Representative Image

അഖില എന്ന കണ്ണാടി

കഴിഞ്ഞ മാസം വിളിച്ചപ്പോഴും ഐ.പി.എസ്. എന്ന ലക്ഷ്യത്തിൽ നിന്ന്​ പിന്നോട്ടില്ല എന്നുതന്നെ പറഞ്ഞു, ലോട്ടറി വില്പനക്കാരന്റെ മകളായ എന്റെ അഖിലക്കുട്ടി.

മുഖം എങ്ങനെയിരിയ്ക്കുന്നുവെന്നറിയാൻ കണ്ണാടിയിൽ നോക്കും. പക്ഷേ നോക്കിക്കഴിഞ്ഞാൽ ഉടൻ തന്നെ തന്റെ മുഖം എങ്ങനെയിരിക്കുമെന്ന് മറന്നുപോകാറില്ലേ? കേൾക്കുന്നത് മറക്കുന്നവരും അങ്ങനെ തന്നെയല്ലേ?
അഖിലയെപ്പോലെ ഒരു കണ്ണാടി ആയിരുന്നാൽ എങ്ങനെയാവും?

ഏതു വർഷമാണ് കായംകുളം ഗേൾസിൽ എത്തിയതെന്ന് ഓർമയില്ല. ഹൈസ്‌കൂൾ ടീച്ചർ ആയിട്ടില്ല. യു.പി.എസ്.എ. ആയിരുന്നു അന്ന്. രണ്ടാമത്തെ പീരിയഡ് അഞ്ചാം ക്ലാസിലെത്തി. പ്രവേശനോത്സവം കഴിഞ്ഞ ആദ്യ ക്ലാസായതുകൊണ്ട് താളവും മേളവുമായിട്ടങ്ങനെ....
അതിനിടയിൽ എപ്പോഴോ ചോദിച്ചു, നിങ്ങൾക്ക് ആരായിത്തീരാനാണ് ആഗ്രഹം?. ഉടൻ വന്നു മുൻ ബഞ്ചിൽ നിന്ന്​ ഉത്തരം. .. ഐ.പി.എസുകാരിയാവണം.
ഉത്തരം വന്ന സ്ഥലത്തേയ്‌ക്കൊന്ന് നോക്കി; നക്ഷത്രക്കണ്ണുള്ള ഒരു കൊച്ചുമിടുക്കി, അഖില. കഴിഞ്ഞ മാസം വിളിച്ചപ്പോഴും ഐ.പി.എസ്. എന്ന ലക്ഷ്യത്തിൽ നിന്ന്​ പിന്നോട്ടില്ല എന്നുതന്നെ പറഞ്ഞ, ലോട്ടറി വില്പനക്കാരന്റെ മകളായ എന്റെ അഖിലക്കുട്ടി.
ഐ.പി.എസ്​ എന്താണ് എന്നവൾക്ക് അറിയുമോ എന്ന ആകാംഷ മൂലം അന്ന് പല ചോദ്യങ്ങളെറിഞ്ഞപ്പോൾ മനസ്സിലായി, വ്യക്തമായ ബോധ്യമില്ലെങ്കിലും സമൂഹനന്മയ്ക്ക് വേണ്ടിയാണ് ആ കുസൃതിക്കുരുന്ന് ആ പൊലീസ് വേഷം ആഗ്രഹിയ്ക്കുന്നത് എന്ന്​. ആ നാവിൽ നിന്നുയരുന്ന തുടരെയുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ ഇതുപോലൊന്നിനെ ഇതുവരെ കിട്ടിയില്ലല്ലോ എന്നോർത്ത് അവൾക്കായി വേണ്ടി മാത്രം എന്റെ ഏഴാം ക്‌ളാസ് ചാർജ് മാറ്റി വാങ്ങി അഞ്ചിലെ ക്‌ളാസ് ടീച്ചറായി.

അവൾക്കൊപ്പമിരിയ്ക്കുമ്പോൾ എന്തോ ഒരു സുഖം. പക്ഷേ അത് പുറത്തുപറയാൻ കഴിയുമോ? പക്ഷാപാതം എന്ന ആരോപണമുണ്ടാകും. അധ്യാപർക്കത് ചേർന്നതുമല്ല. അവളോട് തോന്നിയ ഇഷ്ടത്തിന് കാരണമെന്താവാം? അവളെപ്പോലൊരു പെൺകുട്ടി മകളായി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹമായിരിയ്ക്കുമോ? അല്ലെങ്കിൽ എനിക്കും അവളുടേതുപോലുള്ള ഒരു ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നിരിയ്ക്കണം?

ഐ.പി.എസുകാരിയാകണമെങ്കിൽ ശാരീരികക്ഷമത വേണമെന്ന് വാർത്താ ചാനലിൽ ഏതോ പൊലീസുകാരി പറഞ്ഞതിനാൽ അവൾക്കറിയാം. ശാരീരിക ക്ഷമതയുണ്ടാകാൻ സ്‌പോട്‌സിൽ പങ്കെടുക്കണം. അതാണ് ആദ്യമുയർന്ന ആവശ്യം.
ആ സ്‌കൂളിൽ സ്‌പോട്‌സ് അധ്യാപകരില്ല.
ഗ്രൗണ്ടിൽ ചെന്ന് നാണം കെടാൻ വയ്യ എന്ന രീതിയിൽ ചില അധ്യാപകരുടെ എതിർപ്പുണ്ടായിരുന്നെങ്കിലും അവളുടെ നിർബന്ധം കാരണം സകല സ്‌പോട്‌സ് ഐറ്റത്തിനും അഖില എന്ന പേരു കൊടുത്തു. എന്തായാലും സബ്ജില്ലാതല മത്സരത്തിൽ എട്ടുനിലയിൽ പൊട്ടി. സ്‌പോട്‌സിന്റെ നിയമാവലികൾ ഒന്നുമറിയാത്ത അധ്യാപികയും കുട്ടികളും. പൊട്ടിപ്പാളീസ്സാകാതെ എന്താവാൻ? അവൾ ഏറ്റവും മുന്നിൽ ഓടിയെത്തും... ചാട്ടവും അതുപോലെ തന്നെ.
പക്ഷേ സകലതും ഫൗൾ. റിസൽറ്റ് വിളിച്ചു പറയുമ്പോൾ ആ വിളറിയ മുഖം. മിക്കവയിലും അവളായിരുന്നു ഒന്നാമത്. പക്ഷേ സകലതും ഫൗൾ. എന്തുകൊണ്ട് എന്ന് ചോദിയ്ക്കാൻ പോലുമറിയാത്ത ഫൗളായ അധ്യാപിക. ഭാഗ്യത്തിന് അടുത്ത വർഷം സ്‌പോട്‌സ് അധ്യാപകന്റെ ഭാര്യയായ എൽസി ടീച്ചർ സ്‌കൂളിൽ എത്തി. അങ്ങനെ അവൾ നിയമങ്ങൾ പഠിച്ചു മത്സരിച്ചു. അവൾ മൂലം സബ്ജില്ലയിൽ സ്‌കൂളിന് ഒന്നാം സ്ഥാനം.

അവൾക്കുവേണ്ടി സ്‌പോട്‌സിന്റെ ഗുണഗണങ്ങൾ ആയിടെ ഒളിമ്പ്യൻ മയൂഖ ജോണിയിൽ നിന്ന്​ ചോദിച്ചു മനസിലാക്കിയതിനാൽ, അതിന്റെ നല്ല വശങ്ങൾ പേരൻറ്​സ്​ അറിഞ്ഞതിനാൽ മറ്റുകുട്ടികളും പഠനത്തോടൊപ്പം ആ വഴി തെരെഞ്ഞടുത്തു. അവരെക്കാൾ ഒരു തട്ടുയർന്ന്, സ്‌കൂൾ കുട്ടികളിൽ നിന്ന്​ ഭാവിയിലെ ഒളിമ്പിക്‌സിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെടാൻ യോഗ്യത നേടിക്കഴിഞ്ഞുകൊണ്ട് പഠനവും സ്‌പോട്‌സും അഖില ഒരുമിച്ചുകൊണ്ടു പോകുന്നു.

ഡിഗ്രിയ്ക്ക് ഇംഗ്ലീഷാണ് അവളുടെ വിഷയം. ഐ. പി. എസുകാരിയാകണമെങ്കിൽ ഇംഗ്ലീഷ് നന്നായി പഠിയ്ക്കണമെന്ന് വെറും വാക്കായി എന്നോ
അറിയിച്ചതിനാൽ ആ ലക്ഷ്യത്തിലേക്കുള്ള അവളുടെ നോട്ടമിന്നും തുടരുന്നു. കേട്ടതൊന്നും കണ്ടതൊന്നും മറക്കാത്ത കണ്ണാടി.

അവളുടെ ബാച്ച് ഏഴാം ക്‌ളാസിലെത്തിയപ്പോൾ ഡയറ്റിൽ നിന്ന്​ പഠന നിലവാരം അളക്കാൻ ഒരു മാഷ് എത്തി. ( വിശ്വംഭരൻ സാർ). ആ മാഷ് ചോദിക്കുന്നതെന്തിനും ഉത്തരം നല്കിയതിനാലാകും, വിശ്വംഭരൻ സാറിന്റെ വക ചോദ്യം, ‘Are they from English medium, Preetha? '

കൃത്യമായ അജൻഡയോടെ നീങ്ങിയാൽ ക്‌ളാസുകളിൽ അത്ഭുതം സൃഷ്ടിക്കാം. അഖിലയെന്ന കുട്ടിയുടെ ആഗ്രഹം മൂലം ആ ബാച്ച് മുഴുവൻ അങ്ങനെ ഇംഗ്ലീഷിന്റെ പഠനത്തെളിവായി മാറി.

എഴുതാൻ തുടങ്ങിയപ്പോൾ എന്റെ ആദ്യ വിമർശക അവളായിരുന്നു.
‘‘കുമാരനാശാൻ എഴുതുന്നതുപോലെ ടീച്ചറിന് എഴുതാൻ പാടില്ലേ? ‘ഞാൻ', ‘എന്റെ' എന്നുള്ള വാക്കുകൾ ഒഴിവാക്കിക്കൂടെ? ‘വീണപൂവ്' നന്നായി വായിച്ചു നോക്കൂ’’, മലയാളം കവിതകൾ എഴുതിത്തുടങ്ങിയ 2018 ൽ എന്നോട് പറഞ്ഞ വാക്കുകൾ ഇടയ്ക്കിടെ ഞാൻ ഓർക്കാറുണ്ട്.

രണ്ടുവർഷത്തിനുമുമ്പ് അവളോടു ഇഷ്ടമുള്ള ടീച്ചർ ആരെന്ന് പത്രക്കാർ ചോദിച്ചപ്പോൾ എന്നെത്തേടി ഫോൺ വിളിയെത്തി. ലക്ഷ്യം നേടിയെടുത്തതിനു ശേഷം മാത്രം ആ പേരു പറഞ്ഞാൽ അതിന് അർത്ഥമുണ്ടാകുമെന്ന് ഒരിക്കൽ പറഞ്ഞതിനാലാകാം അവരുടെ മുന്നിൽ മറുപടി പറയാനാകാതെ അന്നവൾ വിളിച്ചത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments