മാഷ് ഒടുവിൽ തോറ്റു, മനുഷ്യൻ ജയിച്ചു

‘‘അച്ഛൻ പോയതിൽ പിന്നെ ഓൻ പിടിച്ചാൽ കിട്ടാത്ത പോക്കാണ്. സപ്ലി എത്രയുണ്ടെന്ന് എനിക്കറിയില്ല. എഴുതിയെടുക്കണമെന്ന വിചാരം ഓനുമില്ല. ഇന്നലെ ബാഗിൽ നിന്ന് ഒരു പൊതി കിട്ടി. മറ്റേതാ.’’

മാഷേ "മുഖം' ഉണ്ട് വേണോ...?
നട്ടുച്ചക്ക് ഓർക്കാപ്പുറത്ത് എന്റെ മോട്ടോറോള ഫോണിൽ അവന്റെ വിളി.
ആദ്യം മനസ്സിലായില്ല. അവൻ വിശദീകരിച്ചു: ഇങ്ങൾക്കിഷ്ടപ്പെട്ട സംവിധായകൻ മോഹന്റെ സിനിമ. ഇവിടെ തോനെ മോഹൻസിനിമകളുണ്ട്. ...
അവനേതോ സി.ഡി.ഷോപ്പിലായിരുന്നു. ട്യൂഷന്റെ ഇടനേരത്തിൽ കയറിയതാണ്. അവനെ എനിക്ക് കിട്ടുന്നത് എട്ടാം ക്ലാസിൽ വച്ചാണ്. കീറിയ മറയ്ക്കിപ്പുറം നിന്ന് അവനെ ആദ്യമായി ട്യൂഷൻ പഠിക്കാൻ വിട്ടതിന്റെ ആഹ്ലാദത്തോടെ അന്നവന്റെ അമ്മ പറഞ്ഞു: ഞാൻ ഇവനെ ഇങ്ങളെ ഏൽപ്പിക്കുകയാണ്. പത്തിൽ ഫുൾ എ പ്ലസ് വാങ്ങിക്കൊടുത്തിട്ട് തിരിച്ചുതന്നാൽ മതി.

അവൻ പഠിക്കാൻ മിടുക്കനായിരുന്നു; പ്രത്യേകിച്ച് കണക്കിൽ. എട്ടിലും ഒമ്പതിലും പത്തിലുമൊക്കെ മാതാപിതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാതെ അവൻ വളർന്നു. പൊതുപരീക്ഷയടുക്കുമ്പോൾ അന്നൊക്കെ കുട്ടികൾ വീട്ടിലേക്ക് വരുമായിരുന്നു. ചിലർ പാതിരാത്രി വരെ ഇരുന്ന് പഠിച്ചിട്ട് പോകും, ചിലർ അവിടെത്തന്നെ കിടക്കും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാനുള്ള മന്ത്രവിദ്യ അമ്മയ്ക്ക് അറിയാവുന്നതുകൊണ്ട് കുട്ടികളാരും പട്ടിണി കിടന്നില്ല.

അന്ന് വൈകുന്നേരം കൂട്ടുകാരനുമൊത്ത് അവൻ വന്നു. മുഖപ്രസാദം പഴയതുപോലെ ഇല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. വള്ളി പൊട്ടിയ ചെരുപ്പ് ഒതുക്കിൽ അഴിച്ചുവച്ച് അവൻ കോലായിലേക്ക് കയറി അരയിൽ ഒളിപ്പിച്ച കുറേ സിഡികൾ പുറത്തെടുത്ത് എന്റെ നേരെ നീട്ടി

എങ്കിലും എപ്പോഴോ സ്വന്തം വീട്ടിലെ പോലെയല്ല ഇവിടുത്തെ കാര്യങ്ങൾ എന്ന് അവൻ തിരിച്ചറിഞ്ഞു. മാഷിന്റെ അമ്മയുടെ വോയിൽ സാരിയിൽ ദാരിദ്ര്യത്തിന്റെ മുറിവുകൾ തുന്നിക്കൂട്ടിയ പാടുകൾ എല്ലായിടത്തും കാണാം. വൈകുന്നേരത്തെ ചായയിൽ അരി വറുത്തിട്ട് കുടിക്കുക എന്ന അനുഷ്ഠാനം ഒരു ദിവസം പോലും ഇവിടെ തെറ്റുന്നില്ല. ചെറിയ തുകകളുടെ ഇല്ലായ്മയിൽ വീട്ടിൽ വലിയ കലഹങ്ങൾ ഉരുവം കൊള്ളുന്നു. അമ്മമ്മ ഒഴിഞ്ഞ തൈലക്കുപ്പിയിൽ ഈർക്കിലി കടത്തി അവസാന തുള്ളിയും ചോർത്തിയെടുത്ത് കാലിൽ പുരട്ടുമ്പോൾ അവന്റെ കണ്ണുകൾ അതിശയം കൊണ്ട് വിടരുന്നു. ഒരു പൊതി മിക്സ്ച്ചറാണ് അവൻ ആദ്യം കൊണ്ടുവന്നത്. ഇമ്മള് പഠിക്കുമ്പോൾ ഇമ്മക്ക് തിന്നാൻ വേണ്ടിയാ. എന്റെ അഭിമാനബോധത്തിന് അവൻ അന്ന് കാവൽ നിന്നു. പിന്നെപ്പിന്നെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നത് അവന്റെ സ്വാതന്ത്ര്യമായി. സ്വീകരിക്കാനുള്ള ഉളുപ്പില്ലായ്മ ഞങ്ങളും സ്വായത്തമാക്കി.

ഷിജീഷ് യു.കെ.

എട്ടായിരം രൂപ ഞങ്ങൾക്ക് അക്കാലം എടുത്താൽ പൊങ്ങാത്ത തുകയായിരുന്നു. അവനത് പുഷ്പം പോലെ പോക്കറ്റിലിട്ട് വീട്ടിൽ കൊണ്ടുവന്ന് എന്റെ കൈയിൽ ഏൽപ്പിച്ചു; മാഷ് കൈയ്യിലുള്ളപ്പോൾ തിരിച്ചു തന്നാൽ മതി എന്നും പറഞ്ഞ്. ഇന്നത്തെക്കാൾ സിനിമയോട് കമ്പം അന്നായിരുന്നു. ടി.വിയിൽ രാവിലെ 6 മുതൽ രാത്രി പന്ത്രണ്ട് മണിവരെയുള്ള സിനിമകൾ ഏതൊക്കെയാണെന്ന് നോക്കലാണ് പത്രം കിട്ടിയാൽ ആദ്യത്തെ ജോലി. മോഹനും ജോർജും പത്മരാജനും ലെനിൻ രാജേന്ദ്രനുമൊക്കെയാണ് ഇഷ്ടപ്പെട്ട സംവിധായകർ. പക്ഷേ അവരുടെയൊക്കെ ചിത്രങ്ങൾ വല്ലപ്പോഴുമേ ടി.വിയിൽ വരൂ. സി.ഡി ഇറങ്ങിയ കാലം. വീട്ടിലൊരു വി.സി.ഡി പ്ലെയർ അടവിന് വാങ്ങിവെച്ചു. ശമ്പളം കിട്ടുമ്പോൾ ആദ്യം ഓടുക കാസറ്റ് ഷോപ്പിലേക്കാണ്, സി.ഡി. വാടകയ്ക്ക് എടുക്കാൻ. ആദ്യമൊക്കെ അവന് സിനിമ ഇഷ്ടമില്ലായിരുന്നു. പയ്യെപ്പയ്യെ അവൻ ദൃശ്യതകളിലെ ലഹരി തിരിച്ചറിഞ്ഞു.

ഒരു ദിവസം വന്നത് ‘എലിപ്പത്തായ’വുമായിട്ടാണ്. കൂടെപ്പഠിക്കാൻ വന്നവരൊക്കെ എണീറ്റു പോയിട്ടും തീരും വരെ എന്റെയൊപ്പം അവനുമിരുന്നു. ഒടുവിൽ അടിപൊളി സിനിമ എന്ന് കമന്റും പാസാക്കി. പത്താം ക്ലാസ് നല്ല ഗ്രേഡുകളോടെ അവൻ പാസായി. സാധാരണ രീതിയിൽ പിന്നീട് കുട്ടികൾ ട്യൂഷൻ ക്ലാസും ട്യൂഷൻ ടീച്ചേഴ്സിനെയും മറക്കാറാണ് പതിവ്. പക്ഷേ അവൻ പിന്നെയും വന്നു. ചിലപ്പോൾ സി.ഡി. കൊണ്ടുവരും, പഴയ സിനിമകളെപ്പറ്റി വാചാലനാവും. അങ്ങനെയൊരു ദിവസമാണ് "മുഖ'ത്തിന്റെ കാര്യം പറഞ്ഞ് അവൻ വിളിക്കുന്നത്. അന്നവൻ പ്ലസ് ടു രണ്ടാം വർഷമാണ്. ഹയർ സെക്കണ്ടറിയിലെ ഏറ്റവും മികച്ച വിദ്യാർഥി. അവന്റെ അച്ഛന് എന്തോ രോഗമാണെന്നും സാമ്പത്തികമായി ഇത്തിരി തളർച്ചയുണ്ടെന്നും ആരോ പറഞ്ഞ് ഞാനും കേട്ടിരുന്നു.

ഒരു കല്യാണ വീട്ടിൽ വച്ച് അവന്റെ അച്ഛൻ വന്ന് കൈ പിടിച്ചു: മാഷേ, ഒരു അയ്യായിരം രൂപ കടമായി വേണം. സുനൂന് ഹോസ്റ്റൽ ഫീസ് കൊടുക്കാനാ. അയാളുടെ സ്വരം ഒരു ധനികനു ചേരാത്ത വിധം തളർന്നുതുടങ്ങിയിരുന്നു

അന്ന് വൈകുന്നേരം കൂട്ടുകാരനുമൊത്ത് അവൻ വന്നു. മുഖപ്രസാദം പഴയതുപോലെ ഇല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. വള്ളി പൊട്ടിയ ചെരുപ്പ് ഒതുക്കിൽ അഴിച്ചുവച്ച് അവൻ കോലായിലേക്ക് കയറി അരയിൽ ഒളിപ്പിച്ച കുറേ സിഡികൾ പുറത്തെടുത്ത് എന്റെ നേരെ നീട്ടി.. ‘തീർഥം’, ‘മുഖം’, ‘കഥയറിയാതെ’, ‘ആലോലം’... എല്ലാം മോഹൻ പടങ്ങൾ. ഞാൻ നിധി ഭദ്രമായി മേശയിൽ വച്ചു പൂട്ടി. -മാഷമ്മേ, ചായ വേണം, അരി വറുത്തതും. അമ്മയോട് അവൻ ആവശ്യപ്പെട്ടു. ചായയിൽ അരി വറുത്തത് വാരിയിട്ട് അവൻ പതിവില്ലാതെ ആസ്വദിച്ചാണ് കഴിച്ചത്. പോകാൻ നേരം എന്നെ ഒതുക്കത്തിൽ കിട്ടിയപ്പോൾ അവന്റെ കൂട്ടുകാരൻ പറഞ്ഞു; ഷിജീഷ് മാഷേ ഓന്റെടുത്ത് പൈസ ഇല്ലായ്നും, സി.ഡി. ഓൻ പീട്യേന്ന് കട്ടതാ. അവനെ ചീത്ത പറയണമെന്നും, സി.ഡി. അവിടെ തിരിച്ചു കൊടുപ്പിച്ച് കടക്കാരനോട് മാപ്പു പറയിപ്പിക്കണമെന്നും എന്നിലെ അധ്യാപകൻ വേവലാതി കൊണ്ടു. പക്ഷേ മോഹൻ സിനിമകളിലെ ദൃശ്യപ്പെരുമയുടെ സത്യസന്ധത എന്നിലെ മനുഷ്യനെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. മാഷ് ഒടുവിൽ തോറ്റു. മനുഷ്യൻ ജയിച്ചു.

പ്ലസ്ടു കഴിഞ്ഞ് അവൻ ബി.ടെക്കിന് പോയി. കാണലുകൾ കുറഞ്ഞു. ജീവിത വെട്ടത്തിൽ മഴപ്പാറ്റകളെപ്പോലെ വിദ്യാർഥികൾ പിന്നെയും പൊടിഞ്ഞുകൊണ്ടിരുന്നു. പിന്നീടെപ്പോഴോ ഒരു കല്യാണ വീട്ടിൽ വച്ച് അവന്റെ അച്ഛൻ വന്ന് കൈ പിടിച്ചു: മാഷേ, ഒരു അയ്യായിരം രൂപ കടമായി വേണം. സുനൂന് ഹോസ്റ്റൽ ഫീസ് കൊടുക്കാനാ. അയാളുടെ സ്വരം ഒരു ധനികനു ചേരാത്ത വിധം തളർന്നുതുടങ്ങിയിരുന്നു.. വീട്ടിൽ മൂവായിരത്തോളം രൂപ ഉണ്ടായിരുന്നു. അതെടുത്ത് കൊടുത്തു. ഇനി അവൻ ഒന്ന് കണ്ണു തെളിഞ്ഞിട്ട് വേണം എല്ലാം ശരിയാക്കിയെടുക്കാൻ. ചത്തു കിടന്ന അയാളുടെ കണ്ണുകളിൽ പെട്ടെന്ന് പ്രതീക്ഷയുടെ ഒരു നാളം തെളിഞ്ഞു. ജോലിയുടെ തിരക്കുമായി ഞാൻ പല നാടുകളിൽ കറങ്ങിത്തിരിഞ്ഞു. സമയം കുറേ കടന്നുപോയി. നാട്ടിൽ വന്ന ഒരു ദിവസം അമ്മ പറഞ്ഞു: സുനൂന്റെ അമ്മ ഇന്നലെ ഈട വന്നീനും. ഞ്ഞി ഒന്ന് ആട വരെ ചെല്ലോന്ന് ഓര് ചോദിച്ചു.

അരുതാത്തതെന്തൊക്കെയോ ദിനവും അവിടെ അരങ്ങേറുന്നതായി പെയിന്റിളകിയ ചുമരും മുഷിഞ്ഞ കർട്ടനുകളും വാൽ മുറിഞ്ഞ കിണ്ടിയും നിശബ്ദമായി മുറുമുറുത്തു.

പിറ്റേന്ന് രാവിലെ ചെന്നപ്പോൾ വീട് ശോകമൂകമാണ്. അരുതാത്തതെന്തൊക്കെയോ ദിനവും അവിടെ അരങ്ങേറുന്നതായി പെയിന്റിളകിയ ചുമരും മുഷിഞ്ഞ കർട്ടനുകളും വാൽ മുറിഞ്ഞ കിണ്ടിയും നിശബ്ദമായി മുറുമുറുത്തു. സുനുവിന്റെ അമ്മ പറഞ്ഞു: അച്ഛൻ പോയതിൽ പിന്നെ ഓൻ പിടിച്ചാൽ കിട്ടാത്ത പോക്കാണ്. സപ്ലി എത്രയുണ്ടെന്ന് എനിക്കറിയില്ല. എഴുതിയെടുക്കണമെന്ന വിചാരം ഓനുമില്ല. ഇന്നലെ ബാഗിൽ നിന്ന് ഒരു പൊതി കിട്ടി. മറ്റേതാ. ഈടത്തെ പുരയ്ക്ക് മുന്നിലും ബാക്കിലും വാതിലിന് പൂട്ടില്ല. ഓൻ അറത്ത് മാറ്റിയതാ. തോന്നുമ്പോ വരാനും പോകാനുംവേണ്ടി. ഓനെ ഒന്നു വിളിക്കണം. ഉപദേശിക്കണം. അവർ കരയാൻ തുടങ്ങി. അന്നേരം സി.ഡി.യുടെ കഥയാണ് എനിക്ക് ഓർമ വന്നത്. പോട്ടെ, വൈകുന്നേരം തിരിച്ചു പോണം, ലീവില്ല എന്നും പറഞ്ഞ് ഞാൻ ധൃതിപ്പെട്ട് ഇറങ്ങിപ്പോന്നു.▮


ഷിജീഷ് യു.കെ.

റവന്യൂവകുപ്പ് ജീവനക്കാരൻ. നടുവണ്ണൂർ അക്ഷര കോളേജിലെ അധ്യാപകനും മാധ്യമപ്രവർത്തകനുമായിരുന്നു.

Comments