത്തരം സഹായങ്ങൾ ഇവർക്ക് നൽകുവാൻ പ്രത്യേക സ്‌കൂളുകൾ സ്ഥാപിക്കേണ്ടതാണ്' എന്നായിരുന്നു കമീഷൻ നിലപാട്. പ്രത്യേകം സ്‌കൂളോ ക്ലാസോ തുടങ്ങുവാൻ മതിയായ കുട്ടികളുള്ളയിടങ്ങളിലും അപ്പോൾ സർക്കാർ ധനസഹായത്താൽ പ്രവർത്തിച്ചിരുന്ന സ്‌കൂളുകളിൽ താഴ്ന്ന ജാതി കുട്ടികൾക്ക്​ വിദ്യാഭ്യാസ അവസരങ്ങളില്ലാത്തയിടങ്ങളിലും അവർക്കായി പ്രത്യേകം സ്‌കൂളുകൾ (സ്‌പെഷ്യൽ സ്‌കൂളുകൾ) സ്ഥാപിക്കണമെന്ന്​ കമീഷൻ അഭിപ്രായപ്പെട്ടു.

1884 - 85- നു ശേഷം മാത്രമായിരുന്നു ഹണ്ടർ കമീഷന്റെ ഈ ശുപാർശകളിൽ നടപടി ആരംഭിച്ചത്. ചെറുമർ ഉൾപ്പെടെയുള്ള മുൻ അടിമജാതികളുടെ സ്‌കൂൾ പ്രവേശനത്തിന്റെ ജാതി തിരിച്ച സ്ഥിതിവിവരക്കണക്ക്​ അപ്പോൾ ലഭ്യമായിരുന്നില്ല. എല്ലാ പിന്നാക്ക ജാതിക്കാരായ ഹിന്ദുക്കളുടെയും കണക്കുകൾ ഒന്നായിട്ടായിരുന്നു അപ്പോൾ ശേഖരിച്ചിരുന്നത്. പ്രത്യേക നടപടിയെടുത്തിട്ടും മുൻ അടിമ ജാതികളുടെ വിദ്യാലയ പ്രവേശന നിരക്ക് വളരെ കുറവായിരുന്നെന്ന്​ അന്നത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ 1884 ൽ തന്നെ നിരീക്ഷിച്ചിരുന്നു. ഈ സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താമെന്ന്​ വിചിന്തനം നടത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 1884 - 1885 ലെ പൊതുവിദ്യാഭ്യാസ റിപ്പോർട്ടിൽ ഈ സ്ഥിതി തുടരുന്നതായി ചൂണ്ടിക്കാട്ടിയ പൊതു വിദ്യഭ്യാസ ഡയറക്ടർ, പറയരിലും സമാന ജാതികളിലും പെടുന്ന വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക ക്ലാസ്​ ആരംഭിക്കുക വഴി മേൽപ്പറഞ്ഞ സ്ഥിതി സാവകാശം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 1885 - 86 ലെ റിപ്പോർട്ടിൽ പറയരെയും സമാന ജാതിക്കാരെയും പ്രത്യേക വിഭാഗമായി പരിഗണിച്ച ഉത്തരവിന്റെ വിശദാംശങ്ങൾ നൽകിയിരുന്നു. ആ ഉത്തരവുപ്രകാരം, ഈ വിഭാഗം വിദ്യാർത്ഥികൾക്ക് 50 ശതമാനം അധിക നിരക്കിൽ ഗ്രാൻറ്​ നൽകുവാൻ തീരുമാനമായി. ചെറുമർ, ഈഴവർ, ഇരുളർ, കുറുമാർ, കൊറവർ, നായാടികൾ, പൊലയർ, പറയർ എന്നിവരായിരുന്നു ഈ സഹായത്തിനർഹരായ സമുദായങ്ങൾ.

1885 - 86 ലും മുൻ അടിമ ജാതി വിദ്യാർത്ഥികളുടെ കണക്ക്​ പ്രത്യേകമായി ശേഖരിച്ചിരുന്നില്ല. ഇവരുടെയും ഈഴവരും തീയരും ഉൾപ്പെടെയുള്ള ഹിന്ദു വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള കണക്കാണ് അന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു പോന്നിരുന്നത്. 1885 - 86 ൽ മുൻ അടിമജാതികൾ ഉൾപ്പെടെയുള്ള ഈ പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന 3928 വിദ്യാർഥികൾ മാത്രമായിരുന്നു മലബാറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് അന്ന് മലബാറിൽ ആകെയുണ്ടായിരുന്ന വിദ്യാർത്ഥികളുടെ 9.67 ശതമാനം മാത്രമായിരുന്നു. ഇവരുടെ ഇടയിൽ നിന്ന് വളരെ കുറച്ചു വിദ്യാർഥികൾ മാത്രമേ സെക്കന്ററി വിദ്യാലയങ്ങളിൽ പഠിച്ചിരുന്നുള്ളൂ. ഈ വിഭാഗത്തിൽ നിന്നുള്ള ആകെ 253 വിദ്യാർഥികൾ മാത്രം, അതായതു 6.44 ശതമാനം, സർക്കാർ വിദ്യാലയങ്ങളിലും ബാക്കിയുള്ളവർ (93 ശതമാനത്തോളം) സ്വകാര്യ, സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലും പഠിച്ചിരുന്നു.

ഈ വിഷയത്തിൽ വീണ്ടും പുരോഗതി ഉണ്ടാകുന്നത്​ 1890 കളിൽ മാത്രമായിരുന്നു. 1890 ദശകത്തിന്റെ തുടക്കത്തിൽ സ്ഥിതി കാര്യമായി മെച്ചപ്പെട്ടില്ല. മുൻ അടിമ ജാതികളുടെ 1891- 92 ലെ സ്ഥിതി പട്ടിക ഒന്നിൽ കാണാം.

പട്ടിക: 1. മലബാറിലെയും മദ്രാസ് പ്രവിശ്യയിലെയും പറയരുടെയും സമാന ജാതിക്കാരുടെയും വിദ്യാഭ്യാസം

(​അവലംബം: 1892 ലെ ഡി.പി.ഐറിപ്പോർട്ട്, പുറം 96)

വിദ്യാഭ്യാസ പുരോഗതിയിലെ താഴ്ന്ന നിരക്ക് അവരുടെ സാക്ഷരതാ നിരക്കിലും പ്രതിഫലിച്ചു: 1891 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം 99. 86 ശതമാനം ചെറുമ പുരുഷരും 99.99 ശതമാനം ചെറുമ സ്ത്രീകളും അന്ന് നിരക്ഷരരായിരുന്നു. പറയരുടെ കാര്യത്തിൽ സമാന നിരക്കുകൾ 97.25 ശതമാനവും 99.84 ശതമാനവും ആയിരുന്നു.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തുടർന്നുള്ള വർഷങ്ങളിലെ റിപ്പോർട്ടുകളിൽ മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുത്താനുള്ള പലവിധ ശ്രമങ്ങളും നടത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാലും, കാര്യമായ പുരോഗതി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 1892 - 93 വർഷത്തിൽ മുൻ അടിമജാതി വിദ്യാർത്ഥികളുടെ കണക്ക്​ പ്രത്യേകം റിപ്പോർട്ടു ചെയ്തുതുടങ്ങി. സ്ഥിരമായ സർക്കാർ പ്രോത്സാഹനവും അനുകൂല നടപടികളും ഉണ്ടായിട്ടും മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസ കാര്യത്തിൽ വേണ്ട പുരോഗതി ഉണ്ടായില്ല. സർക്കാർ നിരന്തരം നിർദ്ദേശിച്ചിട്ടും ആവശ്യപ്പെട്ടിട്ടും തദ്ദേശ ഭരണകൂടങ്ങൾ മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിൽ കാര്യമായ താല്പര്യം കാണിച്ചില്ല. 1893 ൽ സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. അതിനുശേഷം സ്ഥിതി ഗതിയിൽ അല്പം പുരോഗതി കാണായി. (പട്ടിക രണ്ട്​).

പട്ടിക 2: മലബാറിലെ മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസം:1892 - 93 ൽ

(അവലംബം: ആർ.പി.ഐ, 1892 - 93, പുറം 88; ആർ പി ഐ 1893 - 1894, പുറം 70)

മദ്രാസ് സർക്കാർ 1893 ൽ ഇവരുടെ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്​ കൂടുതൽ നടപടി സ്വീകരിച്ചു. അവയുടെ വിശദാംശങ്ങൾ:

1. മുൻ അടിമജാതികളിൽ അദ്ധ്യാപകരെ കണ്ടെത്താനുള്ള പ്രത്യേക വ്യവസ്ഥകൾ

മദ്രാസ് വിദ്യാഭ്യാസ ചട്ടങ്ങൾ സെക്ഷൻ 6 , വകുപ്പ് 23 (2) (a) പ്രകാരം യൂറോപ്യൻ, യുറേഷ്യൻ, മുഹമ്മദൻ ജനവിഭാഗങ്ങൾക്ക് അനുവദിച്ച 2 രൂപ അധിക സ്‌റ്റൈപൻഡ് സർക്കാർ അദ്ധ്യാപക പരിശീലനത്തിന് പ്രവേശനം നേടുന്ന, ക്രിസ്ത്യാനികളോ അല്ലാത്തവരോ ആയ, മുൻ അടിമ ജാതി വിദ്യാർത്ഥികൾക്കും നല്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു. അതുപോലെ, ഗ്രാൻറ്​ ഇൻ എയ്ഡ് കോഡിലെ അദ്ധ്യായം 6 ൽ നിർദ്ദേശിക്കുന്ന, യൂറോപ്യൻ വിഭാഗക്കാർക്ക് അനുവദിച്ച വർദ്ധിപ്പിച്ച സ്‌കോളർഷിപ് ഗ്രാൻറ്​ തുക സ്വകാര്യ അദ്ധ്യാപക പരിശീലന സ്ഥാപനങ്ങളിൽ പഠിക്കുന്ന മുൻ അടിമ ജാതി വിദ്യാർത്ഥികൾക്ക് നൽകാനും ശുപാർശ ചെയ്തു. ഈ ശുപാർശകൾ ബോർഡ് ഓഫ് റവന്യു 1893 ഫെബ്രുവരി ഒന്നിന്​ 68-ാം നമ്പറായി ഇറക്കിയ ഉത്തരവിൽ ഉൾപ്പെടുത്തിയിരുന്നു. 1893 മാർച്ച്​ ഒന്നിന്​ സർക്കാർ ആ ഉത്തരവ് അംഗീകരിച്ചു.

2. മുൻ അടിമ ജാതികൾക്കായി പ്രത്യേക വിദ്യാലയങ്ങൾ

മിഷണറിമാരുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും അടിമ ജാതികളുടെ ഇടയിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുവാനും അത്തരം പ്രവർത്തനങ്ങൾ നടക്കാത്ത പറയ ആവാസ കേന്ദ്രങ്ങളിൽ അവർക്കായി സർക്കാർ നേരിട്ട് പ്രത്യേക വിദ്യാലയങ്ങൾ തുറക്കുവാനും നിർദ്ദേശിക്കപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ അത്തരം വിദ്യാലയങ്ങൾ സ്ഥപിക്കണമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രതീക്ഷിച്ചു. ഈ നിർദ്ദേശവും സർക്കാർ അംഗീകരിച്ചു.

Photo: Pinterest

3. വിദ്യാലയങ്ങൾക്കുള്ള സ്ഥലം

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേക വിദ്യാലയം പണിയുവാനുള്ള അപേക്ഷ ലഭിക്കുമ്പോൾ ജില്ലാ റവന്യു അധികാരികൾ സർക്കാർ തരിശുഭൂമിയോ പുറമ്പോക്കു ഭൂമിയോ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ കൂടിയാലോചനകളിലൂടെയോ ഭൂമി ഏറ്റെടുക്കൽ നിയമത്തിനുകീഴിലോ 40 ചതുരശ്ര വാര സ്ഥലം അനുദിക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ 1893 ൽ നിർദ്ദേശിച്ചിരുന്നു. സ്ഥലത്തിന്റെ വിലയും കെട്ടിട നിർമാണ ചെലവും തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഹിക്കണമെന്നും കെട്ടിടങ്ങളുടെ സംരക്ഷണ ചെലവ് പ്രവിശ്യാ കെട്ടിട ഗ്രാന്റിൽ നിന്ന്​ കണ്ടെത്തണമെന്നും അദ്ദേഹം ശുപാർശ ചെയ്തു. ഈ നിർദ്ദേശങ്ങളും സർക്കാർ അംഗീകരിച്ചു. പുറമ്പോക്കുഭൂമി പതിച്ചു നല്കാൻ നിലവിലുള്ള ചട്ട പ്രകാരം മിഷണറി സംഘങ്ങളുടെ സമാനമായ ആവശ്യങ്ങളും പരിഗണിക്കാവുന്നതാണെന്നും സർക്കാർ അറിയിച്ചു.

4. ശമ്പള ധനസഹായ തുക വർദ്ധിപ്പിക്കാനുള്ള വ്യവസ്ഥകൾ

ഇതിനായി പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച അപേക്ഷയിന്മേൽ മുൻ അടിമ ജാതി വിദ്യാർത്ഥികളുടെ റിസൾട്ട് ഗ്രാൻറ്​ ഏറ്റവും കൂടിയ നിരക്കിൽ വർദ്ധിപ്പിക്കുവാൻ മദ്രാസ് സർക്കാർ തീരുമാനിച്ചു.

5. നിശാ വിദ്യാലയങ്ങൾ

മുൻ അടിമ ജാതികളുടേയും പണിയെടുക്കുന്ന മറ്റു വിഭാഗങ്ങളുടെയും വിദ്യാഭ്യാസത്തിന്​ ഏറെ അനുയോജ്യമെന്ന് കരുതുന്ന നിശാ വിദ്യാലയ സമ്പ്രദായം പ്രത്യേകമായി ആരംഭിക്കണമെന്നും അവയെ പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു.

6. റിസൾട്ട് ഗ്രാൻറ്​ വർദ്ധിപ്പിക്കാനുള്ള വ്യവസ്ഥകൾ

സാധാരണ നിരക്കിന്റെ 50 ശതമാനം കൂടുതൽ ധനസഹായം റിസൾട്ട് സ്‌കൂളുകളിലെ പഞ്ചമ വിദ്യാർത്ഥികൾക്ക് കൊടുക്കുവാൻ തീരുമാനിച്ചു.

7. കെട്ടിട നിർമാണ ധനസഹായം മടക്കിവാങ്ങുന്നില്ല

അനുവദിക്കപ്പെട്ട വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നിടത്തോളം കാലം, അവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ നിർമാണത്തിന് നൽകിയ ധനസഹായതുക ആറു വർഷത്തേക്ക് മടക്കി അടയ്ക്കേണ്ടതില്ലെന്ന്​ സർക്കാർ അറിയിച്ചു.

8. ഫീസിളവും മറ്റു സഹായങ്ങളും

മുൻ അടിമജാതി വിദ്യാർത്ഥികൾക്ക് 50 ശതമാനം ഫീസിളവ് അനുവദിക്കുകയും പുസ്തകവും സ്ലേറ്റും മറ്റുപകരണങ്ങളും വിതരണം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു.

ഈ നടപടികൾ ഫലമുണ്ടാക്കി തുടങ്ങി. മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ ഇൻസ്പെക്റ്റിങ് ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങൾ വൻ നേട്ടം കൈവരിച്ചെന്ന്​ പടിഞ്ഞാറൻ മേഖലാ സ്‌കൂൾ ഇൻസ്പെക്ടർ റിപ്പോർട്ട് ചെയ്തു.

മുൻ അടിമ ജാതികളുടെ വിദ്യാലയ പ്രവേശനത്തിന്റെ 1894 ലെ സ്ഥിതി അദ്ദേഹം വ്യക്തമാക്കി (പട്ടിക മൂന്ന്​).

പട്ടിക: 3 - മലബാറിലെ പഞ്ചമ വിദ്യാർഥികൾ - 1894

(അവലംബം: 1894 ലെ ആർ.പി.ഐ)

എന്നാൽ ഈ സ്ഥിതി സ്ഥിരമായി തുടർന്നില്ല. സ്‌കൂളുകളുടെ എണ്ണം 1895 ൽ മൂന്നും വിദ്യാർത്ഥികളുടെ എണ്ണം 96- ഉം ആയി കുറഞ്ഞു. (പട്ടിക നാല്​).

പട്ടിക: 4 - മലബാറിലെ പഞ്ചമ വിദ്യാർഥികൾ - 1892 to 1899

(അവലംബം: അതാതു വർഷങ്ങളിലെ ആർ.പി.ഐ)

ഉത്തരാഖ്യാനം

20-ാം നൂറ്റാണ്ടിലാണ് ഈ സ്ഥിതിയ്ക്ക് കാര്യമായ മാറ്റമുണ്ടാകുന്നത്. കേരളത്തിന്റെ ഇതര ഭാഗങ്ങളിലും (തിരുവിതാംകൂറിലും കൊച്ചിയിലും) ഇതേ സ്ഥിതി തുടർന്നിരുന്നു. മലബാറിൽ അടിമകളുടെ വിദ്യാഭ്യാസ പ്രോത്സാഹന സംരംഭം ആരംഭിച്ചത് 1834 ൽ അടിമത്തം നിലനിൽക്കുമ്പാൾ തന്നെയായിരുന്നു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ കാലയളവിൽ അത്തരം ശ്രമങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. മലബാറിലെ അടിമ ജാതി വിദ്യാഭ്യാസത്തിന്റെ അടിമത്ത നിരോധനാനന്തര ശ്രമങ്ങൾക്ക് 1843 ലെ അടിമ വിമോചന വിളംബരം കരുത്തേകി. അതിൽനിന്ന് നേടിയ ഊർജ്ജത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കനോലി അദ്ദേഹത്തിന്റെ അടിമ ജാതികളുടെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികൾ നടപ്പിലാക്കുവാൻ അത്യധികം ആവേശത്താൽ ഇറങ്ങിത്തിരിച്ചത്.

മൺറോ / Photo: Wikipedia

മലബാറിലെന്നവണ്ണം കേരളത്തിലാകമാനം വിദ്യാഭ്യാസരംഗത്ത്​, വിശിഷ്യാ മുൻ അടിമ ജാതി വിദ്യാഭാസ രംഗത്ത്​ പ്രധാന സംഭവങ്ങളുടെ അനുക്രമം ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്തു വിവരിച്ചതുപോലെ തന്നെയായിരുന്നു. ആ പൊതു സംഭവശ്രണിയ്ക്കുള്ളിൽ നിന്നുകൊണ്ട് പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായ ചില്ലറ മാറ്റങ്ങളോടുകൂടിയ നടപടികളാണ് കേരളത്തിൽ ഈ വിഷയത്തിൽ നടന്നിരുന്നത്. 1813 ലെ ചാർട്ടർ നിയമത്തിന്റെ ചുവടുപിടിച്ച്​ തിരുവിതാംകൂർ ദിവാനായിരുന്ന മൺറോയുടെ പ്രേരണയാൽ തിരുവിതാംകൂർ ഭരണാധികാരി പുറപ്പെടുവിച്ച 1817 ലെ രാജകീയ നീട്ട്​ ഒരു ഉദാഹരണം. തിരുവിതാംകൂറിൽ മൺറോയുടെ പല നടപടികളും മലബാറിൽ കനോലി സ്വീകരിച്ച നടപടികൾ എന്നവണ്ണം കാലത്തിന്​ ഏറെ മുൻപേ സഞ്ചരിച്ചവയായിരുന്നു. കേരളത്തിലെ എല്ലായിടത്തെയും അടിമ ജാതികൾ വിദ്യാഭ്യാസം ചെയ്യാൻ പാകമായതിനുമുന്നേയായിരുന്നു ഇവരുടെ പല നടപടികളും എന്നു ചുരുക്കം. അവരുടെ ജീവിത വീക്ഷണത്തിൽ നിലയുറപ്പിച്ച്​അവർ ബ്രിട്ടനിൽ കെട്ടിപ്പടുത്തുകൊണ്ടിരുന്ന പുത്തൻ സാമൂഹ്യ ക്രമം ഇന്ത്യയിൽ അവർ നട്ടുപിടിപ്പിക്കുവാൻ ശ്രമിച്ചു എന്നാണ് ഇപ്പറഞ്ഞതിന്റെ സാരാംശം.

അടിമ ജാതികളുടെ വിദ്യാഭാസ അവസരങ്ങളുടെ വിതരണ (supply ) സംവിധാനം 1838 (അടിമത്ത കാലം) മുതൽ മലബാറിൽ നിലവിലുണ്ടായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ അതിന്​ വളരെ ശേഷം 1865 ലെ ഗ്രാൻറ്​ ഇൻ എയ്ഡ് സമ്പ്രദായത്തോടെയായിരുന്നു വിതരണ സംവിധാനം ശക്തമായത്. എന്നാലും, രണ്ടിടത്തും 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽ പോലും അടിമ ജാതികളുടെ വിദ്യാലയ പ്രവേശനം ഗണ്യമായ വർദ്ധിച്ചു കണ്ടില്ല.
(പട്ടിക അഞ്ച്​).

പട്ടിക: 5 . അടിമ ജാതി വിദ്യാർഥികൾ 1890 കളിൽ

(അവലംബം: അതാത് വർഷങ്ങളിലെ ആർ.പി.ഐ യും (മലബാറിന്) തിരുവിതാംകൂർ രാജ്യഭരണ റിപ്പോർട്ടുകളും)

മേൽ കൊടുത്ത പട്ടികയിൽ തിരുവിതാംകൂറിലെ സ്ഥിതി മെച്ചമാണെന്നു തോന്നാമെങ്കിലും യഥാർത്ഥത്തിൽ മലബാറും തിരുവിതാംകൂറും തമ്മിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറിൽ അന്ന് മുഴുവൻ അടിമ ജാതി വിദ്യാർത്ഥികളും നാട്ടുഭാഷാ ലോവർ പ്രൈമറി സ്‌കൂളുകളിൽ പഠിച്ചിരുന്നപ്പോൾ മലബാറിൽ അത് 91 ശതമാനമായിരുന്നു; ബാക്കിയുള്ള 9 ശതമാനം വിദ്യാർഥികൾ ഹൈസ്‌കൂളിലോ ഇംഗ്ലീഷ് സ്‌കൂളിലോ ആയിരുന്നു പഠിച്ചിരുന്നത്. അതുപോലെ, മലബാറിലെ 86 ശതമാനം പഞ്ചമ വിദ്യാർത്ഥികളും സർക്കാർ വിദ്യാലയങ്ങളിലായിരുന്നെങ്കിൽ തിരുവിതാംകൂറിൽ 2 . 5 ശതമാനം വിദ്യാർഥികൾ മാത്രമായിരുന്നു സർക്കാർ വിദ്യാലയങ്ങളിലുണ്ടായിരുന്നത്.

Photo: Pinterest

ഈ കാലയളവിൽ നടന്ന അടിമ ജാതികളുടെ ചില വിദ്യാലയ പ്രവേശനങ്ങളാകട്ടെ ലോവർ പ്രൈമറി തലത്തിൽ മാത്രമായിരുന്നു. മിഷണറി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പൊതു പ്രമാണത്തിന്​ അപവാദമല്ല. 20-ാം നൂറ്റാണ്ടിന്റെ ആദ്യ രണ്ടു ദശകങ്ങളിലാണ് ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായത്. ഇതിനു കാരണം മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യം (demand) അവർക്കും പൊതു സമൂഹത്തിനും ബോധ്യമായത് അപ്പോൾ മാത്രമായിരുന്നു എന്നതാണ്. ഇവരുടെ വിദ്യാഭ്യാസ പ്രവേശനത്തോടുള്ള സമീപനത്തിലുണ്ടായ മാറ്റം പ്രത്യേകം പഠിക്കേണ്ടതാണ്. രണ്ടു പ്രധാന സാമൂഹ്യ ഘടകങ്ങൾ ഈ ഡിമാന്റിനെ സ്വാധീനിച്ചിരുന്നു.

ഒന്നാമത്തേത്, വിമോചിപ്പിക്കപ്പെട്ട അടിമകളുടെ ഇടയിൽ ആത്മാഭിമാനത്തിന്റെ അടിസ്ഥാനത്തിൽ വളർന്നുവന്ന, അവർ സ്വയം വളർത്തിയെടുത്ത, അവകാശ ബോധമായിരുന്നു. സ്വതന്ത്ര വ്യക്തിയെന്ന സ്വത്വത്തിന്​ നിരക്കുന്ന പൊതു പെരുമാറ്റങ്ങൾ ചിട്ടപ്പെട്ടുവരാനുണ്ടായ കാലതാമസമാണ്​ കനോലിയുടെയും മൺറോയുടെയും ആദ്യകാല അടിമ ജാതി വിദ്യാഭ്യാസ പ്രോത്സാഹന ശ്രമങ്ങളോട് അടിമ ജാതികൾ പ്രകടിപ്പിച്ചിരുന്ന താല്പര്യക്കുറവിനു കാരണം. മുകളിൽ ചൂണ്ടിക്കാണിച്ചതുപോലെ, കാലത്തിനു മുൻപേ സഞ്ചരിച്ച നടപടികൾ.

അടിമ ജാതികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഔദ്യോഗിക കത്തിടപാടുകളിലും റിപ്പോർട്ടുകളിലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാർഷിക റിപ്പോർട്ടുകളിലും പലപ്പോഴും പ്രതിപാദിക്കപ്പെട്ട ഒന്നായിരുന്നു അടിമ ജാതികളുടെ പൊതു പെരുമാറ്റ നവീകരണം എന്ന വിഷയം.

അടിമ ജാതികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യം പൊതുസമൂഹം തിരിച്ചറിഞ്ഞതാണ് രണ്ടാമത്തെ ഘടകം. 1830 കളിൽ തുടങ്ങിയ അടിമ ജാതികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു നടത്തപ്പെട്ട ഔദ്യോഗിക കത്തിടപാടുകളിലും ഹണ്ടർ കമീഷൻ വരെയുള്ള റിപ്പോർട്ടുകളിലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വാർഷിക റിപ്പോർട്ടുകളിലും പലപ്പോഴും പ്രതിപാദിക്കപ്പെട്ട ഒന്നായിരുന്നു അടിമ ജാതികളുടെ പൊതു പെരുമാറ്റ (morals) നവീകരണം എന്ന വിഷയം. കനോലി, സ്‌ട്രെയ്‌ഞ്ച്​ എന്നിവരുടെ പദ്ധതികളിലും ഹണ്ടർ കമീഷൻ ശുപാർശകളും അടങ്ങിയിരുന്നു. ഒരു പൊതു ഇനമായിരുന്നു ഇവരുടെ കാർഷികേതര മേഖലകളിലെ തൊഴിൽ നൈപുണ്യ വർദ്ധനവ്. അതുവഴി ഗുണമേന്മയുള്ള അധ്വാനശക്തിയെ സൃഷ്ടിക്കേണ്ട ആവശ്യമാണ് അവർ ചൂണ്ടിക്കാട്ടിയത്. ക്ലെമൻറ്സ​ൺ അഞ്ചരക്കണ്ടിയിലെ ബ്രൗണിന്റെ അടിമകളെ ഉദാഹരിച്ചതും അതാണ് സൂചിപ്പിച്ചത്​. ഈ യാഥാർഥ്യം തിരിച്ചറിയാൻ പൊതുസമൂഹം സമയമെടുത്തു. അതുവരെ പൊതുസമൂഹം മുൻ അടിമ ജാതികളുടെ വിദ്യാഭ്യാസത്തെ എതിർത്തിരുന്നു.

തിരുവിതാംകൂറിൽ അടിമ ജാതികളുടെ ക്രിസ്തുമത പ്രവേശനവും അതിനോട് ചേർന്ന് നടത്തപ്പെട്ട ബോധന ശ്രമങ്ങളും അടിമ ജാതികളുടെ അധ്വാനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിച്ചതായി തുടക്കത്തിൽ അടിമ ജാതികളുടെ ക്രിസ്തു മത പ്രവേശനത്തെയും വിദ്യാഭ്യാസത്തെയും എതിർത്തിരുന്ന ഭൂവുടമകൾ തന്നെ പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂറിൽ 1865 നുശേഷം വളർന്നുവന്ന ചെറുകിട സ്വതന്ത്ര കർഷക വിഭാഗത്തിന് അധ്വാനശക്തിയുടെ ഗുണമേന്മ (quality) സർവതാൽ പ്രധാനമായിരുന്നു. സംഗതിവശാൽ അവരിൽ ബഹുഭൂരിപക്ഷം വന്നിരുന്ന സുറിയാനി ക്രിസ്ത്യാനികൾ വിമോചിപ്പിക്കപ്പെട്ട അടിമകളുടെ ക്രിസ്തുമത പ്രവേശനത്തെ സർവ്വാത്മനാ പ്രോത്സാഹിപ്പിച്ചു. ഒപ്പം, അവർക്ക്​ ലോവർ പ്രൈമറി വിദ്യാഭ്യാസവും നൽകി. ഇതോടെ അടിമ ജാതി വിദ്യാഭ്യാസം പുരോഗമിച്ചു വന്നു. ▮


ഷാജു വി. ജോസഫ്​

ദലിത്​ സാമൂഹിക- രാഷ്​ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്നു. അംബേദ്‌കർ പ്രോഗ്രസീവ്​ ഡെമോക്രാറ്റിക്‌ ഫോറം ജനറൽ സെക്രട്ടറി. കേരളത്തിലെ ദലിത് ക്രൈസ്തവർ: ചരിത്രം, സ്വതം, പ്രത്യക്ഷ രക്ഷാദൈവസഭ- സാമൂഹിക ചരിത്രപ്രസക്തി എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments