കല്പിത സര്‍വ്വകലാശാലകളെ സ്വാഗതം ചെയ്യണോ?

സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണോപാധികള്‍ ഏര്‍പ്പെടുത്താതെ കല്പിത സര്‍വ്വകലാശാലകൾക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും അനുമതി നല്‍കുന്നത് കേരളത്തിന്റെ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മായം കലർത്തലാകും. നിരവധി സര്‍ക്കാര്‍ -എയിഡഡ് കോളേജുകളെ കല്പിത സര്‍വ്വകലാശാലകളാക്കാന്‍ നീക്കമുണ്ടെന്നത് അടുത്ത കാലത്ത് വാര്‍ത്തയായിരുന്നു.

1948- ല്‍ പ്രസിദ്ധീകരിച്ച ഡോ. എസ്. രാധാകൃഷ്ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, സ്വതന്ത്ര ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസമേഖലയിലെ മാറ്റങ്ങളുടെ ആധാരശിലയാണ്. ജ്ഞാനവിജ്ഞാനങ്ങളുടെയും പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങളുടെയും സമന്വയം ആ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സവിശേഷമാക്കുന്നു. പ്രഗത്ഭരായ വിദ്യാഭ്യാസ വിചക്ഷണര്‍ അംഗങ്ങളായ കമ്മീഷൻ്റെ റിപ്പോര്‍ട്ടിൽ പുത്തന്‍ സര്‍വ്വകലാശാലകള്‍ എന്ന 17-ാം അധ്യായമാണ് കല്പിത സര്‍വ്വകലാശാല പദവി എന്ന ആശയത്തിനു വിത്തു പാകിയത്.

ബ്രിട്ടീഷ് വിദ്യാഭ്യാസരീതി നിലവില്‍ വരുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ്​ ശിക്ഷണമേഖലയില്‍ വ്യത്യസ്തമായ തനതു മാതൃകകള്‍ ഇന്ത്യ വളര്‍ത്തിയെടുത്തിരുന്നു. നളന്ദ, തക്ഷശില, വിക്രം ശില തുടങ്ങിയ പ്രാചീന സര്‍വ്വകലാശാലകള്‍ മുതല്‍ നിരവധി പ്രാചീന ഗുരുകുല പാഠശാലകള്‍ വരെ ഇവിടെ നിലനിന്നു. ഇവയില്‍ പലതും അധിനിവേശക്തികളാല്‍ തകര്‍ക്കപ്പെട്ടിരുന്നു.

കല്പിത സര്‍വ്വകലാശാല പദവിയ്ക്ക് അപേക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ പാഠ്യവിഷയം, പഠനരീതി തുടങ്ങിയവയിലുള്ള അതുല്യത എന്നതാണ് പദവി നല്‍കുന്നതിനു മുഖ്യ കാരണമായിരുന്നതെങ്കില്‍ ഇന്നത് ആ വിദ്യാഭ്യാസ ട്രസ്റ്റിന്റെ ആസ്തിയുടെ വലുപ്പത്തിലേക്കു മാറിക്കഴിഞ്ഞു.

കൊളോണിയലിസത്തിന്റെ ഉച്ചകോടിയായിരുന്നുവല്ലോ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഭരണം. തങ്ങള്‍ കീഴടക്കിയ കോളണികളില്‍അവരുടെ വിദ്യാഭ്യാസവും സംസ്‌കാരവും വ്യാപിപ്പിക്കാനുള്ള നിര്‍ബന്ധിത ശ്രമം അവരുടെ ഭരണത്തിന്റെ പൊതു തന്ത്രമാണ്. 20-ാം നൂറ്റാണ്ടിന്റെ പ്രഭാതത്തില്‍ ഇന്ത്യയില്‍ സജീവമായിക്കൊണ്ടിരുന്ന കോളോണിയല്‍ വിരുദ്ധ രാഷ്ട്രീയ സമരങ്ങള്‍ക്കു സമാന്തരമായി ധൈഷണികരംഗത്ത് ചില ബദല്‍ സംരംഭങ്ങള്‍ ദേശീയവാദികളുടെ പക്ഷത്തുനിന്നു പ്രത്യക്ഷപ്പെടുകയുണ്ടായി. കല്‍ക്കത്തയിലെ വിശ്വഭാരതി (ശാന്തിനികേതന്‍, 1921), ഡല്‍ഹി ജാമിയ മിലിം ഇസ്​ലാമിയ (1920), ജാദവ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (1921), ഹരിദ്വാറിലെ ഗുരുകുല കങ്ഗരി (1902) എന്നിവ ഉദാഹണം. ഇവയുടെ പ്രവര്‍ത്തന മികവിനെ പ്രശംസിച്ച രാധാകൃഷ്ണന്‍ കമ്മീഷന് ഈ സ്ഥാപനങ്ങളെ മുഖ്യധാരാ വിദ്യാഭ്യാസ രീതിയിലേക്കു കൊണ്ടുവരേണ്ട ആവശ്യകത ബോധ്യപ്പെട്ടു.

വിശ്വഭാരതി സർവ്വകലാശാല
വിശ്വഭാരതി സർവ്വകലാശാല

സാമ്പ്രദായിക സര്‍വ്വകലാശാലകളുടെ ചട്ടക്കൂട്ടിലല്ല ഇവ പ്രവർത്തിച്ചിരുന്നത്. ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഔദ്യോഗിക അംഗീകാരമില്ലാത്തത്, അവയുടെ ജനപ്രീതിയെ പ്രതികൂലമായി ബാധിച്ചിരുന്നു. വ്യത്യസ്തവും സമര്‍പ്പിതവുമായ സേവനരീതികൊണ്ട് മികച്ചതായി തീര്‍ന്ന ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വയംഭരണാവകാശമുള്ള ഗ്രാമീണ സര്‍വ്വകലാശാലകളാക്കണമെന്ന കമ്മീഷന്റെ നിര്‍ദ്ദേശമാണ് കല്പിത സര്‍വ്വകലാശാലകള്‍ എന്ന ആശയത്തിലെത്തിച്ചത്.

യു.ജി.സി ആക്ട് പാസ്സായശേഷമുള്ള ആദ്യ ദശകത്തില്‍ വെറും എട്ടു സ്ഥാപനങ്ങള്‍ക്കാണ് ഡീംഡ് പദവി ലഭിച്ചിരുന്നത്. അത് തൊണ്ണൂറ് ആകുമ്പോഴേക്ക് 29 എണ്ണമായി. എന്നാല്‍ 1990-2005 കാലയളവില്‍ ഒറ്റയടിക്ക് 63 സ്ഥാപനങ്ങള്‍ക്ക് കല്പിതസര്‍വ്വകലാശാല പദവി നൽകി.

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സര്‍വ്വകലാശാലകള്‍, അവയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകള്‍, ഇവയുടെ പശ്ചാത്തല സൗകര്യമൊരുക്കലും ഗവേഷണാദി കാര്യങ്ങള്‍ക്ക്​ ഗ്രാൻറ്​ നല്‍കലും അക്കാദമിക ഏകീകരണവും ലക്ഷ്യമിട്ടാണ് 1956-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിലൂടെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി) നിലവില്‍ വന്നത്. സര്‍വ്വകലാശാലകളുടെ ചട്ടക്കൂട്ടില്‍ ഉള്‍പ്പെടാത്ത, എന്നാല്‍ ചില പ്രത്യേക വിഷയങ്ങളില്‍ പഠനമോ പരിശീലനമോ ഗവേഷണമോ നടത്തുന്ന വിദ്യാകേന്ദ്രങ്ങളെ സവിശേഷാര്‍ത്ഥത്തില്‍ സര്‍വ്വകലാശാലകളായി പരിഗണിക്കാമെന്ന് യു.ജി.സി ആക്ടിന്റെ ആമുഖത്തില്‍ സെക്ഷന്‍ 3- ആയി രേഖപ്പെടുത്തി. ഇതനുസരിച്ച് പദവി നലകുന്നവയാണ് കല്പിത സര്‍വ്വകലാശാലകള്‍ (Deemed -to - be - University). വര്‍ഷങ്ങളായി നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യു.ജി.സി വിദഗ്ദ്ധ സമിതി പരിശോധിച്ചശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദവി നല്‍കിയിരുന്നത്. പിന്നീടതില്‍ വെള്ളം ചേര്‍ക്കുകയും പുതുതായി നിലവിൽ കൊണ്ടുവന്ന നിബന്ധനകള്‍ക്കകത്ത് വരുന്ന പ്രത്യേക കാറ്റഗറി (De - Nova) സ്ഥാപനങ്ങള്‍ക്കും ഈ പദവി നല്‍കി തുടങ്ങുകയും ചെയ്തു.

ജാമിയ മില്ലിയ ഇസ്ലാമിയ
ജാമിയ മില്ലിയ ഇസ്ലാമിയ

യു.ജി.സി ആക്ട് (1956) പാസ്സായശേഷമുള്ള ആദ്യ ദശകത്തില്‍ വെറും എട്ടു സ്ഥാപനങ്ങള്‍ക്കാണ് ഡീംഡ് പദവി ലഭിച്ചിരുന്നത്. അത് തൊണ്ണൂറ് ആകുമ്പോഴേക്ക് 29 എണ്ണമായി. എന്നാല്‍ 1990-2005 കാലയളവില്‍ ഒറ്റയടിക്ക് 63 സ്ഥാപനങ്ങള്‍ക്ക് കല്പിതസര്‍വ്വകലാശാല പദവി നൽകി. അതായത് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന പരിശോധനയ്ക്കു ശേഷം അര്‍ഹത ബോധ്യപ്പെട്ടെങ്കില്‍ മാത്രം പദവി നല്‍കിയിരുന്ന പ്രക്രിയയില്‍ അയവുവന്നു. രാജീവ്ഗാന്ധി സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസനയത്തെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഉദാരവത്ക്കരണവും സ്വകാര്യവത്കരണവും പിടിമുറുക്കിയതാണ് ഈ മാറ്റത്തിന്റെ മുഖ്യ കാരണം. സ്വകാര്യ മൂലധനത്തിന്റെ കുത്തൊഴുക്കില്‍ പുതുതായി രൂപംകൊണ്ട വിദ്യാഭ്യാസ ട്രസ്റ്റുകള്‍ക്കു കീഴിലുള്ള പല സ്ഥാപനങ്ങളും ഒപ്പം വളരെ കുറച്ച്​ സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളും പദവി സമ്പാദിച്ചു. സ്വയംഭരണവും സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്യുന്നതും സര്‍വ്വകലാശാലയെന്ന സങ്കല്പത്തിന്റെ തനിമ നഷ്ടമാകുന്നതുമായ കാഴ്ചയാണ് പിന്നീട് കണ്ടത്. വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുന്ന വ്യവസായകേന്ദ്രങ്ങളായി പല കല്പിത സര്‍വ്വകലാശാലകളും. ഉയര്‍ന്ന ഫീസും ബിരുദവില്പനയും പ്രവേശനത്തിലെ മാനദണ്ഡമില്ലായ്മയും അടക്കം വിവിധ കാരണങ്ങളാല്‍ ഇവ കോടതിവ്യവഹാരങ്ങളില്‍ കുടുങ്ങുന്നതും ദൃശ്യമായി.

യു പി എ മുന്നണിയുടെ വിദ്യാഭ്യാസരീതി തുടര്‍ന്ന എന്‍ ഡി എ സര്‍ക്കാരുകളുടെ കാലത്തും ഇതാവര്‍ത്തിച്ചു. ഇന്ന് ഏകദേശം 127 കല്പിത സര്‍വ്വകലാശാലകളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. അനേകം വിദ്യാഭ്യാസ ട്രസ്റ്റുകള്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു.

കല്പിത സര്‍വ്വകലാശാല പദവിയ്ക്ക് അപേക്ഷിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ പാഠ്യവിഷയം, പഠനരീതി തുടങ്ങിയവയിലുള്ള അതുല്യത (Uniqueness) എന്നതാണ് പദവി നല്‍കുന്നതിനു മുഖ്യ കാരണമായിരുന്നതെങ്കില്‍ ഇന്നത് ആ വിദ്യാഭ്യാസ ട്രസ്റ്റിന്റെ ആസ്തിയുടെ വലുപ്പത്തിലേക്കു മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളാകുമ്പോള്‍ അപേക്ഷയ്ക്കു ഈ നിയമം ബാധകമല്ലെന്നു മാത്രം. പണമെറിഞ്ഞു പണം കൊയ്യുന്ന മുതലാളിത്ത ധനാഗമ സംവിധാനമാണ് ഇതെന്നിരിക്കെ, സര്‍ക്കാരിന്റെ കര്‍ശനമായ നിയന്ത്രണോപാധികള്‍ ഏര്‍പ്പെടുത്താതെ കല്പിത സര്‍വ്വകലാശാലകൾക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും അനുമതി നല്‍കുന്നത് കേരളത്തിന്റെ ജനാധിപത്യ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മായം കലർത്തലാകും. നിരവധി സര്‍ക്കാര്‍ -എയിഡഡ് കോളേജുകളെ കല്പിത സര്‍വ്വകലാശാലകളാക്കാന്‍ നീക്കമുണ്ടെന്നത് അടുത്ത കാലത്ത് വാര്‍ത്തയായിരുന്നു.

യു.ജി.സി ആക്ട് സെക്ഷന്‍ മൂന്നില്‍ കല്പിത സര്‍വ്വകലാശാലകലുടെ ആവശ്യകത വിവരിക്കുന്നതല്ലാതെ അതെക്കുറിച്ച് കൂടുതല്‍ വിശദീകരണമോ വ്യാഖ്യാനമോ നല്‍കിയിട്ടില്ല. അതത് കാലത്ത് യു.ജി.സി പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗ- നിര്‍ദ്ദേശക തത്വങ്ങളാണ് കല്പിത സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.

നിലവിലുള്ള കല്പിത സര്‍വ്വകലാശാലകലുടെ പ്രവര്‍ത്തന സ്വഭാവത്തില്‍ നിന്നു മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ ചുരുക്കത്തില്‍ ഇവയാണ്:

  • കോഴ്‌സ്, സിലബസ്​, അധ്യയനരീതികള്‍, ഫീസ്, ശമ്പളം എന്നിവ സ്വന്തമായി നിശ്ചയിക്കാം. ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സ്ഥാപനം തന്നെ. ഇവയെല്ലാം യു.ജി.സി നിബന്ധനകള്‍ക്കു വിധേയമാകണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും പലപ്പോഴും ലംഘിക്കപ്പെടുന്നു.

  • ഭരണനിര്‍വ്വഹണകാര്യങ്ങളില്‍ സ്വയംഭരണാവകാശം.

ഡോ. എസ്. രാധാകൃഷ്ണന്‍
ഡോ. എസ്. രാധാകൃഷ്ണന്‍

സ്ഥാപനത്തിന്​ ധനസഹായം നല്‍കുന്ന വിദ്യാഭ്യാസ ട്രസ്റ്റ് (സ്‌പോണ്‍സറിംഗ് ബോഡി) ആണ് ചാന്‍സലറേയും പ്രോ-ചാന്‍സലറേയും നിയമിക്കുക. പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്തോടെയാണെങ്കില്‍ ഇതിനുള്ള അവകാശം സര്‍ക്കാരിനാണ്. ഇപ്പോഴത്തെ റഗുലേഷന്‍ അനുസരിച്ച് വൈസ് ചാന്‍സലറെ നിയമിക്കുന്നതില്‍ ട്രസ്റ്റിനാണ് മുന്‍തൂക്കം ലഭിക്കുക. 10നും 15നു മിടയില്‍ വരുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങളില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസ ട്രസ്റ്റിന്റെ വ്ക്താക്കളായിരിക്കും. സര്‍ക്കാര്‍ നിയന്ത്രണമുള്ള ട്രസ്റ്റുകളോ ആണെങ്കില്‍ അതതു കാലത്തെ സര്‍ക്കാരുകളുടെ നിയന്ത്രണങ്ങള്‍ക്കും നിര്‍ദ്ദേശത്തിനും വിധേയമായിരിക്കും പ്രവര്‍ത്തനം.

കല്പിതസര്‍വ്വകലാശാലയായി മാറുന്ന അല്ലെങ്കില്‍ അംഗീകാരം ലഭിക്കുന്ന സ്ഥാപനത്തിന്റെ സ്‌പോണ്‍സറിംഗ് ബോഡി ( ഫണ്ട് ചെലവാക്കുന്നവർ -മാനേജ്‌മെന്റ്)യ്ക്കു ലഭിക്കുന്ന അമിതാധികാരം, ആ സ്ഥാപനത്തിന്റെ ഭരണപരം മാത്രമല്ല, അക്കാദമിക് രംഗത്ത് കൂടി ഇടപെടുന്നതോടെ കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസ പദ്ധതിക്കു അതു ഭീഷണിയാകും. ആയതിനാല്‍ ഏതെങ്കിലും വിധം തിരക്കിട്ട് കല്പിത സര്‍വ്വകലാശാലകള്‍ വ്യാപകമാക്കുന്നതിനുമുമ്പ് അതതു രംഗത്തുള്ളവരെ ഉൾപ്പെടുത്തി. ഗുണദോഷ വിശകലനത്തിനു ശേഷം മുന്നോട്ടു പോകുന്നതാകും ഉചിതം.

Comments