ഷിനോജ്​ ചോറൻ

മാറുന്ന ക്ലാസ്​മുറികളുടെ
​കാൻവാസാകണം കല

ക്ലാസ്​മുറികൾ മാറ്റങ്ങൾക്ക് വിധേയപ്പെടുകയാണ്​. കുട്ടികളും അധ്യാപകരും ഒത്തുചേർന്ന് അറിവുത്പാദനവും പങ്കുവെക്കലും നടക്കുന്ന ജനാധിപത്യ ഇടമായി ക്ലാസ്​മുറികൾ മാറുന്നു. ഈ സാഹചര്യത്തിൽ, കലാവിദ്യാഭ്യാസം വിദ്യാർത്ഥികളുടെ സമഗ്ര വികാസത്തിലെ പ്രധാന ടൂളായി മാറുന്നു എന്ന്​ വിശദീകരിക്കുന്നു

നുഷ്യൻ സാമൂഹികജീവി എന്ന നിലയിൽ മുന്നോട്ടുപോകുന്നത് വ്യക്തി എന്ന നിലയിൽ ഓരോരുത്തരും നടത്തുന്ന ക്രിയാത്മകവും സർഗാത്മകവുമായ ഇടപെടലുകൾ കൊണ്ടാണ്. ഓരോ വ്യക്തിയെയും രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസം അതിന്റെ സുപ്രധാന പങ്ക് നിർവ്വഹിക്കുന്നു എന്നതും സുനിശ്ചിതമാണ്. എന്നാൽ കേവലം ജ്ഞാനസമ്പാദനം മാത്രമായി വിദ്യാഭ്യാസം ഒതുങ്ങുന്നുവെങ്കിൽ സമഗ്ര വ്യക്തിത്വരൂപീകരണമോ ആരോഗ്യകരമായ സമൂഹമോ രൂപപ്പെടുന്നതിൽ അപാകത സംഭവിക്കും.

ചിത്രം, ശില്പം, സംഗീതം, നൃത്തം, അഭിനയം തുടങ്ങിയ കലാമേഖലകൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമാവുമ്പോൾ കുട്ടികളുടെ ആശയവിനിമയ ശേഷി, ഭാഷാനൈപുണി, പ്രശ്‌നപരിഹാരശേഷി, സ്വയംപ്രകാശനശേഷി എന്നിവ ഉയരുന്നതായി കാണാം.

ഓരോ കുട്ടിയുടെയും വളർച്ചാഘട്ടങ്ങളിലെല്ലാം, കല ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇടപെടൽ നടത്തുന്നുണ്ട്. ചുവരിൽ കുത്തിവരക്കുന്നതും, വാക്കുകൾ ആവർത്തിച്ചുപറഞ്ഞ് താളമാക്കുന്നതും, പ്ലേറ്റിൽ കൊട്ടി ശബ്ദമുണ്ടാക്കി താളംചവിട്ടുന്നതും എല്ലാം കുട്ടികളുടെ വളർച്ചാഘട്ടങ്ങളുടെ സർഗാത്മകമായ അടയാളപ്പെടുത്തലുകളാണ്. ലോകപ്രശസ്ത മനഃശാസ്ത്രജ്ഞൻ ജീൻ പിയാഷെ കുട്ടികളുടെ തനതായ ബുദ്ധിവികാസഘട്ടങ്ങളെകുറിച്ച് സമഗ്രവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഓരോ കുട്ടിയും തന്റെ ചുറ്റുവട്ടത്തിൽ നിരീക്ഷണം നടത്തുകയും, അന്വേഷണാത്മകമായി ഇടപെടുകയും ആവശ്യമായവ കണ്ടെത്തുകയും ചെയ്യുന്നു. ഇത് കുട്ടിയിൽ ആനന്ദവും തുടർപ്രവർത്തനത്തിനുള്ള പ്രചോദനവും പ്രദാനം ചെയ്യുന്നു. ഇത്തരം തുടരനുഭവങ്ങളിലൂടെ കുട്ടി വിജ്ഞാനം ഉല്പാദിപ്പിക്കുന്നു. നൈസർഗികമായ സർഗപ്രവർത്തനങ്ങളിലൂടെ കുട്ടി അറിവ് ആർജ്ജിക്കുന്നതിന്റെ ആനന്ദം അനുഭവിക്കുന്നു. ഇവിടെ പ്രചോദനകരമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് അധ്യാപകരുടെയും മാതാപിതാക്കളുടെയും ചുമതല.

കുട്ടികളും അധ്യാപകരും ഒത്തുചേർന്ന് അറിവുത്പാദനവും പങ്കുവെക്കലും നടക്കുന്ന ജനാധിപത്യ ഇടമായി ക്ലാസ്​മുറികൾ മാറുന്നു. / photo: pixabay

ചുരുക്കത്തിൽ, കുട്ടി എന്നത് അറിവ് നിറക്കാനുള്ള പാത്രമല്ല; അനുഭവങ്ങളിലൂടെ അറിവ് സ്വയം ഉല്പാദിപ്പിക്കുന്ന കേന്ദ്രങ്ങളാണ്. ജ്ഞാനനിർമിതി വാദത്തിന്റെ (Constructivism) അടിസ്ഥാനഘടന, പഠനപ്രക്രിയയുടെ കേന്ദ്രമായി കുട്ടിയെ കാണുന്നു എന്നതാണ്. ക്ലാസ്​മുറികൾ മാറ്റങ്ങൾക്ക് വിധേയപ്പെടുന്നു. കുട്ടികളും അധ്യാപകരും ഒത്തുചേർന്ന് അറിവുത്പാദനവും പങ്കുവെക്കലും നടക്കുന്ന ജനാധിപത്യ ഇടമായി ക്ലാസ്​മുറികൾ മാറുന്നു. പഠനം ഒരു തുടർപ്രക്രിയയായി കാണുകയും, പഠിക്കാൻ പഠിക്കൽ, സ്വയം പഠനം, അറിവിന്റെ നിർമിതി എന്നിവയ്ക്ക് ഊന്നൽ നൽകുകയും ചെയ്യുന്നു.

കലാവിദ്യാഭ്യാസവും വ്യക്തിത്വ വികാസവും

കലാവിദ്യാഭ്യാസം ജ്ഞാനനിർമിതിവാദത്തിന് ഉ​പോദ്​ബലകമാണ്. കുട്ടി സ്വയം നിരീക്ഷിച്ചും പ്രവർത്തനങ്ങളിലേർപ്പെട്ടും ആവിഷ്‌കരിച്ചും കലയറിവുകൾ സമ്പാദിക്കുന്നു. കലാവിദ്യാഭ്യാസത്തിലൂടെ കടന്നുപോകുന്ന കുട്ടിക്ക്​ ബഹുമുഖ ബുദ്ധിവികാസം (multiple intelligence), സൂക്ഷ്മ പേശീചനല നൈപുണി (fine motor skills), ഇന്ദ്രിയ നൈപുണി, ജീവിത നൈപുണി എന്നിവ ആർജ്ജിക്കുന്നതിന്​ സാധിക്കുന്നു. ചിത്രം, ശില്പം, സംഗീതം, നൃത്തം, അഭിനയം തുടങ്ങിയ കലാമേഖലകൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമാവുമ്പോൾ കുട്ടികളുടെ ആശയവിനിമയശേഷി, ഭാഷാനൈപുണി, പ്രശ്‌നപരിഹാരശേഷി, സ്വയംപ്രകാശനശേഷി എന്നിവ ഉയരുന്നതായി കാണാം.
കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിന് കലാവിദ്യാഭ്യാസം അത്യന്താപേഷിതമാണ്.

കലാവിദ്യാഭ്യാസം ജ്ഞാനനിർമിതിവാദത്തിന് ഉ​പോദ്​ബലകമാണ്. കുട്ടി സ്വയം നിരീക്ഷിച്ചും പ്രവർത്തനങ്ങളിലേർപ്പെട്ടും ആവിഷ്‌കരിച്ചും കലയറിവുകൾ സമ്പാദിക്കുന്നു./ photo: wikimedia

ന്യൂറോ സയൻറിസ്റ്റും നൊബേൽ സമ്മാനജേതാവുമായ റോജർ സ്‌പെറിയുടെ ഗവേഷണപ്രകാരം മനുഷ്യമസ്തിഷ്‌കത്തിന്റെ ഇടതുവശം സാങ്കേതികതയെയും വലതുവശം സർഗാത്മകതയെയും പിന്തുണയ്ക്കുന്നു. കുട്ടികളുടെ ശേഷീവികാസ ഘട്ടങ്ങളിൽ ലഭിക്കുന്ന കലാവിദ്യാഭ്യാസം മസ്തിഷ്‌കത്തിന്റെ വലതുവശത്തെ സദാ ഉദ്ദീപിപ്പിച്ചു നിർത്തുകയും സർഗാത്മക വ്യക്തിത്വവികാസത്തിലേക്ക് നയിക്കുകയും ചെയ്യും. ഇറ്റാലിയൻ വിദ്യാഭ്യാസ വിചക്ഷണയും ഭിഷഗ്വരയുമായ മരിയ മോണ്ടിസോറി വികസിപ്പിച്ചെടുത്ത, കുട്ടിയെ അറിഞ്ഞുകൊണ്ടുള്ള വിദ്യാഭ്യാസരീതിയും സ്വയംപഠനത്തിന് ഊന്നൽ നൽകുന്ന സമീപനവും ലോകത്താകമാനം പ്രചാരം നേടിയ മാതൃകയാണ്. കുട്ടികൾ സ്വാഭാവികമായും ജിജ്ഞാസയുള്ളവരാണെന്നും, സ്വതന്ത്രമായി പഠിക്കാൻ താത്പര്യമുള്ളവരാണെന്നുമുള്ള വിശാല കാഴ്ചപ്പാടിൽ നിന്നാണ് മരിയ മോണ്ടിസോറി തന്റെ സിദ്ധാന്തം രൂപപ്പെടുത്തിയത്. ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും അവരുടെ തനതായ ശേഷികളും താത്പര്യങ്ങളും വ്യത്യസ്തമാണെന്നും മനസ്സിലാക്കി അതിനനുഗുണമായ പഠനരീതി അവലംബിക്കണമെന്നും അവർ നിർദ്ദേശിക്കുന്നു.

കലാവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളെല്ലാം സന്തോഷസൂചികയിൽ ആദ്യനിരയിൽ സ്ഥാനം നേടിയതായി കാണാം.

മോണ്ടിസോറി മാതൃക

പരമ്പരാഗത വിദ്യാഭ്യാസ മാതൃകകൾ പ്രായത്തെ അടിസ്ഥാനമാക്കി കുട്ടികളെ തരംതിരിക്കുകയും അവരെല്ലാം ഒരേ വികാസഘട്ടത്തിലാണെന്ന് കരുതുകയും ചെയ്യുന്നു. എന്നാൽ മോണ്ടിസോറി വിദ്യാഭ്യാസം കുട്ടികൾ ഓരോ വ്യത്യസ്ത നിരക്കുകളിൽ വികസിക്കുന്നുവെന്നും അവരുടെ ജ്ഞാനസമ്പാദനരീതികൾ വ്യത്യസ്തമെന്നും തിരിച്ചറിയുന്നു. വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾക്ക് പരസ്പരം പഠിക്കാനും ഇടപഴകാനും കഴിയുന്ന തരത്തിൽ ക്ലാസ്​മുറികൾ സജ്ജീകരിക്കുകയും ചെയ്തിരിക്കുന്നു. കുട്ടികളുടെ വ്യക്തിഗത പഠനശൈലികൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ പുതിയ ആശയങ്ങൾ കണ്ടെത്താനും പരിചയിക്കാനും സഹായകരമാവുന്ന ഈ പഠനരീതി കുട്ടികളുടെ ശേഷീവികാസത്തിന് അനുഗുണമാണ്. കുട്ടികളുടെ ശാരീരികവും ബൗദ്ധികവും വൈകാരികവും സാമൂഹികവും ആയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം മോണ്ടിസോറി രീതി സൃഷ്ടിക്കുന്നു. ജീവിതനൈപുണി വികാസത്തിനും (life skills) ചലനനൈപുണി വികാസത്തിനും (fine motor skills) സംവേദന നൈപുണി വികാസത്തിനും (sensorial skills) ഊന്നൽ നൽകുന്ന സമീപനം ഓരോ കുട്ടിയെയും സർഗാത്മകമായി ഉയർത്തുകയും ക്രിയാത്മകമായി പ്രവർത്തനോന്മുഖരാക്കുകയും ചെയ്യുന്നു.

ജീൻ പിയാഷെ, റോജർ സ്‌പെറി, മരിയ മോണ്ടിസോറി, സോൻജാ ലുബൊമിസ്‌കി

ഫിന്നിഷ് വിദ്യാഭ്യാസ മാതൃക

കുട്ടികളുടെ ക്ഷേമത്തിനും കളി അടിസ്ഥാനമാക്കിയുള്ള പഠനം, കണ്ടെത്തൽ, സഹകരണം, ഇടപെടൽ, സ്വയംപ്രേരണ എന്നിവയിലൂടെ പഠനം മുന്നോട്ടു കൊണ്ടു പോകുന്ന രീതിക്കും ഊന്നൽ നൽകുന്ന ഫിന്നിഷ് വിദ്യാഭ്യാസ മാതൃക ആഗോളതലത്തിൽ പ്രശംസിക്കപ്പെടുന്നു. യു.എൻ സുസ്ഥിര വികസന ശൃംഖല 2022ൽ തുടർച്ചയായി അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻറിനെ തെരഞ്ഞെടുത്തു. ഈ നേട്ടം കൈവരിക്കുന്നതിന് വഴിതെളിച്ചത്, ഉദാരമായ ക്ഷേമരാഷ്ട്രം എന്ന നിലയിൽ പൊതുആരോഗ്യ സംവിധാനം, പൊതുവിദ്യാഭ്യാസ സംവിധാനം എന്നീ മേഖലകളോടൊപ്പം കുട്ടികളുടെ കലാവിദ്യാഭ്യാസത്തിന്​ തുല്യപരിഗണനയും ശ്രദ്ധയും നൽകിയതിനെതുടർന്നാണ്​.

കുട്ടികളുടെ ക്ഷേമത്തിനും കളി അടിസ്ഥാനമാക്കിയുള്ള പഠനം, കണ്ടെത്തൽ, സഹകരണം, ഇടപെടൽ, സ്വയംപ്രേരണ എന്നിവയിലൂടെ പഠനം മുന്നോട്ടു കൊണ്ടു പോകുന്ന രീതിക്കും ഊന്നൽ നൽകുന്ന ഫിന്നിഷ് വിദ്യാഭ്യാസ മാതൃക ആഗോളതലത്തിൽ പ്രശംസിക്കപ്പെടുന്നു

കാലിഫോർണിയ സർവ്വകലാശാലയിലെ സൈക്കോളജി പ്രൊഫസർ സോൻജാ ലുബൊമിസ്‌കി (Sonja Lyubomirsky) സന്തോഷത്തെ നിർവ്വചിക്കുന്നത്- ‘ആനന്ദാനുഭവം, സംതൃപ്തി, സന്തുഷ്ടമായ അവസ്ഥ, ക്ഷേമാവസ്ഥ, ജീവിതം നല്ലതും അർത്ഥവത്തായതും മൂല്യവത്തായതും ആണെന്ന ബോധം’ എന്നിങ്ങനെയാണ്. കലാവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളെല്ലാം സന്തോഷസൂചികയിൽ ആദ്യനിരയിൽ സ്ഥാനം നേടിയതായി കാണാം. സന്തോഷസൂചികയും മാനവവികസനസൂചികയും ഉയർന്നിരിക്കുന്ന ഒരു സമൂഹം പുരോഗതിയുടെ പാതയിലാണെന്ന് നിസ്സംശയം പറയാം.

വിദ്യാർത്ഥികളുടെ സമഗ്ര വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ സജ്ജരാക്കുകയും സന്തോഷം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നതായിരിക്കണം സ്‌കൂൾ അന്തരീക്ഷവും പഠനരീതിയും.

സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടം കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഇല്ലാത്തതും സന്തോഷാനുഭവം നൽകുന്നതുമാവണം. വിദ്യാർത്ഥികളുടെ സമഗ്ര വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ അവരെ സജ്ജരാക്കുകയും സന്തോഷം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നതായിരിക്കണം സ്‌കൂൾ അന്തരീക്ഷവും പഠനരീതിയും. അതിലൂടെ മികച്ച വിദ്യാലയസംസ്‌കാരം (school culture) രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. ▮


ഷിനോജ് ചോറൻ

കലാകൃത്ത്. കേന്ദ്ര ലളിതകലാ അക്കാദമി നാഷണൽ റിസേർച്ച് സ്കോളർ.

Comments