ഫിലിപ്പ് പി.കെ.

പുരയിടത്തിൽ നിന്ന് ശ്മശാനത്തിലേക്ക്;
ക്ലാസ് റൂമിൽനിന്ന് ഒരധ്യാപകൻ എഴുതുന്നു

വിദ്യാഭ്യാസ പദ്ധതിയുടെ സമഗ്രമാറ്റത്തിനുവേണ്ടി തന്റെ വിദ്യാർത്ഥി നടത്തിയ പഠനത്തോടൊപ്പമുണ്ടായിരുന്ന ഒരധ്യാപകൻ, ഇന്നത്തെ വിദ്യാർത്ഥികളെക്കുറിച്ചും ക്ലാസ് റൂമുകളെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചുമുള്ള കണ്ടെത്തലുകൾ വിശദീകരിക്കുന്നു- ഫിലിപ്പ് പി.കെ എഴുതുന്നു.


ശു – തീറ്റ – ചാണകം
കുട്ടി – പുസ്​തകം – പരീക്ഷാ ജയം / തോൽവി.
ഈ പൊരുത്തമാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ സമഗ്ര ഫലം.

2025 ഏപ്രിൽ 2-ന് തൃശ്ശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്​കൂളിലെ പ്ലസ് ടു വിദ്യാർഥിയായ വിവേക് പി.ബിയുടെ പഠന റിപ്പോർട്ട് ട്രൂകോപ്പി തിങ്കിൽ പബ്ലിഷ് ചെയ്തിരുന്നു. വിദ്യാഭ്യാസ പദ്ധതിയുടെ സമഗ്രമാറ്റത്തിനുവേണ്ടി ഒരു വിദ്യാർത്ഥി നടത്തിയ പഠനത്തിൽ ഇയാളുടെ അധ്യാപകനായ ഞാനും ഒപ്പമുണ്ടായിരുന്നു. വിവേകിന്റെ പഠനവിഷയവുമായി ബന്ധപ്പെട്ട് എന്റെ സ്​കൂളിലുള്ള മലയാളം ക്ലാസ് മുറികളിൽ സംഘടിപ്പിച്ച ചർച്ചകൾ കുട്ടികളുടെ സമ്മിശ്ര വൈകാരിക പ്രതികരണങ്ങളാണുണ്ടാക്കിയത്, ഒപ്പം അവ കൃത്യമായ ചിന്തകൾക്കും രൂപം നൽകി.

മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്:
വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ ആകത്തുകയെന്നാൽ, വിദ്യാർത്ഥിയെ ഒരു ‘സ്വയം പ്രവർത്തന പൗര- പഠന യൂണിറ്റ്’ ആയി കാണണം എന്നതാണ്. നിർഭാഗ്യത്താൽ നമ്മുടെ വിദ്യാലയ സാഹചര്യങ്ങളിൽ വിദ്യാർത്ഥികളെക്കുറിച്ചുള്ള പൊതുസത്താനിർമ്മിതിയിൽ അവർ എപ്പോഴും പ്രതിഭാഗത്താണ്. കാരണം, വിദ്യാർത്ഥികളെ എപ്പോഴും ‘പാഠ്യ യൂണിറ്റ്’ മാത്രമായാണ് വിദ്യാലയം കാണുന്നത്. പഠിക്കുന്നവർ / പഠിക്കാത്തവർ എന്ന ദ്വന്ദസങ്കൽപ്പനം കൊണ്ട് വിദ്യാർത്ഥികളെ സ്​കൂളിനു പുറത്തുള്ള പൊതുഇടങ്ങളിൽ പോലും വേർതിരിക്കുന്നുണ്ട് – മിടുക്കരും ഉഴപ്പികളും.

സ്​കൂൾ സാഹചര്യങ്ങളിൽ പഠനനിലവാരമനുസരിച്ച് വിദ്യാർത്ഥികളുടെ ധാർമ്മികതാമൂല്യങ്ങളെ തരംതിരിക്കുന്ന സാഹചര്യം നിർമ്മിച്ചുവച്ചിട്ടുണ്ട്. പഠിക്കാത്തവർ മോശക്കാരാണ് എന്നൊരു അദൃശ്യ ധാരണ സ്​കൂളുകളിലും സമൂഹത്തിലുമുണ്ട്. പഠിക്കാത്ത വിദ്യാർത്ഥി പിൻബഞ്ചുകാരനും സ്​കൂളിൽ മോശക്കാരനുമായി മാറുന്ന വീക്ഷണ വൈകല്യമാണിത്. വിദ്യാർത്ഥി ’സ്വയം പ്രവർത്തിക്കുന്ന പൗരബോധമുള്ളവരാണ്’ എന്ന മനോഭാവം വളരുന്നില്ല.

READ: ഇങ്ങനെ മതിയോ നമ്മുടെ പൊതുവിദ്യാഭ്യാസം?
ഒരു പ്ലസ് ടു വിദ്യാർത്ഥിയുടെ സർവേ റിപ്പോർട്ട്

വിവേക് പി.ബി
വിവേക് പി.ബി

സ്​കൂളുകളിൽ കാണുന്ന കീഴ് വഴക്കം ഇതാണ്: പ്രത്യക്ഷത്തിൽ വിദ്യാർത്ഥി കേന്ദ്രീകൃതമെന്ന പുറം കുപ്പായമുണ്ട്. എന്നാൽ, വിദ്യാഭ്യാസപദ്ധതിയുടെ സമഗ്രഫലമായി മാർക്കിനെ അതിപ്രധാനമായി കാണുന്നു. ഇങ്ങനെ ജയം / തോൽവി ദ്വന്ദങ്ങളിലേക്ക് വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്നത് അപരിഷ്കൃതമല്ലേ? ഈ ദ്വന്ദ്വസങ്കൽപ്പത്തിന്റെ അടിസ്​ഥാനമെന്താണ്? ഏത് വിദ്യാഭ്യാസ പദ്ധതിയിലാണ് ഇതിന്റെ അടിസ്​ഥാനത്തിൽ വിദ്യാർഥികളെ സമ്പൂർണ്ണമായി വിഭജിക്കുന്നത്?

ഇത് പൂർണ്ണമായും വിദ്യാഭ്യാസ പെഡഗോഗിയിൽ നിന്ന് വ്യത്യസ്​തമായതും സമൂഹത്തിൽ നിലവിലുള്ള പരമ്പരാഗത മതബോധങ്ങളുടെ പ്രയോഗവുമാണ്. ആധുനിക ശാസ്​ത്രീയതയുടെ കാലഘട്ടങ്ങൾക്കു മുമ്പേനിന്നുവരുന്ന ദ്വന്ദസങ്കല്പത്തിന്റെ മതരൂപമാണിത്. ഇതുകൊണ്ടാണ് സയൻസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സയൻ്റിഫിക് ടെമ്പർ വളരാത്തത്. സയൻസ് പഠിക്കുന്നത് മാർക്കിന് വേണ്ടി മാത്രമാകുന്നത്.

മിക്കവാറും വിദ്യാലയ പരിസരം മതപരമായ സംഘടനകളുടെ പരിസരം കൂടിയാണ്. ഇതിൽ പ്രാർത്ഥനകളും മതാത്മകമായ ഉപദേശങ്ങളും മുന്നിട്ടുനിൽക്കുന്നു. വിധേയത്വം, അനുസരണം, പഠനം എന്നിവ മതബോധമനുസരിച്ചുള്ള അച്ചടക്കത്തിന്റെ ഭാഗമായതിനാൽ സ്​കൂളിലേക്ക് കുട്ടികളെ അയയ്ക്കുമ്പോൾ മതപരമായ സംഘടനകളുടെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ സമൂഹത്തിൽ ഗുഡ്ക്രീം ആയി മാറുന്നു.

എ​നിക്ക് പരിചയമുള്ള ഒരു വിദ്യാർത്ഥി പറഞ്ഞത്, പത്താം ക്ലാസിലെ പരീക്ഷ തുടങ്ങുന്ന ദിവസം പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചില അധ്യാപകർ തങ്ങളെ പ്രാർത്ഥന ചൊല്ലിക്കുമെന്നാണ്. അതിനുശേഷം പ്രിൻസിപ്പൽ പറയും, ‘നിങ്ങൾ ടെൻഷനടിക്കേണ്ട’. ഇതോടെ ആദ്യത്തെ പരീക്ഷയായ മലയാളം ഈ കുട്ടിക്ക് വലിയ ടെൻഷനായി.

കോളേജിലെത്തുമ്പോൾ കുട്ടികൾക്ക് സമൂഹത്തെക്കുറിച്ച് ബോധനം നൽകുന്നത് വിദ്യാർത്ഥിരാഷ്ട്രീയ സംഘടനകളാണ്. കുട്ടികളുടെ രാഷ്ട്രീയമാകട്ടെ മുതിർന്നവരുടെ കക്ഷിരാഷ്ട്രീയം പറയലായി പൊതുവേ ഇന്ന് മാറിയിരിക്കുന്നു.

ഇന്ത്യയിലെ രാഷ്ട്രീയകക്ഷികൾ വോട്ടുബാങ്കിന് അടിസ്​ഥാനമാക്കുന്നത് മതാത്മകതയെക്കൂടി ആയതിനാൽ അതിന്റെ ഒരു ഭാഗമായി വിദ്യാഭ്യാസത്തെ നോക്കിക്കാണുന്ന ശീലത്തിലേക്ക് നമ്മളെയും എത്തിച്ചിരിക്കുന്നു. ഇത് പുതുക്കപ്പെടാതിരിക്കുന്നതിനാൽ, പൊതു സമൂഹത്തിന്റെ ഭാഗമായ വിദ്യാഭ്യാസത്തിലും മതാത്മകധാരകൾ ആചാരം പോലെയും ശാസ്​ത്രം പോലെയും നടപ്പാകുന്ന അവസ്​ഥയാണ്.

സ്​കൂൾ സാഹചര്യങ്ങളിൽ മാറ്റം വരാൻ കേരളം ഉത്സാഹിക്കേണ്ടതുണ്ട്. നവകേരളം എന്ന പ്രഖ്യാപനത്തിനുവേണ്ടി ആദ്യം മാറ്റം വരുത്തേണ്ടത് വിദ്യാഭ്യാസത്തിലാണ്. ഏതു മാറ്റവും ആദ്യം വിദ്യാഭ്യാസത്തിൽ പ്രതിഫലിക്കണം.

സ്​കൂൾ പഠനത്തിനു ശേഷം കുട്ടികളുടെ പൊതുബോധം നിർമ്മിക്കുന്നത് ആരാണ്?

കോളേജിലെത്തുമ്പോൾ കുട്ടികൾക്ക് സമൂഹത്തെക്കുറിച്ച് ബോധനം നൽകുന്നത് വിദ്യാർത്ഥിരാഷ്ട്രീയ സംഘടനകളാണ്. കുട്ടികളുടെ രാഷ്ട്രീയമാകട്ടെ മുതിർന്നവരുടെ കക്ഷിരാഷ്ട്രീയം പറയലായി പൊതുവേ ഇന്ന് മാറിയിരിക്കുന്നു. ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ വിദ്യാർത്ഥിക്ക് എന്ത് പറയുവാനുണ്ട് എന്നത് ചർച്ചയിലേക്ക് വരുന്നില്ല. നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമമായ തിരുത്തലുകൾക്കു വേണ്ടി ചർച്ചകളും സെമിനാറുകളും നടത്തുന്ന ഏത് വിദ്യാർഥി സംഘടനയാണുള്ളത്?

‘കീം’ പ്രവേശന പരീക്ഷാ സ്‍കോർ സമീകരണം (normalisation) വഴി പൊതുവിദ്യാഭ്യാസ പദ്ധതിയിലെ വിദ്യാർത്ഥികൾ പുറന്തള്ളപ്പെടുന്ന സാഹചര്യമുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ സർക്കാറിന്റെ മൂന്നാമത്തെ കമ്മിറ്റി നിലവിൽ വന്നുകഴിഞ്ഞു. എന്നിട്ടും ഏത് വിദ്യാർത്ഥി സംഘടനയാണ് പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കുവേണ്ടി വാദിച്ചത്? അപ്പോൾ, നമ്മുടെ വിദ്യാർത്ഥികളുടെ പൊതുബോധം നിർമ്മിക്കുന്നത് ആരാണ്? ഈയൊരു പൊതുബോധ നിർമിതിയ്ക്ക് വിദ്യാഭ്യാസം എന്താണ് ചെയ്യുന്നത്? മാർക്കിനുവേണ്ടി എന്ന പൊതുബോധത്തിൽ കവിഞ്ഞ് വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയിൽ കാണാൻ തക്കവണ്ണമുള്ള വളർച്ച വിദ്യാർത്ഥികൾക്ക് നേടിയെടുക്കാനാകുന്നുണ്ടോ?

വിവേക് പി.ബിയുടെ പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുമായി ചർച്ച നടത്തുമ്പോൾ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. ലോജിക്കലായി പഠിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വിദ്യാർത്ഥികൾ പല കാറ്റഗറികളിലാണ് കാണപ്പെടുന്നത്. പരീക്ഷകളിൽ മാർക്ക് നേടാൻ കഴിയാത്തവർ പിൻബഞ്ചുകാരായി മാറുന്നു. മാർക്കിനുവേണ്ടി പഠിക്കുന്നവർ പുസ്​തകപ്പുഴുക്കളാണ്. ഇവർക്ക് തുറന്നു സംസാരിക്കാനായി ഒന്നുമില്ല. ഇവർ പൊതുവേ മൗനികളാണ്. ‘ബുജി’ എന്ന് വിളിക്കപ്പെടുന്ന ഒരു ടീം അഭിപ്രായങ്ങൾ തുറന്നു പറയും. ഇവരുടെ പഠനം ഇവർ നിശ്ചയിച്ച പ്രകാരമാണ്. ഇവരോട് മറ്റു വിദ്യാർത്ഥികൾക്ക് അടുക്കാനാകില്ല.

വിദ്യാർത്ഥികളുമായുള്ള ചർച്ചയിൽ മനസ്സിലായ ഒരു വസ്​തുതയുണ്ട്. പുസ്​തകപ്പുഴുക്കളായി പെരുമാറുന്നവർക്ക് വിദ്യാഭ്യാസപദ്ധതിയിലെ പരിഷ്കരണങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. എന്നാൽ ലോജിക്കലായി പഠിക്കുന്നവർക്ക് ധാരാളം സംസാരിക്കാനറിയാം. ‘ബുജി’കളായവർ ഏതെങ്കിലും ഒരു പോയിൻ്റിൽ നിന്നുമാത്രം വിശകലനം ചെയ്യും. പിൻബഞ്ചിലിരിക്കുന്നവർക്ക് പലർക്കും ഷോ ചെയ്യുന്നതിലാണ് മനസ്സ്. കുറച്ചുപേരുടെ ഉള്ളിൽ ആശയങ്ങളുടെ എന്തെന്നില്ലാത്ത തെളിച്ചം കാണും. ഇത് അഡ്രസ് ചെയ്യപ്പെടേണ്ടതാണ്.

ലോജിക്കലായി പഠിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വിദ്യാർത്ഥികൾ പല കാറ്റഗറികളിലാണ് കാണപ്പെടുന്നത്. പരീക്ഷകളിൽ മാർക്ക് നേടാൻ  കഴിയാത്തവർ പിൻബഞ്ചുകാരായി മാറുന്നു.
ലോജിക്കലായി പഠിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വിദ്യാർത്ഥികൾ പല കാറ്റഗറികളിലാണ് കാണപ്പെടുന്നത്. പരീക്ഷകളിൽ മാർക്ക് നേടാൻ കഴിയാത്തവർ പിൻബഞ്ചുകാരായി മാറുന്നു.

വിദ്യാഭ്യാസ പദ്ധതിയെക്കുറിച്ച് കാര്യമായി ചിന്തിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്. ‘കീം’ പരീക്ഷ എഴുതിയ പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികൾ, സ്കോർ സമീകരണം വഴി സ്വന്തം സ്​കോർ നഷ്ടപ്പെടുന്നതിനെപ്പറ്റിയോ പ്രവേശനം കുറയുന്നതിനെപ്പറ്റിയോ ബോധവാന്മാരല്ല. ഈ വിഷയം സംസാരിക്കുമ്പോൾ ഭൂരിപക്ഷം വിദ്യാർത്ഥികൾക്കും പ്രതികരണമില്ല.

കോവിഡിനുശേഷമുണ്ടായ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ലഭിച്ച അവബോധം എന്തെല്ലാമാണെന്ന് പഠിക്കേണ്ടിയിരിക്കുന്നു. വിവരങ്ങളുടെ ആധിക്യമു​ണ്ടെങ്കിലും അത് ജനാധിപത്യ പൊതുബോധശേഷിയായി വളർന്നിട്ടില്ല. റാൻഡം അടിസ്​ഥാനത്തിൽ വിവിധ സ്​കൂളുകളിലെ 40 വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം:

20 സ്​കിഡ് (Gen Z) കുട്ടികളുടെ സ്​കൂളിലെ പെരുമാറ്റങ്ങൾ.

1.ഒറ്റ കണ്ടീഷന്റെ ലോകത്തിൽ കഴിയുന്നവർ. ഇൻസ്റ്റാഗ്രാമിനകത്ത് കുട്ടികൾ ഒതുങ്ങുന്നു. അവിടെ കണ്ടുതുടങ്ങിയ ഒറ്റ കണ്ടീഷനിലേക്ക് അവരുടെ ലോകത്തെ ഇൻസ്റ്റാഗ്രാം ചുരുക്കുന്നു. ബഹുമുഖവിഷയങ്ങളിലേക്കുള്ള ജിജ്ഞാസ ഇല്ലാതാക്കുന്നു.

2.‘പഠിപ്പി’ എന്ന പേരിൽ കളിയാക്കപ്പെടുന്ന ഒരു വിഭാഗത്തെ സ്​ക്കൂളുകളിൽ കാണാം.

3.‘ബുജി’കൾ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിനെ അഭിപ്രായം പറയാനുള്ള ധൈര്യം വ്യത്യസ്​തരാക്കുന്നു.

4.ഇൻസ്റ്റാഗ്രാമിൽ ആറ്റിറ്റ്യൂഡുകൾ ഒന്നുമില്ലാതെ വെറുതെ സെൽഫി ഇടുന്നവരാണ് ‘കണ്ണാപ്പി’കൾ. ഇങ്ങനെയുള്ളവർ വളരെ കുറഞ്ഞുവരുന്നതായി കാണുന്നു.

5.പെണ്ണും ആണും തമ്മിലുള്ള സൗഹൃദം വളർത്തുന്നതിൽ ഇൻസ്റ്റാഗ്രാമിന് അതിശക്തമായ സ്​ഥാനമുണ്ട്. ഒരു സൗഹൃദസദസ്സിൽ രണ്ടുപേർ എന്നത് പൊടുന്നനെ ഒരു കൂട്ടമായി മാറാം. ഇതിലേക്ക് മാറ്റുന്നത് ഇൻസ്റ്റാഗ്രാം ഐ.ഡി ആണ്.

എന്നാൽ, കുട്ടികൾക്കിടയിൽ സമൂഹത്തിലെ വ്യത്യസ്​ത വിഷയങ്ങളിലുള്ള പൊതുബോധം എന്താണ് എന്ന് ചോദിച്ചാൽ, ഇതൊരു ചോദ്യം മാത്രമായി അവശേഷിക്കും. പഹൽഗാം ആക്രമണം നടന്നപ്പോൾ മിക്കവാറും കുട്ടികൾ ഇതിനെ ജിബിലി ഫോട്ടോ ചെയ്തു. എന്നാൽ, ഈ വിഷയത്തിൽ ആരും കമന്റോ പ്രതികരണമോ നടത്തിയതായി കണ്ടില്ല. പ്ലസ് ടു വരെയുള്ള ഒരുവിധം വിദ്യാർത്ഥികൾ ഈ ലോകത്ത് നടക്കുന്ന പല വിഷയങ്ങളും അറിയാതെ പോകുന്നവരാണ്.

കുട്ടികളുടെ ലോകം ഒറ്റ കണ്ടീഷനിലേക്ക് ചുരുങ്ങി വരുന്നു. അവർ സെർച്ച് ചെയ്യുന്നത് എന്താണോ അത് മാത്രമാണ് അവർക്ക് ഇൻസ്റ്റാഗ്രാം നൽകുന്നത്. ഇത് ഇവരുടെ മൾട്ടിപ്പിൾ ചോയ്സിനെ തകർക്കുന്നുണ്ട്. കുട്ടികളുടെ ലോകത്ത് സ്വന്തം ആനന്ദം എന്നതിന് വലിയ പ്രാധാന്യം ഉണ്ടായിരിക്കുന്നു. സ്​കൂളിൽ പൊതുപരിപാടികളിൽ സഹായം ചെയ്യുന്ന കുട്ടികൾ വളരെ കുറഞ്ഞു വരുന്നു. സഹകരിക്കുന്ന കുട്ടികൾ ‘തന്തവൈബാ’ണ്.

സയൻസ് കാണാതെ പഠിക്കാനുള്ള ഒരു വിഷയം മാത്രമാണെന്ന് പല വിദ്യാർത്ഥികളും ഇപ്പോഴും വിചാരിച്ചു വച്ചിരിക്കുന്നു. ലോജിക്കലായി പഠിപ്പിക്കുന്ന നിരവധി അധ്യാപകരുണ്ടെങ്കിലും സിലബസിന്റെ ഭാരത്തിലേക്കും അതുവഴി പരീക്ഷാ മാർക്കിന്റെ പ്രാധാന്യത്തിലേക്കും വീണ്ടും കൂപ്പുകുത്തുന്നു.

പുതിയ കുട്ടികൾക്ക് ലോകം മുഴുവൻ കറങ്ങണം എന്ന ആഗ്രഹം കനത്തതാണ്. ഏതെങ്കിലും വിദേശ രാജ്യത്ത് ചെല്ലുക എന്നതാണ് മുഖ്യ ആലോചന. ഇങ്ങനെയൊരു സാഹചര്യത്തിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം. സാമൂഹിക വിഷയങ്ങളിലുള്ള പൊതുബോധനിർമ്മിതി വിദ്യാലയങ്ങളിൽ ഇന്ന് വേണ്ടത്ര നടക്കുന്നില്ല. പഠനം മാർക്കിനുവേണ്ടിയായതിനാൽ ഭൂരിപക്ഷം വിദ്യാർത്ഥികളും സ്​കൂളിൽനിന്ന് നേരിട്ട് ട്യൂഷൻ സെൻ്ററുകളിലാണ് ചെല്ലൂന്നത്. ഒരു പാഠപുസ്​തകത്തിലെ ഒരു അധ്യായമാണ് രണ്ടു വിധത്തിൽ ഇവർ നിത്യവും പഠിക്കുന്നത്. ഇവരുടെ സമയനഷ്ടം കണക്കാക്കി ദേശീയ ശരാശരിയുടെ സ്​ഥിതിവിവരക്കണക്ക് കണക്കാക്കേണ്ടത് അത്യാവശ്യമാണ്. ഇതുപോലെ പ്ലസ്​ടു വരെയുള്ള കുട്ടികളുടെ പൊതുബോധത്തെക്കുറിച്ചും പഠനം ആവശ്യമാണ്. കുട്ടികൾക്ക് പഠിക്കുവാനും ജോലി നേടുവാനും ആഗ്രഹം തീവ്രമാണ്. പക്ഷേ, സ്വന്തം അഭിരുചി സംരക്ഷിച്ച് ഏത് മേഖലയിലേക്കാണ് പോകേണ്ടത് എന്നറിയുന്നില്ല.

കുട്ടികളുടെ ലോകം ഒറ്റ കണ്ടീഷനിലേക്ക് ചുരുങ്ങി വരുന്നു. അവർ സെർച്ച് ചെയ്യുന്നത് എന്താണോ അത് മാത്രമാണ് അവർക്ക് ഇൻസ്റ്റാഗ്രാം നൽകുന്നത്. ഇത് ഇവരുടെ മൾട്ടിപ്പിൾ ചോയ്സിനെ തകർക്കുന്നുണ്ട്.
കുട്ടികളുടെ ലോകം ഒറ്റ കണ്ടീഷനിലേക്ക് ചുരുങ്ങി വരുന്നു. അവർ സെർച്ച് ചെയ്യുന്നത് എന്താണോ അത് മാത്രമാണ് അവർക്ക് ഇൻസ്റ്റാഗ്രാം നൽകുന്നത്. ഇത് ഇവരുടെ മൾട്ടിപ്പിൾ ചോയ്സിനെ തകർക്കുന്നുണ്ട്.

ജീവിതത്തിന് അദൃശ്യമായ ഒരു അതിർത്തി നിർമ്മിച്ചുവച്ചിട്ടുണ്ട് എന്ന പൊതുബോധത്തിലാണു പെൺകുട്ടികൾ വളരുന്നത്. ഇതിനു പുറത്തു കടക്കുന്നവർ ഇക്കാലത്ത് കൂടിവരുന്നുമുണ്ട്.

കുട്ടികളെ മാനസികമായി വളർത്താൻ വിദ്യാലയങ്ങളിൽ എന്താണ് നടക്കുന്നത്? ഈ ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തന മികവുള്ള അധ്യാപകരുണ്ടെങ്കിലും പരീക്ഷ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ മുങ്ങി വിദ്യാലയങ്ങൾക്കു പ്രസ്​തുതലക്ഷ്യം നേടാനാകുന്നില്ല. ഏകദേശം കൗമാര കാലഘട്ടത്തിലേക്ക് കടക്കുന്ന വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകാൻ എന്തുകൊണ്ട് നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയുന്നില്ല?

എന്തിനാണ് സ്​കൂളിലും കോളേജിലും ടോപ്പ് സ്​കോറർ ആകുന്നത്?, എന്തിനാണ് എൻട്രൻസ്​? - ഈ ചോദ്യങ്ങൾ വിദ്യാർത്ഥികൾ ചോദിക്കുമോ? ഭൂരിപക്ഷം പേരും ചോദിക്കില്ല. പാഠപുസ്​തകത്തിലെ ആശയങ്ങളെ വിമർശനാത്മകമായി ചർച്ച ചെയ്യുന്ന ക്ലാസ് മുറികളെക്കുറിച്ച് അവർ ചിന്തിക്കുമോ?

സയൻസ് കാണാതെ പഠിക്കാനുള്ള ഒരു വിഷയം മാത്രമാണെന്ന് പല വിദ്യാർത്ഥികളും ഇപ്പോഴും വിചാരിച്ചു വച്ചിരിക്കുന്നു. ലോജിക്കലായി പഠിപ്പിക്കുന്ന നിരവധി അധ്യാപകരുണ്ടെങ്കിലും സിലബസിന്റെ ഭാരത്തിലേക്കും അതുവഴി പരീക്ഷാ മാർക്കിന്റെ പ്രാധാന്യത്തിലേക്കും വീണ്ടും കൂപ്പുകുത്തുന്നു. സിലബസ് ഭാരമുള്ള ഒരു വിദ്യാഭ്യാസപദ്ധതിയിൽ സയൻ്റിഫിക് ടെമ്പർ വളർത്തുവാൻ ആവശ്യമായ ഭൗതിക സാഹചര്യം എങ്ങനെ ഉണ്ടാകും?

കുട്ടികളുടെ ശേഷീവികാസം തെളിയിക്കുന്ന പ്രൊഫൈൽ ഡാറ്റ നിർമ്മിക്കുവാൻ സാധിക്കണം. ഇതിലേക്ക് നമ്മുടെ വിദ്യാഭ്യാസപദ്ധതി വളർന്നിട്ടില്ല.

നമ്മുടെ വിദ്യാർത്ഥികളുടെ വിലപ്പെട്ട സമയം കൊന്നുതിന്നുകയാണ്. സിലബസ് ഭാരമുള്ള പുസ്​തകങ്ങൾ, പരീക്ഷകൾ, ഇതിനുവേണ്ടി തയ്യാറാക്കിവെച്ച ക്ലാസ് മുറികൾ ട്യൂഷൻ, പിരീഡുകൾ, ടേമുകൾ ....ജ്ഞാനനിർമ്മിതി പൂർണ്ണമായും നടപ്പിലാക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കിയാലും ‘കുട്ടിയെ അറിയുക’ എന്ന പദ്ധതി നടപ്പാക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ നട്ടെല്ല് എന്ന് ഞാൻ കരുതുന്നു.

കുട്ടികളുടെ ശേഷീവികാസം തെളിയിക്കുന്ന പ്രൊഫൈൽ ഡാറ്റ നിർമ്മിക്കുവാൻ സാധിക്കണം. ഇതിലേക്ക് നമ്മുടെ വിദ്യാഭ്യാസപദ്ധതി വളർന്നിട്ടില്ല. ഇതിലേക്ക് പാഠ്യപദ്ധതി മാറുമ്പോഴാണ് മാതൃഭാഷയുടെ ശക്തിയും ഉപയോഗവും തിരിച്ചറിയപ്പെടുക. അധ്യാപകർ നിറഞ്ഞ പണ്ഡിതരും കുട്ടികൾ ഒഴിഞ്ഞ പാത്രവുമാണെന്ന സങ്കല്പത്തിൽ സ്​കിന്നർ ചെയ്ത വിദ്യാഭ്യാസ മെത്തഡോളജി പിന്തുടർന്ന്, പിയാഷേയിലൂടെ കടന്നുവന്ന്, വൈഗ്ഡോസ്​ക്കിയുടെ സാമൂഹിക ജ്ഞാനനിർമ്മിതി, ഹോവാർഡ് ഗാർഡണർ അവതരിപ്പിച്ച മൾട്ടിപ്പിൾ ഇൻറലിജൻസ് എന്നിവയിലെത്തിനിൽക്കുന്ന ഈ കാലത്ത് നമ്മുടെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം 25-ൽ കൂടുതലും പ്ലസ്​ടുവിൽ ഒരു ക്ലാസിൽ 60- ഉം ആണ്. സിലബസിന്റെ ഭാരം അതികഠിനവും. അധ്യാപകർക്ക് പഠിപ്പിക്കുന്നതിനുപുറമേ ക്ലറിക്കൽ അടക്കമുള്ള നിരവധി അധിക ജോലികളുള്ളതുകൊണ്ട് വിദ്യാഭ്യാസപദ്ധതിയിൽ സമൂല മാറ്റം ഇനിയും ദൂരെയാണ്. ഹോവാർഡ് ഗാർഡണർ ആവിഷ്കരിച്ച മൾട്ടിപ്പിൾ ഇൻറലിജൻസ് കുട്ടിയെ അറിയുന്ന വിദ്യാഭ്യാസ പദ്ധതിയാണ്. ഇതിലാണ് വ്യത്യസ്​തശേഷികളുള്ള കുട്ടികളെ നാം കണ്ടെത്തുന്നത്. LSS, USS, NMMS എന്നീ നൈപുണ്യ പരീക്ഷകളിൽ ചുരുക്കം കുട്ടികൾ ഉയർന്നുവരുന്നത് സ്​കൂൾ സിലബസിനു പുറത്താണ്.

കുട്ടികളുടെ ശേഷിയെയും മാനസിക പ്രായത്തെയും അടിസ്ഥാനമാക്കി രക്ഷിതാക്കൾ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരെ കൂടി ഉൾക്കൊണ്ട് കൃത്യമായ ശാസ്ത്രീയ വിശകലനത്തിലൂടെ സിലബസിലെ ഭാഗങ്ങൾ സെലക്ട് ചെയ്തു പഠിപ്പിക്കുവാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകണം. ഇത് അധ്യാപകരുടെ നിരന്തരമായ നവീകരണത്തിന് അവസരം നൽകും. ഇന്നാകട്ടെ സിസ്റ്റത്തിന് വിധേയമായി നിർബന്ധിത തൊഴിൽ രൂപത്തിൽ പ്രവർത്തിച്ച് സമ്മർദ്ദങ്ങളിൽ തടയപ്പെട്ട് അധ്യാപകർ സമൂഹത്തിൽ വില കുറഞ്ഞവർ ആയി മാറിയിട്ടുണ്ട്.

കുട്ടികളെ മാനസികമായി വളർത്താൻ വിദ്യാലയങ്ങളിൽ എന്താണ് നടക്കുന്നത്? ഈ ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തന മികവുള്ള അധ്യാപകരുണ്ടെങ്കിലും പരീക്ഷ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ മുങ്ങി വിദ്യാലയങ്ങൾക്കു പ്രസ്​തുത ലക്ഷ്യം നേടാനാകുന്നില്ല.
കുട്ടികളെ മാനസികമായി വളർത്താൻ വിദ്യാലയങ്ങളിൽ എന്താണ് നടക്കുന്നത്? ഈ ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തന മികവുള്ള അധ്യാപകരുണ്ടെങ്കിലും പരീക്ഷ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളിൽ മുങ്ങി വിദ്യാലയങ്ങൾക്കു പ്രസ്​തുത ലക്ഷ്യം നേടാനാകുന്നില്ല.

ഇന്നത്തെ വിദ്യാഭ്യാസപദ്ധതിയുടെ സമൂല മാറ്റത്തെപ്പറ്റി ചിന്തിക്കുമ്പോൾ വളരെ അപകടകരമായ രീതിയിൽ പ്രവർത്തിക്കുന്ന ശക്തികളെ കൂടി തിരിച്ചറിയേണ്ടതുണ്ട്. മലയാളം അധ്യാപകൻ എന്ന നിലയിൽ കൂടിയാണ് ഇക്കാര്യം നോക്കിക്കാണുന്നത്.

അടിസ്​ഥാനപരമായി വിജ്ഞാനം നൽകുന്നതിന് മാതൃഭാഷയെ കേരളത്തിൽ എങ്ങനെയാണ് ഉപയോഗിക്കുന്നത്?

വിവേക് പി.ബി ക്ലാസുകളിൽ നടത്തിയ ചർച്ചകളിൽ ഈ വിഷയവും കടന്നുവന്നിരുന്നു. കോളേജിലെ വിദ്യാഭ്യാസ ശില്പശാലയിൽ പങ്കെടുത്ത സോനു എന്ന വിദ്യാർത്ഥി അവരുടെ വിവരണം ഒന്നും മനസ്സിലാകാതെ മലയാളത്തിൽ പറഞ്ഞുതരാൻ ആവശ്യപ്പെട്ടത് വിവേകിന്റെ റിപ്പോർട്ടിലുണ്ട്. വിനിമയ ഭാഷയെ സംബന്ധിച്ച് വിദ്യാർത്ഥികൾ അസ്വസ്​ഥരാണ്. വിദ്യാർത്ഥികൾക്ക് സംശയം ചോദിക്കാനുള്ള അവരുടെ മാതൃഭാഷ പത്താം ക്ലാസ് വരെ മാത്രമേ ലഭിക്കുന്നുള്ളൂ. 10 കഴിഞ്ഞാൽ ഇംഗ്ലീഷ് മീഡിയമാണ്. ഒരു സംസ്​ഥാനത്തിന്റെ മാതൃഭാഷയെ പത്താം ക്ലാസ് വരെ മാത്രം ബോധന മാധ്യമമാക്കിയത് ദൂരവീക്ഷണം ഇല്ലാതെയല്ലേ. മലയാളം മീഡിയം എൻജിനീയറിങ്- മെഡിക്കൽ കോളേജുകളും മലയാളം മീഡിയത്തിൽ മറ്റു ഉന്നത പഠന കോഴ്സുകളും വേണം എന്ന് പറഞ്ഞാൽ എല്ലാവരും ചിരിക്കും. എന്നാൽ ജപ്പാൻ, ഫ്രാൻസ്, ജർമ്മനി പോലുള്ള വികസിത രാജ്യങ്ങളിൽ അവരുടെ മാതൃഭാഷകളിലാണ് ഉന്നത വിദ്യാഭ്യാസം എന്നതിൽ അഭിരമിക്കുകയും ചെയ്യും. കേരളത്തിലെ വിദ്യാഭ്യാസത്തെ ചരിത്രമാക്കാനുള്ള സുവർണ്ണവസരമാണ് നാം ഇല്ലാതാക്കിയത്.

വലിയ ചില അപകടങ്ങൾ കൂടി കേരളത്തിൽ ഭാഷാ ക്ലാസുകൾ സൃഷ്ടിക്കുന്നുണ്ട്. ഭാഷ തിരഞ്ഞെടുക്കുന്നതിൽ മതത്തിന്റെ ഇടപെടൽ പരസ്യമായ രഹസ്യമാണ്. ഇത് വീട്ടിൽ നിന്നാകാം, സമുദായങ്ങളിൽ നിന്നാകാം, കക്ഷിരാഷ്ട്രീയ വിചാരങ്ങളിൽ നിന്നാകാം.

മാതൃഭാഷയെ SCERT നോക്കിക്കാണേണ്ട രീതി എങ്ങനെയാകണം?
ഇന്ത്യൻ ജനാധിപത്യം കരുത്താർജ്ജിച്ചത് മതേതര മാതൃഭാഷയുടെ അടിസ്​ഥാനത്തിൽ സംസ്​ഥാനങ്ങളെ തിരിച്ചതുകൊണ്ടാണ്. ഈ നയം തന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയിൽ മലയാളത്തോട് സ്വീകരിക്കേണ്ടത്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ വിജ്ഞാനഭാഷ, മതേതര സമ്പർക്ക ഭാഷ എന്നീ തലങ്ങളിൽ മലയാളഭാഷയ്ക്ക് മൂല്യം നൽകേണ്ടതുണ്ട്.

കൊറോണ കാലഘട്ടത്തിൽ ക്ലബ്ബ് എഫ്.എം വൈജ്ഞാനിക മലയാളത്തിന്റെ കരുത്ത് അറിയിച്ചു. അതിസങ്കീർണ്ണമായ ശാസ്​ത്രവിഷയങ്ങൾ ക്ലബ്ബ് എഫ്.എമ്മിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും ജനപ്രിയമാക്കപ്പെട്ടു. സയൻസ് പുസ്​തകങ്ങളുടെ വലിയ തോതിലുള്ള രചനകളിലൂടെയും വിവർത്തനങ്ങളിലൂടെയും വൈജ്ഞാനിക മലയാളം ഇപ്പോൾ പുരോഗതിയിലാണ്.

ഇനി മതേതര സമ്പർക്ക ഭാഷയെന്ന നിലയ്ക്ക് മലയാളഭാഷയെ ഒരു വിഷയമായി പഠിപ്പിക്കേണ്ടതുണ്ട്. മാതൃഭാഷ കുട്ടികളെ പഠിപ്പിക്കുന്നത് അതിലെ സാഹിത്യവും സാഹിത്യ ചരിത്രവും ഭാഷാശേഷികളും വളർത്തുന്നതിന് വേണ്ടി മാത്രമായിരിക്കരുത്. അതിൽ ചർച്ച ചെയ്യുന്ന മൂല്യവ്യവസ്​ഥ ഭരണഘടനയുടെ മൂല്യങ്ങളെ പരിശീലിപ്പിക്കുന്നത് കൂടിയാവണം. മലയാളം പാഠപുസ്​തകത്തിൽ കൈകാര്യം ചെയ്യുന്ന പഠന ലക്ഷ്യങ്ങൾ, അതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന ശേഷികൾ എന്നിവ മതേതര ഇന്ത്യക്ക് അനുകൂലമാകണം. മാതൃഭാഷ പഠിക്കുന്നത് സമൂഹത്തിൽ മതേതരത്വത്തിന്റെ പരിശീലനത്തിനു കൂടിയാകണം.

ഈ കാര്യം ഊന്നിപ്പറയാൻ കാരണമുണ്ട്. കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയിൽ മലയാളം അടക്കം അറബി, ഉർദു, തമിഴ്, സംസ്​കൃതം തുടങ്ങിയ ഭാഷകളും ഒന്നാം ഭാഷകളാണ്. നിരവധി ഒന്നാം ഭാഷകളിൽ ഒരെണ്ണം മാത്രമാണ് മലയാളം. അതിനാൽ, ഭൂരിപക്ഷം കുട്ടികളും ആഴ്ചയിൽ രണ്ട് പിരീഡ് മാത്രമേ മലയാളം പഠിക്കുന്നുള്ളൂ. ഈ സാഹചര്യം നിലനിൽക്കുമ്പോൾ എങ്ങനെയാണ് ഈ രാജ്യത്തിന്റെ മതേതരത്വ കാഴ്ചപ്പാടിലേക്കും പൗരബോധത്തിലേക്കും കുട്ടികൾക്ക് അവർക്കറിയുന്ന ഭാഷയിലെ നിരവധി പ്രവർത്തനങ്ങളിലൂടെ വളർന്നുവരുവാൻ കഴിയുക?

 ഹോവാർഡ് ഗാർഡണർ
ഹോവാർഡ് ഗാർഡണർ

വലിയ ചില അപകടങ്ങൾ കൂടി കേരളത്തിൽ ഭാഷാ ക്ലാസുകൾ സൃഷ്ടിക്കുന്നുണ്ട്. ഭാഷ തിരഞ്ഞെടുക്കുന്നതിൽ മതത്തിന്റെ ഇടപെടൽ പരസ്യമായ രഹസ്യമാണ്. ഇത് വീട്ടിൽ നിന്നാകാം, സമുദായങ്ങളിൽ നിന്നാകാം, കക്ഷിരാഷ്ട്രീയ വിചാരങ്ങളിൽ നിന്നാകാം. ഹൈസ്​കൂളിൽ ഒന്നാം ഭാഷകളിൽ ഒരെണ്ണം മാത്രമാണ് മലയാളം. ഹയർസെക്കൻഡറിയിൽ രണ്ടാം ഭാഷകളിൽ ഒരെണ്ണം മാത്രമാണ് മലയാളം. ഇതര ഭാഷകളുടെ മതാത്മകമായ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷമായ മലയാളം പിന്തള്ളിപ്പോകുന്നുണ്ട്.

തുരുമ്പ് പിടിച്ച പരീക്ഷണശാലയെയും പുനരുപയോഗം ചെയ്യാനാകാതെ കാലപ്പഴക്കം വന്ന ഗോഡൗണിനെയും തീകൊളുത്തി നശിപ്പിക്കാനേ കഴിയൂ എന്ന അവസ്​ഥയിലാണ് കേരളത്തിലെ ഇന്നത്തെ പൊതുവിദ്യാഭ്യാസം.
‘‘രേഖകളുടെ വൻശേഖരങ്ങളിൽ നിന്ന് നമുക്കാവശ്യമായ വിവരം പെട്ടെന്ന് തെരഞ്ഞെടുത്തുതരുന്ന വിശ്വസ്​ത സേവകനായിത്തീർന്നിട്ടുണ്ട് കമ്പ്യൂട്ടർ’’- 2025- ൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്ലസ് ടു മലയാളം പുസ്​തകത്തിൽ വി.ആർ പ്രബോധചന്ദ്രന്റെ ‘മാധ്യമവിചാരം’ എന്ന ലേഖനത്തിലുള്ളതാണ് ഈ വരി. എ ഐ കാലത്തെ വിദ്യാർത്ഥികളെ സംബന്ധിച്ച് ഇത് അപര്യാപ്തമാണ്. വർഷങ്ങൾ പഴകിയ പ്ലസ് വൺ- പ്ലസ് ടു ടെക്സ്റ്റ് പുസ്​തകങ്ങൾ പരിശോധിക്കൂ. കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിയാത്ത ഭാഷാസാഹിത്യ പാഠങ്ങൾ, ശാസ്​ത്ര വളർച്ചയിലേക്ക് വേഗത്തിൽ എത്തിച്ചേരാത്ത പാഠങ്ങൾ, സയൻ്റിഫിക് ടെമ്പർ നൽകാൻ കഴിയാത്ത അക്കാദമിക് സാഹചര്യങ്ങൾ. പാഠ്യപദ്ധതി പരിഷ്കരണം (ഹൈസ്​കൂൾ പുസ്​തകങ്ങൾ ഈ വർഷത്തോടെ പരിഷ്കരിച്ചിരുന്നു) അടിയന്തരമായി നടത്തേണ്ടതുണ്ട് എന്ന് ഈയടുത്ത് ആവശ്യമുയർന്നതാണ്. ഇക്കാര്യങ്ങളെല്ലാം അടിയന്തരമായി പരിഗണിക്കപ്പെടണം.


Summary: Explaining findings about today's students, classrooms, and curriculum writes Philip PK. His student's study for a comprehensive change in the education system.


ഫിലിപ്പ് പി.കെ.

ജൂനിയർ മലയാളം അധ്യാപകൻ, തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ. മലയാള അധ്യാപക ഫെഡറേഷൻ സംസ്​ഥാന സെക്രട്ടറി.

Comments