സമീപകാലത്ത് കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് വിദ്യാർത്ഥികളുടെ ആത്‍മഹത്യ. ദേശീയ ക്രൈം റിപ്പോർട്ട് ബ്യൂറോയുടെ (NCRB) 2015-ലെ കണക്കനുസരിച്ച് ഓരോ മണിക്കൂറിലും ഇന്ത്യയിൽ ഒരു വിദ്യാർത്ഥി ആത്‍മഹത്യ ചെയ്യുന്നുണ്ട്. NCRB യുടെ തന്നെ 2019-ലെ റിപ്പോർട്ടനുസരിച്ച്, കേരളത്തിൽ ഒരു വർഷം 497 വിദ്യാർഥികൾ ആത്‍മഹത്യ ചെയ്യുന്നു.
ആത്‍മഹത്യയോട് സമൂഹം, സാമൂഹികവും സാംസ്‌കാരികവുമായി വച്ചുപുലർത്തുന്ന കളങ്കമനോഭാവം (stigma) കണക്കിലെടുക്കുമ്പോൾ രേഖപ്പെടുത്തിയ സംഖ്യ നന്നേ കുറവായിരിക്കാനാണ് സാധ്യത. ആത്മഹത്യയുടെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങൾ നടക്കുന്നുവെന്നാണ് ഈ മേഖലയിൽ ഇന്ത്യയിലെ മുന്നണിപ്പോരാളിയായ ഡോ. ലക്ഷ്മി വിജയകുമാറിന്റെ അനുമാനം. ഈ കണക്കനുസരിച്ച് 10,000 യുവാക്കൾ ഓരോ വർഷവും ജീവിതം അവസാനിപ്പിക്കുവാൻ ശ്രമിക്കുന്നു. ഈയൊരു പ്രതിഭാസം കുടുംബങ്ങൾക്കും സമൂഹത്തിനും കേരളത്തിന്റെ സമ്പദ്വ്യവസ്ഥക്കും എത്രമാത്രം ഭീഷണി ഉയർത്തുന്നുവെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
ആത്മഹത്യ ഏറെ മാനങ്ങളുള്ള, സങ്കീർണമായ വിഷയം തന്നെയാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ ശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും ഈ വിഷയത്തിൽ ദശാബ്ദങ്ങളായി ഗവേഷണം നടത്തിയിട്ടുണ്ട്. ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന Durkheim- ന്റെ അഭിപ്രായത്തിൽ ആത്‍മഹത്യ വ്യക്‌തിഗത തീരുമാനമെങ്കിലും അതിനു വഴിയൊരുക്കുന്നത് സമൂഹമാണ്. ഒരു വ്യക്‌തിക്ക് സമൂഹത്തിൽ ഏകീകരിച്ചുപോകാൻ കഴിയാതെ വരുമ്പോൾ - അത് സാമൂഹിക നിയന്ത്രണം കൂടുന്നതുകൊണ്ടോ കുറയുന്നതുകൊണ്ടോ ആകാം - ആണ് ആത്‍മഹത്യയെക്കുറിച്ച് അവർ ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ നിയന്ത്രണവും ഏകീകരണവും വ്യക്‌തിവികാസത്തിന് ആവശ്യമാണ്. മെർട്ടൻ എന്ന സാമൂഹ്യശാസ്ത്രജ്ഞന്റെ strain theory അനുസരിച്ച്, സാമൂഹ്യസ്വീകാര്യതയുള്ള ലക്ഷ്യങ്ങൾ - പഠനമികവ്, നന്നേ ചെറുപ്പത്തിൽ വിവാഹം, സന്തോഷമുള്ള കുടുംബജീവിതം - നേടാൻ കഴിയാതെവരുമ്പോൾ മനസ്സിലുണ്ടാകുന്ന strain വ്യക്‌തികളെ ആത്മഹത്യയിലേക്ക് നയിക്കുന്നു.
ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയിഡ് പറയുന്നത്, ആത്‍മഹത്യ അബോധമനസ്സിൽ നടക്കുന്ന പ്രതിഭാസമെന്നാണ്. ഓരോ വ്യക്തിയുടെ മനസ്സിലും എല്ലാ സമയവും ജീവിക്കുവാനും മരിക്കുവാനുമുള്ള സഹജവാസനയുണ്ട്. ഈ വാസനകൾ തമ്മിൽ നിരന്തരം നടക്കുന്ന സംഘർഷത്തിൽ വ്യക്‌തിജീവിതത്തിലെ സംഭവങ്ങൾ, സാഹചര്യങ്ങൾ, മാനസിക പിരിമുറുക്കം എന്നിവയെല്ലാം സ്വാധീനം ചെലുത്തുന്നു. അക്രമവാസന, വിദ്വേഷം, ആത്‍മഹത്യപ്രവണത എന്നിവ മരിക്കാനുള്ള സഹജവാസനയുടെ ഫലമാണ്.
ആത്മഹത്യക്കു മുമ്പ് ഒരു വ്യക്‌തി അനുഭവിക്കുന്ന തീവ്രമായ മാനസിക വേദനയെ psychache എന്ന് ആത്മഹത്യാവിദഗ്ധനായ Shneidman വിളിക്കുന്നു. മാനസികാരോഗ്യത്തിന് വേണ്ട സ്നേഹം, കരുതൽ തുടങ്ങിയവ ലഭിക്കാത്ത സാഹചര്യത്തിൽ നാം അനുഭവിക്കുന്ന മാനസികവേദനയാണ് psychache എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. നാമെല്ലാവരും ചെറിയ തോതിലെങ്കിലും psychache അനുഭവിച്ചിട്ടുണ്ടാകും - ഉദാഹരണത്തിന്, പാസ്സാകും എന്നുറപ്പുള്ള വിഷയത്തിൽ തോൽക്കുമ്പോൾ, അല്ലെങ്കിൽ നമുക്കിഷ്ടപെട്ട ആൾ നമ്മെ സ്നേഹക്കുന്നില്ല എന്ന് പറയുമ്പോൾ. Psychache അനുഭവിക്കുന്ന എല്ലാവരും ആത്മഹത്യയിലേക്ക് എത്തുന്നില്ല - ആ വേദന സഹിക്കാവുന്നതിനപ്പുറമാവുകയും അത് മാരകമാവുകയും ചെയ്യുമ്പോഴാണ് അതിൽനിന്ന് മോചനത്തിനായി ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നത്.
തൊഴിലില്ലായ്മയും ആത്‍മഹത്യയും തമ്മിലുള്ള ബന്ധം വ്യക്‌തമാണ്. പ്രതീക്ഷിച്ച വരുമാനം പെട്ടെന്നു നിന്നുപോവുക, ജോലി നഷ്ടപ്പെടുക, കടംവീട്ടാൻ കഴിയാതെ വരുക എന്നിവ ആത്മഹത്യക്ക് കാരണമാകാറുണ്ട്.
ജൈവഗവേഷകരുടെ അഭിപ്രായത്തിൽ ആത്‍മഹത്യ പ്രവണതയുള്ളവരുടെ ബുദ്ധിയും നാഡീവ്യൂഹവും തമ്മിലുള്ള സന്ദേശവാഹകർ (neurotransmitters) ആയ norepinephrine- ഉം serotonin- ഉം അസാധാരണ വ്യതിയാനങ്ങൾ കാണിക്കാറുണ്ട്. അപകടങ്ങൾ മുൻകൂട്ടി കണ്ട് നമ്മെ തയ്യാറാക്കുന്ന norepinephrine- ഉം സന്തോഷം, ശുഭാപ്തിവിശ്വാസം എന്നിവ നൽകുന്ന serotonin- ഉം നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്ന രാസവസ്തുക്കളാണ്. ആത്‍മഹത്യ പ്രവണതയുള്ളവർക്ക് norepinephrine- ന്റെ അളവ് കൂടുതലും serotonin- ന്റെ അളവ് കുറവും ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആത്മഹത്യകൾ ചില കുടുംബങ്ങളിൽ വ്യാപകമായി കാണാറുണ്ടെന്നും ഇതിനുകാരണം ജനിതകമായിരിക്കാമെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സാമ്പത്തികതലത്തിൽ ചിന്തിക്കുമ്പോൾ തൊഴിലില്ലായ്മയും ആത്‍മഹത്യയും തമ്മിലുള്ള ബന്ധം വ്യക്‌തമാണ്. പ്രതീക്ഷിച്ച വരുമാനം പെട്ടെന്നു നിന്നുപോവുക, ജോലി നഷ്ടപ്പെടുക, കടംവീട്ടാൻ കഴിയാതെ വരുക എന്നിവ ആത്മഹത്യക്ക് കാരണമാകാറുണ്ട്. ഇന്ത്യയിലെ കർഷകരുടെ കാര്യം തന്നെ എടുത്തുനോക്കൂ. പ്രവചനാതീതമായ ഘടകങ്ങൾ കൊണ്ട് - മഴക്കുറവ്, കീടബാധ - കൃഷി നശിക്കുമ്പോഴാണ് കർഷകകുടുംബങ്ങളുടെ സാമ്പത്തികനില തകരുന്നതും അവരിൽ പലരും ആത്‍മഹത്യ ചെയ്യുന്നതും. മേല്പറഞ്ഞ ഘടകങ്ങൾ വെവ്വേറെയല്ല - ആന്തരികമായി ഇഴചേർന്നവ തന്നെയാണ്. ഇവ ഒത്തുചേരുമ്പോഴാണ് വ്യക്‌തികൾ സ്വന്തം ജീവനൊടുക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയുടെ രജിസ്ട്രാർ ജനറലിന്റെ (2014) കണക്കുപ്രകാരം 15 - 24 വയസ്സിൽ (വിദ്യാർഥികൾ കൂടുതലും ഈ വിഭാഗത്തിൽപ്പെടും) മരണമടയുന്നവരിൽ പ്രധാന കാരണം ആത്മഹത്യയാണ്. സ്കൂൾ / കോളേജ് എന്നിവിടങ്ങളിൽനിന്ന് പുറത്താക്കപ്പെടുക, ലൈംഗികാക്രമണത്തിന് ഇരയാവുക, മാതാപിതാക്കളുടെ അശ്രദ്ധ, അവരുടെ മാനസിക രോഗങ്ങൾ, വിവാഹത്തിനുമുമ്പുള്ള ശാരീരികബന്ധങ്ങളിൽ വഞ്ചിക്കപ്പെടുക എന്നിവയൊക്കെ ഇതിനു കാരണമാകാം. ഈ വിഭാഗത്തിൽ ഇന്ത്യയിൽ പൊതുവേ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് കൂടുതൽ ആത്മഹത്യ ചെയ്യുന്നത്.
വിദ്യാർത്ഥികളുടെ ആത്മഹത്യക്ക് വിദ്യാഭ്യാസ സമ്പ്രദായം, മാതാപിതാക്കൾ, അദ്ധ്യാപകർ എന്നിവർ തുല്യമായി ഉത്തരവാദികളാണെന്ന് വേണം കരുതാൻ. ഒരു വിദ്യാർത്ഥിയുടെ കഴിവും പ്രതീക്ഷകളും മാർക്‌ഷീറ്റിൽ കാണുന്ന അക്കങ്ങളായിച്ചുരുക്കിയ സമ്പ്രദായമാണ് നാമിന്നും തുടരുന്നത്. ഈ വ്യവസ്ഥയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങാൻ കുട്ടികളെ മാതാപിതാക്കളും അദ്ധ്യാപകരും ചേർന്ന് നിർബന്ധിക്കുന്നതും അതിനു കഴിയാത്തവരെ പരിഹസിക്കുന്നതും സാധാരണം മാത്രം. മാർക്കിനുള്ള സമ്മർദ്ദത്തിൽ അവർക്കാവശ്യമായ മറ്റു പാഠങ്ങൾ നല്കാൻ നാം മറന്നുപോകുന്നു - പരാജയങ്ങളെ അതിജീവിക്കാനുള്ള പ്രതിരോധശേഷി, ഉയർന്ന ആത്മാഭിമാനം, നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി - ഇവ ചിലതുമാത്രം. മോശം മാർക്കിനെപ്പേടിച്ച് പരീക്ഷക്ക് മുമ്പും പിൻപും ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളെപ്പറ്റിയുള്ള വാർത്തകൾ നാം നിത്യം വായിക്കാറുള്ളതാണ്. ജീവിതത്തിൽ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളിൽ ഏറ്റവും ചെറുതായ പരീക്ഷാവിജയംപോലും അഭിമുഖീകരിക്കാൻ നമ്മുടെ കുട്ടികൾ പ്രാപ്തർ അല്ലെങ്കിൽ അതിനു കാരണക്കാർ അവരെ വളർത്തുന്ന നമ്മൾ തന്നെയാണ്.
കോളേജിൽ ചേരുമ്പോൾ പല കൗമാരക്കാരും വീട്ടിൽനിന്ന് മാറിനിൽക്കാറുണ്ട്. മാതാപിതാക്കളുടെ മേൽനോട്ടം കുറയുകയും സുഹൃത്തുക്കളുടെ എണ്ണം കൂടുകയും ചെയ്യുന്ന സമയമാണിത്. ശാരീരികവും മാനസികവുമായ വളർച്ചക്കൊപ്പം, അവരുടെ പരിസ്ഥിതി അവരിൽ പുതിയ സമ്മർദ്ദങ്ങൾ ചെലുത്തിയേക്കാം.
യുക്‌തമായ പ്രവർത്തികളിലൂടെ തീർത്തും ഒഴിവാക്കാനാകുന്ന സാമൂഹിക ദുരന്തമാണിത്. ഈ മേഖലയിൽ ഇന്ത്യയിൽ നടത്തിയ പഠനങ്ങൾ അവലോകനം ചെയ്യുമ്പോൾ അറിയാൻ കഴിയുന്ന പ്രധാന കാരണങ്ങളിലൊന്ന്, നമ്മുടെ സമൂഹം ആത്മഹത്യക്കു കല്പിച്ചിരിക്കുന്ന stigma ആണ്. വിദ്യാർത്ഥിയുടെ കുടുംബ പശ്ചാത്തലവും, വിദ്യാഭ്യാസ സ്ഥാപനത്തിൽ അവർ നേരിടുന്ന പ്രതിസന്ധികളും കൊണ്ട് ഇവർ നേരിടുന്ന പിരിമുറുക്കം ചെറുതല്ല. ഈ സാഹചര്യത്തിൽ ആവശ്യമായ മാനസികാരോഗ്യ സേവനം ഏർപ്പെടുത്തുന്നതിനുപകരം അവരുടെ തീരുമാനങ്ങളെ കുറ്റപ്പെടുത്തുകയും ഭ്രാന്തെന്നു മുദ്രകുത്തുകയും ചെയ്യുന്നത് നമ്മൾ ഓരോരുത്തരുടേയും സംസ്കാരശൂന്യമായ പെരുമാറ്റം തന്നെയാണ്.
ഇത്തരം ദുർമരണങ്ങൾ തടയുവാനും വിദ്യാർത്ഥികളെ ആരോഗ്യത്തോടെ പ്രായപൂർത്തിയിലേക്ക് എത്തിക്കാനുമുള്ള സാമൂഹികപ്രതിബദ്ധത ഏവർക്കുമുണ്ട്. കുട്ടികൾ ഏറെ സമയം ചെലവഴിക്കുന്നത് വീട്ടിലല്ലേ? അതു കൊണ്ടുതന്നെ വീടുകളിലാണ് നാം മാറിത്തുടങ്ങേണ്ടത്. ആരോഗ്യകരമായ കുടുംബബന്ധം എന്തെന്നു കുട്ടികളെ പഠിപ്പിക്കുന്നത് മാതാപിതാക്കൾ തന്നെയാണ്. മാതൃകയായി കുട്ടികൾ കണ്ടുപഠിക്കുന്നത് അവരുടെ പെരുമാറ്റമാണ്. വീട്ടിൽ നിത്യം വഴക്കും തർക്കവും മാത്രം കണ്ടുവളരുന്ന കുഞ്ഞുങ്ങൾ ക്ലാസിൽ മറ്റു കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത് സ്വാഭാവികം മാത്രം. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ദൂഷ്യസ്വഭാവങ്ങൾ വീട്ടിൽനിന്ന് പഠിക്കുന്ന കുട്ടികൾ പുറത്തുനിന്നും ഇത്തരം ലഹരിവസ്തുക്കൾ തേടുകയും അതു നൽകുന്നവരെ സുഹൃദ് വലയത്തിൽ ചേർക്കുകയും ചെയ്യുന്നു. ജീവിതം മാർക്കുകൾക്കപ്പുറമാണെന്നും അതിനാവശ്യമായ കഴിവുകൾ ഏതെന്നും ഉദാഹരണങ്ങൾ നൽകി നാം തന്നെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്.
കുഞ്ഞുമനസ്സിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ക്ഷമയോടെ കേൾക്കുകയും അവയ്ക്കു സമാധാനം ഉണ്ടാക്കുകയും അവരുടെ അഭിപ്രായത്തിനു വിലയുണ്ടെന്ന ധാരണ ഉണ്ടാക്കിയെടുക്കുകയും വേണം. ഇത്തരം കുടുംബസാഹചര്യങ്ങൾ ലഭിക്കാത്ത കുഞ്ഞുങ്ങൾ മോശം കൂട്ടുകെട്ടുകളിൽ പെടാനും അതുമൂലം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിയ്ക്കാനും ആത്മഹത്യയുടെ പാത തിരഞ്ഞെടുക്കാനും സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു.
ആത്മഹത്യ തടയുന്നതിന് ലോകാരോഗ്യ സംഘടന 'ഗേറ്റ് കീപ്പർ' പരിശീലനം നിഷ്‌കർഷിക്കുന്നുണ്ട്. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്നവരേയും അവരുടെ സ്വഭാവത്തിൽ വരുന്ന സൂക്ഷ്മമായ മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയുന്നവരേയുമാണ് 'ഗേറ്റ് കീപ്പർ' എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്.
ആപത്‌ഘട്ടങ്ങളിൽ വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ സഹായം ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ തയ്യാറാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കോളേജിൽ ചേരുമ്പോൾ പല കൗമാരക്കാരും വീട്ടിൽനിന്ന് മാറിനിൽക്കാറുണ്ട്. മാതാപിതാക്കളുടെ മേൽനോട്ടം കുറയുകയും സുഹൃത്തുക്കളുടെ എണ്ണം കൂടുകയും ചെയ്യുന്ന സമയമാണിത്. ശാരീരികവും മാനസികവുമായ വളർച്ചക്കൊപ്പം, അവരുടെ പരിസ്ഥിതി അവരിൽ പുതിയ സമ്മർദ്ദങ്ങൾ ചെലുത്തിയേക്കാം. സുഹൃദ്ബന്ധങ്ങളിൽ വരുന്ന വിള്ളലുകൾ, നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവർ, പ്രണയബന്ധങ്ങൾ, ജോലി നേടാനുള്ള തയ്യാറെടുപ്പുകൾ, ബുദ്ധിമുട്ടുള്ള പഠനവിഷയങ്ങൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇത്തരം വിഷയങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിക്കൊള്ളണമെന്നില്ല; അതുകൊണ്ടുതന്നെ ഇതിനെ നേരിടാനുള്ള വഴികളും അവർക്കറിയാതെപോകാം. അതുകൊണ്ട് കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് മുമ്പ് മാതാപിതാക്കൾക്ക് ഈ വിഷയങ്ങളിൽ കൗൺസിലിംഗ് അത്യാവശ്യമാണ്.
ആത്മഹത്യ തടയുന്നതിന് ലോകാരോഗ്യ സംഘടന 'ഗേറ്റ് കീപ്പർ' പരിശീലനം നിഷ്‌കർഷിക്കുന്നുണ്ട്. വിദ്യാർത്ഥികളുമായി അടുത്തിടപഴകുന്നവരേയും അവരുടെ സ്വഭാവത്തിൽ വരുന്ന സൂക്ഷ്മമായ മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയുന്നവരേയുമാണ് 'ഗേറ്റ് കീപ്പർ' എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, PHC ഡോക്ടർമാർ, നഴ്‌സ്മാർ, പോലീസ്, അദ്ധ്യാപകർ എന്നിവർ ഇതിൽപെടും. ആത്‍മഹത്യപ്രവണതയുള്ളവർ നേരിട്ട് സഹായം അഭ്യർത്ഥിക്കാറില്ലെങ്കിലും സ്വഭാവ വ്യതിയാനങ്ങളിലൂടെ അവരുടെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്താറുണ്ട്. അസാധാരണമായ സന്തോഷം, ദുഃഖം, പ്രിയപ്പെട്ട വസ്തുക്കൾ ദാനം ചെയ്യുക എന്നിവ ഇവയിൽ ചിലതുമാത്രം. ഈ പരിശീലനത്തിലൂടെ ഇത്തരം ലക്ഷണങ്ങൾ തിരിച്ചറിയുവാനും തള്ളിക്കളയുന്നതിനുപകരം മനോരോഗവിദഗ്ധരുടെ സഹായം ഒരുക്കുവാനും മാതാപിതാക്കൾ പ്രാപ്‌തരാകും. പരിശീലനം ലഭിച്ച കൗൺസിലർമാരെ നിയോഗിച്ച് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇത്തരം ക്ലാസ്സുകളും ചർച്ചകളും സംഘടിപ്പിയ്ക്കുകയും, മാതാപിതാക്കൾ പ്രത്ത്യേകിച്ചും ഇവയിൽ പങ്കെടുക്കണമെന്ന് നിഷ്കർഷിക്കുകയും വേണം.
ഇനി വിദ്യാർത്ഥികളുടെ വീക്ഷണകോണിൽനിന്നു ചിന്തിക്കാം. ഇഷ്ടമില്ലാത്ത ചുറ്റുപാട്, പ്രണയനൈരാശ്യം, കണിശക്കാരായ അദ്ധ്യാപകർ എന്നിങ്ങനെ പ്രശ്നങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന നിസ്സഹായാവസ്ഥയാണ് ആത്മഹത്യയെ കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടാക്കുന്നത്. മാതാപിതാക്കൾ എത്ര ശ്രമിച്ചാലും ചില കാര്യങ്ങൾ അവരുമായി പങ്കുവെയ്ക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഉള്ളിലടക്കി കൊണ്ടുനടക്കുന്ന നിരാശയെ സൂക്ഷിക്കണം - ഇത്തരം ചിന്തകൾ കൃത്യസമയത്തു മനസ്സിൽനിന്ന് തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മറ്റാരുടെയും സഹായമോ സമ്മതമോ കൂടാതെ, നാണക്കേട് എന്ന് അവർക്ക് തോന്നാത്തവിധം, ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു ഫോറം അവർക്കു നൽകേണ്ടതുണ്ട്. കേരളത്തിലെവിടെനിന്നും സൗജന്യമായും പേരുവിവരങ്ങൾ വെളിപ്പെടുത്താതെയും വിദ്യാർത്ഥികൾക്ക് വിളിക്കാവുന്ന ഒരു ഹെൽപ് ലൈൻ ആവിഷ്കരിച്ച്, ഈ നമ്പർ കാമ്പസുകളിൽ പ്രമുഖ സ്ഥാനങ്ങളിൽ എഴുതിവക്കാം. WHO മാനദണ്ഡങ്ങൾ അനുസരിച്ച് പരിശീലനം ലഭിച്ച കൗൺസിലർമാരുടെ സഹായത്താൽ 24 മണിക്കൂറും പ്രവർത്തിക്കേണ്ട ഈ ഹെൽപ് ലൈൻ വിദ്യാർത്ഥികൾക്ക് സാന്ത്വനവും പ്രായോഗികമായ നുറുങ്ങുവിദ്യകളും ധൈര്യവും നല്കാൻ ഏറെ സഹായകമാകും.
വിദ്യാർത്ഥികളുടെയിടയിൽ ആത്‍മഹത്യ വ്യാപകമാക്കുന്നതിൽ മാധ്യമങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെയിടയിൽ ആത്‍മഹത്യ വ്യാപകമാക്കുന്നതിൽ മാധ്യമങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം വാർത്തകളെ നാടകീയമായി റിപ്പോർട്ട് ചെയ്യുക, അതിലെ ചെറിയ അംശങ്ങൾപോലും ദീർഘനേരം ചർച്ച ചെയ്യുക, ഇരയെ അപമാനിക്കുക - ഇത്തരം റിപ്പോർട്ടുകൾ കാണുന്ന മറ്റു കുട്ടികളുടെ മനസ്സിൽ ആത്മഹത്യാ പ്രേരണ വളർത്തിയെടുക്കാൻ ഇതിടയാക്കുന്നു. സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വിദ്യാർഥികൾ, ഇതിൽ നിന്നുള്ള രക്ഷാമാർഗം ആത്‍മഹത്യയാണെന്ന തെറ്റായ ധാരണയിലേക്ക് എത്തുകയും അവർ കണ്ട റിപ്പോർട്ടുകളുടെ അറിവുകൊണ്ട് അത്തരമൊരു ശ്രമം നടത്തുകയും ചെയ്യാൻ സാധ്യത കൂടുകയും ചെയ്യും. ഇതിനെ suicide contagion എന്ന് വിളിക്കാം. ആത്മഹത്യ കവർ ചെയ്യുന്നതിനും അതിനെ നാടകീയമായി ചിത്രീകരിക്കാതെ ഇരക്കും കുടുംബത്തിനും ആവശ്യമായ സ്വകാര്യത നൽകി പ്രസക്‌തമായ വിവരങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യാനുമുള്ള നിയമങ്ങൾ സർക്കാർ കൊണ്ടുവരേണ്ടതാണ്.
ഇതിനു സമാന്തരമായി സമൂഹത്തിന് മാനസികാരോഗ്യത്തോടുള്ള മനോഭാവം മാറ്റിയെടുക്കേണ്ടതുണ്ട്. മാനസികപ്രശ്നങ്ങൾ ശാരീരികപ്രശ്നങ്ങൾപോലെതന്നെ ചികിത്സിച്ചു മാറ്റാവുന്നവയാണ്. ഇതിനായി വിദഗ്ധസഹായം തേടുന്നതിൽ ഒരു നാണക്കേടുമില്ല. സഹായം തേടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം അവരെ ഭ്രാന്തരെന്നു മുദ്രകുത്തുന്നത് stigma കൊണ്ടാണ്. stigma അറിവില്ലായ്മയുടെ ഫലമാണ്; അതിനെ നേരിടേണ്ടത് അവബോധം കൊണ്ടാണ്. ഈ അവബോധം ഉണ്ടാക്കിയെടുക്കാൻ സംസ്ഥാനവ്യാപകമായി ഒരു പ്രചാരണം സർക്കാർ നടത്തേണ്ടതാണ്. ഇതിനുതകുന്ന പരിപാടികൾ ടി.വിയിലൂടെയും നവമാദ്ധ്യമങ്ങളിലൂടെയും കാമ്പസുകളിൽ വർക്ഷോപ്പുകൾ നടത്തിയും ഫ്ലയറുകൾ വിതരണം ചെയ്തും ജനമദ്ധ്യത്തിലേക്ക് എത്തിക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ പിരിമുറുക്കം ആത്മഹത്യയിലേക്കു നയിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധരുടെ ലേഖനങ്ങളും അഭിമുഖങ്ങളും വ്യാപകമായി പ്രസിദ്ധീകരിക്കാം. ഈ വിഷയത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ അകറ്റാനും ശാസ്ത്രീയപരിജ്ഞാനം പ്രചരിപ്പിക്കാനും ഇവ സഹായകമാണ്.
നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ ഉത്തരവാദിത്വമല്ലേ? നാളെയുടെ പ്രതിസന്ധികളെ നേരിടാൻ അവർക്കാവശ്യമായ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടതും നമ്മൾ തന്നെയല്ലേ?
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനിന്റെ സഹായം തേടാം. Toll free helpline number: 1056, 0471-2552056