കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​: ക്രിമിനൽ കുറ്റത്തിന്​ സർക്കാർ നടപടിയാണ്​ ഇനി വേണ്ടത്​

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ ജാതീയത നിലനിന്നിരുന്നു എന്ന സാധൂകരണത്തിന്റെ വെളിച്ചത്തിൽ, പട്ടികജാതി- പട്ടിക വർഗ അതിക്രമ നിരോധന നിയമത്തിന്റെ പേരിൽ പ്രോസിക്യൂഷൻ നടപടി എടുക്കാൻ സർക്കാർ മുൻകൈ എടുക്കണം. ഡയറക്ടറും ചെയർമാനും രാജിവച്ചതുകൊണ്ട് അവർ ചെയ്ത ക്രിമിനൽ കുറ്റം ഇല്ലാതാകുന്നില്ല.

കെ. ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളും ജീവനക്കാരും നടത്തിയ സമരത്തിന്​ ആധാരമായി ഉന്നയിക്കപ്പെട്ട പരാതികളിൽ വസ്​തുതയുണ്ടെന്ന്​ സർക്കാർ നിയോഗിച്ച കമീഷൻ കണ്ടെത്തിയിരിക്കുന്നു. ഇതുസംബന്ധിച്ച കമീഷൻ റിപ്പോർട്ട്​ ട്രൂ കോപ്പി തിങ്ക്​ പ്രസിദ്ധീകരിക്കുകയും ​ചെയ്​തു. വിഷയത്തിൽ തുടക്കം മുതൽ ഇടപെട്ടിരുന്ന ഒരു സംഘടന എന്ന അംബേദ്കർ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്) ഉന്നയിച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതെല്ലാം അഭിസംബോധന ചെയ്യപ്പെട്ടെന്നും അവയിൽ ചിലത്​ പരിഹരിക്കപ്പെട്ടെന്നുമാണ്​ ട്രൂപ് കോപ്പി തിങ്ക് പുറത്തുവിട്ട ഉന്നതതല അന്വേഷണ കമീഷന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഇൻസ്​റ്റിറ്റ്യൂട്ടിൽ ജാതീയത നിലനിന്നിരുന്നതായി കമ്മീഷൻ കണ്ടെത്തി. സംവരണം അട്ടിമറിക്കപ്പെട്ടെന്നും വനിതാ ജീവനക്കാരെ ഡയറക്ടറുടെ വീട്ടു ജോലിക്കു നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും കമീഷൻ അഭിപ്രായപ്പെടുന്നു. ഇതോടൊപ്പം, സ്ഥാപനത്തിലെ അക്കാദമിക് അന്തരീക്ഷത്തെ പറ്റിയും അധ്യാപക നിയമനത്തെ പറ്റിയും ഭരണവീഴ്ചയെ പറ്റിയും കമീഷൻ നടത്തിയ നിരീക്ഷണങ്ങൾ, അംബേദ്കർ പ്രോഗ്രസ്സീവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്) അടക്കമുള്ള സംഘടനകളും ട്രൂ കോപ്പി അടക്കമുള്ള മാധ്യമങ്ങളും ഇക്കാര്യത്തിൽ എടുത്ത നിലപാട് സാധൂകരിക്കുന്നുണ്ട്. വിദ്യാർഥി പ്രതിനിധ്യത്തെ പറ്റി എ.പി.ഡി.എഫ് നടത്തിയ നിരീക്ഷണവും ശരിയായിരുന്നെന്ന്​ കമീഷൻ റിപ്പോർട്ട് അടിവരയിടുന്നു.

വിദ്യാർഥികൾ ഒറ്റക്കെട്ടായി നടത്തിയ ത്യാഗപൂർണമായ സമരത്തെ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. ഈ റിപ്പോർട്ട് നിങ്ങളുടെ വിജയത്തിന്റെ തെളിവാണ്. എന്നാൽ ഇനിയും ഈ വിഷയം പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

ജാതീയത നിലനിന്നിരുന്നു എന്ന സാധൂകരണത്തിന്റെ വെളിച്ചത്തിൽ, പട്ടികജാതി- പട്ടിക വർഗ അതിക്രമ നിരോധന നിയമത്തിന്റെ പേരിൽ പ്രോസിക്യൂഷൻ നടപടി എടുക്കാൻ സർക്കാർ മുൻകൈ എടുക്കണം. ഡയറക്ടറും ചെയർമാനും രാജിവച്ചതുകൊണ്ട് അവർ ചെയ്ത ക്രിമിനൽ കുറ്റം ഇല്ലാതാകുന്നില്ല.

സംവരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നെന്ന്​ അർഥശങ്കയ്ക്കിടയില്ലാതെ സർക്കാർ നിയോഗിച്ച, രണ്ടു മുതിർന്ന ഉദ്യോഗസ്ഥർ അംഗങ്ങളായ, ഉന്നതതല കമീഷൻ കണ്ടെത്തിയിരിക്കുന്നു. സംവരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതിലുപരി മറ്റൊരു തെളിവ് ആവശ്യമില്ല. ചെയർമാനെയും ഡയറക്ടറേയും ഈ കുറ്റത്തിനും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളും ജീവനക്കാരും സമരത്തിനിടെ

വനിതാ ജീവനക്കാരെ കൊണ്ട് നിയമവിരുദ്ധമായി ജോലി എടുപ്പിച്ചതിനും പ്രോസിക്യൂഷൻ നടപടി വേണം.

ഈ മൂന്നു വിഷയങ്ങൾ ഉയർത്തി പൊതുസമൂഹത്തിൽ നിന്ന്​ ഉചിതമായ ഇടപെടലുണ്ടാകണം. വിദ്യാർഥികൾ അവരാൽ ചെയ്യാൻ കഴിയുന്നത് ഭംഗിയായി ചെയ്തുകഴിഞ്ഞു. ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ഒരു അന്വേഷണ കമീഷനിലൂടെ അവർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനമുള്ളതാണെന്നു തെളിയിക്കാനും അവർക്കു കഴിഞ്ഞു.

ഗ്രാന്റിന്റെ പ്രശ്‌നം അല്പം കൂടി വിപുലമാണ്. ഈ അധ്യയന വർഷത്തിലെ (2022 - 20223 ) ഗ്രാൻറ്​ നാളിതുവരെ കേരളത്തിലെ ഒരു പട്ടിക വിഭാഗ വിദ്യർഥിക്കു പോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ അധ്യയന വർഷത്തെ ഗ്രാൻറ്​ പോലും കിട്ടാത്ത വിദ്യാർഥികൾ അനവധിയാണ്. ട്രൂ കോപ്പി തിങ്കിൽ ഈ വിഷയം എ.പി.ഡി.എഫ് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. പട്ടികജാതി വകുപ്പും സർക്കാരും ആണ് ഈ വിഷയത്തിലെ കുറ്റക്കാർ. ഇതിനെതിരെയും സർക്കാരിന്റെ പേരിൽ നിയമ നടപടിയെ പറ്റി ആലോചിക്കുകയാണ് എ.പി.ഡി.എഫ്.

അതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയമാണ് പ്രവേശന സമയത്ത്​ പട്ടിക വിഭാഗ വിദ്യാർഥികളുടെ പക്കൽ നിന്ന്​ ഫീസ് വാങ്ങുന്ന സമ്പ്രദായം. കേന്ദ്ര സർക്കാരിന്റെ പുതുക്കിയ ധനസഹായ പദ്ധതിയുടെ മറവിലാണ് ഈ പകൽക്കൊള്ള. ഇതും കെ. ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടിന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ രീതി തുടരുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ മേൽപ്പറഞ്ഞ പുതിയ പദ്ധതിയിൽ ഇപ്രകാരം ചെയ്യരുതെന്ന് വ്യക്തമായി പറയുന്നുണ്ട് . പട്ടികവിഭാഗ വിദ്യാർഥികൾ അവരുടെ ഗ്രാൻറ്​ ലഭിക്കുമ്പോൾ മാത്രം ഫീസ് അടച്ചാൽ മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളാ സർക്കാരും അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പ് എ.പി.ഡി.എഫിന് വിവരാവകാശ നിയമം അനുസരിച്ച്​ നൽകിയ മറുപടിയിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നുമാത്രമല്ല അങ്ങനെ സംഭവിക്കുന്നതായി വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ അപ്രകാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരായി തക്കതായ നിയമനടപടികൾ എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാണ്. അവിടെ ഒരു കാരണവശാലും ഇത് സംഭവിക്കാൻ പാടുള്ളതല്ല. ഡയറക്ടർക്കോ, ചെയർമാനോ, ഭരണസമിതി അംഗങ്ങൾക്കോ, ജീവനക്കാർക്കോ ഈ ഉത്തരവിനെ കുറിച്ച് അറിയില്ലായിരിക്കാം. എന്നാൽ നിയമത്തെ കുറിച്ചുള്ള അജ്ഞത കുറ്റകൃത്യത്തെ ന്യായീകരിക്കുകയില്ലല്ലോ? ഇൻസ്​റ്റിറ്റ്യൂട്ട്​ ഭരണസമിതിക്കെതിരായി സർക്കാരിന്റെ നിലവിലുള്ള ഉത്തരവ് കാറ്റിൽ പറത്തിയതിന്റെ പേരിൽ നടപടി ആവശ്യപ്പെടണം.

ഇത്രയും നിയമനടപടികൾക്കു ശേഷം വേണം ഇൻസ്​റ്റിറ്റ്യൂട്ടിന്റെ സ്​റ്റാറ്റ്യൂട്ട് പരിഷ്‌കരിക്കാനും സമഗ്രമായ അഡ്മിനിസ്ട്രേറ്റീവ് മാന്വൽ ഉണ്ടാക്കാനുമുള്ള നടപടികൾ. വിദ്യാർഥി പ്രാതിനിധ്യം ഉറപ്പാക്കി ചർച്ചയിലൂടെ മാത്രമേ ഇനിയും എന്തു പരിഷ്‌കരണ നടപടികൾക്കും ഇറങ്ങിത്തിരിക്കാവൂ. ഭരണപരിചയവും സംസ്ഥാനത്തെ പട്ടിക ജാതി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമങ്ങളെ പറ്റി വ്യക്തമായ ധാരണ ഉള്ളവരായിരിക്കണം ഭരണസമിതി അംഗങ്ങൾ. ഡയറക്ടറുടെയും ഭരണസമിതി അംഗങ്ങളുടെയും നിയമനം സുതാര്യമായിരിക്കണം.

ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ചരിത്രപരമായ ദൗത്യം ഭംഗിയായി നിറവേറ്റി. ഇനിയും പൊതുസമൂഹവും അടിസ്ഥാന ജനവിമോചന സംഘടനകളുമാണ് വിഷയം കയ്യേൽക്കേണ്ടത്. വിദ്യാർഥികളുടെ പ്രവേശനം, സംവരണം, ജാതി വിവേചനത്തിനെതിരായ പോരാട്ടം, ഗ്രാൻറ്​, മറ്റു ജനാധിപത്യ അവകാശങ്ങൾ എന്നിവ ഉന്നയിച്ച്​ എ.പി.ഡി.എഫ് സജീവ പ്രവർത്തനത്തിലാണ്. ഗ്രാന്റും പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇൻസ്​റ്റിറ്റ്യൂട്ടിനു വെളിയിൽ എ പി ഡി എഫ് സമരത്തിലേക്കിറങ്ങുകയാണ്​. സമരം ചെയ്തിരുന്ന വിദ്യാർഥികളോട് തുടക്കം മുതൽ എ.പി.ഡി.എഫ് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പ്രസ്തുത വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനും സംഘടന ​ശ്രമിച്ചിരുന്നു. ട്രൂ കോപ്പി തിങ്ക് ഈ വിഷയത്തിൽ തുടക്കം മുതലേ കൈക്കൊണ്ട നിലപാട് ശ്ലാഘനീയമാണ്. എ.പി.ഡി.എഫ് അതിന്റെ നിലപാടുകൾ വ്യക്തമാക്കിയതും​ ട്രൂ കോപ്പിയിലൂടെയായിരുന്നു.


ഷാജു വി. ജോസഫ്​

ദലിത്​ സാമൂഹിക- രാഷ്​ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്നു. അംബേദ്‌കർ പ്രോഗ്രസീവ്​ ഡെമോക്രാറ്റിക്‌ ഫോറം ജനറൽ സെക്രട്ടറി. കേരളത്തിലെ ദലിത് ക്രൈസ്തവർ: ചരിത്രം, സ്വതം, പ്രത്യക്ഷ രക്ഷാദൈവസഭ- സാമൂഹിക ചരിത്രപ്രസക്തി എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments