SSLC ഫലം: CBSE ലോബിയുടെ തന്ത്രം ഫലിച്ചു, ആഘോഷിക്ക​ട്ടെ, ഭരണകൂടത്തിലെ അന്തഃപ്പുരങ്ങൾ

എസ്​.എസ്​.എൽ.സി വിജയശതമാനത്തിൽ നേരിയ കുറവുമാത്രമേ ഈ വർഷം ഉള്ളൂ. വിജയശതമാനം കൂടുന്നതിൽ ആർക്കും വിയോജിപ്പോ പ്രതിഷേധങ്ങളോ ഇല്ല. സി.ബി.എസ്​.ഇ വക്താക്കൾക്കുവേണ്ടത് പൊതുവിദ്യാലയങ്ങളിൽ ഉയർന്ന സ്‌കോർ ലഭിക്കുന്ന കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്. അതിനു വേണ്ടിയുള്ള തന്ത്രങ്ങളാണ് അവർ എന്നും ആവിഷ്‌കരിച്ചിട്ടുള്ളത്. അത് ഫലിച്ചിരിക്കുന്നു. കൃത്യം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു. കുട്ടികളുടെ ഉത്കണ്ഠയോടൊപ്പം നിന്ന്​ പൊതുവിദ്യാഭ്യാസത്തിന് വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ, പി. പ്രേമചന്ദ്രൻ ട്രൂ കോപ്പിയിലൂടെ ഉന്നയിച്ച ആശങ്കകൾ 100% ശരിയായിരുന്നു എന്ന് എസ്​.എസ്​.എൽ.സി പരീക്ഷാഫലം തെളിയിക്കുന്നു. ഫോക്കസ്​ ഏരിയ വിഷയത്തിലും എസ്​.എസ്​.എൽ.സി- പ്ലസ്​ ടു പരീക്ഷാനടത്തിപ്പിന്റെ കാര്യത്തിലും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പൊതുസമൂഹത്തിനൊപ്പവും നിന്ന്​ ട്രൂ കോപ്പി ഉയർത്തിയ ആശങ്കകളെ, ഇത്തവണത്തെ എസ്​.എസ്​.എൽ.സി ഫലത്തിന്റെ പശ്​ചാത്തലത്തിൽ പരിശോധിക്കുന്നു

വർഷത്തെ എസ്​.എസ്​.എൽ.സി ഫലം ആരെയാണ് കൂടുതൽ തൃപ്തരാക്കിയിട്ടുണ്ടാവുക? പൊതുവിദ്യാഭ്യാസത്തിനുവേണ്ടി നിലകൊള്ളുന്നവരെ ആയിരിക്കുമോ? അല്ല പൊതുവിദ്യാഭ്യാസത്തിന്റെ മേൽക്കൈ നഷ്ടപ്പെടുന്നതിനായി തന്ത്രങ്ങൾ മെനയുന്നവരെ ആയിരിക്കുമോ?

എസ്​.എസ്​.എൽ.സി വിജയശതമാനത്തിൽ നേരിയ കുറവുമാത്രമേ ഈ വർഷം ഉള്ളൂ, മുൻവർഷത്തെ എസ്​.എസ്​.എൽ.സിയുടെയും സി.ബി.എസ്​.ഇ പത്താം ക്ലാസിന്റെയും അടുത്തുതന്നെ, അതായത്​, 99 ശതമാനത്തിനുമുകളിൽ. വിജയശതമാനം കൂടുന്നതിൽ ആർക്കും വിയോജിപ്പോ പ്രതിഷേധങ്ങളോ ഇല്ല.

സി.ബി.എസ്​.ഇ വക്താക്കൾക്കുവേണ്ടത് പൊതുവിദ്യാലയങ്ങളിൽ ഉയർന്ന സ്‌കോർ ലഭിക്കുന്ന കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്. അതിനു വേണ്ടിയുള്ള തന്ത്രങ്ങളാണ് അവർ എന്നും ആവിഷ്‌കരിച്ചിട്ടുള്ളത്. അത് ഫലിച്ചിരിക്കുന്നു. കൃത്യം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു.

ചോദ്യപേപ്പർ ഘടനാമാറ്റത്തിന്റെ ലക്ഷ്യങ്ങൾ

എസ്​.എസ്​.എൽ.സി ഒരു പഠനകാലയളവിന്റെ അവസാനപടിയാണ്. അടുത്ത ഘട്ടം മുതൽ തെരഞ്ഞെടുപ്പിലൂടെ / നേടുന്ന ഗ്രേഡുകളുടെ, സ്‌കോറുകളുടെ ബലത്തിൽ കയറിപ്പോകേണ്ട പടവുകളാണ്. ആ യാത്രയിൽ പൊതുവിദ്യാലയത്തിലെ കുട്ടികളെക്കാൾ മുന്നിലെത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ സി.ബി.എസ്​.ഇക്കുവേണ്ടി നിലകൊള്ളുന്ന ആളുകൾക്കുള്ളൂ. പൊതുവിദ്യാലയത്തിലെ എല്ലാ ഘട്ടത്തിലും (എസ്​.എസ്​.എൽ.സിക്കും പ്ലസ്​ ടുവിനും) മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടുന്ന കുട്ടികളുടെ എണ്ണം കുറക്കുക എന്ന ഒറ്റ അജണ്ടയിലാണ് അവർ അവരുടെ നിലനിൽപ്പിനെപ്പോലും കാണുന്നത്. അതവരുടെ ജീവന്മരണ പ്രശ്‌നമാണ്.

സർക്കാർ ഉത്തരവുകൾ പോലും തെറ്റായി വ്യാഖ്യാനിച്ചാണ് ഈ വർഷത്തെ പൊതു പരീക്ഷാചോദ്യപേപ്പർ ഘടനാമാറ്റം കൊണ്ടുവന്നത്. ഡിസംബറിൽ സർക്കാർ ഇറക്കിയ ഉത്തരവിൽ നോൺ ഫോക്കസ് ഏരിയ പ്രത്യേക വിഭാഗമായാണ് ചോദ്യപേപ്പറിൽ അച്ചടിക്കുക എന്നതിന്റെ ഒരു സൂചനപോലും ഉണ്ടായിരുന്നില്ല. മുൻവർഷത്തേതുപോലെ, ഫോക്കസ് ഏരിയയും നോൺ ഫോക്കസ് ഏരിയയും ഇടകലർത്തി ചോദ്യങ്ങൾ ചോദിക്കുകയും കുട്ടികൾക്ക് അറിയുന്ന ചോദ്യങ്ങൾക്കുത്തരം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയും ചെയ്യും എന്നുതന്നെയാണ് ആ ഉത്തരവ് വായിച്ചാൽ പൊതുവിദ്യാഭ്യാസ പ്രവർത്തകർക്ക്​ മനസ്സിലാവുക. ജനുവരിയിൽ അടക്കം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അധ്യാപകർ പരീക്ഷാബോധവത്കരണ ക്ലാസുകൾ നടത്തിയത് ഈ ധാരണയുടെ പുറത്തായിരുന്നു.

സ്വഭാവികമായും, ഫോക്കസ് ഏരിയ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചാൽ കുട്ടികൾ അതിൽ വരുന്ന പാഠഭാഗങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുക എന്നതാണല്ലോ സംഭവിക്കുക. അങ്ങനെയാണ് സ്‌കൂൾ തുറന്ന നവംബർ മുതൽ സർക്കാർവൃത്തങ്ങളും പറഞ്ഞുകൊണ്ടിരുന്നത്. അതിന്​ തൊട്ടുമുമ്പ് നടന്ന പരീക്ഷയുടെ ചോദ്യങ്ങളും അതേരീതിയിലുള്ളതായിരുന്നു. ഇടിത്തീ പോലെയാണ് കുട്ടികൾ അറിഞ്ഞത്, അവർ ശ്രദ്ധാപൂർവം പഠിക്കാത്ത നോൺ ഫോക്കസ് ഏരിയയിൽ നിന്നും, പലതിലും ഓപ്ഷനുകൾ കൂടി ഇല്ലാതെ ചോദ്യങ്ങൾ പ്രത്യേക വിഭാഗമായി പൊതുപരീക്ഷയിൽ ചോദിക്കുമെന്നും, അവക്കുകൂടി ഉത്തരമെഴുതിയില്ലെങ്കിൽ തങ്ങളുടെ 30% സ്‌കോർ നഷ്ടപ്പെടുമെന്നും. അത് അവിശ്വസനീയമായിരുന്നു. അതും പൊതുപരീക്ഷ നടക്കാനിരിക്കുന്നതിന് ഒന്നരമാസം മുമ്പ്! അത് ഈ വർഷത്തെ എസ്​.എസ്​. എൽ.സി / ഹയർ സെക്കന്ററി കുട്ടികളിലുണ്ടാക്കിയ ഉത്കണ്ഠ ചില്ലറയല്ല. പലരും മനോവിഭ്രാന്തിയിലായി. ആശുപത്രികളിൽ ചികിത്സ നേടിയവരും പേടിച്ച് പരീക്ഷ എഴുതാതിരുന്നവരും നിരവധിയാണ്. ആത്മാഹുതികളും നടന്നു. പലരേയും പേടിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നുമാത്രം.

ഈ കുട്ടികളുടെ ഉത്കണ്ഠയോടൊപ്പം നിന്നാണ് പൊതുവിദ്യാഭ്യാസത്തിന് വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ, പി. പ്രേമചന്ദ്രൻ കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ ഈ വിഷയം ഉന്നയിച്ചത്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ 100% ശരിയായിരുന്നു എന്ന് ഈ പരീക്ഷാഫലം തെളിയിക്കുന്നു. അദ്ദേഹം അപ്പറഞ്ഞതിന് സർക്കാർ അച്ചടക്ക നടപടിയുടെ നൂലാമാലകളിലൂടെ കടന്നുപോവുകയാണെങ്കിലും!

ഈ വർഷത്തെ എസ്​.എസ്​.എൽ.സി ഫലത്തെ, പ്രത്യേകിച്ചും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തെ തൊട്ടു മുൻവർഷത്തെ കുട്ടികളുടെ ഫലവുമായല്ല താരതമ്യം ചെയ്യേണ്ടത് എന്നും അത് സാധാരണനിലയിൽ കുട്ടികൾ പരീക്ഷയെഴുതിയ അതിനും മുന്നിലെ വർഷത്തെ ഫലവുമായാണ് വേണ്ടത് എന്നുമുള്ള വിചിത്രവാദം ചിലർ ഉന്നയിക്കുന്നുണ്ട്. അത് അസംബന്ധമാണ്. എപ്രകാരമെന്നാൽ എല്ലാ ആരോഗ്യ- കായിക ശ്രദ്ധയും പരിചരണവും പരിശീലനവും ലഭിച്ച കളിക്കാർ നേടിയ ഫലത്തേയും, ഭീതിയുടെ ജയിലിലടക്കപ്പെട്ട് ഒരു പരിചരണവും പരിശീലനവും ലഭിക്കാതെ നാമമാത്രമായ സാമഗ്രികൾ വെച്ചു മാത്രം ഒരു സംഘം നേടിയ വിജയത്തേയും തുലനം ചെയ്യുന്നതുപോലെ വിഡ്ഢിത്തം നിറഞ്ഞത്!

തൊട്ടുമുൻവർഷം കുട്ടികളെ ചേർത്തുപിടിച്ചാണ്​, കോവിഡ് സാഹചര്യത്തിൽ അവർക്ക് ആശ്വാസം നൽകുംവിധം അയവുള്ള ഒരു പൊതു പരീക്ഷ കേരള സർക്കാർ നടത്തിയത്. പിന്തുടർന്നുവരുന്ന ഒരു പാഠ്യപദ്ധതിയുടെ അനുബന്ധമായിരുന്നു ആ നിലപാട്​. കോവിഡിനേക്കാൾ ഭയപ്പെടുത്തുന്ന പരീക്ഷയുടെ എരിതീയിലേക്ക് കുഞ്ഞുങ്ങളെ നിഷ്‌കരുണം എടുത്തെറിയുന്ന സമീപനമല്ല അന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സംഘടനകളും അക്കാദമിക സ്ഥാപനങ്ങളും യോജിച്ച് ആലോചിച്ചെടുത്തത്. കുട്ടിയാണ് പാഠ്യപദ്ധതിയുടെ കേന്ദ്രമെങ്കിൽ അവരുടെ ഉൽക്കണ്ഠകൾക്കും പ്രയാസങ്ങൾക്കുമാണ് മുൻഗണന ലഭിക്കുക. അവർക്ക് ലഭിച്ച പരിമിതമായ പഠനസമയമാണ് പ്രഥമപരിഗണനയ്ക്കായി വരിക. അത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ആ വർഷം പരീക്ഷാ മാനദണ്ഡങ്ങൾ അപ്രകാരം ആയിത്തീർന്നത്. 40% മാത്രം ഫോക്കസ് ഏരിയ നിശ്ചയിച്ചു. ചോദ്യപ്പേപ്പറുകളിൽ 100% ചോദ്യങ്ങൾ അധികമായി നൽകി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി വീണ്ടും സമയമുണ്ടെങ്കിൽ അറിയുന്ന മൂന്നോ നാലോ ചോദ്യങ്ങൾക്കു കൂടി ഉത്തരം എഴുതാമെന്നും അതുകൂടി അധ്യാപകർ വിലയിരുത്തി കുട്ടികൾക്ക് പരമാവധി സ്‌കോർ നൽകാമെന്നും തീരുമാനിച്ചു.

Photo: DHE Kerala
Photo: DHE Kerala

തീർച്ചയായും ഒരു മഹാമാരിക്കാലത്ത് കുട്ടികളുടെ പക്ഷത്തുനിന്ന് എടുക്കാവുന്ന ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു അത്​. സ്വാഭാവികമായും കുട്ടികൾക്ക് നല്ല ഗ്രേഡ്​ ലഭിച്ചു. എ പ്ലസുകാരുടെ എണ്ണം 1,25,509 ആയി. എന്നാൽ പൊതുവിദ്യാലയത്തിലെ ഇത്രയും കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചപ്പോൾ അത് പൊടുന്നനെ നിലവാരമില്ലായ്മയുടെ അടയാളമായി ചിലർ വ്യാഖ്യാനിച്ചു. ഈ വ്യാഖ്യാനം പുതുതായി ഉണ്ടായ ഒന്നല്ല.

നേരത്തെ 30 / 40 ശതമാനമുണ്ടായിരുന്ന എസ്​.എസ്​.എൽ.സി / പ്രീ ഡിഗ്രി ഫലം പുതിയ പാഠ്യപദ്ധതി നിലവിൽ വന്നശേഷം 90 ശതമാനത്തിനുമുകളിലായപ്പോൾ ഈ നിലവാരമില്ലായ്മയെക്കുറിച്ചുള്ള പരിഹാസം പല കോണുകളിൽനിന്നും പൊതുവിദ്യാഭ്യാസ പ്രവർത്തകർ കേട്ടതാണ്. അന്ന് ഭരിച്ചിരുന്ന മന്ത്രിമാർ, വിദ്യാഭ്യാസ പ്രവർത്തനത്തെ നയിച്ചിരുന്ന സ്ഥാപനങ്ങളിലെ ഉന്നതർ, വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി പൊതുവിദ്യാഭ്യാസ പക്ഷത്ത് നിലകൊള്ളുന്ന എല്ലാവരും കുട്ടികൾക്ക് സ്‌കോർ ലഭിക്കുന്നതിനും വിജയശതമാനം കൂടുന്നതിനും ഒപ്പം നിന്നു. അത് ഒരു സമീപനമാറ്റത്തിന്റെയും നിലവാരമളക്കുന്നതിൽ വന്ന വ്യതിയാനത്തിന്റെയും ഗുണാത്മകമായ സൂചനയാണെന്ന് അഭിമാനിച്ചു.

എന്നാൽ ഇന്ന് എ പ്ലസുകാരുടെ എണ്ണം കൂടിയതിനെ പരിഹസിക്കാൻ പുറപ്പെടുന്നതിൽ കേരളത്തിലെ വിദ്യാഭ്യാസമന്ത്രി കൂടി ഉൾപ്പെടുകയാണ്! അദ്ദേഹത്തിന്റെ വാക്കുകളിൽ, കഴിഞ്ഞവർഷം ഒന്നേകാൽ ലക്ഷത്തിനടുത്ത് കുട്ടികൾക്ക് എ പ്ലസ് ലഭിച്ചത് എന്തോ മഹാപരാധമാണ് എന്ന ഇകഴ്​ത്തൽ ടോൺ പ്രത്യക്ഷമാണ്. അപ്രകാരം ഒരു പരീക്ഷാരീതി കൊണ്ടുവന്നത് മറ്റേതോ സർക്കാരിന്റെ കുത്സിതനീക്കത്തിന്റെ ഭാഗമാണ് എന്ന തോന്നലുണ്ടാക്കുന്നതാണ് ആ പുച്ഛം. അതിലെ വിമർശനങ്ങൾ ആ തീരുമാനമെടുത്ത ആളുകളുടെ മുഖത്തിനുനേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് അദ്ദേഹം ഓർക്കുന്നില്ല. അല്ലെങ്കിൽ ഓർമപ്പെടുത്തേണ്ടവർ അതദ്ദേഹത്തെ ഓർമിപ്പിക്കുന്നില്ല.

കേരളത്തിലെ ഒന്നേകാൽ ലക്ഷം കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചതുകൊണ്ട് എന്ത് പ്രശ്‌നമാണ് ഇവിടെയുണ്ടായത്? കേരളത്തിലെ ഹയർസെക്കൻഡറി സ്‌കൂളുകളിലേക്ക് ഏകജാലകം വഴിയുള്ള പ്രവേശനം സംബന്ധിച്ച് പുതിയ ചില മാനദണ്ഡങ്ങൾ ഉപയോഗിക്കേണ്ടിവന്നു. ഉദ്യോഗസ്ഥതലങ്ങളിൽ ആലോചിച്ച് ചില നിബന്ധനകളും ക്രമീകരണങ്ങളും ഉണ്ടാക്കേണ്ടിവന്നിട്ടുണ്ടാകാം. എങ്കിലും വലിയ പ്രശ്‌നം കൂടാതെ മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം സമയബന്ധിതമായി നൽകാൻ കഴിഞ്ഞു. അത് സർക്കാർ തന്നെ വലിയ നേട്ടമായി പറയുന്നുമുണ്ട്. ഞങ്ങൾക്ക് മാത്രമാണ് ഉയർന്ന സ്‌കോർ ലഭിക്കേണ്ടത് എന്ന് വിചാരിച്ചിരുന്ന സി. ബി. എസ്. ഇക്കാരുടെയും പൊതുവിദ്യാലയത്തിലെതന്നെ ഉയർന്ന വിഭാഗക്കാരുടേയും ആശകൾക്ക് ചിലപ്പോൾ മങ്ങലേറ്റിട്ടുണ്ടാകാം. ചിലർക്ക് അവർ ആഗ്രഹിച്ച സ്‌കൂളുകൾ ലഭിച്ചിട്ടുണ്ടാവില്ല. മറ്റു ചിലർക്ക് ആശിച്ച കോഴ്‌സുകളും. ഇന്നുവരെ അവരുടെ പരിഗണനയിൽ വരാതിരുന്ന പിന്നാക്കക്കാർക്ക്, ദലിതർക്ക്, സാമൂഹികവും സാംസ്‌കാരികവുമായി വലിയ പിന്തുണയില്ലാത്ത മനുഷ്യരുടെ മക്കൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് അവരുടെ വരേണ്യതയെ കുത്തിനോവിച്ചിട്ടുണ്ടാകാം. തങ്ങൾക്കുമാത്രം അതുവരെ ലഭിച്ചിരുന്ന സീറ്റുകൾ മറ്റു ചില പരിഗണനകൾ കൂടി വെച്ച്​ അത്തരം കുഞ്ഞുങ്ങൾക്ക് ലഭിച്ചതിൽ അവർ അസന്തുഷ്ടരാണ്. അവരുടെ ഈ അസന്തുഷ്ടിയും അസൂയയും അല്ലാതെ മറ്റാർക്കും ആ മഹാമാരിക്കാലത്തുണ്ടായ ഉയർന്ന റിസൾട്ട് മോശമായി വന്നിട്ടില്ല. ആ സ്‌കോർ ലഭിച്ച കുട്ടികൾ കൂടുതൽ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു.

പി. പ്രേമചന്ദ്രൻ
പി. പ്രേമചന്ദ്രൻ

അതേസമയം സി. ബി. എസ്. ഇ ഒരു പൊതുപരീക്ഷപോലും നടത്താതെ, കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെയും പതിനൊന്നാം ക്ലാസ്സിലെയും ക്ലാസ്​ പരീക്ഷയുടെ മാർക്ക്​ നോക്കി ഉയർന്ന ഗ്രേഡുകൾ നൽകുകയാണുണ്ടായത്. സി. ബി. എസ്. ഇ സ്‌കൂളുകളുടെ ഫുൾ എ പ്ലസ് ശതമാനം പടിപടിയായി ഉയർന്നതിന്റെ വിശദാംശങ്ങൾ നിനിത കണിച്ചേരി ഫോക്കസ് ഏരിയ വിഷയത്തിൽ ട്രൂ കോപ്പിയിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സി. ബി. എസ്. ഇ ക്കാരുടെ ഉന്നതവിജയം നിലവാരരാഹിത്യമായി കേരളത്തിൽ ഇന്നുവരെ ആർക്കും തോന്നിയിട്ടില്ല! പൊതുവിദ്യാലയത്തിലെ കുട്ടികൾക്ക് ഉന്നതവിജയം ലഭിക്കുമ്പോൾ മാത്രമാണ് അത് അനർഹവും അപകടകരവും വിദ്യാഭ്യാസ സമ്പ്രദായത്തിനുതന്നെ നാണക്കേടും ആയി ചിലർക്കൊക്കെ തോന്നുന്നത്!

താരതമ്യം പഴയ കാലവുമായല്ല, കോവിഡ് കാലവുമായി

എന്തുകൊണ്ട് ഈ വർഷത്തെ എസ്​.എസ്​.എൽ.സി ഫലം കഴിഞ്ഞതിനും മുമ്പിലുള്ള, അതായത് സാധാരണ സമയത്തുള്ള അധ്യയനവർഷത്തെ പരീക്ഷാ ഫലവുമായി താരതമ്യം ചെയ്യാൻ കഴിയാത്തത് എന്ന് തിരിച്ചറിയേണ്ടതുണ്ട്. കോവിഡ് കാലത്തിനുമുൻപ് ഇരുന്നൂറോളം അധ്യയനദിവസങ്ങളിലായാണ് കുട്ടികൾ പഠനപ്രക്രിയ പൂർത്തിയാക്കിയിരുന്നത്. ഓരോ വിഷയത്തിനും സിലബസ് മുഴുവൻ പഠിപ്പിക്കപ്പെട്ട, റിവിഷൻ ക്ലാസുകൾ കൃത്യമായി ലഭിച്ച, നിരവധി ടേമിനൽ പരീക്ഷകളിലൂടെ കടന്നുവന്ന കുട്ടികളായിരുന്നു അവർ. പഠനത്തോടൊപ്പം സർഗ്ഗാത്മകമായ ആവിഷ്‌കാരങ്ങൾക്കുള്ള ഇടങ്ങൾ സ്‌കൂളുകളിൽ അക്കാലത്തുണ്ടായിരുന്നു. കലോത്സവങ്ങളും കായികമേളയും പ്രവൃത്തിപരിചയമേളയും ക്ലബ്ബ് പ്രവർത്തനങ്ങളുമൊക്കെയായി അവർ ഉന്മേഷകരമായ ഒരന്തരീക്ഷത്തിലായിരുന്നു പഠിച്ചതും പൊതുപരീക്ഷ എഴുതിയതും. അവരുടെ ഉത്കണ്ഠകളും വിഹ്വലതകളും പരിഹരിക്കാൻ തൊട്ടടുത്ത് അധ്യാപകർ ഉണ്ടായിരുന്നു.

അങ്ങനെ എല്ലാ പിന്തുണാസംവിധാനങ്ങളും ഉണ്ടായിരുന്ന കുഞ്ഞുങ്ങളായിരുന്നു കോവിഡ് കാലത്തിനുമുമ്പ് പരീക്ഷ എഴുതിയത്​. എന്നാൽ 200 അധ്യയന ദിവസങ്ങൾക്കുപകരം ഓരോ വിഷയത്തിനും 25 മണിക്കൂറിൽ താഴെ ക്ലാസ്​! ഓൺലൈൻ ക്ലാസുകളിൽ മഹാഭൂരിപക്ഷത്തിനും കയറാൻ കഴിയുന്നില്ല എന്ന് എസ് സി ഇ ആർ ടി യുടെ തന്നെ കണ്ടെത്തലുകൾ! ഒരുതരത്തിലുള്ള ടേമിനൽ പരീക്ഷകളിലൂടെയും കടന്നുപോകാൻ കഴിഞ്ഞില്ല!
നവംബറിൽ സ്‌കൂൾ തുറക്കൽ! ആഴ്ചയിൽ മൂന്നുദിവസം പകുതി സമയം മാത്രം ക്ലാസ്​! അവരാണ് ഇക്കൊല്ലം പരീക്ഷയെഴുതിയ ഹതഭാഗ്യർ.

തൊട്ടുമുൻവർഷത്തിൽ നിന്ന്​ മൂന്ന് മാറ്റങ്ങൾ പ്രകടമായി ഇക്കുറി പരീക്ഷാ ഘടനയിൽ വരുത്തിയത് സർക്കാർ ഡിസംബറിൽ കുട്ടികളെ അറിയിച്ചു. 40% ഉണ്ടായിരുന്ന ഫോക്കസ് ഏരിയ അതിന്റെ 50 % കൂടി വർധിപ്പിച്ച് 60 % ആക്കി. നൂറു ശതമാനം ചോദ്യങ്ങൾ അധികമായി നൽകിയിരുന്നത് ഒറ്റയടിക്കു വെട്ടിച്ചുരുക്കി 50 % ആക്കി. 80 സ്‌കോറിൽ കൂടുതൽ എഴുതുകയാണെങ്കിൽ അവ പരിഗണിക്കേണ്ടതില്ല എന്ന് തീരുമാനിക്കപ്പെട്ടു. ഈ മൂന്ന് മാറ്റങ്ങളും കുട്ടികൾക്ക് ഭീതിയുളവാക്കുന്നതായിരുന്നു. എങ്കിലും 60% ഉള്ള ഫോക്കസ് ഏരിയ കൃത്യമായും പഠിച്ചാൽ മികച്ച സ്‌കോർ നേടാം എന്ന പ്രതീക്ഷ അവർക്കുണ്ടായിരുന്നു. അവർ അതിനായുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു.

ഈ മാറ്റങ്ങൾക്കൊപ്പം കേരളത്തിലെ പൊതുവിദ്യാലയത്തിലെ അധ്യാപകർ നിന്നിരുന്നു. അപ്പോഴാണ് സർക്കാർ നയങ്ങൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥതലത്തിൽ തീരുമാനമുണ്ടാവുകയും ആ തീരുമാനത്തിനൊപ്പം രാഷ്ട്രീയ നേതൃത്വത്തിന് പിന്നീട് നിൽക്കേണ്ടിവരികയും ചെയ്തത്. നോൺ ഫോക്കസ് ഏരിയ നിർബന്ധമായും ഉത്തരമെഴുതേണ്ട ഒന്നായി ചോദ്യപ്പേപ്പറിൽ പ്രത്യേക വിഭാഗമായി അങ്ങനെ ഇടംപിടിച്ചു. അതിൽ പല വിഭാഗങ്ങൾക്കും ഓപ്ഷൻ പോലും ഇല്ലാതിരുന്നു. ഒറ്റവാക്കിൽ നിർബന്ധമായും ഉത്തരമെഴുതേണ്ട ചോദ്യവിഭാഗത്തിൽ ഓപ്ഷൻ ഇല്ലാത്തതു കൊണ്ടു മാത്രം എ പ്ലസ് നഷ്ടപ്പെട്ട നിരവധി കുട്ടികളുണ്ടാവും. ഈ ചോദ്യഘടനാ മാറ്റം ഉണ്ടാക്കിയ ഭീതി വലുതായിരുന്നു.

ഈ വർഷത്തെ പരീക്ഷാഫലത്തെ ഒരു കാരണവശാലും കഴിഞ്ഞതിന് മുൻവർഷം നടന്ന പരീക്ഷയുമായി താരതമ്യം ചെയ്യുക ശാസ്ത്രീയമല്ല എന്നാണ് പറഞ്ഞുവരുന്നത്. തൊട്ടുമുന്നിൽ ചിലപ്പോൾ കോവിഡ് ഭീതി ഇത്രപോലുമില്ലാത്ത ഒരു സാഹചര്യത്തിൽ, പരീക്ഷയെഴുതിയ കുട്ടികളുടെ സ്‌കോറുമായുമാണ് താരതമ്യം ചെയ്യേണ്ടത്. അപ്പഴാണ് എ പ്ലസ് എണ്ണം മൂന്നിൽ ഒന്നായി ചുരുങ്ങിയതിന്റെ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയൂ. കഴിഞ്ഞ കോവിഡ് കാലത്ത് പരീക്ഷയെഴുതിയ കുട്ടിയെക്കാൾ സംഘർഷത്തിലാണ് ഈ വർഷത്തെ കുഞ്ഞുങ്ങൾ പൊതുപരീക്ഷ എഴുതിയതെന്നും അവർക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ സാധ്യായദിവസങ്ങൾ ഇവർക്ക് സ്‌കൂളുകളിൽ ലഭിച്ചിരുന്നില്ലെന്നതും കൂടി ഓർക്കണം. അപ്പഴേ ചോദ്യപേപ്പർ ഘടനാമാറ്റം അതായത് നോൺ ഫോക്കസ് ഏരിയ കള്ളി തിരിച്ച് നിർബന്ധപൂർവ്വം എഴുതേണ്ട ഒന്നാക്കി മാറ്റിയവരുടെ വിജയച്ചിരിയുടെ രാഷ്ട്രീയം മനസ്സിലാവൂ.

എസ്​.എസ്​.എൽ.സി ഫലത്തെക്കാൾ ഇത് കൂടുതൽ ഗുരുതരമായി പ്രത്യക്ഷപ്പെടുക ഹയർ സെക്കൻഡറി പരീക്ഷാഫലം വരുമ്പോഴാണ്. അവിടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെയും ചില വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് നേടിയ കുട്ടികളുടെയും എണ്ണത്തിൽ ഇതിലും വലിയ കുറവുണ്ടാവുക തന്നെ ചെയ്യും.

അതിന് വലിയ ബുദ്ധി ഉപയോഗിച്ചവരുടെ തന്ത്രങ്ങൾ വിജയിച്ചതിന്റെ ആഘോഷങ്ങൾ ഇതിലും വലുതായി അന്തഃപ്പുരങ്ങളിൽ നടക്കും. ആ തന്ത്രങ്ങൾക്കുമുന്നിൽ ഓച്ഛാനിച്ചുനിന്ന ഭരണസംവിധാനത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ആളുകളും ചിലപ്പോൾ സന്തോഷിക്കും. അവർ തങ്ങളുടെ വാദങ്ങളിൽ ദുർബലമായി പിടിച്ചുനിൽക്കാൻ ശ്രമിക്കും. അപ്പോൾ, ഭീതിതമായ ഒരു സാഹചര്യത്തിലൂടെ, നിരവധിയായ ഉത്കണ്ഠകളിലൂടെ കടന്നുപോയി പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ, അവരുടേതല്ലാത്ത കുറ്റങ്ങളാൽ, സ്വന്തം സ്‌കോർ കാർഡിൽ തിളക്കമില്ലാത്ത അക്ഷരങ്ങളും അക്കങ്ങളും കണ്ട് അസ്തപ്രജ്ഞരായി നിൽക്കുന്നുണ്ടാകും. സാധാരണ നിലയിൽ ക്ലാസുകൾ നടക്കുകയും പരീക്ഷകൾ നടക്കുകയും ചെയ്തിരുന്നെങ്കിൽ നല്ല സ്‌കോർ ലഭിക്കുന്ന കുട്ടികളായിരുന്നു അവർ. അഭിനന്ദിക്കേണ്ട കൈകൾ, ഈ കയ്പു നിറഞ്ഞ നിമിഷങ്ങളിൽ സാന്ത്വനിപ്പിക്കാനായി തലോടിയില്ലെങ്കിലും, തങ്ങളുടെ പിഴവുകളെ അന്ധമായി ന്യായീകരിച്ചുകൊണ്ട് അവരെ പഴിക്കാതിരിക്കുകയെങ്കിലും വേണം. കാരണം, അവർ നമ്മുടെ കുഞ്ഞുങ്ങളാണ്.


Summary: എസ്​.എസ്​.എൽ.സി വിജയശതമാനത്തിൽ നേരിയ കുറവുമാത്രമേ ഈ വർഷം ഉള്ളൂ. വിജയശതമാനം കൂടുന്നതിൽ ആർക്കും വിയോജിപ്പോ പ്രതിഷേധങ്ങളോ ഇല്ല. സി.ബി.എസ്​.ഇ വക്താക്കൾക്കുവേണ്ടത് പൊതുവിദ്യാലയങ്ങളിൽ ഉയർന്ന സ്‌കോർ ലഭിക്കുന്ന കുട്ടികളുടെ എണ്ണം കുറയുക എന്നതാണ്. അതിനു വേണ്ടിയുള്ള തന്ത്രങ്ങളാണ് അവർ എന്നും ആവിഷ്‌കരിച്ചിട്ടുള്ളത്. അത് ഫലിച്ചിരിക്കുന്നു. കൃത്യം മൂന്നിലൊന്നായി ചുരുങ്ങിയിരിക്കുന്നു. കുട്ടികളുടെ ഉത്കണ്ഠയോടൊപ്പം നിന്ന്​ പൊതുവിദ്യാഭ്യാസത്തിന് വേണ്ടി നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ, പി. പ്രേമചന്ദ്രൻ ട്രൂ കോപ്പിയിലൂടെ ഉന്നയിച്ച ആശങ്കകൾ 100% ശരിയായിരുന്നു എന്ന് എസ്​.എസ്​.എൽ.സി പരീക്ഷാഫലം തെളിയിക്കുന്നു. ഫോക്കസ്​ ഏരിയ വിഷയത്തിലും എസ്​.എസ്​.എൽ.സി- പ്ലസ്​ ടു പരീക്ഷാനടത്തിപ്പിന്റെ കാര്യത്തിലും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും പൊതുസമൂഹത്തിനൊപ്പവും നിന്ന്​ ട്രൂ കോപ്പി ഉയർത്തിയ ആശങ്കകളെ, ഇത്തവണത്തെ എസ്​.എസ്​.എൽ.സി ഫലത്തിന്റെ പശ്​ചാത്തലത്തിൽ പരിശോധിക്കുന്നു


ഉമ്മർ ടി.കെ.

അധ്യാപകൻ, എഴുത്തുകാരൻ

Comments