മാഷെ ശിക്ഷിച്ചുകൊള്ളൂ, പക്ഷേ നിരപരാധികളായ കുട്ടികളെ രക്ഷിക്കുക തന്നെ വേണം

നടപടി, നടപടി എന്ന ഉമ്മാക്കികളെ തൃണവദ്ഗണിച്ച് അനേകം അധ്യാപകർ പി. പ്രേമചന്ദ്രനൊപ്പം നിൽക്കുന്നതിന്റെ പിന്നിലെ വികാരം സംഘടനകൾക്കും അധികാരികൾക്കും മനസ്സിലാക്കാൻ കഴിഞ്ഞാൽ നന്ന്.

ധ്യാപകർ അടിമയല്ല എന്ന വാദം ഉയർന്നുവന്നത് ഏത് സന്ദർഭത്തിലാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ‘അധ്യാപകർ കുട്ടികളെ പഠിപ്പിച്ചാൽ മതി, പരീക്ഷ എങ്ങനെ വേണമെന്ന് പരീക്ഷാ സെക്രട്ടറി തീരുമാനിക്കും' എന്നിങ്ങനെയുള്ള ജനാധിപത്യവിരുദ്ധമായ അഭിപ്രായപ്രകടനം ഉയർന്നു വരുമ്പോഴാണ് ഇത് പ്രസക്തമാകുന്നത്. ഒരാൾ അയാൾക്കേൽപ്പിച്ച പണി മാത്രം ചെയ്താൽ മതി എന്നത് ഉടമ അടിമയോട് പറയുന്ന വാക്യമല്ലാതെ മറ്റെന്താണ്? വർത്തമാനകാലത്തെ ഒരു തൊഴിലാളി, പണിയിലെ തന്റെ മികവിലൂടെ താൻ ആർജ്ജിച്ച ബോധ്യത്തെ പണിയെടുക്കാൻ ഏൽപ്പിച്ച ആളുകളെ അറിയിക്കുന്നത് തെറ്റാണോ?

പഠിപ്പിക്കുക എന്നതിലുപരി ഒരു സ്‌കൂളുമായി ബന്ധപ്പെട്ട നൂറായിരം കാര്യങ്ങൾ ചെയ്യുന്ന അഭിമാനമുള്ള അധ്യാപകരെ ഇത്തരം അഭിപ്രായങ്ങൾ എങ്ങിനെയാണ് ബാധിക്കുക? ഇത് പറഞ്ഞത് അബ്ദുൽ റബ്ബാണെങ്കിൽ എന്തായിരിക്കും പുകിലെന്ന് ഒന്നാലോചിച്ചു നോക്കൂ.

മറ്റൊന്ന്, അധ്യാപകർ പഠിപ്പിക്കുകയും പരീക്ഷയുടെ കാര്യങ്ങൾ മറ്റൊരാൾ ചെയ്യുകയും ചെയ്യുക എന്നത് അക്കാദമികമായി തെറ്റാണ്. പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് ചോദ്യങ്ങൾ എങ്ങനെ വേണമെന്നും ഏതു ഭാഗങ്ങളിൽനിന്ന് വേണമെന്നും ഓരോന്നിനും എത്ര സ്‌കോർ വീതം വേണമെന്നും തീരുമാനിക്കുന്നത്. അധ്യാപകർ തയ്യാറാക്കിയ ചോദ്യങ്ങൾ അച്ചടിക്കുകയും വിതരണം ചെയ്യുകയും പരീക്ഷയ്ക്ക് ആവശ്യമായ ആളുകളെ നിയമിക്കുകയും അവയ്ക്ക് ആവശ്യമായ മൂല്യ നിർണയ ക്യാമ്പുകൾ തയ്യാറാക്കുകയും അവിടുത്തേക്ക് അധ്യാപകരെ പോസ്റ്റ് ചെയ്യുകയും ചെയ്യുക തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളാണ് പരീക്ഷാസെക്രട്ടറിക്ക് ചെയ്യാനുള്ളത്. എന്നാൽ പരീക്ഷയുടെ ഇത്തരം കാര്യങ്ങൾ ഇക്കുറി തീരുമാനിച്ചത് ചില ഉന്നത ഉദ്യാഗസ്ഥരുടെ താത്പര്യപ്രകാരം ആയിരുന്നു. അധ്യാപകർക്ക് മാത്രം മനസ്സിലാകുന്ന ചില കാര്യങ്ങൾ പരീക്ഷയുമായി ബന്ധപ്പെട്ട പരിപാടികളിൽ ഉണ്ട്. അത് വില്ലേജ് ഓഫീസർക്കോ പരീക്ഷാ സെക്രട്ടറിക്കോ മനസ്സിലാവണമെന്നില്ല.

എന്തു കൊണ്ടാണ് പൊതു ഇടത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചത്? നേരത്തെ പി. പ്രേമചന്ദ്രൻ SCERT യുടെ പാഠപുസ്തക സമിതി അംഗവും ചോദ്യ നിർമാതാവും അധ്യാപക പരിശീലകനും ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രസ്തുത പ്രവർത്തനങ്ങളിൽ അദ്ദേഹം ഇല്ല. ചോദ്യ നിർമാണ ശില്പശാലകളിൽ പങ്കെടുത്ത ആളുകളിൽ തികച്ചും ഏകാധിപത്യപരമായ രീതിയിലാണ് തങ്ങൾ ഉണ്ടാക്കിയ പുതിയ ഘടന ഉദ്യോഗസ്ഥർ അടിച്ചേൽപ്പിച്ചത് എന്നത് ഇത്തരം വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് പലർക്കും അറിയാം. കെ.ജി.ബിയിൽ നിന്നോ സി.ഐ.എയിൽ നിന്നോ പരിശീലനം കിട്ടിയ യന്ത്രങ്ങളല്ല, മറിച്ച് കുട്ടികളോട് പ്രതിബദ്ധതയുള്ള അധ്യാപകരാണവർ. അവർ അവിടെ ആശങ്കകളുന്നയിച്ചിരുന്നു. ചോദ്യപേപ്പർ നിർമാണം എന്ന അതീവ രഹസ്യമായ ഒരു പ്രവർത്തനം എന്നതിന്റെ പേരിൽ, സ്വാഭാവികമായും അതിൽ പങ്കെടുത്ത ആളുകൾക്ക് ആ പ്രത്യേക സന്ദർഭത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. മാത്രമല്ല വളരെ ഉത്തരവാദപ്പെട്ട ആളുകൾ, കെ.എസ്.ടി.എ. യുടെ സംസ്ഥാന നേതൃത്വവുമായി വളരെ ബന്ധമുള്ള ആളുകൾ പോലും ശില്പശാലകളിൽ പങ്കെടുത്തിരുന്നു. അവർ അവിടെവച്ചുതന്നെ കെ.എസ്​.ടി.എയുടെ സംസ്ഥാന നേതൃത്വവുമായി ഈ വിഷയം ഗൗരവത്തിൽ ചർച്ച ചെയ്തിരുന്നു. അപ്പോൾ ആ തീരുമാനം സംഘടനയുമായി ആലോചിച്ച് എടുത്തതാണെന്നും അതിൽ ഇനി മാറ്റം വരുത്താൻ കഴിയില്ല എന്നും സംഘടന അവരെ അറിയിച്ചിട്ടുമുണ്ടെന്നുമായിരുന്നു മറുപടി. സ്വാഭാവികമായും ഇത്തരം ആശങ്കകൾ അധ്യാപകർ പരസ്പരം വിനിമയം ചെയ്യും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

ഈ കാര്യങ്ങൾ പലർക്കും അറിവുള്ളതാണ്. ഇനി സംഘടനക്കകത്തുനിന്ന് കൊണ്ടുള്ള ഒരു പ്രതിരോധത്തിന് യാതൊരു സാധ്യതയും ഇല്ലെന്നും ഇത് പൊതുസമൂഹം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ഈ തീരുമാനങ്ങളിൽ ഒരു മാറ്റമുണ്ടാകൂ എന്നും അദ്ദേഹം വിചാരിച്ചിരുന്നിരിക്കാം. മാത്രമല്ല ഇപ്രകാരം തയ്യാറാക്കിയ ചോദ്യപേപ്പറുകൾ പാക്ക് ചെയ്തു സീൽ ചെയ്‌തെങ്കിലും അത് പരിഹരിക്കാൻ ഇനിയും വഴിയുണ്ട് എന്ന നിർദ്ദേശം കൂടി അദ്ദേഹം പരസ്യമായി വിദ്യാഭ്യാസരംഗത്തെ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകുകയും കൂടിയായിരുന്നു പ്രസ്തുത കുറിപ്പിലൂടെ ചെയ്തിരുന്നത്.

‘ഫോക്കസ് ഏരിയ എന്ന് കള്ളി തിരിക്കുക, എന്നിട്ടു നോൺ ഫോക്കസ് ഏരിയയിൽ നിന്നും വൺ വേഡ് ചോദ്യങ്ങൾ ചോയ്‌സ് നൽകാതെ ഇരിക്കുക, എന്താണിത്തരം ആസൂത്രണത്തിന്റെ പിന്നിൽ? കുട്ടികളെ സഹായിക്കുകയോ അതോ ഈ പാൻഡെമിക് കാലത്ത് അവരുടെ പരീക്ഷാ വഴികളിൽ മുള്ളു വിതറലോ?'

വിദ്യാർത്ഥികളെ മനസ്സിലാക്കുന്ന ഏതെങ്കിലും അധ്യാപകൻ ഇതിനു പിന്നിലുണ്ടാകുമോ? ഇത്തരം ആസൂത്രണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഒരു ഉദ്യോഗസ്ഥ ലോബിയാണ്. അക്കാദമികമായ വിഷയങ്ങളിൽ അതുമായി യാതൊരു ബന്ധവും ഇല്ലാത്ത അവരുടെ ദുർവാശികൾ പിടിമുറുക്കുന്നതിന് എതിരെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. അതിന്റെ ഗൂഢാലോചനക്കാരെ തിരഞ്ഞ് പാഴൂർ പടിപ്പുര വരെ ചൊല്ലേണ്ടുന്ന യാതൊരാവശ്യവുമില്ല. ആരാണോ കുട്ടികൾക്ക് മാർക്ക് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നത് അവരുടെ ആസൂത്രണം തന്നെയാണ് ഈ വിചിത്രമായ ചോദ്യ ഘടനയ്ക്ക് പിന്നിൽ എന്നത് വ്യക്തമാണ്.

പൊതുവിദ്യാഭ്യാസത്തെ തകർക്കാനും സി.ബി.എസ്.സി അടക്കമുള്ള ഇതര രീതികളെ പോഷിപ്പിക്കാനുമുള്ള ശ്രമം തിരുവനന്തപുരത്തെ ബ്യൂറോക്രസിയിൽ നിന്നുണ്ടാകുന്നു എന്നത് ഒരു വാസ്തവമാണ് എന്നു പറഞ്ഞത് സാക്ഷാൽ അശോകൻ ചെരുവിലാണ്. അതേസമയം ഗൂഢാലോചന എന്ന വാക്ക് പ്രേമചന്ദ്രൻ മാഷുടെ കുറിപ്പിൽ എവിടെയാണ് ഉപയോഗിച്ചിട്ടുള്ളത്? ഇല്ലാത്ത കാര്യം ഉണ്ട് എന്ന് പറയുകയും പിന്നെയുള്ള എതിർപ്പ് അതിനു നേരെ തിരിക്കുകയും ചെയ്യുന്ന ‘സംഘി രീതി’ ചിലർ ഇടതുപക്ഷത്തിന്റേതാക്കി മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ചിലപ്പോൾ സംഘികൾ തന്നെ അയച്ച ട്രോജൻ ന്യായീകരണക്കുതിരയാവാനും മതി.

അതുകൊണ്ട് ഗൂഢാലോചനാ സിദ്ധാന്തമൊക്കെ മാറ്റി വെച്ച് പ്രേമചന്ദ്രൻ ഉന്നയിച്ച വസ്തുതകളുടെ മെറിറ്റിലേക്കു വരൂ. അവയെക്കുറിച്ച് എണ്ണിയെണ്ണി പറയൂ. എവിടെ പറയണം എപ്പോൾ പറയണം എന്ന സാങ്കേതിക കാര്യങ്ങൾ അവിടെ നിൽക്കട്ടെ. മുൻ അക്കാദമിക് JD പി പി. പ്രകാശനും കവി പി.രാമനും ഉമ്മൻ ചാണ്ടി ഭരണകാലത്ത് മുഖ്യധാരാ മാധ്യമങ്ങളിൽ പാഠപുസ്തകത്തെ നിശിതമായി വിമർശിച്ചു കൊണ്ടെഴുതിയിരുന്നു. അന്നത് അവിടെയല്ലാതെ എവിടെ പറയണമായിരുന്നു?

സർക്കാരുദ്യോഗസ്ഥർ മിണ്ടിക്കൂടെന്ന കാലഹരണപ്പെട്ട നിയമം എടുത്തു വീശാൻ അന്നത്തെ ഗവണ്മെന്റിന് അറിയാഞ്ഞിട്ടോ അതോ അത് വൃത്തികേടാണെന്നറിഞ്ഞിട്ടോ? അന്നു പോലും കാണാത്ത തിട്ടൂരങ്ങളാണ് ഇടതുഭരണകാലത്ത് പറന്നെത്തുന്നത് എന്നത് ലജ്ജാകരമായി തോന്നേണ്ടതല്ലേ? അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശം സർക്കാരുദ്യോഗസ്ഥനായതിനാൽ ഇല്ലാതാവുന്നില്ല എന്ന എം.ജി യൂണിവേഴ്‌സിറ്റിയിലെ അനിൽ കുമാറിന്റെ കേസിൽ ഹൈക്കോടതി വിധിച്ച കാര്യം ന്യായീകരണക്കാർ അറിഞ്ഞിരിക്കണം. അതുകൊണ്ട് പ്രേമചന്ദ്രന്റെ എഴുത്തിലെ വള്ളിയും പുള്ളിയും തിരയുകയല്ല, ഇല്ലാത്ത ഗൂഢാലോചനാ സിദ്ധാന്തം ഉയർത്തുകയല്ല, അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു തിരിച്ചറിയുകയാണ് പ്രധാനം. അത് ഒളിപ്പോരിലൂടെ ഗവണ്മെന്റിനെ അട്ടിമറിക്കാനായിരുന്നോ അതോ കോവിഡ് കാലത്ത് നിസ്സഹായതയിലായ പത്തു ലക്ഷത്തോളം വരുന്ന കുട്ടികൾക്ക് ആശ്വാസം ലഭിക്കുന്നതിനു വേണ്ടിയായിരുന്നോ?. ഇതിന്, ഇതിന് മാത്രമാണ് ഉത്തരം പറയേണ്ടത്.
അതുകൊണ്ട് ഞങ്ങൾക്ക് പറയാനുള്ളത് സത്യം വിളിച്ചു പറഞ്ഞ മാഷെ ശിക്ഷിച്ചുകൊള്ളൂ. പക്ഷേ നിരപരാധികളായ കുട്ടികളെ രക്ഷിക്കുക തന്നെ വേണം.

2011ലെ മികച്ച വിദ്യാഭ്യാസലേഖനത്തിനുള്ള സംസ്ഥാനസർക്കാരിന്റെ വിദ്യാഭ്യാസ മാധ്യമപുരസ്കാരം അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയിൽ നിന്ന് ഏറ്റുവാങ്ങുന്ന പി.പ്രേമചന്ദ്രൻ

സർക്കാരിന്റെ മാത്രമല്ല സംഘടനയുടെ ശിക്ഷയും അദ്ദേഹം അർഹിക്കുന്നുണ്ട്. നിശ്ചയമായും. ഒപ്പം തൊട്ടടുത്ത സ്റ്റേറ്റിൽ സ്റ്റാലിൻ എന്ന ഭരണാധികാരി വിദ്യാഭ്യാസ രംഗത്ത് എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കാൻ ചെന്നൈയിൽ അധ്യാപകനായ അജയകുമാർ കെ.ജെയുടെ കുറിപ്പിൽ നിന്നൽപ്പം വായിക്കുന്നത് ഉചിതമായിരിക്കും: ‘‘എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾക്ക് ഒന്നാം റിവിഷൻ പരീക്ഷയും തുടങ്ങി. (സംസ്ഥാന പൊതു പരീക്ഷാ ഡയറക്ടറേറ്റ് ആണ് എല്ലാ വിഷയങ്ങൾക്കും ചോദ്യപ്പേപ്പർ ഉണ്ടാക്കുന്നത്) ഒരു വിഷയത്തിനുള്ള ഒരു റിവിഷനിൽ രണ്ടോ മൂന്നോ യൂനിറ്റുകളേ ഉൾപ്പെടുത്തുകയുള്ളൂ. അതും പാൻഡമിക്, ലോക്ക്​ഡൗൺ സാഹചര്യം കണക്കിലെടുത്ത് 40 ശതമാനം പാഠഭാഗങ്ങൾ വെട്ടിക്കുറച്ചതിന് ശേഷമുള്ളതുമാത്രം. (ഇവിടുത്തെ ‘ഫോക്കസ്' ഏരിയ). ഈ സാഹചര്യത്തിൽ പലതരം സംഘർഷങ്ങളനുഭവിക്കുന്നവരും ഡിജിറ്റൽ ഡിവൈഡിന് ഇരയായവരുമായ വിദ്യാർത്ഥികളെ പതുക്കെ പഴയ നിലയിലേക്ക് കൊണ്ടുവരാനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്, കുട്ടികൾക്ക് അമിതഭാരം നൽകരുത് എന്ന് തമിഴ്‌നാട് വിദ്യാഭ്യാസവകുപ്പ് ആവർത്തിച്ച് നിർദ്ദേശങ്ങൾ നൽകുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ആറു മുതൽ ക്ലാസുകളിലെ കുട്ടികൾക്ക് ഓഫ് ലൈൻ ക്ലാസ്​ തുടങ്ങിയപ്പോൾ സിലബസ് പഠിപ്പിക്കരുത് എന്നാണ് പറഞ്ഞിരുന്നത്. കുട്ടികളുമായി സംവദിക്കുകയും അവരെ പഴയ നിലയിലേക്ക് കൊണ്ടുവരികയും ചെയ്യുകയാണ് വേണ്ടത് എന്നായിരുന്നു നിർദേശം. ഓൺലൈനിൽ പഠിപ്പിച്ചതല്ല, കഴിഞ്ഞ നവംബർ തൊട്ട് (ഇടക്ക് വീണ്ടും ക്ലാസുകൾ മുടങ്ങിയിരുന്നു) ഓഫ് ലൈനിൽ പഠിപ്പിച്ച, അതും വെട്ടിക്കുറച്ച സിലബസിലെ രണ്ടോ മൂന്നോ യൂനിറ്റുകൾ വീതമേ പരീക്ഷക്ക് ചോദിക്കുകയുള്ളൂ. സർക്കാരിന്റെ കൽവി (വിദ്യാഭ്യാസം) ടി.വി. വഴിയുള്ള ക്ലാസുകളും അധ്യാപകർ നേരിട്ടു നടത്തിയിരുന്ന ഓൺലൈൻ ക്ലാസുകളും മുഴുവൻ വിദ്യാർത്ഥികളിലേക്ക് വേണ്ട രീതിയിൽ എത്തിയിരുന്നില്ല, അല്ലെങ്കിൽ അത് സ്വീകരിക്കുന്നതിൽ വിദ്യാർത്ഥികൾക്ക് പരിമിതികളുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യബോധം ഇവിടുത്തെ വിദ്യാഭ്യാസ വകുപ്പിന് ഉണ്ടെന്ന് വേണം കരുതാൻ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, പൊതുവിദ്യാഭ്യാസമേഖലയെ ആശ്രയിക്കുന്ന സാധാരണക്കാരുടെ ജീവിതപരിതോവസ്ഥകളെ മനസ്സിലാക്കാനും ഡിജിറ്റൽ ഡിവൈഡ് എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാനും ഇവിടുത്തെ ഉദ്യോഗസ്ഥന്മാർക്കും ഭരണ നേതൃത്വത്തിനും സാധിക്കുന്നുണ്ട് എന്ന് പറയാം.’’

തമിഴ്നാടുമായി നമ്മളെ ഒന്നു താരതമ്യം ചെയ്യൂ. അവിടെ കുട്ടികളുടെ മനസ്സറിഞ്ഞ് അവർക്ക് സമാശ്വാസം നൽകുന്നു. ഇവിടെയോ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മുൾമുനയിൽ നിർത്തുന്നു. അതുകൊണ്ട് നിങ്ങളുടെ ന്യായീകരണങ്ങൾ പൊടിക്ക് ഒന്നു കുറയ്ക്കണം. പുതിയ പിള്ളേർ നിങ്ങളെ പഞ്ഞിക്കിടും. വീട്ടിൽ പൊതുവിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുണ്ടെങ്കിൽ ഒന്നു മാറി നടക്കുന്നതും നന്നാവും (സി.ബി.എസ്.സി വിദ്യാർഥികളാണെങ്കിൽ കുഴപ്പമില്ല.)

നടപടി, നടപടി എന്ന ഉമ്മാക്കികളെ തൃണവദ്ഗണിച്ച് അനേകം അധ്യാപകർ പ്രേമചന്ദ്രനൊപ്പം നിൽക്കുന്നതിന്റെ പിന്നിലെ വികാരം സംഘടനകൾക്കും അധികാരികൾക്കും മനസ്സിലാക്കാൻ കഴിഞ്ഞാൽ നന്ന്.

അവസാനമായി പറയട്ടെ, പ്രേമചന്ദ്രൻ മാഷ് വിദ്യാഭ്യാസ കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഇനിയും തുടരും. കാരണം അദ്ദേഹത്തിന് വിദ്യാഭ്യാസം ജീവനാണ്, ജീവിതമാണ്. അതു വിട്ട് അദ്ദേഹം എവിടെയും പോയിട്ടില്ല. പോവുകയുമില്ല.

Comments