Photo: Wikimedia Commons

ശരത്, ഉത്തരം പറയാനാകാത്ത ഒരു ചോദ്യം

മൂന്നാലു മാസത്തെ ചികിത്സയ്ക്കു ശേഷം ശരത്​ മാനസിക നില ഒരു വിധം വീണ്ടെടുത്തു. പക്ഷേ കോളേജിൽ പോകാൻ ഇപ്പോഴും താത്പര്യമില്ല. നിറഞ്ഞ സദസ്സിൽ ആ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാഞ്ഞത് അവന്റെ മനസ്സിന് വലിയ ആഘാതമായി എന്നാണ് ഡോക്ടർ പറഞ്ഞത്.

കുതിയിലധികം തീർന്ന അധ്യാപക ജീവിതം.
പിന്നിട്ട നാളുകൾ വേറിട്ട അനുഭവങ്ങളുടെ തിളക്കങ്ങളില്ലാതെ ഇരുൾമൂടി കിടക്കുന്നു.
എന്താവാം കാരണം?
വിദ്യാർത്ഥികളുമായി അടുപ്പം ഉണ്ടാകാഞ്ഞതാണോ?
പഠിപ്പിക്കുന്നത് ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ ആയതോ?
വിഷയം ഗണിത ശാസ്ത്രമായതോ?
അതോ ഇതെല്ലാം കൂടിയോ?
നീണ്ട സിലബസ്, സമയക്കുറവ്. പഠിപ്പിസ്റ്റുകളായ വിദ്യാർത്ഥികൾ, അരസികത്തം നിറഞ്ഞ സ്വന്തം സ്വഭാവം... ന്യായീകരണങ്ങൾ ഏറെ. പഠിപ്പിച്ചവരിൽ പലരും ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. പലരും സഹപ്രവർത്തകരായിട്ടുണ്ട്. എങ്കിലും ഓർമ വരുന്നത് ദുർബലമായ അധ്യാപക- വിദ്യാർത്ഥി ബന്ധത്തിന്റെ ദുരന്തം ഏറ്റു വാങ്ങേണ്ടിവന്ന ശരത്തിനെ ആണ്.

അഞ്ചാറു വർഷം മുമ്പാണ്. വർണാഭമായ ഒരു കലാലയ വർഷാരംഭം. എൻട്രൻസ്​യുദ്ധജേതാക്കൾ പുത്തൻ പ്രതീക്ഷകളുമായി കോളേജിൽ.
പുതിയ ബാച്ചുകളിലെ ആദ്യ ക്ലാസ് ഇപ്പോഴും മനസ്സിൽ പേടി നിറയ്ക്കുന്നു. ആദ്യ പിരീഡ് തന്നെ മെക്കാനിക്കൽ ഒന്നാം സെമസ്റ്റർ ബാച്ചിന്. Mathematics is the back bone of Engineering; പതിവു ക്ലീഷേയോടെ തുടങ്ങി. എൻജിനീയറിംഗ് പഠനത്തിനാവശ്യമായ Mathematical tools നെ കുറിച്ചായി ചർച്ച. കുട്ടികൾ താൽപര്യത്തോടെ പങ്കെടുക്കുന്നുമുണ്ട്.
പെട്ടെന്ന് മുൻ ബഞ്ചിലിരുന്ന ഒരു കുട്ടി ചാടിയെണീറ്റ് ഒരു ചോദ്യം; "സാറെ ഒരു സംശയം. എന്താണ് 2 raise to i ? ക്ലാസിൽ ഡിസ്‌കസ്സ് ചെയ്തുകൊണ്ടിരുന്ന ഭാഗങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യം.

പല ചോദ്യങ്ങൾക്കും ശരിയുത്തരം നൽകുമ്പോഴും വിഷാദത്തോടെ ശരത് കൂട്ടിച്ചേർക്കുമായിരുന്നു - ഇതൊക്കെ ശരിക്കു പറഞ്ഞിട്ടെന്തു കാര്യം? 2 raise to i എന്താന്ന് എനിക്ക് അന്നു പറയാൻ കഴിഞ്ഞില്ലല്ലോ.

ഇത്തിരി അലോസരം തോന്നി. ചോദ്യകർത്താവിനെ രൂക്ഷമായി നോക്കി. ആശയക്കുഴപ്പം നിഴലിക്കുന്ന പെരുമാറ്റം. ഓമനത്തവും അങ്കലാപ്പും നിറഞ്ഞ ആ മുഖം കണ്ടപ്പോൾ ആദ്യം തോന്നിയ ദേഷ്യം അലിഞ്ഞു പോയി. ആവുന്നത്ര സൗമ്യതയോടെ ചോദിച്ചു.
മോന്റെ പേരെന്താ?
ശരത്.
വീട്?
പത്തനംതിട്ടയിലാണ് സർ.
എന്തേ ഇപ്പോൾ ഇങ്ങനെ ഒരു സംശയം?
ഇന്നലെ ഓറിയന്റേഷൻ ക്ലാസ് ഉണ്ടായിരുന്നു സർ. ആ ക്ലാസ്സിൽ എന്നോട് ചോദിച്ച ചോദ്യമാ. എനിക്ക് answer ചെയ്യാൻ പറ്റിയില്ല.
അവന്റെ മുഖം നിരാശ കൊണ്ട് നിറഞ്ഞു.
അതിനിത്ര സങ്കടപ്പെടാൻ എന്തിരിക്കുന്നു? നമ്മളിവിടെ വന്നിരിക്കുന്നത് ഇതാക്കെ പഠിക്കാനല്ലേ? എന്തായാലും ഇങ്ങനെ ഒരു സംശയം ഉണ്ടായത് നന്നായി, ഞാൻ ഓർത്തു. ഇന്നിനി ഇവിടുന്നു തുടങ്ങാം. ശേഷിച്ച സമയം ചില്ലറ ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെയായി complex exponentiation വിശദീകരിച്ചു.
ശരത് തൃപ്തനായെങ്കിലും ഓറിയന്റേഷൻ ക്ലാസിലെ പരാജയത്തിന്റെ നിരാശ അവനിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ലെന്ന് തോന്നി.
തുടർന്നുള്ള ക്ലാസുകളിലും പല ചോദ്യങ്ങൾക്കും ശരിയുത്തരം നൽകുമ്പോഴും വിഷാദത്തോടെ ശരത് കൂട്ടിച്ചേർക്കുമായിരുന്നു - ഇതൊക്കെ ശരിക്കു പറഞ്ഞിട്ടെന്തു കാര്യം? 2 raise to i എന്താന്ന് എനിക്ക് അന്നു പറയാൻ കഴിഞ്ഞില്ലല്ലോ.
ഒന്നാം സെമസ്റ്റർ അവസാനിച്ചു മിക്കവാറും എല്ലാവരും നല്ല മാർക്കോടെ ആ സെമസ്റ്റർ പൂർത്തിയാക്കി, ശരത്തും.
പിന്നീട് മൂന്നാം സെമസ്റ്ററിനാണ് അവരെ പഠിപ്പിക്കേണ്ടി വന്നത്. ക്ലാസിൽ ചെന്ന് ആദ്യം തെരഞ്ഞത് ശരത്തിനെ. അവനില്ല. രണ്ടു ദിവസമായിട്ടും കാണാഞ്ഞപ്പോൾ ക്ലാസ് ട്യൂട്ടറോട് അന്വേഷിച്ചു.

ഓ അവന് കുറച്ചു മാനസിക പ്രശ്നങ്ങൾ. ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്നു. കോളേജിൽ വരാൻ കൂട്ടാക്കുന്നില്ല. വിശ്വസിക്കാനായില്ല. അവനെന്തേ ഇങ്ങനെ പറ്റാൻ? ക്ലാസ്സ് കഴിഞ്ഞ് അന്വേഷിച്ച് പിടിച്ച് അവൻ താമസിക്കുന്നിടത്തു ചെന്നു. ശരത്തിന്റെ അമ്മാവന്റെ വീടാണ്. ശരത്തിന്റെ അച്ഛനും അമ്മയും വിദേശത്താണ്. സംഭവങ്ങളുടെ ഗുരുതരാവസ്ഥ അവരെ അറിയിച്ചിട്ടില്ല.

ശരത്തിന്റെ അനുഭവം ശുഭപര്യവസായിയായെങ്കിലും വിദ്യാർത്ഥികളോട് ഇടപെടുമ്പോൾ എത്രമാത്രം ശ്രദ്ധ ചെലുത്തണമെന്ന ഭീതി ഒരു ഓർമപ്പെടുത്തലായി മനസിൽ മങ്ങാതെ നിൽക്കുന്നു.

അമ്മാവൻ കാര്യങ്ങൾ വിശദീകരിച്ചു. 2 raise to i എന്താന്ന് എനിക്കന്ന് പറയാൻ കഴിഞ്ഞില്ലല്ലോ എന്ന് ആവലാതിപ്പെടുന്നതിലൂടെയാണ് തുടക്കം. എപ്പോഴും ഇതു തന്നെ പറഞ്ഞു കൊണ്ടിരുന്നു. പിന്നെ കരച്ചിലായി. കരച്ചിൽ നിർത്താതെയായി. മനോരോഗ വിദഗ്ദനെ കാണിച്ചു. മൂന്നാലു മാസത്തെ ചികിത്സയ്ക്കു ശേഷം മാനസിക നില ഒരുവിധം വീണ്ടെടുത്തു. പക്ഷേ കോളേജിൽ പോകാൻ ഇപ്പോഴും താത്പര്യമില്ല. നിറഞ്ഞ സദസ്സിൽ ആ ഒരു ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാഞ്ഞത് അവന്റെ മനസ്സിന് വലിയ ആഘാതമായി എന്നാണ് ഡോക്ടർ പറഞ്ഞത്.

തുടർന്നങ്ങോട്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും അവനെ സന്ദർശിച്ചു. തുടർ ചികിത്സയിലൂടെ അവൻ മാനസിക ആരോഗ്യം പൂർണമായി വീണ്ടെടുക്കുന്നതു വരെ. കൂട്ടുകാരുടേയും അമ്മാവന്റേയും സ്നേഹവായ്​പ്​ കാര്യങ്ങൾ വേഗത്തിലാക്കി. നാലാം സെമസ്റ്റർ മുതൽ ശരത് പഠനം തുടർന്നു. ഉയർന്ന മാർക്കോടെ ബി.ടെക്ക് പാസ്സായി ഒരു വിദേശ കമ്പനിയിൽ ജോലി ചെയ്യുകയാണ് ശരത് ഇപ്പോൾ.
ശരത്തിന്റെ അനുഭവം ശുഭപര്യവസായിയായെങ്കിലും വിദ്യാർത്ഥികളോട് ഇടപെടുമ്പോൾ എത്രമാത്രം ശ്രദ്ധ ചെലുത്തണമെന്ന ഭീതി ഒരു ഓർമപ്പെടുത്തലായി മനസിൽ മങ്ങാതെ നിൽക്കുന്നു.▮


ഡോ. ഗോപകുമാർ ബി.

തൃശൂർ ഗവ. എഞ്ചിനീയറിങ്​ കോളേജിൽ മാത്തമാറ്റിക്​സ്​ ഡിപ്പാർട്ടുമെന്റിൽ അസോസിയേറ്റ്​ പ്രൊഫസർ.

Comments