വിദ്യാഭ്യാസത്തെക്കുറിച്ച്​ കേരളത്തിന്​ എന്താണ്​ ഫിൻലൻഡിൽനിന്ന്​ പഠിക്കാനുള്ളത്​?

വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിനായി​ കേരളം ഫിൻലൻഡുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഗവേഷണ സ്​ഥാപനങ്ങൾ തമ്മിലും അധ്യാപക കൈമാറ്റ പരിശീലന പരിപാടിയിലുമാണ്​ തുടക്കത്തിൽ ഇരുരാജ്യങ്ങളും സഹകരിക്കുക. വിദ്യാഭ്യാസ മേഖലയിൽ ​കേരളം എന്തുകൊണ്ട്​ ഫിൻലൻഡുപോലൊരു രാജ്യത്തെ മാതൃകയാക്കുന്നു?

ഴയ സിനിമകളിലും നോവലുകളിലും കണ്ടുമുട്ടിയ അധ്യാപകർ തൂവെള്ള വസ്ത്രധാരിയും മൂല്യങ്ങളുടെ ആൾരൂപവും അറിവിന്റെ അവസാനവാക്കുമായിരുന്നു. "അധ്യാപനം രാഷ്ട്രസേവനം' എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ഇന്ന് അഭികാമ്യമോ വേറിട്ടതോ ആയ തൊഴിലായി അധ്യാപനത്തെ പുതിയ തലമുറ കാണുന്നുണ്ടോയെന്ന് സംശയമാണ്. മറ്റൊന്നും കിട്ടിയില്ലെങ്കിൽ ടീച്ചർ ട്രെയിനിങ്ങിന് പോകാമെന്നുകരുതി വന്നവരാണ് ഇന്നത്തെ നല്ലൊരു പങ്ക് അധ്യാപകരും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മികച്ചവർ അധ്യാപനരംഗത്ത് എത്തേണ്ടതിന്റെ ആവശ്യകത സർക്കാരുകൾ പോലും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
ഈ സാഹചര്യത്തിലാണ് അധ്യാപനത്തിന്റെ നിലവാരമുയർത്താൻ ഉതകുന്ന ചില നിർദേശങ്ങൾ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായതും ഫിൻലൻഡിൽ നിന്ന് പഠിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നതും. ഒരു വിദ്യാഭ്യാസ പ്രവർത്തകനെന്ന നിലയിൽ രണ്ടിനെയും സ്വാഗതം ചെയ്യട്ടെ.

ജ്ഞാനസമൂഹമായി ലോകം മാറുമ്പോൾ

ജ്ഞാനസമൂഹത്തെക്കുറിച്ചും ജ്ഞാനസമ്പദ്‌വ്യവസ്ഥയെക്കുറിച്ചുമുള്ള ചിന്തകൾ ശക്തിപ്പെടുത്തുന്ന ഇക്കാലത്ത് അധ്യാപകർക്ക്​ കാലം കല്പിച്ചുനൽകുന്നത് പുതിയ റോളാണ്. ഫാക്റ്ററി ത്തൊഴിലാളികളുടെ സ്ഥാനത്ത് വിജ്ഞാനത്തൊഴിലാളികൾ (knowledge worker) വരുമ്പോൾ ഒരു വിദഗ്ധനായി മാറാതെ അധ്യാപകർക്ക്​ നിലനിൽക്കാനാവില്ല. മാറ്റങ്ങൾ അടിക്കടി സംഭവിക്കുകയും വെല്ലുവിളികൾ നിരന്തരം പെരുകുകയും ചെയ്യുന്ന ക്ലാസുമുറിയിൽ പ്രൊഫഷണലായ അധ്യാപകർക്ക്​ ഏറെ ചെയ്യാനാവും. നിരന്തരം പഠിക്കുകയും അധ്യാപനത്തെ ഗവേഷണതലത്തിലേക്ക് ഉയർത്തുകയും ചെയ്യുക എന്നതാണ് പുതിയ കാലത്തെ അധ്യാപകരുടെ കർത്തവ്യം.

ഫിൻലൻറ്​ പോലുള്ള രാജ്യങ്ങളിൽ ഇന്ന് യുവാക്കൾ ഏറെ ആഗ്രഹിക്കുന്നത് അധ്യാപകരാവാനാണ്. അതുകഴിഞ്ഞേ മറ്റു ജോലികൾക്ക് അവിടെ സ്ഥാനമുള്ളൂ. ഫിന്നിഷ് വ്യവസ്ഥയിൽ അധ്യാപകർക്ക് കിട്ടുന്ന സാമൂഹ്യപദവിയും തൊഴിലിൽ അവരനുഭവിക്കുന്ന സ്വാതന്ത്ര്യവും അത്രകണ്ട് വിലമതിക്കപ്പെടുന്നു. അധ്യാപനം മടുത്ത്, അമേരിക്കയിൽ നിന്ന്​ഫിൻലന്റിലെത്തിയ തിമോത്തി ഡി വാക്കർ അധ്യാപനം തനിക്ക് എങ്ങനെ വീണ്ടും അതിമധുരമായെന്ന് "Teach Like Finland' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു.

തിമോത്തി ഡി വാക്കർ

നിരന്തരം പഠിക്കുകയും അധ്യാപനം ആസ്വാദ്യകരമാക്കുകയും ചെയ്യുന്ന അധ്യാപകർ കേരളത്തിലും ഇല്ലെന്നല്ല. അവർ പുതിയ തലമുറയെ ഗുണപരമായി സ്വാധീനിക്കുകയും നാട്ടിലെ വികസനപ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്നുമുണ്ട്. പക്ഷേ അത്തരക്കാരുടെ എണ്ണം കുറവാണെന്നുമാത്രം.

വെല്ലുവിളികൾ നിറഞ്ഞ തൊഴിലിടം

പുതിയ കാലത്ത്, ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു തൊഴിലായി അധ്യാപനം മാറിയിട്ടുണ്ട്. മുൻകൂട്ടി പ്ലാൻ തയ്യാറാക്കുകയും അത് ചിട്ടയായി ക്ലാസിൽ അവതരിപ്പിക്കുകയും അടുത്ത ദിവസത്തേക്ക് കുറച്ച് ഗൃഹപാഠങ്ങൾ നൽകുകയും ഒടുവിൽ വാർഷികപരീക്ഷ നടത്തി കുറച്ചുപേരെ പാസാക്കുകയും ചെയ്യുന്നിടത്ത് ഇന്ന് അധ്യാപനം അവസാനിക്കുന്നില്ല.
ഇന്ന് ക്ലാസ്​മുറിയിൽ എത്തിച്ചേരുന്ന കുട്ടികൾക്കിടയിലെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. അതിദരിദ്രരുടെയും ഒറ്റ രക്ഷിതാവിന്റെയും മദ്യാസക്തരുടെയും മയക്കുമരുന്നിന് അടിമപ്പെട്ടവരുടെയും കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുടെയും ലൈംഗികത്തൊഴിലാളികളുടെയും അന്യദേശത്തൊഴിലാളികളുടെയുമൊക്കെ മക്കൾ അക്കൂട്ടത്തിലുണ്ട്. ഭിന്നശേഷിക്കാരും ട്രാൻസ് ജെൻഡർമാരും അന്തർമുഖരും അക്രമവാസനയുള്ളവരും അമിതലാളനയേറ്റ് വളരുന്നവരും കൂട്ടത്തിൽ കാണും. മുമ്പാണെങ്കിൽ ഇതൊന്നും പരിഗണിക്കാതെ "പോർഷൻ കവർ' ചെയ്താൽ മതിയായിരുന്നു. ആരും ഒന്നും ചോദിക്കാൻ പോകുന്നില്ല. എന്നാൽ ഇന്ന് തന്റെ കുട്ടി മിടുക്കനാവണമെന്ന് പ്രതീക്ഷിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. എല്ലാ കുട്ടികളെയും മിടുക്കരാക്കണമെന്നാണ് സർക്കാർ നിർദേശിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു കാലത്ത് തൊഴിലിന്റെ സൗകര്യങ്ങൾ മാത്രം നോക്കി അധ്യാപകരാവുന്നവർ വലഞ്ഞതുതന്നെ.

മലയാളം മീഡിയത്തിൽ ഒരു പിരീഡ് പഠിപ്പിച്ചാൽ അടുത്ത പിരീഡിൽ ഇംഗ്ലീഷ് മീഡിയത്തിലാവും ഒരധ്യാപിക ഇന്ന് പഠിപ്പിക്കേണ്ടിവരിക. ചോക്കും ഏതാനും പഠനോപകരണങ്ങളുമുണ്ടായാൽ മുമ്പ് ക്ലാസ് കേമമാക്കാമായിരുന്നു. എന്നാലിന്ന് കമ്പ്യൂട്ടറും പ്രൊജക്റ്ററും ഡിജിറ്റൽ ബോർഡുമൊക്കെ ഉപയോഗിക്കേണ്ട, വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെടേണ്ട, രക്ഷിതാവിന്റെ ഓരോ ചോദ്യത്തിനും ഉത്തരം പറയേണ്ട, തന്നെക്കാൾ സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്ന കുട്ടികൾക്കുമുമ്പിൽ നിൽക്കേണ്ട, സർവോപരി സ്‌കൂളിനെ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്താൻ പ്രതിജ്ഞാബദ്ധനാവേണ്ട ഒരാളാണ് ഇന്നത്തെ അധ്യാപകർ. ബഹുമുഖശേഷികളുള്ള ഒരു ജ്ഞാനവിദഗ്ധനു മാത്രമേ (knowledge professional) ഇന്നത്തെ കാലത്ത് വെല്ലുവിളികളെ വിജയകരമായി അഭിമുഖീകരിക്കാനാവൂ.

ക്ലാസ്​മുറിയിലെ സർവാണിസദ്യയുടെ കാലമൊക്കെ കഴിഞ്ഞു എന്നതാണ് വസ്തുത. എല്ലാവർക്കും ഒറ്റ ലെസൺ പ്ലാൻ മതിയാവില്ലെന്നും ക്ലാസ്​മുറിയിലെ അനുഭവങ്ങൾക്കനുസരിച്ച് പ്ലാനുകൾ മാറ്റിക്കൊണ്ടിരിക്കണമെന്നും തിരിച്ചറിയപ്പെടുകയാണ്. ഭിന്നശേഷിക്കാരിൽ പല വിഭാഗങ്ങളുണ്ടെന്നും ഓരോരുത്തർക്കും നൽകേണ്ട സഹായം വ്യത്യസ്തമാണെന്നും ഇന്നത്തെ ടീച്ചർ അറിയണം. ആദിവാസി കുട്ടികളെ നന്നായി പഠിപ്പിക്കണമെങ്കിൽ അവരുടെ ജീവിതവും സംസ്‌കാരവും ഭാഷയും അറിഞ്ഞേ പറ്റൂ എന്ന വസ്തുത അവർ അംഗീകരിക്കണം. ഓരോ കുട്ടിയെയും നന്നായി അറിയണമെങ്കിൽ അവരുടെ പ്രവർത്തനങ്ങളും പ്രതികരണങ്ങളും ആവിഷ്‌കരണങ്ങളും ഉത്പന്നങ്ങളും സൂക്ഷ്മമായി വിലയിരുത്താൻ പുതിയകാലത്തെ അധ്യാപകർക്ക്​ശേഷിയുണ്ടാവണം. ആടാനും പാടാനും വരയ്ക്കാനും നന്നായി ആശയവിനിമയം നടത്താനും മനഃശാസ്ത്രപരമായും സാമൂഹ്യമായ തിരിച്ചറിവുകളോടെയും ഇടപെടാനും കഴിയുന്നവരുമാണ് ഈ രംഗത്ത് എത്തേണ്ടത്. അതുകൊണ്ടുതന്നെയാണ് ആർക്കും ചെയ്യാവുന്ന ഒരു ജോലിയല്ല ഇന്ന് അധ്യാപനമെന്നും അതൊരു വിദഗ്ധതൊഴിലാണെന്നും സാമാന്യത്തിൽ കവിഞ്ഞ അറിവും നൈപുണികളും പ്രതിബദ്ധതയുമുള്ളവർ ഈ രംഗത്തെത്തിയാലേ വിദ്യാഭ്യാസരംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാൻ കഴിയൂ എന്നും പറയുന്നത്.

മികച്ചവരെ തേടുന്ന ലോകം

വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ രണ്ടുദശകമായി മുൻനിരയിൽ നിലയുറപ്പിച്ച ഒട്ടേറെ രാജ്യങ്ങളുണ്ട്. അതിലൊന്ന് നിശ്ചയമായും, നാം സഹകരിക്കാൻ തീരുമാനിച്ച ഫിൻലൻഡ് തന്നെയാണ്. ഒരുകാലത്ത് ഏറെ പിന്നിലായിരുന്ന ആ യൂറോപ്യൻ രാജ്യം വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ചുദശകം കൊണ്ട് നേടിയ അമ്പരപ്പിക്കുന്ന മുന്നേറ്റങ്ങളെ സംബന്ധിച്ച് നിരവധി പുസ്തകങ്ങളും പഠനങ്ങളും വന്നുകഴിഞ്ഞു. അവയെല്ലാം ഏകസ്വരത്തിൽ പറയുന്ന ഒരു കാര്യം ഇതിനെല്ലാം അടിസ്ഥാനമായി വർത്തിക്കുന്നത് അവിടുത്തെ അധ്യാപകരുടെ മികവാണ് എന്നാണ്. 1970കളിൽ ആരംഭിച്ച വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായി, യുവാക്കളിലെ ഏറ്റവും പ്രതിഭാസമ്പന്നരായവർ രാജ്യത്തെ അധ്യാപകരാവണമെന്ന് ഭരണകൂടം തീരുമാനിക്കുകയും ആ ലക്ഷ്യം നേടുന്നതിനുള്ള നിരവധി മാറ്റങ്ങൾ അവർ പടിപടിയായി നടപ്പിലാക്കുകയും ചെയ്തു. അതിലൊന്ന് ഒന്നാം തരം മുതൽ സെക്കണ്ടറിതലം വരെയുള്ള അധ്യാപകരുടെ കുറഞ്ഞ അടിസ്ഥാനയോഗ്യത പോസ്റ്റ് ഗ്രാജുവേഷൻ ആക്കുക എന്നതായിരുന്നു. പോസ്റ്റ് ഗ്രാജുവേഷനും രണ്ടുവർഷത്തെ അധ്യാപനയോഗ്യതയും ഇല്ലാത്ത ഒരാൾക്കും ഇന്നവിടെ അധ്യാപകനാവാനാവില്ല.

അധ്യാപകർ പരിശീനത്തിൽ

ഫിൻലൻഡിൽ അധ്യാപക പരിശീലന കോഴ്‌സുള്ളത് ഹെൽസിങ്കി ഉൾപ്പെടെയുള്ള ഏറ്റവും മികച്ച ഏഴ് സർവകലാശാലകളിൽ മാത്രമാണ്. അവയാകട്ടെ മിക്കതും ഇന്റഗ്രേറ്റഡ് കോഴ്‌സുകളുമാണ്. അതായത് അധ്യാപകനാവാൻ ഒരാൾ തെരഞ്ഞെടുക്കപ്പെട്ടാൽ പി.ജി.യും അധ്യാപക പരിശീലനവും സംയോജിപ്പിച്ചുകൊണ്ടാണവിടെ പഠിപ്പിക്കുക. മെയിൻ വിഷയങ്ങൾ അതത് ഡിപ്പാർട്ട്‌മെന്റുകളും അധ്യാപന പരിശീലന മൊഡ്യൂളുകൾ വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധരും പരസ്പരധാരണയോടെ കൈകാര്യം ചെയ്യും. ഈ കോഴ്‌സിന്റെ മുഖ്യസവിശേഷത പഠനത്തിന്റെ ഭാഗമായി എല്ലാവരും തന്നെ അധ്യാപനമേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവേഷണം നടത്തി തീസിസ് സമർപ്പിക്കണമെന്നതാണ്. കോഴ്‌സിന്റെ ഓരോ ഘട്ടവും ഗവേഷണാത്മകമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതിനാൽ ഇതിലൂടെ കിട്ടുന്ന വൈദഗ്ധ്യം ക്ലാസിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പിന്നീട് ഫലപ്രദമായി ഉപയോഗപ്പെടുന്നു എന്നാണ് വിലയിരുത്തൽ.

അധ്യാപനകോഴ്‌സുകളിലേക്ക് ഏറ്റവും പറ്റിയവരെ തെരഞ്ഞെടുക്കാൻ അവർ ചെയ്യുന്നതെന്തെന്നു കൂടി നാം അറിഞ്ഞിരിക്കണം. കോഴ്‌സിന് അപേക്ഷിക്കുന്നവർക്കെല്ലാം അരഡസനിൽ കുറയാത്ത ഗവേഷണപ്രബന്ധങ്ങൾ മുൻകൂട്ടി അയച്ചുകൊടുക്കുന്നു. വിദ്യാഭ്യാസമേഖലയിലെ കാലികമായ പ്രശ്‌നങ്ങളെ മുൻനിർത്തിയുള്ള ഈ പ്രബന്ധങ്ങളെ ആധാരമാക്കിയുള്ള മൂന്നു മണിക്കൂർ എഴുത്തുപരീക്ഷയുണ്ട്. അതിൽ മുന്നിലെത്തുന്നവരെ മാത്രമേ ഇന്റർവ്യൂവിന് വിളിക്കൂ. അവിടെയും പരീക്ഷാർഥിയുടെ നിരീക്ഷണശേഷിയും അപഗ്രഥനപാടവവും വിമർശനാത്മകതയും പ്രതിബദ്ധതയും മറ്റും അളക്കുന്നതാവും ചോദ്യങ്ങൾ. കൂടാതെ കലാ - കായിക മേഖലകളിലുള്ള അഭിരുചികളും തെരഞ്ഞെടുപ്പിൽ പരിഗണിക്കുന്നു. അപേക്ഷിക്കുന്നവരിൽ ചുരുക്കം പേർക്കേ പ്രവേശനം ലഭിക്കൂ. എന്നാൽ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഉയർന്ന ശമ്പളവും മികച്ച ആനുകൂല്യങ്ങളും തികഞ്ഞ സാമൂഹ്യാംഗീകാരവും അങ്ങേയറ്റത്തെ സ്വാതന്ത്ര്യവും അനുഭവിക്കാവുന്ന ജോലി പ്രതീക്ഷിക്കാം.

പ്രീ സർവീസ് പരിശീലനം എങ്ങനെയാവണം?

നമ്മുടെ ഡി.എഡ്., ബി.എഡ്. പരിശീലനങ്ങളിൽ കുറച്ചു മാറ്റങ്ങളൊക്കെ സമീപകാലത്ത് വന്നിട്ടുണ്ടെങ്കിലും സ്‌കൂൾ കരിക്കുലവുമായി തട്ടിച്ചുനോക്കുമ്പോൾ അവ ഇപ്പോഴും കാതങ്ങൾ പിറകിലാണ്. പൗരാണിക കാലത്തും വൈദേശിക ഭരണകാലത്തും നടന്ന വിദ്യാഭ്യാസരീതികളിലും കമ്മീഷനുകളിലും ചുറ്റിത്തിരിയുന്ന അധ്യാപക പരിശീലന കോഴ്‌സുകൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ വന്ന മാറ്റങ്ങൾ പോലും വേണ്ടത്ര സ്വംശീകരിച്ചിട്ടില്ല. വിദ്യാഭ്യാസ സമീപനങ്ങളിൽ ലോകമാകെ വരുന്ന മാറ്റങ്ങളെ പിടിച്ചെടുത്ത് നാളത്തെ അധ്യാപകനെ രൂപപ്പടുത്തണമെങ്കിൽ അവ ഏറെ മാറേണ്ടതുണ്ട്. അക്കാദമികലോകം ഇന്ന് ഏറെ വിലകൽപിക്കാത്ത വ്യവഹാരവാദവും ബ്ലൂംസ് ടാക്‌സോണമിയുമൊക്കെയാണ് നവീനസിദ്ധാന്തങ്ങളെന്ന നിലയിൽ പലപ്പോഴും പഠിപ്പിക്കപ്പെടുന്നത്. ജ്ഞാനനിർമിതിയും വിമർശനാത്മകബോധനവും ഉദ്ഗ്രഥന സമീപനവും മറ്റും ഉൾക്കൊണ്ട് കാലികമാകാൻ അവയ്ക്ക് വേണ്ടത്ര സാധിക്കുന്നില്ല എന്നത് കാണേണ്ടതുണ്ട്.

വിദ്യാഭ്യാസരംഗത്ത് മുന്നേറ്റം നടത്തിയ മറ്റൊരു രാജ്യമായ കാനഡയിൽ ഇത്തരം കാര്യങ്ങളിൽ സംഭവിക്കുന്നത് എന്തെന്ന് നോക്കാം. ""കൺസ്ട്രക്റ്റിവിസ്റ്റ് രീതിയിലുള്ള പഠിപ്പിക്കലും അധ്യാപക വിദ്യാഭ്യാസവും ഇതിനകം വന്നുകഴിഞ്ഞു. ഈ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഗവേഷണത്തിനും പ്രയോഗത്തിനും ഊന്നൽ നൽകുന്ന ജർണലുകളിൽ പ്രാമുഖ്യം നേടിക്കഴിഞ്ഞു'' എന്നവർ തിരിച്ചറിഞ്ഞു. ഇത്തരം തിരിച്ചറിവുകൾ കനഡയിലെ പ്രീ സർവീസ് പരിശീലനത്തെ അടിമുടി മാറ്റിക്കഴിഞ്ഞു. അധ്യാപക വിദ്യാർഥികളിൽ ‘‘നിലവിലുള്ള സങ്കൽപങ്ങളെ തിരുത്താനും റിഫ്ലക്റ്റീവ് പ്രാക്റ്റീസും വിമർശനാത്മക ചിന്തയും ശക്തിപ്പെടുത്താനും'' ഇതുവഴി കഴിയുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. സാമൂഹ്യജ്ഞാന നിർമിതിയുടെ രീതിശാസ്ത്രം ഉപയോഗിച്ച്​ പ്രീ സർവീസ് അധ്യാപക പരിശീലനത്തെ ഇനിയെങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന ചിന്ത ഇന്നവിടെ ശക്തമാണ്.

അധ്യാപക പരിശീനത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനുള്ള പരിശ്രമത്തിലാണ് അമേരിക്ക. 2010-ൽ National Council of Accreditation of Teacher Education (NCATE) ഇതിനായി ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. അധ്യാപക പരിശീലനത്തിന് "ക്ലിനിക്കൽ' സ്വഭാവം നൽകണമെന്നതാണ് കമ്മീഷന്റെ മുഖ്യശുപാർശ. ഒരു ഡോക്ടർ എങ്ങനെയാണോ ഓരോ രോഗിയെയും വ്യക്തിപരമായി പഠിച്ച് ചികിത്സിക്കുന്നത്, അതുപോലെ ഓരോ കുട്ടിയെയും സഹായിക്കാൻ അധ്യാപകനാവണമെന്നാണ് അവരിപ്പോൾ ആഗ്രഹിക്കുന്നത്.

സിങ്കപ്പൂരിൽ അധ്യാപകരെ പുതിയ നൂറ്റാണ്ടിലേക്ക് പാകപ്പെടുത്തുന്നതിന് പ്രശ്‌നാധിഷ്ഠിതവും പ്രോജക്റ്റ് രീതിയിലുള്ളതുമായ പരിശീലനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പഠനത്തിന്റെ ഭാഗമായി "Interactive computer technology for meaningful learning' എന്ന ഒരു കോഴ്‌സ് എല്ലാവരും ചെയ്യേണ്ടതുണ്ട്. അധ്യാപക പരിശീലനകാലത്ത് 20 മണിക്കൂർ സാമൂഹ്യസേവനം നടത്താനും പാഠ്യപദ്ധതിയിൽ നിർദേശിച്ചിരിക്കുന്നു.

ഒരുപാട് തിയറികൾ മനഃപാഠമാക്കുന്നതിനു പകരം നവീന മനഃശാസ്ത്ര സിദ്ധാന്തങ്ങളെ പ്രയോഗവുമായി സംയോജിപ്പിച്ചുകൊണ്ട് തീർത്തും ഗവേഷണാത്മകമായ ഒരു പഠനപദ്ധതിയായി പ്രീ സർവീസ് പരിശീലനത്തെ മാറ്റണമെന്നാണ് ഇത്തരം അനുഭവങ്ങൾ നമ്മോട് പറയുന്നത്. യൂണിവേഴ്‌സിറ്റിയിലെ / അധ്യാപക പരിശീലനകേന്ദ്രങ്ങളിലെ വിദഗ്ധരും ബന്ധപ്പെട്ട സ്‌കൂൾ അധ്യാപകരും കൂട്ടായി പ്രവർത്തിച്ചുകൊണ്ട് അക്കാദമികവും പ്രായോഗികവുമായ അറിവുകളെ പരസ്പരം യോജിപ്പിക്കണം. അധ്യാപക വിദ്യാർഥികൾ പരിശീലനകാലത്ത് യഥാർഥ പ്രശ്‌നങ്ങളെ ഊന്നിയുള്ള കെയ്‌സ്സ്റ്റഡികൾ നടത്തണം. കുട്ടികളിലേക്കും സ്‌കൂളുകളിലേക്കും സമൂഹത്തിലേക്കും കൂടുതലായി ഇറങ്ങിച്ചെല്ലാൻ കഴിയുംവിധം പ്രീ സർവീസ് പരിശീലനരീതി മാറ്റിയെടുക്കണം.

ഇൻഡക്ഷൻ പരിശീലനം

അധ്യാപക പരിശീലന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയതുകൊണ്ടുമാത്രം ഒരാൾ ക്ലാസ്മുറിയിലെ യഥാർഥ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തനാകുന്നില്ല. മറ്റേതൊരു പ്രൊഫഷണൽ രംഗത്തും എന്നതുപോലെ തൊഴിലിടത്തിൽ നേരിട്ട് പ്രവർത്തിച്ചു നേടുന്ന അനുഭവങ്ങളുടെ ഒരു ഘട്ടം കൂടി (induction period) ഉദ്യോഗാർഥി പിന്നിടണം. മെഡിക്കൽ രംഗത്തെ ഹൗസ്‌സർജൻസി പോലെ പ്രായോഗികാനുഭവങ്ങളിലൂടെ ആത്മവിശ്വാസം കൈവരിക്കുന്നതാവണം ആ ഘട്ടം. നമ്മുടെ നാട്ടിൽ ജോലിയിൽ പ്രവേശിക്കുന്ന അധ്യാപകൻ രണ്ടുവർഷത്തെ പ്രൊബേഷൻ പൂർത്തിയാക്കണമെന്ന് സർവീസ് ചട്ടത്തിലുണ്ടെങ്കിലും ഈ കാലയളവിനുള്ളിൽ അധ്യാപകർ നേടിയെടുക്കേണ്ട കഴിവുകൾ അവർ നേടുന്നുണ്ടോയെന്ന് ആരും തന്നെ വിലയിരുത്തുന്നില്ല.
പല രാജ്യങ്ങളിലും അധ്യാപക പരിശീലനം കഴിഞ്ഞ് താത്കാലികമായി ജോലിയിൽ പ്രവേശിക്കുന്നവർ രണ്ടോ മൂന്നോ വർഷത്തെ ഇൻഡക്ഷൻകാലയളവ് വിജയകരമായി പൂർത്തിയാക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്.

ആസ്‌ട്രേലിയയിൽ മിക്ക സംസ്ഥാനങ്ങളിലും പുതിയ അധ്യാപകർക്ക് ഒരു പ്രൊവിഷണൽ രജിസ്‌ട്രേഷനാണ് ആദ്യം നൽകുന്നത്. തുടർന്ന് 12 മുതൽ 18 മാസം വരെയുള്ള കാലയളവിലെ പ്രവർത്തനത്തിലൂടെ നിലവാരം ഉണ്ടെന്ന് തെളിയിച്ചുകഴിഞ്ഞാൽ മാത്രമാണ് ഫുൾടൈം അധ്യാപക രജിസ്‌ട്രേഷൻ ലഭിക്കുന്നത്. ഇതുകഴിഞ്ഞാലേ സ്ഥിരാധ്യാപകനാവാൻ കഴിയൂ എന്നാണ് വ്യവസ്ഥ. ഇക്കാലയളവിലുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി സ്‌കൂൾ അധിഷ്ഠിത മെന്ററിങ് ശില്പശാലകൾ, നിശ്ചിതമായ പ്രൊഫഷണൽ പഠനപദ്ധതികൾ തുടങ്ങിയവയിലൂടെ പുതിയ ടീച്ചർ കടന്നുപോകേണ്ടതുണ്ട്.

കാനഡയിലെ ഒണ്ടേറിയോയിൽ ഇൻഡക്ഷന്റെ ഭാഗമായി, പുതിയ അധ്യാപകർ ക്ലാസ്‌റൂം മാനേജ്‌മെന്റ്, രക്ഷിതാക്കളുമായുള്ള ആശയവിനിമയം, വിദ്യാർഥികളുടെ മൂല്യനിർണയം, പ്രത്യേക ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകൽ എന്നിവയിൽ അനുഭവാത്മക പരിശീലനം നേടണം. ഇതിനായി ഡിസ്ട്രിക്ട് സ്‌കൂൾ ബോർഡിന്റെ നേതൃത്വത്തിൽ നാലുവർഷത്തെ ഇൻഡക്ഷൻ പ്രക്രിയയാണ് പുതിയ അധ്യാപകർക്കായി ഏർപ്പെടുത്തിയിട്ടുള്ളത്. ഇക്കാലയളവിൽ പ്രദർശനക്ലാസുകൾ നിരീക്ഷിക്കൽ, പ്രത്യേക മേഖലകളിൽ പരിശീലനം നേടൽ, കൂട്ടായ ആസൂത്രണം നടത്തൽ, മെന്ററുമായി അനുഭവങ്ങൾ പങ്കുവെക്കൽ, സഹാധ്യാപനം വഴി പരിശീലനം നേടൽ, സമ്മർ ഓറിയന്റേഷൻ ക്ലാസുകളിൽ പങ്കെടുക്കൽ തുടങ്ങിയവയിലൂടെയും പുതുതായി നിയമിക്കപ്പെട്ട അധ്യാപകർ കടന്നുപോകണം.

സിംഗപ്പൂരിൽ "നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ' പരിശീലിപ്പിച്ച വിദഗ്ധ അധ്യാപകർ (mentor teacher) നവാഗതരെ രണ്ടുവർഷത്തോളം പിന്തുണയ്ക്കുന്നു. മെന്ററിങ് കാലയളവിൽ പുതുതായി പ്രവേശനം ലഭിച്ച അധ്യാപകർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ക്ലാസ് റൂം മാനേജ്‌മെന്റിലും കൗൺസലിങ്ങിലും റിഫ്ലക്റ്റീവ് പ്രാക്ടീസിലും വിലയിരുത്തലിലും പ്രത്യേകമായ കോഴ്‌സുകൾ ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കുന്നു.

ഇത്തരം മാറ്റങ്ങൾ നമുക്കും വരുത്താവുന്നതേയുള്ളൂ. അക്കാദമിക കാഴ്ചപ്പാടുള്ള ഒരധ്യാപക സംഘടനയും ഇത്തരം നീക്കങ്ങളെ എതിർക്കുമെന്ന് തോന്നുന്നില്ല. പുതിയ അധ്യാപകർക്ക് അവർ ജോയിൻ ചെയ്തുകഴിഞ്ഞാൽ സ്‌കൂളിലെ സീനിയറും വിദഗ്ധരുമായ അധ്യാപകരുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരമൊരുക്കണം. ഇക്കാലയളവിൽ അവർ സാധാരണ അധ്യാപകർ കൈകാര്യം ചെയ്യുന്ന അത്രയും പിരീഡുകൾ എടുക്കണമെന്ന് നിർബന്ധിക്കരുത്. സീനിയർ അധ്യാപകരുടെ ക്ലാസ് നിരീക്ഷണം, പ്രശ്‌നങ്ങളുള്ള കുട്ടികളെക്കുറിച്ച് പഠിക്കൽ, രക്ഷാകർത്തൃ യോഗങ്ങൾ സംഘടിപ്പിക്കൽ, മെന്ററുമായി ആശയവിനിമയം നടത്തൽ തുടങ്ങിയ സവിശേഷ ചുമതലകൾ നിർവഹിക്കാൻ അവർക്ക് സമയം നൽകാനാണിത്. കൂടാതെ പ്രാദേശിക സർക്കാരോ അധ്യാപക പരിശീലനകേന്ദ്രങ്ങളോ നൽകുന്ന സവിശേഷ പരിശീലനങ്ങളിലും അവർ പങ്കെടുക്കട്ടെ.

പല രാജ്യങ്ങളിലും അധ്യാപകർ നേടിയെടുക്കേണ്ട നിലവാര മാനദണ്ഡങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിൽ 1987-ൽ National Board for Professional Teaching Standards എന്ന സ്ഥാപനം ഇതിനായി രൂപീകരിക്കപ്പെടുകയുണ്ടായി. ഇത്തരം നിലവാര മാനദണ്ഡങ്ങൾ ഉപയോഗിച്ച് അധ്യാപകർ നിർദിഷ്ടമായ കഴിവുകൾ പ്രതീക്ഷിത നിലവാരത്തിൽ നേടിയോയെന്ന് വിലയിരുത്താവുന്നതാണ്. അധ്യാപകരെ സമ്മർദത്തിലാഴ്ത്തുന്നതോ അവരുടെ കുറവുകൾ തുറന്നുകാട്ടുന്നതോ ആവരുത് ഇൻഡക്ഷൻ പരിശീലനങ്ങൾ.

തുടർച്ചയായ പ്രൊഫഷണൽ വികാസം

ജോലിയിൽ സ്ഥിരപ്പെടുന്നതോടുകൂടി അധ്യാപക പരിശീലനം അവസാനിക്കുന്നില്ലെന്നതും അംഗീകരിക്കപ്പെട്ട കാര്യമാണ്. വിദ്യാഭ്യാസമേഖലയിലെ കാലാനുസൃത മാറ്റങ്ങൾക്കും പ്രാദേശിക ആവശ്യങ്ങൾക്കും അനുസരിച്ച് സർവീസ് കാലത്തിലുടനീളം അധ്യാപകർ തൊഴിൽ നൈപുണി വികസിപ്പിക്കണമെന്നതാണ് (Continuous Professional Development - CPD) ഇന്നത്തെ ആഗോള കാഴ്ചപ്പാട്.

ഫിന്നിഷ് ക്ലാസ്‌റൂം

ഫിൻലൻഡിൽ വിപുലമായ ദേശീയ കരിക്കുലമോ പന്ത്രണ്ടാം ക്ലാസിലൊഴിച്ച് ബാഹ്യമായ മാനകീകൃത പരീക്ഷകളോ ഇല്ലെന്ന് നാം കേട്ടിരിക്കും. ദേശീയതലത്തിൽ തയ്യാറാക്കി നൽകുന്ന കരട് ഫ്രെയിം അനുസരിച്ച് ഓരോ സ്‌കൂളിന്റെയും കരിക്കുലം തയ്യാറാക്കേണ്ട ചുമതല അവിടുത്തെ അധ്യാപകർക്കുതന്നെയാണ്. മാർക്കറ്റിൽ ലഭ്യമാകുന്ന പാഠപുസ്തകങ്ങളിൽ നിന്ന് മികച്ചവ തെരഞ്ഞെടുക്കാനുള്ള അധികാരവും അവർക്കുതന്നെ. കുട്ടികളുടെ വിലയിരുത്താനുള്ള രീതികൾ സ്‌കൂൾതലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതും അവർ തന്നെ. എന്നുവെച്ചാൽ ഉയർന്ന സ്വാതന്ത്ര്യവും അത്രതന്നെ ഉത്തരവാദിത്തവും അവിടെ അവർക്കുണ്ട്. അധ്യാപകരെ അത്രകണ്ട് വിശ്വസിക്കുന്ന, അതിനുള്ള ശേഷി അവർക്കുണ്ടെന്ന് ഉറപ്പുവരുത്തുന്ന ഒരു രാജ്യത്തിന്റെ കാര്യമാണിത്.

ഇത്തരം കാര്യങ്ങൾ നിർവഹിക്കാൻ ഓരോ അധ്യാപകരും സ്വന്തം നിലയിലും മറ്റധ്യാപകരോട് ചേർന്നും പല രൂപത്തിലുമുള്ള പ്രൊഫഷണൽ ശേഷീവികസന പരിപാടികളിൽ തുടർച്ചയായി ഏർപ്പെടേണ്ടിവരും. ഫിൻലൻഡിൽ സാധാരണഗതിയിൽ അധ്യാപകർ ഒരു വർഷം 7 പ്രവൃത്തിദിവസമെങ്കിലും ഇത്തരം കാര്യങ്ങൾക്കായി നീക്കിവെക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില അധ്യാപകരാവട്ടെ 20 മുതൽ 50 വരെ ദിവസം സ്വന്തം പ്രൊഫഷണൽ ശേഷീവികസനത്തിനായി പ്രയോജനപ്പെടുത്തുന്നുണ്ടത്രേ. ഇതിന് സർക്കാർ ഫണ്ടും നീക്കിവെക്കുന്നുണ്ട്.

സിംഗപ്പൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്റെ പിന്തുണയോടെ അധ്യാപകർ സഹവർത്തിത രീതിയിൽ ക്ലാസ്​തലത്തിലും വിഷയതലത്തിലും ആസൂത്രണം നടത്തുക പതിവാണ്. കൂടുതൽ സവിശേഷപ്രശ്‌നങ്ങൾ ഉയർന്നുവരുമ്പോൾ അവർ ആക്ഷൻ റിസർച്ചുകളിലും ഏർപ്പെടുന്നു. കരിക്കുലം വികസനം, മൂല്യനിർണയതന്ത്രങ്ങൾ വികസിപ്പിക്കൽ എന്നിവയ്ക്കായി ഗ്രേഡ് ലെവലിലും ഡിപ്പാർട്ട്‌മെന്റ് തലത്തിലുമുള്ള അധ്യാപക പഠനസംഘങ്ങളിലും അവർ പ്രവർത്തിക്കുന്നു. ഗവൺമെന്റിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം പ്രൊഫഷണൽ ശേഷീവികസനത്തിനായി ഒരു വർഷം ഒരു ടീച്ചർ ശരാശരി 100 മണിക്കൂർ നീക്കിവെക്കുന്നുണ്ടെന്നാണ് കണക്ക്.

കാനഡയിൽ ഒണ്ടേറിയോയിൽ 2003-ൽ അധ്യാപകരുടെ പ്രൊഫഷണൽ പരിശീലനം സംബന്ധിച്ച് പ്രൊവിൻഷ്യൽ സർക്കാർ വിളിച്ച യോഗത്തെ സവിശേഷം പരാമർശിക്കേണ്ടതുണ്ട്. അധ്യാപക യൂണിയനുകളെയാണ് ആ യോഗത്തിലേക്ക് ക്ഷണിച്ചത്. ഈ യോഗത്തിൽ വെച്ച് അധ്യാപകർക്കാവശ്യമായ പ്രൊഫഷണൽ ശേഷീവികസന പരിശീലനങ്ങൾ നടത്തുന്നതിനുള്ള ഫണ്ടും ചുമതലയും അധ്യാപക സംഘടനകളെ ഏൽപ്പിക്കാൻ സർക്കാർ സന്നദ്ധമായി. ഇതിന്റെ ഭാഗമായി, "ടീച്ചർ ലീഡർ ലേണിങ് പ്രോഗ്രാം' എന്ന ഒരു പരിശീലനപരിപാടി സംഘടനകൾ ഏറ്റെടുത്തു വിജയിപ്പിക്കുകയുണ്ടായി. കക്ഷിരാഷ്ട്രീയം മാത്രം അടിസ്ഥാനമാക്കി സർക്കാർ കൊണ്ടവരുന്ന പരിഷ്‌കരണങ്ങളെ സമീപിക്കുന്ന പതിവ് അവിടെയില്ല. ഫിൻലൻഡിൽ ഇന്നുകാണുന്ന മാറ്റങ്ങളെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർ എതിർത്തപ്പോൾ സർക്കാരിന് ഒപ്പം നിന്നത് അവിടുത്തെ അധ്യാപക സംഘടനകളായിരുന്നുവെന്നും ഓർക്കാവുന്നതാണ്.

ക്ലാസ്റൂമിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങൾ ഓരോ സ്‌കൂളിലും വ്യത്യസ്തമാവും. കുട്ടികളുടെ സവിശേഷതകൾക്കനുസരിച്ചും അധ്യാപകന്റെ ശേഷീവികസനാവശ്യങ്ങൾ മാറിക്കൊണ്ടിരിക്കും. അതിനാൽ പ്രൊഫഷണൽ ശേഷീവികസനത്തിന്റെ നല്ലൊരു ഭാഗം അതത് സ്‌കൂളിൽ തന്നെ നിർവഹിക്കപ്പെടണമെന്നതാണ് പുതിയ തിരിച്ചറിവ്. ഇതിനായി അധ്യാപകർ സ്‌കൂളിനകത്ത് ടീമായി പ്രവർത്തിക്കുകയും പ്രശ്‌നങ്ങൾ ചർച്ചചെയ്യുകയും പദ്ധതികൾ ആവിഷ്‌കരിക്കുകയും പരസ്പരം നിരീക്ഷിച്ച് വിലയിരുത്തുകയും ചെയ്യേണ്ടതായിവരും. കേരളത്തിലും ഇത്തരം ആശയങ്ങൾ ചർച്ചചെയ്യുകയും സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പ് എന്ന നിലയിലും സ്‌കൂൾ സപ്പോർട്ട് ഗ്രൂപ്പ് എന്ന നിലയിലും നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവ വേണ്ടത്ര ഫലപ്രദമല്ല.

സ്‌കൂളിനു പുറത്തുള്ള ശേഷീവികസനം

ഫിൻലൻഡിലും സിംഗപ്പൂരിലും പ്രഥമാധ്യാപകരും മറ്റ് അധ്യാപകരും ഇതര വിദ്യാലയങ്ങൾ സന്ദർശിക്കുന്നതിനെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിനെയും അവിടുത്തെ സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലും സ്‌കൂൾ കോംപ്ലക്‌സിന്റെയും പഞ്ചായത്ത് പദ്ധതികളുടെയും ഭാഗമായി ചിലയിടത്ത് ഇത് നടന്നെങ്കിലും പലവിധ എതിർപ്പുകൾ ഉയർന്നുവന്നതിന്റെ പശ്ചാത്തലത്തിൽ ഇന്നവ നടക്കുന്നില്ല.

സ്‌കൂൾ ബാഹ്യമായ അധ്യാപക കൂട്ടായ്മകളിലൂടെ അധ്യാപകനാവശ്യമായ വിദഗ്ധസഹായം ഉറപ്പിക്കുന്ന രീതി ഇന്ന് വ്യാപകമാണ്. ഒരേ ജോലി നിർവഹിക്കുന്നവരുടെ പ്രൊഫഷണൽ കൂട്ടായ്മകൾ രൂപീകരിക്കാനും നടത്തിക്കൊണ്ടുപോകാനും ഇന്നത്തെ ഡിജിറ്റൽ കാലത്ത് കുറേക്കൂടി എളുപ്പമാണ്.

കാനഡയിലെ ഒണ്ടേറിയോയിൽ 5000 ത്തോളം വിദ്യാലയങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഈ രീതിയിൽ നടന്നുവരുന്നതെന്ന് മാർക്ക് ടക്കർ രേഖപ്പെടുത്തുന്നു. അധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും പ്രൊഫഷണൽ വികസനത്തിന് പുറമേ മറ്റുപല പ്രവർത്തനങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമായി നടക്കുന്നതായും അവർ പറയുന്നു. ഇതിന്റെ ഭാഗമായി സ്‌കൂളുകളും വിദ്യാഭ്യാസ ജില്ലകളും അവരവരുടെ ദീർഘകാല ലക്ഷ്യങ്ങൾ കൃത്യതപ്പെടുത്തുകയുണ്ടായി. പ്രോവിൻസിനകത്തുള്ള വിദ്യാലയങ്ങൾ തമ്മിൽ പരസ്പരം പിന്തുണക്കുകയും വിവിധ നെറ്റ്വർക്കുകളിലൂടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവെക്കുകയും ചെയ്തു. കരിക്കുലം പിന്തുണാരേഖകൾ മുതൽ വെബ്‌സൈറ്റുകൾ വരെ അനുഭവവിനിമയത്തിന് ഉപയോഗിക്കപ്പെട്ടു. മികച്ച വിദ്യാലയങ്ങൾ "ലൈറ്റ്ഹൗസ് സ്‌കൂൾസ്' എന്ന പേരിൽ അവരുടെ അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും അതിനുള്ള ഫണ്ട് അത്തരം വിദ്യാലയങ്ങൾക്ക് സർക്കാർ അനുവദിക്കുകയും ചെയ്തു. ഏറെ പിറകിൽ നിൽക്കുന്ന വിദ്യാലയങ്ങളെ സമാന സാഹചര്യമുള്ള എന്നാൽ, മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുമായി സംയോജിപ്പിച്ചു കൊണ്ടുള്ള ഇടപെടലും നടത്തി. ഫലത്തിൽ, മുകളിൽ നിന്നുള്ള പിന്തുണയുള്ളതും എന്നാൽ താഴെത്തട്ടിൽ രൂപപ്പെടുന്നതുമായ പരിഷ്‌കരണ പ്രവർത്തനങ്ങൾ ധാരാളമായി സംഘടിപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു.

ആദിവാസി വിദ്യാർഥികളുടെ പഠനനേട്ടം വർധിപ്പിക്കുന്നതിന് 20 ജില്ലകളെ ഉൾപ്പെടുത്തി ഒരു നെറ്റ്വർക്ക് ഉണ്ടാക്കിയതും വലിയ ഫലം ചെയ്തു. ഇത്തര ഇടപെടലുകളുടെ ഒരു പൊതുപ്രത്യേകത അവയുടെ ഗവേഷണാത്മകതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒപ്പം തന്നെ ഒട്ടേറെ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരെയും വിദ്യാഭ്യാസ ജില്ലകളിലെ അധികാരികളെയും സ്‌കൂളുകളെയും പരസ്പരം ബന്ധിപ്പിക്കാനും കഴിഞ്ഞു. 2005 മുതൽ വർഷംതോറും നടന്നുവരുന്ന "ഒണ്ടേറിയോ എഡ്യൂക്കേഷൻ റിസർച്ച് സിമ്പോസിയം' ഇവരെയെല്ലാം ഒന്നിച്ച് ചേർക്കുകയും വലിയ തോതിലുള്ള അനുഭവക്കൈമാറ്റത്തിനും പഠനത്തിനും വേദിയൊരുക്കുകയും ചെയ്യുന്നു.

അധ്യാപകരുടെ അക്കാദമിക പ്രശ്‌നങ്ങളിൽ പലതും ഒന്നിച്ചിരുന്ന് ചർച്ച ചെയ്താൽ പരിഹരിക്കാവുന്നതാണ് എന്നതാണ് വസ്തുത. എല്ലാറ്റിനും മുകളിൽ നിന്ന് കെട്ടിയിറക്കുന്ന പരിശീലനങ്ങളിലൂടെ പരിഹാരമുണ്ടാകുമെന്ന മിഥ്യാധാരണ ഉപേക്ഷിക്കാൻ സമയമായി. ഒരുകാലത്ത് നമ്മുടെ നാട്ടിൽ നന്നായി നടന്നിരുന്ന അധ്യാപകരുടെ ക്ലസ്റ്റർ യോഗങ്ങൾ പിന്നീട് ഒരു വഴിപാടായി മാറിയത് എന്തുകൊണ്ടെന്ന് വിലയിരുത്തണം. ആശ്രിതമനോഭാവം വെടിഞ്ഞ് ഗവേഷണമനസ്സോടെ പ്രശ്‌നങ്ങളെ സമീപിക്കുവാൻ നമ്മുടെ അധ്യാപകർ സന്നദ്ധമാവണം. നാം തേടുന്ന ഉത്തരങ്ങൾ നമ്മളിൽ തന്നെയുണ്ട് എന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കാനാവണം. മികച്ച അധ്യാപകരുടെ ക്ലാസുകൾ നേരിട്ടുകാണുന്നതും മികച്ച അനുഭവങ്ങൾ പരസ്പരം പങ്കുവെച്ച് വിലയിരുത്തുന്നതും കുട്ടികളുടെ ഉത്പന്നങ്ങൾ വിശകലനം ചെയ്ത് പഠിക്കുന്നതും ഓൺലൈൻ കൂട്ടായ്മകളിൽ പങ്കാളികളാവുന്നതും പ്രൊഫഷണൽ ശേഷീവികസനത്തിന്റെ ഭിന്നമാതൃകകളാണെന്ന് ഡിപ്പാർട്ട്‌മെന്റും അധ്യാപകസമൂഹവും ഉൾക്കൊള്ളണം.

അക്കാദമിക ലാഡറിന്റെ ആവശ്യകത

അധ്യാപകർക്ക് കഴിവും താത്പര്യവുമനുസരിച്ച് ഉയർന്നു പോകാവുന്ന അക്കാദമികശ്രേണി (academic ladder) പല രാജ്യങ്ങളിലും ഇന്ന് ലഭ്യമാണ്. അധ്യാപകർക്ക് അവരുടെ വിവിധങ്ങളായ കഴിവുകൾ വളർത്താനും അത് തെളിയിക്കാനും കഴിയുന്ന മുറയ്ക്ക് മെന്ററിങ് നടത്തുന്നതിനുള്ള മാസ്റ്റർ ടീച്ചറായോ കരിക്കുലം പ്രവർത്തനങ്ങൾക്കുള്ള സ്‌പെഷ്യലിസ്റ്റുകളായോ ഉയരാം. നേതൃത്വശേഷിയുള്ളവർക്ക് സ്‌കൂൾ പ്രഥമാധ്യാപകനായി മാറാം. കൂടുതൽ കഴിവുതെളിയിക്കുന്നവർക്ക് ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലുള്ള അക്കാദമിക സ്ഥാപനങ്ങളിലേക്ക് പോകാം. അധ്യാപനത്തിൽ തന്നെ തുടരാനാഗ്രഹിക്കുന്നവർക്ക് കാലാനുസൃതമായ ഇൻക്രിമെന്റുകളോടെ അതിൽ തുടരുകയുമാവാം. ഇത്തരം തെരഞ്ഞെടുപ്പുകളുടെ മാനദണ്ഡം കഴിവും താത്പര്യവും മാത്രമായിരിക്കണം.

വളർച്ചാസാധ്യതയും അംഗീകാരലഭ്യതയും ഉറപ്പാക്കിയാൽ അധ്യാപകർ സ്വമേധയാ തന്നെ പ്രൊഫഷണൽ ശേഷീവികസനത്തിന് സന്നദ്ധമാകുന്ന നിലയുണ്ടാകും. ഫിൻലൻഡിലും ചൈനയിലും സർവീസ് കാലത്ത് പിഎച്ച്.ഡി. നേടുന്നവർ ധാരാളമാണ്. നമ്മുടെ അധ്യാപകരും പ്രൊഫഷണൽ പഠനസംഘമായി (professional learning community) മാറുന്ന കാലം വിദൂരമല്ലെന്ന് പ്രത്യാശിക്കാം.

റഫറൻസ്:
1. Timothy D. Walker. (2017). ‘Teach Like Finland: 33 Simple Strategies for Joyful Classrooms', W. W. Norton & Company
2. Westbury, I., S.-E. Hansen, P. Kansanen, and O. Björkvist. (2005). ‘Teacher Education for Research Based Practice in Expanded Roles: Finland's Experience'. Scandinavian Journal of Educational Research 49, no. 5:475-485
3. Richardosn, V. (Ed.) (1997). ‘Constructivist teacher education: Building a world of new understandings'. London: Falmer, P-3
4. Kafer, Stephanie. (2021). ‘Teacher Education Programs of Top PISA Scoring Countries', Honors Projects.640
5. Beck, C., & Konsik, C. (2006). ‘Innovations in teacher education: A Social Constructivist Approach', New York, NY: SUNY Press
6. National Council for Accreditation of Teacher Education. (2010). ‘Transforming Teacher Education through Clinical Practice: A National Strategy to Prepare Effective Teachers'
7. Marc Tucker. (2019). 'Leading High-Performance School Systems: Lessons from the World's Best', ASCD

(സപ്​തംബർ 27ന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേർഷൻ)

Comments